Wednesday, February 23, 2011

പുഴ....ഒഴുകാൻ മറന്ന്



പിഞ്ഞിത്തുടങ്ങിയ പുതപ്പിനടിയിൽ നിന്ന് അയാൾ തല വെളിയിലേക്കെടുത്തു.കുറച്ചുകൂടി ഉറങ്ങണമെന്നുണ്ട്.  പറ്റില്ല, അയാൾക്ക്  മനുഷ്യരെ മാത്രം  പ്രീതിപ്പെടുത്തിയാൽ ജീവിക്കാൻ കഴിയില്ല.മെല്ലെ എഴുന്നേറ്റു.ജലദോഷം പൂർണ്ണമായി മാറിയിട്ടില്ല.പക്ഷെ, ആരോടു പറയാൻ.
                           തണൂത്തിട്ടു പല്ലു കൂട്ടിയടിക്കുന്നു.നേരെ പുഴയിലേക്കു നടന്നു.കരിയിലകൾക്കിടയിലൂടെ, കൽ‌പ്പടവുകൾ താണ്ടി മുളങ്കൂട്ടങ്ങൾക്കിടയിലൂടെ കടവിലേക്ക്. അവിടെ പാമ്പുകൾ കാണുമെന്നു പറയാറുണ്ട്.  അയാൾക്കു ഭയമില്ല.മിന്നാമിനുങ്ങിന്റെ  വെട്ടമുള്ള ടോർച്ചും തെളിച്ചു പതിയെ പടവുകൾ ഇറങ്ങി.വെള്ളത്തിൽ കാലു വച്ചപ്പോൾ ശരീരം മൊത്തം പെരുത്തു പോയി.വെറുതെയല്ല ഈ ചുമ ഒരിക്കലും മാറാത്തതു തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിക്കയറി.വിറച്ചു പോയി.
     തിടുക്കപ്പെട്ട് കരകയറി.തലേന്നു തിളപ്പിച്ചു വച്ച കട്ടൻ കാപ്പി ഫ്ലാസ്കി ലിരിപ്പുണ്ട് . ഒരു കട്ടൻ കാപ്പി കുടിക്കാതെ  പറ്റില്ല.
    വെളിച്ചമാകുന്നതിനു മുൻപു ക്ഷേത്രം തുറക്കണം.ഈശ്വരപ്രീതി  വലിയവിഷയമല്ല.പക്ഷെ, നാട്ടുപ്രമാണിമാരെ തൃപ്തിപ്പെടുത്തിയേ പറ്റൂ.നിർമാല്യദർശനത്തിനായി കാത്തു നിൽ‌പ്പുണ്ടാകും ഭക്ത ശിരോമണികൾ.അഞ്ചു മണി കഴിഞ്ഞു മിനിട്ടുകൾ മാറുമ്പോഴേക്കും മുഖം കറുക്കും.കഴകക്കാരൻ വന്നിട്ടുണ്ടാവില്ല.ശാന്തിക്കാരൻ മനുഷ്യനല്ല.അയാളുടെ സമയം മാറാൻ പാടില്ല.
    ശ്രീകോവിൽ തുറന്നു.അകത്തും പുറത്തുമുള്ള   ദീപങ്ങൾ തെളിച്ചു.പ്രധാന ദേവനെക്കൂടതെ ഉപദേവന്മാർ ധാരാളം. എല്ലാവരെയും ഇരുട്ടിൽ നിന്നും മോചിപ്പിക്കേണ്ടതു താൻ തന്നെയാണ്. അതിനിടയിൽ നിർമ്മാല്യ ദർശനത്തിനു വന്നവരെ പരിഗണിച്ചില്ലെങ്കിൽ പരാതിയാണ്. എല്ലാ ദിവസവും നിർമാല്യം തൊഴുന്ന തനിക്കു ലഭിക്കാത്ത പുണ്യം അവർക്കു ലഭിക്കുന്നെങ്കിൽ നല്ലതു.
   ഓടി നടന്നു ദീപങ്ങളെല്ലം തെളിച്ചു.നിർമാല്യം വാരി ഒരു മൂലയ്ക്കിട്ടു അഭിഷെകം കഴിച്ചു വരുമ്പോൾ ഒരു സമയമാകും. തലേന്നു ചാർത്തുണ്ടെങ്കിൽ പണി കൂടും.ചന്ദനം ചാർത്തി ചിരിച്ചു നിൽക്കുന്ന ദേവൻ തന്നെ  പരിഹസിക്കുന്നതായാണു  തോന്നുക.
തിടപ്പള്ളി തുറന്നു നേദ്യം വയ്ക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങി.എത്ര വീശിയാലും കത്താത്ത വിറകു  ചുമയുടെ ശക്തി കൂട്ടി.വഴിപാടു സാമഗ്രികളുമായി ആളുകളെത്തുമ്പോഴേക്കും ഒരു നേരമാകും. ഇതൊക്കെ നേരത്തെ  കൊണ്ടുവന്നുകൂടേയെന്നു ചോദിക്കാൻ  തോന്നാറില്ല.അതിനിടയിൽ പ്രമാണീമാർ ആരെങ്കിലും വന്നാൽ പ്രസാദത്തിനു കാത്തു നിർത്താ‍നും പറ്റില്ല.ഇലക്കീറിൽ തന്നെ പ്രസാദം കൊടുക്കണം. അഞ്ചു രൂപാനോട്ട് എടുത്തു കാട്ടി പ്രലോഭിപ്പിച്ചാണു തങ്ങൾ പ്രസാദം വാങ്ങുന്നതെന്നാണു പലരുടെയും ധാരണ.അയാൾക്ക് ആരേയും പിണക്കണമെന്നില്ല.പ്രതികരണശേഷി നഷ്ടപ്പെട്ടു പോയവർക്കെന്തു അഞ്ചു രൂപയും പത്ത് രൂപയും.
ഒരു ദിവസം ഇരുപത്തഞ്ചു തവണയിലേറെ ശ്രീകോവിൽ കയറിയിറങ്ങും.കഴകക്കാരൻ വന്നാൽ തിടപ്പള്ളിയിലെ കാര്യം കുറെ അയാൾ നോക്കിക്കൊള്ളും. മാലകെട്ടാനും പൂവ് ഒരുക്കാനും പോയാൽ പിന്നെ കഴകത്തെ കണ്ടുകിട്ടാൻ പ്രയാസമാണു. ദേവനു നിറയെ മാല ചാർത്തിക്കാണുന്നതു അയാൾക്കും സന്തോഷമാണ്. എങ്ങനെയെങ്കിലുമൊക്കെ മണി പതിനൊന്നു കഴിയും.
  തിരികെ ഇല്ലത്തെത്തി ഒരു കാപ്പി ഇട്ടു കുടിച്ച് തളത്തിൽ ചാരുകസാരമേൽ നീണ്ടു കിടന്നു.
“ഉണ്ണീ, ഇതെന്തു കിടപ്പാണു? ഒന്നും കഴിച്ചില്ലല്ലൊ”  അമ്മയാണ്.
“താൻ ഇങ്ങനെ കിടന്നാലെങ്ങനെയാ, തേവാരങ്ങളെ പട്ടിണിക്കിടുകയോ ? മഹാപാപമാണു !“ അച്ഛൻ.
“ ഇതെന്താ കുട്ടാ അസമയത്തു ഉറങ്ങുന്നതു?”   ഓപ്പോൾ കുളി കഴിഞ്ഞ് വരുന്നതേയുള്ളു.
എല്ലാവരും തന്റെ ചുറ്റും കൂടിനിന്നു വിളിക്കുന്ന പോലെ .അയാൾ കണ്ണു തുറന്നു.മയങ്ങിപ്പോയിരിക്കുന്നു.
 ഇനി ആഹാരം കഴിക്കണമെങ്കിൽ സ്വയം വച്ചു തന്നെ കഴിക്കണം.കലത്തിൽ കുറച്ച് വെള്ളം വച്ചു അരി കഴുകിയിട്ടു. തേവാരങ്ങളെ തൃപ്തിപ്പെടുത്താതെ അയാൾക്കു ഭക്ഷണം കഴിയില്ല. തീർഥം കുടഞ്ഞു സ്വയം ശുദ്ധമായി എന്നു വിശ്ശ്വസിച്ചു തേവാരങ്ങൾക്കു പൂജ ചെയ്തു നേദ്യവും കഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത തളർച്ച തോന്നിച്ചു.

 ഒരു വല്യമ്മ വന്നു പാത്രം കഴുകി മുറ്റമടിച്ചിടും.പച്ചക്കറി വല്ലതും അരിഞ്ഞു വച്ചിട്ടുണ്ടെങ്കിൽ അതും അടുപ്പിൽ വച്ചു രസവും വച്ചാൽ കഴിഞ്ഞു അയാളുടെ പാചകം.ചിലപ്പോൾ അതും കാണില്ല.തൈരും കടുമാങ്ങയും കൂട്ടി കഴിക്കും.അപ്പോഴെക്കുംവിശപ്പെല്ലാം കെട്ടിട്ടുണ്ടാകും. ജീവൻ കിടക്കാൻ വേണ്ടി എന്തെങ്കിലും  കഴിക്കുന്നു.
  അമ്മയുണ്ടായിരുന്നപ്പോൾ ഇത്ര  ക്ഷീണം അറിഞ്ഞിട്ടില്ല.അച്ഛന്റെ കാലശേഷം തുടങ്ങിയതാണു ക്ഷേത്രത്തിലെ ശാന്തി.. കാരാഴ്മയാണു , കളയാൻ പറ്റില്ല. ഉപനയനം കഴിഞ്ഞ  നാൾ മുതൽ തേവാരം കഴിക്കാൻ അയാൾ ശീലിച്ചിരുന്നു.
ഓപ്പോളുടെ വേളി കഴിഞ്ഞശേഷം രണ്ടോ മൂന്നോ തവണയാണു അവരെ കണ്ടതു.അന്യനാട്ടിലാണെങ്കിലും സുഖമായി ജീവിക്കുന്നു എന്ന് ആശ്വാസം.ഈ അനിയനെ ഓപ്പോളും മറന്നു തുടങ്ങിയെന്നു തോന്നുന്നു. വേളീകഴിക്കാൻ തനിക്കു കഴിഞ്ഞതുമില്ല. അല്ല, മറന്നുപോയിരുന്നു. അല്ലെങ്കിൽതന്നെ,ഒരു പെൺകുട്ടിയെ ഭ്രമിപ്പിക്കുന്ന എന്തു മേന്മയാണു ഇവിടെ. ശാന്തിക്കാരുടെ കൂടെ ജീവിക്കാൻ താല്പ്യര്യപ്പെടുന്നവർ കുറവാണ് എന്ന അറിവു അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. അതിന്റെ ശാപം കൂടി വലിച്ചു വയ്ക്കുന്നതെന്തിനു?   
'എത്ര നാളായി ഈ ഒറ്റപ്പെടൽ? മടുത്തു തുടങ്ങിയിരിക്കുന്നു.ആർക്കുവേണ്ടിയാണു ജീവിക്കുന്നതു? ദൈവങ്ങൾക്കൊ? അപ്പോൾ അവർക്കെന്താ തന്റെ ജീവിതത്തിൽ വേഷം. തന്നെ കാണാൻ മാത്രം അവരുടെ കണ്ണുകൾ എവിടെയാണോ?' ഓരോന്നു ചിന്തിച്ച് ,ഊണു കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നതേയുള്ളു,നേരം നാലു മണിയായി. അഞ്ചരയ്ക്കെങ്കിലും ക്ഷേത്രം തുറക്കണം.ഒരു കാപ്പി കൂടി ഇട്ട് ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ട്  വീണ്ടും പുഴയിലേക്ക് നടന്നു.നടക്കാൻ ശ്രമിച്ചിട്ട് കാലുകൾ പിറകോട്ട് വലിയുന്നു.പനിക്കുന്നുണ്ട്. വല്ലാത്ത കുളിര്.തലവേദനയും തുടങ്ങിയിരിക്കുന്നു.ഇന്നു അവധി വേണമെന്നു പറയാൻ കഴിയുന്ന ജോലി അല്ലല്ലൊ അയാളുടേത്.എങ്ങ്നെയായാലും ദേവനെ പട്ടിണിക്കിടരുത് !
വളരെ പ്രയാസപ്പെട്ടാണു അയാൾ ക്ഷേത്രത്തിലെത്തിയത്.ചുറ്റും നടക്കുന്നതൊക്കെ ഒരു സ്വപ്നത്തിൽ കാണുന്നപോലെ.ഒന്നും ഓർമനിൽക്കുന്നില്ല. കഴകമാണെന്നു തോന്നുന്നു, നോക്കി ചിരിച്ച് കാണിച്ചുവോ.എന്തോ ചോദിച്ചൂന്നും തോന്നി.ഒരു ചലിക്കുന്ന പ്രതിമയെപ്പോലെ തന്റെ ജോലികൾ തീർത്തു. ശ്രീകോവിൽ പൂട്ടി താക്കോൽ കഴകക്കാരനെ ഏൽ‌പ്പിച്ച്  തിരിഞ്ഞു നടന്നു.
നേരെ കട്ടിലിലേക്കു വന്നു വീണു. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും മറന്നിരുന്നു.പെട്ടെന്നു തന്നെ മയങ്ങിപ്പൊയി. അവ്യക്തമായ സ്വപ്നങ്ങളിൽ അച്ഛനെയും അമ്മയെയും കണ്ടു.
അടുത്ത പ്രഭാതത്തിൽ ഭാരം തൂങ്ങുന്ന കണ്ണുകളും അതിലേറെ ഭാരം നിറഞ്ഞ  മനസ്സുമായാണു  എഴുന്നേറ്റതു.പക്ഷെ,ശരീരം ഒരു തൂവലുപോലെ തോന്നി.പതറിയ ചുവടുകളുമായി  പുഴയിലേക്കു നടന്നു.അന്നാദ്യമായി തന്നെ കാണാത്ത പാമ്പുകളെ അയാൾ ശപിച്ചു.ഒതുക്കു കല്ലിറങ്ങി പിടിച്ചു പിടിച്ചു പുഴയിലേക്ക്.
വെള്ളത്തിലേക്കു കാലെടുത്തു വച്ചപ്പോൾ അയാൾക്കു ശരീരം മരവിച്ചില്ല, മനസ്സിൽ തണുപ്പു വീണപോലെ തോന്നി.പാറക്കെട്ടുകളീൽ പിടിച്ചു കുറച്ചുകൂടി ഇറങ്ങി നിന്നു.അരയൊപ്പം വെള്ളമായാൽ സാധാരണ മുങ്ങിക്കയറും.മണലുവാരിയ കുഴികളാണു നിറയെ. കാലിടറിയാൽ ജീവൻ പോയതുതന്നെ. പക്ഷെ, കുറച്ചു കൂടി തണുപ്പു അയാൾ ആഗ്രഹിച്ചു.മുൻപോട്ടു ചുവട് വച്ചു.വീണ്ടും വീണ്ടും.... 
എല്ലാവരുടെയും സ്നേഹം അയാളെ വന്നു മൂടുന്നതുപോലെ.ശരീരവും മനസ്സും നിറഞ്ഞു കവിഞ്ഞു സ്നേഹത്തിന്റെ തണുപ്പ്.അയാൾക്കു ചിരി വന്നു.ഇത്ര സ്നേഹം വച്ചുനീട്ടിയ പുഴ ഉള്ളപ്പോൾ താൻ അനാഥനെപ്പോലെ , തിരിച്ചറിഞ്ഞില്ലല്ലൊ. കിട്ടാതിരുന്ന സ്നേഹം മുഴുവൻ ഒന്നിച്ചു നീട്ടിക്കൊണ്ട് പുഴ തന്നെ മടിത്തട്ടിലേക്കു ക്ഷണിക്കുന്നു.. ആ ഒഴുക്കിൽ‌പ്പെട്ടു തന്റെ ജീവിതവും ഒഴുകട്ടെ.  അമ്മയുടെ മുൻപിലേക്കു ഓടിയണയുന്ന കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി അയാൾ ആ സ്നേഹത്തിലേക്കു സ്വയം മറന്നു നീങ്ങി.

40 comments:

  1. നല്ല കഥ.നല്ല തലക്കെട്ട്‌ .ജീവിത ദുഃഖങ്ങള്‍ ഏറ്റു വാങ്ങി നിസന്ഗനായി മരണത്തെ പുല്‍കുന്ന ആ നിസ്സഹായന്റെ
    പ്രശ്നങ്ങള്‍ ഏറ്റു വാങ്ങാന്‍ ആവാതെ ഒഴുകാന്‍ മടിച്ചു നില്‍കുന്ന പുഴ .മറ്റുള്ളവര്‍ക്ക് ഭക്തി ദാനം
    നല്‍കി സ്വന്തം ഭക്തി ഉള്ളില്‍ ഒതുക്കി ഒന്നും ആശിക്കാന്‍ ഇല്ലാതെ സ്വയം ഒടുങ്ങിയ ജന്മം ..ആശംസകള്‍ sree .നന്നായി എഴുതി ..

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ കഥ....അവസാനം കണ്ണുകള്‍ നനഞ്ഞെങ്കിലും, ഒരുപാടിഷ്ട്ടപ്പെട്ടു....

    ReplyDelete
  3. ശാന്തി തേടുന്ന ശാന്തിക്കാരന്‍!
    ഉള്ളില്‍ നൊമ്പരം ബാക്കിയായി.

    നന്നായി എഴുതി

    ReplyDelete
  4. നല്ല കഥ കേട്ടോ..
    മനുഷ്യന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള അവസ്ഥ നിസ്സഹായാവസ്ഥ ആണെന്ന് തോന്നുന്നു..

    ReplyDelete
  5. മാനസികവിഭ്രാന്തിയുള്ള മനുഷ്യനാണെന്ന് തോന്നുന്നു അതാണ്‌ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നതും ആത്മഹത്യയില്‍ അഭയം തേടിയതും..
    അവിശ്വാസി പൂജാരിയായാല്‍ ഇങ്ങിനെയിരിക്കും..സ്വന്തം കര്‍മ്മം അര്‍പ്പണബോധത്തോടെ ചെയ്താല്‍ നിരാശ തോന്നില്ല...കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു..

    ReplyDelete
  6. ഒതുക്കത്തോടെ നന്നായി കഥ പറഞ്ഞു. ഒറ്റപ്പെടലിന്റെ വേദന നന്ന്നായി പ്രതിഫലിച്ചു.
    "പ്രധാന ദേവനെക്കൂടതെ ഉപദേവന്മാർ ധാരാളം. എല്ലാവരെയും ഇരുട്ടിൽ നിന്നും മോചിപ്പിക്കേണ്ടതു താൻ തന്നെയാണ്"
    ഇത് വല്ലാതെ ചിന്തിപ്പിക്കുന്നതായി.

    അവസാനം ആത്മഹുതിയില്‍ അഭയം തേടുന്ന നായകന്‍ "ഉത്സവപ്പിറ്റേന്ന്" എന്നാ ചിത്രത്തിലെ നായകനെ ഓര്‍മിപ്പിച്ചു.

    ReplyDelete
  7. ഇപ്പോഴത്തെ ശാന്തിക്കാരോക്കെ വലിയ വലിയ കാറും പത്രാസുമായി നല്ല ജീവിതമാണ് അധികവും. ഇവിടെ നമ്മള്‍ കണ്ട ശാന്തിക്കാരന്‍ നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു തീരുമാനത്തിലെത്താന്‍ പോലും സമയം ഇല്ലാത്ത ചിന്തകള്‍ക്ക്‌ അവസാനമില്ലാത്ത നീറുന്ന ഒരു മനസ്സ്‌ കാത്ത്‌ സൂക്ഷിക്കുന്നു. വളരെ ലളിതമായ അവതരണത്തിലൂടെ ഒരമ്പലത്ത്തിനു ചുറ്റും ചുറ്റിക്കറങ്ങിയ പ്രതീതി ശ്രുഷ്ടിച്ച് ഒരു നൊമ്പരം ബാക്കിയാക്കി കടന്നുപോയി.

    ReplyDelete
  8. നിസ്സഹായത,ഏകാന്തത, ആരുമില്ലായ്മ.....
    കഥ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.

    ReplyDelete
  9. റാംജി പറഞ്ഞ പോലെ ഇവിടെ,എനിയ്ക്കു ചുറ്റുമുള്ള ശാന്തിക്കാരൊക്കെ പത്രാസ് ജീവിതം നയിയ്ക്കുന്നവരാ..
    പക്ഷേ ഈ കഥാപാത്രം ഞാന്‍ കുഞ്ഞു നാള്‍ മുതല്‍ കാണുന്ന നാട്ടിലെ മേല്‍ശാന്തിയെ ഓര്‍മ്മപ്പെടുത്തി..അതിന്‍ കഥയ്ക്കു കഴിഞ്ഞു, അഭിനന്ദനങ്ങള്‍..


    എല്ലാവരുടെയും സ്നേഹം അയാളെ വന്നു മൂടുന്നതുപോലെ.ശരീരവും മനസ്സും നിറഞ്ഞു കവിഞ്ഞു സ്നേഹത്തിന്റെ തണുപ്പ്.അയാൾക്കു ചിരി വന്നു.ഇത്ര സ്നേഹം വച്ചുനീട്ടിയ പുഴ ഉള്ളപ്പോൾ താൻ അനാഥനെപ്പോലെ , തിരിച്ചറിഞ്ഞില്ലല്ലൊ. കിട്ടാതിരുന്ന സ്നേഹം മുഴുവൻ ഒന്നിച്ചു നീട്ടിക്കൊണ്ട് പുഴ തന്നെ മടിത്തട്ടിലേക്കു ക്ഷണിക്കുന്നു.. ആ ഒഴുക്കിൽ‌പ്പെട്ടു തന്റെ ജീവിതവും ഒഴുകട്ടെ. അമ്മയുടെ മുൻപിലേക്കു ഓടിയണയുന്ന കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി അയാൾ ആ സ്നേഹത്തിലേക്കു സ്വയം മറന്നു നീങ്ങി.....

    എന്‍റെ ‘ഒരു യാത്രയില്‍‘ ഇതേ മനസ്സ് വായിയ്ക്കാം.

    ...പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഒറ്റപ്പെട്ട യാത്ര
    ദൂരെയുള്ള പ്രിയ മുഖങ്ങള്‍ ഓര്‍ത്തു പോയി..

    പതുക്കെപ്പതുക്കെ പരിഭ്രാന്തി കുറഞ്ഞു
    ഓളത്തിമിര്‍പ്പില്‍ ചാഞ്ചാടുവാന്‍ മനസ്സും ശരീരവും പഠിച്ചു

    എന്തു ബഹളക്കാരിയാണീ പുഴ..
    ആദ്യമായിട്ടറിയുകയാണു ഞാനിവളെ..

    ReplyDelete
  10. ശ്രീയുടെ ഇതുവരെയുള്ളതില്‍ ഏറ്റം മികച്ച രചനയെന്ന് എനിക്ക് തോന്നുന്നു. ഈ “ശാന്തി” ഭക്തി ബിസിനസ്സ് ആക്കുവാന്‍ അറിയാത്ത പാവം. വായിച്ച് വന്നപ്പോള്‍ സ്ട്രൈക്ക് ചെയ്ത ഭാഗങ്ങള്‍; ഒന്ന് സലാം തന്റെ കമന്റില്‍ പറഞ്ഞ “എല്ലാരെയും ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുന്ന” കാര്യവും “തീർഥം കുടഞ്ഞു സ്വയം ശുദ്ധമായി എന്നു വിശ്ശ്വസിച്ചു” എന്ന ഭാഗവും. പിന്നെ അന്ത്യം അമ്മയുടെ മടിത്തട്ടിലേയ്ക്ക് എന്ന ഭാവനയും ഇഷ്ടമായി. എന്റെ രഘുനന്ദനനും മരണസമയത്ത് അമ്മയുടെ താരാട്ട് കേട്ടാണ് നിദ്രകൊള്ളുന്നത്. വളരെ ഇഷ്ടപ്പെട്ടു. അധികമാരും കൈവയ്ക്കാത്ത കഥാപാത്രം.

    ReplyDelete
  11. എന്നാലും അതു വേണമായിരുന്നോ? ചിലപ്പോൾ ആരാധിക്കുന്ന ദൈവങ്ങൾ പോലും തുണക്കുന്നില്ലാന്നു തോന്നുമ്പോൾ ഇങ്ങനെയൊക്കെ തോന്നിപ്പോവും ഇല്ലേ?

    ReplyDelete
  12. നല്ല കഥ. ഒഴുകി ഒഴുകി തന്നെ പോയി...

    ReplyDelete
  13. ശ്രീ:നന്നായി പറഞ്ഞു .പക്ഷെ ഈ കാലത്തിനോട് ഒട്ടും ചേരാതെ നില്‍ക്കുന്നു.കാരണം ശാന്തിയും കഴകവും ഒക്കെ ഇല്ലങ്ങളിലെ ദാരിദ്ര്യത്തെ ഒട്ടും കുറയ്ക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എംടി കഥകളിലും മറ്റും ആ ലോകം നമ്മള്‍ കണ്ടു.പക്ഷെ ഇന്ന് സ്ഥിതി മാറി.ശാന്തിയും ജ്യോത്സ്യവും ഒക്കെ വന്‍ മാര്‍ക്കറ്റിംഗ് സാധ്യത യുള്ള വ്യവസായ മായി കഴിഞ്ഞു ..ഒട്ടും മുതല്‍മുടക്ക് വേണ്ട .എന്തിന്..ഉടുക്കാന്‍ സ്വന്തമായി വസ്ത്രം പോലും വാങ്ങണ്ടാത്ത വ്യവസായം...കഥ എഴുത്ത് ഭംഗിയായി..കാലം മാറി എന്നെ പറഞ്ഞുള്ളൂ ..

    ReplyDelete
  14. ജീവിധ പ്രാരാബ്ധങ്ങള്‍ ക്കിടയില്‍ സ്നേഹത്തിന്റെ ,സ്വാന്തനത്തിന്റെ ഒരു തലോടലെങ്കിലും മോഹിക്കാത്ത ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല !!. ആരും കാത്തി രിക്കാ നില്ലാത്ത ഒന്നും മോഹിക്കാനില്ലാത്ത ജീവിതം ......
    അനാഥ ത്വത്തിന്റെ കനലെരിയുന്ന മനസ്സില്‍ സ്വാന്തനത്തിന്റെ കുളിര് നിറയ്ക്കുന്നപുഴയുടെ മടിത്തട്ടില്‍ അയാള്‍ അഭയം തേടി ...............ഓം...ശാന്തി....ശാന്തി....

    ReplyDelete
  15. ente lokam ,ചാണ്ടിക്കുഞ്ഞ്, ഇസ്മായില്‍ കുറുമ്പടി (തണല്‍), Villagemaan, മഞ്ഞുതുള്ളി (priyadharsini), Salam, പട്ടേപ്പാടം റാംജി, Echmukutty, വര്‍ഷിണി, ajith, ഗീത, ആളവന്‍താന്‍, രമേശ്‌അരൂര്‍, പഞ്ചമി... കഥ വായിച്ച് അഭിപ്രായം അറിയിച്ചതിനും പ്രോത്സാഹനത്തിനും നന്ദി പറയുന്നു,

    ReplyDelete
  16. സ്നേഹത്തിനു വേണ്ടി കൊതിക്കുന്നവർ എല്ലാരും അല്ലെ ശ്രീ... നമ്മുടെ ദുഖങ്ങൾ നമ്മുടെ സന്തോഷങ്ങൾ പങ്കുവെക്കാൻ നമ്മെ കാത്ത് ഉമ്മറപ്പടിയിൽ കാത്തിരിക്കാൻ ആരുമില്ലെങ്കിൽ നമ്മുടെ ജീവിതത്തിനെന്തർഥമാണുള്ളത് ... അല്ലെ.. തിളച്ചുമറയുന്ന മനസ്സിൽ കുളിർക്കാറ്റായി വന്നു വിളിച്ചത് പുഴയായിട്ടും ആ വിളിയെ തന്നിലേക്കാവാഹിച്ചു അതിന്റെ മാറിലേക്ക് ചാഞ്ഞുറങ്ങിയെ ഒരു പാവം ശാന്തിക്കരാനെ വായനക്കാരിൽ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു... നന്നായി എഴുതി.. അപ്പോ സ്നേഹിക്കാം എല്ലാവർക്കും എല്ലാവരേയും അല്ലെ.. അഭിനന്ദനങ്ങൾ..

    ReplyDelete
  17. മനസ്സിനെ തൊടുന്ന കഥ...
    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete
  18. കഥ എന്ന നിലയില്‍ നല്ല കഥ. നല്ല അവതരണം. പിന്നെ, ആശയം അതെനിക്ക് പിടിച്ചില്ല. എന്റെ ചിന്താമണ്ഡലം വേറെയായതുകൊണ്ടാവാം!

    ReplyDelete
  19. കഥ വായിക്കാൻ എളുപ്പം കൊള്ളാം..... പക്ഷെ കഥാപാത്രത്തിന്റെജീവിതതിന്റെ മടുപ്പിനു കാരണമായ സംഭവവികാസങ്ങളുടെ ചിത്രീകരണത്തിന്റെ അപര്യാപ്തത കഥാപാത്രതിന്റെ മനസിലെക്ക് കടന്നുചെല്ലാൻപറ്റാത്തതായി മാറുന്നു
    കഥ എന്നാൽ ജനനത്തിനും മരനത്തിനുംഇടയിലുള്ള ജീവിതത്തിലെസംഭവങ്ങൾ, അനുഭവങ്ങൾ,മൊഹങ്ങൾ,മോഹ ഭംഗങ്ങൾ............

    ReplyDelete
  20. നല്ല എഴുത്താണ്, തുടരുക.

    ReplyDelete
  21. നല്ല ഒഴുക്കോടെ എഴുതി, നന്നായിട്ടുണ്ട്

    ReplyDelete
  22. കഥ വായിച്ചു.ഇഷ്ടപ്പെട്ടു.ആശംസകൾ.

    ReplyDelete
  23. മനുഷ്യമനസ്സിനു ഏറ്റവും ആവശ്യം സ്നേഹവും കരുതലുമുള്ള സഹജീവികളാണു.ആരോരുമില്ലാത്ത അവസ്ഥ അസഹനീയം.അയാളുടെ മരണത്തിനു ഉത്തരവാദിത്തം ദൈവങ്ങൾക്കല്ല, മരിച്ചു പോയ അമ്മയ്ക്കും അച്ഛനുമല്ല, അന്യ ദേശത്തുള്ള സഹോദരിക്കല്ല. ആ പാവത്തിനെ ഏറ്റുവാങ്ങാൻ സ്നേഹം ഒഴുക്കുന്ന പുഴയ്ക്കാവുമെങ്കിൽ അയാളെ എങ്ങനെ കുറ്റപ്പെടുത്തും.നല്ല കഥ. ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ നന്നായി വരച്ചു കാട്ടി.

    ReplyDelete
  24. Nice story ... I Got this link from Mathrubhumi Web site
    EVES page ..
    congrats ... :)

    ReplyDelete
  25. ഹൃദയത്തില്‍ തൊടുന്ന കഥ... പണ്ട്, നാട്ടില്‍ കാണുമായിരുന്ന ശാന്തിക്കാരെ ഓര്‍മപ്പെടുത്തി.

    ReplyDelete
  26. റ്റീച്ചറേ...മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ആ ശാന്തിക്കാരൻ...ഇന്നു ജ്യോത്സ്യവും ശാ‍ന്തിയുമൊക്കെ വിൽ‌പ്പനച്ചരക്കുകളാണെങ്കിലും...ഗ്രാമങ്ങളിൽ കാണാം ഇത്തരം വേറിട്ട കാഴ്ചകൾ...നന്നായിട്ടോ...ഭാവുകങ്ങൾ...കണ്ണിൽ നിന്നും അടരാൻ മടിക്കുന്ന രണ്ടിറ്റ് കണ്ണീർക്കണങ്ങളെ ഞാനിവിടെ ഉപേക്ഷിക്കുന്നു...

    (കണിക്കൊന്ന പൂത്തൂട്ടോ...ചിത്രകൂടത്തിലാണെന്നേയുള്ളൂ)

    ReplyDelete
  27. ഹൃദയസ്പര്‍‌ശിയായ കഥ. നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഏകാന്തതയുടെ മടുപ്പും ഒറ്റപ്പെടലിന്റെ വേദനയും മനസ്സില്‍ തട്ടും വിധം ലളിത സുന്ദരമായി എഴുതി. ആശംസകള്‍ ശ്രീ.

    ReplyDelete
  28. നല്ല ഒഴുക്കോടെ, ഹൃദയസ്പര്‍‌ശിയായ കഥ!
    ആശംസകള്

    ReplyDelete
  29. >>>>ഓപ്പോളുടെ വേളി കഴിഞ്ഞശേഷം രണ്ടോ മൂന്നോ തവണയാണു അവരെ കണ്ടതു.അന്യനാട്ടിലാണെങ്കിലും സുഖമായി ജീവിക്കുന്നു എന്ന് ആശ്വാസം.ഈ അനിയനെ ഓപ്പോളും മറന്നു തുടങ്ങിയെന്നു തോന്നുന്നു. വേളീകഴിക്കാൻ തനിക്കു കഴിഞ്ഞതുമില്ല. അല്ല, മറന്നുപോയിരുന്നു. <<<<<

    ഒറ്റപ്പെടുന്നവരുടെ വേദനയുടെ ആഴം വായിച്ചെടുക്കാവുന്ന വരികള്‍ . ആള്‍ക്കൂട്ടത്തില്‍ ആരുമല്ലാതെ ജീവിക്കുക. സ്നേഹിക്കാന്‍ ആരുമില്ലാതെയും സ്നേഹിക്കപ്പെടാതെയും ദിനരാത്രങ്ങളുടെ തനിയാവര്‍ത്തങ്ങളില്‍ കഴിഞ്ഞു കൂടുമ്പോള്‍ ജീവിത വിരക്തി അശാന്തി പടര്‍ത്തുന്ന ശാന്തിക്കാരെന്റെ അന്തര്‍ സംഘര്‍ഷങ്ങളെ തന്മയത്വത്തോടെയും അതി ഭാവുകത്വമില്ലാതെയും അവതരിപ്പിച്ചു.

    ആ മരണത്തിനുപോലും ശാന്തിയുടെ തണുപ്പ്. കരയാന്‍ ആരുമില്ലാത്തവന്റെ മരണത്തിന്റെ സ്വാഭാവികമായ തണുപ്പ്. ആ തണുപ്പ് കഥ മനസ്സിരുത്തി വായിക്കുന്ന അനുവാചക ഹൃദയത്തിലേക്ക് ഒരു നിമിഷം പടരാതിരിക്കില്ല. മികച്ച ആഖ്യാനം.

    ReplyDelete
  30. ഒറ്റപ്പെടല്‍ നന്നായി വരച്ചു കാണിക്കാന്‍ കഴിഞ്ഞു... അതിനോട് നീതി പുലര്‍ത്തുന്ന ബിംബങ്ങളും കഥാ സന്ദര്‍ഭവും .. ആശംസകള്‍

    ReplyDelete
    Replies
    1. കഥകളിലും സിനിമകളിലും മാത്രേ ഞാനിത്തരം ശാന്തിക്കാരെ കണ്ടിടുള്ളൂ...നിസ്സഹായനായ മനുഷ്യന്റെ മനോവിചാരങ്ങള്‍ ഹൃദ്യമായ ഭാഷയില്‍ പകര്‍ത്തി...മരണമെന്ന സത്യത്തിലേക്ക് ഓടിയൊളിക്കാന്‍ വെമ്പുന്ന അയാളുടെ പാവം മനസ്സ്...ഇഷ്ടമായി കഥ....ആശംസകള്‍ സുഹൃത്തേ...

      Delete
  31. നല്ല മനോഹരമായ കഥ. സുന്ദരമായ അവതരണവും. അഭിനന്ദനങ്ങള്‍ ട്ടോ..

    ReplyDelete
  32. വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഇത് പോലെ ജീവിക്കാന്‍ മറന്നു പോയ ഒരു ശാന്തിക്കാരനെ എനിക്കറിയാം.ഇഷ്ടപ്പെട്ടു ഈ കഥ.

    ReplyDelete
  33. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനോഹരം.
    പിന്നെ കഥ ബാക്കി വെച്ച നൊമ്പരം ഇപ്പോഴും.
    ആശംസകള്‍

    ReplyDelete
  34. മനോഹരം ഈ കഥ. ഇത് പോലെ ദുര്യോഗം ഏറ്റു വാങ്ങേണ്ടി വന്ന നിരവധി പേരെ എനിക്കറിയാം,

    ആഖ്യാന രീതി ഏറെ ഇഷ്ട്ടപെട്ടു.

    ആശംസകള്‍

    ReplyDelete
  35. കഥ പറച്ചിലില്‍ നല്ല നിലവാരം പുലര്‍ത്തിയ, ഹൃദയവുമായി നേരിട്ട് സംവേദിക്കുന്ന ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍.....

    ReplyDelete