ടൂര്‍ പോകുക എന്നാല്‍ വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സംഭവമാണ് . സ്കൂള്‍ കോളേജ് ക്ലാസ്സുകളില്‍ പോയ യാത്രകള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു . പോകുന്നതിനു മുന്‍പൊരു ബഹളം , വന്നിട്ടുള്ള ചര്‍ച്ചകള്‍ എല്ലാം കൂടി കുറെ ദിവസത്തേക്ക് ഒരു ഉത്സവം തന്നെ !
ടൂര്‍ കൊണ്ട് പോകാനുള്ള ഉത്തരവാദിത്തം തലയില്‍ ആകുമ്പോള്‍ ഈ കഥയെല്ലാം തിരിഞ്ഞു മറിയും . 17 ഉം 18 ഉം വയസ്സുള്ള കുട്ടികളെയും കൊണ്ട് പോകുന്നത് അമിട്ട് തലയില്‍ വച്ച് കൊണ്ട് നടക്കുന്ന പോലെ ആണ് . അങ്ങനെ 2006 ല്‍ ഞങ്ങള്‍ ഒരു ടൂര്‍ പോയി . ഡിസംബര്‍ മാസത്തില്‍ വെക്കേഷന് മുന്പായി തിരിച്ചു വരുന്ന രീതിയില്‍ ദിവസം തീരുമാനിക്കപ്പെട്ടു . ടൂര്‍ കഴിഞ്ഞു വന്നു ബന്ധങ്ങള്‍ വളരാന്‍ അനുവദിക്കരുതല്ലോ. പ്രാരാബ്ധങ്ങള്‍ ഇല്ലത്തത് കൊണ്ട് പെണ്‍ വര്‍ഗത്തില്‍ ആദ്യത്തെ നറുക്ക് എനിക്ക് തന്നെ . ഒരു മാസം കഴിഞ്ഞാല്‍ വിവാഹമാണ് , എന്നൊക്കെ പറഞ്ഞു നോക്കി , നടന്നില്ല . അങ്ങനെ ഞങ്ങള്‍ 2 സ്ത്രീ പ്രജകളും 4 പുരുഷ പ്രജകളും കൂടി നയിച്ച് പോകുക എന്നായി .
ടൂറിനു തലേന്ന് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു എങ്കിലും എനിക്ക് പിന്മാറാന്‍ പറ്റിയില്ല . വേറെ ആരും ഇല്ല ! കുട്ടികളില്‍ ആണിനേയും പെണ്ണിനേയും വേറെ വേറെ വിളിച്ച് ഉപദേശമൊക്കെ കൊടുത്തു . ആണ്‍കുട്ടികളുടെ ബാഗുകളും പരിശോധിച്ച് വൈകുന്നേരമായപ്പോള്‍ ബസില്‍ കയറി . കുറുമ്പ് പെരുത്ത കുട്ടികള്‍ ആണെന്ന് പറയേണ്ടല്ലോ . കൂകി വിളിയുമായി യാത്ര തുടങ്ങി . രാത്രി സ്റ്റേ ഇല്ല . ബസില്‍ തന്നെ , ലക്‌ഷ്യം മൈസൂര്‍ ആണ് . രാത്രി ഭക്ഷണം കഴിക്കാന്‍ സ്ഥലം കണ്ടുപിടിച്ചു തന്നത് ഡ്രൈവര്‍ .
പോട്ട ധ്യാനകേന്ദ്രത്തിന് മുന്‍പില്‍ ബസ് നിര്‍ത്തി . ഡ്രൈവറുടെ നിര്‍ദേശം അനുസരിച്ച് പൊട്ടും കുറിയുമൊക്കെ തുടച്ചു കളഞ്ഞു ഞാനും ഒരു സാറും കൂടി ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു . അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഭക്ഷണം കൊണ്ട് വരാത്തവര്‍ക്ക് അതും അവര്‍ ഓഫര്‍ ചെയ്തു .ഭക്ഷണത്തിന് ശേഷം ഡ്രൈവറുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞങ്ങള്‍ ബസില്‍ കയറി .
പുലര്‍ച്ചെ മൈസൂരില്‍ ചെന്നിറങ്ങി. ലോഡ്ഗിലേക്ക് . അവിടെ ചെന്ന് ഫ്രഷ് ആയി തിരിച്ചുബസിലേക്ക് . ബസ്സില്‍ ആദ്യം കയറിയത് ഞാന്‍ . ഡ്രൈവറുടെ സീറ്റിന്റെ പിറകിലെ സീറ്റില്‍ ഒരു രൂപം ! ചുരുണ്ട് കൂടി കിടക്കുന്നു .ഞെട്ടി തിരിച്ചിറങ്ങി . കിളി എന്ന് വിളിക്കുന്ന സഹായിയോടു ചോദിച്ചപ്പോള്‍ വീണ്ടും ഞെട്ടി .അത് നമ്മുടെ ഡ്രൈവര്‍ തന്നെ ! ഒന്ന് മിനുങ്ങിയതാണ് . ബസില്‍ കയറില്ല എന്ന് കട്ടായം പറഞ്ഞു ഞങ്ങള്‍ നിന്നു .' ടീച്ചറെ , ഇവര്‍ക്കൊക്കെ ഇങ്ങനല്ലാതെ വണ്ടി ഓടിക്കാനാണ് പ്രയാസം ' എന്ന് പറഞ്ഞു സര്‍ ഇടപെട്ടു .
ജീവിതത്തില്‍ ഇത്ര ദേഷ്യം വന്ന അവസരം ഉണ്ടായിട്ടില്ല . ബസില്‍ കയറുക തന്നെ . നേരെ ചാമുണ്ടി ഹില്ല്സ് . ബസിനൊരു ചാഞ്ചാട്ടം ഇല്ലേ എന്നാലോചിച്ചു സമാധാനമെല്ലാം കട്ടപ്പുറത്ത് വച്ച് 'നാരായണ' ജപിച്ചു ഞങ്ങള്‍ ഇരുന്നു. എങ്ങിനെയോ കുന്നു കേറി ഞങ്ങളെ അവിടെ എത്തിച്ചു. കാഴ്ച എല്ലാം കണ്ടു മടങ്ങി എത്തിയപ്പോള്‍ ഡ്രൈവര്‍ 'സമ്മാനം' വാങ്ങി കഴിഞ്ഞു. ഏതോ വണ്ടിയുടെ ചില്ല് റിവേര്‍സ് എടുത്തപ്പോള്‍ പൊട്ടിച്ചു.
പിന്നീടു സ്ഥിരം സ്ഥലങ്ങള്‍ക്ക് ശേഷം വൈകുന്നേരമായപ്പോള്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ . ആ യാത്ര ഞങ്ങളുടെ ടൂറിനെ ഇങ്ങനെ മാറ്റി മറിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല . ഓവര്‍ ടേക്ക് ചെയ്യാന്‍ ഇടമില്ലാത്ത ഒരു സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടി ( വീരന്‍ ഡ്രൈവര്‍) ആ നാട്ടുകാരുടെ വണ്ടിയെ ഓവര്‍ ടേക്ക് ചെയ്തു . കുട്ടികള്‍ ആവേശമെടുത്തു പ്രോത്സാഹിപ്പിച്ചു . വണ്ടി വൃന്ദാവന്‍ എത്തിയപ്പോള്‍ എന്തോ ഒരു പ്രശ്നം മണത്തു. 'ആരും ബസില്‍ നിന്നും ഇറങ്ങരുത് ' എന്നാ നിര്‍ദ്ദേശത്തിനു ശേഷം അധ്യാപകരും ഡ്രൈവറും ഇറങ്ങി. ഡ്രൈവര്‍ക്ക് ചോദ്യത്തിന് മുന്‍പേ അടി കിട്ടി ! ആളുകൂടി തുടങ്ങി.
അധ്യാപകര്‍ക്ക് നേരെയും കയ്യോങ്ങി തുടങ്ങി . കൂട്ടത്തിലെ പയ്യന്‍ സര്‍ഒരു തൊഴി പറ്റിച്ചു. കുട്ടികള്‍ക്ക് ഇതൊന്നും കണ്ടു, പിടിച്ചു നില്ക്കാന്‍ പറ്റില്ല. ചോര തിളയ്ക്കുന്ന പരുവം .അതിനെയൊക്കെ തടഞ്ഞു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ ഒരുപാടു ബുദ്ധിമുട്ടി . അവര്‍ കൂടുതല്‍ ആളെ വിളിച്ചു കൂട്ടാന്‍ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോള്‍ , തിരിച്ചു പോകുക തന്നെ മാര്‍ഗ്ഗം എന്ന് തീരുമാനിച്ചു . എങ്ങിനെയോ വണ്ടി അവിടെ നിന്നും എടുത്തു ,നേരെ ലോഡ്ജിലേക്ക് . ഏതോ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവം കഴിച്ച ശേഷം 'രായ്ക്കു രാമാനം നാട് വിട്ടു ഓടുന്ന പരിപാടി '.
ടൂറിന്റെ റൂട്ടുകള്‍ എല്ലാം മാറ്റപ്പെട്ടു. വയനാട്ടിലേക്ക് യാത്ര .കൂടെയുള്ള സര്‍ കുറച്ചുകാലം അവിടെ ജോലി ചെയ്തിട്ടുല്ലതിനാലും സാറിന്റെ ജ്യേഷ്ടന്‍ അവിടെ ഉള്ളതിനാലും കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. രാത്രി ഒരു മണിയോട് കൂടെ ലോഡ്ജിലെത്തി . സമാധാനമായി കിടന്നുറങ്ങി . വൃന്ദാവന്‍ , പല തവണ കണ്ടു മടുത്ത കാഴ്ചകള്‍ ! ആ നഷ്ടം ഞങ്ങള്‍ക്കുണ്ടാക്കിയ നേട്ടം അറിയാന്‍ പിറ്റേന്ന് വരെ കാത്തിരിക്കേണ്ടി വന്നു .
രാവിലെ നേരെ ഇടക്കല്‍ ഗുഹയിലേക്ക്. പറഞ്ഞാലും പറഞ്ഞാലും ഒന്നും ആകാത്ത , കണ്ടു തന്നെ അറിയേണ്ട കാഴ്ചകള്‍ . ചെറിയ ഗുഹകള്‍ പോലെയുള്ള പാറക്കെട്ടുകളിലൂടെ കൈ കോര്‍ത്ത് പിടിച്ചു മുകളിലേക്ക്, വീണ്ടും മുകളിലേക്ക് ... പകുതിയിലേറെ ദൂരം ആയപ്പോള്‍ ഞാന്‍ തളര്‍ന്നു ഇരിപ്പായി. കൂട്ടിനു രണ്ടു കുട്ടികളെയും കിട്ടി .
എല്ലാവരും മുകളിലേക്ക് കയറുന്നതും കണ്ടു ഞങ്ങള്‍ ഇരിപ്പായി. വെയില്‍ ഇല്ലാത്ത എല്ലാ ഇടത്തും നല്ല തണുപ്പ്. മൂന്ന് സംസ്ഥാനങ്ങളും കണ്ടു എന്നും പറഞ്ഞു ഞങ്ങളുടെ താരങ്ങള്‍താഴെ വന്നു. പിന്നെ ആ പാറക്കെട്ടുകളില്‍ കയറി അവര്‍ ഒരുപാടു ആഘോഷിച്ചു . എങ്ങും കിട്ടാത്ത മനോഹര കാഴ്ചകള്‍! ഊണും കഴിഞ്ഞു തിരിച്ചിറക്കം. പിന്നെ ആ നാട്ടിലെ ഒരു വെള്ളച്ചാട്ടം . അത് കാണാന്‍ പറ്റിയില്ല , വൈകിപോയി . അവിടെ ചെന്ന് തിരിച്ചു പോന്നു . ലോഡ്ജില്‍ വന്നു . ഉറക്കത്തിനു ശേഷം പിറ്റേന്ന് വീഗ ലാന്‍ഡ് . രാത്രി ഒരു സിനിമയും കണ്ടു പുലര്‍ച്ചെ സ്കൂള്‍ എത്തുന്ന വിധം തിരിച്ചു മടക്കം .
ഒരു നഷ്ടം വരാനിരിക്കുന്ന നേട്ടത്തിന്റെ മുന്നോടി ആണ് എന്നാ പ്രമാണം ഒന്ന് കൂടി ഉറപ്പിച്ചു അങ്ങനെ ഞങ്ങളുടെ ടൂര്‍ കഴിഞ്ഞു .പിന്നീട് ഞാന്‍ ടൂര്‍ കൊണ്ട് പോയിട്ടില്ല , അതിനുള്ള അവസരം ദൈവം സഹായിച്ചു കിട്ടിയിട്ടും ഇല്ല .
ഞങ്ങള്‍ ഡിഗ്രിക്ക് ടൂര്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഒരു ഗസ്റ്റ് ലക്ചര്‍ ഉണ്ടായിരുന്നു. 23 ആണ്‍പിള്ളേരും 5 പെണ്‍പിള്ളേരും ഉള്ള ഞങ്ങളുടെ ക്ലാസ്സ് പൊതുവേ ഭീകര പട്ടികയിലാണ്. വേറെ ആളില്ലാത്തത് കാരണം ഈ ടീച്ചര്‍ന് നറുക്ക് വീണു. ഞങ്ങളുടെ കൂടെ പോയാല്‍ ജീവഹാനി വരെ സംഭവിക്കുമെന്ന് ബാക്കി ടീച്ചര്‍മാര് പാവത്തിനെ പറഞ്ഞു പേടിപ്പിച്ചു. ടൂര്‍ കഴിഞ്ഞ ഞങ്ങളുടെ ഏറ്റവും നല്ല കമ്പനി ആ ടീച്ചര്‍ ആയിരുന്നു.
ReplyDeleteഇത് വായിച്ചപ്പോള്‍ ടീച്ചര്‍നെ ഓര്‍മ്മ വന്നു. ടൂര്‍ എന്നും നല്ല അനുഭവമാണ്. കുറച്ചു കൂടി വിശദമാക്കി എഴുതാമായിരുന്നു.
"എന്‍റെ ചിത്രങ്ങള്‍" ഊര്‍ജസ്വലമാക്കൂ...
ReplyDeleteഅവിടെ പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നറിയിക്കണേ..
സിബു ; വായിച്ചതിനും കമന്റിയതിനും ഒത്തിരി സന്തോഷം. സിബു പറഞ്ഞത് നേരാണ് , ഒരുപാടു വിശദമായി എഴുതാന്‍ ഉണ്ടായിരുന്നു .എനിക്കിത്തിരി ധൃതി കൂടിപ്പോയില്ലേ എന്ന് സംശയം . ചിത്രങ്ങള്‍ വരുന്നുണ്ട് .
ReplyDeleteടീച്ചറെ, ഒരുപാട് ഒതുക്കിക്കളഞ്ഞ പോലെ. എങ്ങനെയെങ്കിലും മൊത്തം പറയേം വേണം, എന്നാലോട്ടു നീട്ടാനും വയ്യ എന്ന അവസ്ഥ. ഇഷ്ട്ടായില്ല.
ReplyDeleteഅതുപോലെ ഈ വേഡ് വെരിഫിക്കേഷന്‍ കൂടി ഒന്ന് ഒഴിവാക്കൂ. പ്ലീസ്.
ReplyDeleteആളവന്‍താന്‍; സത്യസന്ധമായി അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട് . ഒരുപാടു പറയാന്‍ ഉണ്ടായിരുന്നു . ഒരിക്കല്‍ എഴുതി പോസ്ടിയതാണ് , നെറ്റ് ചതിച്ചു. രണ്ടാമത് എഴുതി വന്നപ്പോള്‍ കയ്യും കണ്ണും മടി കാണിച്ചു . എനിക്കും വായിച്ചപ്പോള്‍ ഒരുപാടു കുറവുകള്‍ തോന്നി . പോസ്റ്റ് ചെയ്തില്ലേ . ഇനി സഹിക്കുക തന്നെ . (വേര്‍ഡ് വെരിഫികേഷന്‍ എടുത്തു ദൂരെ കളഞ്ഞു. ഇങ്ങനൊരു സംഭവം അറിയില്ലയിരുന്നെ )
ReplyDeleteകലാലയ ജീവിതത്തിലെ ടൂര്‍ യാത്രകള്‍ ഒരു ഹരം തന്നെയാണ്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് മാത്രം.
ReplyDeleteഎന്തായാലും കൂടുതല്‍ പ്രശ്നമില്ലാതെ തിരിച്ചു വരാനൊത്തല്ലോ... നന്നായി :)
ശ്രീ ,വീണ്ടും ഇതിലെ വന്നതില്‍ സന്തോഷമുണ്ട്
ReplyDelete@ shree said... ഒരിക്കല്‍ എഴുതി പോസ്ടിയതാണ് , നെറ്റ് ചതിച്ചു. രണ്ടാമത് എഴുതി വന്നപ്പോള്‍ കയ്യും കണ്ണും മടി കാണിച്ചു . എനിക്കും വായിച്ചപ്പോള്‍ ഒരുപാടു കുറവുകള്‍ തോന്ന"
ReplyDeleteടീച്ചറേച്ചീ... ഒരു ചെറിയ ടിപ് ആണെന്ന് കൂടിക്കൊള്ളൂ. എങ്ങനെയാണ് ടീച്ചറിന്റെ രീതി എന്നറിയില്ല. എഴുതി കണ്ടിട്ട് നേരിട്ട് ടൈപ്പ് ചെയ്യുന്നു എന്നാണ് തോന്നുന്നത്. കഴിവതും അത് ഒഴിവാക്കി പേപ്പറിലോ ബുക്കിലോ എഴുതി ഒരുപാട് വായിച്ചു തിരുത്തിയതിനു ശേഷം ടൈപ്പ് ചെയ്യുക. നന്നാവും.
ആളവന്‍താന്; വിമല്‍ , ശരിയാണ് ഒന്നുകില്‍ നേരെ ടൈപ്പ് ചെയ്യും , അല്ലെങ്കില്‍ സേവ് ചെയ്തു വച്ചിട്ട് പിന്നെ പോസ്റ്റ് ചെയ്യും. എഴുതി വച്ച് വായിച്ചു നോക്കി ചെയ്യുന്നത് നല്ല ടിപ് ആണ് , പക്ഷെ എനിക്കതിനൊക്കെ ഉള്ള ഒരു മനസ്സ് വരണമെങ്കില്‍ കുറച്ചു ദിവസം കൂടി കഴിയേണ്ടി വരും എന്ന് തോന്നുന്നു . എന്തായാലും ഞാന്‍ ശ്രമിക്കാം .നന്ദി
ReplyDeleteഈ ടൂറിനു പറയുന്നാ പേരാണ് അടിപൊളി ടൂര്‍ എന്ന് എന്നു വെച്ചാല്‍ “ അടി” കൊണ്ട് “പൊളി”ഞ്ഞു പോവുന്ന ടൂര്‍ ...
ReplyDeleteസംഭവങ്ങള്‍ നന്നായി എഴുതി