Tuesday, March 29, 2011

പാവം സുന്ദരൻ, ഇനി പാടട്ടെ.

കണ്ണാടിയിൽ നോക്കിയിട്ട് രഘുവിനു തൃപ്തി വന്നില്ല.ഷർട്ട് ഊരിയെടുത്തു വീണ്ടും തേച്ചു മിനുക്കി.ആദ്യം മുണ്ടെടുത്തു ഉടുത്തതാണു. പക്ഷെ അതു പോരെന്നു തോന്നി.പിന്നെ പാന്റ്സിലേക്കു മാറി. ഇനി നെറ്റിയിലൊരു കുറി വയ്ക്കണം.മഞ്ഞ,ചുവപ്പ്, ചന്ദനം എല്ലാം കരുതി വച്ചിട്ടുണ്ട്.കു ങ്കുമമെടുത്തു കുറി വരച്ചു.ദേവിപ്രസാദമാണു.പക്ഷെ, കണ്ണാടി അയാളെ വിലക്കി.അതു ശരിയാകില്ല.തുടച്ചു.കുങ്കുമം നെറ്റിയിലാകെ പടർന്നു. നന്നായി സോപ്പ് തേച്ചു കഴുകി കളഞ്ഞു. മുഖം തുടച്ചു വീണ്ടും കണ്ണാടിയിൽ നോക്കി.
“ഈശ്വരാ” അറിയാതെ വിളിച്ചു പോയി. മിനുക്കി വച്ചിരുന്ന ഷർട്ട് മൊത്തം വെള്ളം തെറിച്ചു വൃത്തികേടായിരിക്കുന്നു.
അതിനിടയ്ക്കാണു അമ്മ കയറി വന്നതു.
“എന്താടാ ഇത്? കുഞ്ഞിക്കൂനൻ സിനിമേലെപ്പോലെ നീ തുടങ്ങീട്ടു കുറെ നേരമായല്ലോ”
“ഒരു വഴിക്കു പോകുമ്പോൾ വൃത്തീം മെനേം ആയിട്ടു പൊണം.ഈ കാട്ടിൽ കിടക്കുന്ന നിങ്ങൾക്കുണ്ടൊ വല്ലോം അറിയുന്നു.“
“അതെയതെ.ശ്രീക്കുട്ടനും അമ്മാവനും ഇപ്പോൾ വരും.നീയിവിടെ ചമഞ്ഞു നിന്നോ.പെണ്ണു വീട്ടിൽ ഇന്നു ചെല്ലാനാ പറഞ്ഞതു.നാളെയല്ല. ഇപ്പോ കണ്ടാലും കൊള്ളാം .ആകെക്കൂടെ ഓച്ഛൻ കൊഴിക്കാഷ്ടം ചവിട്ടിയപോലെയായി.”
ഇത്ര കൂടി കേട്ടപ്പോഴേക്കും പരിഭ്രമം ഇരട്ടിച്ചു.അമ്മ പറഞ്ഞതു ശരിയാണ്.കുങ്കുമം ശരീരമാസകലം പറ്റിച്ചിട്ടുണ്ട്. ഷർട്ട് നനഞ്ഞു ആകെ വൃത്തികേടും ആയി.ഇനി മാറ്റുക തന്നെ.
അലമാരി മൊത്തം പരതിയിട്ടാണു മനസ്സിനു പിടിച്ചതൊരെണ്ണം കിട്ടിയത്. ഇനി അതു തേക്കണം.തേച്ചു മിനുക്കി എടുത്തണിഞ്ഞപ്പോഴേക്കും ഷർട്ട് പാന്റ്സിനു ചേരുന്നില്ല. പാന്റ്സ് മാറ്റാതെന്തു ചെയ്യാൻ. വീണ്ടും പരതൽ.ചേരുന്ന നിറം നോക്കി ഒന്നു തപ്പിയെടുത്തു. അതു ആകെ ചുരുണ്ട് നാശമായിരിക്കുന്നു.
പാന്റ്സ് നിവർത്തിട്ടു ,സ്വിച്ച് ഇട്ടപ്പോൾ കറന്റ് ഇല്ല. ശരിക്ക് ഷോക്ക് അടിച്ചപോലെയായി
നിന്ന നിൽപ്പിൽ അലറി, “അമ്മേ...”
“എന്താടാ കിടന്ന് അമറുന്നത്? “ .
“കറന്റില്ല“
“ഓ , അത്രേയുള്ളോ.അതു പുതിയ കാര്യമല്ലെ? ചെറുക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ.”
“അതല്ല, ഈ പാന്റ്സ് തേക്കണം”
“ കറന്റില്ലാതെ തേക്കുന്നതിനുള്ള മാജിക്കൊന്നും എനിക്കറിയില്ല.നീയതിട്ടു പോയാൽ മതി.”
ദുഷ്ട , തള്ളയാണു പോലും. എന്തു പറഞ്ഞാലും തലേൽക്കേറില്ല. മോനൊരു പെണ്ണുകെട്ടിക്കാണണമെന്നു തരിമ്പും ആഗ്രഹമില്ല.
“പറ്റില്ല, വേഗം ചിരട്ട കരിച്ചു പെട്ടിയിലാക്കി താ”
“ശ്ശൊ! ഈ ചെറുക്കനെക്കൊണ്ടു തോറ്റല്ലോ. ഇനി കാമദേവനു അതിന്റെ കുറവു വേണ്ട”
ചിരട്ടക്കരി നിറച്ചു പെട്ടിയുമായി അമ്മയെത്തിയപ്പോഴാണു രഘുവിനു സമാധാനമായതു.
തേച്ചു മിനുക്കിയ പാന്റ്സും ഷർട്ടും, കൊള്ളാം.നന്നായി ആദ്യത്തെ ഷർട്ട് മുഷിഞ്ഞത്. ഇതു തന്നെ ഭംഗി.കണ്ണാടിയിലേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.മുഖം തുടച്ച് വീണ്ടും പൌഡറിട്ടു. മുടിചീകുന്നതൊന്നും ശരിയാകുന്നില്ല.
“ കല്യാണിയേ, അവൻ ഒരുങ്ങീല്ലേടീ” ഒരു വിളി. അമ്മാവനാണു. ഇനി താമസിച്ചാൽ അങ്ങേരുടെ വായിലിരിക്കുന്നതു കേൾക്കണം.
“ രഘുവേ, റെഡിയായില്ലേടാ. സമയം വൈകുന്നു.ഇറങ്ങ്” ശ്രീക്കുട്ടൻ അകത്തെത്തി.ശ്രീക്കുട്ടൻ രഘുവിന്റെ ഒരേയൊരു സുഹൃത്താണു.
“ഇതെന്താടാ, ഷർട്ടൊക്കെ ഇപ്പോഴേ വിയർത്തു നനഞ്ഞല്ലോ,നീയിവിടെന്താ ,കിളയ്ക്കുകയായിരുന്നോ?”
ചോദ്യത്തിന്റെ കൂടെ ശ്രീക്കുട്ടനെ കാണുക കൂടിആയപ്പോൾ രഘുവിന്റെ മുഖം കടന്നൽ കുത്തിയതുപോലെയായി. പെണ്ണു കാണാൻ പോകുന്നതു അവനാണെന്നു തോന്നും കണ്ടാൽ.
“ദാ, വന്നു. മുടിചീകി പൌഡർ ഇട്ടാൽ മതി. ഒരുക്കമൊന്നും ഇല്ലെന്നേ”
ഇത്ര പറഞ്ഞു നാവ് വായിലിട്ടതും അമ്മ വിളിക്കുന്നു,.
“ മതിയെടാ, കല്യാണമൊന്നും അല്ല, പെണ്ണുകാണൽ മാത്രമാ. മൂന്നു മണിക്കൂർ ഒരുക്കമൊക്കെ ധാരാളമാ”
ശ്രീക്കുട്ടൻ അമർത്തി ചിരിച്ചു.ഒരു കല്യാണത്തിനുള്ള മഞ്ഞൾ കാണും രഘുവിന്റെ മുഖത്ത് ഇപ്പോൾ.
“ ഇതെന്തായേട്ടാ ഇവനു മാത്രം പെണ്ണു കിട്ടാത്തേ.ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു.അവനെന്താ ഒരു കുറവു.ജോലിക്കു ജോലി, നല്ല സാമ്പത്തികം. അവനെ കണ്ടാലും ആരും തെറ്റു പറയില്ല.അല്ലേ” അമ്മ അമ്മാവനോട് സങ്കടം ഉണർത്തിക്കുന്നതു കേട്ടിട്ടു രഘുവിനു കലി വന്നു.
“എടീ, മനുഷ്യന്റെ രൂപം മാത്രം പോര, സ്വഭാവം കൂടി വേണം.ഇടപെടാൻ പഠിക്കണം.നിനക്കറിയാമല്ലോ.ഓരോ സ്ഥലത്തും നിന്റെ മോൻ കാട്ടിക്കൂട്ടിയതു.അവന്റെ വെപ്രാളം കണ്ടാൽ ആരായാലും ഇവനു വല്ല കുഴപ്പൊമുണ്ടോന്നുസംശയിക്കും.അഥവാ പെണ്ണിനു അവനെ ഇഷ്ടമായാൽ അവനു പിടിക്കില്ല.അവന്റെ നോട്ടോം കുറവൊന്നും അല്ലല്ലോ”
‘പരട്ട് കിളവൻ ! അങ്ങേരുടെ മോളെ കെട്ടാത്തതിലുള്ള ദേഷ്യം .പറയുന്നതു കേട്ടില്ലേ. ഇയാളെ ഒരു വഴിക്കു കൊണ്ടുപോയാലെ ശരിയാകില്ല. അതല്ലേ നാക്കു’.
പാവപോലെ രഘു താഴേക്കു ഇറങ്ങി , സൂക്ഷിച്ച്, ഡ്രസ്സ് ചുളിവുകൾ വീഴാതെ
“എന്താടാ, നിന്റെ കക്ഷത്തിൽ ഇഷ്ടിക വച്ചിട്ടുണ്ടോ?” അമ്മയുടെ ഒറ്റ ചോദ്യത്തിൽ മൊത്തം കൈവിട്ടു പോയി. കൂടെ ബ്രോക്കറുടെ ചിരി രഘുവിനു പിടിച്ചില്ല.
കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറാൻ ഒരുങ്ങിയ രഘുവിനെ ശ്രീക്കുട്ടൻ വിലക്കി.
“വേണ്ട, ഇന്നു ഞാൻ ഡ്രൈവു ചെയ്യാം”
ശരിയാണു, അവൻ തന്നെ വളയം പിടിക്കട്ടെ, തനിക്കിവിടെ സ്വസ്ഥമായി ഇരിക്കാം.
“ നല്ല പെൺകുട്ടിയാണു, സുന്ദരി. ഇതൊന്നും മാത്രം കൊണ്ടു കുളമാക്കല്ലേ കുഞ്ഞേ.” ബ്രോക്കറാണ്. താനെന്തോ മനഃപൂർവ്വം ചെയ്യുന്നതാണെന്നു തോന്നും. കഴിഞ്ഞതവണ തന്നെ ഇരിക്കാൻ തുടങ്ങിയപ്പോൾ കസേര മറിഞ്ഞ്പോയത് ആരുടെ കുറ്റം. പ്ലാസ്റ്റിക് കസേരയൊന്നും കൊള്ളില്ലായെന്ന് ആർക്കാണറിയാത്തത്. ആ ടെൻഷനിൽ ചായ കയ്യിൽ നിന്നില്ല. പിന്നെ അമ്മയോട് കുട്ടിയെവിടെയാ പഠിച്ചത് എന്നും ആ വെപ്രാളത്തിൽ ചോദിച്ചു പോയി.ഇതിപ്പോൾ ഒൻപതാമത്തെ പെണ്ണുകാണലാണു. താനീകാട്ടിക്കൂട്ടുന്നതൊന്നും സ്വയം സൃഷ്ടിക്കുന്നതല്ലല്ലോ.അങ്ങനെ വന്നു പോകുന്നതാണ്.
“രഘൂ, ഇറങ്ങുന്നില്ലേ. ഇരുന്നു സ്വപ്നം കാണുകയാ?” ശ്രീക്കുട്ടന്റെ ചോദ്യം കേട്ടു ഞെട്ടിയുണർന്നു.
വീടെത്തി.രഘുവിനു കാലിൽ ഒരു തരിപ്പു കയറുന്നപോലെ തോന്നി.‘ഈശ്വരന്മാരെ, മാനം കെടുത്തല്ലേ.‘
പെൺകുട്ടിയുടെ അച്ഛനാകും ഇറങ്ങി വന്നു.
“ഇതാണു പയ്യൻ” ബ്രോക്കെർ കാര്യം അവതരിപ്പിച്ചു.രഘു ചിരിക്കാൻ ശ്രമിച്ചു.
അകത്തുകയറി , ചൂണ്ടിക്കാട്ടിയ കസേരയിൽ ഇരുന്നു.ശ്വാസം ആഞ്ഞു വലിച്ചു സ്വസ്ഥമാകാൻ ശ്രമിച്ചു കൊണ്ട് ചുറ്റും നോക്കി.നല്ല വീട്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ബ്രോക്കെറും അമ്മാവനും അച്ഛനുമായി സംസാരിക്കുന്നു.ഇടയ്ക്ക് ശ്രീക്കുട്ടനും അഭിപ്രായങ്ങൾ പറയുന്നുണ്ട്. ചായയും പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്നു.
“കുട്ടിയെ വിളിക്കൂ” അമ്മാവൻ.
രഘുവിനു പരിഭ്രമം ആയി.വിറയ്ക്കാനും വിയർക്കാനും തുടങ്ങി. നാവ് കുഴയുന്നപോലെ.ഒന്നും സംസാരിക്കാൻ പറ്റില്ലേന്നൊരു തോന്നൽ.
നന്നായി ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു.വീട്ടിലൂടെ ധരിക്കുന്ന ഡ്രസ്സ് തന്നെ. ആകെ നെറ്റിയിൽ ഒരു പൊട്ടാണു ഒരുക്കം.രഘുവിനു ശ്വാസം മുട്ടി തുടങ്ങി. ‘അഹങ്കാരി., ഒരു കൂസലുണ്ടോന്നു നോക്കിയേ’.
അവൾ രഘുവിന്റെ മുഖത്ത് നോക്കി ചിരിച്ചു. രഘുവിന്റെ ചിരി ചുണ്ടിലെവിടെയോ വന്നു രൂപമാറ്റം സംഭവിച്ച് വികൃതമായി.
“രഘൂ, എന്നെ ഓർക്കുന്നില്ലേ?” രഘു ഞെട്ടി. പേരു വിളിക്കുന്നു അവൾ, പോരാത്തതിനു ഓർക്കുന്നുണ്ടോന്ന്.
ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ, ഒരു പരിചയം.എവിടെയോ കണ്ട പരിചയം. ഒന്നും ഓർമ വരുന്നില്ല.
“രഘൂ, ഞാൻ ലേഖയാണ്, ഡിഗ്രി ക്ലാസ്സിൽ നമ്മൾ ഒന്നിച്ച് പഠിച്ചിരുന്നു. മറന്നോ?”
‘ലേഖ ! ഈശ്വരാ, ഇവളുടെ വിവാഹം കഴിഞ്ഞില്ലേ‘.സംസാരിച്ചിട്ടില്ലെങ്കിലും അന്ന് ലേഖയോട് ആരാധനയായിരുന്നു.ഒരു സെമിനാർ ആണു അതു മാറ്റിമറിച്ചതു. പിന്നെ അവളോട് വെറുപ്പാണോ അതോ ഭയമാണോയെന്നറിയില്ല . അന്നു രഘുവിന്റെ ക്ലാസ്സായിരുന്നു.’വിറതാങ്ങി’യിൽ പിടിച്ചു നിന്നു, respected teachers and my dear friends..എന്നു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. Today I..I..I..എത്ര തവണ അതു പറഞ്ഞെന്ന് ഓർക്കുന്നില്ല. ലേഖയുടെ പൊട്ടിച്ചിരിയാണു പിന്നെ കേട്ടതു. പിറകെ ക്ലാസ് മൊത്തം ചിരിച്ചു.തൊണ്ടവരണ്ടതും പിന്നെ തലചുറ്റിയതും മാത്രമേ ഓർമയുള്ളു. ആ ഭയങ്കരി ഇത മുൻപിൽ വീണ്ടും.ഇവൾ ആണെന്നു അറിഞ്ഞെങ്കിൽ വരില്ലായിരുന്നു.ഇതും മുടങ്ങിയതു തന്നെ. രഘു ദയനീയമായി അമ്മാവനെ നോക്കി.
“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കെടാ”
“ഇല്ല, ഒന്നുമില്ല”
“അല്ല, എനിക്കു സംസാരിക്കണം” അതവളുടെ ശബ്ദമാണ്. ഇനി എഴുന്നേറ്റ് അവൾക്കൊപ്പം പോയേ പറ്റൂ. ഇന്നിനി എന്തിനുള്ള പുറപ്പാടാണോ.
“ ഇരിക്കു രഘൂ” കസേര കാട്ടി ലേഖ ക്ഷണിച്ചു.
ഇരുന്നിട്ട് ദയനീയ ഭവത്തിൽ ലേഖയെ നോക്കി. അവൾ , യക്ഷി നിന്നു ചിരിക്കുന്നു.
“എന്താ സംസാരിക്കാനുള്ളതു? എനിക്കു വേഗം പോണം.” അത്ര പറഞ്ഞൊപ്പിച്ചു.
“കൂടുതലൊന്നും പറയാനല്ല, രഘുവിനു അറിയുമോ,എനിക്കു തന്നെ പണ്ടേയിഷ്ടമായിരുന്നു. ഇപ്പോഴും അതേ.ഇത്രെം പറയാനാ. ഇനി പോണമെങ്കിൽ പോയ്ക്കോള്ളൂ.”
അവിശ്വസനീയതയോടെ രഘു മുഖമുയർത്തി ലേഖയെ നോക്കി.അതെ, അവൾ കാര്യമായി തന്നെ പറയുകയാണു.
എവിടെ നിന്നാണെന്നറിയില്ല ഒരു ഉണർവ്. അവളുടെ മുഖത്തു നേരെ നോക്കാൻ കഴിയുന്നു. ചിരിച്ചു, സുന്ദരമായി തന്നെ.“ലേഖേ”. വിളിച്ചു നോക്കി. സത്യം തന്നെ. അവളും ചിരിക്കുന്നു.സന്തോഷത്തിൽ.
“എനിക്കും....” എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു എഴുന്നേറ്റു നടന്നു. വിറയ്ക്കാതെ.മനസ്സിൽ മയിലുകൾ പീലി വിടർത്തിയാടുന്നത് ആരും അറിയാതിരിക്കാനോരു വിഫല ശ്രമം നടത്തിക്കൊണ്ട്.... തന്റെ ചിരി നന്നായിരുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞ്.....