Thursday, June 17, 2010

മനസ്സില്‍ പെയ്യുന്ന മഴ

                              മഴ എത്ര സുന്ദരമായ കാഴ്ചയാണ്. സൌന്ദര്യം സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ ഒഴുക്കി വിടാന്‍ ദൈവം കണ്ടു പിടിച്ച വഴിയായിരുന്നോ മഴ. എത്രയോ പേര്‍ക്ക് കഥയും കവിതയും ആയി മഴ നമ്മുടെ മുന്‍പില്‍ നിന്ന് ചിരിച്ചു.ഇനിയും എന്ത് പറയാനാണ് ..

                                                 കാലം മാറിപോയി  . ആ മാറ്റം മഴയും അറിഞ്ഞു കാണണം. പണ്ട് കാലത്ത് തിരുവാതിര പാട്ടിന്റെ ലാസ്യ ഭാവവും തുള്ളല്‍ പാട്ടുകളുടെ പരിഹാസവും ചിലപ്പോള്‍ രൌദ്ര താളങ്ങളും ഏറ്റു വാങ്ങി പെയ്തിരുന്ന മഴ ഇപ്പോള്‍ പെയ്യുന്നത്  ജാക്സണ്‍ പാട്ടുകള്‍ പോലെ ഉറഞ്ഞും മാറി നിന്നും കാലം തെറ്റി പെയ്തും ... പുതിയ പേരുകള്‍ മഴയ്ക്ക്‌ കാരണമാകുമ്പോള്‍ എനിക്ക് വിഷമിക്കാതിരിക്കാന്‍ പറ്റില്ല . ന്യൂന മര്‍ദ്ദം ഇപ്പോള്‍ മാത്രമാണോ മഴ പെയ്യിക്കുന്നത്? കാറ്റുകള്‍ ഇപ്പോള്‍ മാത്രമാണോ?

                                               ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍ മഴയും ഇപ്പോള്‍ എന്തിനാണിങ്ങനെ കാലം തെറ്റി പെയ്യുന്നത്? ഇടവപാതി കറുത്ത് വരുമ്പോള്‍ ഇപ്പോഴും കാറ്റു അടിക്കുന്നില്ലേ. മാവിന്‍ ചുവട്ടിലേക്ക്‌ ഓടി മത്സരിച്ചു മാങ്ങാ പെറുക്കാന്‍ ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കുട്ടികളെ കാണുന്നില്ല.

                                             പുഴയുടെ മണല് നിറഞ്ഞ കരകള്‍ വെയില് കൊണ്ട് ചുട്ടുപൊള്ളി കിടക്കുമ്പോള്‍ആദ്യം പെയ്യുന്ന മഴ പുഴയെയു മനസ്സിനെയും കുളിരണിയിച്ചു പെയ്യും. മഴക്കാലം തുടങ്ങിയാല്‍ ഉണങ്ങി മെലിഞ്ഞു പോയ കല്ലടയാര്‍ പുഷ്ടിപെട്ടു ഉല്ലാസവതിയാകും പിന്നെയൊരു പോക്കാണ് .ഇരു കരകളും മുട്ടി തകര്‍ത്തു ഒഴുകുന്ന കല്ലടയാര്‍ . ഡാം തുറന്നു വിടുന്നോ എന്നറിയാന്‍ കരയില്‍ ചുള്ളിക്കമ്പുകള്‍ അടയാളം വച്ച് വെള്ളത്തില്‍ കളിയ്ക്കാന്‍ എന്ത് രസം ആയിരുന്നു. മറ്റൊരു ചുള്ളിക്കപുമായി അമ്മ വന്നു നില്‍ക്കുമ്പോള്‍ മാത്രം സമയ ബോധം വരുമായിരുന്ന കാലം . ഒരു മണിക്കൂര്‍ വെള്ളത്തില്‍ കളിച്ചാല്‍ 25 മാമ്പഴം സമ്മാനം തരുന്ന നാട്ടു മാവിനെ എനിക്ക് സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല. പുഴയുടെ തീരത്ത് വളര്‍ന്ന എല്ലാവര്ക്കും കാണും പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ . മഴയുമായി മത്സരിച്ചു കുളിക്കാന്‍ പോകാന്‍ ഇപ്പോള്‍ ആരുണ്ട്‌ .

                വേനലും മഴയും എനിക്കിനി ഒരു പോലെ എന്ന് പറഞ്ഞു നിരാശപ്പെട്ട് ഒഴുകുന്ന ആറ്റില്‍ മണല്‍തരികള്‍ കണ്ടു പിടിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു പോകുന്നു. കാല്‍പ്പാദം പൊതിയുന്ന ചെളിയിലും ചിലപ്പോള്‍ പ്രതീക്ഷയോടെ ഇറങ്ങാന്‍ എന്നെ പ്രേരിപ്പിക്കുന്നത് പഴയ മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ ആകാം . ആ മാവു മാത്രം ഇപ്പോഴും കായ്ക്കുന്നു. ഓന്ത് പാറയിലൂടെ അക്കരെ പോകാം എന്ന് ഇനി പറഞ്ഞാല്‍ തമാശ ആകും . ഒരു കാലത്ത് അത് സത്യം ആയിരുന്നു.!

                                       ഇതിനിടയില്‍ വന്ന ഒരു വെള്ളപ്പൊക്കം ,1993 ല്‍ ആയിരുന്നോ .. അന്നാണ് ഞാന്‍ സ്നേഹം നിറഞ്ഞ പുഴ ഭദ്രകാളിയെ പോലെ ആകുന്നതു കാണുന്നത് . മനുഷ്യന്റെ പ്രവൃത്തികളില്‍ അങ്ങനെ ആയതാവാം . മൂന്നു മടങ്ങ്‌ വീതിയില്‍ അന്ന് തകര്‍ത്ത ഒഴുകി, പക്ഷെ അത് തുലാവര്‍ഷത്തിന് ആയിരുന്നു എന്ന് തോന്നുന്നു . തുലാവര്‍ഷത്തിന് മഴയ്ക്കും വേറൊരു മുഖം ആയിരുന്നില്ലേ . അതെല്ലാം കഴിഞ്ഞു പത്താം ക്ലാസ്സിലെ കണക്കു പരീക്ഷയ്ക്ക് പെയ്യുന്ന മഴയ്ക്ക്‌ പേര് എന്തായിരുന്നു .

                             കാലം ഒരുപാടു മാറിപോയി. നമ്മളും. നശിച്ച മഴ എന്ന് പറയാത്ത(മനസ്സിലെങ്കിലും) ഒരു മഴ പോലും ഇപ്പോള്‍ പെയ്യുന്നില്ലേ. വേണമെങ്കില്‍ രാത്രി പെയ്തോട്ടെ , പക്ഷെ കറന്റ്‌ പോകാന്‍ പാടില്ല എന്നൊരു ഔദാര്യം വേണമെങ്കില്‍ കൊടുക്കാം. സുഗതകുമാരിയുടെ ചിരിക്കുന്ന , മുടിയിട്ടുലക്കുന്ന ആ രാത്രി മഴ തന്നെയാകാം ഇപ്പോഴും പെയ്യുന്നത്. കൃഷിയില്ലാത്ത വയലുകള്‍ കണ്ടാല്‍ മഴയ്ക്ക്‌ നേരം തെറ്റി
പെയ്യാന്‍ തോന്നിപ്പോകും , ആറ്റിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ കഴിയാത്ത മഴ എപ്പോള്‍ പെയ്യണം എന്ന് അന്തംവിട്ടു പോകുന്നു . മഴ പെയ്തില്ലെങ്കില്‍ ഒരു ദിവസം കൂടി റബ്ബര്‍ വെട്ടാമായിരുന്നു എന്ന് ആഗ്രഹിക്കുന്ന "കൃഷിക്കാരനെ " മഴ മനസിലാക്കാന്‍ ശ്രമിക്കുന്നതാകം . വീണ്ടും മഴക്കാലം പ്രതീക്ഷിക്കുന്ന കുറെ മനസ്സുകളെ മഴ മറക്കാതിരിക്കട്ടെ.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതെ, sree, നമ്മള്‍ മഴയെ മറന്നപ്പോള്‍ മഴയ്ക്ക് നമ്മെയും വേണ്ടാതായി. എന്നിട്ടും പ്രണയിനിയായ മഴ വേണോ എന്ന് ചോദിച്ചു ഇപ്പോഴും വര്‍ഷാവര്‍ഷം എത്തി നോക്കുന്നു. പക്ഷെ നമ്മള്‍ക്ക് അവജ്ഞയാണ് അല്ലെ? ഇനി ഒരു നാള്‍ അവള്‍ തീരെ വരാതിരിക്കുന്ന ഒരു ദിവസം വരും. അന്ന് നമ്മുടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് വളിചാലും കിട്ടത്തത്ര ഔട്ട്‌ ഓഫ് റയിന്ജില്‍ എത്തിക്കഴിന്ജിരിക്കും അവള്‍. അതിനു മുന്‍പ് നമ്മള്‍ കണ്ണ് തുറക്കുമോ?

    ReplyDelete