Sunday, December 19, 2010

തിരുവാതിര നിലാവില്‍ തെളിയുന്ന ഓര്‍മ്മകള്‍

                           ഈ ധനുമാസം എവിടെ നിന്നാണോ ഇത്ര തണുപ്പുമായി വരുന്നത് . ധനു മാസം എന്ന് കേള്‍ക്കുമ്പോള്‍  തന്നെ "ധനു മാസത്തില്‍ തിരുവാതിര " എന്ന തിരുവാതിരപ്പാട്ടാണ് മനസ്സില്‍ വരുന്നത് . മനസ്സും  ശരീരവും ഒന്നു  പോലെ  തണുപ്പിക്കുന്ന തിരുവാതിര . എത്ര പറഞ്ഞാലാണ് തിരുവാതിരയുടെ രസങ്ങള്‍ തീരുന്നത് .അന്നത്തെ നിലാവിന്റെ തെളിച്ചം വേറെ ഏതു ദിവസം  കാണാനാണ്."ആര്‍ദ്രമീ ധനു മാസ രാവുകളില്‍ "എന്ന് കവിത മൂളുമ്പോഴും ഞാന്‍ പഴയ ഓര്‍മകളില്‍ മുങ്ങിത്തപ്പുന്നു.


                       തിരുവാതിരയ്ക്കു വളരെ പ്രധാനമാണു ദശപുഷ്പം. പണ്ടു ദശപുഷ്പം കൊണ്ടു വരാൻ പുറത്തു നിന്നും ആൾക്കാർ ഉണ്ടയിരുന്നു. ഞങ്ങൾക്ക് ഓർമ്മയായപ്പൊൾ മുതൽ പറമ്പു  മുഴുവ നടന്നു     ദശപുഷ്പം ശേഖരിക്കുന്നതു  കുട്ടികള്‍ ആയിരുന്നു . വിഷ്ണുക്ടാന്തിമാത്രം കിട്ടാതെ വരും. ബാക്കി ഒന്‍പതും നടന്നു പറിച്ചുകൊണ്ടു വരാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു . ഏഴു ദിവസം മുന്‍പേ കളി തുടങ്ങും. വിളക്കു വച്ച് ഗണപതിയും സരസ്വതിയും സ്വയംവരവും ചൊല്ലി നിര്‍ത്തും. ചേച്ചിമാരുടെ കുരവ കേട്ടാലോന്നും പോകില്ല . പിന്നെ മകയിരം ആകണം എന്നെയൊക്കെ  കണ്ടു  കിട്ടാന്‍.

                                        മകയിരത്തിന്റന്നു വൈകിട്ട്  എട്ടങ്ങാടി  നേദിക്കണം . കിഴങ്ങുകളും പയറുമായിഎട്ടു കൂട്ടം കനലില്‍ ചുട്ടു എടുക്കണം. തികയാതെ വന്നാല്‍ കുറെ പുഴുങ്ങിയും അതിലെക്കിടും. എല്ലാം ചേര്‍ത്ത് ശര്‍ക്കരയും ഇട്ടു നേദിക്കും. മയിലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളും മുറുക്കി ചുവന്ന ചുണ്ടുകളും വേണം എന്ന് പറയും. അതൊക്കെ വളരെ പ്രയാസപ്പെട്ടു ഒരു പേരിനു ചെയ്തു വയ്ക്കും.                                  പാട്ടുകള്‍ നല്ല മുഴക്കമുള്ള ശബ്ദത്തില്‍ പാടുന്നതാണ് തിരുവാതിരയ്ക്ക്  രസം. അതിനു പേരമ്മ തന്നെ വേണമായിരുന്നു." അര്‍ദ്ധ  രാത്രി സമയത്ത് മുഗ്ദ്ധ ഗാത്രി ദേവകിയും " , " മതിമുഖി മനോരമേ മാധവീ നീയുറങ്ങിയോ സരസമായ് വിളിക്കുന്നതറിയുന്നില്ലേ " എന്നൊക്കെ പേരമ്മ തന്നെ പാടണം.

                                            പാതിരവായാല്‍ പിന്നെ പാതിരാപ്പൂ ചൂടണം . ദശപുഷ്പമെല്ലാം ഒന്നിച്ചാക്കി ദൂരെ എവിടെയെങ്കിലും കൊണ്ട് വയ്ക്കും. അഷ്ടമംഗല്യവുമായി എല്ലാവരും കൂടി പൂ തേടി പോകും.
  "ഗുരുവായൂരെ മതിലകത്ത്  , മതിലകത്ത് മതിക്കകത്തു ഒന്നുണ്ട് പോല്‍ പൂത്തിലഞ്ഞി
ആ ഇലഞ്ഞി പൂ പറിപ്പാന്‍ നിങ്ങളാരന്‍ വരുവരുണ്ടോ " എന്ന് ഒരു കൂട്ടര്‍ പാടുമ്പോള്‍

   "തൃശ്ശിവപേരൂരപ്പനാണേ തൃശ്ശിവപേരൂര്‍ തേവരാണേ  ഞങ്ങളാരന്‍ വരുവരില്ല " എന്ന് മറു കൂട്ടര്‍. ഇങ്ങനെ പത്ത് വരെ പാടും.പത്താമത്തെ മറുപടി ഞങ്ങള്‍ വരുന്നു എന്നായിരിക്കും.  വേറെയും ഇതുപോലെ പാട്ടുകള്‍ ഉണ്ട്. പാടി തീരുമ്പോള്‍ പൂവിനടുത്തെത്തും . പൂവിനു വെള്ളം കൊടുത്തു കുരവയും ആര്‍പ്പുമായി പൂവെടുത്ത് തിരിഞ്ഞു നടക്കും. പിന്നെ വഞ്ചിപ്പാട്ട് പാടിയാണ്‌ വരവ്. കട്ടന്‍ കാപ്പിയും കുടിച്ചു ചീട്ടും കളിച്ചു കമന്റും പറഞ്ഞിരുന്ന ആണുങ്ങളെല്ലാം ഈ സമയമാകുമ്പോഴേക്കും ഉറക്കം പിടിച്ചിരിക്കും .

                                              പിന്നെയാണ് പാതിരാപ്പൂ ചൂടല്‍ . ദശപുഷ്പം ഓരോന്നിന്റെയും മഹത്വം പറഞ്ഞുള്ള പാട്ട് പാടി കളിക്കണം. മിക്കവാറും കളിക്കാതെ വട്ടം കൂടിയിരുന്നു പാടുക മാത്രമാകും നടക്കുന്നതു. പൂവും ചൂടിഉറങ്ങി കിടക്കുന്ന  ഭര്‍ത്താവിന്റെ തലയിലും കുറെ കാടും പടലും കൊണ്ട് വച്ചാലെ കാര്യം പൂര്‍ത്തിയാകൂ.  കട്ടന്‍ കാപ്പിയും  കുടിച്ചു ഉപ്പേരിയും പഴവും കഴിച്ചു ക്ഷീണമെല്ലാം മാറിയാല്‍ വീണ്ടും കളി തുടങ്ങും. വര്‍ത്തമാനവും കളിയുമായി നാലുമണി വരെ ഇങ്ങനെ പോകും. ഇടയ്ക്ക് ചിലര്‍ ഉറക്കം പിടിച്ചിരിക്കും . നാലു മണി കഴിയുമ്പോഴേക്കും മംഗളം പാടി നിര്‍ത്താന്‍ തിടുക്കമാകും.തീർത്തുകിട്ടാനുള്ള വെപ്രാളത്തിൽ  മംഗളവും ചൊല്ലി കളി നിര്‍ത്തും.

                        കളി കഴിഞ്ഞാല്‍ പിന്നെ കുളിക്കാന്‍ പോകണം. അഷ്ടമംഗല്യവും  കൊടി വിളക്കുമായി നേരെ ആറ്റിലേക്ക് . തണുത്തു വിറച്ചു നില്‍ക്കുന്ന കാലാവസ്ഥയിലും അതുവരെ തണുപ്പറിയില്ല . പക്ഷെ , വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ആത്മാവില്‍ വരെ തണുപ്പ് കയറും. കുളി കഴിഞ്ഞു തണുപ്പ് മാറ്റാന്‍ ചൂട്ടും കെട്ടിയാണ് പോകുന്നത്. ഗംഗദേവിയെ ഉണര്‍ത്തി തുടിച്ചു കുളിക്കണം. " ഒന്നാകും പാല്‍ക്കടലില്‍ ഒന്നല്ലോ പള്ളിശംഖു , 
                       പള്ളിശംഖിന്‍ നാദം കേട്ട് ഉണരുണര് ഗംഗദേവി "
                                                                  എന്ന് പാടി തുടിച്ചു കുളിക്കും. കരയില്‍ കയറുമ്പോഴേക്കും തണുത്തു മരവിച്ചു പല്ലുകള്‍ കൂട്ടിയടിക്കുന്നുണ്ടാകും .കുളി കഴിഞ്ഞു അലക്കിയത് ഉടുക്കണം. ചൂട്ടു കത്തിച്ചു തീ കാഞ്ഞ്‌ തണുപ്പ് മാറ്റാന്‍ നല്ല സുഖമായിരുന്നു. പിന്നെ ആറ്റില്‍ നിന്നും കയറുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും.ഇപ്പോള്‍ മണല് വാരല്‍ കാരണം പുഴയിലെ കളികള്‍ ഒന്നും നടക്കുന്നില്ല.. ഇറങ്ങാന്‍ തന്നെ പേടിയാകും. പിന്നെയല്ലേ തുടിയും കുളിയും.

                                        വീട്ടില്‍ എത്തിയാല്‍ കൂവ കുറുക്കിയത് കഴിക്കണം. രാവിലത്തെ നേദ്യവും കഴിഞ്ഞാല്‍ പിന്നെ പതിവ് ദിവസം പോലെ തന്നെ . ക്ളാസ്സിലും ബസിലും എന്തിനു നടക്കുന്ന വഴിയില്‍ വരെ ഉറങ്ങി നടക്കും. വ്രതം കഴിഞ്ഞു വേണം ചോറ് ഉണ്ണാന്‍ എന്നുള്ളതാണ് ആകെ ഒരു സന്തോഷം. തിരുവാതിര പുഴുക്കും ഗോതമ്പും ഒരു ദിവസം കൊണ്ട് ശത്രു ആകും. പിറ്റേന്ന് തിരുവാതിര പുഴുക്ക് കിട്ടിയാല്‍ ഇഷ്ടം പോലെ കഴിക്കാം. പക്ഷെ തിരുവാതിരയുടെ അന്ന് പറ്റില്ല. ഇപ്പോള്‍  തോന്നുന്നു  അതൊക്കെ  ഒരുതരം അഭിനയം ആയിരുന്നുവെന്ന്  , ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരു കൃത്രിമ വിരോധം .

                                             സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ദിവസമായിരുന്നു തിരുവാതിര.നല്ല ഭര്‍ത്താവിനെ കിട്ടാനും  മംഗല്യ രക്ഷയ്ക്കും  നല്ല സന്തതി ഉണ്ടാകാനുമാണ്‌  വ്രതം നോക്കുന്നത് എന്നാണു വിശ്വാസം . ഒരുപാടു  പാട്ടുകളും   അവസാനിക്കുന്നത്‌   "സന്തതിക്കേറ്റം വരം  തരണം 
                                                                 നീളമായ്  വാഴ്‌ക നെടുമംഗല്യം  " . എന്നാണ് .

                                                വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയും പ്രധാനമാണ് . പൂത്തിരുവാതിര എന്ന് പറയും. അന്ന് സദ്യ വച്ച് , ബന്ധുക്കളെ ക്ഷണിച്ചു ഗംഭീരമാകും കാര്യങ്ങള്‍ .

     സ്കൂള്‍ യുവജനോത്സവത്തിനു തിരുവാതിര പരിശീലിക്കുന്ന  കുട്ടികളെ കണ്ടപ്പോള്‍ ഒരു പിടി ഓര്‍മ്മകള്‍ കൂടെ കൂടി. കഴിഞ്ഞ തിരുവാതിര കൂടാന്‍ കഴിഞ്ഞില്ല. പക്ഷെ വ്രതം നോക്കി. ഇത്തവണ ഒരു കാഴ്ച്ചക്കാരിയായെങ്കിലും അവിടെ ചെന്നിരിരിക്കാന്‍ തോന്നുന്നു. ഓര്‍മകളിലെ തിരുവാതിരയുടെ സുഗന്ധം. ........
                                                                                           

Sunday, December 5, 2010

അച്ഛന്‍ ! അച്ഛന്‍ !!

                    രംഗം 1 
                  ഇന്ദു ടീച്ചര്‍ പുതിയ  സ്കൂളില്‍ വന്നതിന്റെ നാലാം ദിവസം...
              
            പഠിക്കാന്‍ സമര്‍ത്ഥനും സ്കൂള്‍ ലീഡറും  ആയ അഖിലിന്റെ  പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ കാണാന്‍ അവന്റെ അച്ഛന്‍ സ്കൂളില്‍ വന്നു. ആത്മാര്‍ത്ഥതയും അഭിമാനവും  നിറഞ്ഞ ശബ്ദത്തില്‍ കുട്ടിയെ കുറിച്ചും അവനെ മിടുക്കന ആക്കുന്നതില്‍ തന്റെ സ്നേഹനിധിയായ ഭാര്യയ്ക്കുള്ള പങ്കിനെ കുറിച്ചും അയാള്‍ വാതോരാതെ സംസാരിച്ചു.    അഖിലിനെ  കുറിച്ച് നല്ല അഭിപ്രായങ്ങള്‍ നിറയെ കേട്ട് സന്തോഷത്തോടെ അയാള്‍ തിരിച്ചു പോയി. 
                      ആ മാതൃകാ  കുടുംബത്തെ ഇന്ദു ടീച്ചര്‍ അറിയാതെ ഇഷ്ടപ്പെട്ടു  പോയി.

               രംഗം 2 

           ആറു മാസങ്ങള്‍ക്ക് ശേഷം  

             ഇന്ദു ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍ ഇരിക്കുകയായിരുന്നു.   പുറത്തു ഉച്ചത്തില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ടീച്ചര്‍ അങ്ങോട്ട്‌ ഇറങ്ങി ചെന്നു. ഒരാള്‍ മായ ടീച്ചറുടെ നേരെ എന്തൊക്കെയോ പറയുന്നുണ്ട്.അഖിലും ഒരു പെണ്‍കുട്ടിയും  ടീച്ചറുടെ മുന്‍പില്‍ നില്‍ക്കുന്നു. അഖിലിനെ കുറിച്ച് ആയതു കൊണ്ട് ഇന്ദുടീച്ചര്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചു. 


               ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞു എന്നു പറഞ്ഞു അഖില്‍ ആ പെണ്‍കുട്ടിയുടെ പേരെഴുതി അടി കൊള്ളിച്ചു. അതാണ് സംഭവം . പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യാന്‍ വന്നിരിക്കുകയാണ് .
      ഇന്ദു ടീച്ചര്‍ അങ്ങോട്ട്‌ ചെന്നു. അയാള്‍ ...? അയാള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടി തന്നെ വാദിക്കുന്നത്!!!. 


              അയാള്‍ പോയി കഴിഞ്ഞു മായ ടീച്ചര്‍ വന്നപ്പോള്‍ അമ്പരപ്പോടെഇന്ദു ടീച്ചര്‍ ചോദിച്ചു. 
  " അയാള്‍ അഖിലിന്റെ അച്ഛന്‍ അല്ലെ ,അവര്‍ രണ്ടും ഇരട്ടകള്‍ ആണോ  !.വീട്ടുകാര്യം എന്തിനാ ഇവിടെ തീര്‍ക്കുന്നത് ?" . 


            മായ ടീച്ചര്‍ ഒരു കള്ളച്ചിരി ചിരിച്ചു, കൂട്ടത്തില്‍ ഒരു കമന്റും ,    "ആ ....ആയിരുന്നു , അയാളുടെ മകന്‍ ആയിരുന്നു അഖില്‍ ...... മാസങ്ങള്‍ക്ക് മുന്‍പേ .....ഇപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മ അയാളുടെപുതിയ  ഭാര്യ ആണ്. " 


                   ഇന്ദു ടീച്ചറിന്  തല കറങ്ങുന്നത് പോലെ തോന്നി .
      
                         


                 

Monday, November 22, 2010

നായൊരു നല്ല മൃഗം ?

             "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ്‌ ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും  കണ്ടാല്‍ ഞാന്‍ അത്യാവശ്യം   സ്നേഹം  കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു  അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി  വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു       .        
                                                                                                                                                                                                                                                                                                        നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍  . അത് ചത്തതിനു ശേഷം അതിന്റെ മോള്‍  'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .

                                        പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക്  പഠിക്കുന്ന സമയം.  രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ്‌ സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട്  . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത്‌  മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും  ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ  നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .

                                    അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ്‌ അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട്  ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക്‌  എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .

                                         ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത്‌ എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി  വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ  തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട്‌ എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.  ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും .  ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.

                   എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു .  നല്ല വരമ്പില്‍ നിന്നും പാറയിലേക്ക്‌  കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക്‌ . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ  നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .

         " മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.

                      ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .

                     "അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.

                   കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ  എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌ .

                            ഈ സംഭവത്തിന്‌ ശേഷം ചിത്രത്തിലും  സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ  കണ്ടാലും  എറിയാന്‍  കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത്‌ എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .

Thursday, October 28, 2010

അസാമാന്യ ബുദ്ധി !

                        ഇത് ഒരു നാടിനെ കുറിച്ചുള്ള ചില കൊച്ചു കഥകളാണ് . മന്ദബുദ്ധികള്‍ അത് എന്റെ നാടിനെ കുറിച്ചാണെന്ന് പറഞ്ഞേക്കും. സത്യമായും അല്ല .

                        ഊപ്പശ്ശേരി  എന്ന കൊച്ചു ഗ്രാമം .അവിടെ വളരെ നല്ലവരായ കുറെ നാട്ടുകാരും  . ആ നാടിനു ഒരേ ഒരു കുഴപ്പമേയുള്ളു , ആള്‍ക്കാരുടെ ബുദ്ധി അല്പം കൂടി  പോയി .  അവിടത്തെ ക്ഷേത്രത്തിലെ ദേവന്‍ എപ്പോഴോ ശപിച്ചതാണ് , അങ്ങനെ അവര്‍ക്ക്   സാമാന്യ ബുദ്ധി ഇല്ലാതായി  . എന്നുവച്ചാല്‍  അസാമാന്യ ബുദ്ധി.!

                  ഈ ബുദ്ധി വെളിവാക്കുന്ന ഒരുപിടി കഥകള്‍ ഇപ്പോഴും അവിടെ പ്രചരിക്കുന്നുണ്ട് .  വലിയ കഥകള്‍ അല്ലാത്തതിനാല്‍ ചെറിയ സംഭവങ്ങള്‍ ആയിട്ട് പറയാം .

                           ഒന്നാമത്തെ കഥ ;
                                                ഒരു അടക്കാമരം നിറയെ കായ്ച്ചു  നില്‍ക്കുന്നു. പാകത്തിന് പഴുത്തു നില്‍ക്കുന്ന അടയ്ക്ക കണ്ടപ്പോഴേ ഒന്ന് മുറുക്കാന്‍ തോന്നി പോയി . അങ്ങനെ നാലഞ്ച് പേര്‍ ചേര്‍ന്ന്  താഴെ നിന്ന് ഏറു തുടങ്ങി . കല്ലും കമ്പും എല്ലാം ഉപയോഗിച്ച് എറിഞ്ഞു നോക്കി. പക്ഷെ ഒന്നും വീഴുന്നില്ല.
                    കൂട്ടത്തില്‍ ഒരാള്‍ കാരണം കണ്ടു പിടിച്ചു , " ഏറു കൊള്ളുന്നതെല്ലാം പാളയില്‍ ആണ്, പിന്നെങ്ങനെ അടക്ക വീഴും"

                      ഉടന്‍ ബുദ്ധി പ്രവര്‍ത്തിച്ചു . കൂട്ടത്തില്‍ ഒരാള്‍ ചെന്ന് അടക്ക മരത്തില്‍ കയറി . തടസ്സമായി നിന്ന പാള  എടുത്തു  കളഞ്ഞു  വിജയശ്രീലാളിതനായി തിരിച്ചിറങ്ങി .
         
                  ഇനി എന്തോന്ന്  പറയാന്‍ , വീണ്ടും ഏറു തുടങ്ങി . അത്ര തന്നെ 
            

                  രണ്ടാമത്തെ കഥ :

                  ഒരു തത്തമ്മയെ പിടിക്കണം. മാര്‍ഗ്ഗങ്ങള്‍ പലതും ആലോചിച്ചു . "എറിഞ്ഞു വീഴ്ത്താം, പക്ഷെ തത്തമ്മ ചത്ത്‌ പോകില്ലേ .  വിഷം വച്ചാലും ചത്ത്‌ പോകും . വല വിരിച്ചാല്‍ തത്തമ്മയ്ക്ക്  മനസ്സിലാകും അതിനെ പിടിക്കാന്‍ ആണെന്ന് , പിന്നെ അത്  വരില്ല ."

              ബുദ്ധി ഉണര്‍ന്നു,എല്ലാവര്ക്കും സ്വീകാര്യമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെട്ടു ,

   " തത്തമ്മയുടെ കണ്ണിനു മുകളില്‍ വെണ്ണ വയ്ക്കണം. തത്തമ്മ വെയിലത്ത്‌  ഇറങ്ങി  നടക്കുമ്പോള്‍ വെണ്ണ ഉരുകുമല്ലോ. അപ്പോള്‍ അതിനു കണ്ണ് കാണാതാകും. പിന്നെ എളുപ്പം പിടിക്കാം "

                  ഇനി മൂന്നാമത്തെ കഥ :

                              നന്നായി അധ്വാനിക്കുന്ന കൃഷിക്കാരാണ്  ഈ നാട്ടുകാര്‍ . ചേന , കപ്പ , കിഴങ്ങ്, കാച്ചില്‍തുടങ്ങി എല്ലാ തരാം കൃഷിയും ചെയ്യുന്നുണ്ട്.  കിഴങ്ങും കാച്ചിലുമൊക്കെ പടര്‍ന്നു തുടങ്ങിയാല്‍ പിന്നെ വേലി കെട്ടിയോ കമ്പ് നാട്ടിയോ അതിനെ പടര്‍ത്തി വിടണം .


                             അങ്ങനെ കാച്ചില്‍ പടര്‍ത്താനുള്ള ഒരു എളുപ്പ വഴി കണ്ടെത്തി . മുളയുടെ  കമ്പ്   വളച്ചു കൊണ്ട് വന്നു  അതില്‍ വള്ളി ചുറ്റി കെട്ടി പടര്‍ത്തി വിട്ടു .  പിന്നെ കിഴങ്ങ് ഉണ്ടാകുന്നതു ആകാശത്ത്  തന്നെ .

                         തല്ക്കാലം ഇത്രയും കഥകള്‍ മതി എന്ന് തോന്നുന്നു . ഇതിനു അനുബന്ധമായി  ചില പുതിയ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു ഉണ്ടാക്കുന്നുണ്ട് .  ജനറേറ്റര്‍  ആദ്യമായി  കൊണ്ട് വന്നപ്പോള്‍ കറണ്ട്‌ തരുന്ന ദൈവം വന്നു എന്ന് പറഞ്ഞു മാല ഇട്ടെന്നും, ഓട്ടോ റിക്ഷ കണ്ടു മലവണ്ട്‌  വരുന്നേ എന്ന് നിലവിളിച്ചോടി എന്നും പുതിയ കഥകള്‍ ആണ്.

                       ഇതൊക്കെ അവരുടെ  ബുദ്ധി ഇല്ലായ്മയുടെ കഥയായി   തോന്നിയെങ്കില്‍ ഇത് കൂടി വായിച്ചിട്ട് പറയണം.  അതി ബുദ്ധിമാന്‍ ആയിരുന്ന ഐസക്‌  ന്യൂട്ടന്റെ കഥ. ന്യൂട്ടന്‍ ഒരു മുയല്‍ കൂട് പണിതു . പണി തീര്‍ത്ത കൂടിനു രണ്ടു വാതില്‍.  കണ്ടു നിന്ന ആരോ ചോദിച്ചു 'ഇതെന്തിനാണ് രണ്ടു വാതില്‍ " .

              " വലിയ മുയലിനു കയറാന്‍ വലിയ വാതിലും, ചെറുതിന് ചെറിയ വാതിലും"  ന്യൂട്ടന്റെ മറുപടി.
                 ഇത് കഥയല്ല, സംഭവിച്ചതാണ് . അപ്പോള്‍ മുകളില്‍ പറഞ്ഞ കഥകളും  ബുദ്ധി കൂടിപ്പോയവരുടെ ആണെന്നെ കരുതാന്‍ പറ്റു.

     ........................................................................................................................

                  മുകളില്‍ പറഞ്ഞ ഗ്രാമത്തിന്റെ പേര് വെറും  സാങ്കല്പികം മാത്രം . ഇനി അങ്ങനെങ്ങാനും വല്ല നാടും ഉണ്ടെങ്കില്‍ ....

Thursday, October 21, 2010

വീണ്ടും ഒക്ടോബര്‍

                               ഐശ്വര്യ റായിയുടെ സൗന്ദര്യവും മാധവന്റെ ചിരിയും പൂച്ചക്കുഞ്ഞുങ്ങളുടെ ഓമനത്തവും കഴിഞ്ഞാല്‍  എന്റെ ദൌര്‍ബല്യം കാതോലികേറ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷങ്ങളുടെ ഓര്‍മ ആണ് . ആരും അധികം  ആസ്വദിക്കാന്‍ ശ്രമിക്കാത്ത പോസ്റ്റ്‌  ഗ്രാജ്വേഷന്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു എന്ന് പറയാം .

                                                       ഒരു ഒക്ടോബര്‍ മാസം 20 നോ    21 നോ ആണ് ഞങ്ങള്‍ 13 പേര്‍ ഒന്നിച്ചത്. 13 നല്ലതല്ല എന്ന് പറയുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ആയിരുന്നില്ല . 9 പെണ്ണും 4 ആണും . ഞങ്ങള്‍ ഏഴു പേര്‍ ഹോസ്റ്റലില്‍  . 7 പേരും വരുന്നതും പോകുന്നതും എല്ലാം ഒന്നിച്ചു . ഉച്ചയ്ക്ക്  ഉണ്ണാന്‍ വീണ്ടും ഹോസ്റ്റലില്ലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ധൃതിയാണ്   . തിരിച്ചു വരുന്നത്  കയ്യും കോര്‍ത്ത്‌ കഥയും പറഞ്ഞു അങ്ങനെ. . ഉച്ച കഴിഞ്ഞാല്‍ ലാബ്‌  ആണ് . അതിനു മുന്‍പ് കുറെ കഥകളുമൊക്കെ പറഞ്ഞു  രസിച്ചു കുറെ സമയം. 2  പെണ്ണും ഒരാണും ഡേ സ്കൊലഴ്സ് . അവരുടെ കഥകള്‍ ഞങ്ങള്‍ കേള്‍ക്കുന്നത് ഈ സമയത്താണ് . അവരെയും കൂടെ ഹോസ്റ്റലില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.


                                       അങ്ങനെ ഒരു ദിവസം ഈ കഥ പറച്ചിലിന് ഇടയില്‍  എന്റെയും ജോയുടെയും  ( ആണുങ്ങളില്‍ ഒരേ ഒരു ഡേ സ്കോളര്‍ ) ജന്മദിനം( ഒക്ടോബര്‍ 21  !) ഒന്നാണ്  എന്ന്  കണ്ടു പിടിച്ചു. ഞങ്ങളെ ജന്മം കൊണ്ടല്ലെങ്കിലും ജന്മദിനം കൊണ്ട്  ഇരട്ടകള്‍ ആയി എല്ലാവരും അംഗീകരിച്ചു. അന്നൊരു സ്മാള്‍  അടിക്കാനുള്ള സന്തോഷം തോന്നി എന്ന് ജോ പിന്നെ പറയുമായിരുന്നു . നല്ല സൌഹൃദം മാത്രം നില നിന്ന ഒരു ക്ലാസ്സ്‌ റൂം . എന്ത് പരിപാടിയും ഞങ്ങള്‍ ഒരു ഉത്സവമായി ആഘോഷിച്ചു . സ്റ്റേജു കണ്ടാല്‍ മുട്ടടിച്ചിരുന്ന ഞാന്‍ അവിടെ എത്തിയതിനു ശേഷം എത്ര തവണ സ്റ്റേജില്‍ കയറി!

                                                        
                                             അധ്യാപകരെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല .ആദ്യവര്‍ഷം HOD തോമസ്‌ സര്‍ ആയിരുന്നു. പിന്നെ  ഞങ്ങളുടെ ചാര്‍ജ്  ആയിരുന്ന അച്ചാമ്മ ടീച്ചര്‍ , ലില്ലി ടീച്ചര്‍ , തോമസ്‌ ജോണ്‍ സര്‍ , കുര്യന്‍ സര്‍ , നെല്‍സന്‍ സര്‍ , നമ്പൂതിരി സര്‍ , മാത്യൂസ്‌ സര്‍ ...  അങ്ങനെ സ്നേഹത്തോടും ബഹുമാനത്തോടും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ,ഒരിക്കലും മറക്കാത്ത ഒരുപാടു അധ്യാപകര്‍.

                               പഠിക്കുന്ന വിഷയത്തിലുള്ള വിരസത അകറ്റാന്‍ ക്ലാസ്സ്‌ റൂമുകള്‍ ഞങ്ങള്‍ ആഘോഷം ആക്കിയിരുന്നു . ക്ലാസ്സ്‌ നടക്കുമ്പോള്‍ പോലും. മുന്‍ നിര കക്ഷികള്‍ ആണെങ്കിലും ഇടക്കിടയ്ക്ക് സര്‍ കാണാതെ വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ വിരസത അകറ്റും . ഒരു ദിവസം , നമ്പൂതിരി സര്‍ നൂക്ലിയര്‍ ഫിസിക്സ്‌ പഠിപ്പിക്കുന്നു. സര്‍  ബോര്‍ഡിനു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു.  (ക്ലാസ്സില്‍ ഞങ്ങള്‍ക്കൊരു വല്യേട്ടന്‍ ഉണ്ട്. തെറ്റ് കണ്ടാല്‍ അപ്പോള്‍ വഴക്ക് പറയും, ഉപദേശിക്കും .)  ഞങ്ങളുടെ ഈ പരിപാടി കണ്ടു പുറകില്‍ നിന്നൊരു തുണ്ട്  പേപ്പര്‍ മുന്‍പിലേക്ക് എറിഞ്ഞു. നേരെ ചെന്ന് വീണത്‌  സാറിന്റെ മുന്‍പില്‍! ഞങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നത്  കൊണ്ടോ  പ്രായത്തിന്റെ പക്വത കൊണ്ടോ സര്‍ അത്  കണ്ട ഭാവം നടിച്ചില്ല . സര്‍ പോയി കഴിഞ്ഞു ഞങ്ങള്‍ അത് എടുത്തു നോക്കി. " തു  കുത്ത  ഭൌ ഭൌ , ചുപ്  രഹോ " . അന്നു അത്  സര്‍ എടുത്തു നോക്കിയിരുന്നെങ്കില്‍ !


                                                     അങ്ങനെ രണ്ടാം വര്‍ഷമായി. ഞങ്ങളുടെ HOD  വിരമിച്ചു. ജോര്‍ജ്  സര്‍ പുതിയ HOD   ആയി.  വളരെ ശാന്തനായ ലളിത വസ്ത്ര ധാരിയായ ഒരു നല്ല മനുഷ്യന്‍ . നന്നായി ക്ലാസ് എടുക്കും. പക്ഷെ ആരെയും  ശ്രദ്ധിക്കില്ല . വര്‍ത്തമാനം നന്നേ കുറവ്.

                                സെമിനാറുകളും ലാബും ക്ലാസ്സുമായി  ആ വര്‍ഷവും  അങ്ങനെ  മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു . വീണ്ടും ഒരു ഒക്ടോബര്‍ മാസം ആയി.  ഒക്ടോബര്‍ 21  രണ്ടു പേരുടെ ജന്മ ദിനം ആണ്. ( എനിക്ക് പത്താം ക്ലാസ് ആകുന്നതു വരെ എന്റെ ജന്മദിനം അറിയില്ലായിരുന്നു. നക്ഷത്രം  നോക്കി ആയിരുന്നു പിറന്നാള്‍    . പിന്നീട് ആയാലും  ആ ദിവസം എന്റെ ശ്രദ്ധയില്‍ വരാറില്ലായിരുന്നു . എല്ലാ ദിവസവും പോലെ തന്നെ ) . പക്ഷെ ജോ ഞങ്ങള്‍ അറിയാതെ ആഘോഷം ആക്കാന്‍ തീരുമാനിച്ചു . രസഗുളയും കേക്കും എന്തൊക്കെയോ പലഹാരങ്ങളും നേരത്തെ തന്നെ വാങ്ങി  മേശയ്ക്കുള്ളില്‍ വച്ചിരുന്നു .             

                                                      പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ തന്നെ ഞങ്ങള്‍ കേട്ട വാര്‍ത്ത‍ ഞെട്ടിക്കുന്നതായിരുന്നു . ഞങ്ങളുടെ HOD ഹാര്‍ട്ട് അറ്റക്കിനെ തുടര്‍ന്ന്  ഞങ്ങളെ വിട്ടു പോയിരിക്കുന്നു.  രാവിലെ തന്നെ ഏഴു പേരും കൂടി ആശുപത്രിയിലേക്ക്  തിരിച്ചു. ബാക്കിയുള്ളവരും  അവിടെ എത്തിയിട്ടുണ്ട്  . എല്ലാവര്ക്കും ഒരു മരവിപ്പ് മാത്രം . ആ ദിവസം ശോശപ്പ ഒരുക്കിയും ,അദ്ദേഹത്തിന്റെ  ശരീരത്തെ അനുഗമിച്ചു ആശുപത്രിയും വീടുമായി കഴിഞ്ഞു. . വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു . ഒരു ദുരന്ത ദിനം .


                                                  ക്ലാസ് തുടങ്ങിയതും ഞങ്ങളുടെ ജന്മദിനവും എല്ലാം  ഒക്ടോബര്‍  ആയിരുന്നത് കൊണ്ട് അത് ഒരു ദുരന്ത ദിവസം ആണെന്ന് എല്ലാവരും  തമാശ പറയാറുണ്ടായിരുന്നു .ഇനി അടുത്ത ഒക്ടോബര്‍ എന്താകുമോ  എന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കിയിരുന്നവര്‍ക്കും ഒരു ഞെട്ടല്‍ ആയി ആ ദിവസം . അടുത്ത ഒക്ടോബര്‍ 21  ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ ദുരന്തം ആകുമെന്ന്  ആരും കരുതിയില്ല . തമാശ ആയിരുന്നെങ്കിലും  അത് സത്യമായി ഫലിച്ചു .

                                     ആ ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും ക്ലാസ്സില്‍ എത്തിയ ഞങ്ങളെ നോക്കി രസഗുളയും കേക്കും പല്ലിളിച്ചു കാണിച്ചു. അവിചാരിതമായി ദുരന്തം ആയി പോയ ഒരു ആഘോഷത്തിന്റെ ബാക്കി പത്രം പോലെ .

                         ...............................................................................................


                           ജോര്‍ജ് സാറിനെ ഓര്‍ത്തപ്പോള്‍ , കോളേജ് നെ ഓര്‍ത്തപ്പോള്‍  ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ട് എന്ന് അറിയണം എന്ന് തോന്നി. കോളേജ് ന്റെ സൈറ്റില്‍ കയറി നോക്കി. ഇന്ന് കണ്ടത്  വീണ്ടും ഒരു മരണ വാര്‍ത്ത‍ . തോമസ്‌ ജോണ്‍ സര്‍ . കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു മാസം ആയി സംഭവം കഴിഞ്ഞിട്റെന്നു  അറിഞ്ഞു.


                                                              

Tuesday, October 5, 2010

വെള്ളപ്പൊക്കം

                                 ഇതെന്തൊരു  മഴ ! തോരുന്നതെ ഇല്ല . ഈ കോണ്‍ക്രീറ്റ്  കൊട്ടാരങ്ങല്ക്കിടയില്‍ ഇങ്ങനെ പെയ്യുന്ന മഴ നാട്ടില്‍ എങ്ങനെ ആയിരിക്കും  എന്നോര്‍ത്ത് എനിക്ക് ഉറക്കം പോയി . 1994 ല്‍, ഇങ്ങനൊരു മഴ പെയ്തിരുന്നു . ഒരു ഒക്ടോബര്‍ മാസവും അടുത്ത നവംബര്‍ മാസവും ഓരോ വെള്ളപ്പൊക്കം സമ്മാനിച്ച്‌ ! നാട്ടില്‍ നിന്ന് വിളിക്കുന്നവര്‍ക്കെല്ലാം പറയാന്‍ മഴയുടെ കാര്യം മാത്രമേ ഉള്ളു . TV യില്‍ ഇന്നലെയും ഫ്ലാഷ് കണ്ടു ,തെന്മല  ഡാം തുറന്നു വിടുമെന്നും ,രണ്ടു ദിവസത്തേക്ക് കൊല്ലം ജില്ല യ്ക്ക് അവധി ആണെന്നും. കല്ലടയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്  വിളിച്ചു പറയുന്നു എന്ന് പേരമ്മ ഇന്നലെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു .
                                                                 അവിടെ പെയ്യുന്ന മഴ സുന്ദരമാണ് . തെങ്ങിലും മാവിലും പ്ലാവിലും പുല്ലിലും വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാണ്. കാക്ക നനഞ്ഞിറങ്ങിയാല്‍ പിന്നെ മഴ തോരില്ല . കാക്കയും പൂച്ചയും പശുക്കളും എല്ലാം ഇപ്പോള്‍ തൂവലും രോമവും എല്ലാം വിടര്‍ത്തി കുളിരടിച്ചു മടിപിടിച്ച് ഇരിക്കുന്നുണ്ടാകും . തണുപ്പ് കാരണം വെളിയില്‍ ഇറങ്ങാന്‍ തോന്നില്ല . കുരുമുളക് വള്ളിയില്‍ വെള്ളം തട്ടി തെറിച്ചു വീഴുന്നത് കാണാന്‍  മുറ്റത്തു ഇറങ്ങി നില്‍ക്കും. പക്ഷെ 94 ല്‍ പെയ്ത മഴ ഈ രൂപം മാറ്റി കളഞ്ഞു . മഴ തുടങ്ങി, തോരാതായി. ആറില്‍ വെള്ളംപൊങ്ങി  ,  തെങ്ങിന്‍ തോട്ടം മുങ്ങി , വീണ്ടും കയറി കയറി വന്നു. ഒരു വശം വയലും മറു വശം ആറും. രണ്ടും നിറഞ്ഞു കാവില്‍ക്കൂടെ ഒഴുക്കിട്ടു . കാവിനു അപ്പുറം ഉള്ള ആളുകളെല്ലാം സ്കൂളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ എത്ര ദിവസം . പുറം ലോകവുമായി ബന്ധമില്ലാതെ  ഞങ്ങള്‍ വീട്ടില്‍ ഒതുങ്ങി . ടൌണില്‍ പോകണമെങ്കില്‍ റോഡിലെ കടത്തു കടക്കണം.

                                             വെള്ളപ്പൊക്കം കൊണ്ട് ആറിന്റെ തീരത്തുള്ള കുഞ്ഞു വീടുകള്‍ പലതും തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കം കാണാന്‍വന്നവര്‍ എപ്പോഴും ആറിന്റെ തീരത്ത് കാണും .  വീട്ടില്‍ നിന്ന് ഇറങ്ങി പത്തു  ചുവടു  വച്ചാല്‍ താഴെ ഭീകര രൂപം പൂണ്ട കല്ലടയറിനെ കാണാം . എന്തെല്ലാം ഒഴുകി പോകുന്നത് കണ്ടു . ആരുടെയൊക്കെയോ വിലപിടിച്ച വകകള്‍ . വെള്ളപ്പൊക്കം  കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോള്‍ തോട്ടത്തില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ചെളി വാരി പൂശിയത് പോലെ നില്‍ക്കുന്ന തെങ്ങുകള്‍, അതിലെല്ലാം തങ്ങി നില്‍ക്കുന്ന തുണികളും . കാല് ചവിട്ടിയാല്‍ ചേറില്‍ പുതഞ്ഞു പോകും . അടുത്ത കുറെ മഴകള്‍ കഴിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ആറ്‌ കാണുന്നത്. 
                                                                        വയലിലെ കാര്യം പറയേണ്ടല്ലോ. പുതഞ്ഞ ചെളിയില്‍ കൃഷി കണ്ടു പിടിക്കാന്‍ പോലും കഴിയില്ലായിരുന്നു . വാഴയും കപ്പയും എല്ലാം നശിച്ചു . പച്ചക്കറി  വാങ്ങാന്‍ പറ്റില്ലഞ്ഞതിനാല്‍    വെറും നാടന്‍ കൂട്ടാനുകള്‍ കൂട്ടി ആഹാരം. അതില്‍ ചേമ്പിന്‍ തടയും ഉള്ളിയും ഇട്ടു വച്ച ഒരു കറി ഇപ്പോഴും ഓര്‍ക്കുന്നു. ആ രുചി പിന്നെ കിട്ടിയിട്ടില്ല .
                                            ഞാന്‍ പ്രീ ഡിഗ്രി ക്ക്  ചേര്‍ന്ന വര്‍ഷമായിരുന്നു അത്. കോളേജില്‍ ഷിഫ്റ്റ്‌  ആണ് . ഉച്ചയ്ക്ക് പോയി, അഞ്ചു മണി വരെ ക്ലാസ്സ്‌ . പോകാന്‍ വഴി പലതുണ്ട് , അങ്ങനെ വെള്ളപ്പൊക്കം കഴിഞ്ഞു കോളേജില്‍ പോയി . തിരിച്ചു വരുന്നത് അഞ്ചു മണിക്കുള്ള ഒരു അയ്യോ പാവി ആന വണ്ടിയില്‍ ആണ് . രണ്ടു മൂന്നു കിലോമീറ്റര്‍ വന്നു പേപ്പര്‍ മില്‍  കഴിഞ്ഞു വള്ളക്കടവില്‍ എത്തി ബസ്‌ ചളിയില്‍ പുതഞ്ഞു . പൊക്കാന്‍ പറ്റില്ല , ഇനിയും എട്ടു കിലോമീറെര്‍ എങ്കിലും പോയെ പറ്റു. ഒരു പ്രൈവറ്റ് ബസ്‌ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം ഓടി തുടങ്ങിയിട്ടും ഇല്ല . പിന്നെ നടപ്പ് തന്നെ ശരണം . വര്‍ത്തമാനം  പറഞ്ഞു അത്രയും ദൂരവും നടന്നു . ഏഴു മണിയായി വീട്ടില്‍ എത്താന്‍ . ബസ്‌ സ്റ്റോപ്പില്‍ അച്ഛന്‍ വന്നു നിന്ന് മടുത്തിരുന്നു .
                                         ഈ മഴയും ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാക്കുമോ . അതുപോലെ ഇരുള്  വെളിവില്ലാതെ പെയ്യുന്നു എന്ന് പറയുന്നു . വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ്‌ .മണല്‍ വാരി ആറ്‌ താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും.

Sunday, October 3, 2010

ഒരു ടൂറിന്റെ ഓര്‍മയ്ക്ക്

                  ടൂര്‍ പോകുക എന്നാല്‍ വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സംഭവമാണ് . സ്കൂള്‍ കോളേജ്  ക്ലാസ്സുകളില്‍ പോയ യാത്രകള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു  നില്‍ക്കുന്നു . പോകുന്നതിനു മുന്‍പൊരു ബഹളം , വന്നിട്ടുള്ള ചര്‍ച്ചകള്‍ എല്ലാം കൂടി കുറെ ദിവസത്തേക്ക് ഒരു ഉത്സവം തന്നെ !
                      ടൂര്‍ കൊണ്ട് പോകാനുള്ള ഉത്തരവാദിത്തം തലയില്‍ ആകുമ്പോള്‍    ഈ കഥയെല്ലാം തിരിഞ്ഞു മറിയും . 17 ഉം 18  ഉം  വയസ്സുള്ള കുട്ടികളെയും കൊണ്ട് പോകുന്നത്  അമിട്ട് തലയില്‍ വച്ച് കൊണ്ട് നടക്കുന്ന പോലെ ആണ് . അങ്ങനെ 2006  ല്‍ ഞങ്ങള്‍ ഒരു ടൂര്‍ പോയി . ഡിസംബര്‍ മാസത്തില്‍ വെക്കേഷന്  മുന്പായി തിരിച്ചു വരുന്ന രീതിയില്‍ ദിവസം തീരുമാനിക്കപ്പെട്ടു . ടൂര്‍ കഴിഞ്ഞു വന്നു ബന്ധങ്ങള്‍ വളരാന്‍ അനുവദിക്കരുതല്ലോ. പ്രാരാബ്ധങ്ങള്‍ ഇല്ലത്തത് കൊണ്ട് പെണ്‍ വര്‍ഗത്തില്‍ ആദ്യത്തെ നറുക്ക് എനിക്ക് തന്നെ . ഒരു മാസം കഴിഞ്ഞാല്‍ വിവാഹമാണ് , എന്നൊക്കെ പറഞ്ഞു നോക്കി , നടന്നില്ല . അങ്ങനെ ഞങ്ങള്‍ 2  സ്ത്രീ പ്രജകളും 4 പുരുഷ പ്രജകളും കൂടി നയിച്ച്‌  പോകുക എന്നായി .
                                                   ടൂറിനു തലേന്ന് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു എങ്കിലും എനിക്ക് പിന്മാറാന്‍ പറ്റിയില്ല . വേറെ ആരും ഇല്ല ! കുട്ടികളില്‍ ആണിനേയും പെണ്ണിനേയും വേറെ വേറെ വിളിച്ച് ഉപദേശമൊക്കെ കൊടുത്തു . ആണ്‍കുട്ടികളുടെ ബാഗുകളും പരിശോധിച്ച്  വൈകുന്നേരമായപ്പോള്‍ ബസില്‍ കയറി . കുറുമ്പ് പെരുത്ത കുട്ടികള്‍ ആണെന്ന് പറയേണ്ടല്ലോ . കൂകി വിളിയുമായി യാത്ര തുടങ്ങി . രാത്രി സ്റ്റേ ഇല്ല . ബസില്‍ തന്നെ , ലക്‌ഷ്യം മൈസൂര്‍ ആണ് . രാത്രി ഭക്ഷണം കഴിക്കാന്‍ സ്ഥലം കണ്ടുപിടിച്ചു തന്നത് ഡ്രൈവര്‍ .
പോട്ട ധ്യാനകേന്ദ്രത്തിന്  മുന്‍പില്‍ ബസ്‌ നിര്‍ത്തി . ഡ്രൈവറുടെ നിര്‍ദേശം അനുസരിച്ച് പൊട്ടും കുറിയുമൊക്കെ തുടച്ചു കളഞ്ഞു  ഞാനും ഒരു സാറും കൂടി ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു . അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഭക്ഷണം കൊണ്ട് വരാത്തവര്‍ക്ക് അതും അവര്‍ ഓഫര്‍ ചെയ്തു .ഭക്ഷണത്തിന്  ശേഷം  ഡ്രൈവറുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞങ്ങള്‍ ബസില്‍ കയറി .
                                                             പുലര്‍ച്ചെ മൈസൂരില്‍ ചെന്നിറങ്ങി. ലോഡ്ഗിലേക്ക് . അവിടെ ചെന്ന് ഫ്രഷ്‌ ആയി തിരിച്ചുബസിലേക്ക് . ബസ്സില്‍ ആദ്യം കയറിയത് ഞാന്‍ . ഡ്രൈവറുടെ സീറ്റിന്റെ പിറകിലെ സീറ്റില്‍ ഒരു രൂപം ! ചുരുണ്ട് കൂടി കിടക്കുന്നു .ഞെട്ടി തിരിച്ചിറങ്ങി . കിളി എന്ന് വിളിക്കുന്ന സഹായിയോടു ചോദിച്ചപ്പോള്‍ വീണ്ടും ഞെട്ടി .അത് നമ്മുടെ ഡ്രൈവര്‍ തന്നെ ! ഒന്ന് മിനുങ്ങിയതാണ് . ബസില്‍ കയറില്ല എന്ന് കട്ടായം പറഞ്ഞു ഞങ്ങള്‍ നിന്നു .' ടീച്ചറെ , ഇവര്‍ക്കൊക്കെ ഇങ്ങനല്ലാതെ വണ്ടി ഓടിക്കാനാണ് പ്രയാസം ' എന്ന് പറഞ്ഞു സര്‍ ഇടപെട്ടു .
ജീവിതത്തില്‍ ഇത്ര ദേഷ്യം വന്ന അവസരം ഉണ്ടായിട്ടില്ല . ബസില്‍ കയറുക തന്നെ . നേരെ ചാമുണ്ടി ഹില്ല്സ് . ബസിനൊരു ചാഞ്ചാട്ടം ഇല്ലേ എന്നാലോചിച്ചു സമാധാനമെല്ലാം കട്ടപ്പുറത്ത് വച്ച് 'നാരായണ' ജപിച്ചു ഞങ്ങള്‍ ഇരുന്നു. എങ്ങിനെയോ കുന്നു കേറി ഞങ്ങളെ അവിടെ എത്തിച്ചു. കാഴ്ച എല്ലാം കണ്ടു മടങ്ങി എത്തിയപ്പോള്‍ ഡ്രൈവര്‍ 'സമ്മാനം' വാങ്ങി കഴിഞ്ഞു. ഏതോ വണ്ടിയുടെ ചില്ല്  റിവേര്‍സ് എടുത്തപ്പോള്‍ പൊട്ടിച്ചു.
                                                         പിന്നീടു സ്ഥിരം സ്ഥലങ്ങള്‍ക്ക് ശേഷം വൈകുന്നേരമായപ്പോള്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ . ആ യാത്ര ഞങ്ങളുടെ ടൂറിനെ ഇങ്ങനെ മാറ്റി മറിക്കുമെന്നു  സ്വപ്നത്തില്‍ പോലും കരുതിയില്ല . ഓവര്‍ ടേക്ക് ചെയ്യാന്‍ ഇടമില്ലാത്ത ഒരു സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടി ( വീരന്‍ ഡ്രൈവര്‍) ആ നാട്ടുകാരുടെ വണ്ടിയെ ഓവര്‍ ടേക്ക് ചെയ്തു . കുട്ടികള്‍ ആവേശമെടുത്തു പ്രോത്സാഹിപ്പിച്ചു . വണ്ടി വൃന്ദാവന്‍ എത്തിയപ്പോള്‍ എന്തോ ഒരു പ്രശ്നം മണത്തു. 'ആരും ബസില്‍ നിന്നും ഇറങ്ങരുത് ' എന്നാ നിര്‍ദ്ദേശത്തിനു  ശേഷം അധ്യാപകരും ഡ്രൈവറും ഇറങ്ങി. ഡ്രൈവര്‍ക്ക്  ചോദ്യത്തിന് മുന്‍പേ അടി കിട്ടി ! ആളുകൂടി തുടങ്ങി.
അധ്യാപകര്‍ക്ക് നേരെയും കയ്യോങ്ങി തുടങ്ങി . കൂട്ടത്തിലെ പയ്യന്‍ സര്‍ഒരു  തൊഴി പറ്റിച്ചു. കുട്ടികള്‍ക്ക് ഇതൊന്നും കണ്ടു, പിടിച്ചു നില്ക്കാന്‍ പറ്റില്ല. ചോര തിളയ്ക്കുന്ന പരുവം .അതിനെയൊക്കെ തടഞ്ഞു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ ഒരുപാടു ബുദ്ധിമുട്ടി . അവര്‍ കൂടുതല്‍ ആളെ വിളിച്ചു കൂട്ടാന്‍ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോള്‍ , തിരിച്ചു പോകുക തന്നെ മാര്‍ഗ്ഗം എന്ന് തീരുമാനിച്ചു . എങ്ങിനെയോ വണ്ടി അവിടെ നിന്നും എടുത്തു ,നേരെ ലോഡ്ജിലേക്ക് . ഏതോ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവം  കഴിച്ച  ശേഷം 'രായ്ക്കു രാമാനം നാട് വിട്ടു ഓടുന്ന പരിപാടി '.
                                                    ടൂറിന്റെ റൂട്ടുകള്‍ എല്ലാം മാറ്റപ്പെട്ടു. വയനാട്ടിലേക്ക് യാത്ര .കൂടെയുള്ള സര്‍ കുറച്ചുകാലം അവിടെ ജോലി ചെയ്തിട്ടുല്ലതിനാലും സാറിന്റെ ജ്യേഷ്ടന്‍ അവിടെ ഉള്ളതിനാലും കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. രാത്രി ഒരു മണിയോട്  കൂടെ ലോഡ്ജിലെത്തി . സമാധാനമായി കിടന്നുറങ്ങി . വൃന്ദാവന്‍ , പല തവണ കണ്ടു മടുത്ത കാഴ്ചകള്‍ ! ആ നഷ്ടം ഞങ്ങള്‍ക്കുണ്ടാക്കിയ നേട്ടം അറിയാന്‍ പിറ്റേന്ന് വരെ കാത്തിരിക്കേണ്ടി വന്നു .
                                                            രാവിലെ നേരെ ഇടക്കല്‍ ഗുഹയിലേക്ക്. പറഞ്ഞാലും പറഞ്ഞാലും ഒന്നും ആകാത്ത , കണ്ടു തന്നെ അറിയേണ്ട കാഴ്ചകള്‍ . ചെറിയ ഗുഹകള്‍ പോലെയുള്ള പാറക്കെട്ടുകളിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു മുകളിലേക്ക്, വീണ്ടും മുകളിലേക്ക് ... പകുതിയിലേറെ ദൂരം ആയപ്പോള്‍ ഞാന്‍ തളര്‍ന്നു ഇരിപ്പായി. കൂട്ടിനു രണ്ടു കുട്ടികളെയും കിട്ടി .
എല്ലാവരും മുകളിലേക്ക് കയറുന്നതും കണ്ടു ഞങ്ങള്‍ ഇരിപ്പായി. വെയില്‍ ഇല്ലാത്ത എല്ലാ ഇടത്തും നല്ല തണുപ്പ്.  മൂന്ന് സംസ്ഥാനങ്ങളും കണ്ടു എന്നും പറഞ്ഞു  ഞങ്ങളുടെ താരങ്ങള്‍താഴെ വന്നു. പിന്നെ ആ പാറക്കെട്ടുകളില്‍ കയറി അവര്‍ ഒരുപാടു ആഘോഷിച്ചു . എങ്ങും കിട്ടാത്ത മനോഹര കാഴ്ചകള്‍!  ഊണും കഴിഞ്ഞു തിരിച്ചിറക്കം. പിന്നെ ആ നാട്ടിലെ ഒരു വെള്ളച്ചാട്ടം . അത് കാണാന്‍ പറ്റിയില്ല , വൈകിപോയി . അവിടെ ചെന്ന് തിരിച്ചു പോന്നു . ലോഡ്ജില്‍ വന്നു . ഉറക്കത്തിനു ശേഷം പിറ്റേന്ന് വീഗ ലാന്‍ഡ്‌ . രാത്രി ഒരു സിനിമയും കണ്ടു പുലര്‍ച്ചെ സ്കൂള്‍ എത്തുന്ന വിധം തിരിച്ചു മടക്കം .
                                                 ഒരു നഷ്ടം വരാനിരിക്കുന്ന നേട്ടത്തിന്റെ മുന്നോടി ആണ് എന്നാ പ്രമാണം ഒന്ന് കൂടി ഉറപ്പിച്ചു അങ്ങനെ ഞങ്ങളുടെ ടൂര്‍ കഴിഞ്ഞു .പിന്നീട് ഞാന്‍ ടൂര്‍ കൊണ്ട് പോയിട്ടില്ല , അതിനുള്ള അവസരം ദൈവം സഹായിച്ചു കിട്ടിയിട്ടും ഇല്ല .

Thursday, September 30, 2010

സമയം ... ക്ളോക്ക് തിരിഞ്ഞു കറങ്ങുമോ

'ശോഭഎന്നൊരു കന്യ പ്രകാശ വേഗത്തെക്കാള്‍
ഒട്ടേറെ വേഗത്തില്‍ യാത്ര ചെയ്യുമായിരുന്നത്രേ
ഒരുനാള്‍ അവള്‍ പുറപ്പെട്ടിനാള്‍ ഐന്‍സ്ടിന്‍ രീതിയില്‍
തിരിച്ചു വീടെതിടിനാല്‍ അത്ഭുതം തലേ രാവില്‍ ! '
                                            ഇത് ഞാന്‍ എഴുതിയ വരികള്‍ അല്ല . അല്ലെങ്കിലും ഇങ്ങനെ ഒന്നും എഴുതാന്‍ ഞാന്‍ ആയിട്ടില്ല . അജോയ് ഘട്ടക്കിന്റെ ഒപ്ടിക്സ് ബുക്കിന്റെ ഏതോ മൂലയില്‍ കണ്ട ഇംഗ്ലീഷ് വരികള്‍ കൊള്ളാവുന്ന ആരോ മലയാളത്തില്‍ ആക്കിയതാണ്.
                                                        എപ്പോഴെങ്കിലും ശോഭ പോയപോലെ പോകാന്‍ കഴിഞ്ഞെങ്കില്‍ സമയം പുറകോട്ടു പോകുമായിരുന്നു .ഐന്‍സ്ടയിന്റെ സ്പെഷ്യല്‍ തിയറി ഓഫ് റിലേടിവിടി!. സംഭവം നടക്കൂല്ലല്ലോ , പ്രകാശ വേഗം കടക്കാന്‍ പറ്റില്ലന്നാണ് പ്രമാണം(ടാക്യോന്‍സ് ക്ഷമിക്കുക ).
                                                         പ്രകാശ വേഗതിനടുത്ത വേഗത്തില്‍ സ്പേസില്‍ പോയ ഇരട്ടകളില്‍ ഒരാള്‍ തിരിച്ചു വന്നപ്പോള്‍ കൂടപ്പിറപ്പ് വയസ്സനായ കഥ കേട്ടിട്ടുണ്ടല്ലോ . ഭൂമിയിലെ 50  വര്‍ഷങ്ങള്‍ അയാള്‍ക്ക് വെറും ദിവസങ്ങള്‍ ആയി മാറി ." ട്വിന്‍ പാരഡോക്സ് " എന്ന് വിളിക്കും . വെറും പത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ വന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടതാണ് . അപ്പോള്‍ ഈ 50 വര്‍ഷങ്ങള്‍ എങ്ങനെ ഇരിക്കും. അയാള്‍ക്ക് മക്കള്‍ ഉണ്ടെങ്കില്‍ അച്ഛനെക്കാള്‍ പ്രായമായ മക്കള്‍ ആകും .നാടും വീടും എന്ത് മാറിയിട്ടുണ്ടാകും. ഇതൊന്നു നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ ആയതിനാല്‍ ആലോചിക്കെന്ടെന്നു തോന്നുന്നു . തിയറി മാത്രം ഒതുങ്ങി നില്‍ക്കട്ടെ . എന്നെങ്കിലും ഇതൊക്കെ നടന്നാല്‍ .....!
                                   

Monday, September 27, 2010

ഒരു പ്ലസ്‌ ടു രോദനം

ഇന്നും രാവിലെ നാലു മണിക്ക് തന്നെ അമ്മ വിളിച്ചുണര്‍ത്തി . PTA യ്ക്ക് ചെന്നപ്പോള്‍ ടീച്ചര്‍ ഉപദേശിച്ചതാണ് . ദിവസം ആറ് മണിക്കൂര്‍ എങ്കിലും പഠിക്കണം ! പഠിക്കുന്ന എല്ലാ കുട്ടികളും അങ്ങനെ ആണ് പോലും . ക്ലാസ്സില്‍ ചെന്നാലും ടീച്ചര്‍ പറയുന്നത് ഇത് തന്നെ . വൈകിട്ട് ട്യുഷന്‍ കഴിഞ്ഞു വന്നപ്പോള്‍ തന്നെ മണി ആറ് കഴിഞ്ഞു . വന്നപാടെ ചായയും കുടിച്ചു റിമോടും എടുത്തു TV യുടെ മുന്‍പിലേക്ക് വീണപ്പോള്‍ ഉടന്‍ വന്നു ഉപദേശം , അവിടുന്നോടി കുളിയും കഴിഞ്ഞു വന്നപ്പോള്‍ ഉറക്കം വന്നു വയ്യ . പഠിക്കാനുണ്ട് , അസയിന്മേന്റ്റ് ഉണ്ട് , റെക്കോര്‍ഡ്‌ എഴുതണം ... പിന്നെ ട്യുഷന്‍ ക്ലാസ്സിലെ പഠിക്കണം ....എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ ഇരുന്നു എന്തൊക്കെയോ ചെയ്തു ,എപ്പോഴോ ഉറങ്ങി വീണതാണ് .വീണ്ടും രാവിലെ തുടങ്ങി . കണ്ണ് തുറക്കാന്‍ വയ്യ .കട്ടന്‍ കുടിചിറ്റൊന്നും ശരിയായില്ലല്ലോ .
                                                                റെക്കോര്‍ഡ്‌  സ്കൂളില്‍ ചെന്നെഴുതം ,അസയിന്മേന്റ്റ് ആരെങ്കിലും എഴുതിയതുന്ടെങ്കില്‍ നോക്കി എഴുതി കൊടുക്കാം . പക്ഷെ ട്യുഷന്‍ ക്ലാസ്സില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍വീട്ടിലേക്കു ഫോണ്‍ വിളി തുടങ്ങും . അവിടുത്തെ സമാധാനവും പോയത് തന്നെ . നോക്കി ഇരുന്നപ്പോള്‍ മണി ആറായി. ആറരയ്ക്ക് പോയാല്‍ ട്യുഷന്‍ ക്ലാസ്സില്‍സമയതിനെതും . ഓടിപോയി കുളിച്ചെന്നു വരുത്തി  കഴിക്കാന്‍ ചെന്നിരുന്നു . കഴിക്കാന്‍ പറ്റിയ സമയം തന്നെ ! എന്തോ കൊത്തിപ്പെറുക്കി ബാഗും എടുത്തു ഓടി . പ്രൈവറ്റ് ബസ്‌ കാരുടെ കനത്ത മോന്തയും കണ്ടു ട്യുഷന് ചെന്നിറങ്ങി. അവിടത്തെ സാറിന്റെ വഴക്കും , വളിച്ച തമാശകളും എല്ലാം കലര്‍ത്തിയുള്ള മുഴങ്ങുന്ന ക്ലാസിനു ശേഷം വീണ്ടും സ്കൂളിലേക്ക് .
                                                                    ക്ലാസ്സ്‌ ടീച്ചര്‍ വന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥന കേള്‍ക്കും , ഇല്ലെങ്കില്‍ ആകെ ബഹളം . അതിനും രാവിലെ ചൂടോടെ വഴക്ക് കിട്ടും . ഒച്ചയുടെ ഇടയില്‍ പ്രാര്‍ത്ഥന എവിടെ കേള്‍ക്കാന്‍ . പിന്നെ ടീച്ചറിന്റെ വക ഉപദേശം , അതില്ലെങ്കില്‍ ടീച്ചര്‍ക്ക്‌ പഠിപ്പിക്കാന്‍ പറ്റില്ലാന്നു തോന്നുന്നു  . ചോദ്യം വല്ലതും ചോദിച്ചാല്‍  തീര്‍ന്നത് തന്നെ . ഈ
ടീച്ചര്‍ക്ക്‌  രാവിലെ തന്നെ വന്നു ഫിസിക്സ്‌ പഠിപ്പിക്കണോ . കുറെ derivation കാണും  എന്നും എഴുതാന്‍ . അത് കഴിഞ്ഞു ഉച്ച വരെ പിടിച്ചിരിക്കാം . ഊണ് കഴിഞ്ഞാല്‍ അപ്പോള്‍ ഉറക്കം വരും .
ഒന്നുകില്‍ അഞ്ചാം പീരീഡ്‌ ഉറങ്ങുന്നതിനു വഴക്ക് കിട്ടും, അല്ലെങ്കില്‍ ലാബില്‍ ടീച്ചറിന്റെ വക കിട്ടും .പാതി കെട്ടും കേള്‍ക്കാതെയും എട്ടു പീരീഡ്‌ ക്ലാസ്സില്‍ ഇരുന്നൊപ്പിക്കും. അതിനിടയ്ക്ക് ആണും പെണ്ണും മിണ്ടിയാല്‍ സംശയം . ഉച്ചയ്ക്ക് അധ്യാപകരുടെ വക ചെക്കിംഗ് ഉണ്ട്  . അപ്പോള്‍ പോലും നേരെ ചൊവ്വേ സംസാരിക്കാന്‍ പറ്റില്ല . എന്തിനാണോ ഈ ചെക്കിംഗ് . പ്രണയജോടികള്‍ എല്ലാ ക്ലാസ്സിലും ഉണ്ട് . അതൊരു തെറ്റാണോ .നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ പഠിത്തം ഇല്ലാതായത് പ്രണയത്തില്‍ പെട്ടാണ് പോലും . ആരോ നാടുവിട്ടു പോയി എന്നും ഒക്കെ പറയുന്നു . എല്ലാവരും ഒരുപോലാണോ .
                                             സ്കൂളിലെ യുദ്ധം കഴിഞ്ഞാല്‍ വീണ്ടും ട്യുഷന്‍ , തിരിച്ചു വീടിലേക്ക്‌ .ഒരു യന്ത്രം പോലെ ഓടുന്നു . ഇതിനിടയ്ക്ക് എന്ട്രന്‍സ് എഴുതണം പോലും . മൂന്നു  എ പ്ലസ്‌ മാത്രം ഉള്ള എനിക്ക് ഇതിനെല്ലാം കൂടി എവിടുന്നു പറ്റാന്‍ . ഈ പിള്ളേരൊക്കെ എങ്ങനെ ആണോ എന്തോ ഇത്ര മാര്‍ക്കും വാങ്ങി എന്ട്രന്സും എഴുതി കേറുന്നത് . സമ്മതിക്കണം . എനിക്കീ ബുദ്ധി ദൈവം തരാത്തത് എന്താണ് . ബുദ്ധി ഇല്ലഞ്ഞല്ല വര്‍ക്ക് ചെയ്യതതുകൊണ്ടാനെന്നു ടീച്ചര്‍ പറയും , പറ്റാത്ത  വര്‍ക്ക് എങ്ങനെ ചെയ്യാന്‍ . അയല്പക്കക്കാരെ പോലും കണ്ട നാള്‍ മറന്നു , ഒരു കല്യാണത്തിന് പോകേണ്ട , ബന്ധുക്കളെ കാണേണ്ട , ഒന്നും വേണ്ട ... ഈ പ്ലസ്‌ ടു കണ്ടുപിടിച്ചത് ആരാണോ ..പണ്ടൊക്കെ കോളേജില്‍ ഇങ്ങനൊന്നും ഇല്ലയിരുന്നെന്നാണ് എല്ലാരും പറയുന്നത് ( അന്ന് ആരും pre degree ജയിക്കതില്ലരുന്നു എന്നും പറയുന്നു) . നമ്മള്‍ എന്തായാലും ജയിക്കും . ബാക്കി എല്ലാം ദൈവത്തിന്റെ കയ്യില്‍ .

Sunday, September 26, 2010

കൊയ്തുകാലത്തിന്റെ ഓര്‍മ്മകള്‍

എപ്പോഴും കഴിഞ്ഞ കാലമാണ് സുന്ദരം . തിരിച്ചുകിട്ടില്ല എന്നുള്ളത് കൊണ്ടാകാം.വര്‍ഷങ്ങള്‍ പിന്നോട്ടുപോയാല്‍ ഇപ്പോള്‍ കൊയ്ത്തു കഴിഞ്ഞു  നിലം ഒരുങ്ങുന്ന സമയമാണ് . 80 പേര് വരെ കൊയ്ത കാലം എനിക്കോര്‍മ്മയുണ്ട് . കൊയ്ത്തു ആയാല്‍ പിന്നെ ഉത്സവം പോലെയാണ് . നമ്മള്‍ കുട്ടികളെ ആരും നോക്കില്ല . കൊയ്ത്തുകാരുടെ മക്കളും എല്ലാം ഉള്ള കുടുംബം രാവിലെ വയലില്‍ എത്തിയാല്‍ എത്ര ആളെന്ന വിവരം വീട്ടില്‍ അറിയിക്കും . പിന്നെ അമ്മയും സഹായത്തിനുള്ള കുറച്ചു പേരും കൂടി അവര്‍ക്ക്  കഞ്ഞി വയ്ക്കാനുള്ള ഒരുക്കം തുടങ്ങും . കഞ്ഞിക്ക്  കറിയായി ഒന്നുകില്‍ അസ്ത്രം എന്ന് പേരുള്ള കൂട്ടാന്‍ ,അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും ചമ്മന്തിയും . നിസ്സാരമല്ല , എത്ര പേര്‍ക്ക് വയ്ക്കണം . അതിനിടയ്ക്ക് കറ്റ എവിടെ വയ്ക്കണം , വെള്ളം കുടിക്കാന്‍ കൊടുക്കണം , കന്നുകാലികളെ നോക്കണം അങ്ങനെ അമ്മ നിലം തൊടാതെ പറക്കും .
                                                        മഴ ഇല്ലാത്ത സമയമാണെങ്കില്‍ മുറ്റം ഒരുക്കി ചാണകം മെഴുകിയാല്‍ കറ്റ വയ്ക്കാം , പക്ഷെ മഴയാണെങ്കില്‍ ആലയ്ക്കുള്ളില്‍ വച്ചശേഷം വീടിനെ ആക്രമിച്ചേ പറ്റൂ. ആദ്യം ചായിപ്പു എന്ന് വിളിക്കുന്ന ഗോടൌണില്‍ , പിന്നെ വടക്കേ തിണ്ണയില്‍ , പിന്നെ ചിലപ്പോള്‍ മുന്‍പിലുള്ള മുറിയിലും . കറ്റ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നിന്റെ പുറത്തു നിന്ന് വേറൊന്നിലെക്കുള്ള ചാട്ടം തുടങ്ങും . ആരെങ്കിലും കണ്ടാല്‍ വഴക്ക് ഉറപ്പ് . എത്ര ചാടിയാലും ചൊറിയാത്ത ശരീരത്തിന്റെ ശാസ്ത്രം ഇപ്പോള്‍ പിടി  കിട്ടുന്നില്ല . നെല്ല് കണ്ടാല്‍ മതി ഇപ്പോള്‍ ചൊറിയാന്‍  ! കൊയ്തും ചുമടുമായി മൂന്നു മണി കഴിയും ആള്‍ക്കാര്‍ എത്താന്‍. പിന്നെ ഭക്ഷണം . വാഴപ്പോള വട്ടത്തില്‍ കെട്ടി , അതിന്റെ മുകളില്‍ ഇല വച്ച് കഞ്ഞി വിളമ്പും , അവര്‍  കഴിക്കുന്നതുപോലെ വേണമെന്ന്  പറഞ്ഞാല്‍ വഴക്കാകും ചിലപ്പോള്‍ കിട്ടുന്നത് . അത് കഴിഞ്ഞു എല്ലാവരും കൂടി വട്ടം കൂടിയിരുന്നു കഥ പറയും . അതിനിടയ്ക്ക് ചെന്നിരുന്നു കഥയൊക്കെ കേട്ട് കഴിയുമ്പോള്‍ കൊയ്തുകാരെക്കള്‍ വലിയ ക്ഷീണം നമുക്ക് .   അഞ്ചു മണി ആകുമ്പോഴേക്കും ആറ്റില്‍ കൊണ്ട് കുളിപ്പിച്ച് , നെല്ലിന്ന്റെ പൊടിയെല്ലാം കളഞ്ഞു വൃത്തിയാക്കും . പിന്നെ വന്നാലും കറ്റ പുറത്തു തന്നെ കളി .
                                                       പിറ്റേന്ന് മുതല്‍ തുടങ്ങും കറ്റ മെതി . പാറ കൊണ്ടിട്ടു , ആണുങ്ങള്‍ കറ്റ അടിച്ചു കൊടുക്കും , പെണ്ണുങ്ങള്‍ ചവിട്ടും . അന്നത്തെ കൊയ്തും കഴിഞ്ഞു സന്ധ്യ കഴിയും അവര്‍ എത്തുമ്പോള്‍ . അതിനിടക്ക് ചെന്ന് 'എനിക്കും കറ്റ ചവിട്ടണം ' എന്ന് പറയുമ്പോള്‍ കാല് പൊട്ടും എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു കറ്റകള്‍ ഉണ്ടാക്കി തരും . അത് ചവിട്ടി കഴിഞ്ഞാല്‍ പിന്നെ ഒരു വയല് മൊത്തം കൊയ്ത സന്തോഷം . അവരുടെ ജോലി ചിലപ്പോള്‍ രാത്രി നീണ്ടു പോകും . അവിടെ തന്നെ കിടന്നുറങ്ങി നേരം വെളുക്കുമ്പോള്‍ അളന്നു പതവും വാങ്ങി വീട്ടിലേയ്ക്ക് , പിന്നെ അടുത്ത കൊയ്ത്തു സ്ഥലത്തേക്ക് . എന്തായിരുന്നു അവരുടെ ആരോഗ്യം !
                                                                                      പിന്നെ ഓരോ വര്‍ഷവും കൊയ്ത്തിനു ആള് കുറഞ്ഞും കൂലി കൂടിയും വന്നു  . അവര്‍ സ്വന്തമായി ഉരുക്കളെ വാങ്ങി ഉഴുതു തുടങ്ങി . പോത്തിനെയും കാളയെയും നോക്കാന്‍ ആള് വേണ്ടാതായി . പിന്നെ പിന്നെ കൂലിക്ക് കൊയ്തും , കൂലിക്ക് ചുമടും തുടങ്ങി . കൃഷി എന്നാല്‍ നഷ്ടം എന്ന് മാത്രമായി .ഒരുപ്പൂ കൃഷിയായി, ഇപ്പോള്‍ കൃഷി ഇല്ലാതായി .

                                               വിത്ത് നനച്ചു വച്ച്  മുളപ്പിച്ചു , വിതച്ചു തന്നിരുന്നത് വെളുമ്പന്‍ പണിക്കന്‍ , കിളി അടിക്കാന്‍ പാട്ട കൊട്ടി വരമ്പതിരിക്കുന്ന കുറുപ്പപ്പൂപ്പന്‍, വേര് ഉറച്ചാല്‍ കളയെടുത്തു വളം ഇടാന്‍ വരെ ശ്രദ്ധയോടെ നോക്കാന്‍ വേറെ ആളുകള്‍ , ചാഴിയുണ്ടോ എന്ന് നോക്കി , നെല്ലെങ്ങനെ എന്ന് ശ്രദ്ധിച്ചു , എത്ര പേരുടെ അധ്വാനം ആയിരുന്നു . ഇപ്പോള്‍ ആ നിലം എല്ലാം വാഴയും വച്ച് ഇട്ടിരിക്കുന്നു . നെല്‍ക്കതിര് കാണണമെങ്കില്‍ കൃഷി വകുപ്പില്‍ നിന്ന് ആളെത്തി ഏല ഏറ്റെടുത്തു ചെയ്യണം .
                                                          വൈക്കോല്‍ ഉണക്കുന്നതും തുറു കൂട്ടുന്നതും ഒന്നും ഇനി ഉണ്ടാവില്ല . നാട് എന്ന് പറഞ്ഞാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കല്ലടയാറും മരിച്ച വയലുകളും , മണ്ട പോയ തെങ്ങുകളും , നിറയെ പാലും പണവും ഒഴുക്കി, നിരന്നു നില്‍ക്കുന്ന പട്ടാളക്കാരെ പോലെ തോന്നിപ്പിക്കുന്ന റബ്ബര്‍ മരങ്ങളും ആണ് . പണകൊയ്തു മാത്രം ആഗ്രഹിക്കുന്ന  മനസുകള്‍ക്ക്  വേറെ എന്ത് കൊയ്ത്തു വേണം .

Saturday, September 25, 2010

പൂച്ച ..എന്റെ പൂച്ച ..

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ജീവി (ഞാന്‍ അങ്ങനെ വിളിക്കില്ല!) ആണ് പൂച്ച . പക്ഷെ കുറെ നാളായി ഒരു പൂച്ചക്കുട്ടിയെ പോലും കാണുന്നില്ല . എറണാകുളം നഗരത്തിലെ വില്ലകളിലും ഫ്ലാറ്റുകളിലും അതിനു പ്രവേശിക്കാന്‍ സെക്യൂരിറ്റി അനുവദിക്കണോ , ആ ആര്‍ക്കറിയാം. നാട്ടില്‍ ആയിരുന്നപ്പോള്‍ വഴിയെ പോകുന്ന എല്ലാ പൂച്ചകളും എന്റെ സ്വന്തം.   ഈ നാട്ടിലെ പൂച്ചകള്‍ എല്ലാം എങ്ങോട്ട് പോയോ എന്തോ .


                                                 എനിക്ക് ഓര്‍മയായ നാള്‍ മുതല്‍ എന്റെ കൂടെ എന്നും പൂച്ച ഉണ്ടായിരുന്നു. കണ്ണന്‍ , മുകുന്ദന്‍ ,ശങ്കു, ചക്കി എന്നിങ്ങനെ മാറി മാറി പേരിട്ടു വിളിച്ച കുറെ പൂച്ചകള്‍ . 'കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി  പറ്റി ,കാച്ചി വച്ച ചൂട് പാലില്‍ ഓടി ചെന്ന് നക്കി , കൊച്ചു നാവ് പോള്ളിയപ്പോള്‍...' അങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമം  വരുമായിരുന്നു . ഉറക്കം ഉണരുമ്പോള്‍ കാലിനോടെ ചേര്‍ന്നൊരു പഞ്ഞിക്കെട്ട്. അമ്മ പാല്‍ കറക്കാന്‍ പാത്രം എടുക്കുമ്പോള്‍ പൂച്ചമ്മയും മക്കളും കാലിനു വട്ടം കൂടും. കറന്നു തീരുന്നത് വരെ അമ്മയ്ക്ക് കാവല്‍ ,തിരിച്ചിറങ്ങുമ്പോള്‍ തുടങ്ങുന്ന കൂട്ടവിളി (എന്ത് രസകരമായ കാഴ്ച!) പാല്‍ കൊടുക്കുന്നത് വരെ തുടരും.
                                എല്ലാ ഫ്രെയിമിലും എന്റൊപ്പം പൂച്ചകള്‍ ഉണ്ടായിരുന്നു . പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചേര്‍ന്ന് വന്നു തൊട്ടടുതിരിക്കും, മെല്ലെ ഒരു കൈ എന്റെ കാലില്‍ വെയ്ക്കും , വഴക്ക് പറഞ്ഞാല്‍ ഉടന്‍ തിരിച്ചെടുക്കും ,ഇല്ലെങ്കില്‍ മെല്ലെ അടുത്ത കൈ, പിന്നെ ശരീരം നിരക്കി എന്റെ മടിയില്‍ ഒരു ഇരിപ്പുണ്ട് .പേന എടുക്കുമ്പോള്‍ തട്ടി തെറിപ്പിക്കാനും ബുക്കിന്റെ പുറം മാന്തിപ്പോളിക്കാനും ഉള്ള അഹങ്കാരവും കാണിക്കും.ശങ്കു ചിലപ്പോള്‍ ഇറങ്ങിപ്പോയ വരുന്നത് ഒരാഴ്ച കഴിഞ്ഞാണ് . ആ വരവ് ദൂരെ നിന്ന് തന്നെ അറിയിക്കുന്ന കരച്ചില്‍ കേട്ട് തുടങ്ങും .വെളിയില്‍ വന്നിരുന്നു കരഞ്ഞു കരഞ്ഞു ഒടുവില്‍ ആരെങ്കിലും വിളിച്ചു കയറ്റണം .എല്ലാ ആഴ്ചയും പലഹാരങ്ങള്‍ വില്‍ക്കാന്‍ വരുന്ന ഒരു സ്ത്രീ ഉണ്ട് . അവര്‍ വന്നു വാതില്‍ക്കല്‍ ഇരുന്നു കഴിഞ്ഞാല്‍ അവരുടെ സഞ്ചിക്ക് ചുറ്റും കറങ്ങി നിലവിളിക്കും , എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് വരെ ഈ കലാപരിപാടി തുടരും .ശങ്കുവിനെ കാണാതായതില്‍ അവരും ഒരുപാടു വിഷമിച്ചിരുന്നു .
                                                               പിന്നെയുള്ള കഥകളില്‍ സ്നേഹം കാണിച്ച പൂച്ചകള്‍ കുറവായിരുന്നു .അങ്ങനെ പൂച്ചപ്പടങ്ങള്‍ ശേഖരിക്കുന്നതായി എന്റെ പണി . ഇപ്പോള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും കാണാനും ഇല്ല . അങ്ങനെ പൂച്ചയില്ലാത്ത ലോകത്ത് ജീവിക്കുന്നതുപോലെ തോന്നുന്നു. വിരസമായ ലോകം !

Friday, September 24, 2010

Thursday, September 16, 2010

പെയിന്റിംഗ്

എഴുതാന്‍ മനസ്സ് ശൂന്യം , വരയ്ക്കാന്‍ പെയിന്റ് ഇല്ല , പിന്നെ ഇത് തന്നെ മാര്‍ഗ്ഗം

Saturday, July 17, 2010

കര്‍ക്കിടക കിനാക്കള്‍

കര്‍ക്കിടക മാസം അതിന്റെ ശരിയായ രൂപത്തില്‍ തന്നെ വന്നു. സമാധാനം. മഴ തോരാതെ പെയ്യുന്നു.ആകെ ഇരുട്ട് മൂടിയ അന്തരീക്ഷം.രാമായണം വായിച്ചു തുടങ്ങുന്ന ഒരുപാടു മനസ്സുകളില്‍ തണുപ്പ് പകര്‍ന്നു , 'അഹോ കര്‍ക്കിടകം ദുര്‍ഘടം ' എന്ന് പറയിക്കുന്ന മഴ .
ഒരു കാലത്തിന്റെ ദരിദ്ര നാളുകള്‍ കര്‍ക്കിടകത്തിന് ഉണ്ടാക്കികൊടുത്ത പേരുദോഷം .
                     കൃഷി  ഇല്ലാത്ത നാട്ടില്‍ കര്‍ക്കിടകം വന്നാലും ചിങ്ങം വന്നാലും ഓണം പോലെ . വീണ്ടും ഞാന്‍ 15 വര്‍ഷം പിന്നോട്ട് പോകുന്നു.കൊയ്ത്തു പ്രതീക്ഷിച്ചു നില്‍ക്കുന്ന മനസ്സുകളെ  ഒരിക്കലും തണുപ്പിക്കാത്ത മഴ.പെയ്യുന്ന മഴയ്ക്ക്‌ കണക്കു പറയാത്ത ഒരു കാലം അതിനും മുന്‍പ് ഉണ്ടായിരുന്നു. ആരും അളക്കാത്ത, ആരെയും വെറുപ്പിക്കാത്ത മഴ . 'ഇത് പറഞ്ഞിട്ടുള്ളതാണ്' എന്ന് വിശ്വസിക്കുന്ന പാവങ്ങളുടെ കാലം. ഞാന്‍ കണ്ട കാലം അതായിരുന്നില്ല , പക്ഷെ കേട്ട ഓര്‍മ്മകള്‍  !
                                               ഇനി വരുന്നത് ചിങ്ങം ആണ് , ഓണം. അതും മാറിപോയി . ഈ മാറ്റങ്ങള്‍ പലതും എനിക്ക് ഇഷ്ടപ്പെടുന്നില്ല , എന്തിനു ഈ കമ്പ്യൂട്ടറും മൊബൈലും പോലും. ഇതൊന്നും ഇല്ലാതെ ജീവിക്കാനും വയ്യ.ആഗ്രഹിക്കുന്നതെന്തും , അതിലേറെയും കുഞ്ഞുങ്ങള്‍ക്ക്‌ വാങ്ങി കൊടുക്കാന്‍ മത്സരിക്കുന്ന മാതാപിതാക്കള്‍ , അവരെ കൊണ്ട് പോകുന്നത് നല്ലതിലെക്കാണോ .കിട്ടുന്ന സാധനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഈ ലോകം ഇനി മാറില്ല . ആഗ്രഹിച്ചുനേടുന്നത് എന്തായാലും അതിനു വിലയുണ്ടാകണം.!
                               ഇങ്ങനെ വളരുന്ന തലമുറ കാറ്റിനെയും മഴയും ഇഷ്ടപ്പെടുമോ? നഷ്ടങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയും ഇല്ല  ...   സ്നേഹബന്ധങ്ങള്‍ വികൃതം ആയിക്കൊണ്ടിരിക്കുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണ്  .
                         രാമായണം വായിക്കുന്ന മനസ്സുകള്‍ ഒന്നായി പ്രാര്‍ത്ഥിച്ചാല്‍ ഒരു പക്ഷെ , മനുഷ്യനും പ്രകൃതിയും പരസ്പരം അറിഞ്ഞു തുടങ്ങിയേക്കും. പിന്നെ മനുഷ്യന്‍ പരസ്പരം അറിയും . ഈ ഓട്ടത്തിനിടയ്ക്കും കൂടെ ഓടുന്നവരെ കാണാന്‍ കഴിയും . കണ്ണ് തുറക്കും, വിളികള്‍ കേള്‍ക്കും, പിന്നെ നില്‍ക്കും ,ചിരിക്കും ....
                        ഇനിയത്തെ തലമുറ എങ്കിലും നന്നായി വരും. വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ഒന്നായി കാണുന്ന ഒരു 'മാവേലി നാട്' ഇനി ഉണ്ടാകുമോ?
                            

Thursday, June 17, 2010

മനസ്സില്‍ പെയ്യുന്ന മഴ

                              മഴ എത്ര സുന്ദരമായ കാഴ്ചയാണ്. സൌന്ദര്യം സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ ഒഴുക്കി വിടാന്‍ ദൈവം കണ്ടു പിടിച്ച വഴിയായിരുന്നോ മഴ. എത്രയോ പേര്‍ക്ക് കഥയും കവിതയും ആയി മഴ നമ്മുടെ മുന്‍പില്‍ നിന്ന് ചിരിച്ചു.ഇനിയും എന്ത് പറയാനാണ് ..

                                                 കാലം മാറിപോയി  . ആ മാറ്റം മഴയും അറിഞ്ഞു കാണണം. പണ്ട് കാലത്ത് തിരുവാതിര പാട്ടിന്റെ ലാസ്യ ഭാവവും തുള്ളല്‍ പാട്ടുകളുടെ പരിഹാസവും ചിലപ്പോള്‍ രൌദ്ര താളങ്ങളും ഏറ്റു വാങ്ങി പെയ്തിരുന്ന മഴ ഇപ്പോള്‍ പെയ്യുന്നത്  ജാക്സണ്‍ പാട്ടുകള്‍ പോലെ ഉറഞ്ഞും മാറി നിന്നും കാലം തെറ്റി പെയ്തും ... പുതിയ പേരുകള്‍ മഴയ്ക്ക്‌ കാരണമാകുമ്പോള്‍ എനിക്ക് വിഷമിക്കാതിരിക്കാന്‍ പറ്റില്ല . ന്യൂന മര്‍ദ്ദം ഇപ്പോള്‍ മാത്രമാണോ മഴ പെയ്യിക്കുന്നത്? കാറ്റുകള്‍ ഇപ്പോള്‍ മാത്രമാണോ?

                                               ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍ മഴയും ഇപ്പോള്‍ എന്തിനാണിങ്ങനെ കാലം തെറ്റി പെയ്യുന്നത്? ഇടവപാതി കറുത്ത് വരുമ്പോള്‍ ഇപ്പോഴും കാറ്റു അടിക്കുന്നില്ലേ. മാവിന്‍ ചുവട്ടിലേക്ക്‌ ഓടി മത്സരിച്ചു മാങ്ങാ പെറുക്കാന്‍ ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കുട്ടികളെ കാണുന്നില്ല.

                                             പുഴയുടെ മണല് നിറഞ്ഞ കരകള്‍ വെയില് കൊണ്ട് ചുട്ടുപൊള്ളി കിടക്കുമ്പോള്‍ആദ്യം പെയ്യുന്ന മഴ പുഴയെയു മനസ്സിനെയും കുളിരണിയിച്ചു പെയ്യും. മഴക്കാലം തുടങ്ങിയാല്‍ ഉണങ്ങി മെലിഞ്ഞു പോയ കല്ലടയാര്‍ പുഷ്ടിപെട്ടു ഉല്ലാസവതിയാകും പിന്നെയൊരു പോക്കാണ് .ഇരു കരകളും മുട്ടി തകര്‍ത്തു ഒഴുകുന്ന കല്ലടയാര്‍ . ഡാം തുറന്നു വിടുന്നോ എന്നറിയാന്‍ കരയില്‍ ചുള്ളിക്കമ്പുകള്‍ അടയാളം വച്ച് വെള്ളത്തില്‍ കളിയ്ക്കാന്‍ എന്ത് രസം ആയിരുന്നു. മറ്റൊരു ചുള്ളിക്കപുമായി അമ്മ വന്നു നില്‍ക്കുമ്പോള്‍ മാത്രം സമയ ബോധം വരുമായിരുന്ന കാലം . ഒരു മണിക്കൂര്‍ വെള്ളത്തില്‍ കളിച്ചാല്‍ 25 മാമ്പഴം സമ്മാനം തരുന്ന നാട്ടു മാവിനെ എനിക്ക് സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല. പുഴയുടെ തീരത്ത് വളര്‍ന്ന എല്ലാവര്ക്കും കാണും പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ . മഴയുമായി മത്സരിച്ചു കുളിക്കാന്‍ പോകാന്‍ ഇപ്പോള്‍ ആരുണ്ട്‌ .

                വേനലും മഴയും എനിക്കിനി ഒരു പോലെ എന്ന് പറഞ്ഞു നിരാശപ്പെട്ട് ഒഴുകുന്ന ആറ്റില്‍ മണല്‍തരികള്‍ കണ്ടു പിടിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു പോകുന്നു. കാല്‍പ്പാദം പൊതിയുന്ന ചെളിയിലും ചിലപ്പോള്‍ പ്രതീക്ഷയോടെ ഇറങ്ങാന്‍ എന്നെ പ്രേരിപ്പിക്കുന്നത് പഴയ മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ ആകാം . ആ മാവു മാത്രം ഇപ്പോഴും കായ്ക്കുന്നു. ഓന്ത് പാറയിലൂടെ അക്കരെ പോകാം എന്ന് ഇനി പറഞ്ഞാല്‍ തമാശ ആകും . ഒരു കാലത്ത് അത് സത്യം ആയിരുന്നു.!

                                       ഇതിനിടയില്‍ വന്ന ഒരു വെള്ളപ്പൊക്കം ,1993 ല്‍ ആയിരുന്നോ .. അന്നാണ് ഞാന്‍ സ്നേഹം നിറഞ്ഞ പുഴ ഭദ്രകാളിയെ പോലെ ആകുന്നതു കാണുന്നത് . മനുഷ്യന്റെ പ്രവൃത്തികളില്‍ അങ്ങനെ ആയതാവാം . മൂന്നു മടങ്ങ്‌ വീതിയില്‍ അന്ന് തകര്‍ത്ത ഒഴുകി, പക്ഷെ അത് തുലാവര്‍ഷത്തിന് ആയിരുന്നു എന്ന് തോന്നുന്നു . തുലാവര്‍ഷത്തിന് മഴയ്ക്കും വേറൊരു മുഖം ആയിരുന്നില്ലേ . അതെല്ലാം കഴിഞ്ഞു പത്താം ക്ലാസ്സിലെ കണക്കു പരീക്ഷയ്ക്ക് പെയ്യുന്ന മഴയ്ക്ക്‌ പേര് എന്തായിരുന്നു .

                             കാലം ഒരുപാടു മാറിപോയി. നമ്മളും. നശിച്ച മഴ എന്ന് പറയാത്ത(മനസ്സിലെങ്കിലും) ഒരു മഴ പോലും ഇപ്പോള്‍ പെയ്യുന്നില്ലേ. വേണമെങ്കില്‍ രാത്രി പെയ്തോട്ടെ , പക്ഷെ കറന്റ്‌ പോകാന്‍ പാടില്ല എന്നൊരു ഔദാര്യം വേണമെങ്കില്‍ കൊടുക്കാം. സുഗതകുമാരിയുടെ ചിരിക്കുന്ന , മുടിയിട്ടുലക്കുന്ന ആ രാത്രി മഴ തന്നെയാകാം ഇപ്പോഴും പെയ്യുന്നത്. കൃഷിയില്ലാത്ത വയലുകള്‍ കണ്ടാല്‍ മഴയ്ക്ക്‌ നേരം തെറ്റി
പെയ്യാന്‍ തോന്നിപ്പോകും , ആറ്റിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ കഴിയാത്ത മഴ എപ്പോള്‍ പെയ്യണം എന്ന് അന്തംവിട്ടു പോകുന്നു . മഴ പെയ്തില്ലെങ്കില്‍ ഒരു ദിവസം കൂടി റബ്ബര്‍ വെട്ടാമായിരുന്നു എന്ന് ആഗ്രഹിക്കുന്ന "കൃഷിക്കാരനെ " മഴ മനസിലാക്കാന്‍ ശ്രമിക്കുന്നതാകം . വീണ്ടും മഴക്കാലം പ്രതീക്ഷിക്കുന്ന കുറെ മനസ്സുകളെ മഴ മറക്കാതിരിക്കട്ടെ.

Saturday, May 1, 2010

PTA യില്‍ transparent !

അധ്യാപക ജീവിതത്തിലെ രസങ്ങള്‍ ഓര്‍ത്താല്‍ ഒരുപാടുണ്ട്. അതും കൈകാര്യം ചെയ്യുന്നത് ' വലിയ ' കുട്ടികള്‍ ആകുമ്പോള്‍ . പക്ഷെ മനസ്സില്‍ നില്‍ക്കുന്നത് ഒരു ചെറിയ കാര്യം ആണ് . ഒരു ടീച്ചര്‍ പറഞ്ഞ തമാശ !  
                                                                                                                                 
അന്ന് ഒരു PTA  വിളിച്ചിരുന്നു . ആദ്യദിവസം കുഴപ്പക്കാരല്ലയെന്നുള്ള കുട്ടികളുടെ മാത്രമേ വരാറുള്ളല്ലോ.ഉച്ചയോടെ മീറ്റിംഗ് തുടങ്ങി.അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും പ്രസംഗം കഴിഞ്ഞു പതിവുപോലെ കുട്ടികളെ നന്നാക്കാനുള്ള നിര്‍ദ്ദേശവുമായി അത് അവസാനിപ്പിക്കുകയാണ് പതിവ്‌.താമസിച്ചു വരുന്നവര്‍ രക്ഷകര്‍ത്താവുമായി അധ്യാപകരുടെ മുന്നിലേക്ക്‌ ഹാജരാവും. കുട്ടിയെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന് അവര്‍ക്കും , ചെന്നയ്ക്കൂട്ടില്‍ പെട്ട മാനിനെപ്പോലെ കുട്ടിക്കും. അന്നും    രക്ഷകര്താക്കള്‍ കുട്ടികളുമായി വന്നു അധ്യാപകരെ കണ്ടു പോയ്കൊണ്ടിരുന്നു . കാണാന്‍  തരക്കേടില്ലാത്ത  ഒരു കുട്ടിയുണ്ടായിരുന്നു,ലീന.. .തന്റെ   അമ്മയും ആയിട്ടാണ് വന്നത്. അമ്മ കുട്ടിയേക്കാള്‍ സുന്ദരിയാണ്‌ എന്നല്ല അതിസുന്ദരി. .ഒരു കട്ടികുറഞ്ഞ കടും നീല  സാരി ചുറ്റി ആണ് അമ്മ വന്നത്. നല്ല വെളുത്ത നിറമുള്ള അമ്മ കടും നിറം സാരിയില്‍ !  ആര് കണ്ടാലും നോക്കും !!!
                                                                                                                                    
മീറ്റിങ്ങില്‍ നിന്ന് നേരത്തെ മുങ്ങിയ ഞാന്‍ അവരെ കണ്ടതുമില്ല.(കണ്ടാല്‍ കുട്ടിയെ കുറിച്ച് പറയാനും ഉണ്ടായിരുന്നു )
 ലീനയുടെ വീട്ടില്‍ നിന്നും പേരന്റ്  വന്നില്ലേ എന്ന് അന്വേഷിച്ചപ്പോള്‍ സതി  ടീച്ചര്‍ പറഞ്ഞ മറുപടി    " ഓ! വന്നു .എല്ലാവരോടും  'parent വരാനാണ് പറഞ്ഞത് ,ഇത്  പക്ഷെ  transparent ആയിരുന്നു '!!!' ".