Sunday, December 19, 2010

തിരുവാതിര നിലാവില്‍ തെളിയുന്ന ഓര്‍മ്മകള്‍

                           ഈ ധനുമാസം എവിടെ നിന്നാണോ ഇത്ര തണുപ്പുമായി വരുന്നത് . ധനു മാസം എന്ന് കേള്‍ക്കുമ്പോള്‍  തന്നെ "ധനു മാസത്തില്‍ തിരുവാതിര " എന്ന തിരുവാതിരപ്പാട്ടാണ് മനസ്സില്‍ വരുന്നത് . മനസ്സും  ശരീരവും ഒന്നു  പോലെ  തണുപ്പിക്കുന്ന തിരുവാതിര . എത്ര പറഞ്ഞാലാണ് തിരുവാതിരയുടെ രസങ്ങള്‍ തീരുന്നത് .അന്നത്തെ നിലാവിന്റെ തെളിച്ചം വേറെ ഏതു ദിവസം  കാണാനാണ്."ആര്‍ദ്രമീ ധനു മാസ രാവുകളില്‍ "എന്ന് കവിത മൂളുമ്പോഴും ഞാന്‍ പഴയ ഓര്‍മകളില്‍ മുങ്ങിത്തപ്പുന്നു.


                       തിരുവാതിരയ്ക്കു വളരെ പ്രധാനമാണു ദശപുഷ്പം. പണ്ടു ദശപുഷ്പം കൊണ്ടു വരാൻ പുറത്തു നിന്നും ആൾക്കാർ ഉണ്ടയിരുന്നു. ഞങ്ങൾക്ക് ഓർമ്മയായപ്പൊൾ മുതൽ പറമ്പു  മുഴുവ നടന്നു     ദശപുഷ്പം ശേഖരിക്കുന്നതു  കുട്ടികള്‍ ആയിരുന്നു . വിഷ്ണുക്ടാന്തിമാത്രം കിട്ടാതെ വരും. ബാക്കി ഒന്‍പതും നടന്നു പറിച്ചുകൊണ്ടു വരാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു . ഏഴു ദിവസം മുന്‍പേ കളി തുടങ്ങും. വിളക്കു വച്ച് ഗണപതിയും സരസ്വതിയും സ്വയംവരവും ചൊല്ലി നിര്‍ത്തും. ചേച്ചിമാരുടെ കുരവ കേട്ടാലോന്നും പോകില്ല . പിന്നെ മകയിരം ആകണം എന്നെയൊക്കെ  കണ്ടു  കിട്ടാന്‍.

                                        മകയിരത്തിന്റന്നു വൈകിട്ട്  എട്ടങ്ങാടി  നേദിക്കണം . കിഴങ്ങുകളും പയറുമായിഎട്ടു കൂട്ടം കനലില്‍ ചുട്ടു എടുക്കണം. തികയാതെ വന്നാല്‍ കുറെ പുഴുങ്ങിയും അതിലെക്കിടും. എല്ലാം ചേര്‍ത്ത് ശര്‍ക്കരയും ഇട്ടു നേദിക്കും. മയിലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളും മുറുക്കി ചുവന്ന ചുണ്ടുകളും വേണം എന്ന് പറയും. അതൊക്കെ വളരെ പ്രയാസപ്പെട്ടു ഒരു പേരിനു ചെയ്തു വയ്ക്കും.                                  പാട്ടുകള്‍ നല്ല മുഴക്കമുള്ള ശബ്ദത്തില്‍ പാടുന്നതാണ് തിരുവാതിരയ്ക്ക്  രസം. അതിനു പേരമ്മ തന്നെ വേണമായിരുന്നു." അര്‍ദ്ധ  രാത്രി സമയത്ത് മുഗ്ദ്ധ ഗാത്രി ദേവകിയും " , " മതിമുഖി മനോരമേ മാധവീ നീയുറങ്ങിയോ സരസമായ് വിളിക്കുന്നതറിയുന്നില്ലേ " എന്നൊക്കെ പേരമ്മ തന്നെ പാടണം.

                                            പാതിരവായാല്‍ പിന്നെ പാതിരാപ്പൂ ചൂടണം . ദശപുഷ്പമെല്ലാം ഒന്നിച്ചാക്കി ദൂരെ എവിടെയെങ്കിലും കൊണ്ട് വയ്ക്കും. അഷ്ടമംഗല്യവുമായി എല്ലാവരും കൂടി പൂ തേടി പോകും.
  "ഗുരുവായൂരെ മതിലകത്ത്  , മതിലകത്ത് മതിക്കകത്തു ഒന്നുണ്ട് പോല്‍ പൂത്തിലഞ്ഞി
ആ ഇലഞ്ഞി പൂ പറിപ്പാന്‍ നിങ്ങളാരന്‍ വരുവരുണ്ടോ " എന്ന് ഒരു കൂട്ടര്‍ പാടുമ്പോള്‍

   "തൃശ്ശിവപേരൂരപ്പനാണേ തൃശ്ശിവപേരൂര്‍ തേവരാണേ  ഞങ്ങളാരന്‍ വരുവരില്ല " എന്ന് മറു കൂട്ടര്‍. ഇങ്ങനെ പത്ത് വരെ പാടും.പത്താമത്തെ മറുപടി ഞങ്ങള്‍ വരുന്നു എന്നായിരിക്കും.  വേറെയും ഇതുപോലെ പാട്ടുകള്‍ ഉണ്ട്. പാടി തീരുമ്പോള്‍ പൂവിനടുത്തെത്തും . പൂവിനു വെള്ളം കൊടുത്തു കുരവയും ആര്‍പ്പുമായി പൂവെടുത്ത് തിരിഞ്ഞു നടക്കും. പിന്നെ വഞ്ചിപ്പാട്ട് പാടിയാണ്‌ വരവ്. കട്ടന്‍ കാപ്പിയും കുടിച്ചു ചീട്ടും കളിച്ചു കമന്റും പറഞ്ഞിരുന്ന ആണുങ്ങളെല്ലാം ഈ സമയമാകുമ്പോഴേക്കും ഉറക്കം പിടിച്ചിരിക്കും .

                                              പിന്നെയാണ് പാതിരാപ്പൂ ചൂടല്‍ . ദശപുഷ്പം ഓരോന്നിന്റെയും മഹത്വം പറഞ്ഞുള്ള പാട്ട് പാടി കളിക്കണം. മിക്കവാറും കളിക്കാതെ വട്ടം കൂടിയിരുന്നു പാടുക മാത്രമാകും നടക്കുന്നതു. പൂവും ചൂടിഉറങ്ങി കിടക്കുന്ന  ഭര്‍ത്താവിന്റെ തലയിലും കുറെ കാടും പടലും കൊണ്ട് വച്ചാലെ കാര്യം പൂര്‍ത്തിയാകൂ.  കട്ടന്‍ കാപ്പിയും  കുടിച്ചു ഉപ്പേരിയും പഴവും കഴിച്ചു ക്ഷീണമെല്ലാം മാറിയാല്‍ വീണ്ടും കളി തുടങ്ങും. വര്‍ത്തമാനവും കളിയുമായി നാലുമണി വരെ ഇങ്ങനെ പോകും. ഇടയ്ക്ക് ചിലര്‍ ഉറക്കം പിടിച്ചിരിക്കും . നാലു മണി കഴിയുമ്പോഴേക്കും മംഗളം പാടി നിര്‍ത്താന്‍ തിടുക്കമാകും.തീർത്തുകിട്ടാനുള്ള വെപ്രാളത്തിൽ  മംഗളവും ചൊല്ലി കളി നിര്‍ത്തും.

                        കളി കഴിഞ്ഞാല്‍ പിന്നെ കുളിക്കാന്‍ പോകണം. അഷ്ടമംഗല്യവും  കൊടി വിളക്കുമായി നേരെ ആറ്റിലേക്ക് . തണുത്തു വിറച്ചു നില്‍ക്കുന്ന കാലാവസ്ഥയിലും അതുവരെ തണുപ്പറിയില്ല . പക്ഷെ , വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ആത്മാവില്‍ വരെ തണുപ്പ് കയറും. കുളി കഴിഞ്ഞു തണുപ്പ് മാറ്റാന്‍ ചൂട്ടും കെട്ടിയാണ് പോകുന്നത്. ഗംഗദേവിയെ ഉണര്‍ത്തി തുടിച്ചു കുളിക്കണം. " ഒന്നാകും പാല്‍ക്കടലില്‍ ഒന്നല്ലോ പള്ളിശംഖു , 
                       പള്ളിശംഖിന്‍ നാദം കേട്ട് ഉണരുണര് ഗംഗദേവി "
                                                                  എന്ന് പാടി തുടിച്ചു കുളിക്കും. കരയില്‍ കയറുമ്പോഴേക്കും തണുത്തു മരവിച്ചു പല്ലുകള്‍ കൂട്ടിയടിക്കുന്നുണ്ടാകും .കുളി കഴിഞ്ഞു അലക്കിയത് ഉടുക്കണം. ചൂട്ടു കത്തിച്ചു തീ കാഞ്ഞ്‌ തണുപ്പ് മാറ്റാന്‍ നല്ല സുഖമായിരുന്നു. പിന്നെ ആറ്റില്‍ നിന്നും കയറുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും.ഇപ്പോള്‍ മണല് വാരല്‍ കാരണം പുഴയിലെ കളികള്‍ ഒന്നും നടക്കുന്നില്ല.. ഇറങ്ങാന്‍ തന്നെ പേടിയാകും. പിന്നെയല്ലേ തുടിയും കുളിയും.

                                        വീട്ടില്‍ എത്തിയാല്‍ കൂവ കുറുക്കിയത് കഴിക്കണം. രാവിലത്തെ നേദ്യവും കഴിഞ്ഞാല്‍ പിന്നെ പതിവ് ദിവസം പോലെ തന്നെ . ക്ളാസ്സിലും ബസിലും എന്തിനു നടക്കുന്ന വഴിയില്‍ വരെ ഉറങ്ങി നടക്കും. വ്രതം കഴിഞ്ഞു വേണം ചോറ് ഉണ്ണാന്‍ എന്നുള്ളതാണ് ആകെ ഒരു സന്തോഷം. തിരുവാതിര പുഴുക്കും ഗോതമ്പും ഒരു ദിവസം കൊണ്ട് ശത്രു ആകും. പിറ്റേന്ന് തിരുവാതിര പുഴുക്ക് കിട്ടിയാല്‍ ഇഷ്ടം പോലെ കഴിക്കാം. പക്ഷെ തിരുവാതിരയുടെ അന്ന് പറ്റില്ല. ഇപ്പോള്‍  തോന്നുന്നു  അതൊക്കെ  ഒരുതരം അഭിനയം ആയിരുന്നുവെന്ന്  , ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരു കൃത്രിമ വിരോധം .

                                             സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ദിവസമായിരുന്നു തിരുവാതിര.നല്ല ഭര്‍ത്താവിനെ കിട്ടാനും  മംഗല്യ രക്ഷയ്ക്കും  നല്ല സന്തതി ഉണ്ടാകാനുമാണ്‌  വ്രതം നോക്കുന്നത് എന്നാണു വിശ്വാസം . ഒരുപാടു  പാട്ടുകളും   അവസാനിക്കുന്നത്‌   "സന്തതിക്കേറ്റം വരം  തരണം 
                                                                 നീളമായ്  വാഴ്‌ക നെടുമംഗല്യം  " . എന്നാണ് .

                                                വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയും പ്രധാനമാണ് . പൂത്തിരുവാതിര എന്ന് പറയും. അന്ന് സദ്യ വച്ച് , ബന്ധുക്കളെ ക്ഷണിച്ചു ഗംഭീരമാകും കാര്യങ്ങള്‍ .

     സ്കൂള്‍ യുവജനോത്സവത്തിനു തിരുവാതിര പരിശീലിക്കുന്ന  കുട്ടികളെ കണ്ടപ്പോള്‍ ഒരു പിടി ഓര്‍മ്മകള്‍ കൂടെ കൂടി. കഴിഞ്ഞ തിരുവാതിര കൂടാന്‍ കഴിഞ്ഞില്ല. പക്ഷെ വ്രതം നോക്കി. ഇത്തവണ ഒരു കാഴ്ച്ചക്കാരിയായെങ്കിലും അവിടെ ചെന്നിരിരിക്കാന്‍ തോന്നുന്നു. ഓര്‍മകളിലെ തിരുവാതിരയുടെ സുഗന്ധം. ........
                                                                                           

36 comments:

 1. ദശ പുഷ്പം അറിയില്ല.
  ഈയിടെ എനിക്ക് ജെര്‍മനിയില്‍ നിന്നും ഒരു ഫ്രണ്ട്
  (ജര്‍മന്‍ national) വളരെ വിലക്കൂടിയതും സ്പെഷ്യലും
  എന്ന് പറഞ്ഞു ഒരു perfume തന്നു.വീട്ടില്‍ അത് തുറന്നു
  നോക്കിയപ്പോള്‍ എവിടെയോ മറന്ന നാടന്‍ സുഗന്ധം.
  ഞാനും ഭാര്യയും കൂടി കുറെ സമയം ആലോചിച്ചു.അവസാനം
  കിട്ടി.ഇലഞ്ഞിപ്പൂ മണം.നാട് മറന്ന ആ സുഗന്ധം വിദേശികള്‍
  എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നു ennu ഓര്‍ത്തു അദ്ഭുതം തോന്നി.പിന്നെ
  ഞങ്ങള് അര മണിക്കൂര്‍ അതായിരുന്നു സംഭാഷണം.പുലര്‍ കാലത്ത്
  കുട്ടികള്‍ 5 മണിക്ക് എണീറ്റ്‌ പൂ ശേഖരിക്കാന്‍ പോകുന്നു അതെല്ലാം
  സൂഷിച്ചു മാല കെട്ടും. ആഴച്ചകളോളം ഇരിക്കും അവ. പിന്നെ ഉണങ്ങിയാല്‍ പോലും സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂക്കള്‍...sree: ഓര്‍മകള്‍ക്ക് നന്ദി.പോസ്റ്റ്‌ ഇഷ്ടപ്പെട്ടു...

  ReplyDelete
 2. വെറും ഒരു ഓര്‍മ്മളെലെക്കാള്‍ തിരുവാതിരയുടെ രീതിയും അതിലെ ആഘോഷങ്ങളും മനസ്സിന് നല്‍കിയിരുന്ന സന്തോഷവും എല്ലാം അറിയിക്കുന്ന ഒരു പോസ്റ്റായി. തിരുവാതിര പൂത്തിരുവാതിര എന്നതൊക്കെ എന്താണെന്ന് ചെറുതായെന്കിലും ഒരു ചെറിയ കുറുപ്പിലൂടെ പറയാന്‍ ശ്രമിച്ചു.ഒന്നുകൂടി വിശദമാക്കിയെന്കില്‍ നല്ലതായിരുന്നു എന്നെനിക്ക് തോന്നി.
  ആശംസകള്‍.

  ReplyDelete
 3. ഓർമ്മകൾ നന്നായി, പൂത്തിരുവാതിര പോൽ!

  "ആര്‍ദ്രമീ ധനു മാസരാവുകളില്‍ " വേനുഗോപാൽ ആലപിച്ച കക്കാടിന്റെ ആ കവിത എത്ര തവണ കേട്ടിരിക്കുന്നു. ഇത്രയേറെ മനസ്സിനെ മഥിച്ച കവിതയില്ലെനിക്ക്.

  ReplyDelete
 4. കുട്ടിക്കാലത്ത് പെങ്ങന്മാരുടെ കൂടെ വീടിനടുത്തുള്ള ബാലേട്ടന്‍റെ വീട്ടിലേക്ക് പോയിരുന്നു തിരുവാതിരകളി കാണാന്‍ .പെങ്ങന്മാര്‍ പോവാന്‍ ഒരുങ്ങിയാല്‍ പിന്നാലെ കൂടുന്നതാ ,, പക്ഷെ തിരിച്ചു പോരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും . അന്ന് ബാലേട്ടന്‍റെ അമ്മ പാട്ടുപാടും മുറ്റത്ത് കുറെ സ്ത്രീകള്‍ കൂടും .. കാണാന്‍ കൂടുതല്‍ മാപ്പിളപെണ്ണുങ്ങള്‍ തന്നെ ആയിരുന്നു എന്നാണു എന്‍റെ ഓര്‍മ.. കൂടുതല്‍ വീടുകളും മുസ്ലിംസിന്‍റെ ആയിരുന്നു അതുകൊണ്ട് .. നല്ല രസമായിരുന്നു കാണാന്‍ ... വലുതായതിനു ശേഷം സ്കൂള്‍ യുവജനോത്സവങ്ങളിലും മറ്റും കണ്ടിട്ടുണ്ട് എന്നല്ലാതെ നേരില്‍ കാണാന്‍ പറ്റ്റിയിട്ടില്ല.

  പോസ്റ്റ് വായിക്കാന്‍ നല്ല സുഖമുണ്ട്

  ReplyDelete
 5. ഞങ്ങളുടെ സമ്പ്രദായത്തില്‍ ഇങ്ങനെയൊന്നും ഇല്ലാത്തത് കൊണ്ട് എല്ലാം വളരെ പുതുമയായി തോന്നി...എല്ലാം മനസ്സിലൂടെ കടന്നു പോയ പോലെ....

  ReplyDelete
 6. പാതിരാപ്പൂവിന്‍റെ മണമുള്ള പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരു തിരുവാതിര മുഴുവന്‍ മുമ്പിലെത്തി.

  ReplyDelete
 7. ടൗണില്‍ ജനിച്ചു വളര്‍ന്ന എനിക്ക് തിരുവാതിരയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കുറവാണ്‌. ആകെയുള്ളത് നോയ്മ്പെടുക്കും. പിന്നെ തിരുവാതിരപ്പുഴുക്കും കൂവ കുറുക്കിയതും കഴിക്കും. അതിരാവിലെ കുളിച്ച് (വീട്ടിലെ കുളിമുറിയില്‍ :)) അമ്പലത്തില്‍ പോകും. ഈ പോസ്റ്റ് വായിച്ചപ്പോള്‍ സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തിരുവാതിര കളിയില്‍ പങ്കെടുത്തത് ഓര്‍മ്മ വന്നു.

  ശ്രീ നന്നായിട്ടെഴുതി. ഹൃദയം നിറഞ്ഞ പുതുവത്സരാശാംസകള്‍!

  ReplyDelete
 8. ശ്രീ, രാവിലെ ഞാനീ പോസ്റ്റിന്‌ ഒരു കമന്റ് ഇട്ടിരുന്നു. ഇപ്പോല്‍ നോക്കിയപ്പോള്‍ അത് കാണാനില്ല. ഈ ഗൂഗിളീന്‌ എന്തോ പ്രശ്‌നമുണ്ട്,ട്ടോ. എന്റെ ബ്ലോഗില്‍ നിശാസുരഭി ഇട്ട കമന്റും ഇതുപോലെ പോയിരുന്നു. പിന്നെ മെയിലില്‍ ഉണ്ടായതു കൊണ്ട് ഞാനത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്തു.
  നന്നായിട്ടെഴുതി.

  ReplyDelete
 9. അതെ തത്തമ്മേ ഈ ഗൂഗിള്‍ നു എന്താ കുഴപ്പം? ഞാന്‍ നോക്കിയപ്പോള്‍ തത്തമ്മയുടെ കമന്റ്‌ മെയിലില്‍ കിടക്കുന്നു. ഇവിടെ ഇല്ല .അതുകൊണ്ട് തത്തമ്മയുടെ പോസ്റ്റ്‌ ഞാന്‍ റിപോസ്റ്റ് ചെയ്യുന്നു .
  "ടൗണില്‍ ജനിച്ചു വളര്‍ന്ന എനിക്ക് തിരുവാതിരയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കുറവാണ്‌. ആകെയുള്ളത് നോയ്മ്പെടുക്കും. പിന്നെ തിരുവാതിരപ്പുഴുക്കും കൂവ കുറുക്കിയതും കഴിക്കും. അതിരാവിലെ കുളിച്ച് (വീട്ടിലെ കുളിമുറിയില്‍ :)) അമ്പലത്തില്‍ പോകും. ഈ പോസ്റ്റ് വായിച്ചപ്പോള്‍ സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തിരുവാതിര കളിയില്‍

  പങ്കെടുത്തത് ഓര്‍മ്മ വന്നു.

  ശ്രീ നന്നായിട്ടെഴുതി. ഹൃദയം നിറഞ്ഞ പുതുവത്സരാശാംസകള്‍!"


  നന്ദി തത്തമ്മേ

  ReplyDelete
 10. ente lokam ; വളരെ കുറച്ചു മാത്രം പഴക്കമുള്ള ചില ഓര്‍മ്മകള്‍ ആയിരുന്നു അവ. പക്ഷെ ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഒരുപാടു മാറ്റങ്ങള്‍ . അതുകൊണ്ട് ഇനിയുള്ള കുട്ടികള്‍ക്ക് ഇത്തരം ഓര്‍മ്മകള്‍ പറയാന്‍ കാണില്ല എന്ന് തോന്നുന്നു. കമ്പ്യൂട്ടര്‍ ഗെയിംസ് തന്നെ ശരണം. നഷ്ടങ്ങള്‍ ആരും തിരിച്ചറിയുന്നില്ല.
  ഫസ്റ്റ് കമന്റിനു ഒത്തിരി നന്ദി .
  ദശപുഷ്പങ്ങള്‍ - കറുക, മുക്കുറ്റി, തിരുതാളി, നിലപ്പന, പൂവാംകുരുന്നല്‍ , മുയല്‍ച്ചെവിയന്‍ , ഉഴിഞ്ഞ ,കയ്യോന്നി, വിഷ്ണുക്ടാന്തി, ചെറൂള എന്നിവയാണ്. ഇപ്പോഴും നമ്മുടെ ചുറ്റും ധാരാളം ഉണ്ട്. ചെറുതിലെ പറിച്ചിട്ടുള്ളതുകൊണ്ട് ഇപ്പോഴും കണ്ടാല്‍ അറിയാം.
  ഇത്തരം ഓര്‍മ്മകള്‍ അല്ലാതെ നമുക്ക് വേറെ എന്ത് ഉണ്ടാകാനാണ്.


  പട്ടേപ്പാടം റാംജി ; നല്ല വാക്കുകള്‍ക്ക് ഒരുപാടു നന്ദി . പറയാന്‍ തുടങ്ങിയാല്‍ തീരാത്ത അത്ര ഉണ്ട്. അധിക പ്രസംഗം ആയിപ്പോയാലോ എന്ന് ഭയന്ന് കുറച്ചതാണ്. ഇനി എപ്പോഴെങ്കിലും അവസരം കിട്ടുമ്പോള്‍ പറയണം.


  നിശാസുരഭി;
  ആദ്യമായി ഈ അഭിപ്രായത്തിനു ഒരുപാടു നന്ദി. ആ കവിത , അത് ശരിക്കുമുള്ള അനുഭവം അല്ലെ. കവിത എത്ര കേട്ടാലാണ് മതിയാകുക. "എന്തെ മിഴിയിണ നനയുന്നുവോ സഖി " എന്നെത്തുംപോഴേക്കും നമ്മുടെ കണ്ണുകളും നിറയാറുണ്ടല്ലോ.


  ഹംസ ; കമന്റിനു ഒരുപാടു നന്ദി. തിരുവാതിര ഞങ്ങളുടെയൊക്കെ നൊസ്റ്റാള്‍ജിയ ആണ്. വ്രതം, എന്തൊരു ശല്യം എന്ന് അഭിനയിച്ചു അതിലെ രസം നുകരുന്ന ഒരു ദിവസം. ഇപ്പോള്‍ ഇതൊന്നും കാണാന്‍ ആരും ഉണ്ടാകാറില്ല.


  ചാണ്ടിക്കുഞ്ഞ് ; ഇങ്ങനെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുമെങ്കില്‍ കളയേണ്ട.നല്ല വാക്കുകള്‍ക്ക് നന്ദി


  salam pottengal : രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ തിരുവാതിര ആയി. നല്ല അഭിപ്രായത്തിനു നിറയെ നന്ദി .

  ReplyDelete
 11. ഹംസക്ക പറഞ്ഞതനുസരിച്ച് നോക്കിയപ്പോള്‍ തത്തമ്മയുടെ കമന്റ്‌ സ്പാം ആയി കിടക്കുന്നു. അതൊഴിവാക്കിയപ്പോള്‍ ദാ കമന്റില്‍ വന്നു ! നന്ദി ഹംസക്ക

  ReplyDelete
 12. തിരുവാതിര ..ഒരു നല്ല ഓര്‍മ . മലയാളിയുടെ മനസ്സിനെ കുളിരണിയിക്കുന്ന , പ്രകൃതിയുടെയും മനുഷ്യന്റെയും രസ ഭാവങ്ങളെ സമന്വയിപ്പിക്കുന്ന അനുഭവം. കാലത്തിനു മുന്‍പേ ഓര്‍മകളെ ഉണര്‍ത്തുന്ന ശ്രീ യ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ .

  ReplyDelete
 13. നാളെ യുവജനോത്സവത്തിനു തിരുവാതിരക്കാരെ കൊണ്ട് ഞാന്‍ ആണേ പോകുന്നത് . കണ്ടിട്ട് അഭിപ്രായം പറയാം . പോസ്റ്റ്‌ ഇഷ്ടമായി

  ReplyDelete
 14. ഓ എന്റെ കമന്റെങ്ങാനും കാണാതെ പോയാലോ എന്നോര്‍ത്ത് എനിക്കൊരു നെഞ്ചുവേദന.

  “പുത്തന്‍ തിരുവാതിര, പൂത്തിരുവാതിര” ഭേഷായി

  ഈ റ്റീച്ചര്‍ തിരുവാതിര ചരിത്രം പറഞ്ഞെന്നെ നൊസ്റ്റാള്‍ജിപ്പിച്ചു.

  ReplyDelete
 15. ടീച്ചറെ, തിരുവാതിര ചരിതം നന്നായി. കുറച്ചൂടെ പറയാമായിരുന്നുട്ടോ..
  "പൂത്തിരുവാതിര" എന്നാണോ? പുത്തന്‍ തിരുവാതിര എന്നല്ലേ?

  ReplyDelete
 16. ധനുമാസക്കുളിരുപോലെ ഹൃദയഹാരി
  യാണീ എഴുത്ത്.കര്‍ക്കിടകത്തില്‍
  ദശപുഷ്പം ആയൂരാരോഗ്യത്തിനും ധനു
  മാസത്തില്‍ സുമംഗലീ സൌഭാദഗ്യ
  ത്തിനുമാണുപയോഗിക്കുന്നത്.എന്റെ
  ലോകത്തിനായി ദശ പുഷ്പത്തെക്കുറി
  ച്ചെഴുതിയ്ക്കോട്ടെ.ബ്രാക്കറ്റില്‍ സംസ്കൃതനാമം.
  1.കറുക(ശതപര്‍വ്വിക),2.വിഷ്ണുക്രാന്തി(ഹരികോന്തിജ)
  3.തിരുതാളി(ലഷ്മണ)4.നിലപ്പന(വരാഗി)5.പൂവാംകുറുന്തല്‍
  (സഹദേവി)6.ഉഴിഞ്ഞ(ഇന്ദ്രവല്ലി)7.മുക്കുറ്റി(ജലപുഷ്പം)
  8.കയ്യോന്നി(കേശരാജ)9.ചെറുള(ഭദ്രാ) 10.മുയല്‍ചെവിയന്‍(ചിത്രപചിത്ര)

  ReplyDelete
 17. വക്കീല്‍ ; നല്ല വാക്കുകള്‍ക്ക് നിറയെ നന്ദി.

  ജ്വാല : യുവജനോത്സവം കഴിഞ്ഞില്ലേ . എങ്ങനെ ഉണ്ടായിരുന്നു ? അഭിപ്രായത്തിനു നന്ദി.


  ajith ; നെഞ്ചുവേദന വന്നില്ലല്ലോ . നന്ദിയുണ്ട് ഈ വാക്കുകള്‍ക്ക്. നൊസ്റ്റാള്‍ജിപ്പിച്ചു എങ്കില്‍ ഞാന്‍ ഹാപ്പിയായി.


  ഹാപ്പി ബാച്ചിലേഴ്സ് : വായിക്കുന്നവരെ നിരുത്സഹപ്പെടുതേണ്ട എന്ന് കരുതി കുറച്ചതാണ് . ഇനി ആകട്ടെ , കൂടുതല്‍ പറയാം . പുത്തന്‍ തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് ഇവിടൊക്കെ പറയാറ്‌. നന്ദി കേട്ടോ


  ജയിംസ് സണ്ണി പാറ്റൂര്‍ ; ഇവിടേയ്ക്ക് ആദ്യമായിട്ടാണല്ലോ. അതിനു ആദ്യം നന്ദി. നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ദശപുഷ്പത്തെക്കുറിച്ച് വിശദീകരണം നല്‍കിയതിനു വീണ്ടും നന്ദി.

  ReplyDelete
 18. ശിവന്റെ തൃക്കണ്ണിന്റെ മിസൈലിൽ പെട്ട് കരിഞ്ഞുപൊയ കാമദേവന്റെ ജീവനു വേണ്ടി രതീദേവി നടത്തിയ സത്യാഗ്രഹസമരത്തിന്റെ ഒടുവിൽ കിട്ടിയ വരത്തിൽ നിന്നാണല്ലോ ധനുമാസത്തിലെ തിരുവാതിര. അതെല്ലാം നമ്മുടെ സ്ത്രീകൾ ഫെമിനിസ്റ്റ് സ്വാതന്ത്ര്യംമയി എടുത്ത് കൊണ്ടാടുന്നു.

  ReplyDelete
 19. എന്‍.ബി.സുരേഷ്: ഭർത്താവിന്റെ ജീവനു വേണ്ടി രതീദേവി അപേക്ഷിച്ചപ്പോൾ പാർവതിദേവിയാണു പരമശിവനോടു സത്യാഗ്രഹം (മാഷിന്റെ വാക്കുകളിൽ) ചെയ്തതു . പണ്ട് കാലത്തു സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകൾക്കു ആഹ്ലാദിക്കാൻ കിട്ടിയിരുന്ന ഒരു ദിനം.ഒരു രാത്രി മുഴുവൻ ഭർത്താവിന്റെ നന്മയ്ക്കു വേണ്ടി ഉറക്കമിളയ്ക്കുന്ന ആ മനസ്സുകൾ ഫെമിനിസ്റ്റ് സ്വാതന്ത്ര്യം എടുത്തു കൊണ്ടാടുകയാണെന്നു എനിക്കു തോന്നുന്നില്ല. മാഷിന്റെ ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 20. തിരുവാതിര വൃന്ദാവനത്തിന്റെ ഒരു ഈസ്തെറ്റിക്സ് പേറുന്നുണ്ട്.
  പക്ഷേ, എല്ലാ നന്മനിറഞ്ഞ ഉത്സവങ്ങളും പോലെ നാം തിരുവാതിരയെയും മാർക്കറ്റൈസ് ചെയ്യുന്നുണ്ട്. ആചാരങ്ങൾക്ക് പിന്നിലുള്ള ആശയത്തെ ഉപേക്ഷിക്കുകയും ആചാരം എന്ന ലേബലിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്യും.

  ശ്രീനാരായണഗുരുവിന്റെ ആ‍ശയം ഉപേക്ഷിച്ച് അദ്ദേഹത്തെ കണ്ണാടിക്കൂട്ടിൽ ഇരുത്തുമ്പോലെ, ബ്ബുദ്ധനെ വിഗ്രഹമാക്കുമ്പോലെ..
  അതിനാൽ ഞാൻ ഇത്തരം ആചാരങ്ങളെ ഇപ്പോൾ ഒരു അനുതാപത്തോടെയാണ് നോക്കിക്കാണുന്നത്.

  ശിവന്റെ അഗ്നിയിൽ എരിഞ്ഞുപോയ കാമന് വേണ്ടി രതി നിലവിളിക്കുന്നുണ്ട്. സാവിത്രി സത്യവാന് വേണ്ടി തപിക്കുന്ന പോലെ.

  അതിനൊടുവിൽ ശിവൻ കാമനെ ശരീരമില്ലാത്തവൻ ആക്കുന്നുണ്ട്റ്റ്.

  പ്രണയം മറ്റൊരു ശരീരത്തെ ഡിപ്പന്റ് ചെയ്ത് നിലനിൽക്കുന്നു എന്ന ഒരു സത്യത്തിന്റെ മിത്താണ് കാമദേവൻ.

  കലി എങ്ങനെയാണോ, കാലൻ എങ്ങനെയാണോ അതുപോലെ. personification ആണിത്.

  ReplyDelete
 21. റ്റീച്ചറേ, തിരുവാതിര എന്താണെന്നു പറഞ്ഞു തന്നു. ഇങ്ങ്നൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടു അല്ലെ. ആ ഫോട്ടൊ റ്റീച്ചറൂടെ വീട്ടിലെ തിരുവാതിര ആണൊ? ആരുടെയും മുഖം വ്യക്തമല്ലല്ലൊ.

  ReplyDelete
 22. teachere, ithu nalla tea thanne. nalla madhuram,ee ormmakalkku.

  ReplyDelete
 23. നല്ല പോസ്റ്റ്!

  പുതുവത്സരാശംസകള്‍!

  ReplyDelete
 24. 'കാട്ടുകോഴിക്ക് എന്ത് സംക്രാന്തി" എന്ന് പറഞ്ഞപോലെയാ എന്റെ കാര്യം!
  ഇതിലെ മിക്ക കാര്യങ്ങളും എനിക്ക് പുതിയ അറിവുകളാണ്. ദശപുഷ്പം പോലും! ഇതിലെ പ്രതിപാദ്യങ്ങളൊക്കെ ഇന്നും ഉണ്ടോ? മനുഷ്യരും യന്ത്രങ്ങള്‍ ആയ യാന്ത്രികയുഗത്തില്‍ പുതിയ തലമുറയ്ക്ക് ഇതൊക്കെ കെട്ടുകഥയായി തോന്നിയാല്‍ അതില്‍ അത്ഭുതമില്ല.
  "കറുക, മുക്കുറ്റി, തിരുതാളി, നിലപ്പന, പൂവാംകുരുന്നല്‍ , മുയല്‍ച്ചെവിയന്‍ , ഉഴിഞ്ഞ ,കയ്യോന്നി, വിഷ്ണുക്ടാന്തി, ചെറൂള എന്നിവയാണ്. ഇപ്പോഴും നമ്മുടെ ചുറ്റും ധാരാളം ഉണ്ട്".
  എന്റെ നാട്ടിനെ സംബന്ധിച്ചിടത്തോളം ഇത് സത്യമല്ല. നെറ്റില്‍ തപ്പിയാല്‍ പോലും കിട്ടുമോന്നു സംശയമാണ്.പണ്ട് കാലത്ത് വല്ല ഫോട്ടോയും എടുത്തുവച്ചിട്ടുണ്ടെങ്കില്‍ കാണാം എന്ന് മാത്രം!

  ഏതായാലും, പുതിയ നാട്ടറിവുകള്‍ പകര്‍ന്നു നല്‍കിയ ശ്രീയ്ക്ക് അഭിനന്ദനങ്ങള്‍.
  ഇത്തരം ബാല്യകാലസ്മരണകള്‍ കൂടി ഇല്ലെങ്കില്‍ നമ്മുടെ ഇന്ന് എത്രമേല്‍ വിരസമാവുമായിരുന്നു!

  ReplyDelete
 25. മനോഹരമായി എഴുതിയിരിക്കുന്നു... ഇന്ന് ഇതു എവിടെ കാണാൻ കിട്ടാനാണു??

  ReplyDelete
 26. എന്‍.ബി.സുരേഷ് : വീണ്ടും സന്ദർശിച്ചതിനു നന്ദി മാഷെ.  വാവ: കുഞ്ഞു വാവയല്ലെ.അതാ... നാട്ടിൽ നടക്കുന്നതൊക്കെ അറിഞ്ഞു വരുന്നതല്ലെ ഉള്ളൂ. നന്ദി വാവേ.


  സുജിത് കയ്യൂര്‍ : ഓർമകൾക്കെന്തു സുഗന്ധം... നന്ദി സുജിത്.  ശ്രീ : വളരെ നന്ദി ശ്രീ.


  ഇസ്മായില്‍ കുറുമ്പടി (തണല്‍): ഇതൊക്കെ ഇപ്പൊഴും നാട്ടിൽ ഉള്ളതു തന്നെ . ഇനി വരുമ്പൊൾ നോക്കിക്കോളൂ.ഇതൊന്നും ബാല്യകാലസ്മരണകൾ അല്ല.ഇപ്പൊഴും ഉണ്ടു. നന്ദി തണൽ.


  വേണുഗോപാല്‍ ജീ:ആദ്യത്തെ സന്ദർശനം അല്ലെ.നല്ല വാക്കുകൾക്കു ഒത്തിരി നന്ദി.

  ReplyDelete
 27. നാട്ടില്‍ തിരുവാതിരക്കളി അത്ര പ്രചാരത്തിലുണ്ടായിരുന്നതായി അറിവില്ല .വ്രതവും തിരുവാതിരപുഴുക്കും ഉണ്ടായിരുന്നു .തിരുവാതിര സ്റ്റേജിലല്ലാതെ കണ്ടത് കോഴിക്കോട് ഭാഗത്ത് ചില വിവാഹവേളകളിലായിരുന്നു .അതു പക്ഷേ സ്റ്റേജിലേക്ക് വേണ്ടി രൂപപ്പെടുത്തിയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു .കൈകൊട്ടിക്കളി എന്ന് വിളിച്ചിരുന്ന ആ കലാരൂപം തിരുവാതിരനാളില്‍ അനുഷ്ഠിക്കുന്നതിലാണോ തിരുവാതിരക്കളി എന്ന് വിളിക്കുന്നതെന്ന് നിശ്ചയമില്ല . ഒരു നേരമ്പോക്ക് അല്ലെങ്കില്‍ പുതുപ്പെണ്ണിനെ ഒന്ന് ഭംഗിയായി റാഗിങ് ചെയ്യാനോ ആയിരിക്കണം ഇതിന്റെ ഉത്ഭവം .
  ധനുമാസത്തിലെ തിരുവാതിരയ്ക്ക് കാമദേവനു വേണ്ടിയുള്ള നിരാഹാരസമരവുമുണ്ടല്ലോ .പുരുഷനുവേണ്ടി സ്ത്രീ നടത്തുന്ന സമരം !

  പിന്നെ തിരുവാതിരക്കളി കാണാന്‍ വലിയ താല്പര്യമില്ലെങ്കിലും തിരുവാതിരപ്പാട്ട് ഈണത്തില്‍ ചൊല്ലുന്നത് ഇഷ്ടമാണ് (സ്റ്റേജില്‍ പാടുന്നതല്ല ).

  ഓരോ കാലത്തിനും വരും തലമുറയോട് പറയാന്‍ ഓരോ കഥകളുണ്ടാകും .അത് നഷ്ടമോ നേട്ടമോ എന്നതില്‍ കാര്യമില്ലല്ലോ .കാലികമായ മാറ്റം മറ്റെന്തിലേയും പോലെ ഇതിലും ...

  ReplyDelete
 28. sree njhanivide pppsttttt annu, oru thiruvathira kali neril kanda pratheethy,ethra bhangiyayi ezhuthiyirickunnu, orayiram nannni, sree paranjhathu nera dhashapushpangalil cheroola njhanithe vare kandittilla nettil thappiyal polum kittunna karyam ?shamshayamaanu .

  valare nanni postinu

  ReplyDelete
 29. നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

  ReplyDelete
 30. സതീ ദേവി ദേഹത്യാഗം ചെയ്തപ്പോള്‍ ശിവന്‍ താണ്ഡവം ചെയ്തു.കാമദേവന്‍ ദഹിച്ചു.രതീദേവിയുടെ വ്രതം ആണ് തിരുവാതിര.

  എന്തിനു കാമദേവന് നേരെ ശിവന്‍ തൃക്കണ്ണ്‍ തുറന്നു? എന്തിനു കാമദേവന്‍ ശിവന്റെ അടുത്ത് വന്നു?
  ശിവന് വേണ്ടി പാര്‍വതീ ദേവി കഠിന തപം ചെയ്യുന്നുണ്ടല്ലോ..സതീദേവിയുടെ ജീവത്യാഗത്തിന് ശേഷം ശിവ-ശക്തി യുടെ സംഗമം അനിവാര്യം.
  കാമദേവന്റെ റോള്‍ എന്താന്നറിയാലോ കക്ഷി ശിവന് നേരെ അമ്പു എയ്യാന്‍ തുടങ്ങി.അതിനാലാണ് കാമദേവന്‍ ദഹിച്ചത്.
  അങ്ങനെ കാമദേവന് വേണ്ടി രതീ ദേവിയും(ഇതിനു പൂത്തിരുവാതിര എന്ന്) ശിവന് വേണ്ടി പാര്‍വതിയും വ്രതം എടുത്തു.ഇതാണ് തിരുവാതിര(ഞാന്‍ മനസ്സിലാക്കിയത്)..ശരിയാണോ?


  പുതുവത്സരാശംസകള്‍ .... ഒപ്പം ഭാവുകങ്ങള്‍ ...
  പൂച്ചകളുടെ സംഗമം ഹി ഹി ..
  സ്നേഹപൂര്‍വ്വം ദേവൂട്ടി

  ReplyDelete
 31. teachere...kollaam tto...nannaayittund...oru athira nilaavil kulichath pole...puthuvalsaraasamsakal...

  ReplyDelete
 32. തിരുവാതിരക്കളി നമ്മുടെ സംസ്കാരത്തിന്റെ ഒരു ഓര്‍മയായി മാറാന്‍ പോകുകയാണ്. ജീവികള്‍ മാത്രമല്ല, ഇത്തരം നാടന്‍ കലകള്‍ക്കും വംശനാശം ഉണ്ടാവുന്നുണ്ട്.
  www.shiro-mani.blogspot.com

  ReplyDelete
 33. എന്റൊരു ചേച്ചിയുമായ് വര്‍ത്താനം പറഞ്ഞിരിക്കുമ്പോള്‍ ആകസ്മികമായ് കൂര്‍ക്കയെപ്പറ്റി പരാമര്‍ശനം വന്നു. വടക്കന്‍ കേരളവാസിയായ ഞാനാ സാധനം ഇതേവരെ കണ്ടിട്ടില്ല. നീയൊക്കെ എന്ത് മലയാളി എന്ന് എനിക്ക് പഴിയും കേള്‍ക്കേണ്ടിയും വന്നു. :(

  വിശദമായ ഒരു ക്ലാസ് തന്നെ തന്നു പിന്നീട്. തിരുവാതിരയെപ്പറ്റിയും (നമ്മടെ നാട്ടില്‍ അറബന മുട്ടും ഒപ്പനയുമാണ് മുഖ്യ ആഘോഷം എന്ന് ഞാന്‍)എട്ടങ്ങാടി (ഞാന്‍ പറഞ്ഞത് ജയന്റെ അങ്ങാടി അറിയുമെന്നാ!) യെപ്പറ്റിയും അതിലെ എട്ടുതരങ്ങളും എല്ലാം. ഇപ്പോ കമന്റിട്ടപ്പോഴാണ് ഓര്‍ത്തത്, ഇവിടൊരു തിരുവാതിര പോസ്റ്റ് ഉണ്ടായിരുന്നല്ലോ എന്ന്!

  ഇപ്പൊ വന്ന് ഒന്നൂടി കണ്ണോടിച്ച് നോക്കുകാ :)

  -തിരുവാതിരക്കളി നാട്ടില്‍ കാണാന്‍ കഴിയുക സ്കൂള്‍ യുവജനോത്സവങ്ങളില്‍ മാത്രമാ, അവീടെന്ത് എട്ടങ്ങാടിയും അതിലെ കൂര്‍ക്കയും :(

  (ആര്‍ദ്രമീ ധനുമാസം.., അത് തന്നെ)
  ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു..

  ReplyDelete
 34. ആഘോഷങ്ങളും സംസ്കാരങ്ങളും ഇന്ന് അന്യമായ്ക്കൊണ്ടിരിക്കുന്നു. അവ അകലാന്‍ തുടങ്ങിയിരിക്കുന്നു. ഓര്‍മ്മകള്‍ മാത്രമായേക്കാം. പുതിയ തലമുറയ്ക്ക് ഇതൊരു സങ്കല്പം മാത്രമായി തീരും. അകലരുതേ എന്നു പ്രാര്‍ത്ഥിക്കാം.. ല്ലെ

  www.chemmaran.blogspot.com

  ReplyDelete
 35. ടീച്ചറേഏഏഏഏ...

  വര്‍ഷം ഒന്ന് കഴിഞ്ഞല്ലോ. പുതിയതൊന്നുമില്ലേ???

  ReplyDelete
 36. നല്ല വിവരണം.ഈപറഞ്ഞതെല്ലാം കാത്തു സൂക്ഷിയ്ക്കുന്ന ഒരു ഗ്രാമം ഇപ്പോഴും ഞങ്ങളുടെ നാട്ടിലുണ്ട്

  ReplyDelete