Monday, November 22, 2010

നായൊരു നല്ല മൃഗം ?

             "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ്‌ ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും  കണ്ടാല്‍ ഞാന്‍ അത്യാവശ്യം   സ്നേഹം  കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു  അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി  വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു       .        
                                                                                                                                                                                                                                                                                                        നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍  . അത് ചത്തതിനു ശേഷം അതിന്റെ മോള്‍  'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .

                                        പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക്  പഠിക്കുന്ന സമയം.  രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ്‌ സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട്  . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത്‌  മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും  ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ  നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .

                                    അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ്‌ അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട്  ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക്‌  എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .

                                         ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത്‌ എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി  വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ  തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട്‌ എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.  ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും .  ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.

                   എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു .  നല്ല വരമ്പില്‍ നിന്നും പാറയിലേക്ക്‌  കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക്‌ . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ  നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .

         " മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.

                      ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .

                     "അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.

                   കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ  എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌ .

                            ഈ സംഭവത്തിന്‌ ശേഷം ചിത്രത്തിലും  സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ  കണ്ടാലും  എറിയാന്‍  കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത്‌ എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .

21 comments:

  1. "അടി തെറ്റിയാല്‍ ആടും വീഴും' എന്നാണല്ലോ പുതുമൊഴി ! പട്ടിക്ക് പോലും ദേഷ്യം തോന്നും വിധം ആയിരുന്നോ ഉടയാടകള്‍ എന്നതും ആലോചിക്കേണ്ടതാണ്.
    (എത്ര സൂചി കയറ്റി എന്നത് അടുത്ത പോസ്റ്റില്‍ പറഞ്ഞാല്‍ മതി കേട്ടോ )

    ReplyDelete
  2. അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പറഞ്ഞ ഓര്‍മ്മയുടെ അവതരണം മികവുറ്റ് നില്‍ക്കുന്നു. പട്ടികളും അതിന്റെ രൂപവും പൂച്ചയോടുള്ള സ്നേഹവും പട്ടിയോടുള്ള സ്നേഹമില്ലായ്മയും, നടന്നു പോകുന്ന വഴിയും റബര്‍ മരവും പാറയും തോടും എല്ലാം ചവുട്ടി മെതിച്ച് നീങ്ങുന്ന അനുഭവം വായനക്കാരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ എഴുത്ത്‌.
    ആശംസകള്‍. ‌

    ReplyDelete
  3. കൊള്ളാല്ലോ....നന്നായി എഴുതണു...ഞാനും കൂടെ വരികാരുന്നു ആ വഴികളില്‍...നല്ലൊരു കഥ കേട്ട സന്തോഷത്തില്‍ പോകുവാ ട്ടോ റ്റീച്ചറേ

    ReplyDelete
  4. ഞാന്‍ പ്രതീക്ഷിച്ച ക്ലൈമാക്സ്-‌ താഴെ ചെളിയില്‍ വീണ്, ഏകദേശം മീശമാധവനിലെ സലിം കുമാര്‍ പറയുന്ന പോലെ "എന്തിലോ വീണ പോലെ" എന്ന് പറയുന്ന ടീച്ചറേച്ചിയുടെ വളിച്ച മുഖം നിറഞ്ഞു നില്‍ക്കുന്ന ഒരു സീന്‍ ആവും എന്നായിരുന്നു. അതുണ്ടായില്ല.!!!

    ReplyDelete
  5. എന്റെ ഇഷ്ടമൃഗമായ പട്ടിയെ "ജന്തു" എന്നു വിളിച്ച് ആക്ഷേപിച്ചതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യനോട് ഏറ്റവും സ്നേഹമുള്ള ഒരു മൃഗമാണ്‌ പട്ടി. ഇത്രയും ആത്മാര്‍ത്ഥയുള്ള വേറെ മൃഗമുണ്ടെന്ന് തോന്നുന്നില്ല.
    "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം" എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പൂച്ചകളെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അതാണ്‌ കാര്യം.

    രസകരമായി എഴുതിയിട്ടോ. പട്ടികളെ കുറ്റം പറഞ്ഞ എഴുതിയ പോസ്റ്റ് ആണെങ്കിലും ഇഷ്ടായി. :)

    ReplyDelete
  6. കുട്ടിക്കാലത്ത് ഒരിക്കല്‍ വീട്ടിലേക്കുള്ള 100 മീറ്ററിനുമുകളില്‍ ദൂരമുള്ള ഒരു ഇടവഴിയുടെ പകുതിയില്‍ എത്തിയപ്പോള്‍ ഒരു പട്ടി. ഞാന്‍ പെട്ടന്ന് നടത്തം നിറുത്തി അതിനെ നോക്കി അത് എന്‍റെ കണ്ണുകളിലേക്ക് നോക്കി തന്നെ നില്‍ക്കുന്നു.. ഞാന്‍ പതുക്കെ കുനിഞ്ഞു ഒരു കല്ലെടുക്കാന്‍ നോക്കി . ഭയങ്കരമായ ശ്ബ്ദത്തോടെ പട്ടി ഒരു കുര. കല്ലെടുക്കാന്‍ കുനിഞ്ഞ ഞാന്‍ അതിലും വലിയ ശബ്ദത്തോടെ നിലവിളിച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കാതെ ഓടി.. വീട്ടിലേക്ക് ഓടികയറി തിരിഞ്ഞു നോക്കുമ്പോള്‍ പട്ടിയുടെ അഡ്രസ്സ് പോലും ഇല്ല. കാരണം എന്‍റെ ഓരിയിടല്‍ കേട്ട് അവന്‍ തിരിഞ്ഞു ഓടിയിരിക്കുന്നു എന്ന് പിന്നെയാണ് മനസ്സിലായത് . അന്ന് ഞാന്‍ ഓടിയ ആ ഓട്ടം ഒളിമ്പിക്സിലായിരുന്നു എങ്കില്‍ ഹുസൈന്‍ ബ്ലോട്ടല്ല അയാളുടെ അപ്പാപ്പന്‍ വിചാരിച്ചാലും ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത്ര സ്പീഡ് ഉണ്ടായിരുന്നു ആ ഓട്ടത്തിനു.

    പിന്നീടും അതു പോലെ ഒരു അനുഭവം ഇവിടെ സൌദിയില്‍ വെച്ചും ഉണ്ടായിട്ടുണ്ട് .. അത് ജോലിസ്ഥലത്തേക്ക് സൈക്കിളില്‍ പോവുമ്പോള്‍ ആയിരുന്നു രണ്ട് മുന്ന് വളര്‍ത്തു പട്ടികള്‍.. സൈക്കിള്‍ ചവിട്ടിയിട്ട് നീങ്ങാത്തത് കാരണം അതവിടെ ഇട്ട് ഇറങ്ങി ഓടി.. അന്നു രക്ഷപ്പെട്ടു...

    പക്ഷെ എന്‍റെ വീട്ടില്‍ വളര്‍ത്തുന്ന ജാക്കിയോട് എനിക്ക് എന്ത് സ്നേഹമാ എന്നറിയോ . അവന്‍ വന്നതിനു ശേഷം എനിക്ക് പട്ടികളോടുള്ള ദേഷ്യമൊക്കെ മാറികെട്ടോ..--
    ‍----------------------------------------------------------

    പോസ്റ്റ് രസകരമായി .. പഴയ ഈ രണ്ട് ഓര്‍മകളും മനസ്സിലെക്ക് കൊണ്ട് വന്നു.

    പോസ്റ്റ്കള്‍ ഇടുമ്പോള്‍ മൈല്‍ ചെയ്താല്‍ അത് എത്തിപ്പെടാന്‍ എളുപ്പമാവും ...

    ReplyDelete
  7. പൂച്ചസ്നേഹിക്ക് നായ്ക്കളോട് ഇത്ര വിരോധമോ? എനിക്കു ഇടംകയ്യും വലംകയ്യും പോലെ ഇഷ്ടമാണ് രണ്ടിനെയും. ശ്രീയുടെ വീട്ടില്‍ ഒരു നായെ വളര്‍ത്താന്‍ ഞാന്‍ ശക്തമായി ശിപാര്‍ശ ചെയ്യുന്നു. എന്തെങ്കിലും ശത്രുത ബാക്കി നില്‍ക്കുന്നെങ്കില്‍ I strongly recommend you to watch the movie Hatchiko - A dog's tale" നായയുടെ അഭിനയം കണ്ട് മനുഷ്യര്‍ കരയുന്നത് കാണാം. പിന്നെ ഒരു കാര്യം ഓര്‍മ്മ വന്നത് നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും “നായരു“ നല്ല മൃഗം എന്ന് പാടിക്കൊണ്ട് എന്റെ പിറകെ വരുന്ന ജോസഫിനെയാണ്. വര്‍ഷം 40 ആയി കേട്ടോ. ഇപ്പോള്‍ എവിടെയാണോ എന്തോ

    ReplyDelete
  8. നായ്ക്കളെ ജന്തു എന്ന് വിളിച്ച ശ്രീ യോടും "പട്ടീ ഈ ഇഇ "എന്ന് വിളിച്ചു അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത വായാടിയോടും ഉള്ള പ്രപ്രതിഷേദം ഞാന്‍ ശക്ക്തവും വെക്ക്തവും ആയി രേഖപ്പെടുത്തുന്നു ..ഈ നായ് ആരാ മോന്‍ ...ഫ .നാ.. യിന്റെ മോനെ എന്ന് ഓമനത്തത്തോടെ നമ്മുട മാമുകോയ വിളിക്കുന്നത്‌ കേട്ടിട്ടില്ലേ ..ആരെങ്കിലും പൂച്ചേട മോനെ എന്ന് ആരെയെങ്കിലും വിളിച്ചു കേട്ടിട്ടുണ്ടോ ..അപ്പൊ ദതാണ് കാര്യം ...

    ReplyDelete
  9. ആളവന്‍താന്‍ ; മോശം , ഒരു ചേച്ചിയെ കുറിച്ച് ഇങ്ങനെ പ്രതീക്ഷിക്കാന്‍ പാടില്ലായിരുന്നു. ശാന്തം ..പാപം...


    Vayady ; തത്തമ്മയ്ക്ക് നായ്ക്കളെ ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി . ആത്മാര്‍ത്ഥതയുള്ള "ജന്തു ", അയ്യോ അല്ല മൃഗം (അങ്ങനെ പറയാം , അല്ലെ )ആണെന്ന് അറിയാം , പക്ഷെ എന്റെ മുന്‍പില്‍ വന്നു കഴിഞ്ഞാല്‍ ഞാന്‍ ഇതൊക്കെ മറന്നു പോകും . കുഞ്ചന്‍ നമ്പ്യാര്‍ പൂച്ചയെ കുറിച്ചും പാടിയിട്ടുണ്ട് . കേട്ടിട്ടില്ലേ , "ഒരു മാര്‍ജ്ജാരന്‍ വനഭുവി രാത്രിയില്‍ ഇരയും തേടി നടക്കും നേരം " ... എങ്കിലും പോസ്റ്റ്‌ ഇഷ്ടമായി എന്ന് പറഞ്ഞില്ലേ ,സന്തോഷമായി .



    ഹംസ ; ആ ഓട്ടം എനിക്ക് നന്നായി കാണാന്‍ പറ്റി. എന്റെ അവസ്ഥയെക്കാള്‍ ഒട്ടും മോശമല്ല .അത് വായിച്ചിട്ട് ചിരി വന്നു . എന്നിട്ടും നായ്ക്കളെ വളര്‍ത്തുന്നു , അല്ലെ . നല്ല ധൈര്യം . അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം . നന്ദി . (പോസ്റ്റ്‌ മെയില്‍ ചെയ്തൊക്കെ പഠിച്ചു വരുന്നതെ ഉള്ളു )



    ajith ; കീരിയേയും പാമ്പിനെയും ഒന്നിച്ചു ഇഷ്ടപ്പെടുന്ന പോലെ . സിനിമേലൊക്കെ കാണുന്ന നായകളെ എനിക്കും ഇഷ്ടമാണ് . പക്ഷെ , ആ പറഞ്ഞ പടം കണ്ടിട്ടില്ല . 101 ഡാല്മെഷ്യന്‍സ് , ബീഥോവന്‍, ബെവേര്‍ലി ഹില്ല്സ് ഷിവാവ ഒക്കെ എനിക്ക് ഇഷ്ടമാണ് .ആ പടം കാണാന്‍ ശ്രമിക്കാം .പക്ഷെ നായ മുന്‍പില്‍ വരരുത് , അത്രേയുള്ളൂ .



    രമേശ്‌ അരൂര്‍ ; പ്രതിഷേധം കണക്ക് വച്ചിരിക്കുന്നു . ഈ ബ്ലോഗായ ബ്ലോഗില്‍ ഒക്കെ സ്വന്തം ഫോട്ടോയ്ക്ക് പകരം പൂച്ചയുടെയും തത്തയുടെയും പശുവിന്റെയും പ്രാവിന്റെയും മറ്റും ചിത്രങ്ങള്‍ കാണാം , പക്ഷെ നായ എവിടെങ്കിലും ഉണ്ടോ . അപ്പൊ ഇതാണ് കാര്യം . ഈ അഭിപ്രായം ഇഷ്ടമായി. നന്ദി

    ReplyDelete
  10. പട്ടിക്ക്(പട്ടി സ്നേഹികൾക്ക് വേണ്ടി “നായ” എന്ന് ചൊല്ലുന്നു ഞാൻ) ഒരേസമയം പത്താളിനെ അല്ലങ്കിൽ നൂറ് പേരെ സ്നേഹിക്കാം .പക്ഷെ, എനിക്ക് (മനുഷ്യർക്ക്) അനന്തകോടി മനുഷ്യരെ ഒരേസമയം സ്നേഹിക്കാം .എന്തിന് പ്രപഞ്ചത്തെ ആകെയും സ്നേഹിക്കാം. പക്ഷെ, ഇവിടെ വിവരിച്ച പട്ടിക്ക് സ്വന്തം നാട്ടുകാരിയെ പോലും കുരച്ച് പേടിപ്പിക്കുന്നു.എന്നിട്ടും, നമ്മൾ പറയുന്നു , മനുഷ്യരെക്കാളും………..
    എങ്കിലും, ഞാനും പട്ടിയെ സ്നേഹിക്കുന്നു ……..
    പ്രിയ ശ്രീ പട്ടികുരച്ചത്കൊണ്ട് ,വീണത്കൊണ്ട് ബ്ലോഗ് സമ്പന്നമായല്ലോ,ആശ്വസിക്കുക……. സന്തോഷിക്കുക.
    ആശംസകളോടെ……..

    ReplyDelete
  11. "ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം . "
    ഇതു കൊള്ളാമല്ലോ ?

    ReplyDelete
  12. ചിരിച്ചിട്ട് വയ്യ ..പകുതി നിന്നും ഇരുന്നും മരത്തില്‍ കെട്ടിപിടിച്ചു
    മുറിവും പറ്റി നില്‍ക്കുന്ന ടീച്ചറോട് മോള് പേടിച്ചു പോയോ അവന്‍
    ഒന്നും ചെയയ്യില്ല എന്ന് ..അന്നു തൊട്ട്‌ അവര്‍ ആ "ജന്തുവിനെ" കെട്ടി
    ഇടുമായിരുന്നു. ഇവിടെപ്പിന്നെ ഏത് വാക്കാ ചേരുക ?അന്നു മുതല്‍ അവര്‍
    ആ നായയെ കെട്ടി ഇടുമായിരുന്നു എന്നോ ?ഞാന്‍ ആണെങ്കില്‍ "പിശാചിനെ"
    എന്ന് എഴുതിയേനെ.ഹ..ഹ...ഒത്തിരി ഇഷ്ടപ്പെട്ടു എഴുത്ത് .അഭിനന്ദനങ്ങള്‍ ...

    ReplyDelete
  13. Teacher just send a mail that
    new post is there.enough.

    ReplyDelete
  14. sm sadique ; പ്രപഞ്ചത്തെ ആകെയും സ്നേഹിക്കാന്‍ തക്ക വിധം മനുഷ്യന് വളരാന്‍ കഴിയും എങ്കിലും അതൊന്നും മനസ്സിലാക്കുന്നില്ല .അല്ലെ . ഇത്രയും നല്ല വാക്കുകള്‍ കൊണ്ട് ഈ ബ്ലോഗ്‌ സമ്പന്നമാക്കിയതില്‍ ഒത്തിരി ഒത്തിരി നന്ദി .


    Kalavallabhan ; അങ്ങനെ ചുരുക്കം ഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ . ആദ്യ സന്ദര്‍ശനത്തിനും കമന്റിനും നന്ദി .



    ente lokam ; സമാധാനമായി. ഒരാള്‍ എങ്കിലും എന്റെ ഭാഗം പറയാന്‍ ഉണ്ടല്ലോ. ഇപ്പോള്‍ തോന്നുന്നു "പിശാച്" എന്നും കൂടി എഴുതാമായിരുന്നു എന്ന് , അപ്പോള്‍ അത് വന്നില്ല . ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനു നന്ദി. ( ഇനി മറക്കാതെ മെയില്‍ ചെയ്യാം .ഇപ്പോള്‍ കുറച്ചു മെയില്‍ കിട്ടിയപ്പോള്‍ ആണ് പോസ്റ്റ്‌ മെയില്‍ ചെയ്യാറുണ്ട് എന്ന് അറിഞ്ഞത് )

    ReplyDelete
  15. ഈ നായകള്‍ക്ക് മനുഷ്യന്റെ ഭയം പോലെയുള്ള വികാരങ്ങള്‍ കണ്ടെത്താനുള്ള കഴിവുണ്ട് എന്നതാണ് സത്യം. നമ്മള്‍ അവയെ ഭയക്കുന്നതായി അവയ്ക്ക് മനസ്സിലായാല്‍ അത് പിന്നെ നമ്മെ സംശയത്തോടെയേ കാണൂ...

    അതേ പോലെ കല്ലെടുക്കുകയോ മറ്റോ ചെയ്താലും പ്രശ്നം തന്നെ. പകരം വല്യ മൈന്റില്ലാതെ നിന്നാല്‍ ഒരു മാതിരി നായ്ക്കളൊന്നും നമ്മെയും ശല്യപ്പെടുത്താതെ പോകുന്നതായിട്ടാണ് എന്റെ അനുഭവം.

    [പണ്ട് രണ്ടു മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ ഒരു നായയുടെ പുറത്ത് ചവിട്ടിക്കയറാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമായി കക്ഷിയും ഞാനും തമ്മില്‍ ചെറുതായൊന്ന് ഉരസി എന്നതൊഴിച്ചാല്‍ പിന്നീടിതുവരെ നായ്ക്കള്‍ എനിയ്ക്ക് പ്രശ്നമുണ്ടാക്കിയിട്ടില്ല.]

    ReplyDelete
  16. രാമു, ദാമു, സുലോചന, സുന്ദരി എല്ലാത്തിന്റെയും പേര് കൊള്ളാം. എന്‍റെ സുഹൃത്തിനൊരു പട്ടി ഉണ്ടായിരുന്നു "പ്രദീപ്‌" .
    നായയെ അങ്ങനെ വെറുക്കേണ്ട കേട്ടോ. ഏറ്റവും നന്ദിയുള്ള മൃഗമല്ലേ.
    ഇനി നായയെ കാണുമ്പോള്‍ അതിന്‍റെ കണ്ണില്‍ തന്നെ നോക്കിയാല്‍ മതി. മുഖത്ത് കള്ള ലക്ഷണം ഉള്ളവരെ കാണുമ്പോള്‍ ഏത്‌ നയക്കും ഒന്ന് കടിക്കാന്‍ തോന്നും.ഹി ഹി . നായ നമ്മളെ നോക്കുമ്പോള്‍ നമ്മള്‍ വായ ചെറുതായി തുറക്കുകയും അടക്കുകയും ചെയ്താല്‍ മതി. "ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു" എന്നാണതിനെ അര്‍ഥം .എന്തായാലും പോസ്റ്റ്‌ കൊള്ളാം കേട്ടോ

    ReplyDelete
  17. Manoharamaayi ezhuthiyirikkunnu. Ishtamaayi.

    ReplyDelete
  18. ശ്രീ ; അന്ന് ഞാന്‍ മൈന്‍ഡ് ഇല്ലാതെ പോയെങ്കില്‍ സൂചി കുറെ ശരീരത്തില്‍ കയറിയേനെ എന്ന് തോന്നുന്നു . രണ്ടാം വയസ്സില്‍ നായ നമുക്ക് ആന പോലെയാണ് . അല്ലെ . നന്ദി, ശ്രീ .

    കിരണ്‍ ; 'എടാ പ്രദീപേ ' എന്ന് നായയെ വിളിക്കുന്നതോര്ത്തിട്ടു ചിരി വരുന്നു . നായയുടെ ഈ പുതിയ ഭാഷ പരീക്ഷിച്ചു നോക്കാം. എങ്കിലും ഇവറ്റയുടെ മനശാസ്ത്രം എങ്ങനെ പഠിച്ചു.അഭിപ്രായത്തിനു നന്ദി കിരണ്‍.


    സുജിത് കയ്യൂര്‍ ; ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം സുജിത്. നന്ദി

    ReplyDelete
  19. പരീക്ഷിച്ചു നോക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ.
    ഭാര്യയുമായി വഴക്കിട്ടിട്ട് വരുന്ന നായ ആണെങ്കില്‍ അത് മതി വന്നു കടിക്കാന്‍.
    ഇടയ്ക്കു http://karimanimala.blogspot.com/ വഴി ഒക്കെ വരാം കേട്ടോ.

    ReplyDelete
  20. this is called dogomania. i had this fear once upon a time. the remedy is becoming familiar with a puppy. then you will see you are not afraid of it anymore.
    Nicely presented

    ReplyDelete
  21. അഹ.
    വായാടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.
    പട്ടിയോളം സ്നേഹമുള്ള മൃഗം വേറെയില്ല.
    എന്തിനു, പട്ടികള്‍ക്കുള്ള ആത്മാര്‍ഥത ഇന്ന് മനുഷ്യന് പോലും ഇല്ല.
    പക്ഷെ stray dogs കളെ പേടിക്കേണ്ടത് തന്നെയാണ്.
    ഒരു ചെറിയ കുട്ടിയെ ഒരു പട്ടി കടിച്ചു കൊന്ന വാര്‍ത്ത ഓര്‍ത്തു പോയി
    എന്തായാലും ഓര്മ പോസ്റ്റ്‌ നന്നായി.

    ReplyDelete