Tuesday, October 5, 2010

വെള്ളപ്പൊക്കം

                                 ഇതെന്തൊരു  മഴ ! തോരുന്നതെ ഇല്ല . ഈ കോണ്‍ക്രീറ്റ്  കൊട്ടാരങ്ങല്ക്കിടയില്‍ ഇങ്ങനെ പെയ്യുന്ന മഴ നാട്ടില്‍ എങ്ങനെ ആയിരിക്കും  എന്നോര്‍ത്ത് എനിക്ക് ഉറക്കം പോയി . 1994 ല്‍, ഇങ്ങനൊരു മഴ പെയ്തിരുന്നു . ഒരു ഒക്ടോബര്‍ മാസവും അടുത്ത നവംബര്‍ മാസവും ഓരോ വെള്ളപ്പൊക്കം സമ്മാനിച്ച്‌ ! നാട്ടില്‍ നിന്ന് വിളിക്കുന്നവര്‍ക്കെല്ലാം പറയാന്‍ മഴയുടെ കാര്യം മാത്രമേ ഉള്ളു . TV യില്‍ ഇന്നലെയും ഫ്ലാഷ് കണ്ടു ,തെന്മല  ഡാം തുറന്നു വിടുമെന്നും ,രണ്ടു ദിവസത്തേക്ക് കൊല്ലം ജില്ല യ്ക്ക് അവധി ആണെന്നും. കല്ലടയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്  വിളിച്ചു പറയുന്നു എന്ന് പേരമ്മ ഇന്നലെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു .
                                                                 അവിടെ പെയ്യുന്ന മഴ സുന്ദരമാണ് . തെങ്ങിലും മാവിലും പ്ലാവിലും പുല്ലിലും വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാണ്. കാക്ക നനഞ്ഞിറങ്ങിയാല്‍ പിന്നെ മഴ തോരില്ല . കാക്കയും പൂച്ചയും പശുക്കളും എല്ലാം ഇപ്പോള്‍ തൂവലും രോമവും എല്ലാം വിടര്‍ത്തി കുളിരടിച്ചു മടിപിടിച്ച് ഇരിക്കുന്നുണ്ടാകും . തണുപ്പ് കാരണം വെളിയില്‍ ഇറങ്ങാന്‍ തോന്നില്ല . കുരുമുളക് വള്ളിയില്‍ വെള്ളം തട്ടി തെറിച്ചു വീഴുന്നത് കാണാന്‍  മുറ്റത്തു ഇറങ്ങി നില്‍ക്കും. പക്ഷെ 94 ല്‍ പെയ്ത മഴ ഈ രൂപം മാറ്റി കളഞ്ഞു . മഴ തുടങ്ങി, തോരാതായി. ആറില്‍ വെള്ളംപൊങ്ങി  ,  തെങ്ങിന്‍ തോട്ടം മുങ്ങി , വീണ്ടും കയറി കയറി വന്നു. ഒരു വശം വയലും മറു വശം ആറും. രണ്ടും നിറഞ്ഞു കാവില്‍ക്കൂടെ ഒഴുക്കിട്ടു . കാവിനു അപ്പുറം ഉള്ള ആളുകളെല്ലാം സ്കൂളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ എത്ര ദിവസം . പുറം ലോകവുമായി ബന്ധമില്ലാതെ  ഞങ്ങള്‍ വീട്ടില്‍ ഒതുങ്ങി . ടൌണില്‍ പോകണമെങ്കില്‍ റോഡിലെ കടത്തു കടക്കണം.

                                             വെള്ളപ്പൊക്കം കൊണ്ട് ആറിന്റെ തീരത്തുള്ള കുഞ്ഞു വീടുകള്‍ പലതും തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കം കാണാന്‍വന്നവര്‍ എപ്പോഴും ആറിന്റെ തീരത്ത് കാണും .  വീട്ടില്‍ നിന്ന് ഇറങ്ങി പത്തു  ചുവടു  വച്ചാല്‍ താഴെ ഭീകര രൂപം പൂണ്ട കല്ലടയറിനെ കാണാം . എന്തെല്ലാം ഒഴുകി പോകുന്നത് കണ്ടു . ആരുടെയൊക്കെയോ വിലപിടിച്ച വകകള്‍ . വെള്ളപ്പൊക്കം  കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോള്‍ തോട്ടത്തില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ചെളി വാരി പൂശിയത് പോലെ നില്‍ക്കുന്ന തെങ്ങുകള്‍, അതിലെല്ലാം തങ്ങി നില്‍ക്കുന്ന തുണികളും . കാല് ചവിട്ടിയാല്‍ ചേറില്‍ പുതഞ്ഞു പോകും . അടുത്ത കുറെ മഴകള്‍ കഴിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ആറ്‌ കാണുന്നത്. 
                                                                        വയലിലെ കാര്യം പറയേണ്ടല്ലോ. പുതഞ്ഞ ചെളിയില്‍ കൃഷി കണ്ടു പിടിക്കാന്‍ പോലും കഴിയില്ലായിരുന്നു . വാഴയും കപ്പയും എല്ലാം നശിച്ചു . പച്ചക്കറി  വാങ്ങാന്‍ പറ്റില്ലഞ്ഞതിനാല്‍    വെറും നാടന്‍ കൂട്ടാനുകള്‍ കൂട്ടി ആഹാരം. അതില്‍ ചേമ്പിന്‍ തടയും ഉള്ളിയും ഇട്ടു വച്ച ഒരു കറി ഇപ്പോഴും ഓര്‍ക്കുന്നു. ആ രുചി പിന്നെ കിട്ടിയിട്ടില്ല .
                                            ഞാന്‍ പ്രീ ഡിഗ്രി ക്ക്  ചേര്‍ന്ന വര്‍ഷമായിരുന്നു അത്. കോളേജില്‍ ഷിഫ്റ്റ്‌  ആണ് . ഉച്ചയ്ക്ക് പോയി, അഞ്ചു മണി വരെ ക്ലാസ്സ്‌ . പോകാന്‍ വഴി പലതുണ്ട് , അങ്ങനെ വെള്ളപ്പൊക്കം കഴിഞ്ഞു കോളേജില്‍ പോയി . തിരിച്ചു വരുന്നത് അഞ്ചു മണിക്കുള്ള ഒരു അയ്യോ പാവി ആന വണ്ടിയില്‍ ആണ് . രണ്ടു മൂന്നു കിലോമീറ്റര്‍ വന്നു പേപ്പര്‍ മില്‍  കഴിഞ്ഞു വള്ളക്കടവില്‍ എത്തി ബസ്‌ ചളിയില്‍ പുതഞ്ഞു . പൊക്കാന്‍ പറ്റില്ല , ഇനിയും എട്ടു കിലോമീറെര്‍ എങ്കിലും പോയെ പറ്റു. ഒരു പ്രൈവറ്റ് ബസ്‌ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം ഓടി തുടങ്ങിയിട്ടും ഇല്ല . പിന്നെ നടപ്പ് തന്നെ ശരണം . വര്‍ത്തമാനം  പറഞ്ഞു അത്രയും ദൂരവും നടന്നു . ഏഴു മണിയായി വീട്ടില്‍ എത്താന്‍ . ബസ്‌ സ്റ്റോപ്പില്‍ അച്ഛന്‍ വന്നു നിന്ന് മടുത്തിരുന്നു .
                                         ഈ മഴയും ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാക്കുമോ . അതുപോലെ ഇരുള്  വെളിവില്ലാതെ പെയ്യുന്നു എന്ന് പറയുന്നു . വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ്‌ .മണല്‍ വാരി ആറ്‌ താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും.

15 comments:

  1. അതേ നാട്ടില്‍ മഴയാണ്, പെരുമഴ. ശോ അതൊന്നു കാണാന്‍ പറ്റാത്തതിന്റെ വിഷമത്തിലാ ഞാന്‍. നാട്ടില്‍ ഒക്കെ അവധിയാണത്രെ.!
    നല്ലൊരു ഓര്‍മ്മ സമ്മാനിച്ചു ടീച്ചറെ... നണ്ട്രി.

    ReplyDelete
  2. ഗൃഹാതുരത്വം നിറഞ്ഞ ഒരു പിടി ഓര്‍മ്മകള്‍...
    ഞാനും ഒന്ന് പിന്നോട്ട് നോക്കിപ്പോയി.

    നന്നായിരിക്കുന്നു ടീച്ചറേ..

    ReplyDelete
  3. ആളവന്‍താന്‍; വായിച്ചതിനും വളരെ നന്ദി
    അഞ്ജു; ആദ്യ സന്ദര്‍ശനം അല്ലെ . നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
  4. അല്ലെങ്കിലും ഇതെന്തൊരു മഴയാ

    ReplyDelete
  5. " വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ്‌." എന്ന് പറയുന്നത് അനുഭവസ്ഥനെന്ന നിലയില്‍ നേരാണെന്ന് ഞാന്‍ പറയും. എന്നാല്‍ "മണല്‍ വാരി ആറ്‌ താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും." എന്ന് പറഞ്ഞു ഞങ്ങളുടെ നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വീട് വെച്ചവരൊക്കെയും അനുഭവിച്ചു.

    ReplyDelete
  6. കുഞ്ഞായിരുന്നപ്പോള്‍ നാട്ടില്‍ വച്ച് വെള്ളപ്പൊക്കം ഉണ്ടാകാറുള്ളതും റോഡ് വെള്ളം കയറി മുങ്ങാറുള്ളതുമെല്ലാം ഇപ്പോഴും നല്ല ഓര്‍മ്മ ഉണ്ട്, ചേച്ചീ. ഒരിയ്ക്കല്‍ റോഡ് കടക്കാന്‍ കടത്ത് വഞ്ചി ഇട്ടതും ചെറിയ ഒരോര്‍മ്മ...

    ReplyDelete
  7. ഒഴാക്കന്; ദേ, മഴ തോര്‍ന്നൂന്നു, വന്നതിനു നന്ദി.
    ഷുക്കൂര്‍; ഇത്തവണ നമ്മുടെ നാട്ടില്‍ വെള്ളം ഒരുപാടു കയറിയില്ല. കമന്റിനു നന്ദി .
    നന്ദി ശ്രീ .

    ReplyDelete
  8. ആദ്യമായിട്ടാണിവിടെ.

    എന്റെ ബ്ളോഗില്‍ കണ്ട് വന്നതാണ്.

    ബ്ളോഗ് ഇഷ്ടമായി.

    ആശംസകള്‍ !!!

    ReplyDelete
  9. വെള്ളം പൊങ്ങിയാല്‍ കോളേജില്‍ പോകാതെ രണ്ടു മൂന്നു ദിവസം വീട്ടിലിരിക്കാം. അമ്മ ഉണ്ടാക്കി തരുന്ന ഉള്ളിവടയും പഴം പൊരിയും ചായയും കുടിച്ചു സുഖമായങ്ങനെ...
    ഇന്ന്, വടക്കേ ഇന്ത്യയിലൊക്കെ വെള്ളം പൊങ്ങി ആളുകള് വീടെല്ലാം ഉപേക്ഷിച്ചു പോകുന്നത് കാണുന്നത് സങ്കടമാണ്.

    ReplyDelete
  10. പാറുക്കുട്ടി ; നന്ദി
    സിബു; കമന്റിനു നന്ദി .

    ReplyDelete
  11. മഴക്കാലത്ത് ഞങ്ങളുടെ കോളേജിലും വെള്ളപ്പോക്കത്തിന്റെ അവധി ഉണ്ടാകാറുണ്ടായിരുന്നു,അന്ന് ഹോസ്റ്റലില്‍ അവധി ദിവസങ്ങളില്‍ ചീട്ട്കളിയുമായിരിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ ചോറ് ഉണ്ണാന്‍ പറ്റില്ലല്ലൊ എന്ന സങ്കടമായിരുന്നു..അന്ന് കുറ്റം പറഞ്ഞിരുന്ന ഹോസ്റ്റലിലെ ഭക്ഷണം എല്ലാവരോടോത്ത് കഴിക്കുന്നതിന്റെ സുഖം ഇന്ന് സ്റ്റാര്‍ ഹോട്ടലില്‍ കഴിക്കുമ്പോഴും ഇല്ല..! ഞാന്‍ എന്റെ കൂട്ടുകാരെ ഒന്നു വിളിക്കട്ടെ..:) ടീച്ചര്‍ക്ക് നല്ല ആശംസകള്‍

    ReplyDelete
  12. 'മഴ' കുഞ്ഞേ , നല്ല ഓര്‍മ്മകള്‍ . പങ്കു വച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം

    ReplyDelete
  13. മഴയെ ഞാന്‍ ഏറെ സ്നേഹിക്കുന്നു. മഴ പെയ്യുന്നതിനു തൊട്ടു മുന്‍പ് ഒരു തണുത്ത കാറ്റു വീശും. ഹാ! ഹാ! ആ കാറ്റില്‍ ചെടികളും, മരങ്ങളും തെങ്ങും എല്ലാം ഇളകിയാടും. പിന്നെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങും.. പിന്നെ മണ്ണില്‍ നിന്നും ഉയരുന്ന പുതുമണ്ണിന്റെ സുഗന്ധം എന്റെ സിരകളില്‍ ആവോളം നിറയ്ക്കും. മഴയുള്ളപ്പോള്‍ ഞാനിങ്ങനെ കുടയും ചൂടി റോഡിലുടെ ഒഴുകുന്ന വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്നത് ഓര്‍മ്മ വന്നു. അപ്പോള്‍ ഈ ലോകത്ത് ഞാനും മഴയും മാത്രം.. തിമിര്‍‌ത്തു പെയ്യുന്ന മഴയെ നോക്കി നില്‍‌ക്കാന്‍ എന്തു രസമാണ്‌. പലപ്പോഴും മഴയ്ക്ക് പല സ്വഭാവമാണ്‌. രാത്രി തുറന്നിട്ട ജാനലയ്ക്കപ്പുറം മഴയുടെ സംഗീതവും, ചീവിടുകളുടെ ഒച്ചയും, തവളകളുടെ കരച്ചിലും കേട്ട് അങ്ങിനെ‌ കിടന്ന് മയങ്ങാന്‍ കൊതിയാകുന്നു.

    ഇങ്ങിനെയൊക്കെയാണെങ്കിലും മഴ വിതയ്ക്കുന്ന ദുരിതങ്ങള്‍ വായിക്കുമ്പോള്‍ വിഷമവും തോന്നാറുണ്ട്.

    ശ്രീയുടെ പോസ്റ്റ് നന്നായിരുന്നു. ആശംസകള്‍.

    ReplyDelete
  14. വായാടി ; വാക്കുകള്‍ കൊണ്ട് മഴ പെയ്യിച്ചു എന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ . ഞാനും കുഞ്ഞായി പോയീന്നു തോന്നുന്നു . ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ഈ ഓര്‍മ്മകള്‍ .

    ReplyDelete
  15. ഇന്നു തന്നെ ഈ പോസ്റ്റ് ഞാന്‍ വായിച്ചത് നന്നായി.... പുറത്തിപ്പോഴും നല്ല മഴയാണ് .. അപൂര്‍വ്വമായി മാത്രം കാണാറുള്ള മഴ ഇന്നു രാവിലെ തുടങ്ങി ... ഉദിച്ചു വന്ന സൂര്യന്‍ എവിടയോ പോയി മറഞ്ഞു പുറത്ത് ഇരുള് പടര്‍ന്നു കൂട്ടിനായി കുറച്ച് ഇടിയുടെ ശബ്ദം കൂടി ആയപ്പോള്‍ നാട്ടിലെ ഒരു മഴക്കാലം മുന്നില്‍ എത്തി... കുട്ടിക്കാലത്ത് എനിക്ക് മഴ ഭയമായിരുന്നു.. അതിനു കാരണങ്ങള്‍ പലതാണ്.... ഇന്ന് ഞാനും മഴയെ ഇഷ്ടപ്പെടുന്നു... പുറത്തെ മഴയുടെ സുഖത്തില്‍ സുഹൃത്തുമായി സൌഹൃദ സംഭാഷണം ചാറ്റിലൂടെ നടത്തുമ്പോഴാണ് അവന്‍ കയറി വന്നത് മറ്റാരുമല്ല എന്‍റെ ബോസ്... മഴ കാരണം എങ്ങോട്ടോ പോവാന്‍ ഒരുങ്ങിയ അവന്‍ റൂട്ട് മാറ്റി ഇങ്ങോട്ട് കയറി... എല്ലാ രസച്ചിരടും പൊട്ടിച്ചു കളഞ്ഞ വനെ പ്രാകാന്‍ മനസ്സില്‍ തോന്നിയെങ്കിലും അവന്‍ എന്നെയും വിളിച്ച് പുറത്തെ മഴകാണാന്‍ വേണ്ടി നിന്നപ്പോള്‍ അത് ഒരു രസമായി തോന്നി.... പഹയന്‍ കുട്ടികളെ പോലയാ... മഴ വന്നാല്‍ വലിയ സന്തോഷമാ അവര്‍ക്ക് ... ഷോപ്പിനു മുന്നിലേക്ക് കസേരയിട്ട് ഞാനും അവനും അവിടെ ഇരുന്നു....മഴ ആസ്വദിച്ചു കൊണ്ട്... തഴ തീരുമ്പോഴെക്കും ഞാന്‍ ഈ കമന്‍റെഴുതി അവസാനിപ്പിക്കട്ടെ.....


    കുളിരുള്ള ഒരു ഓര്‍മ സമ്മാനിച്ച പോസ്റ്റ്... നന്ദി ശ്രീ...

    ReplyDelete