Sunday, August 28, 2011

എന്റെ ചേച്ചീ ! കൈ എന്റേതല്ലേ ..


ബസ്‌ സ്റ്റാന്‍ഡില്‍ യുഗങ്ങളായി ഈ കിടപ്പ് തന്നെഎന്ന ഭാവത്തില്‍ നിരന്നു കിടക്കുന്ന ബസുകള്‍ക്കിടയില്‍ പരതിയിട്ടൊന്നും വണ്ടി കാണുന്നില്ല.അര മണിക്കൂര്‍ മുന്‍പേ പിടിച്ചിടുന്നതാണ്. ബസ്‌ എടുക്കുന്ന നേരമാകുമ്പോഴേക്കും ആള്‍ നിറഞ്ഞിട്ടുണ്ടാവും.  ആദ്യമേ എത്തിയില്ലെങ്കില്‍  സീറ്റ്‌ കിട്ടില്ലയെന്നുള്ളത് കൊണ്ട് നേരത്തെ വന്നു സീറ്റ്‌ ഉറപ്പിക്കാറാണ്  പതിവ്‌. കെട്ടഴിച്ചു ഓടിപ്പോയ പശുക്കിടാവിനെ തിരയുംപോലെ അവിടെല്ലാം ആനവണ്ടിയെ  തിരഞ്ഞു  കറങ്ങി. എന്നാലെന്നെയൊന്നു  കണ്ടുപിടിക്ക് എന്ന മട്ടില്‍  ഒരു മൂലയ്ക്ക് കിടക്കുന്നു.വയറ്റില്‍ നിന്നും കത്തി കയറിയ തീ പെട്ടെന്നണഞ്ഞു.കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC  ബസേ !!).

സ്ത്രീകളുടെ സീറ്റിലെല്ലാം ഒരാളെങ്കിലും വച്ച് ആയികഴിഞ്ഞു.  പിന്നില്‍ ജനറല്‍ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ട്. അങ്ങോട്ടിരിക്കാമെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരിക്ക് അതുവേണ്ടയെന്നൊരു അഭിപ്രായം. എങ്കില്‍ വേണ്ട !നാട് കേരളമാണല്ലോ. ഒരാള്‍ ഉള്ള സീറ്റില്‍ രണ്ടാമതായി കൂട്ടുകാരിയും മൂന്നാമതായി ഞാനും ഇരിപ്പുറപ്പിച്ചു. എന്തൊരു ആശ്വാസം!

മുന്നിലെക്കെടുത്തിട്ട  ബസില്‍ പിന്നെ ആളുകയറിയത് ആദ്യമായി ബസ്‌ കാണുന്നപോലെ. അവരെയൊക്കെ നോക്കിയിരിക്കുമ്പോള്‍  എന്റെ മുഖത്തും ഒരു ‘വിജയീഭാവം’ഉണ്ടായിരുന്നോന്നു സംശയം.!അങ്ങനിപ്പോള്‍ സുഖിക്കെണ്ടാ എന്നു പറയുംപോലെ ഒരു ഭാരം എന്റെ തോളെല്‍ . കൈ കൊണ്ട് തട്ടാന്‍ നോക്കിയപ്പോള്‍ നല്ല കനം. അനങ്ങുന്നില്ല.  കണ്ണ് തുറന്ന്‍ നോക്കിയപ്പോള്‍ ഞെട്ടി. ‘എന്റെ ചേച്ചീ ! ഈ ഭാരം എന്റെ തോളെല്‍ തന്നെ വയ്ക്കണോ?’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയി. ഒരു പത്തെൺപതു കിലോ തൂക്കം വരുന്ന സ്ത്രീ. പ്രായത്തിലും അധികം തോന്നീല്ല.( ചേച്ചീന്നൊക്കെ ഒരു ജാടയ്ക്കു ഇരിക്കട്ടെ). ആളു വരും മുന്‍പേ പൈലറ്റ് ആയി വരുന്ന വയര്‍ എന്റെ തോളില്‍ വിശ്രമിക്കാന്‍ വിട്ടതാണ്. അതും അമ്പതു കിലോ തികച്ചില്ലാത്ത  എന്റെ തോളില്‍ .. 


ആദ്യമൊക്കെ സീറ്റില്‍ ചാരി നിന്നു, പിന്നെ  ‘നീ അങ്ങനീപ്പോള്‍ സുഖിക്കേണ്ട’ എന്ന ഭാവത്തില്‍ എന്റെ മേലെക്കായി.  തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു  കരുതിയപ്പോള്‍ എന്നെ ഒതുക്കിയത് കാരണം തിരിയാന്‍ പോലും മേല. ശ്വാസം മുട്ടുന്നു.    തിരിഞ്ഞു അവരെ നോക്കാൻ ശ്രമിച്ചു. കറുത്ത് , നല്ല പൊക്കവും സാമാന്യത്തിലധികം തടിയും  , നിര്‍വികാരമായ മുഖവും.ബസിലാണെങ്കില്‍   നല്ല തിരക്കും . പുള്ളിക്കാരിയുടെ നോട്ടം കണ്ടപ്പോള്‍ കാളിദാസന്‍ പറഞ്ഞപോലെ  ( അതുപോലാരാണ്ടു പറഞ്ഞതാവും !)  എണ്ണ തേച്ചു നില്‍ക്കുന്നവന്‍ കുളികഴിഞ്ഞു വന്നവനെ നോക്കുന്ന അതെ അസ്വസ്ഥത .അവരുടെ സ്വന്തം  സീറ്റിലാണു  ഞാന്‍ ഇരിക്കുന്നതെന്നൊരു മട്ട്. എന്റെ തോളില്‍ ചാരിനിന്നിട്ട് കമ്പിയാണെന്ന് തോന്നീട്ടോയെന്തോ  , നന്നായി ചാരിനില്‍പ്പുമായി.

എന്റെ ചേച്ചീ , ഈ കയ്യും എനിക്ക് വേണ്ടത് തന്നെ എന്ന് പറയണമെന്നുണ്ട്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തോന്നൊരു സംശയം. നോട്ടം ഞാന്‍ പിന്‍വലിച്ചു. ക്ഷമിക്ക് ചേച്ചി.!ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ എത്തി. വൈറ്റില എന്ന് കേട്ട്  ചേച്ചി പ്രത്യാശ കൈവിട്ടു മാറിപ്പോയ്ക്കൊള്ളുംന്നു കരുതിയ ഞാന്‍ മണ്ടി. ഇതിലും ഭേദം പിന്നിലിരിക്കുന്നതായിരുന്നു.ഞാന്‍ വീഴൂല്ല ചേട്ടാ ! അങ്ങോട്ട്‌ മാറി നിന്നോളു എന്ന് പറയാന്‍ ഇത്ര ബുദ്ധിമുട്ടില്ല. അവര്‍ ആ  നില്‍പ്പ് തുടര്‍ന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍പ്പെട്ട  തവളയുടെ അവസ്ഥയാകുമേന്നോര്‍ത്തു ഞാന്‍ ഞെളിപിരികൊള്ളാന്‍ തുടങ്ങി.അതിനിടയില്‍ ഈ തിരക്കിലേക്ക് വീണ്ടും തള്ളികയറുന്നവരെ  കണ്ടപ്പോള്‍  ചക്കപ്പഴത്തിലിരിക്കുന്ന ഈച്ചയുടെ  അവസ്ഥ തന്നെ. പുറത്തു നില്‍ക്കുന്നവര്‍ക്ക് കയറാഞ്ഞ്, കയറിയവര്‍ക്ക് പെട്ടുപോയല്ലോ എന്നും. ( വിവാഹത്തെ കുറിച്ച്  ആരോ പറഞ്ഞിട്ടുണ്ട് ഇങ്ങനെ).

ചാരിയിരുന്ന്‍ ഉറങ്ങാമെന്നു കരുതികരുതി സീറ്റിലേക്ക്  ചാഞ്ഞു . തോളില്‍ കനത്ത ഭാരം. ചേച്ചി കാര്യമായി എന്റെ തോളിലേക്ക് തന്നെ.സാമാന്യത്തിലധികം ഉയര്‍ന്നു നില്‍ക്കുന്ന വയര്‍  എന്റെ തോളില്‍ വിശ്രമം കൊള്ളുന്നു. എന്റെ മോസ്റ്റ്‌ സെന്‍സിറ്റീവായ കയ്യിനെ ഞാന്‍  എങ്ങനെ കൊണ്ട് നടക്കുന്നതാണ്! ഈ പോക്കുപോയാല്‍ ഒടുവില്‍ ക്ഷീരബല വേണ്ടി വരും. ദുഷ്ട! മനസിലാക്കുന്നെയില്ല. ഉറക്കം വടികുത്തി പിരിഞ്ഞു.

ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ്  കിട്ടണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.( മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ് !). കലവൂരെത്തുമ്പോള്‍  കുറെ ആളിറങ്ങി.അവര്‍ക്കൊരു സീറ്റ് കിട്ടണെയെന്ന  പ്രാര്‍ത്ഥന വിഫലമായി.തിരക്ക്‌ കുറഞ്ഞപ്പോള്‍ അവര്‍ മാറിനില്‍ക്കുമെന്നുള്ള പ്രതീക്ഷയും ഫലിച്ചില്ല .  അതില്‍ നിന്നും ശ്രദ്ധ വിടാനായി പാട്ട് കേള്‍ക്കാമെന്ന് കരുതി ഫോണ്‍ എടുത്തു.ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ഒരു കിഷോര്‍  പാട്ട്  എടുത്തു.ഹേ ഖുദാ ഹര്‍ ഫൈസലാ തേരാ മുജ്ഹെ മന്‍സൂര്‍ ഹെ  ,പറ്റിയ പാട്ട് !

 പതിയെ  എന്റെ  തോള്‍ ചേച്ചിയുടെ അവകാശമായി മാറി. ഒന്ന് തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ തല തിരിക്കാന്‍ പോലും കഴിയുന്നില്ല. തോളില്‍ നിന്ന് തലേല്‍ കേറി ഇരിപ്പായോ ! കൈമുട്ട് കമ്പിയില്‍ അമര്‍ത്തി തോള് കൊണ്ട് മെല്ലെ തള്ളി നോക്കി. നല്ല കനം! ഭീകരി! പെട്ടെന്നെന്റെ മനസ്സില്‍  ചിന്തയൊന്നു മാറി. ഇനിയെങ്ങാന്‍ അവര്‍ ഗര്‍ഭിണിയോ മറ്റോ ആണോ ?ആണെങ്കില്‍ ഞാന്‍ ചെയ്യുന്നത് മഹാപാപമാണ്‌. പക്ഷെ, എഴുന്നേറ്റു കൊടുക്കാനൊന്നും പറ്റില്ല. 60 km നിന്ന് യാത്ര ചെയ്‌താല്‍ പാലാരിവട്ടത്തിറങ്ങേണ്ട ഞാന് ഇടപ്പള്ളിയിറങ്ങി പോണേക്കര മെഡിക്കല്‍ കോളെജിലാവും എത്തുകയെന്ന തിരിച്ചറിവ് എനിക്ക് നേരത്തെയുണ്ടല്ലോ. എന്നാല്‍ അവര്‍ നിന്നോട്ടെയെന്നു കരുതി  മുന്നോട്ടാഞ്ഞു കമ്പിയില്‍ തല ചാരിയിരുന്നു.”വിടൂല്ല ഞാന്‍ “ എന്ന ഭാവത്തില്‍ ഭാരം വീണ്ടും തോളിലേക്ക് തന്നെ.ഒറ്റക്കമ്പിയില്‍ പിടിച്ചു നിന്നിരുന്നവര്‍ ഒരു കൈ മുന്നിലെ സീറ്റിലും ഒന്ന് പിന്നിലുമായി പിടിച്ചു എന്നെ ഘരാവോ ചെയ്യാനൊരുങ്ങുന്നപോലെ  മുന്നില്‍  നിറഞ്ഞു നിന്നു. എന്റെ മേലേക്ക് വീണാല്‍ എന്നെ പിന്നെ തുടച്ചെടുത്താല്‍ മതി. ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു  പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട്‌ ഇങ്ങനെ പെരുമാറാന്‍  ! പതിയെ ഉറക്കം പിടിച്ചു വന്ന കൂട്ടുകാരിക്കും സംഗതി പിടികിട്ടി.

ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ കയറി.ധാരാളം ആളിറങ്ങും. ഞങ്ങളുടെ സീറ്റിലെ ആദ്യസ്ഥാനക്കാരി എഴുന്നേറ്റു കഴിഞ്ഞു . കണ്ടു നിന്ന ചേച്ചി ബാഗെടുത്തു ഞങ്ങള്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചു. അത് ശ്രദ്ധിക്കാതെ ഞാന്‍ നീങ്ങിയിരുന്നു. ആഹാ! മൂന്നാമതിരുന്നാല്‍ മതി.   ആള്‍ അവിടിരിപ്പായി.സ്വസ്ഥമായല്ലോഎന്ന് മനസ്സില്‍ കരുതി ഞാന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു. ഉറങ്ങിയിട്ട് ആറുമാസമായപോലെ നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ ഉറക്കം തുടങ്ങി.  യക്ഷി! എന്റെ ഉറക്കവും കളഞ്ഞു തോളും അനക്കാന്‍ മേലാതാക്കീട്ടു ഉറങ്ങുന്നു.

പിന്നെയുള്ളത് ഉറക്കത്തിനിടയിലെ പ്രകടനം ആയിരുന്നു. ഉറങ്ങി എന്റെ തോളിലേക്ക് മറിയുന്ന ഒരു മാംസഗോപുരം. തട്ടിനോക്കിയിട്ടൊന്നും അനങ്ങുന്നില്ല. മെല്ലെ മുന്നോട്ടും പിന്നോട്ടും മാറിയിരുന്നു അവരില്‍ നിന്ന് 'രക്ഷപെടാനുള്ള' എന്റെ ശ്രമം ഒട്ടൊക്കെ വിജയിച്ചെങ്കിലും എന്റെ സ്വസ്ഥത ഇല്ലാതായി.പിടിച്ചൊരുതള്ളു കൊടുക്കണമെന്ന് ആശിച്ചെങ്കിലും എന്റെ ആരോഗ്യസ്ഥിതി അത്തരം ദുഷ്ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. ’ഇവരെന്താ എന്റെ തോളില്‍ കയറാന്‍ വരം വാങ്ങി വന്നതാണോ ‘ എന്ന ചിന്തയെ ഉണര്‍ത്തി കൂട്ടുകാരി ‘‘എന്തിനാ ഇങ്ങനെ സഹിച്ചിരിക്കുന്നത് ? പറയണം “ എന്ന് പറയുകയും ചെയ്തു. ‘പാപി ചെന്നിടം പാതാളം ‘ എന്ന നിലയില്‍ ഞാനും , ‘വീണേടം വിഷ്ണുലോകം ‘ എന്ന് അവരും. കുണ്ടന്നൂരെതിയതും സ്വിച്ചിട്ട പോലെ കണ്ണുതുറന്ന ചേച്ചി , തൊട്ടടുത്തിരുന്ന എന്നെ നോക്കാതെ അതിനപ്പുറത്തിരുന്ന കൂട്ടുകാരിയെ തോണ്ടി ‘സമയം എത്രയായീ ‘ എന്നൊരു ചോദ്യം. ‘നിങ്ങളുടെ സമയമായില്ല ‘ എന്ന് സലിം കുമാര്‍ ശൈലിയില്‍ മറുപടി പറയണമെന്ന് കരുതിയെങ്കിലും ഞാന്‍ മിണ്ടീല്ല .എനിക്കിതൊന്നും ഒട്ടും പിടിച്ചിട്ടില്ലാന്നു അവര്‍ക്കും മനസിലായീന്നു തോന്നി. വൈറ്റിലയടുത്തായി സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ ബാഗുമെടുത്ത് ചേച്ചി ചാടിയ ചാട്ടം കണ്ടു കണ്ണുമിഴിച്ചു ഞാന്‍ നിന്നുപോയി. ഗര്‍ഭിണി !!! മൂന്നുമല ഒന്നിച്ചു ചാടും. അനങ്ങാന്‍ മേലാതായ കൈ തിരുമ്മി നേരെയാക്കുമ്പോഴും അവര്‍ക്കെന്നോട് തോന്നിയ ശത്രുതയ്ക്കു കാരണമെന്താവുമെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല. 



വാല്‍ക്കഷണം  :

ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞാന്‍ മിണ്ടാതിരുന്നത് അവരെ പേടിച്ചിട്ടൊന്നും അല്ല.. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നു ഞാന്‍ സ്കൂളില്‍  പഠിച്ചിരുന്നത് കൊണ്ടു മാത്രമാണ്‌. 

( ബസില്‍ യാത്ര ചെയ്തു ബുദ്ധിമുട്ടറിയാവുന്നകൊണ്ട് കഴിയുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ മിണ്ടാറില്ല.നിവൃത്തിയില്ലാതെ വരുമ്പോള്‍ പറ്റിപ്പോകുന്നതാവും .  ഞാനും അനുഭവിച്ചതല്ലേ എന്നൊരു ചിന്ത വരും.പക്ഷെ, ചിലര്‍ കല്പിച്ച്കൂട്ടി ഇറങ്ങിയപോലെ തോന്നിയാല്‍ എന്ത് ചെയ്യും?.)  

Saturday, August 6, 2011

നന്ദിയില്ലാത്ത ചെടി...

  







സ്കൂൾ വിട്ടുവന്ന് അവലിൽ പഴം ചേർത്ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രുക്കൂ തന്റെ ഇന്നത്ത ‘അത്ഭുതം’ ദേവൂനോട് പങ്കുവച്ചത്.
“ചെടികൾക്ക് സന്തോഷോം സങ്കടൊമൊക്കെ യുണ്ടെന്ന് ഇന്ന് ഉഷ ടീച്ചർ പറഞ്ഞു ദേവൂ”.
ദേവൂനതു കേട്ട് ചിരിയാണു വന്നതു.പുച്ഛഭാവത്തിൽ തലയുയർത്തി രുക്കൂനെനോക്കി.’അഞ്ചാം ക്ലാസ്സിലെ കണ്ടുപിടിത്തം!‘
“അല്ല ദേവൂ! സത്യം.ടീച്ചർ പറഞ്ഞതാണ്.” രുക്കു ബോധ്യപ്പെടുത്താൻ  നോക്കി.
“എന്നിട്ടെന്റെ ടീച്ചർ പറഞ്ഞില്ലല്ലോ”
“അതു ദേവു ഒന്നാം ക്ലാസ്സിലല്ലെ ആയുള്ളു. അതാ.”
“ബോസ് എന്നൊരാളാണു കണ്ടുപിടിച്ചതെന്ന് .ടീച്ചർ പറഞ്ഞല്ലോ, പാട്ടുകേട്ടു നിന്നാൽ ചെടികൾ പെട്ടെന്നു വളരുമെന്ന്. സന്തോഷോം സങ്കടോം  നമ്മളെപ്പോലെ ചെടിക്കുമുണ്ട് ദേവൂ.അതിനു ജീവനുണ്ട്”. രുക്കു ആവേശം കൊള്ളുന്നു.
“ടീച്ചർ പറഞ്ഞതല്ലേ, ഇനി നേരാവുമോ? നേരാണോ അമ്മേ? “ 
അതേന്ന അർത്ഥത്തിൽ അമ്മ തലകുലുക്കി.
“റേഡിയോപ്പാട്ടു കേൾപ്പിച്ചാൽ  നമ്മുടെ റോസാച്ചെടിക്കും സന്തോഷം വരും. അപ്പോൾ അതും വളരുമോ ചേച്ചീ”
“വളരും ദേവൂ” രുക്കൂനു സംശയമില്ല.
  കൈകഴുകി നേരെ റേഡിയൊ എടുക്കാനാണു ഓടിയത്.ഓണാക്കിയപ്പോൾ പാട്ടു കേൾക്കുന്നില്ല. അല്ലേലും ഒരാവശ്യമുണ്ടെങ്കിൽ റേഡിയൊ പാടില്ല.ഉച്ചയ്ക്കു സിനിമാപ്പാട്ട്  റോസാച്ചെടിയെ കേൾപ്പിക്കണമെന്നു ദേവു ഉറപ്പിച്ചു.
പിറ്റേന്നു വളരെ കാത്തിരുന്നാണു പാട്ടു തുടങ്ങിയത്. രണ്ടുപേരും കൂടി ചെടിയുടെ മുൻപിൽ ചെന്നിരുന്നു.കുറെ പാട്ടു വന്നു.പക്ഷെ, ചെടിക്ക് ഒരനക്കവുമില്ല.
“ടീച്ചർ ചുമ്മാ പറഞ്ഞതാ, കണ്ടില്ലേ റോസാച്ചെടി അനങ്ങുന്നു പോലുമില്ല.”
“ദേവൂ, ഇതു പാട്ടൊന്നും കേൾക്കാതെ വലുതായ ചെടിയല്ലേ.അതുകൊണ്ടാ.ചെടിവളർന്നു തുടങ്ങുമ്പോഴേ പാട്ടു കേൾപ്പിക്കണം.അപ്പോൾ സന്തോഷം വരും, പെട്ടെന്നു വളരും” . രുക്കു തന്റെ അറിവു പങ്കു വച്ചു.

വിതയ്ക്കാനുള്ള നെൽ വിത്ത് വലിയ കുട്ടയിൽ മുള വന്നിരിക്കുന്നതു ദേവൂന് ഓർമ വന്നു. ഓടിപ്പോയി മൂന്നാലു നെൽ വിത്തെടുത്ത് വന്നു.മണ്ണ് മാന്തി, വിത്തിട്ടു മൂടി വെള്ളവും ഒഴിച്ചു.

ഇനി പാട്ട് വയ്ക്കാമെന്നു പറഞ്ഞു  രുക്കു റേഡിയൊ  വച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.

“പാട്ട് പാടിയാലും മതി ദേവൂ.“

“തെക്കനിടിപൊടി മഞ്ഞളും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം
  വാഴയ്ക്കാപൊട്ടും വടക്കനും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം“
ദേവു പാട്ടു തുടങ്ങിക്കഴിഞ്ഞു.

പിറ്റേന്നുരാവിലെവളരെ ഉത്സാഹത്തോടെയാണു വന്നു നോക്കിയത്. മണ്ണിളക്കി നോക്കിയപ്പോൾ നെല്ല് നന്നായി മുളച്ചിരിക്കുന്നു. രണ്ടുപേർക്കും സന്തോഷമായി.നെൽച്ചെടി വളരുന്നുണ്ട്.
 ദേവൂനെ അതിശയിപ്പിച്ചുകൊണ്ടാണ് ഒരു നെൽചെടി വളർന്നത്. പാട്ടു കേട്ടിട്ടാവും! മുള വന്നു, തലയുയർത്തി ദേവൂനെ നോക്കി. പിന്നീട് ഇല വച്ചു ഉയർന്നു തുടങ്ങി.

ഒരു ദിവസം പാട്ടുകേട്ടപ്പോൾ നെൽച്ചെടി തലയാട്ടുന്നു.ദേവൂന്റെ കണ്ണുകൾ വിടർന്നു.
“ചേച്ചീ,നോക്കു , ചെടി പാട്ടു കേട്ടു തലയാട്ടുന്നു.”
നോക്കിയപ്പോൾ രുക്കൂനും അതിശയം. ‘സത്യം തന്നെ!ഡാൻസും കളിക്കുന്നു. സന്തോഷം വന്നിട്ടു തന്നെ‘.

വൈകിട്ട് വന്നാൽ രണ്ടുപേരും കൂടി പാട്ടും വർത്തമാനവുമായി നെൽച്ചെടിക്കൊപ്പമാവും.എന്നും പാട്ടുകേട്ട് തലയാട്ടുന്ന നെൽച്ചെടിയെ ദേവൂനു ഇഷ്ടമായി. നെൽച്ചെടിക്കൊരു പേരുമിട്ടു’അമ്മിണി’.

അമ്മിണി പാട്ടൊക്കെ കേട്ടു നന്നായി വളരുന്നുമുണ്ട്.തലയാട്ടി ആസ്വദിക്കുന്നുണ്ട്..
ഞായറാഴ്ച്ച ഉച്ചയ്ക്കു ഒരുപാട് നേരം റേഡിയോ പാടും.അതു നെൽച്ചെടിയെ കേൾപ്പിക്കാനായി അതിനടുത്തു ചെന്നിരുന്നു.
റേഡിയൊപ്പാട്ട് വച്ചു. ‘ചക്രവർത്തിനീ....’ ചെടി അനങ്ങുന്നില്ല.
“അമ്മിണിക്ക് ഈ പാട്ടിഷ്ടമായിക്കാണില്ല ചേച്ചീ”
അടുത്ത പാട്ടു വന്നപ്പോൾ ആകാംക്ഷയോടെ നോക്കി.ഇല്ല! അതനങ്ങുന്നില്ല..മൂന്നാമതും നാലാമതും പാട്ടുമാറി വന്നു.ചെടിക്ക് ഒരു അനക്കവുമില്ല.
 ‘ഇനി അമ്മിണി പിണങ്ങീട്ടുണ്ടാവുമോ?‘ ദേവൂനു വിഷമമായി.
രുക്കൂന്റെ മുഖത്തു ദേഷ്യം വരുന്നു.ചാടിയെണീറ്റ് ചെടി പിഴുതെടുത്തു. കയ്യിലിട്ടു ചുരുട്ടി അരിശം തീർക്കുന്നു.
“നന്ദിയില്ലാത്ത ചെടി! ഇത്ര ദിവസോം പാട്ടു കേട്ടു രസിച്ചിട്ട് ഇന്നു നോക്കുന്നു പോലുമില്ല. വളർന്നപ്പോൾ അഹങ്കാരമായി. നന്ദി വേണം നന്ദി .” രുക്കു കലി തുള്ളുന്നു.
അമ്മിണി ചുരുണ്ടുകൂടി നിലത്തു കിടക്കുന്നു. അതിനിപ്പോൾ സങ്കടം വരുന്നുണ്ടാവുമെന്നോർത്ത് ദേവൂനു വിഷമം വന്നു.എന്നാലും ചേച്ചി പറഞ്ഞതു സത്യമാണ്,
“നന്ദിയില്ലാത്ത ചെടിക്കു അതുതന്നെ വേണം”.
“പിന്നേ , അതു നായക്കുട്ടിയല്ലെ വാലാട്ടി നന്ദി കാണിക്കാൻ .ഇന്നു കാറ്റ് വീശീല്ല. അല്ലേ? രണ്ടിന്റേം ചെടിയെ പാട്ടു പഠിപ്പിക്കൽ ഇതോടെ കഴിഞ്ഞല്ലോ.”
അമ്മയുടെ വക  പരിഹാസവും.
“ബോസും ടീച്ചറുമൊക്കെ പറഞ്ഞതു കള്ളം തന്നെ.“ ദേവു  രുക്കൂനെ നോക്കികണ്ണുരുട്ടി .