Sunday, April 24, 2011

പുതിയ മാനം തേടി


ന്തൊരു വേഗത്തിലാ‍ണവൾ കയറുന്നത്. കാലു വേദനിച്ച് അയാൾ ഉറക്കെ കൂവി.
ഏയ്...പതിയെ കയറൂ
ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വീണ്ടും വേഗം കൂട്ടി.എത്ര ഉയരമായെന്നു  ഒരു തിട്ടവുമില്ല.ഏറെ നേരമായി അവളുടെ പിന്നാലെ ഈ ഓട്ടം തുടങ്ങിയിട്ട്.
പതിയെ സംസാരിച്ച്  ചിരിച്ച് തന്റൊപ്പം മല കയറാൻ തുടങ്ങിയവൾ തന്നെയാണോ ഇതെന്നു  സംശയിച്ചുപോയി. എന്തൊരു വന്യമായ വേഗം.
മതിയാക്കൂ കുട്ടീ, ഞാനും ഒപ്പം എത്തട്ടെ
നീ  തടിയനാ , സുഖഭോഗങ്ങൾ ആസ്വദിച്ചു ശീലിച്ച തടിയൻ,നിനക്കെന്റൊപ്പം എത്താൻ കഴിയില്ല
ഉറക്കെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുകളിലേക്കു കയറുന്നു.
ഇനി കുറച്ചു കൂടിയായാൽ പിന്നെ കയറില്ലല്ലോയെന്നു സമാധാനിച്ചെങ്കിലും നടപ്പിനു വേഗം കൂട്ടി.
അവൾ മുകലിലെത്തിക്കഴിഞ്ഞു. ഒരു കല്ലിനു മുകളിൽ കയറി നിന്നു താഴേക്കു നോക്കുന്നു.
ടോ, അതപകടമാണു, താഴെയിറങ്ങ്
തിരിഞ്ഞു നോക്കി ചിരിച്ചിട്ട് കൂസലില്ലാതെഅവൾ ആ നിൽ‌പ്പ് തുടർന്നു.
നീയെന്തു കാണുവാണവിടെ?’ വീണ്ടും ചോദിച്ചു.
ദുരിതം, ദുരിതം മാത്രം. പറഞ്ഞതു പതിയെ ആണെങ്കിലും കേൾക്കാൻ തക്ക അടുത്തു അയാൾ എത്തിയിരുന്നു.
വൈകല്യം മാത്രമുള്ള കുഞ്ഞുങ്ങൾ, ദുഃഖിതരായ മാതാപിതാക്കൾ, മൂടിക്കെട്ടി നിൽക്കുന്ന ദുഃഖങ്ങൾ, പട്ടിണി. എല്ലാം രസമുള്ള കാഴ്ച്ചകൾ. താഴേക്കു നോക്കിയാൽ കാണാം , വാ
അവളുടെ മുഖഭാവം  ഭയപ്പെടുത്തുന്നു.
നിനക്കെന്തിന്റെ കേടാ, നിനക്കെന്തു ദുരിതം.എന്തു ദുഃഖം.സന്തോഷം മാത്രമറിഞ്ഞല്ലേ നീ ജീവിക്കുന്നത്?
നീം മുകളിലേക്കു കയറണം.  സന്തോഷം കാണാൻ നോക്കട്ടെ. ഇനീം മുകളിലേക്ക്” അവൾ അതൊന്നു, കേൾക്കുന്നില്ല.
“ഇവിടെ തീരുവല്ലേ, നീയിനി വാ. താഴേക്കിറങ്ങ്.അവൾക്കു നേരെ കൈകൾ നീട്ടി.
ല്ല,എനിക്കു നിന്റെയൊപ്പം വരേണ്ട,നിനക്കു കാഴ്ചയില്ല, നീ ബധിരനാണു,മൂകനാണു കൈ തട്ടിയെറിഞ്ഞ് അവൾ ഒച്ച വച്ചു.
 അവളുടെ കാലുകൾ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകളിൽ ഇരുൾ നിറച്ച് അവൾ പറന്നിറങ്ങിയപ്പോൾ ആ ഉയരങ്ങളിലേക്കു പറക്കാൻ ഒരു നിമിഷം കൊതിച്ചുപോയി. അവൾക്കൊപ്പം കാഴ്ചയില്ലാത്തതിൽ കുറ്റബോധവും.


25 comments:

 1. (((((((((((((( ഠിം ))))))))))))))))))))))

  ഇത്തവണേം തേങ്ങ ഞാനങ്ങുടച്ചൂട്ടോ....നല്ല കഥ ഒരുപാടർത്ഥ തലങ്ങളുള്ള കഥ...ജീവിത യാത്ര...കുറച്ചക്ഷരങ്ങളിൽ വല്യ കാര്യങ്ങൾ പറഞ്ഞു...ഓരു തുള്ളി കണ്ണീരു ബാക്കിയായി...

  ReplyDelete
 2. പഴയ കവിവചനം ഓര്‍മ വന്നു....
  നമുക്ക് നാമേ പണിവതു നാകം, നരകവുമത് പോലെ....
  ഇവിടെ സന്തോഷവും സമാധാനവും കിട്ടാത്തവന്, എവിടെ ചെന്നാലും ഇതൊന്നും കിട്ടാന്‍ പോണില്ല!!!

  ReplyDelete
 3. 'ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാം' എന്നാണല്ലോ..
  സന്തോഷത്തിന്റെ പരമോന്നതിയില്‍ ദുഃഖങ്ങള്‍ താങ്ങാനാകാതെ വരുന്നതാകാം ഇതിവൃത്തം എന്ന് കരുതുന്നു. പതിവില്‍നിന്ന് വിപരീതമായി അല്പം ഗഹനമായ വിഷയമാണ ഈ പോസ്റ്റില്‍ എന്ന് തോന്നുന്നു.
  കൂടുതല്‍ ഇവ്വിഷയത്തില്‍ പറയാന്‍ ഞാന്‍ യോഗ്യനല്ല.
  ആശംസകള്‍..
  (ഓടോ: ടീച്ചറേ..ഇമ്മാതിരി കഥകളൊന്നും സ്കൂളിലെ പിള്ളാര്‍ക്ക് പറഞ്ഞു കൊടുക്കല്ലേ..അവര്‍ ടീസി വാങ്ങി പൊയ്ക്കളയും!)

  ReplyDelete
 4. കഥ വായിച്ചു!
  നല്ല അര്‍ത്ഥവത്തായ കഥ!

  എന്തഭിപ്രായം പറയണമെന്നറിയില്ല അതോണ്ട് ഒന്നുല്ല

  ആശംസകള്‍!

  http://chemmaran.blogspot.com/

  ReplyDelete
 5. ശ്രീ ബുദ്ധന്‍ പണ്ട് ഇങ്ങനെയല്ലേ ചിന്തിച്ചത് ..പക്ഷെ കഥയിലെ നായികയെ പോലെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയില്ല...സമാധിയടയും വരെ സാധുക്കള്‍ക്കായി ജീവിച്ചു ..
  എന്നാലും ഭാവ തീവ്രമാണീ കഥ :)

  ReplyDelete
 6. സന്തോഷം കാണാന്‍ മുകളിലേക്ക് കയറുന്നവര്‍..
  ദുരിതപൂര്‍ണ്ണമായ താഴത്തെ ജീവിതം കാണാതെ പോകുന്നു..

  ഒരിക്കല്‍ താഴേക്ക്‌ നോക്കിയാല്‍...തന്നെക്കാള്‍ ദുരിതം അനുഭവിക്കുന്നവരെ കണ്ടാല്‍..
  തനിക്കു കുറച്ചു ദുരിതം തരുന്ന ദൈവത്തെ സ്തുതിക്കും എന്ന് തോന്നുന്നു ..

  ചെറുതെങ്കിലും നല്ല ആശയ സമ്പുഷ്ടമായ കഥ..

  ഈസ്റര്‍ ആശംസകളോടെ..

  ReplyDelete
 7. ലക്‌ഷ്യം കയറ്റം മാത്രമാകുമ്പോള്‍ താഴേക്ക്‌ നോക്കാത്തവരാണു പലരും.
  ഒരുപാട് ഭാവങ്ങള്‍ സമ്മാനിച്ച കൊച്ചുകഥ.

  ReplyDelete
 8. എന്റമ്മോ ശ്രീ നിനക്കിതെന്തു പറ്റി നീ എന്തു ഭാവിച്ചാ.. മനുഷ്യനെ ആകെ പേടിപ്പിച്ചുകളഞ്ഞല്ലോ വളരെ നല്ല ആശയം അടങ്ങിയിട്ടുണ്ട് ഈ കഥയിൽ, ഇങ്ങനെ ദുഖത്തിനു ശമനം തേടിയാൽ പിന്നെ ജീവിതത്തിനെന്തർഥമാണുള്ളത് .ഇപ്പോ കുട്ടികളുമായി മല്ലിടാൻ കഴിയാത്തോണ്ട് വല്ലാതെ ചിന്തിക്കുന്നു അല്ലെ... ചിന്തിക്കേണ്ട വിഷയം തന്നെ ഒരു പാട് അർഥതലങ്ങൾ ഉള്ള ഒരു നല്ല കഥ പുതിയ മാനം തേടിയ ഒരു നല്ല കഥ ആശംസകൾ..ഭാവുകങ്ങൾ..

  ReplyDelete
 9. എന്തായാലും നേരത്തെ ഉള്ളത് പോലെയുള്ള എഴുത്തല്ല ടീച്ചറേച്ചീ ഇത്. മാറ്റം; അതുണ്ട്. എന്നിരിക്കലും കഥ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. രണ്ടു മൂന്നു തവണ നോക്കി.

  ReplyDelete
 10. ഈ കുഞ്ഞുകഥയില് ഒരുപാടു കാര്യങ്ങളുണ്ട്

  ReplyDelete
 11. സന്തോഷത്തിൽ നിന്ന് ദുരിതങ്ങളിലേക്ക് ഊളിയിടാൻ ഞാൻ അന്ധനുമല്ല..ബധിരനുമല്ല...പക്ഷേ....ഞാൻ മൂങ്ങനാണ്‌..മൂങ്ങൻ മാത്രം....

  ആശംസകൾ.

  ReplyDelete
 12. ടീച്ചറേ, ആദ്യം ഞാനോര്‍ത്തു പഴേ ആമയും മുയലും കഥ വേഷം മാറി വന്നതാണോന്ന്!!!

  ReplyDelete
 13. കണ്ണുകള്‍ ഇരുപേര്‍ക്കുമുണ്ടായിരുന്നു. പക്ഷെ അയാള്‍ വ്യാജകാഴ്ചകളില്‍ മുഴുകി സുഖഭോഗതൃഷ്ണകളില്‍ കാഴ്ച നഷ്ടപ്പെടുത്തിയപ്പോള്‍, അവള്‍ യഥാര്‍ത്ഥകാഴ്ചകള്‍ കണ്ടു, ഉള്‍കണ്ണുകൂടി തുറന്നു പിടിച്ചു. മറ്റൊരു ലോകത്തിലേക്ക്‌ അവള്‍ പണ്ടേ പറന്നു കഴിഞ്ഞിരുന്നു. അത് കാണാനുള്ള കാഴ്ച പക്ഷെ അയാള്‍ നഷ്ടപ്പെടുത്തിയിരുന്നല്ലോ. സ്വാതന്ത്ര്യത്തിന്‍റെ വാതായനം തനിക്ക് മുന്‍പില്‍ തുറക്കപ്പെട്ടാല്‍ പിന്നെ അവള്‍ എന്തിനു, ആര്‍ക്കു വേണ്ടി കാത്തു നില്‍ക്കണം? ഒഴുകി വരുന്ന കാറ്റിനു മേല്‍ അവള്‍ ചിറകു വിടര്‍ത്തട്ടെ.

  Sree കഥയുടെ മറ്റൊരു, ദാര്‍ശനിക സ്ഥലികയിലേക്ക് ഈ കഥയിലൂടെ പറക്കാന്‍ തുടങ്ങി എന്ന് തോന്നുന്നു.

  ReplyDelete
 14. സത്യം ... എനിക്കൊന്നും മനസ്സിലായില്ല കേട്ടോ!

  ReplyDelete
 15. @സീത* : വീണ്ടും തേങ്ങ പൊട്ടി.സീതയല്ലേ അടിച്ചതു. അഭിപ്രായത്തിനും തേങ്ങയടിച്ചതിനും നന്ദി സീതേ.

  @ചാണ്ടിക്കുഞ്ഞ് : അതെ, പരമമായ സത്യം.സന്തോഷവും സമാധാനവും ഇവിടെ മാത്രം. ഇതല്ലാതെ വേറെ എവിടെങ്കിലും ചെല്ലാൻ കഴിയുമോന്നു പോലും അറിയില്ലല്ലോ.

  @ഇസ്മായില്‍ കുറുമ്പടി (തണല്‍): വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഗഹനമായതൊന്നും പോസ്റ്റിൽ ഇല്ലാട്ടോ.
  ( പിള്ളേരെയോർത്തു പേടിയില്ലാന്നേ. ഇത്ര കൂടി മനസ്സിലാവാത്തതൊക്കെ കേട്ടു ടീ.സി. വാങ്ങിപ്പോകാതെ ക്ലാസ്സിൽ ഇരിക്കുന്നവരല്ലേ, പാവങ്ങൾ.തീയിൽ കുരുത്തത്... എന്ന്)

  @ചെമ്മരന്‍ : ഒന്നും പറയാനില്ലെങ്കിലും വായിച്ചല്ലോ. നന്ദി കുഞ്ഞേ.

  @രമേശ്‌ അരൂര്‍: അതെ, ബുദ്ധന്റെ ചിന്ത, പ്രവർത്തി വേറെയായി.നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

  @Villagemaan : നല്ല അഭിപ്രായത്തിനും വായനയ്ക്കും നന്ദി.താഴേക്കു നോക്കാൻ മറന്നു പോകുന്നു എല്ലാവരും.

  @പട്ടേപ്പാടം റാംജി : കയറ്റത്തിന്റെ ഉന്നതിയിൽ എത്തിയാൽ പിന്നെന്തു. അഭിപ്രായത്തിനും വായനയ്ക്കും നന്ദി.

  @ഉമ്മു അമ്മാര്‍ : എന്റുമ്മൂ, ഒന്നും പറ്റീല്ലാന്നേ. ഇതു ദുഖത്തിനു ശമനമാണോ.സന്തോഷത്തിന്റെ ഉന്നതിയാണു. :)(വല്ലോം മനസിലായോ, എനിക്കും ഇല്ല). മല്ലിടാൻ കുട്ടികളെന്തിനാ,അതിലും കിടിലൻ പേപ്പർ നോക്കി ചിന്തിച്ചു പോയതാവും.പേടിക്കേണ്ടാ. നന്ദി ഉമ്മൂ.

  @ആളവന്‍താന്‍ :ആളൂ, മാറ്റം വേണ്ടതല്ലേ. മനസിലാവാൻ അത്രയ്ക്കൊന്നും ഇല്ലല്ലൊ. എന്നാലും മൂന്നു തവണ വായിച്ചില്ലേ. കുറെ നന്ദി.

  @കുസുമം ആര്‍ പുന്നപ്ര: നന്ദി ചേച്ചീ.

  @നികു കേച്ചേരി : അഭിപ്രായത്തിനു നന്ദി. ( മൂങ്ങൻ എന്നാലെന്താ ? )

  @ajith : ആമേം മുയലും കളി കാര്യമായിപ്പോയി. :) വായനയ്ക്കു നന്ദി.

  @Salam :കമന്റിൽ കഥ മൊത്തം. അകക്കണ്ണുകൊണ്ടു കണ്ടപ്പോൾ..... ,സ്വന്തം ലോകത്തേക്കു പറന്നു പോയ കിളി.നന്ദി .

  @അനില്‍കുമാര്‍ . സി.പി : മനസ്സിലായില്ല ല്ലേ. :( ഇനിയിവിടെ നോക്കുമ്പോൾ (?)കമന്റിൽ നിന്നും കിട്ടുമോ. എങ്കിലും ഈ തുറന്നു പറച്ചിലിനു വളരെ നന്ദി.

  ReplyDelete
 16. ചുറ്റു അമ്പലവും പുല്പടര്‍പ്പും
  കാവും ശാന്തിയും തിരുവാതിരയും
  മടുത്തു മല കയറിയോ ശ്രീ ??


  പുതിയ മാനങ്ങള്‍ തേടുമ്പോള്‍ ഇവിടെ
  അവള്‍ പരാജയം ഏറ്റുവാങ്ങുക ആണല്ലോ?
  അവള്‍ക്കൊപ്പം കാഴ്ച ഇല്ലാത്തതില്‍ ദുഃഖം
  തോന്നി ...എന്ന വാചകം ഇവിടെ കഥയ്ക്ക്
  യോജികുന്നില്ല ...ദുഖവും ദുരിതവും കണ്ടു
  മനസ്സിലാക്കി അതി വേഗത്തില്‍ മുന്നോട്ട്... എന്ന്
  ആക്കി നിര്‍ത്തി ഇരുന്നു എങ്കില്‍ കഥാകാരി ഉദ്ദേശിച്ച
  ആശയം പൂര്‍ണം ആവുമായിരുന്നു ..ഇവിടെ നായികയുടെ
  ആശയങ്ങളും കഥയുടെ അവസാനവും വൈരുധ്യങ്ങളില്‍ !!
  വൈരുധ്യല്മിക വാദം ആണോ ?ആശംസകള്‍ ...

  ReplyDelete
 17. വായനക്കാരന് സംവദിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടു വ്യത്യസ്തമായ കഥ, ഒരുപാടു അര്‍ത്ഥതലങ്ങളോടെ.... നന്നായി പറഞ്ഞു ട്ടോ...

  ReplyDelete
 18. ശ്രീ.. അഭിനന്ദനങ്ങൾ.വ്യത്യ്സ്തമായ ഒരു ആഖ്യാനരീതി.ശ്രീയുടെ സാ‍ധാരണകഥകളിൽനിന്നും വേറിട്ടുനിൽക്കുന്നു.
  ‘നീ ബധിരനാണു,മൂകനാണു‘ അരികിലാരൊ മന്രിക്കുന്നു.ജീവിധയാധാർത്യൻങ്ങളെ നാം കാണുന്നില്ല, കേൾക്കുന്നില്ല,സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല.....

  ReplyDelete
 19. കഥ വായിച്ചു .. ഉറക്കച്ചടവോടെ വായിച്ചതുകൊണ്ടോ / കഥയുടെ മൂര്‍ച്ചകൊണ്ടോ എന്നറിയില്ല എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല .. കമന്‍റുകളിലൂടെ കണ്ണോടിച്ചപ്പോള്‍ ( മനസ്സിലാവാത്ത പല പോസ്റ്റുകളും കമന്‍റുകളില്‍ നിന്നാണ് മനസ്സിലാക്കി എടുക്കാറുള്ളത് ) എന്നെ പോലെ മനസ്സിലാവാത്ത പലരും പലവിധ കമന്‍റുകള്‍ ഇട്ടിട്ടുണ്ട് എന്നും മനസ്സുലായി ( അക്ബറിന്‍റെ “മൊന്ത” കവിതക്ക് കമന്‍റിട്ടത് പോലെ ) ( ചുമ്മാ..) ശരിക്കും മനസ്സിലാക്കാന്‍ ഞാന്‍ നാളെ വന്ന് വായിക്കാം ഇപ്പോള്‍ ഉറക്കം വരുന്നു .

  ReplyDelete
 20. ജീവിതത്തിൽ നിന്നുള്ള ഓളിച്ചോട്ടം കൊണ്ട് എന്തു നേടാൻ..!

  ReplyDelete
 21. ചില കാര്യങ്ങൾ അങ്ങനെയാണ്, അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ പഴയതു മാതിരി പറ്റില്ല, പറക്കേണ്ടി വരും .....

  കഥ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  ReplyDelete
 22. Theevramaaya arthavyaapthiyulla prameyam...lalithamaaya vaakkukalil...manoharam

  ReplyDelete
 23. ലളിതം, സുന്ദരം-ഇഷ്ടപ്പെട്ടു..

  ReplyDelete
 24. നല്ല കഥ. ഇഷ്ടമായി.

  ReplyDelete
 25. ടീച്ചറേ, നല്ല കൊച്ചു കഥ.

  ReplyDelete