Thursday, June 7, 2012

ഇനിയും മരിക്കാത്ത പുഴ


 കണ്ണില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു സുന്ദര ദൃശ്യമാണ് പാറകള്‍ക്കിടയിലൂടെ ചിരിച്ചുതകര്‍ത്ത് ഒഴുകുന്ന കല്ലടയാര്‍ .ജീവിതത്തിന്റെ ഒരു ഭാഗം , ഒരുപാട് സമയം ,അതിനോടോത്തു തന്നെയായിരുന്നു.. വേനലില്‍ നല്ല സ്വര്‍ണനിറമുള്ള മണല്‍ത്തട്ടും ഇടയിലുടനീളം പാറകള്മായിഒഴുകുന്ന മെലിഞ്ഞ സുന്ദരി.ആറിന് മദ്ധ്യം വരെ പോയി കുളിക്കാന്‍ യാതൊരു പ്രയാസവുമില്ല.പാറക്കെട്ടുകളും പുല്‍പ്പടര്‍പ്പുകളും ഇടയിലെല്ലാം ഉണ്ട്. കാല്‍മുട്ട് വരെ മാത്രം നനഞ്ഞു അക്കരെയെത്താം. മഴക്കാലമായാല്‍ ഇരുകരമൂടി തകര്‍ത്ത്‌ ഒഴുകുമ്പോള്‍ വേറൊരു സൌന്ദര്യം. അപ്പോഴും പുല്പടര്‍പ്പും ചെറുചെടികളും ഒഴുക്കിനനുസരിച്ചു തലയുയര്‍ത്തിയും കുനിഞ്ഞും ആടി കളിച്ചു നില്‍ക്കുന്നുണ്ടാവും. 

ആറിനെ മലിനമാക്കുന്ന വസ്തുക്കള്‍ പേപ്പര്‍ മില്ലില്‍ നിന്നും തള്ളാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമറിയാത്ത പ്രായത്തില്‍ ‘പേപ്പര്‍ മില്‍ പൂട്ടിപ്പോകണെ ‘ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് .പതഞ്ഞു കട്ട പിടിച്ചപോലെയുള്ള മാലിന്യം ഒപ്പം ചെറിയ പുഴുക്കളേയും സംഭാവന ചെയ്തപ്പോള്‍ വേറെ എങ്ങനെ പ്രാര്‍ഥിക്കാന്‍. കരയോടു ചേരുന്ന ഭാഗത്ത്‌  പുളയ്ക്കുന്ന കൃമികള്‍ ആറ്റില്‍ ഇറങ്ങാന്‍ തോന്നിക്കാതെയായി.  അന്നൊക്കെ വേനല്‍ക്കാലത്ത് മണലില്‍ വലിയ കുഴികള്‍ ഉണ്ടാക്കി അവിടെ കുളിക്കുന്നവര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടികിടക്കുന്ന പേപ്പര്‍ മില്ലിന് മുന്നിലൂടെയുള്ള യാത്ര പതിവായപ്പോള്‍  -അതിന്റെ ശോചനീയവസ്ഥയും അത് മൂലം അനാഥരായ കുടുംബങ്ങളെയും ഓര്‍ത്തപ്പോള്‍ -  പണ്ടൊക്കെ പ്രാര്‍ത്ഥിച്ചതില്‍ പശ്ചാത്താപം തോന്നിയിട്ടുണ്ട്.


വീട്ടില്‍ നിന്നും കുറച്ചു താഴെക്കിറങ്ങിയാല്‍ തെങ്ങിന്‍ തോപ്പും പിന്നെ ആറും.ഇരു കരകളും തിങ്ങി നിറഞ്ഞു മുളങ്കൂട്ടങ്ങള്‍. മഴക്കാലത്ത്‌ വീട്ടില്‍ നിന്നാല്‍ ഒഴുക്ക് നന്നായി കാണാം .

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മണല്‍ വാരല്‍ അന്നും ഉണ്ടായിരുന്നു. ആണും പെണ്ണും ഉള്‍പ്പെടെ ഒരു സംഘം അതിനായി ഉണ്ടായിരുന്നു. വാരി കരയ്ക്കിട്ട മണല്‍  ചെറിയ ചാക്കുകളിലായി   ചുമന്നു അടുതെവിടെയെന്കിലും വീടുകളില്‍ എത്തിക്കും. പിന്നെ അളന്നു ഒന്നിച്ചാക്കി കൂലി പങ്കിട്ടെടുക്കും.ഇതൊന്നും അറിഞ്ഞ ഭാവം ആറിനുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ രീതിയില്‍ മണല്‍ വാരല്‍ തുടങ്ങിയിട്ട് അധിക കാലമായില്ല.വള്ളങ്ങള്‍ നിരത്തി ഇറക്കി വാരിഎടുക്കാന്‍ തുടങ്ങി  . സുലഭമായിരുന്ന മണല്‍ കുറഞ്ഞപ്പോള്‍ മുങ്ങി ഇടിച്ചു വാരാന്‍ തുടങ്ങി. പിന്നെ കരയോടു ചേര്‍ത്ത് വള്ളമൂന്നി വാരാന്‍ തുടങ്ങി. കരയും ഒപ്പം മരങ്ങളും വെള്ളത്തിലേക്കിറങ്ങി. കുളിക്കടവുകള്‍ മണല്‍ വാരല്‍ കടവുകളായി.പാറകള്‍ അടുക്കിയിട്ടിരുന്ന കൈവഴികള്‍ കോണ്‍ക്രീറ്റ് ആയി വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. സ്ത്രീകള്‍ നാട്ടു വിശേഷം പങ്കുവച്ചു കുളിച്ചിരുന്ന കടവുകളില്‍ അടിപിടിയും അക്രമവും . നാട്ടുകാരുള്‍പ്പെടെ ഈ കൂട്ടത്തില്‍ ഉള്ളപ്പോള്‍ എതിര്‍ത്തിരുന്ന ശബ്ദങ്ങള്‍ താഴ്ന്നു. വള്ളം പണി വരെ കടവിലായി.രാവിലെ തുടങ്ങുന്ന മണല്‍ വാരല്‍ സന്ധ്യ വരെ നീളും. വലിയ മണല്‍ക്കുന്നുകള്‍ കരയില്‍ രൂപപ്പെടുമ്പോള്‍ ലോറികളില്‍ മണല്‍ യാത്ര തുടങ്ങും. പല പതിനായിരങ്ങള്‍ വിലയുള്ള സ്വര്‍ണ്ണമണലായി.മണല്‍ വാരാന്‍ വന്നവര്‍ പിന്നീട് വള്ളം ഉടമകളും വാഹന ഉടമകളുമായി പണം വാരി. മരിക്കാന്‍ തുടങ്ങുന്ന പുഴയുടെ ദയനീയ സ്വരം ആരും കേട്ടില്ല.


എന്റെ ഓര്‍മയിലുള്ള പുഴയില്‍ വീണുള്ള മരണം ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആയിരുന്നു. സമപ്രായത്തി ലുള്ള കുട്ടി.അതുകൊണ്ടാവാം കുറെ നാള്‍ അത് മനസ്സില്‍ തങ്ങി നിന്നു . വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കാനായി മുതിര്‍ന്നവര്‍ അത് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. (മുതലയുണ്ട്, പെരുംപാമ്പുണ്ട് ,അറുകൊലയുണ്ട് എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ ആറിനെ സ്നേഹിച്ചു പോയിരുന്നു ). പിന്നീടും വെള്ളപ്പൊക്കകാലത്ത് ചില മരണങ്ങള്‍ കേട്ടിട്ടുണ്ട്.പക്ഷെ, ഈയിടെയാണ് ഇത്രയധികം മരണങ്ങള്‍ കേള്‍ക്കുന്നത്. നാട്ടുകാര്‍ മൊത്തം കുളിക്കാന്‍ വന്നിരുന്ന കാലത്തെ അപേക്ഷിച്ചു ആരും കുളിക്കാന്‍ ഇറങ്ങാന്‍ പോലും ധൈര്യപ്പെടാത്ത സമയത്ത്. ആറിനോട് പരിചയമുള്ളവര്‍ പോലും ഒരു കാല്‍ വച്ചാല്‍ കയത്തിലേക്ക് തള്ളപ്പെടുന്നു.



സ്വര്‍ണ്ണമണല്‍ നിറഞ്ഞ തീരം ഇപ്പോഴില്ല.ആകെ ചെളി മൂടി ഒരു വെള്ളക്കെട്ട് പോലെ. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആരുടേയും ജീവനെടുക്കുന്ന ഒരു ഭീകരതയായി കല്ലടയാര്‍ .പാറകള്‍ തട്ടിയിളക്കാന്‍ കഴിയാത്തതുകൊണ്ട് അതൊക്കെ ഇപ്പോഴും അവിടെയുണ്ട്. പലതും വെള്ളം മൂടിതുടങ്ങി.ആറിന്റെ ആഴം കൂടുന്നതനുസരിച്ച് കിണറുകളിലും വെള്ളം താഴേക്കിറങ്ങി. വെള്ളത്തിലിറങ്ങി ആറു മുറിച്ചു കടക്കുന്നത് വെറും സ്വപ്നമായി. അക്കരെയുള്ളവര്‍ പാവലും പയറും പടവലവും കൃഷി ചെയ്യാന്‍ ഇക്കരെ വന്നിരുന്നു.  ചന്ത കൂടുന്ന ദിവസത്തിന്റെ തലേന്ന് വിളവെടുക്കുമ്പോള്‍ ഒരു ഭാഗം വീട്ടില്‍ തന്നിട്ട് പോകും. കന്നുകാലികളെ കുളിപ്പിക്കാനിറങ്ങുമ്പോള്‍ അവ അക്കരെ കടക്കുകയെന്നതും നിത്യ സംഭവം ആയിരുന്നു. ഇപ്പോള്‍ ജീവനെ കൊതിച്ചു ആരും ഇറങ്ങാതെയായി. അമ്മയെ കൊന്നുതിന്നുമ്പോള്‍ കയ്യില്‍ വരുന്ന പണം എല്ലാത്തിനും പ്രതിവിധിയാകുമോ ? കൂട്ടുകാര്‍ വീട്ടില്‍ വന്നാല്‍ അവരെ ആറു കാണിച്ചു ‘എന്തൊരു ഭംഗിയാ’ എന്ന് പറയിപ്പിക്കുംപോള്‍ ഉള്ള സന്തോഷം ഇനി കിട്ടില്ല. ഇപ്പോഴും നാട്ടില്‍ പോയാല്‍ ആറ്റിനടുത്ത് പോകാതെ വരാന്‍ പറ്റില്ല. പക്ഷെ, കാഴ്ചകള്‍ സന്തോഷകരം അല്ലല്ലോ.  അപ്പോള്‍ സ്കൂളില്‍ പഠിച്ച ഒരു ഓ.എന്‍. വി. കവിത മനസ്സില്‍ വരും.
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി.”  

  



33 comments:

  1. അഭിനന്ദനങ്ങള്‍ സുഹൃത്തേ,.......ഓരോ വരിയിലും ഇനിയും മരിക്കാത്ത കുറെ ഓര്‍മകളെ താലോലിക്കുന്നത് കാണാന്‍ കഴിയുന്നു.......

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌ .. നല്ല ഓര്‍മ്മകള്‍ മരിക്കില്ല.

      Delete
  2. ഈ മൃത്യുവിലാപം കല്ലടയാറിന്റെ മാത്രമല്ല നമ്മുടെ ഓരോ പുഴയുടെയും ആറിന്റെയും കൂടിയാണ്. ഒരേ പുഴ തന്നെ അതൊഴുകുന്ന പ്രദേശത്തിന്റെ നിറഭംഗികള്‍ക്കനുസരിച്ചു വ്യത്യസ്ത ഭാവങ്ങളില്‍ മാറി മറിഞ്ഞു ജീവിതത്തിന്റെ താളമാവുന്നു. പുഴകള്‍ ആദ്യമായി രൂപപ്പെട്ട ഒരു അനാദികാലത്തിലേക്ക്
    മനസ്സിനെ ആവാഹിക്കുമ്പോള്‍ മനുഷ്യന് മുന്‍പേ ഈ ഭൂമിയുടെ അവകാശിയായി, ഈ ഭൂമിയുടെ ജീവനായി അത് രൂപപ്പെട്ടതാണെന്നു കാണാം. മനുഷ്യര്‍ അതില്‍ നിന്ന് പിറവി കൊണ്ട അനേക ജീവ, വംശങ്ങളില്‍ ഒന്ന് മാത്രം. ബുദ്ധിയുടെ സവിശേഷത അവനുള്ളതാണെന്ന അവന്റെ ഒരു അഹങ്കാരത്തില്‍ ദൂരക്കാഴ്ചകള്‍ വെടിഞ്ഞു അവന്‍ മാതാവിനെയും വില്പനക്കായി കമ്പോളത്തിലെത്തിച്ചു. കുടിനീരിനു വേണ്ടിയുള്ള അടുത്ത യുദ്ധം മുതലെടുത്ത്‌ ഇനിയും എങ്ങിനെ കാശുണ്ടാക്കാം എന്ന കൂലംകുഷമായ ചിന്തയിലാണ് അവനിപ്പോള്‍. പുഴയുടെ മരണ കാരണം കണ്ടെത്തി കുറിച്ചിടാന്‍ അവന്റെ ഡയറിയില്‍ ഇടമില്ല.

    ReplyDelete
    Replies
    1. നാളെയെ മറന്നു ജീവിക്കുന്ന ഈ ചൂഷണത്തിന് കാലം മറുപടി തന്നുകൊണ്ടിരിക്കുന്നല്ലോ. നന്ദി വായനയ്ക്ക്.

      Delete
  3. നമ്മെ നാം തന്നെ ഇല്ലാതാക്കുന്ന വര്‍ത്തമാന ദുരന്തം.... തീര്‍ത്തും നിരാശാജനകം

    നന്നായി പറഞ്ഞു

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി, സന്തോഷം.

      Delete
  4. പുഴയുടെ ദയനീയസ്വരം ആരും കേട്ടില്ല....പാവം പുഴ, പാവം മനുഷ്യര്‍

    ReplyDelete
    Replies
    1. പാവം മനുഷ്യര്‍ ... പാവങ്ങള്‍ ... കുറച്ചു മണല്‍ മാത്രം ചോദിച്ചപ്പോള്‍ പാവം പുഴ എടുത്തോളൂന്നു പറഞ്ഞു. അവര്‍ എടുത്തു ..പുഴയുടെ ജീവന്‍.
      നന്ദി..

      Delete
  5. മണല്‍ കൊണ്ട് പണം വാരുന്നവര്‍....പണം എന്നതിന് അപ്പുറം ഇന്ന് മറ്റൊന്നും ഇല്ല എന്നായിരിക്കുന്നു. ഈ ആസക്തി അവസാനിക്കാത്തിടത്തോളം ഇതിങ്ങിനെ തുടരും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
    ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നില്ല. എനിക്ക് മാത്രമാണോ എന്നറിയില്ല. അവിടെയും ചിത്രം കാണാന്‍ കഴിയുന്നില്ല എങ്കില്‍ പോസ്റ്റില്‍ ഇപ്പോള്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ മാറ്റി ഒന്ന് കൂടി വീണ്ടും ചേര്‍ത്താല്‍ മതി.

    ReplyDelete
    Replies
    1. പണത്തിനു വേണ്ടി എന്തും ചെയ്യും, ആറോ വയലോ എന്തും ഇല്ലാതെയാക്കും. ചിത്രങ്ങള്‍ കാണാമെന്ന് വിശ്വസിക്കുന്നു. നന്ദി

      Delete
  6. ഭാരതത്തിന്റെ നാമധേയം പേറിയ ഒരു പുഴയിന്ന് സ്മാരകം പോലും അവശേഷിപ്പിക്കാതെ കരയായി മാറി.ഇതാ ഇപ്പോള്‍ കല്ലടയാറും!!
    നാം വരുത്തിവെച്ച ഈ വിനയില്‍ വേദന തോന്നുന്നു സുഹൃത്തേ........

    ReplyDelete
    Replies
    1. കേരളത്തിലെ എല്ലാ നദികളുടെയും ദുരവസ്ഥ.ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് തോന്നുന്നു,
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

      Delete
  7. സുപ്രഭാതം..
    കുഞ്ഞു നാളുകളില്‍ നിളാ തീരത്ത് കളിയ്ക്കുമ്പോള്‍ അനുഭവിച്ചിരുന്ന മനസ്സിന്‍റെ തുടിപ്പ് പിന്നീട് ആ പരിസരം സന്ദര്‍ശിയ്ക്കുമ്പോള്‍ തന്നെ ലഭിയ്ക്കുമായിരുന്നു..
    എപ്പോഴോ ആ കുളിര്‍മ്മ വരളുന്നത് അറിഞ്ഞു കൊണ്ടിരുന്നു.. നിസ്സ്സഹയാ അവസ്ഥ...അല്ലാതെന്ത്....!
    നല്ല ഓര്‍മ്മകളും വരള്‍ച്ചയും ഒന്നിച്ചറിഞ്ഞ പോസ്റ്റ്...
    ആശംസകള്‍ ട്ടൊ...!

    ReplyDelete
    Replies
    1. മഴയും പുഴയും സ്നേഹിക്കുന്ന എല്ലാവരുടെയും നിസ്സഹായവസ്ഥ.. നന്ദി വര്‍ഷിണി

      Delete
  8. പുഴകളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുമില്ലാതായിരിക്കുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെ ല്ലേ ശ്രീ...?

    ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്‌ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. സ്വാര്‍ഥത തന്നെ കുഞ്ഞൂസേ..അച്ഛനും അമ്മയും പോലും സ്വാര്‍ഥത എന്ന മീറ്ററില്‍ അളക്കപ്പെട്ടു തുടങ്ങി.
      നന്ദി കുഞ്ഞൂസ്

      Delete
  9. ആഗോള താപനത്തെപ്പറ്റി ആകുലത പങ്ക് വെയ്ക്കുന്നവരെ

    ഒന്നും അറിയാത്തവരെപ്പോലെ തുറിച്ചു നോക്കുന്ന ലോകത്ത്

    ആണ്‌ നാം ജീവിക്കുന്നത്.കാരണം വ്യക്തിപരം ആയി നമ്മെ

    ഇന്ന് ബാധിക്കാത്ത പ്രശ്നങ്ങള്‍ ഒന്നും നമ്മുടെ പ്രശ്നങ്ങളെ

    അല്ല എന്ന് വിശ്വസിക്കാന്‍ ആണ്‌ കൂടുതല്‍ ‍ പേര്‍ക്കും ഇഷ്ടം..


    നമ്മുടെ നാടിന്റെ പുഴയും മലയും നമ്മുടെ സുന്ദരമായ

    ജീവിതത്തിനു നല്‍കുന്ന സംഭാവനകള്‍ നാം അല്പം പോലും

    മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..അല്ലെങ്കില്‍ വെറുതെ കണ്ണടച്ച്

    ഇരുട്ട് ആക്കുന്നു...അനിവാര്യമായ ഒരു ദുരന്തം ചൂഴ്ന്നു

    നില്‍ക്കുന്ന നമ്മുടെ നാടിനെ ഓര്‍ത്തു വിലപിക്കുന്നു...

    വളരെ ഹൃദയ സ്പര്‍ശി ആയി എഴുതി sree... അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. "വ്യക്തിപരം ആയി നമ്മെ

      ഇന്ന് ബാധിക്കാത്ത പ്രശ്നങ്ങള്‍ ഒന്നും നമ്മുടെ പ്രശ്നങ്ങളെ

      അല്ല എന്ന് വിശ്വസിക്കാന്‍ ആണ്‌ കൂടുതല്‍ ‍ പേര്‍ക്കും ഇഷ്ടം.." ഇതുതന്നെയാണ് കാരണം.
      നന്ദി എന്റെ ലോകം.

      Delete
  10. “കരയുന്നു പുഴ ചിരിക്കുന്നു” ആ ചിരി സമനിലതെറ്റിയവളുടെ അട്ടഹാസമാണിന്ന്. നന്നായിരിക്കുന്നു സുഹൃത്തെ.

    ReplyDelete
    Replies
    1. നന്ദി Jefu Jailaf. .. വായനയ്ക്കും അഭിപ്രായത്തിനും..

      Delete
  11. കല്ലടയാറില്‍ പോയ പോലായി ... പുഴയുടെ ദയനീയത ആരോട് പറയാന്‍ ...!
    "ഇനിയും മരിക്കാത്ത പുഴ" അതെ ശ്രീയുടെ ഓര്‍മ്മകളില്‍ ഇപ്പോളും ആ പുഴ മരിച്ചിട്ടില്ല...!!

    ReplyDelete
    Replies
    1. അതെ കൊച്ചുമോള്‍ . ഓര്‍മകളില്‍ മരിച്ചിട്ടില്ല.(കൊട്ടാരക്കരക്കാരിയാകുമ്പോള്‍ കല്ലടയാറിനെ പരിചയം കാണുമല്ലോ :) ). നന്ദി

      Delete
  12. നമ്മൾ തന്നെയാണ് നമ്മുടെ ശത്രുക്കൾ

    ReplyDelete
    Replies
    1. നന്ദി ഷാജു , അഭിപ്രായത്തിനും വായനയ്ക്കും.

      Delete
  13. ആറിനെ മലിനമാക്കുന്ന വസ്തുക്കള്‍ പേപ്പര്‍ മില്ലില്‍ നിന്നും തള്ളാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമറിയാത്ത പ്രായത്തില്‍ ‘പേപ്പര്‍ മില്‍ പൂട്ടിപ്പോകണെ ‘ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് .പതഞ്ഞു കട്ട പിടിച്ചപോലെയുള്ള മാലിന്യം ഒപ്പം ചെറിയ പുഴുക്കളേയും സംഭാവന ചെയ്തപ്പോള്‍ വേറെ എങ്ങനെ പ്രാര്‍ഥിക്കാന്‍.

    ചെറിയ ചെറിയ വാദഗതികൾ നിരത്തി നമ്മൾ എല്ലാത്തിനേയും വിമർശിച്ച്പ്രാ,കി നാടുകടത്താൻ മിടുക്കരാണല്ലോ ? ഒരു മഴ പെയ്താൽ അപ്പോൾ തുടങ്ങും പ്രാകൽ,ഹോ...!,ഈ നശിച്ച മഴ ഇനി എന്ന് തീരുമാവോ ? അങ്ങനെയങ്ങനെ നീളൂമത്, എന്നിട്ടവസാനം മഴയില്ലാതായാൽ തുടങ്ങും വെയിലിനെ പ്രാകൽ! അവസാനം മഴയും വെയിലുമില്ലാത്ത ഒരു ജനവാസയോഗ്യമല്ലാത്ത മരുഭൂമിയിൽ നമുക്ക് സുന്ദരമായി കഴിയാം. ആശംസകൾ.

    ReplyDelete
    Replies
    1. മഴ പെയ്താല്‍ ഒരു വെയില്‍ കണ്ടെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്ന നമ്മളൊക്കെതന്നെ വെയില്‍ കടുത്താല്‍ "ഒരു മഴ വന്നെങ്കില്‍ " എന്നും പ്രാര്‍ഥിക്കും. :) അപ്പോള്‍ രണ്ടും കൂടെ ചേര്‍ന്ന് മഴയും വെയിലും കിട്ടുന്നപോലെയാവുമെന്നു പോസിറ്റീവ് ആയി ചിന്തിച്ചാലോ.

      പക്ഷെ പേപര്‍മില്‍ അങ്ങനെയായിരുന്നില്ല. അത് പൂട്ടിപ്പോയതോടെ ആത്മഹത്യ, ദാരിദ്ര്യം എന്തൊക്കെ പ്രശ്നങ്ങള്‍ ആയിരുന്നു. ഇപ്പോഴും അതൊന്നു പോയി കാണണം !, എത്രയധികം സാധങ്ങള്‍ നശിച്ചു , കാട് പിടിച്ചു , ആര്‍ക്കും ഉപകാരമില്ലാതെ...
      അഭിപ്രായത്തിനു നന്ദി മണ്ടൂസന്‍.

      Delete
  14. ആ നല്ല പുഴക്കാലത്തെക്കുള്ള ഒരു തിരിച്ചുപോക്കും നൊമ്പരവും നന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  15. പുഴകളുടെ വിലാപം നന്നായി വരച്ചുകാണിച്ചിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete
  16. മരങ്ങളൊക്കെ വെട്ടിത്തെളിച്ചും ,പുഴകളില്‍ നിന്ന് മണല്‍ വാരിയും,പ്രകൃതിയെ മനുഷ്യര്‍ നശിപ്പിച്ചി കൊണ്ടിരിക്കുന്നു .അവിടൊയൊക്കെ കൂറ്റന്‍ മാളികകള്‍ പൊന്തുകയല്ലേ..പാവം പുഴ

    ReplyDelete
  17. ശരിയാണ്, മണല്‍ എടുത്തെടുത്ത് പുഴകള്‍ മരിച്ചു കൊണ്ടിരിയ്ക്കുകയാണ്.

    ReplyDelete
  18. ഒരു പുഴകളും ഒരിക്കലും മരിക്കാതിരിക്കട്ടെ . ഇത് വായിച്ചപ്പോള്‍ എന്‍റെ നാട്ടിലെ പുഴയെ ഓര്‍ത്ത്‌ പോയി. കുട്ടിക്കാലത്ത് ഒരുപാട് പുഴയില്‍ ചാടി മറഞ്ഞിട്ടുണ്ട്..ഇത്തവണ നാട്ടില്‍ പോയപ്പോള്‍ പോലും... അടുത്ത തവണ നാട്ടില്‍ എത്തുമ്പോള്‍ ആ പുഴ അവിടെ ഉണ്ടാകുമോ എന്തോ ..

    ReplyDelete
  19. മണൽ മാഫിയകളുടെ മണി കിലുക്കത്താൽ പുഴകളുടെ കരച്ചിൽ ആര് കേൾക്കാനാണ് അല്ലേ

    ReplyDelete