Saturday, September 25, 2010

പൂച്ച ..എന്റെ പൂച്ച ..

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ജീവി (ഞാന്‍ അങ്ങനെ വിളിക്കില്ല!) ആണ് പൂച്ച . പക്ഷെ കുറെ നാളായി ഒരു പൂച്ചക്കുട്ടിയെ പോലും കാണുന്നില്ല . എറണാകുളം നഗരത്തിലെ വില്ലകളിലും ഫ്ലാറ്റുകളിലും അതിനു പ്രവേശിക്കാന്‍ സെക്യൂരിറ്റി അനുവദിക്കണോ , ആ ആര്‍ക്കറിയാം. നാട്ടില്‍ ആയിരുന്നപ്പോള്‍ വഴിയെ പോകുന്ന എല്ലാ പൂച്ചകളും എന്റെ സ്വന്തം.   ഈ നാട്ടിലെ പൂച്ചകള്‍ എല്ലാം എങ്ങോട്ട് പോയോ എന്തോ .


                                                 എനിക്ക് ഓര്‍മയായ നാള്‍ മുതല്‍ എന്റെ കൂടെ എന്നും പൂച്ച ഉണ്ടായിരുന്നു. കണ്ണന്‍ , മുകുന്ദന്‍ ,ശങ്കു, ചക്കി എന്നിങ്ങനെ മാറി മാറി പേരിട്ടു വിളിച്ച കുറെ പൂച്ചകള്‍ . 'കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി  പറ്റി ,കാച്ചി വച്ച ചൂട് പാലില്‍ ഓടി ചെന്ന് നക്കി , കൊച്ചു നാവ് പോള്ളിയപ്പോള്‍...' അങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമം  വരുമായിരുന്നു . ഉറക്കം ഉണരുമ്പോള്‍ കാലിനോടെ ചേര്‍ന്നൊരു പഞ്ഞിക്കെട്ട്. അമ്മ പാല്‍ കറക്കാന്‍ പാത്രം എടുക്കുമ്പോള്‍ പൂച്ചമ്മയും മക്കളും കാലിനു വട്ടം കൂടും. കറന്നു തീരുന്നത് വരെ അമ്മയ്ക്ക് കാവല്‍ ,തിരിച്ചിറങ്ങുമ്പോള്‍ തുടങ്ങുന്ന കൂട്ടവിളി (എന്ത് രസകരമായ കാഴ്ച!) പാല്‍ കൊടുക്കുന്നത് വരെ തുടരും.
                                എല്ലാ ഫ്രെയിമിലും എന്റൊപ്പം പൂച്ചകള്‍ ഉണ്ടായിരുന്നു . പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചേര്‍ന്ന് വന്നു തൊട്ടടുതിരിക്കും, മെല്ലെ ഒരു കൈ എന്റെ കാലില്‍ വെയ്ക്കും , വഴക്ക് പറഞ്ഞാല്‍ ഉടന്‍ തിരിച്ചെടുക്കും ,ഇല്ലെങ്കില്‍ മെല്ലെ അടുത്ത കൈ, പിന്നെ ശരീരം നിരക്കി എന്റെ മടിയില്‍ ഒരു ഇരിപ്പുണ്ട് .പേന എടുക്കുമ്പോള്‍ തട്ടി തെറിപ്പിക്കാനും ബുക്കിന്റെ പുറം മാന്തിപ്പോളിക്കാനും ഉള്ള അഹങ്കാരവും കാണിക്കും.ശങ്കു ചിലപ്പോള്‍ ഇറങ്ങിപ്പോയ വരുന്നത് ഒരാഴ്ച കഴിഞ്ഞാണ് . ആ വരവ് ദൂരെ നിന്ന് തന്നെ അറിയിക്കുന്ന കരച്ചില്‍ കേട്ട് തുടങ്ങും .വെളിയില്‍ വന്നിരുന്നു കരഞ്ഞു കരഞ്ഞു ഒടുവില്‍ ആരെങ്കിലും വിളിച്ചു കയറ്റണം .എല്ലാ ആഴ്ചയും പലഹാരങ്ങള്‍ വില്‍ക്കാന്‍ വരുന്ന ഒരു സ്ത്രീ ഉണ്ട് . അവര്‍ വന്നു വാതില്‍ക്കല്‍ ഇരുന്നു കഴിഞ്ഞാല്‍ അവരുടെ സഞ്ചിക്ക് ചുറ്റും കറങ്ങി നിലവിളിക്കും , എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് വരെ ഈ കലാപരിപാടി തുടരും .ശങ്കുവിനെ കാണാതായതില്‍ അവരും ഒരുപാടു വിഷമിച്ചിരുന്നു .
                                                               പിന്നെയുള്ള കഥകളില്‍ സ്നേഹം കാണിച്ച പൂച്ചകള്‍ കുറവായിരുന്നു .അങ്ങനെ പൂച്ചപ്പടങ്ങള്‍ ശേഖരിക്കുന്നതായി എന്റെ പണി . ഇപ്പോള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും കാണാനും ഇല്ല . അങ്ങനെ പൂച്ചയില്ലാത്ത ലോകത്ത് ജീവിക്കുന്നതുപോലെ തോന്നുന്നു. വിരസമായ ലോകം !

7 comments:

  1. മനോഹരം ഈ ഓർമ്മകൾ

    ReplyDelete
  2. 'എല്ലാ ഫ്രെയിമിലും എന്റൊപ്പം പൂച്ചകള്‍ ഉണ്ടായിരുന്നു . പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചേര്‍ന്ന് വന്നു തൊട്ടടുതിരിക്കും, മെല്ലെ ഒരു കൈ എന്റെ കാലില്‍ വെയ്ക്കും , വഴക്ക് പറഞ്ഞാല്‍ ഉടന്‍ തിരിച്ചെടുക്കും ,ഇല്ലെങ്കില്‍ മെല്ലെ അടുത്ത കൈ, പിന്നെ ശരീരം നിരക്കി എന്റെ മടിയില്‍ ഒരു ഇരിപ്പുണ്ട് .'

    ഞങ്ങളുടെ പൂച്ചയും ഇങ്ങനെ തന്നെ ആയിരുന്നു...

    നല്ല പോസ്റ്റ്!

    ReplyDelete
  3. വരവൂരാന്‍ , ശ്രീ , ഇത് വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം .

    ReplyDelete
  4. ‘ഈ പൂച്ചയാണെന്റെ ദുഃഖം’ എന്ന് ഒരു കവി പാടിയിട്ടില്ലെ?

    ReplyDelete
  5. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് .. ഒരു പൂച്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിട്ടുണ്ട് .... ഞാന്‍ ഒരു ശ്,ശ്ശ്,, ശബ്ദം ഉണ്ടാക്കിയാല്‍ അവള്‍ ഞാന്‍ ഇരിക്കുന്നിടത്തേക്ക് ഓടി വരും എന്നിട്ട് എന്‍റെ കാലിന്‍റെ അടിയില്‍ കൂടി മുതുകുയര്‍ത്തി തലങ്ങും വിലങ്ങും നടക്കും . ഞാന്‍ കാലുകൊണ്ട് ഉഴിഞ്ഞു കൊടുക്കുന്നത് അവള്‍ക്കൊരു സുഖം ...ഇങ്ങനെ കുറെ ദിവസങ്ങള്‍ക്ക് ശേഷം ഒരു ദിവസം അവള്‍ വല്ലാതെ ക്ഷീണിതയായി കണ്ടു.. എന്തു കൊടൂത്തിട്ടും കഴിക്കുന്നില്ല... ഞാന്‍ ഒരു കാര്‍ട്ടൂണ്‍ പെട്ടിയില്‍ അവളെ കിടത്തി ഒരു തുണി മുകളില്‍ ഇട്ടു കൊടുത്തു.. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ അവളെ കാണുന്നില്ല ഞാന്‍ തിരഞ്ഞ നടന്നു കുറച്ചപ്പുറത്ത് അവള്‍ ഉണ്ട് ഒരു കയറിന്‍റെ മുകളില്‍ നടുക് ഭാഗം വരത്തക്ക രീതിയില്‍ കിടക്കുന്നു ഉറങ്ങുവാണ് എന്ന് ഞാന്‍ ആദ്യം കരുതിയത് .. പക്ഷെ ആ ഉറക്കം ഉണരാത്തതായിരുന്നു... ഹോ ,,, സഹിക്കില്ലാട്ടോ പാവം മരണത്തില്‍ പോലും എന്നെ ബുദ്ധിമുട്ടിച്ചില്ല കാരണം ആ കയര്‍ രണ്ട് തലയും കൂട്ടി പിടിച്ചപ്പോള്‍ അവള്‍ അതിനോടൊപ്പം ഉയര്‍ന്ന് വന്നു ..........

    ReplyDelete
  6. ശ്രീക്ക് കൂട്ടായി ഞാനും ഉണ്ട്. എനിക്കും പൂച്ചകളെ വലിയ ഇഷ്ടമാണ്.

    ReplyDelete
  7. ചേച്ചീ ഇതല്ല ഇതിൽക്കൂടുതലുണ്ടാവും ഞാനും പൂച്ചയും തമ്മിലുള്ള ബന്ധം ന്നാ തോന്നുന്നത്. കാരണം കിടക്കുമ്പോഴും കളിക്കുമ്പോഴും ഉണ്ണുമ്പോഴും എല്ലാം വീട്ടിലെ പൂച്ചകൾ കൂടെയുണ്ടായിരുന്നു. വീട്ടിലെ പൂച്ചകളൊക്കെ അസ്വാഭാവിക മരണത്തിനു തുടർച്ചയായി കീഴ്പ്പെട്ടു കൊണ്ടിരുന്നപ്പോൾ വീട്ടിലെ പൂച്ചകളെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം അമ്മയിൽ നിന്നുണ്ടായി. അങ്ങനേയാ അവ വീട്ടിൽ നിന്നും അകന്നത്. ആശംസകൾ, ആ ഓർമ്മ വീണ്ടും മനസ്സിലെത്തിച്ചതിന്.

    ReplyDelete