Friday, July 15, 2011

വീണ്ടും ഒരു വിലാപം.


“വരുവാ‍നില്ലാരുമീ വിജനമാമീവഴിക്ക്....” എന്നു പാട്ടും പാടിയിരിക്കയായിരുന്നു...
ഒരു പാദപതനം... അടുത്തേക്കു വരുന്നു.
എന്നെ തിരഞ്ഞാവണേയെന്നു നിശ്ശബ്ദം പ്രാർത്ഥിച്ചു.
ഈ ഞെരുക്കത്തിൽ നിന്നു ഒരു ആശ്വാസമായെങ്കിൽ
ഒരു കൈ..... നീളുന്നതെന്റെ നേർക്കു തന്നെ.
സ്നേഹം നിറഞ്ഞ മിഴികൾ എന്നെ തിരയുന്നില്ലേ..
വെളുത്തുനീണ്ടൊരെന്റെ മേൽ  വാൽസല്യത്തോടെ തഴുകുന്നു..
ഹാ! ഇതാ ഞാൻ മോചിപ്പിക്കപ്പെടുന്നു.
“Take her up tenderly
Lift her with care
Fashion’d so slenderly
Young , and so fair” 
അലയടിക്കുന്ന ആനന്ദത്തിരകളിൽ സ്വയം മറന്നു..
പിന്നെപ്പോഴൊ കണ്ണുതുറന്നപ്പോൾ ഉത്സവപ്പറമ്പു പോലെ.
പൂത്തിരി കത്തുന്ന കണ്ണുകളുമായി എന്നെതന്നെ പ്രതീക്ഷിച്ചിരിക്കുന്നല്ലോ...
അക്കൂട്ടത്തിലേക്കു നഷ്ടപ്പെടുവാൻ മോഹിച്ചു..
പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
ഞാനീയിരുളിൽ ഉരഞ്ഞു ചേരുന്നു.... വേദന..വേദന..
എത്ര  ദൃക്ക്സാക്ഷികൾ!... ആരും പ്രതികരിക്കുന്നില്ല
സ്വയം അരഞ്ഞു തീർന്ന് വെളിച്ചം പകരുകയാണു ഞാൻ ..
കറുപ്പിൽ വെളുപ്പായി.. ഇരുളിൽ പ്രകാശമായി മാറുന്നു.
ഒരു നിമിഷം തല എവിടെയോ തടഞ്ഞു..
നിഷ്കരുണം കിട്ടി ഒരു തട്ട്.
ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.
ഇടയിലെപ്പോഴോ കാൽ വഴുതി ഞാൻ നിലത്തു വീണു..
ഒരു കൈ എന്റെ നേർക്കു നീളുമെന്നു പ്രത്യാശിച്ചു.
ക്രൂരമായ അവഗണന ... സഹിക്കാൻ കഴിയുന്നില്ല.
ആരോ ചവിട്ടി മെതിക്കുന്നു.
ശരീരം തകരുന്ന വേദന...
ദയനീയമായ നിലവിളി ചുവരുകൾ പോലും കേട്ടില്ല..
കറുപ്പിനെ വെളുപ്പാക്കാത്ത..വെളുപ്പിനെ നശിപ്പിക്കുന്ന
കറുത്തതൊപ്പി വച്ച സുന്ദരന്മാർ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
“നിലത്തുവീഴാതെ നോക്കാ‍ൻ..., വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ“ അവർ പറഞ്ഞതു എന്തായാലും ഞാൻ കേട്ടതു ഇതു തന്നെ !!



    

18 comments:

  1. ഒരു ചോക്കിന്റെ ആത്മനൊമ്പരം... :) വൈറ്റ് ബോർഡിന്റെ ഗ്ലാമറിൽ ,മങ്ങിത്തുടങ്ങിയ ബ്ലാക് ബോർഡും അതിൽ തെളിയുന്ന വെളുത്ത അക്ഷരങ്ങളും.നിലത്തുവീണു പൊടിയുന്ന ചോക്കിനെ തിരിഞ്ഞു നോക്കാതെ പുതിയ ചോക്കു തേടുന്ന കൈകളും...അത്രയേ ഉള്ളു. :) ഇനി പറഞ്ഞോളൂ...

    ReplyDelete
  2. ടീച്ചര്‍ പറഞ്ഞത് ചോക്കിന്റെ കഥയോ എന്തോ ആവട്ടെ
    ,ആ ഇംഗ്ലീഷില്‍ പറഞ്ഞത് മേം മാലൂം നഹി
    പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
    ഇത് ഒരു പരിധി വരെ യാതാര്‍ത്ഥ്യം തന്നെ അല്ലെ എല്ലാം പ്രകടനങ്ങള്‍

    ReplyDelete
  3. ഒരു ടീച്ചറും ചോക്കും തമ്മില്‍ ഉള്ള ആത്മ ബന്ധം ഒരു വിദ്യാര്‍ഥിയും ചോക്കും തമ്മില്‍ ഉണ്ടാവില്ലല്ലോ ,,അതുകൊണ്ടാവണം വിദ്യാര്തികള്‍ക്ക് ഈ കുറിപ്പ് അത്ര പിടികിട്ടുമെന്നു തോന്നുന്നില്ല..

    ReplyDelete
  4. വായിച്ചിട്ട് “അരഞ്ഞ് തീര്‍ന്ന് വെളിച്ചം പകരുന്നതെ”ന്തായിരിക്കുമെന്ന് ചിന്തിച്ച് അവസാനമെത്തിയപ്പോഴാണ് ചോക്കിന്റെ ആത്മഗതമാണെന്നറിയുന്നത്. (ചോക്കിനുമുണ്ടൊരു കഥ പറയാന്‍....അല്ലേ?)

    ReplyDelete
  5. അതെ പാവം ചോക്കുകള്‍ .
    അരഞ്ഞു തീര്‍ന്നു, അവരുടെ ജീവിതം കൊണ്ടു
    പഠിപ്പിച്ചു വലുതാക്കിയ നിങ്ങള്‍ ടീച്ചര്‍മാര്‍
    തന്നെ ഇപ്പോള്‍ നിഷ്കരുണം വൈറ്റ് ബോര്‍ഡുകള് മിനുക്കാന്‍ മള്ടി കളര്‍ "മോഡേണ്‍ ചോക്കുകളെ" തേടുന്നു ..
    (colour pens on white board)
    പാവം ബ്ലാക്ക്‌ ബോര്‍ഡും വെള്ള ചോക്കും കരഞ്ഞു പിടഞ്ഞു മരിക്കുന്നു അല്ലെ ...ടെക്നോളജി തകര്‍ക്കുന്ന
    യാഥാര്‍ത്യങ്ങള്‍ ..നല്ല ചിന്ത കേട്ടോ ..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  6. ഇഷ്ടപ്പെട്ടു കൂട്ടുകാരീ, ചോക്കിന്‍റെ നൊമ്പര കഥ, ചിരിപ്പിച്ചു, ചിന്തിപ്പിച്ചു..

    ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.

    ആ വരിയാണ്‍ എന്നെ ചിരിപ്പിച്ചത്..കുഞ്ഞുങ്ങള്‍ക്ക് ബോര്‍ഡില്‍ ചിത്രങ്ങള്‍ വരച്ച് കഥ പറയുമ്പോള്‍ അവര്‍ പറയുന്ന കളര്‍ തന്നെ എടുത്തില്ലേല്‍ പിണങ്ങും, അതുകൊണ്ട് കളര്‍ ചോക്ക് ബോക്സ് ഇടത് കയ്യില്‍ തന്നെ ആയിരിയ്ക്കും, മാറ്റി മാറ്റി എടുക്കാന്‍..അതിനിടെ ആ ചോക്ക് പെട്ടി മൂക്കിനു താഴെ എത്തിയത് അറിയുന്നത് ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ആയിരിയ്ക്കും..
    ഡസ്റ്റ് അലര്‍ജി ഉള്ളവര്‍ക്ക് അതൊരു തുടക്കമായിരിയ്ക്കും, രണ്ട് ദിവസത്തേയ്ക്കുള്ള വക..
    പക്ഷേ ആ സമയം ചോക്കിനെ അല്ലാ ട്ടൊ അധികവും പഴിയ്ക്കാറ്, ഡസ്റ്റ്ലസ്സ് ചോക്ക് എന്ന് എഴുതുവിട്ടിരിയ്ക്കണ കമ്പനിക്കാരെ ആയിരിയ്ക്കും.
    ഒരു ചോക്ക് അനുഭവം പങ്കു വെയ്ക്കാന്‍ കിട്ടിയ അവസരം ഞാന്‍ നഷ്ടപ്പെടുത്തീല്ലാ ട്ടൊ..നന്ദി.

    ReplyDelete
  7. ചോക്കിന്റെ കഥ നന്നായി ടീച്ചറെ...അതിന്റെ വില അറിയുന്നത് വിദ്യാർത്ഥിക്കും അദ്ധ്യാപകർക്കും മാത്രം...

    ReplyDelete
  8. പുതിയ ചോക്ക് എടുക്കുന്ന ലാഘവത്തോടെ ബന്ധങ്ങളെ ഉപേക്ഷിച്ചു പുതിയ സൌഹൃദങ്ങള്‍ തേടുന്ന..എന്നാണോ ഉദ്ദേശിച്ചത്?

    ReplyDelete
  9. ചോക്കിന്റെ കഥ ആദ്യാമായാ കാണുന്നത്!
    തികച്ചും വ്യത്യസ്തമായ അവതരണം
    (ടീച്ചറേ....ഈ രീതിയില്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ എപ്പോ ടീസിയും വാങ്ങി പോയി എന്ന് ചോദിച്ചാല്‍ മതി)

    ReplyDelete
  10. ചോക്കിന്‍റെ ആത്മ നൊമ്പരം അവതരിപ്പിക്കുന്ന
    ഈ കഥയില്‍ പുതുമയുണ്ട്.
    "നിലത്തുവീഴാതെ നോക്കാ‍ൻ...,
    വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ"
    വീണ പൂവിനെപ്പറ്റി പറയാനുള്ളതും ഇത് തന്നെ.
    പുതിയവ വരുമ്പോള്‍ പുതുമ പോയവ വിസ്മൃതമാവുന്നു.
    ഇത് പ്രകൃതി നിയമം. ഒരു ചോക്കിന്‍റെ സൂക്ഷ്മതലത്തിലൂടെ
    ഇത് അവതരിപ്പിക്കാന്‍ വേറിട്ട നിരീക്ഷണപാടവമുള്ള ഒരാള്‍ക്കേ കഴിയൂ.

    ReplyDelete
  11. കൊമ്പന്‍ : ചോക്കുപൊടിക്കഥ(?) യ്ക്കു അഭിപ്രായം പറഞ്ഞതിനു നന്ദി.

    രമേശ്‌ അരൂര്‍ : ചോക്കുപൊടികൊണ്ട് ശ്വാസമുട്ടുന്നതും അധ്യാപകർ തന്നെയല്ലെ.

    ajith : ചോക്കിന്റെ കഥ :)

    ente lokam : പാവം ചോക്കുകൾ.. :) അതുതന്നെയാണു എനിക്കും തോന്നീട്ടുള്ളതു.കളർ പെൻ എന്ന് ആരെങ്കിലും പറയുമോന്നു നോക്കിയിരിക്കയായിരുന്നു .:)

    വര്‍ഷിണി : ചോക്ക്പൊടി കൊണ്ടു ചുമ വരുമ്പോൾ ചോക്കിനെ കണ്ണുരുട്ടാനല്ലെ പറ്റൂ.ചോക്കുപൊടിക്കു എനിക്കു കൂട്ടായി :) ഡസ്റ്റ് അലെർജി :)

    സീത*: അതിനിപ്പോൾ വില കുറഞ്ഞു സീതേ , അതല്ലേ വിഷമം. :)

    തൃശൂര്‍കാരന്‍.: അതെ, ബന്ധങ്ങളും ഇങ്ങനെതന്നെയല്ലേ.

    ഇസ്മായില്‍ കുറുമ്പടി (തണല്‍): ചുറ്റുമുള്ളതല്ലേ പറയാൻ പറ്റൂ. (ഇതിപ്പോൾ രണ്ടാമത്തെ തവണയാണു എന്റെ പിള്ളേർ ടി. സി. വാങ്ങിപ്പോവുംന്നു പേടിപ്പിക്കുന്നതു, പക്ഷെ, ഞാനാണു പോകുന്നതെന്നെയുള്ളു :) )
    Salam : വിലയില്ലാത്തതിനോടെല്ലാം ഇതേ മനോഭാവം കാണിക്കുന്നതല്ലെ നമ്മുടെയൊക്കെ ശീലം.

    ReplyDelete
  12. 'ഒരു ചോക്കിന്റെ ആത്മനൊമ്പരം" എന്ന് ടീച്ചര്‍ എഴുതിയില്ലയിരുന്നെകില്‍ ചിലപ്പോള്‍ ചിന്തകള്‍ കാടു കയറുമായിരുന്നു.

    ഈ നോവ്‌ ഇഷ്ടമായി.

    ReplyDelete
  13. ചോക്കിന്റെ ആത്മ നൊമ്പരം തൊട്ടറിഞ്ഞ കൈകള്‍ കൊണ്ട് പകര്‍ത്തിയപ്പോള്‍ അതീവ ഹൃദ്യമായി..
    തലക്കെട്ട് ചോക്കിന്റെ വിലാപം എന്ന് മാറ്റുക ആയിരുന്നെങ്കില്‍ വിഷയത്തിലേക്ക് എളുപ്പത്തില്‍ വായനക്കാരന് പ്രവേശിക്കാമായിരുന്നു...

    ReplyDelete
  14. ചോക്കിന്റെ വിലാപം ഇഷ്ടായി..മഴയും പുഴയും പ്രണയവും വിരഹവും വിഷയം ആകാതെയുള്ള കവിതകള്‍ ബൂലോകത്ത് അപൂര്‍വ്വം ആണ്..ഇതുപോലത്തെ വ്യത്യസ്ത കവിതകള്‍ ഇനിയും വരട്ടെ..ആശംസകള്‍

    ReplyDelete
  15. ചോക്കിന്റെ ആത്മഗതം തകര്‍ത്തു...............

    ReplyDelete
  16. ചോക്കിൻറെ കഥ കൊള്ളാം........നല്ല പോസ്റ്റ്......

    ReplyDelete
  17. extremely brilliant cncept.......... and the way narrated was superb as usual...

    ReplyDelete