Tuesday, March 29, 2011

പാവം സുന്ദരൻ, ഇനി പാടട്ടെ.

കണ്ണാടിയിൽ നോക്കിയിട്ട് രഘുവിനു തൃപ്തി വന്നില്ല.ഷർട്ട് ഊരിയെടുത്തു വീണ്ടും തേച്ചു മിനുക്കി.ആദ്യം മുണ്ടെടുത്തു ഉടുത്തതാണു. പക്ഷെ അതു പോരെന്നു തോന്നി.പിന്നെ പാന്റ്സിലേക്കു മാറി. ഇനി നെറ്റിയിലൊരു കുറി വയ്ക്കണം.മഞ്ഞ,ചുവപ്പ്, ചന്ദനം എല്ലാം കരുതി വച്ചിട്ടുണ്ട്.കു ങ്കുമമെടുത്തു കുറി വരച്ചു.ദേവിപ്രസാദമാണു.പക്ഷെ, കണ്ണാടി അയാളെ വിലക്കി.അതു ശരിയാകില്ല.തുടച്ചു.കുങ്കുമം നെറ്റിയിലാകെ പടർന്നു. നന്നായി സോപ്പ് തേച്ചു കഴുകി കളഞ്ഞു. മുഖം തുടച്ചു വീണ്ടും കണ്ണാടിയിൽ നോക്കി.
“ഈശ്വരാ” അറിയാതെ വിളിച്ചു പോയി. മിനുക്കി വച്ചിരുന്ന ഷർട്ട് മൊത്തം വെള്ളം തെറിച്ചു വൃത്തികേടായിരിക്കുന്നു.
അതിനിടയ്ക്കാണു അമ്മ കയറി വന്നതു.
“എന്താടാ ഇത്? കുഞ്ഞിക്കൂനൻ സിനിമേലെപ്പോലെ നീ തുടങ്ങീട്ടു കുറെ നേരമായല്ലോ”
“ഒരു വഴിക്കു പോകുമ്പോൾ വൃത്തീം മെനേം ആയിട്ടു പൊണം.ഈ കാട്ടിൽ കിടക്കുന്ന നിങ്ങൾക്കുണ്ടൊ വല്ലോം അറിയുന്നു.“
“അതെയതെ.ശ്രീക്കുട്ടനും അമ്മാവനും ഇപ്പോൾ വരും.നീയിവിടെ ചമഞ്ഞു നിന്നോ.പെണ്ണു വീട്ടിൽ ഇന്നു ചെല്ലാനാ പറഞ്ഞതു.നാളെയല്ല. ഇപ്പോ കണ്ടാലും കൊള്ളാം .ആകെക്കൂടെ ഓച്ഛൻ കൊഴിക്കാഷ്ടം ചവിട്ടിയപോലെയായി.”
ഇത്ര കൂടി കേട്ടപ്പോഴേക്കും പരിഭ്രമം ഇരട്ടിച്ചു.അമ്മ പറഞ്ഞതു ശരിയാണ്.കുങ്കുമം ശരീരമാസകലം പറ്റിച്ചിട്ടുണ്ട്. ഷർട്ട് നനഞ്ഞു ആകെ വൃത്തികേടും ആയി.ഇനി മാറ്റുക തന്നെ.
അലമാരി മൊത്തം പരതിയിട്ടാണു മനസ്സിനു പിടിച്ചതൊരെണ്ണം കിട്ടിയത്. ഇനി അതു തേക്കണം.തേച്ചു മിനുക്കി എടുത്തണിഞ്ഞപ്പോഴേക്കും ഷർട്ട് പാന്റ്സിനു ചേരുന്നില്ല. പാന്റ്സ് മാറ്റാതെന്തു ചെയ്യാൻ. വീണ്ടും പരതൽ.ചേരുന്ന നിറം നോക്കി ഒന്നു തപ്പിയെടുത്തു. അതു ആകെ ചുരുണ്ട് നാശമായിരിക്കുന്നു.
പാന്റ്സ് നിവർത്തിട്ടു ,സ്വിച്ച് ഇട്ടപ്പോൾ കറന്റ് ഇല്ല. ശരിക്ക് ഷോക്ക് അടിച്ചപോലെയായി
നിന്ന നിൽപ്പിൽ അലറി, “അമ്മേ...”
“എന്താടാ കിടന്ന് അമറുന്നത്? “ .
“കറന്റില്ല“
“ഓ , അത്രേയുള്ളോ.അതു പുതിയ കാര്യമല്ലെ? ചെറുക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ.”
“അതല്ല, ഈ പാന്റ്സ് തേക്കണം”
“ കറന്റില്ലാതെ തേക്കുന്നതിനുള്ള മാജിക്കൊന്നും എനിക്കറിയില്ല.നീയതിട്ടു പോയാൽ മതി.”
ദുഷ്ട , തള്ളയാണു പോലും. എന്തു പറഞ്ഞാലും തലേൽക്കേറില്ല. മോനൊരു പെണ്ണുകെട്ടിക്കാണണമെന്നു തരിമ്പും ആഗ്രഹമില്ല.
“പറ്റില്ല, വേഗം ചിരട്ട കരിച്ചു പെട്ടിയിലാക്കി താ”
“ശ്ശൊ! ഈ ചെറുക്കനെക്കൊണ്ടു തോറ്റല്ലോ. ഇനി കാമദേവനു അതിന്റെ കുറവു വേണ്ട”
ചിരട്ടക്കരി നിറച്ചു പെട്ടിയുമായി അമ്മയെത്തിയപ്പോഴാണു രഘുവിനു സമാധാനമായതു.
തേച്ചു മിനുക്കിയ പാന്റ്സും ഷർട്ടും, കൊള്ളാം.നന്നായി ആദ്യത്തെ ഷർട്ട് മുഷിഞ്ഞത്. ഇതു തന്നെ ഭംഗി.കണ്ണാടിയിലേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.മുഖം തുടച്ച് വീണ്ടും പൌഡറിട്ടു. മുടിചീകുന്നതൊന്നും ശരിയാകുന്നില്ല.
“ കല്യാണിയേ, അവൻ ഒരുങ്ങീല്ലേടീ” ഒരു വിളി. അമ്മാവനാണു. ഇനി താമസിച്ചാൽ അങ്ങേരുടെ വായിലിരിക്കുന്നതു കേൾക്കണം.
“ രഘുവേ, റെഡിയായില്ലേടാ. സമയം വൈകുന്നു.ഇറങ്ങ്” ശ്രീക്കുട്ടൻ അകത്തെത്തി.ശ്രീക്കുട്ടൻ രഘുവിന്റെ ഒരേയൊരു സുഹൃത്താണു.
“ഇതെന്താടാ, ഷർട്ടൊക്കെ ഇപ്പോഴേ വിയർത്തു നനഞ്ഞല്ലോ,നീയിവിടെന്താ ,കിളയ്ക്കുകയായിരുന്നോ?”
ചോദ്യത്തിന്റെ കൂടെ ശ്രീക്കുട്ടനെ കാണുക കൂടിആയപ്പോൾ രഘുവിന്റെ മുഖം കടന്നൽ കുത്തിയതുപോലെയായി. പെണ്ണു കാണാൻ പോകുന്നതു അവനാണെന്നു തോന്നും കണ്ടാൽ.
“ദാ, വന്നു. മുടിചീകി പൌഡർ ഇട്ടാൽ മതി. ഒരുക്കമൊന്നും ഇല്ലെന്നേ”
ഇത്ര പറഞ്ഞു നാവ് വായിലിട്ടതും അമ്മ വിളിക്കുന്നു,.
“ മതിയെടാ, കല്യാണമൊന്നും അല്ല, പെണ്ണുകാണൽ മാത്രമാ. മൂന്നു മണിക്കൂർ ഒരുക്കമൊക്കെ ധാരാളമാ”
ശ്രീക്കുട്ടൻ അമർത്തി ചിരിച്ചു.ഒരു കല്യാണത്തിനുള്ള മഞ്ഞൾ കാണും രഘുവിന്റെ മുഖത്ത് ഇപ്പോൾ.
“ ഇതെന്തായേട്ടാ ഇവനു മാത്രം പെണ്ണു കിട്ടാത്തേ.ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു.അവനെന്താ ഒരു കുറവു.ജോലിക്കു ജോലി, നല്ല സാമ്പത്തികം. അവനെ കണ്ടാലും ആരും തെറ്റു പറയില്ല.അല്ലേ” അമ്മ അമ്മാവനോട് സങ്കടം ഉണർത്തിക്കുന്നതു കേട്ടിട്ടു രഘുവിനു കലി വന്നു.
“എടീ, മനുഷ്യന്റെ രൂപം മാത്രം പോര, സ്വഭാവം കൂടി വേണം.ഇടപെടാൻ പഠിക്കണം.നിനക്കറിയാമല്ലോ.ഓരോ സ്ഥലത്തും നിന്റെ മോൻ കാട്ടിക്കൂട്ടിയതു.അവന്റെ വെപ്രാളം കണ്ടാൽ ആരായാലും ഇവനു വല്ല കുഴപ്പൊമുണ്ടോന്നുസംശയിക്കും.അഥവാ പെണ്ണിനു അവനെ ഇഷ്ടമായാൽ അവനു പിടിക്കില്ല.അവന്റെ നോട്ടോം കുറവൊന്നും അല്ലല്ലോ”
‘പരട്ട് കിളവൻ ! അങ്ങേരുടെ മോളെ കെട്ടാത്തതിലുള്ള ദേഷ്യം .പറയുന്നതു കേട്ടില്ലേ. ഇയാളെ ഒരു വഴിക്കു കൊണ്ടുപോയാലെ ശരിയാകില്ല. അതല്ലേ നാക്കു’.
പാവപോലെ രഘു താഴേക്കു ഇറങ്ങി , സൂക്ഷിച്ച്, ഡ്രസ്സ് ചുളിവുകൾ വീഴാതെ
“എന്താടാ, നിന്റെ കക്ഷത്തിൽ ഇഷ്ടിക വച്ചിട്ടുണ്ടോ?” അമ്മയുടെ ഒറ്റ ചോദ്യത്തിൽ മൊത്തം കൈവിട്ടു പോയി. കൂടെ ബ്രോക്കറുടെ ചിരി രഘുവിനു പിടിച്ചില്ല.
കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറാൻ ഒരുങ്ങിയ രഘുവിനെ ശ്രീക്കുട്ടൻ വിലക്കി.
“വേണ്ട, ഇന്നു ഞാൻ ഡ്രൈവു ചെയ്യാം”
ശരിയാണു, അവൻ തന്നെ വളയം പിടിക്കട്ടെ, തനിക്കിവിടെ സ്വസ്ഥമായി ഇരിക്കാം.
“ നല്ല പെൺകുട്ടിയാണു, സുന്ദരി. ഇതൊന്നും മാത്രം കൊണ്ടു കുളമാക്കല്ലേ കുഞ്ഞേ.” ബ്രോക്കറാണ്. താനെന്തോ മനഃപൂർവ്വം ചെയ്യുന്നതാണെന്നു തോന്നും. കഴിഞ്ഞതവണ തന്നെ ഇരിക്കാൻ തുടങ്ങിയപ്പോൾ കസേര മറിഞ്ഞ്പോയത് ആരുടെ കുറ്റം. പ്ലാസ്റ്റിക് കസേരയൊന്നും കൊള്ളില്ലായെന്ന് ആർക്കാണറിയാത്തത്. ആ ടെൻഷനിൽ ചായ കയ്യിൽ നിന്നില്ല. പിന്നെ അമ്മയോട് കുട്ടിയെവിടെയാ പഠിച്ചത് എന്നും ആ വെപ്രാളത്തിൽ ചോദിച്ചു പോയി.ഇതിപ്പോൾ ഒൻപതാമത്തെ പെണ്ണുകാണലാണു. താനീകാട്ടിക്കൂട്ടുന്നതൊന്നും സ്വയം സൃഷ്ടിക്കുന്നതല്ലല്ലോ.അങ്ങനെ വന്നു പോകുന്നതാണ്.
“രഘൂ, ഇറങ്ങുന്നില്ലേ. ഇരുന്നു സ്വപ്നം കാണുകയാ?” ശ്രീക്കുട്ടന്റെ ചോദ്യം കേട്ടു ഞെട്ടിയുണർന്നു.
വീടെത്തി.രഘുവിനു കാലിൽ ഒരു തരിപ്പു കയറുന്നപോലെ തോന്നി.‘ഈശ്വരന്മാരെ, മാനം കെടുത്തല്ലേ.‘
പെൺകുട്ടിയുടെ അച്ഛനാകും ഇറങ്ങി വന്നു.
“ഇതാണു പയ്യൻ” ബ്രോക്കെർ കാര്യം അവതരിപ്പിച്ചു.രഘു ചിരിക്കാൻ ശ്രമിച്ചു.
അകത്തുകയറി , ചൂണ്ടിക്കാട്ടിയ കസേരയിൽ ഇരുന്നു.ശ്വാസം ആഞ്ഞു വലിച്ചു സ്വസ്ഥമാകാൻ ശ്രമിച്ചു കൊണ്ട് ചുറ്റും നോക്കി.നല്ല വീട്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ബ്രോക്കെറും അമ്മാവനും അച്ഛനുമായി സംസാരിക്കുന്നു.ഇടയ്ക്ക് ശ്രീക്കുട്ടനും അഭിപ്രായങ്ങൾ പറയുന്നുണ്ട്. ചായയും പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്നു.
“കുട്ടിയെ വിളിക്കൂ” അമ്മാവൻ.
രഘുവിനു പരിഭ്രമം ആയി.വിറയ്ക്കാനും വിയർക്കാനും തുടങ്ങി. നാവ് കുഴയുന്നപോലെ.ഒന്നും സംസാരിക്കാൻ പറ്റില്ലേന്നൊരു തോന്നൽ.
നന്നായി ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു.വീട്ടിലൂടെ ധരിക്കുന്ന ഡ്രസ്സ് തന്നെ. ആകെ നെറ്റിയിൽ ഒരു പൊട്ടാണു ഒരുക്കം.രഘുവിനു ശ്വാസം മുട്ടി തുടങ്ങി. ‘അഹങ്കാരി., ഒരു കൂസലുണ്ടോന്നു നോക്കിയേ’.
അവൾ രഘുവിന്റെ മുഖത്ത് നോക്കി ചിരിച്ചു. രഘുവിന്റെ ചിരി ചുണ്ടിലെവിടെയോ വന്നു രൂപമാറ്റം സംഭവിച്ച് വികൃതമായി.
“രഘൂ, എന്നെ ഓർക്കുന്നില്ലേ?” രഘു ഞെട്ടി. പേരു വിളിക്കുന്നു അവൾ, പോരാത്തതിനു ഓർക്കുന്നുണ്ടോന്ന്.
ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ, ഒരു പരിചയം.എവിടെയോ കണ്ട പരിചയം. ഒന്നും ഓർമ വരുന്നില്ല.
“രഘൂ, ഞാൻ ലേഖയാണ്, ഡിഗ്രി ക്ലാസ്സിൽ നമ്മൾ ഒന്നിച്ച് പഠിച്ചിരുന്നു. മറന്നോ?”
‘ലേഖ ! ഈശ്വരാ, ഇവളുടെ വിവാഹം കഴിഞ്ഞില്ലേ‘.സംസാരിച്ചിട്ടില്ലെങ്കിലും അന്ന് ലേഖയോട് ആരാധനയായിരുന്നു.ഒരു സെമിനാർ ആണു അതു മാറ്റിമറിച്ചതു. പിന്നെ അവളോട് വെറുപ്പാണോ അതോ ഭയമാണോയെന്നറിയില്ല . അന്നു രഘുവിന്റെ ക്ലാസ്സായിരുന്നു.’വിറതാങ്ങി’യിൽ പിടിച്ചു നിന്നു, respected teachers and my dear friends..എന്നു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. Today I..I..I..എത്ര തവണ അതു പറഞ്ഞെന്ന് ഓർക്കുന്നില്ല. ലേഖയുടെ പൊട്ടിച്ചിരിയാണു പിന്നെ കേട്ടതു. പിറകെ ക്ലാസ് മൊത്തം ചിരിച്ചു.തൊണ്ടവരണ്ടതും പിന്നെ തലചുറ്റിയതും മാത്രമേ ഓർമയുള്ളു. ആ ഭയങ്കരി ഇത മുൻപിൽ വീണ്ടും.ഇവൾ ആണെന്നു അറിഞ്ഞെങ്കിൽ വരില്ലായിരുന്നു.ഇതും മുടങ്ങിയതു തന്നെ. രഘു ദയനീയമായി അമ്മാവനെ നോക്കി.
“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കെടാ”
“ഇല്ല, ഒന്നുമില്ല”
“അല്ല, എനിക്കു സംസാരിക്കണം” അതവളുടെ ശബ്ദമാണ്. ഇനി എഴുന്നേറ്റ് അവൾക്കൊപ്പം പോയേ പറ്റൂ. ഇന്നിനി എന്തിനുള്ള പുറപ്പാടാണോ.
“ ഇരിക്കു രഘൂ” കസേര കാട്ടി ലേഖ ക്ഷണിച്ചു.
ഇരുന്നിട്ട് ദയനീയ ഭവത്തിൽ ലേഖയെ നോക്കി. അവൾ , യക്ഷി നിന്നു ചിരിക്കുന്നു.
“എന്താ സംസാരിക്കാനുള്ളതു? എനിക്കു വേഗം പോണം.” അത്ര പറഞ്ഞൊപ്പിച്ചു.
“കൂടുതലൊന്നും പറയാനല്ല, രഘുവിനു അറിയുമോ,എനിക്കു തന്നെ പണ്ടേയിഷ്ടമായിരുന്നു. ഇപ്പോഴും അതേ.ഇത്രെം പറയാനാ. ഇനി പോണമെങ്കിൽ പോയ്ക്കോള്ളൂ.”
അവിശ്വസനീയതയോടെ രഘു മുഖമുയർത്തി ലേഖയെ നോക്കി.അതെ, അവൾ കാര്യമായി തന്നെ പറയുകയാണു.
എവിടെ നിന്നാണെന്നറിയില്ല ഒരു ഉണർവ്. അവളുടെ മുഖത്തു നേരെ നോക്കാൻ കഴിയുന്നു. ചിരിച്ചു, സുന്ദരമായി തന്നെ.“ലേഖേ”. വിളിച്ചു നോക്കി. സത്യം തന്നെ. അവളും ചിരിക്കുന്നു.സന്തോഷത്തിൽ.
“എനിക്കും....” എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു എഴുന്നേറ്റു നടന്നു. വിറയ്ക്കാതെ.മനസ്സിൽ മയിലുകൾ പീലി വിടർത്തിയാടുന്നത് ആരും അറിയാതിരിക്കാനോരു വിഫല ശ്രമം നടത്തിക്കൊണ്ട്.... തന്റെ ചിരി നന്നായിരുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞ്.....

34 comments:

  1. ((((((((((((((ഠിം)))))))))))))))))))))

    തേങ്ങ ഞാനുടച്ചൂട്ടാ...നന്നായിട്ടുണ്ട് റ്റീച്ചറേ....തുടക്കം മുതൽ ഒടുക്കം വരെ രഘുവിന്റെ അതേ ശ്വാസം മുട്ടലോടെ വായിച്ചു...ഹിഹി...

    ReplyDelete
  2. ഹഹഹ്ഹ... ശ്രീ,ഇഷ്ടായിടോ..ഞാന്‍ എന്‍റെ ഭൂതകാലതിലെക്കൊന്നു പോയി..
    നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു,
    --

    ReplyDelete
  3. ശ്രീയുടെ പഴയ പോസ്റ്റുകളെ അപേക്ഷിച്ചു ഇതിനു നിലവാരം കുറവാണെന്ന് തോന്നി. ഒരു പെണ്ണുകാണല്‍ പരവേശം ആണ് പ്രമേയം എന്നതൊഴിച്ചാല്‍ പ്രത്യകത ഒന്നും തോന്നിയില്ല. എന്നാല്‍ രചനാവൈഭവവും അക്ഷരശുദ്ധിയും പ്രകടമാണ് താനും .
    ("ഓച്ഛൻ കൊഴിക്കാഷ്ടം ചവിട്ടിയപോലെയായി" ഈ പ്രയോഗം ആദ്യമായി കേള്‍ക്കുകയാണ്. നല്ല പഴംചൊല്ല്! ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. എന്നിട്ട് വേണം എന്റെ 'പഴഞ്ചൊല്ല് ശേഖരത്തില്‍' ഇതും ചേര്‍ക്കാന്‍)
    ആശംസകള്‍

    ReplyDelete
  4. അപ്പൊ ഇത്രയും നാള്‍ ലേഖ രഘുവിനു വേണ്ടി കാത്തിരിയ്ക്കുകയായിരുന്നോ...ഈ പെണ്ണൂകാണല്‍ ചടങ്ങ് ലേഖയുടെ ഗൂഡാലോചന ആയിരുന്നോ..?
    വായിയ്ക്കാന്‍ രസമുണ്ടായിരുന്നു ട്ടൊ, ഇഷ്ടായി..

    ReplyDelete
  5. ചില മുന്‍ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഒന്നായി ഈ പെണ്ണുകാണല്‍.
    വളരെ ലളിതമായി അവതരിപ്പിച്ചു.

    ReplyDelete
  6. ഈ കഥ sreeeയുടെ മറ്റു രചനകളില്‍ നിന്നു ഒരു break തന്നെയാണ്. തന്‍റെ രചനകളില്‍ എല്ലായ്പോഴും കലഹങ്ങളിലേക്ക് കാലു വെയ്ക്കാതെ പ്രശാന്തമായ ഒരു നദിയുടെ ഒഴുക്കും സംഗീതവും ഒരുക്കുന്ന ഈ എഴുത്തുകാരി പൊള്ളയായ ബഹളങ്ങളില്‍ താത്പര്യം കാണിക്കാറില്ലെന്ന് തോന്നുന്നു. എല്ലാറ്റിലും നന്മ മാത്രം ദര്‍ശിക്കുന്ന ഒരു മനസ്സ് അതോടൊപ്പം തുടര്‍ച്ചയായി ഈ എഴുത്തില്‍ തെളിയാറുമുണ്ട്. ലോകം അങ്ങിനെയല്ല എന്ന പരുക്കന്‍ യാഥാര്‍ത്ഥ്യം നില നില്‍ക്കെ തന്നെ ഇവ വായിക്കുമ്പോള്‍ ആ പുഴയുടെ ആദിവിശുദ്ധിയില്‍ മുങ്ങി നിവര്‍ന്ന ഒരനുഭൂതി ലഭിക്കുന്നു എന്നതാണ് അതിന്‍റെ പുണ്യം. ഇവിടെ ആ വിശുദ്ധി നില നിര്‍ത്തിക്കൊണ്ട് തന്നെ നല്ല നര്‍മ്മത്തിന്‍റെ അത്തറു പൂശി ഇതാ ഒരു നല്ല രചന. ലേഖയും രഘുവും ഗ്രാമവിശുദ്ധിയുള്ള ജീവിയ്ക്കുന്ന കഥാപാത്രങ്ങളായി മുന്‍പില്‍ നില്‍ക്കുന്നു. lekha just feels like the girl next door.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ശ്രീ, നല്ല ഒരു കഥ വളരെ വഴക്കത്തോടെ പറഞ്ഞു. നമ്മള്‍ അദ്ധ്വാനിച്ച പണം കൊടുത്ത് ഒരു പുസ്തകം വാങ്ങുമ്പോള്‍ ആ പണത്തിന്റെ മൂല്യം പുസ്തകവായനയില്‍ നിന്ന് ലഭിക്കുന്നുവെങ്കില്‍ കച്ചവടം ലാഭം. അഥവാ പുസ്തകം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നഷ്ടം. ബ്ലോഗില്‍ വായനക്കാര്‍ പണം കൊടുത്തല്ല വായിക്കുന്നത്. എന്നാല്‍ സമയം കൊടുത്താണ് ഓരോ പോസ്റ്റും വായിക്കുന്നത്. വായിച്ചിട്ട് ഒരു പ്രയോജനവുമില്ലെങ്കില്‍ കച്ചവടം നഷ്ടം. ശ്രീയുടെ ഈ കഥ വായിച്ച് നഷ്ടമൊന്നും വന്നില്ല. (ഇഷ്ടിക എടുത്ത് കക്ഷത്തില്‍ വച്ച് നടക്കുന്ന ഒരാളിനെ അറിയാം പക്ഷെ ചോദിക്കുകയൊന്നുമില്ല. വെറുതെയെന്തിനാ...)

    ReplyDelete
  9. ഒരു കൊച്ചു സംഭവം എത്ര മനോഹരമായി
    ആസ്വാദ്യകരമായി അവതരിപ്പിച്ചു !!.നര്‍മത്തിന്റെ
    അതി ഭാവുകത്വം ഇല്ലാതെ എന്നാല്‍ രസകരമായ
    വിശേഷനങ്ങളോടെ വായനക്കാരെ ചിരിപ്പിച്ചും
    ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയും കഥ
    കൊണ്ടു പോകാന്‍ കഴിഞ്ഞത് എഴുത്തിന്റെ ലാളിത്യവും
    ഒഴുക്കുള്ള ശൈലിയും ഉത്തമം ആയതു കൊണ്ടു തന്നെ .
    പെണ്ണ് കാണല്‍ എന്തായി തീരുമെന്ന് നായകനെ പോലെ തന്നെ
    ഉല്കന്ട വായനക്കാരനും തോന്നിപ്പിക്കുന്നതില്‍ കഥാകാരി
    വിജയിച്ചു ....
    കഥയില്‍ വലിയ കാര്യം ഇല്ലാ എന്നത് കഥയുടെ
    കുറവ് അല്ല .എഴുത്തിന്റെ വിജയം ആണ് ...അഭിനന്ദനങ്ങള്‍ .

    ReplyDelete
  10. നര്‍മ്മത്തില്‍ ചാലിച്ച്‌ നല്ല ഒഴുക്കോടെ എഴുതി. പല ഡയലോഗും കലക്കി. അയാളുടെ ടെന്‍ഷനും മറ്റും ഭാവനയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. കുഞ്ഞിക്കുനന്‍ സിനിമയില്‍ ദിലീപ് പെണ്ണുകാണാന്‍ പോകുന്ന രംഗം ഓര്‍മ്മ വന്നു.

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പെണ്ണു കാണാനോ, അതിന്റെ ടെന്‍ഷന്‍ അനുഭവിക്കാനോ പറ്റാത്തതില്‍ വിഷമമുള്ള എന്റെ കൂട്ടുകാരനെ ഓര്‍മ്മ വന്നു. നന്നായിട്ടുണ്ട് ശ്രീ.

    ReplyDelete
  11. ഏ.. !!! ആ കൂട്ടുകാരന്‍ ഞാനല്ലേ വായാടീ ..ഞാന്‍ ജീവിതത്തില്‍ ഒരിക്കലും പെണ്ണുകാണാന്‍ പോയിട്ടില്ല ..എന്റെ കൂടെയും കൂട്ടുകാരുടെ കൂടെയും ..അത് കൊണ്ടെന്താ ആ പെണ്ണുങ്ങടെ വീട്ടുകാര്‍ക്കൊക്കെ കുറെ ചായയും പലഹാരങ്ങളും ലാഭം ..ഈ കഥയിലെ നായകന്‍ തീരെ ആത്മ വിശ്വാസം ഇല്ലാത്തയാളാണ്..
    അതുകൊണ്ടല്ലേ കുറെ ഏറെ പെണ്ണുങ്ങളെ കാണേണ്ടി വന്നത് ...
    കഥ ലളിതമായി പറഞ്ഞു ...കൊള്ളാം

    ReplyDelete
  12. @സീത*: തേങ്ങാ നന്നായി പൊട്ടീന്നു തോന്നുന്നു. എന്റെ സീതയല്ലേ ഉടച്ചത്. നന്ദി .ഹി ഹി.

    @Villagemaan : വന്നു ചിരിച്ചിട്ടുപോവാണല്ലെ.:)നന്ദി.

    @ lekshmi. lachu: ഭൂതകാലത്തിലേക്കു പോയി...?( ആർക്കെങ്കിലും പണി കൊടുത്തിട്ടുണ്ടോ ).അഭ്പ്രായം ഇഷ്ടമായി. നന്ദി ലച്ചൂ.

    @കുസുമം ആര്‍ പുന്നപ്ര : ഈ നല്ല അഭിപ്രായത്തിനു നന്ദി ചേച്ചീ.

    @ഇസ്മായില്‍ കുറുമ്പടി (തണല്‍): ആത്മാർഥമായ അഭിപ്രായത്തിനു വളരെ നന്ദി തണൽ.മനസ്സിൽ തോന്നിയതു മൂടി വയ്ക്കാതെ പറഞ്ഞതിനു.
    ഓച്ഛൻ കോഴിക്കാഷ്ടം ചവിട്ടിയ കഥ അറിയില്ലെ.ആദ്യം ചവിട്ടി. ശ്ശൊ! എന്തോ പറ്റിയെന്നു പറഞ്ഞു കയ്യിൽ പറ്റിച്ചു, പിന്നെ മൂക്കിൽ പറ്റിച്ചു മണത്തു നോക്കി,അയ്യേ! എന്നും പറഞ്ഞു മുണ്ടിൽ, പിന്നെ ആ മുണ്ടെടുത്തു മുഖം തുടച്ചു അങ്ങനെ എവിടെല്ലാം പറ്റിച്ചു വയ്ക്കാമോ അങ്ങനെ.കൊള്ളാമെങ്കിൽ പഴഞ്ചൊല്ലു ശേഖരത്തിലേക്കു കൂട്ടിക്കോളൂ.

    @വര്‍ഷിണി : ചിലപ്പോൾ അങ്ങനെയും ആവും . അല്ലേ വർഷിണീ.അതെനിക്കിഷ്ടമായി.നന്ദി.

    ReplyDelete
  13. @പട്ടേപ്പാടം റാംജി : എല്ലാ പെണ്ണുകാണലുകളും ചില ധാരണകൾ മാറ്റിമറിക്കുന്നു.നല്ല അഭിപ്രായത്തിനു നന്ദി.

    @Salam : സാധാരണയിൽ നിന്നും വ്യത്യാസം തോന്നിയെങ്കിൽ നന്നായി.നന്മ മാത്രം ദർശിക്കുന്ന മനസ്സ് കഥകളിൽ തെളിയുന്നുവെങ്കിൽ അത്ര മാത്രം മതി , ഒരുപാട് സന്തോഷത്തിനു.നല്ല നർമമായി തോന്നിയെങ്കിൽ അതും സന്തോഷം തന്നെ. നന്ദി സലാം.

    @ ajith : കച്ചവടം നഷ്ടമായില്ലല്ലോ. ഞാൻ ഹാപ്പിയായി.ഇഷ്ടിക കക്ഷത്തിൽ വച്ചു നടക്കുന്നയാളെ മനസ്സിലായീട്ടോ.പക്ഷെ ഞാൻ പറയൂല്ല.:). നന്ദി.

    @ente lokam :ഇതിൽ കൂടുതൽ ഒരു കഥയ്ക്കെന്ത് അഭിപ്രായം കിട്ടാൻ. ഒത്തിരി നല്ല അഭിപ്രായത്തിനും അഭിനന്ദനങ്ങൾക്കും നിറഞ്ഞ നന്ദി.

    @Vayady:തത്തമ്മയെ ചിരിപ്പിക്കാൻ കഥയ്ക്കു കഴിഞ്ഞെങ്കിൽ സന്തോഷമായി.(ആ കൂട്ടുകാരനോട് വെറുതെയെങ്കിലും പോയൊരു പെണ്ണുകാണാൻ ഉപദേശിച്ചാലോ. ഒരു കുരുത്തക്കേട് :).)
    നന്ദി തത്തമ്മേ.

    @ രമേശ്‌ അരൂര്‍ : അതെയോ!ഞാൻ വായാടിയോടൊന്നും പറഞ്ഞിട്ടില്ല.(അപ്പോ അങ്ങനെയാണല്ലേ. പലഹാരവും ചായയും ഒരു നഷ്ടമാണല്ലേ. ). എങ്കിലും ഒരു നഷ്ടം തന്നെ പെണ്ണുകാണാൻ പോകാതിരുന്നതു. :). നന്ദി.

    ReplyDelete
  14. കഥ നന്നായിരിക്കുന്നു.... ആശംസകള്‍...

    ReplyDelete
  15. എനിക്കിഷ്ടപ്പെട്ടു..ചിരിപ്പിച്ചു...

    ReplyDelete
  16. ഈ നായകൻ പിന്നീട്‌ ജീവിതത്തിൽ വിജയിച്ചുവോ?? ചുമ്മാ ഒരു ജിജ്ഞാസ...
    ആശംസകൾ

    ReplyDelete
  17. കഥ വായിച്ചു. നന്നായി ആസ്വദിച്ചു ഈ പെണ്ണ് കാണല്‍. സ്വാഭാവികതക്ക് ഭംഗം വരുത്താത്ത രീതില്‍ നര്‍മ്മം ചേര്‍ത്തു പറഞ്ഞ കഥയില്‍ നായകന്‍ ചെന്നെത്തുക പഴയ കൂട്ടുകാരിയുടെ മുമ്പിലാകും എന്നു ഊഹിക്കാന്‍ കഴിഞ്ഞില്ല. കഥയുടെ ട്വിസ്റ്റ് മനോഹരം. ഭാവുകങ്ങള്‍.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ആദ്യമായാണ് ഇവിടെ. ഇനിയും വരാം, സമയം പോല പഴയതു വായിക്കാന്‍...എഴുതി തെളിയുക....

    ReplyDelete
  20. പെണ്ണ് കാണല്‍ നര്മ്മംചേര്ത്തു പറഞ്ഞു. അവസാന ട്വിസ്റ്റ് മനോഹരം. ഭാവുകങ്ങള്‍.

    ReplyDelete
  21. @Anand Krishnan: വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി നന്ദി.

    @മഞ്ഞുതുള്ളി (priyadharsini): ചിരിച്ചെങ്കിൽ സന്തോഷം പ്രിയാ.നന്ദി.

    @nikukechery: വിജയിച്ചു കാണണം.ലേഖയല്ലേ കൂടെക്കൂടിയിരിക്കുന്നത്.

    @Akbar :ഈ അഭിപ്രായം വളരെ സന്തോഷം തരുന്നു. നന്ദി.

    @maithreyi: വീണ്ടും വരുമല്ലോ. ആദ്യ സന്ദർശനത്തിനു നന്ദി.

    @ബെഞ്ചാലി : നല്ല അഭിപ്രായത്തിനു നിറഞ്ഞ നന്ദി.

    ReplyDelete
  22. ലേഖയാരാ മോള്....ഇത്രേം നാള്‍ രഘുവിന് വേണ്ടി കാത്തിരുന്നു കളഞ്ഞല്ലോ!!!
    എന്റെ പാപ്പീ അപ്പച്ചാ പോസ്റ്റിലെ പെണ്ണിന് സമാനം ഈ ലേഖയും :-)

    ReplyDelete
  23. @ചാണ്ടിക്കുഞ്ഞ് :ലേഖയാരാ മോൾ! ഇതാവുമ്പോൾ രഘുവിനെ കുഞ്ഞിരാമനാക്കി കൊണ്ടുനടക്കാമെന്നു കരുതിയാവും !!! :-)

    @jayarajmurukkumpuzha : നന്ദി.

    ReplyDelete
  24. ഹോ....വല്ലാതെ ശ്വാസം വളിപ്പിച്ചു ടീച്ചറെ.....നന്നായിരിക്കുന്നു..

    ReplyDelete
  25. @sreee said... ആ കൂട്ടുകാരനോട് വെറുതെയെങ്കിലും പോയൊരു പെണ്ണുകാണാൻ ഉപദേശിച്ചാലോ. ഒരു കുരുത്തക്കേട് :).)

    ഹും! ഇനി പെണ്ണു കാണാന്‍ പോയാല്‍ ഞാന്‍ അവനെ കൊല്ലും. പ്രേമിച്ചു കല്യാണം കഴിക്കാന്‍ പോയിട്ടല്ലേ? ഇനി അത്രയ്ക്കും മോഹമാണെങ്കില്‍ കൂട്ടുകാരുടെ കൂടെ പോയി അവരുടെ പെണ്ണിനെ കണ്ടോട്ടെ. എന്നിട്ടവരനുഭവിക്കുന്ന ടെന്‍ഷനും ആസ്വദിച്ച്‌, അവിടന്നു കിട്ടുന്ന ചായയും ലഡുവും ഓസിനടിച്ച് ശിഷ്ട ജീവിതം കഴിച്ചു കൂട്ടിക്കോട്ടെ. ഇതാണ്‌ ഞാന്‍ കൊടുക്കാന്‍ പോകുന്ന ഉപദേശം.

    @രമേശ്‌ അരൂര്‍ said..."ഏ.. !!! ആ കൂട്ടുകാരന്‍ ഞാനല്ലേ വായാടീ ..ഞാന്‍ ജീവിതത്തില്‍ ഒരിക്കലും പെണ്ണുകാണാന്‍ പോയിട്ടില്ല"

    സോറി അല്ല, ഞാന്‍ പറഞ്ഞ കൂട്ടുകാരന്‌ പെണ്ണു കാണാന്‍ പോകുമ്പോള്‍ അനുഭവിക്കുന്ന ടെന്‍ഷനും അതിന്റെ അനുഭൂതിയും നഷ്ടപ്പെട്ടതില്‍ നിരാശയുള്ള ആളാണ്‌. പിന്നെ അവിടെ നിന്നും കിട്ടുന്ന ചായയും ലഡുവും കഴിക്കാന്‍ പറ്റാത്ത വിഷമം വേറെയും. :)

    ReplyDelete
  26. വിഷു ആശംസകൾ റ്റീച്ചറേ....റ്റീച്ചർക്കും കുടുംബത്തിനും..

    ReplyDelete
  27. ശ്രീയുടെ ഒരു കഥ ആദ്യം വായിക്കുകയാണെന്ന് തോന്നുന്നു. ശ്രീയെ പറ്റി അറിഞ്ഞത് ഇവിടെ മുകളില്‍ കമന്റിയ ശ്രീയുടെ ഒരു ഡിയര്‍ ഫ്രണ്ട് വഴിയാണ്. വായന ഏതായാലും മോശമായില്ല. നിലവാരമുള്ള കഥ. അല്ല, ഇത് വായിച്ചപ്പോള്‍ ശ്രീ പെണ്ണുകാണലിനു നിന്നുകൊടുക്കുകയായിരുന്നോ അതോ അതിനായി ഒരുങ്ങിക്കെട്ടി പോകുകയായിരുന്നോ എന്ന് തോന്നി. സത്യത്തില്‍ ഒരു പുരുഷന്റെ ജീവിതത്തില്‍ ഏറ്റവും വൃത്തികെട്ട ഒരേര്‍പ്പാടാണ് ഈ പെണ്ണുകാണല്‍ എന്ന് തോന്നുന്നു.:):) കഥയിലെ വിഷയം തീരെ പുതുമയില്ല. പക്ഷെ ശ്രീ നല്ല കൈയൊതുക്കത്തോടെ ബോറടിപ്പിക്കാതെ അത് പറഞ്ഞിരിക്കുന്നു. വിഷയങ്ങള്‍ സ്വീകരിക്കുന്നതില്‍ കൂടെ അല്പം ശ്രദ്ധ വച്ചാല്‍ കൂടുതല്‍ ഉയരത്തില്‍ എത്താമെന്ന് തോന്നുന്നു. അല്ല ഇതൊക്കെ ആര്‍ക്കാ പറഞ്ഞു തരുന്നതല്ലേ? ഒരു ടീച്ചറെ ഉപദേശിക്കാന്‍ മാത്രമുള്ള വകതിരിവായില്ല എനിക്കെന്നറിയാം :)

    @lekshmi. lachu : ഭൂതകാലത്തേക്ക് പോകാന്‍ ഇത് പോലെ പെണ്ണുകണ്ട് നടന്നിട്ടുണ്ടോ?അതോ പാവം കണവനെ ഇത് പോലെ വട്ട് കളിപ്പിച്ചതാണൊ:)

    ഇനി അധികം നില്‍കുന്നില്ല..:):)

    ReplyDelete
  28. രസ്സകരമായി ...
    ആശംസകള്‍

    ReplyDelete
  29. കൊള്ളാം ...ശ്രീ ...ഇതുനമ്മുടെകൊചനുജന്റെയൊ കുഞുകസിന്റെയൊ പെണ്ണുകാണൽ കഥ വിവരിചുകേട്ടപോലുണ്ട്.
    നുറുങ്ങ്സംഭവങ്ങളെ കഥയുടെചട്ടക്കൂട്ടിൽ ഒതുക്കുവാനുള്ള ശ്രീയുടെ കഴിവ് തീശ്ചയായും അഭിനന്തനമർഹിക്കുന്നു.

    ReplyDelete
  30. അടിപൊളി... ഇവിടെ ഞാനൂടെക്കൂടി... ചിരിച്ച്

    ReplyDelete
  31. ശ്രീ, ഞാന്‍ പിന്നേമൊന്ന് വായിച്ചു.

    ReplyDelete