Saturday, August 6, 2011

നന്ദിയില്ലാത്ത ചെടി...

  







സ്കൂൾ വിട്ടുവന്ന് അവലിൽ പഴം ചേർത്ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രുക്കൂ തന്റെ ഇന്നത്ത ‘അത്ഭുതം’ ദേവൂനോട് പങ്കുവച്ചത്.
“ചെടികൾക്ക് സന്തോഷോം സങ്കടൊമൊക്കെ യുണ്ടെന്ന് ഇന്ന് ഉഷ ടീച്ചർ പറഞ്ഞു ദേവൂ”.
ദേവൂനതു കേട്ട് ചിരിയാണു വന്നതു.പുച്ഛഭാവത്തിൽ തലയുയർത്തി രുക്കൂനെനോക്കി.’അഞ്ചാം ക്ലാസ്സിലെ കണ്ടുപിടിത്തം!‘
“അല്ല ദേവൂ! സത്യം.ടീച്ചർ പറഞ്ഞതാണ്.” രുക്കു ബോധ്യപ്പെടുത്താൻ  നോക്കി.
“എന്നിട്ടെന്റെ ടീച്ചർ പറഞ്ഞില്ലല്ലോ”
“അതു ദേവു ഒന്നാം ക്ലാസ്സിലല്ലെ ആയുള്ളു. അതാ.”
“ബോസ് എന്നൊരാളാണു കണ്ടുപിടിച്ചതെന്ന് .ടീച്ചർ പറഞ്ഞല്ലോ, പാട്ടുകേട്ടു നിന്നാൽ ചെടികൾ പെട്ടെന്നു വളരുമെന്ന്. സന്തോഷോം സങ്കടോം  നമ്മളെപ്പോലെ ചെടിക്കുമുണ്ട് ദേവൂ.അതിനു ജീവനുണ്ട്”. രുക്കു ആവേശം കൊള്ളുന്നു.
“ടീച്ചർ പറഞ്ഞതല്ലേ, ഇനി നേരാവുമോ? നേരാണോ അമ്മേ? “ 
അതേന്ന അർത്ഥത്തിൽ അമ്മ തലകുലുക്കി.
“റേഡിയോപ്പാട്ടു കേൾപ്പിച്ചാൽ  നമ്മുടെ റോസാച്ചെടിക്കും സന്തോഷം വരും. അപ്പോൾ അതും വളരുമോ ചേച്ചീ”
“വളരും ദേവൂ” രുക്കൂനു സംശയമില്ല.
  കൈകഴുകി നേരെ റേഡിയൊ എടുക്കാനാണു ഓടിയത്.ഓണാക്കിയപ്പോൾ പാട്ടു കേൾക്കുന്നില്ല. അല്ലേലും ഒരാവശ്യമുണ്ടെങ്കിൽ റേഡിയൊ പാടില്ല.ഉച്ചയ്ക്കു സിനിമാപ്പാട്ട്  റോസാച്ചെടിയെ കേൾപ്പിക്കണമെന്നു ദേവു ഉറപ്പിച്ചു.
പിറ്റേന്നു വളരെ കാത്തിരുന്നാണു പാട്ടു തുടങ്ങിയത്. രണ്ടുപേരും കൂടി ചെടിയുടെ മുൻപിൽ ചെന്നിരുന്നു.കുറെ പാട്ടു വന്നു.പക്ഷെ, ചെടിക്ക് ഒരനക്കവുമില്ല.
“ടീച്ചർ ചുമ്മാ പറഞ്ഞതാ, കണ്ടില്ലേ റോസാച്ചെടി അനങ്ങുന്നു പോലുമില്ല.”
“ദേവൂ, ഇതു പാട്ടൊന്നും കേൾക്കാതെ വലുതായ ചെടിയല്ലേ.അതുകൊണ്ടാ.ചെടിവളർന്നു തുടങ്ങുമ്പോഴേ പാട്ടു കേൾപ്പിക്കണം.അപ്പോൾ സന്തോഷം വരും, പെട്ടെന്നു വളരും” . രുക്കു തന്റെ അറിവു പങ്കു വച്ചു.

വിതയ്ക്കാനുള്ള നെൽ വിത്ത് വലിയ കുട്ടയിൽ മുള വന്നിരിക്കുന്നതു ദേവൂന് ഓർമ വന്നു. ഓടിപ്പോയി മൂന്നാലു നെൽ വിത്തെടുത്ത് വന്നു.മണ്ണ് മാന്തി, വിത്തിട്ടു മൂടി വെള്ളവും ഒഴിച്ചു.

ഇനി പാട്ട് വയ്ക്കാമെന്നു പറഞ്ഞു  രുക്കു റേഡിയൊ  വച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.

“പാട്ട് പാടിയാലും മതി ദേവൂ.“

“തെക്കനിടിപൊടി മഞ്ഞളും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം
  വാഴയ്ക്കാപൊട്ടും വടക്കനും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം“
ദേവു പാട്ടു തുടങ്ങിക്കഴിഞ്ഞു.

പിറ്റേന്നുരാവിലെവളരെ ഉത്സാഹത്തോടെയാണു വന്നു നോക്കിയത്. മണ്ണിളക്കി നോക്കിയപ്പോൾ നെല്ല് നന്നായി മുളച്ചിരിക്കുന്നു. രണ്ടുപേർക്കും സന്തോഷമായി.നെൽച്ചെടി വളരുന്നുണ്ട്.
 ദേവൂനെ അതിശയിപ്പിച്ചുകൊണ്ടാണ് ഒരു നെൽചെടി വളർന്നത്. പാട്ടു കേട്ടിട്ടാവും! മുള വന്നു, തലയുയർത്തി ദേവൂനെ നോക്കി. പിന്നീട് ഇല വച്ചു ഉയർന്നു തുടങ്ങി.

ഒരു ദിവസം പാട്ടുകേട്ടപ്പോൾ നെൽച്ചെടി തലയാട്ടുന്നു.ദേവൂന്റെ കണ്ണുകൾ വിടർന്നു.
“ചേച്ചീ,നോക്കു , ചെടി പാട്ടു കേട്ടു തലയാട്ടുന്നു.”
നോക്കിയപ്പോൾ രുക്കൂനും അതിശയം. ‘സത്യം തന്നെ!ഡാൻസും കളിക്കുന്നു. സന്തോഷം വന്നിട്ടു തന്നെ‘.

വൈകിട്ട് വന്നാൽ രണ്ടുപേരും കൂടി പാട്ടും വർത്തമാനവുമായി നെൽച്ചെടിക്കൊപ്പമാവും.എന്നും പാട്ടുകേട്ട് തലയാട്ടുന്ന നെൽച്ചെടിയെ ദേവൂനു ഇഷ്ടമായി. നെൽച്ചെടിക്കൊരു പേരുമിട്ടു’അമ്മിണി’.

അമ്മിണി പാട്ടൊക്കെ കേട്ടു നന്നായി വളരുന്നുമുണ്ട്.തലയാട്ടി ആസ്വദിക്കുന്നുണ്ട്..
ഞായറാഴ്ച്ച ഉച്ചയ്ക്കു ഒരുപാട് നേരം റേഡിയോ പാടും.അതു നെൽച്ചെടിയെ കേൾപ്പിക്കാനായി അതിനടുത്തു ചെന്നിരുന്നു.
റേഡിയൊപ്പാട്ട് വച്ചു. ‘ചക്രവർത്തിനീ....’ ചെടി അനങ്ങുന്നില്ല.
“അമ്മിണിക്ക് ഈ പാട്ടിഷ്ടമായിക്കാണില്ല ചേച്ചീ”
അടുത്ത പാട്ടു വന്നപ്പോൾ ആകാംക്ഷയോടെ നോക്കി.ഇല്ല! അതനങ്ങുന്നില്ല..മൂന്നാമതും നാലാമതും പാട്ടുമാറി വന്നു.ചെടിക്ക് ഒരു അനക്കവുമില്ല.
 ‘ഇനി അമ്മിണി പിണങ്ങീട്ടുണ്ടാവുമോ?‘ ദേവൂനു വിഷമമായി.
രുക്കൂന്റെ മുഖത്തു ദേഷ്യം വരുന്നു.ചാടിയെണീറ്റ് ചെടി പിഴുതെടുത്തു. കയ്യിലിട്ടു ചുരുട്ടി അരിശം തീർക്കുന്നു.
“നന്ദിയില്ലാത്ത ചെടി! ഇത്ര ദിവസോം പാട്ടു കേട്ടു രസിച്ചിട്ട് ഇന്നു നോക്കുന്നു പോലുമില്ല. വളർന്നപ്പോൾ അഹങ്കാരമായി. നന്ദി വേണം നന്ദി .” രുക്കു കലി തുള്ളുന്നു.
അമ്മിണി ചുരുണ്ടുകൂടി നിലത്തു കിടക്കുന്നു. അതിനിപ്പോൾ സങ്കടം വരുന്നുണ്ടാവുമെന്നോർത്ത് ദേവൂനു വിഷമം വന്നു.എന്നാലും ചേച്ചി പറഞ്ഞതു സത്യമാണ്,
“നന്ദിയില്ലാത്ത ചെടിക്കു അതുതന്നെ വേണം”.
“പിന്നേ , അതു നായക്കുട്ടിയല്ലെ വാലാട്ടി നന്ദി കാണിക്കാൻ .ഇന്നു കാറ്റ് വീശീല്ല. അല്ലേ? രണ്ടിന്റേം ചെടിയെ പാട്ടു പഠിപ്പിക്കൽ ഇതോടെ കഴിഞ്ഞല്ലോ.”
അമ്മയുടെ വക  പരിഹാസവും.
“ബോസും ടീച്ചറുമൊക്കെ പറഞ്ഞതു കള്ളം തന്നെ.“ ദേവു  രുക്കൂനെ നോക്കികണ്ണുരുട്ടി .

23 comments:

  1. കുഞ്ഞു മനസ്സുകളുടെ നിഷ്കളങ്കത...നന്നായി പറഞ്ഞൂ ടീച്ചറെ...തമാശയ്ക്ക് എല്ലാരും പറയുന്ന കാര്യാണു ചെടി നട്ടിട്ട് വേരു വന്നോന്നു പിഴുതു നോക്കുക എന്നു...ഞാനും അതൊക്കെ ചെയ്തിട്ടുണ്ട്...ഹിഹി...വീണു പോകുന്ന പല്ലു കുഴിച്ചിട്ട് പല്ലു മരം കിളിർപ്പിക്കുക ഇതൊക്കെ...

    ഇന്ന് ഞാൻ പഠിപ്പിക്കുന്ന കുട്ട്യോളതു കൂട്ട് വികൃതി കാട്ടുമ്പോ അറിയാതെ ആ കാലം മനസ്സിൽ നിറയുന്നു..
    എന്തായാലും രുക്കൂനേം ദേവൂനേം മനസ്സിൽ വരച്ചിടാനായി...കാറ്റ് ചതിച്ചിട്ട് നന്ദി കെട്ടവളായിപ്പോകേണ്ടി വന്ന പാവം അമ്മിണിയേയും..

    ReplyDelete
  2. ഹ ഹ നല്ല കഥ ടീച്ചറേച്ചീ....

    ReplyDelete
  3. ലളിതഭംഗിയാർന്ന കഥാകഥനം...
    :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നല്ലരസായി പറഞ്ഞു കുഞ്ഞു മാസ്സിന്റെ നിഷ്കളങ്കത
    പണ്ട് പല്ല് പറിച്ചാല്‍ ചാണകത്തില്‍ പൊതിഞ്ഞു
    കീരി കീരി എന്‍റെ പല്ല് നീ എടുത്തു നിന്റെ കീരി
    പല്ലെനിക്ക് താ എന്ന് പറഞ്ഞു പല്ല് ഓട്ടിന്റെ
    പുറത്തേക്ക്‌ എറിഞ്ഞു കൊടുത്തിരുന്നു.
    ചെറിയ കുഞ്ഞു ഭംഗിയുള്ള പല്ല് വരാന്‍.അതൊക്കെ
    ഓര്‍മ്മ വന്നു..നന്നായി എഴുതി ശ്രീ

    ReplyDelete
  6. ശ്രീ, നല്ല കഥ, ശ്രീയൊരു കുഞ്ഞിനെപ്പോലെ കഥയെഴുതി ഒരു കുഞ്ഞിനെപ്പോലെ എന്നെ വായിപ്പിച്ചു. താങ്ക്സ് (ഇടയ്ക്ക് കയറിവന്ന ആ പാട്ട് ശ്രീയുടെ സൃഷ്ടിയാണോ..?)

    ReplyDelete
  7. കുഞ്ഞു മനസ്സിലൂടെ മനോഹരമായി കഥ പറഞ്ഞു. രസകരമായിട്ടുണ്ട്.

    ReplyDelete
  8. ബാല്യത്തിലേക്ക് ഓടിപ്പോകാന്‍ കൊതിപ്പിച്ചു ട്ടോ... ഇങ്ങിനെ എന്തെല്ലാം കുഞ്ഞിലെ ചെയ്തിരിക്കണൂ നമ്മളും... ഓര്‍ക്കുമ്പോഴേ എന്തു രസാ ല്ലേ... കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത നന്നായി പറഞ്ഞൂ ട്ടോ...

    ReplyDelete
  9. കഥ വായിച്ചപ്പോള്‍ ഞാനും കുട്ടികളുടെ കൂടെ ആയിരുന്നു അവരില്‍ ഒരാളായിട്ടു..കുട്ടികളുടെ നിഷ്കളങ്കത വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  10. രുക്കുവിന്‍റെ ഇതിഹാസം നന്നായി വരുന്നല്ലോ.
    നടക്കുന്ന വഴിയിൽ കുഴികുത്തി തേക്കില കൊണ്ടുമൂടി
    മണ്ണിട്ടു മൂടി ആളെ വീഴ്ത്തുന്ന വിദ്യയില്‍ നിന്ന്
    ചെടികളിലെ സംഗീത പരീക്ഷണത്തിലേക്കുള്ള
    വളര്‍ച്ച കൂടുതല്‍ മനോഹരമാവുന്നു. ചെടികള്‍ക്കും
    മരങ്ങള്‍ക്കും സംഗീതം മാത്രമല്ല മനുഷ്യന്‍റെ തലോടലും
    സ്പര്‍ശനവും പോലും അറിയാനാവുമെന്നും
    അവയുടെ വളര്‍ച്ചയില്‍ അത് പോസിറ്റിവ് ആയി
    പ്രതിഫലിക്കുംഎന്നുമാണ് കേള്‍ക്കുന്നത്. പതുങ്ങിയ
    നര്‍മത്തിന്‍റെ പട്ടുനൂലില്‍ ഈ കഥയിലും നിറയുന്ന
    ആശയം അത് തന്നെ. രുക്കുവും ദേവുവും ഉഷ റ്റീച്ചര്‍
    പറഞ്ഞത് തന്നെയാണ് ശരിയെന്നറിയാന്‍ വൈകിക്കാണില്ല.
    രുക്കുവിന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ തുടരട്ടെ.

    ReplyDelete
  11. രുക്കൂട്ടീനെ ഇഷ്ടായി,രുക്കു പറയും പോലെ തന്നെ വായിച്ചു ട്ടൊ....നല്ല രസത്തില്‍ വായിച്ചു.
    വീട്ടിലെ ലഹളയും,ക്ലാസ്സ് റൂമിലെ ബഹളവും,മുറ്റത്തെ തോട്ടവും..എല്ലാം ഓര്‍മിപ്പിച്ച എഴുത്ത്...ആശംസകള്‍.

    ReplyDelete
  12. സീത: നന്ദി സീത.(സീതയും ടീച്ചർ ആണല്ലേ? :) )

    ആളവന്‍താന്‍: നന്ദി വിമൽ.

    നികു കേച്ചേരി : അഭിപ്രായത്തിൽ സന്തോഷമുണ്ട്. നന്ദി നികു.

    lekshmi. lachu: നന്ദി ലച്ചൂ. (ആനപ്പല്ലേ പോ കീരിപ്പല്ലേ വാ എന്നു പറഞ്ഞായിരുന്നു ഞങ്ങളുടെ ഏറ്:) )

    ajith: കുഞ്ഞിനെപ്പോലെയായി :) അതല്ലേ ഏറ്റവും സന്തോഷം.നന്ദി.(കുഞ്ഞുന്നാളിൽ നമ്മുടെയൊക്കെ ചുറ്റും കുറെ അമ്മൂമ്മമാരുണ്ടാവില്ലേ കൂട്ട്കൂടാൻ.അതിലൊരു അമ്മൂമ്മ പാടി കളിപ്പിച്ചിരുന്ന പാട്ടാണ്. വേറെങ്ങും ഞാനും കേട്ടിട്ടില്ല. )

    Manoraj : നന്ദി മനോരാജ്.

    കുഞ്ഞൂസ് (Kunjuss) : ഓർക്കുമ്പോൾ രസം തന്നെ. മനസ്സിൽ നിന്നു മായാതെ , മറയാതെ, ഒരു കുട്ടിക്കാലം.നന്ദി കുഞ്ഞൂസ്.

    ഒരു ദുബായിക്കാരന്‍ : നന്ദി ദുബായിക്കാരാ.

    Salam: ഇതൊക്കെ ഇപ്പോൾ രുക്കുവിനറിയാമായിരിക്കും. :)രുക്കൂനെ വീണ്ടും കൊണ്ടുവരും . :) നന്ദി സലാം.

    വര്‍ഷിണി : നന്ദി വർഷിണീ, ഈ ഇഷ്ടത്തിനും വായനയ്ക്കും .

    ഓർമ്മകൾ: നന്ദി ഓർമകൾ, നല്ല ഓർമകൾ. :)

    ReplyDelete
  13. കുഴിച്ചു വെക്കുന്നത് മുളക്കുമ്പോള്‍ ഉള്ള ആ സന്തോഷം കുഞ്ഞുനാളില്‍ എന്നപോലെ ഇപ്പോഴും ഉണ്ട് !

    നല്ല പോസ്റ്റ്‌...കുട്ടിക്കാലം ഒന്നുകൂടി ഓര്‍ത്തു എന്ന് പറയുന്നതാവും ശരി !

    ReplyDelete
  14. നല്ല പോസ്റ്റ്. കുഞ്ഞു മനസ്സുകളെ ഭംഗിയായി ചിത്രീകരിച്ചു.അഭിനന്ദനങ്ങൾ.

    ReplyDelete
  15. നിഷ്കളങ്കമായ കഥ .ഇഷ്ടപ്പെട്ടു :)

    ReplyDelete
  16. അല്ലേലും ഈ ടീച്ചര്‍മാരൊക്കെ ഇങ്ങനെതന്നെ. നൊണ്യേ പറയു ;)

    രുക്കൂന്‍‌റത്ഭുതം ഇഷ്ടപെട്ട് :)

    ReplyDelete
  17. :) :) :)

    നല്ല കഥയല്ലോ റ്റീച്ചറേ.. ഇഷ്ടപ്പെട്ടു..
    വായിക്കാന്‍ വൈകിയെങ്കിലും..

    ReplyDelete
  18. നൈര്‍മല്യം തുളുമ്പുന്ന മനോഹരമായ കഥ.
    കഥ വായിക്കെ മനസിലൊരു തണുപ്പ്.
    കൊള്ളാം.
    ഇഷ്ടപ്പെട്ടു.
    നന്മകള്‍.
    നന്ദി.

    ReplyDelete
  19. nannaittundu...........
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  20. അല്‍പ്പം മുതിര്‍ന്നപ്പോള്‍
    പണ്ടു പാട്ട്‌ പാടിത്തന്ന്
    താലോലിച്ച മുഖങ്ങളെ
    മറക്കുന്ന നമ്മള്‍
    അമ്മിണി ചെടിയേക്കാളും നന്ദി കെട്ടവരാണ്‌

    ReplyDelete
  21. ഇളം കുരുന്നുകളുടെ മനസിലെ നിഷ്കളങ്കത :) നന്നായി അവതരിപ്പിച്ചു.

    പിന്നെ വീണു കിടക്കുന്ന അമ്മിണിക്ക് ടീചറുടെ ബ്ലോഗൊന്ന് വായിച്ച് കൊടുക്കായിരുന്നില്ലേ. എണീറ്റ് ഓടിക്കോളും :)

    (ഞാനും ഓടി )

    ReplyDelete