Sunday, August 28, 2011

എന്റെ ചേച്ചീ ! കൈ എന്റേതല്ലേ ..


ബസ്‌ സ്റ്റാന്‍ഡില്‍ യുഗങ്ങളായി ഈ കിടപ്പ് തന്നെഎന്ന ഭാവത്തില്‍ നിരന്നു കിടക്കുന്ന ബസുകള്‍ക്കിടയില്‍ പരതിയിട്ടൊന്നും വണ്ടി കാണുന്നില്ല.അര മണിക്കൂര്‍ മുന്‍പേ പിടിച്ചിടുന്നതാണ്. ബസ്‌ എടുക്കുന്ന നേരമാകുമ്പോഴേക്കും ആള്‍ നിറഞ്ഞിട്ടുണ്ടാവും.  ആദ്യമേ എത്തിയില്ലെങ്കില്‍  സീറ്റ്‌ കിട്ടില്ലയെന്നുള്ളത് കൊണ്ട് നേരത്തെ വന്നു സീറ്റ്‌ ഉറപ്പിക്കാറാണ്  പതിവ്‌. കെട്ടഴിച്ചു ഓടിപ്പോയ പശുക്കിടാവിനെ തിരയുംപോലെ അവിടെല്ലാം ആനവണ്ടിയെ  തിരഞ്ഞു  കറങ്ങി. എന്നാലെന്നെയൊന്നു  കണ്ടുപിടിക്ക് എന്ന മട്ടില്‍  ഒരു മൂലയ്ക്ക് കിടക്കുന്നു.വയറ്റില്‍ നിന്നും കത്തി കയറിയ തീ പെട്ടെന്നണഞ്ഞു.കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC  ബസേ !!).

സ്ത്രീകളുടെ സീറ്റിലെല്ലാം ഒരാളെങ്കിലും വച്ച് ആയികഴിഞ്ഞു.  പിന്നില്‍ ജനറല്‍ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ട്. അങ്ങോട്ടിരിക്കാമെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരിക്ക് അതുവേണ്ടയെന്നൊരു അഭിപ്രായം. എങ്കില്‍ വേണ്ട !നാട് കേരളമാണല്ലോ. ഒരാള്‍ ഉള്ള സീറ്റില്‍ രണ്ടാമതായി കൂട്ടുകാരിയും മൂന്നാമതായി ഞാനും ഇരിപ്പുറപ്പിച്ചു. എന്തൊരു ആശ്വാസം!

മുന്നിലെക്കെടുത്തിട്ട  ബസില്‍ പിന്നെ ആളുകയറിയത് ആദ്യമായി ബസ്‌ കാണുന്നപോലെ. അവരെയൊക്കെ നോക്കിയിരിക്കുമ്പോള്‍  എന്റെ മുഖത്തും ഒരു ‘വിജയീഭാവം’ഉണ്ടായിരുന്നോന്നു സംശയം.!അങ്ങനിപ്പോള്‍ സുഖിക്കെണ്ടാ എന്നു പറയുംപോലെ ഒരു ഭാരം എന്റെ തോളെല്‍ . കൈ കൊണ്ട് തട്ടാന്‍ നോക്കിയപ്പോള്‍ നല്ല കനം. അനങ്ങുന്നില്ല.  കണ്ണ് തുറന്ന്‍ നോക്കിയപ്പോള്‍ ഞെട്ടി. ‘എന്റെ ചേച്ചീ ! ഈ ഭാരം എന്റെ തോളെല്‍ തന്നെ വയ്ക്കണോ?’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയി. ഒരു പത്തെൺപതു കിലോ തൂക്കം വരുന്ന സ്ത്രീ. പ്രായത്തിലും അധികം തോന്നീല്ല.( ചേച്ചീന്നൊക്കെ ഒരു ജാടയ്ക്കു ഇരിക്കട്ടെ). ആളു വരും മുന്‍പേ പൈലറ്റ് ആയി വരുന്ന വയര്‍ എന്റെ തോളില്‍ വിശ്രമിക്കാന്‍ വിട്ടതാണ്. അതും അമ്പതു കിലോ തികച്ചില്ലാത്ത  എന്റെ തോളില്‍ .. 


ആദ്യമൊക്കെ സീറ്റില്‍ ചാരി നിന്നു, പിന്നെ  ‘നീ അങ്ങനീപ്പോള്‍ സുഖിക്കേണ്ട’ എന്ന ഭാവത്തില്‍ എന്റെ മേലെക്കായി.  തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു  കരുതിയപ്പോള്‍ എന്നെ ഒതുക്കിയത് കാരണം തിരിയാന്‍ പോലും മേല. ശ്വാസം മുട്ടുന്നു.    തിരിഞ്ഞു അവരെ നോക്കാൻ ശ്രമിച്ചു. കറുത്ത് , നല്ല പൊക്കവും സാമാന്യത്തിലധികം തടിയും  , നിര്‍വികാരമായ മുഖവും.ബസിലാണെങ്കില്‍   നല്ല തിരക്കും . പുള്ളിക്കാരിയുടെ നോട്ടം കണ്ടപ്പോള്‍ കാളിദാസന്‍ പറഞ്ഞപോലെ  ( അതുപോലാരാണ്ടു പറഞ്ഞതാവും !)  എണ്ണ തേച്ചു നില്‍ക്കുന്നവന്‍ കുളികഴിഞ്ഞു വന്നവനെ നോക്കുന്ന അതെ അസ്വസ്ഥത .അവരുടെ സ്വന്തം  സീറ്റിലാണു  ഞാന്‍ ഇരിക്കുന്നതെന്നൊരു മട്ട്. എന്റെ തോളില്‍ ചാരിനിന്നിട്ട് കമ്പിയാണെന്ന് തോന്നീട്ടോയെന്തോ  , നന്നായി ചാരിനില്‍പ്പുമായി.

എന്റെ ചേച്ചീ , ഈ കയ്യും എനിക്ക് വേണ്ടത് തന്നെ എന്ന് പറയണമെന്നുണ്ട്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തോന്നൊരു സംശയം. നോട്ടം ഞാന്‍ പിന്‍വലിച്ചു. ക്ഷമിക്ക് ചേച്ചി.!ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ എത്തി. വൈറ്റില എന്ന് കേട്ട്  ചേച്ചി പ്രത്യാശ കൈവിട്ടു മാറിപ്പോയ്ക്കൊള്ളുംന്നു കരുതിയ ഞാന്‍ മണ്ടി. ഇതിലും ഭേദം പിന്നിലിരിക്കുന്നതായിരുന്നു.ഞാന്‍ വീഴൂല്ല ചേട്ടാ ! അങ്ങോട്ട്‌ മാറി നിന്നോളു എന്ന് പറയാന്‍ ഇത്ര ബുദ്ധിമുട്ടില്ല. അവര്‍ ആ  നില്‍പ്പ് തുടര്‍ന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍പ്പെട്ട  തവളയുടെ അവസ്ഥയാകുമേന്നോര്‍ത്തു ഞാന്‍ ഞെളിപിരികൊള്ളാന്‍ തുടങ്ങി.അതിനിടയില്‍ ഈ തിരക്കിലേക്ക് വീണ്ടും തള്ളികയറുന്നവരെ  കണ്ടപ്പോള്‍  ചക്കപ്പഴത്തിലിരിക്കുന്ന ഈച്ചയുടെ  അവസ്ഥ തന്നെ. പുറത്തു നില്‍ക്കുന്നവര്‍ക്ക് കയറാഞ്ഞ്, കയറിയവര്‍ക്ക് പെട്ടുപോയല്ലോ എന്നും. ( വിവാഹത്തെ കുറിച്ച്  ആരോ പറഞ്ഞിട്ടുണ്ട് ഇങ്ങനെ).

ചാരിയിരുന്ന്‍ ഉറങ്ങാമെന്നു കരുതികരുതി സീറ്റിലേക്ക്  ചാഞ്ഞു . തോളില്‍ കനത്ത ഭാരം. ചേച്ചി കാര്യമായി എന്റെ തോളിലേക്ക് തന്നെ.സാമാന്യത്തിലധികം ഉയര്‍ന്നു നില്‍ക്കുന്ന വയര്‍  എന്റെ തോളില്‍ വിശ്രമം കൊള്ളുന്നു. എന്റെ മോസ്റ്റ്‌ സെന്‍സിറ്റീവായ കയ്യിനെ ഞാന്‍  എങ്ങനെ കൊണ്ട് നടക്കുന്നതാണ്! ഈ പോക്കുപോയാല്‍ ഒടുവില്‍ ക്ഷീരബല വേണ്ടി വരും. ദുഷ്ട! മനസിലാക്കുന്നെയില്ല. ഉറക്കം വടികുത്തി പിരിഞ്ഞു.

ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ്  കിട്ടണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.( മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ് !). കലവൂരെത്തുമ്പോള്‍  കുറെ ആളിറങ്ങി.അവര്‍ക്കൊരു സീറ്റ് കിട്ടണെയെന്ന  പ്രാര്‍ത്ഥന വിഫലമായി.തിരക്ക്‌ കുറഞ്ഞപ്പോള്‍ അവര്‍ മാറിനില്‍ക്കുമെന്നുള്ള പ്രതീക്ഷയും ഫലിച്ചില്ല .  അതില്‍ നിന്നും ശ്രദ്ധ വിടാനായി പാട്ട് കേള്‍ക്കാമെന്ന് കരുതി ഫോണ്‍ എടുത്തു.ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ഒരു കിഷോര്‍  പാട്ട്  എടുത്തു.ഹേ ഖുദാ ഹര്‍ ഫൈസലാ തേരാ മുജ്ഹെ മന്‍സൂര്‍ ഹെ  ,പറ്റിയ പാട്ട് !

 പതിയെ  എന്റെ  തോള്‍ ചേച്ചിയുടെ അവകാശമായി മാറി. ഒന്ന് തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ തല തിരിക്കാന്‍ പോലും കഴിയുന്നില്ല. തോളില്‍ നിന്ന് തലേല്‍ കേറി ഇരിപ്പായോ ! കൈമുട്ട് കമ്പിയില്‍ അമര്‍ത്തി തോള് കൊണ്ട് മെല്ലെ തള്ളി നോക്കി. നല്ല കനം! ഭീകരി! പെട്ടെന്നെന്റെ മനസ്സില്‍  ചിന്തയൊന്നു മാറി. ഇനിയെങ്ങാന്‍ അവര്‍ ഗര്‍ഭിണിയോ മറ്റോ ആണോ ?ആണെങ്കില്‍ ഞാന്‍ ചെയ്യുന്നത് മഹാപാപമാണ്‌. പക്ഷെ, എഴുന്നേറ്റു കൊടുക്കാനൊന്നും പറ്റില്ല. 60 km നിന്ന് യാത്ര ചെയ്‌താല്‍ പാലാരിവട്ടത്തിറങ്ങേണ്ട ഞാന് ഇടപ്പള്ളിയിറങ്ങി പോണേക്കര മെഡിക്കല്‍ കോളെജിലാവും എത്തുകയെന്ന തിരിച്ചറിവ് എനിക്ക് നേരത്തെയുണ്ടല്ലോ. എന്നാല്‍ അവര്‍ നിന്നോട്ടെയെന്നു കരുതി  മുന്നോട്ടാഞ്ഞു കമ്പിയില്‍ തല ചാരിയിരുന്നു.”വിടൂല്ല ഞാന്‍ “ എന്ന ഭാവത്തില്‍ ഭാരം വീണ്ടും തോളിലേക്ക് തന്നെ.ഒറ്റക്കമ്പിയില്‍ പിടിച്ചു നിന്നിരുന്നവര്‍ ഒരു കൈ മുന്നിലെ സീറ്റിലും ഒന്ന് പിന്നിലുമായി പിടിച്ചു എന്നെ ഘരാവോ ചെയ്യാനൊരുങ്ങുന്നപോലെ  മുന്നില്‍  നിറഞ്ഞു നിന്നു. എന്റെ മേലേക്ക് വീണാല്‍ എന്നെ പിന്നെ തുടച്ചെടുത്താല്‍ മതി. ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു  പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട്‌ ഇങ്ങനെ പെരുമാറാന്‍  ! പതിയെ ഉറക്കം പിടിച്ചു വന്ന കൂട്ടുകാരിക്കും സംഗതി പിടികിട്ടി.

ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ കയറി.ധാരാളം ആളിറങ്ങും. ഞങ്ങളുടെ സീറ്റിലെ ആദ്യസ്ഥാനക്കാരി എഴുന്നേറ്റു കഴിഞ്ഞു . കണ്ടു നിന്ന ചേച്ചി ബാഗെടുത്തു ഞങ്ങള്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചു. അത് ശ്രദ്ധിക്കാതെ ഞാന്‍ നീങ്ങിയിരുന്നു. ആഹാ! മൂന്നാമതിരുന്നാല്‍ മതി.   ആള്‍ അവിടിരിപ്പായി.സ്വസ്ഥമായല്ലോഎന്ന് മനസ്സില്‍ കരുതി ഞാന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു. ഉറങ്ങിയിട്ട് ആറുമാസമായപോലെ നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ ഉറക്കം തുടങ്ങി.  യക്ഷി! എന്റെ ഉറക്കവും കളഞ്ഞു തോളും അനക്കാന്‍ മേലാതാക്കീട്ടു ഉറങ്ങുന്നു.

പിന്നെയുള്ളത് ഉറക്കത്തിനിടയിലെ പ്രകടനം ആയിരുന്നു. ഉറങ്ങി എന്റെ തോളിലേക്ക് മറിയുന്ന ഒരു മാംസഗോപുരം. തട്ടിനോക്കിയിട്ടൊന്നും അനങ്ങുന്നില്ല. മെല്ലെ മുന്നോട്ടും പിന്നോട്ടും മാറിയിരുന്നു അവരില്‍ നിന്ന് 'രക്ഷപെടാനുള്ള' എന്റെ ശ്രമം ഒട്ടൊക്കെ വിജയിച്ചെങ്കിലും എന്റെ സ്വസ്ഥത ഇല്ലാതായി.പിടിച്ചൊരുതള്ളു കൊടുക്കണമെന്ന് ആശിച്ചെങ്കിലും എന്റെ ആരോഗ്യസ്ഥിതി അത്തരം ദുഷ്ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. ’ഇവരെന്താ എന്റെ തോളില്‍ കയറാന്‍ വരം വാങ്ങി വന്നതാണോ ‘ എന്ന ചിന്തയെ ഉണര്‍ത്തി കൂട്ടുകാരി ‘‘എന്തിനാ ഇങ്ങനെ സഹിച്ചിരിക്കുന്നത് ? പറയണം “ എന്ന് പറയുകയും ചെയ്തു. ‘പാപി ചെന്നിടം പാതാളം ‘ എന്ന നിലയില്‍ ഞാനും , ‘വീണേടം വിഷ്ണുലോകം ‘ എന്ന് അവരും. കുണ്ടന്നൂരെതിയതും സ്വിച്ചിട്ട പോലെ കണ്ണുതുറന്ന ചേച്ചി , തൊട്ടടുത്തിരുന്ന എന്നെ നോക്കാതെ അതിനപ്പുറത്തിരുന്ന കൂട്ടുകാരിയെ തോണ്ടി ‘സമയം എത്രയായീ ‘ എന്നൊരു ചോദ്യം. ‘നിങ്ങളുടെ സമയമായില്ല ‘ എന്ന് സലിം കുമാര്‍ ശൈലിയില്‍ മറുപടി പറയണമെന്ന് കരുതിയെങ്കിലും ഞാന്‍ മിണ്ടീല്ല .എനിക്കിതൊന്നും ഒട്ടും പിടിച്ചിട്ടില്ലാന്നു അവര്‍ക്കും മനസിലായീന്നു തോന്നി. വൈറ്റിലയടുത്തായി സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ ബാഗുമെടുത്ത് ചേച്ചി ചാടിയ ചാട്ടം കണ്ടു കണ്ണുമിഴിച്ചു ഞാന്‍ നിന്നുപോയി. ഗര്‍ഭിണി !!! മൂന്നുമല ഒന്നിച്ചു ചാടും. അനങ്ങാന്‍ മേലാതായ കൈ തിരുമ്മി നേരെയാക്കുമ്പോഴും അവര്‍ക്കെന്നോട് തോന്നിയ ശത്രുതയ്ക്കു കാരണമെന്താവുമെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല. വാല്‍ക്കഷണം  :

ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞാന്‍ മിണ്ടാതിരുന്നത് അവരെ പേടിച്ചിട്ടൊന്നും അല്ല.. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നു ഞാന്‍ സ്കൂളില്‍  പഠിച്ചിരുന്നത് കൊണ്ടു മാത്രമാണ്‌. 

( ബസില്‍ യാത്ര ചെയ്തു ബുദ്ധിമുട്ടറിയാവുന്നകൊണ്ട് കഴിയുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ മിണ്ടാറില്ല.നിവൃത്തിയില്ലാതെ വരുമ്പോള്‍ പറ്റിപ്പോകുന്നതാവും .  ഞാനും അനുഭവിച്ചതല്ലേ എന്നൊരു ചിന്ത വരും.പക്ഷെ, ചിലര്‍ കല്പിച്ച്കൂട്ടി ഇറങ്ങിയപോലെ തോന്നിയാല്‍ എന്ത് ചെയ്യും?.)  

Saturday, August 6, 2011

നന്ദിയില്ലാത്ത ചെടി...

  സ്കൂൾ വിട്ടുവന്ന് അവലിൽ പഴം ചേർത്ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രുക്കൂ തന്റെ ഇന്നത്ത ‘അത്ഭുതം’ ദേവൂനോട് പങ്കുവച്ചത്.
“ചെടികൾക്ക് സന്തോഷോം സങ്കടൊമൊക്കെ യുണ്ടെന്ന് ഇന്ന് ഉഷ ടീച്ചർ പറഞ്ഞു ദേവൂ”.
ദേവൂനതു കേട്ട് ചിരിയാണു വന്നതു.പുച്ഛഭാവത്തിൽ തലയുയർത്തി രുക്കൂനെനോക്കി.’അഞ്ചാം ക്ലാസ്സിലെ കണ്ടുപിടിത്തം!‘
“അല്ല ദേവൂ! സത്യം.ടീച്ചർ പറഞ്ഞതാണ്.” രുക്കു ബോധ്യപ്പെടുത്താൻ  നോക്കി.
“എന്നിട്ടെന്റെ ടീച്ചർ പറഞ്ഞില്ലല്ലോ”
“അതു ദേവു ഒന്നാം ക്ലാസ്സിലല്ലെ ആയുള്ളു. അതാ.”
“ബോസ് എന്നൊരാളാണു കണ്ടുപിടിച്ചതെന്ന് .ടീച്ചർ പറഞ്ഞല്ലോ, പാട്ടുകേട്ടു നിന്നാൽ ചെടികൾ പെട്ടെന്നു വളരുമെന്ന്. സന്തോഷോം സങ്കടോം  നമ്മളെപ്പോലെ ചെടിക്കുമുണ്ട് ദേവൂ.അതിനു ജീവനുണ്ട്”. രുക്കു ആവേശം കൊള്ളുന്നു.
“ടീച്ചർ പറഞ്ഞതല്ലേ, ഇനി നേരാവുമോ? നേരാണോ അമ്മേ? “ 
അതേന്ന അർത്ഥത്തിൽ അമ്മ തലകുലുക്കി.
“റേഡിയോപ്പാട്ടു കേൾപ്പിച്ചാൽ  നമ്മുടെ റോസാച്ചെടിക്കും സന്തോഷം വരും. അപ്പോൾ അതും വളരുമോ ചേച്ചീ”
“വളരും ദേവൂ” രുക്കൂനു സംശയമില്ല.
  കൈകഴുകി നേരെ റേഡിയൊ എടുക്കാനാണു ഓടിയത്.ഓണാക്കിയപ്പോൾ പാട്ടു കേൾക്കുന്നില്ല. അല്ലേലും ഒരാവശ്യമുണ്ടെങ്കിൽ റേഡിയൊ പാടില്ല.ഉച്ചയ്ക്കു സിനിമാപ്പാട്ട്  റോസാച്ചെടിയെ കേൾപ്പിക്കണമെന്നു ദേവു ഉറപ്പിച്ചു.
പിറ്റേന്നു വളരെ കാത്തിരുന്നാണു പാട്ടു തുടങ്ങിയത്. രണ്ടുപേരും കൂടി ചെടിയുടെ മുൻപിൽ ചെന്നിരുന്നു.കുറെ പാട്ടു വന്നു.പക്ഷെ, ചെടിക്ക് ഒരനക്കവുമില്ല.
“ടീച്ചർ ചുമ്മാ പറഞ്ഞതാ, കണ്ടില്ലേ റോസാച്ചെടി അനങ്ങുന്നു പോലുമില്ല.”
“ദേവൂ, ഇതു പാട്ടൊന്നും കേൾക്കാതെ വലുതായ ചെടിയല്ലേ.അതുകൊണ്ടാ.ചെടിവളർന്നു തുടങ്ങുമ്പോഴേ പാട്ടു കേൾപ്പിക്കണം.അപ്പോൾ സന്തോഷം വരും, പെട്ടെന്നു വളരും” . രുക്കു തന്റെ അറിവു പങ്കു വച്ചു.

വിതയ്ക്കാനുള്ള നെൽ വിത്ത് വലിയ കുട്ടയിൽ മുള വന്നിരിക്കുന്നതു ദേവൂന് ഓർമ വന്നു. ഓടിപ്പോയി മൂന്നാലു നെൽ വിത്തെടുത്ത് വന്നു.മണ്ണ് മാന്തി, വിത്തിട്ടു മൂടി വെള്ളവും ഒഴിച്ചു.

ഇനി പാട്ട് വയ്ക്കാമെന്നു പറഞ്ഞു  രുക്കു റേഡിയൊ  വച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.

“പാട്ട് പാടിയാലും മതി ദേവൂ.“

“തെക്കനിടിപൊടി മഞ്ഞളും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം
  വാഴയ്ക്കാപൊട്ടും വടക്കനും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം“
ദേവു പാട്ടു തുടങ്ങിക്കഴിഞ്ഞു.

പിറ്റേന്നുരാവിലെവളരെ ഉത്സാഹത്തോടെയാണു വന്നു നോക്കിയത്. മണ്ണിളക്കി നോക്കിയപ്പോൾ നെല്ല് നന്നായി മുളച്ചിരിക്കുന്നു. രണ്ടുപേർക്കും സന്തോഷമായി.നെൽച്ചെടി വളരുന്നുണ്ട്.
 ദേവൂനെ അതിശയിപ്പിച്ചുകൊണ്ടാണ് ഒരു നെൽചെടി വളർന്നത്. പാട്ടു കേട്ടിട്ടാവും! മുള വന്നു, തലയുയർത്തി ദേവൂനെ നോക്കി. പിന്നീട് ഇല വച്ചു ഉയർന്നു തുടങ്ങി.

ഒരു ദിവസം പാട്ടുകേട്ടപ്പോൾ നെൽച്ചെടി തലയാട്ടുന്നു.ദേവൂന്റെ കണ്ണുകൾ വിടർന്നു.
“ചേച്ചീ,നോക്കു , ചെടി പാട്ടു കേട്ടു തലയാട്ടുന്നു.”
നോക്കിയപ്പോൾ രുക്കൂനും അതിശയം. ‘സത്യം തന്നെ!ഡാൻസും കളിക്കുന്നു. സന്തോഷം വന്നിട്ടു തന്നെ‘.

വൈകിട്ട് വന്നാൽ രണ്ടുപേരും കൂടി പാട്ടും വർത്തമാനവുമായി നെൽച്ചെടിക്കൊപ്പമാവും.എന്നും പാട്ടുകേട്ട് തലയാട്ടുന്ന നെൽച്ചെടിയെ ദേവൂനു ഇഷ്ടമായി. നെൽച്ചെടിക്കൊരു പേരുമിട്ടു’അമ്മിണി’.

അമ്മിണി പാട്ടൊക്കെ കേട്ടു നന്നായി വളരുന്നുമുണ്ട്.തലയാട്ടി ആസ്വദിക്കുന്നുണ്ട്..
ഞായറാഴ്ച്ച ഉച്ചയ്ക്കു ഒരുപാട് നേരം റേഡിയോ പാടും.അതു നെൽച്ചെടിയെ കേൾപ്പിക്കാനായി അതിനടുത്തു ചെന്നിരുന്നു.
റേഡിയൊപ്പാട്ട് വച്ചു. ‘ചക്രവർത്തിനീ....’ ചെടി അനങ്ങുന്നില്ല.
“അമ്മിണിക്ക് ഈ പാട്ടിഷ്ടമായിക്കാണില്ല ചേച്ചീ”
അടുത്ത പാട്ടു വന്നപ്പോൾ ആകാംക്ഷയോടെ നോക്കി.ഇല്ല! അതനങ്ങുന്നില്ല..മൂന്നാമതും നാലാമതും പാട്ടുമാറി വന്നു.ചെടിക്ക് ഒരു അനക്കവുമില്ല.
 ‘ഇനി അമ്മിണി പിണങ്ങീട്ടുണ്ടാവുമോ?‘ ദേവൂനു വിഷമമായി.
രുക്കൂന്റെ മുഖത്തു ദേഷ്യം വരുന്നു.ചാടിയെണീറ്റ് ചെടി പിഴുതെടുത്തു. കയ്യിലിട്ടു ചുരുട്ടി അരിശം തീർക്കുന്നു.
“നന്ദിയില്ലാത്ത ചെടി! ഇത്ര ദിവസോം പാട്ടു കേട്ടു രസിച്ചിട്ട് ഇന്നു നോക്കുന്നു പോലുമില്ല. വളർന്നപ്പോൾ അഹങ്കാരമായി. നന്ദി വേണം നന്ദി .” രുക്കു കലി തുള്ളുന്നു.
അമ്മിണി ചുരുണ്ടുകൂടി നിലത്തു കിടക്കുന്നു. അതിനിപ്പോൾ സങ്കടം വരുന്നുണ്ടാവുമെന്നോർത്ത് ദേവൂനു വിഷമം വന്നു.എന്നാലും ചേച്ചി പറഞ്ഞതു സത്യമാണ്,
“നന്ദിയില്ലാത്ത ചെടിക്കു അതുതന്നെ വേണം”.
“പിന്നേ , അതു നായക്കുട്ടിയല്ലെ വാലാട്ടി നന്ദി കാണിക്കാൻ .ഇന്നു കാറ്റ് വീശീല്ല. അല്ലേ? രണ്ടിന്റേം ചെടിയെ പാട്ടു പഠിപ്പിക്കൽ ഇതോടെ കഴിഞ്ഞല്ലോ.”
അമ്മയുടെ വക  പരിഹാസവും.
“ബോസും ടീച്ചറുമൊക്കെ പറഞ്ഞതു കള്ളം തന്നെ.“ ദേവു  രുക്കൂനെ നോക്കികണ്ണുരുട്ടി .

Friday, July 15, 2011

വീണ്ടും ഒരു വിലാപം.


“വരുവാ‍നില്ലാരുമീ വിജനമാമീവഴിക്ക്....” എന്നു പാട്ടും പാടിയിരിക്കയായിരുന്നു...
ഒരു പാദപതനം... അടുത്തേക്കു വരുന്നു.
എന്നെ തിരഞ്ഞാവണേയെന്നു നിശ്ശബ്ദം പ്രാർത്ഥിച്ചു.
ഈ ഞെരുക്കത്തിൽ നിന്നു ഒരു ആശ്വാസമായെങ്കിൽ
ഒരു കൈ..... നീളുന്നതെന്റെ നേർക്കു തന്നെ.
സ്നേഹം നിറഞ്ഞ മിഴികൾ എന്നെ തിരയുന്നില്ലേ..
വെളുത്തുനീണ്ടൊരെന്റെ മേൽ  വാൽസല്യത്തോടെ തഴുകുന്നു..
ഹാ! ഇതാ ഞാൻ മോചിപ്പിക്കപ്പെടുന്നു.
“Take her up tenderly
Lift her with care
Fashion’d so slenderly
Young , and so fair” 
അലയടിക്കുന്ന ആനന്ദത്തിരകളിൽ സ്വയം മറന്നു..
പിന്നെപ്പോഴൊ കണ്ണുതുറന്നപ്പോൾ ഉത്സവപ്പറമ്പു പോലെ.
പൂത്തിരി കത്തുന്ന കണ്ണുകളുമായി എന്നെതന്നെ പ്രതീക്ഷിച്ചിരിക്കുന്നല്ലോ...
അക്കൂട്ടത്തിലേക്കു നഷ്ടപ്പെടുവാൻ മോഹിച്ചു..
പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
ഞാനീയിരുളിൽ ഉരഞ്ഞു ചേരുന്നു.... വേദന..വേദന..
എത്ര  ദൃക്ക്സാക്ഷികൾ!... ആരും പ്രതികരിക്കുന്നില്ല
സ്വയം അരഞ്ഞു തീർന്ന് വെളിച്ചം പകരുകയാണു ഞാൻ ..
കറുപ്പിൽ വെളുപ്പായി.. ഇരുളിൽ പ്രകാശമായി മാറുന്നു.
ഒരു നിമിഷം തല എവിടെയോ തടഞ്ഞു..
നിഷ്കരുണം കിട്ടി ഒരു തട്ട്.
ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.
ഇടയിലെപ്പോഴോ കാൽ വഴുതി ഞാൻ നിലത്തു വീണു..
ഒരു കൈ എന്റെ നേർക്കു നീളുമെന്നു പ്രത്യാശിച്ചു.
ക്രൂരമായ അവഗണന ... സഹിക്കാൻ കഴിയുന്നില്ല.
ആരോ ചവിട്ടി മെതിക്കുന്നു.
ശരീരം തകരുന്ന വേദന...
ദയനീയമായ നിലവിളി ചുവരുകൾ പോലും കേട്ടില്ല..
കറുപ്പിനെ വെളുപ്പാക്കാത്ത..വെളുപ്പിനെ നശിപ്പിക്കുന്ന
കറുത്തതൊപ്പി വച്ച സുന്ദരന്മാർ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
“നിലത്തുവീഴാതെ നോക്കാ‍ൻ..., വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ“ അവർ പറഞ്ഞതു എന്തായാലും ഞാൻ കേട്ടതു ഇതു തന്നെ !!    

Thursday, May 5, 2011

രുക്കൂനു വേദനിച്ചില്ല !!


“അമ്മേ, ഞാൻ കളിക്കാൻ പോന്നുപറഞ്ഞതും ഇറങ്ങി  ഓടിയതും ഒപ്പം.

രുക്കൂ...അവിടെ നിൽക്കാൻ. എങ്ങോട്ടാ ഈ ഓട്ടം? നിൽക്കാനാ പറഞ്ഞത്”.

നിന്നാൽ അമ്മ വഴക്കു പറയും. അതുകൊണ്ട് ഓട്ടത്തിനിടയിൽ തന്നെ മറുപടി പറഞ്ഞു.
കൊച്ചുമോന്റെ കൂടെ കളിക്കാൻ പോവാ, അച്ഛാ..ഞാൻ വഴക്കുണ്ടാക്കാതെ കളിച്ചോളാം”. അച്ഛനോട്  പറഞ്ഞാൽ പിടിച്ചു നിർത്തില്ല.

ഈ കൊച്ചിതെത്ര പറഞ്ഞാലും അവനെ ചേട്ടാന്നു വിളിക്കില്ല.ഒരു വയസിന്റെ മൂപ്പ് എന്തായാലും അവനില്ലേ?
അമ്മ പറഞ്ഞു തുടങ്ങിയാൽ തീരില്ല..അതുകൊണ്ട് കാലുകൾക്കു ചിറകു വച്ചു പറന്നു.അഫന്റവിടെപ്പോയാൽ മണലു വാരിക്കളിക്കാം. കൂട്ടിയിട്ടിരിക്കയല്ലേ. ഒരു വലിയ മല പോലെയുണ്ട്.എന്തു രസമാണു കളിക്കാൻ. അതിലെ കളികൾ രുക്കുവിനു പ്രിയപ്പെട്ടതാണു.അതിൽ വലിയ ഗുഹ പണിയാം.( സിംഹവും പുലിയുമൊക്കെ  അതിൽ ഒളിച്ചിരിക്കും!)പിന്നെ മണലിൽ കമ്പ് നാട്ടി പൂച്ചക്കുട്ടിയെ കെട്ടിയിട്ടു പശു കളിപ്പിക്കാം.ചിരട്ട കൊണ്ട് അപ്പമുണ്ടാക്കാം.

 ഓട്ടം നിന്നതു മണൽക്കൂനയ്ക്കു മുന്നിലാണ്.അഫൻ കണ്ടാൽ മണൽ നിരത്തുന്നതിനു ചിലപ്പോൾ വഴക്കു പറയും. കൊച്ചുമോനുണ്ടെങ്കിൽ അതൊന്നും കേട്ട മട്ടുകാണിക്കില്ല.
ചെന്നപ്പോൾ അതിലേറെ രസം.കൊച്ചുമോൻ മണൽക്കൂനയുടെ പുറത്തുണ്ട്.രുക്കൂനു സന്തോഷമായി.ഇനി കളിക്കാൻ രസമായി.നടക്കുന്ന വഴിയിൽ കൂ‍ടിക്കിടക്കുന്ന മണലിലേക്കു ചൂണ്ടി പറഞ്ഞു.

വാ , കൊച്ചുമോനെ, ഇവിടെ കുഴിക്കാം. വാ

ക്കുന്ന വഴിയിൽ കുഴികുത്തി തേക്കില കൊണ്ടുമൂടി മണ്ണിട്ടു മൂടി ആരെയെങ്കിലുമൊക്കെ തള്ളിയിടുന്ന കളി രണ്ടുപേർക്കും പ്രിയപ്പെട്ടതാണ്.  കഴിഞ്ഞ ദിവസം കുഞ്ഞുരാമനപ്പൂപ്പനെ തള്ളിയിടാന്‍ കുഴിച്ച കുഴി ചെറുതായിപ്പോയി.ഷീറ്റ് അടിക്കാന്‍ പോയ അപ്പൂപ്പന്‍ കാല് വഴുതി വീഴാന്‍ പോയപ്പോള്‍ നല്ല രസമായിരുന്നു. രുക്കൂന്റെ പണിയാണെന്ന് മനസ്സിലായിട്ടും അപ്പൂപ്പന്‍ അമ്മയോട് പറഞ്ഞില്ല, പാവം. ഇനി അപ്പൂപ്പനെ തള്ളിയിടെണ്ടാന്നു അന്ന് തീരുമാനിച്ചു. പക്ഷെ, പൊടിയന്‍ പണിക്കനെ തള്ളിയിടും.എപ്പോഴും രുക്കൂനോട് വഴക്കാ. അതിനു നിലത്തു കുഴിച്ചാൽ ചെറിയ കുഴിയെ പറ്റൂ. മണലിലായാൽ വലിയ കുഴിയെടുക്കാം.വീഴുമ്പോ‍ൾ നല്ല രസമായിരിക്കും. അതോർത്തപ്പോഴേ രുക്കൂനു സന്തോഷം സഹിക്കാൻ പറ്റീല്ല.

രണ്ടു പേരും കൂടി മണൽ മാന്തിയിട്ടു ചെറിയ കുഴിയെ ആവുന്നുള്ളു.പെട്ടെന്നാണു മൺ വെട്ടി കണ്ടതു.
ദാ തൂമ്പ ! എടുക്കു കൊച്ചുമോനെ . അതു വച്ചു വെട്ടാം.

കേട്ടതും കൊച്ചുമോൻ ഓടിപ്പോയി തൂമ്പയുമായി വന്നു..കൊച്ചുമോൻ എടുക്കാൻ മേലാത്ത തൂമ്പയെടുത്തു മണൽ വെട്ടിയിളക്കും, രുക്കു കൈ കൊണ്ടതു മാന്തി നീക്കും.കുഴി പെട്ടെന്നു വലുതായി വന്നു, പണിയുടെവേഗവും.

രുക്കു കുനിഞ്ഞിരുന്നു മണൽ നീക്കുകയായിരുന്നു.  ഠിം ! തലയിൽ എന്തോ വന്നു വീണു.തൂമ്പ കൊച്ചുമോന്റെ കയ്യിൽ നിന്നു വീണതാണ്. രുക്കൂനു  ദേഷ്യം വന്നു.
ഞാൻ കളിക്കുന്നില്ല”. എഴുന്നേറ്റ്  തിരിഞ്ഞു നടന്നു. അല്ലെങ്കിലും കൊച്ചുമോനിങ്ങനെയാ, ഒരു ശ്രദ്ധയുമില്ല.

ഈശ്വരിയമ്മ വരാന്തയിൽ  ചക്ക മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.രുക്കൂ‍നെ കണ്ടപ്പോൾ അവ ഒറ്റ നിലവിളി.അല്ലേലും അങ്ങനാ, ഇത്തിരിയെന്തേലും കിട്ടിയാൽ മതി , വഴക്കു കേപ്പിച്ചോളും.

യ്യോ! ഈ കുഞ്ഞിന്റെ നെറ്റീലൂടെ ചോര മറിയുന്നു. നിൽക്കു കുഞ്ഞേ. എന്തായിത്?

രുക്കു കേൾക്കാത്തഭാവത്തിൽ നടന്നതാണു, അപ്പോഴേക്കും  അഫനും ചിറ്റേം ചേട്ടനുമെല്ലാം ഓടി വന്നു. കൊച്ചുമോനും വന്നു നോക്കുന്നു. ഹും.തല പൊട്ടിച്ച്തും പോരാ നോക്കാൻ വന്നേക്കുന്നു!
 പക്ഷെ,ചോര!  അതു കേട്ടപ്പോൾ രുക്കൂനും കരച്ചിൽ വന്നു.
ഈ കൊച്ചുമോനാ”.രച്ചിലിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു.
ല്ലാരും  കൂടെ തല പരിശോധിക്കാൻ തുടങ്ങി.

നന്നായി മുറിഞ്ഞിട്ടുണ്ട്”, ആശുപത്രീൽ പോകേണ്ടി വരും.”, “തൂമ്പ വായ്ത്തല നീളത്തിൽ തന്നെയാ വീണതു

അഭിപ്രായങ്ങൾ കേട്ടപ്പോൾ കരച്ചിൽ കൂടി.അപ്പോഴേക്കും അച്ഛനും അമ്മേം ഓടിവന്നു.

ഞാനൊന്നും ചെയ്തില്ല, ഈ കൊച്ചുമോനാ.... അമ്മേ”. അമ്മേടെ വഴക്കും ഇപ്പോൾ കേൾക്കും.


"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര  മറിയുന്നല്ലോ. "
വഴക്കിനു പകരം അമ്മയുടെ കരച്ചില്‍.രുക്കൂനെ അമ്മ എടുത്തു തോളില്‍ വച്ചു  . അച്ഛന്‍ ആകെ വിഷമിച്ചു നില്‍ക്കുന്നു.

ഞാനല്ല, രുക്കു കുനിഞ്ഞിട്ടാ”. കൊച്ചുമോ കള്ളം പറയുന്നതു അടി കിട്ടാതിരിക്കാനാണെന്നു രുക്കൂനു അറിയാം.

അച്ഛനും അഫനും ചേട്ടനുമെല്ലാം കൂടി വെപ്രാളം പിടിച്ചാണു ആശുപത്രീലേക്കു കൊണ്ടു പോയതു.അവിടെച്ചെന്നപ്പോൾ വെള്ള സാരിയുടുത്ത ചേച്ചി വന്നു തലയിൽ എന്തൊക്കെയോ ചെയ്തു.മുടിയെല്ലാം മുറിച്ചു മാറ്റി. മരുന്നു പുരട്ടി.ചേട്ടൻ പറയുന്ന കേട്ടു സ്റ്റിച്ച് ഉണ്ടെന്നു. അതിനിയെന്തു  സാധനമാണോ? തലയിൽ പഞ്ഞിയൊക്കെ വച്ചു ചുറ്റി കെട്ടി.വേദനതോന്നിയെങ്കിലും രുക്കു കരയേണ്ടാന്നു തീരുമാനിച്ചു.

തിരിച്ചു വീട്ടിൽ വന്നിട്ട് ആരും അനങ്ങാൻ കൂടി  സമ്മതിക്കുന്നില്ല.രുക്കൂനു അടങ്ങിയിരിക്കാൻ വയ്യ. എല്ലാരും വന്നു കണ്ടിട്ടു പോയി. കൊച്ചുമോനെക്കണ്ടില്ല. കൂട്ടുവെട്ടിയതാവും.
ചിറ്റ വന്നപ്പോൾ ചോദിച്ചു നോക്കി.
അവനവിടെയിരുന്നു കരയുന്നുണ്ട്”. ന്നു പറഞ്ഞു. 

എന്നാലും തല മുറിഞ്ഞു ആശുപത്രീൽ കൊണ്ടുപോയിട്ട് കാണാൻ വന്നില്ലല്ലോ. അങ്ങനെ കിടന്നപ്പോൾ രുക്കൂനു ഉറക്കം വന്നു. പിന്നെ കണ്ണു തുറന്നപ്പോൾ കൊച്ചുമോൻ!

ലയിൽ കെട്ടൊക്കെ വച്ചപ്പോൾ രുക്കൂനു വല്യ ഗമ”. കൊച്ചുമോൻ ചിറ്റയോടു പറയുന്നു.

“മണ്ടൻ തൂമ്പയായതു ഭാഗ്യം! അല്ലെങ്കിൽ ഇതൊന്നുമല്ലായിരുന്നു. ഓർക്കാൻ വയ്യ.” അമ്മയാണു.

നോവുന്നുണ്ടോ രുക്കൂ”. കൊച്ചുമോൻ  അടുത്തു വന്നു .

“ഇല്ല കൊച്ചുമോനേ, ഉറുമ്പ് കടിച്ച്പോലേയുള്ളു.“ .

ദാ...രുക്കു ചിരിക്കുന്നു”. കൊച്ചുമോൻ ഉറക്കെ വിളിച്ചു പറഞ്ഞു.

ആ തൂമ്പയല്ലേ തല മുറിച്ചതു. ഇനി അതെടുക്കേണ്ടാ . കൊച്ചുമോൻ കൊച്ചല്ലേ. എടുക്കാൻ പറ്റില്ലാ. ”.  രുക്കു ഉപദേശം കൊടുത്തപ്പോൾ എല്ലാരും ചിരിക്കുന്നു.

Sunday, April 24, 2011

പുതിയ മാനം തേടി


ന്തൊരു വേഗത്തിലാ‍ണവൾ കയറുന്നത്. കാലു വേദനിച്ച് അയാൾ ഉറക്കെ കൂവി.
ഏയ്...പതിയെ കയറൂ
ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വീണ്ടും വേഗം കൂട്ടി.എത്ര ഉയരമായെന്നു  ഒരു തിട്ടവുമില്ല.ഏറെ നേരമായി അവളുടെ പിന്നാലെ ഈ ഓട്ടം തുടങ്ങിയിട്ട്.
പതിയെ സംസാരിച്ച്  ചിരിച്ച് തന്റൊപ്പം മല കയറാൻ തുടങ്ങിയവൾ തന്നെയാണോ ഇതെന്നു  സംശയിച്ചുപോയി. എന്തൊരു വന്യമായ വേഗം.
മതിയാക്കൂ കുട്ടീ, ഞാനും ഒപ്പം എത്തട്ടെ
നീ  തടിയനാ , സുഖഭോഗങ്ങൾ ആസ്വദിച്ചു ശീലിച്ച തടിയൻ,നിനക്കെന്റൊപ്പം എത്താൻ കഴിയില്ല
ഉറക്കെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുകളിലേക്കു കയറുന്നു.
ഇനി കുറച്ചു കൂടിയായാൽ പിന്നെ കയറില്ലല്ലോയെന്നു സമാധാനിച്ചെങ്കിലും നടപ്പിനു വേഗം കൂട്ടി.
അവൾ മുകലിലെത്തിക്കഴിഞ്ഞു. ഒരു കല്ലിനു മുകളിൽ കയറി നിന്നു താഴേക്കു നോക്കുന്നു.
ടോ, അതപകടമാണു, താഴെയിറങ്ങ്
തിരിഞ്ഞു നോക്കി ചിരിച്ചിട്ട് കൂസലില്ലാതെഅവൾ ആ നിൽ‌പ്പ് തുടർന്നു.
നീയെന്തു കാണുവാണവിടെ?’ വീണ്ടും ചോദിച്ചു.
ദുരിതം, ദുരിതം മാത്രം. പറഞ്ഞതു പതിയെ ആണെങ്കിലും കേൾക്കാൻ തക്ക അടുത്തു അയാൾ എത്തിയിരുന്നു.
വൈകല്യം മാത്രമുള്ള കുഞ്ഞുങ്ങൾ, ദുഃഖിതരായ മാതാപിതാക്കൾ, മൂടിക്കെട്ടി നിൽക്കുന്ന ദുഃഖങ്ങൾ, പട്ടിണി. എല്ലാം രസമുള്ള കാഴ്ച്ചകൾ. താഴേക്കു നോക്കിയാൽ കാണാം , വാ
അവളുടെ മുഖഭാവം  ഭയപ്പെടുത്തുന്നു.
നിനക്കെന്തിന്റെ കേടാ, നിനക്കെന്തു ദുരിതം.എന്തു ദുഃഖം.സന്തോഷം മാത്രമറിഞ്ഞല്ലേ നീ ജീവിക്കുന്നത്?
നീം മുകളിലേക്കു കയറണം.  സന്തോഷം കാണാൻ നോക്കട്ടെ. ഇനീം മുകളിലേക്ക്” അവൾ അതൊന്നു, കേൾക്കുന്നില്ല.
“ഇവിടെ തീരുവല്ലേ, നീയിനി വാ. താഴേക്കിറങ്ങ്.അവൾക്കു നേരെ കൈകൾ നീട്ടി.
ല്ല,എനിക്കു നിന്റെയൊപ്പം വരേണ്ട,നിനക്കു കാഴ്ചയില്ല, നീ ബധിരനാണു,മൂകനാണു കൈ തട്ടിയെറിഞ്ഞ് അവൾ ഒച്ച വച്ചു.
 അവളുടെ കാലുകൾ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകളിൽ ഇരുൾ നിറച്ച് അവൾ പറന്നിറങ്ങിയപ്പോൾ ആ ഉയരങ്ങളിലേക്കു പറക്കാൻ ഒരു നിമിഷം കൊതിച്ചുപോയി. അവൾക്കൊപ്പം കാഴ്ചയില്ലാത്തതിൽ കുറ്റബോധവും.


Tuesday, March 29, 2011

പാവം സുന്ദരൻ, ഇനി പാടട്ടെ.

കണ്ണാടിയിൽ നോക്കിയിട്ട് രഘുവിനു തൃപ്തി വന്നില്ല.ഷർട്ട് ഊരിയെടുത്തു വീണ്ടും തേച്ചു മിനുക്കി.ആദ്യം മുണ്ടെടുത്തു ഉടുത്തതാണു. പക്ഷെ അതു പോരെന്നു തോന്നി.പിന്നെ പാന്റ്സിലേക്കു മാറി. ഇനി നെറ്റിയിലൊരു കുറി വയ്ക്കണം.മഞ്ഞ,ചുവപ്പ്, ചന്ദനം എല്ലാം കരുതി വച്ചിട്ടുണ്ട്.കു ങ്കുമമെടുത്തു കുറി വരച്ചു.ദേവിപ്രസാദമാണു.പക്ഷെ, കണ്ണാടി അയാളെ വിലക്കി.അതു ശരിയാകില്ല.തുടച്ചു.കുങ്കുമം നെറ്റിയിലാകെ പടർന്നു. നന്നായി സോപ്പ് തേച്ചു കഴുകി കളഞ്ഞു. മുഖം തുടച്ചു വീണ്ടും കണ്ണാടിയിൽ നോക്കി.
“ഈശ്വരാ” അറിയാതെ വിളിച്ചു പോയി. മിനുക്കി വച്ചിരുന്ന ഷർട്ട് മൊത്തം വെള്ളം തെറിച്ചു വൃത്തികേടായിരിക്കുന്നു.
അതിനിടയ്ക്കാണു അമ്മ കയറി വന്നതു.
“എന്താടാ ഇത്? കുഞ്ഞിക്കൂനൻ സിനിമേലെപ്പോലെ നീ തുടങ്ങീട്ടു കുറെ നേരമായല്ലോ”
“ഒരു വഴിക്കു പോകുമ്പോൾ വൃത്തീം മെനേം ആയിട്ടു പൊണം.ഈ കാട്ടിൽ കിടക്കുന്ന നിങ്ങൾക്കുണ്ടൊ വല്ലോം അറിയുന്നു.“
“അതെയതെ.ശ്രീക്കുട്ടനും അമ്മാവനും ഇപ്പോൾ വരും.നീയിവിടെ ചമഞ്ഞു നിന്നോ.പെണ്ണു വീട്ടിൽ ഇന്നു ചെല്ലാനാ പറഞ്ഞതു.നാളെയല്ല. ഇപ്പോ കണ്ടാലും കൊള്ളാം .ആകെക്കൂടെ ഓച്ഛൻ കൊഴിക്കാഷ്ടം ചവിട്ടിയപോലെയായി.”
ഇത്ര കൂടി കേട്ടപ്പോഴേക്കും പരിഭ്രമം ഇരട്ടിച്ചു.അമ്മ പറഞ്ഞതു ശരിയാണ്.കുങ്കുമം ശരീരമാസകലം പറ്റിച്ചിട്ടുണ്ട്. ഷർട്ട് നനഞ്ഞു ആകെ വൃത്തികേടും ആയി.ഇനി മാറ്റുക തന്നെ.
അലമാരി മൊത്തം പരതിയിട്ടാണു മനസ്സിനു പിടിച്ചതൊരെണ്ണം കിട്ടിയത്. ഇനി അതു തേക്കണം.തേച്ചു മിനുക്കി എടുത്തണിഞ്ഞപ്പോഴേക്കും ഷർട്ട് പാന്റ്സിനു ചേരുന്നില്ല. പാന്റ്സ് മാറ്റാതെന്തു ചെയ്യാൻ. വീണ്ടും പരതൽ.ചേരുന്ന നിറം നോക്കി ഒന്നു തപ്പിയെടുത്തു. അതു ആകെ ചുരുണ്ട് നാശമായിരിക്കുന്നു.
പാന്റ്സ് നിവർത്തിട്ടു ,സ്വിച്ച് ഇട്ടപ്പോൾ കറന്റ് ഇല്ല. ശരിക്ക് ഷോക്ക് അടിച്ചപോലെയായി
നിന്ന നിൽപ്പിൽ അലറി, “അമ്മേ...”
“എന്താടാ കിടന്ന് അമറുന്നത്? “ .
“കറന്റില്ല“
“ഓ , അത്രേയുള്ളോ.അതു പുതിയ കാര്യമല്ലെ? ചെറുക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ.”
“അതല്ല, ഈ പാന്റ്സ് തേക്കണം”
“ കറന്റില്ലാതെ തേക്കുന്നതിനുള്ള മാജിക്കൊന്നും എനിക്കറിയില്ല.നീയതിട്ടു പോയാൽ മതി.”
ദുഷ്ട , തള്ളയാണു പോലും. എന്തു പറഞ്ഞാലും തലേൽക്കേറില്ല. മോനൊരു പെണ്ണുകെട്ടിക്കാണണമെന്നു തരിമ്പും ആഗ്രഹമില്ല.
“പറ്റില്ല, വേഗം ചിരട്ട കരിച്ചു പെട്ടിയിലാക്കി താ”
“ശ്ശൊ! ഈ ചെറുക്കനെക്കൊണ്ടു തോറ്റല്ലോ. ഇനി കാമദേവനു അതിന്റെ കുറവു വേണ്ട”
ചിരട്ടക്കരി നിറച്ചു പെട്ടിയുമായി അമ്മയെത്തിയപ്പോഴാണു രഘുവിനു സമാധാനമായതു.
തേച്ചു മിനുക്കിയ പാന്റ്സും ഷർട്ടും, കൊള്ളാം.നന്നായി ആദ്യത്തെ ഷർട്ട് മുഷിഞ്ഞത്. ഇതു തന്നെ ഭംഗി.കണ്ണാടിയിലേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.മുഖം തുടച്ച് വീണ്ടും പൌഡറിട്ടു. മുടിചീകുന്നതൊന്നും ശരിയാകുന്നില്ല.
“ കല്യാണിയേ, അവൻ ഒരുങ്ങീല്ലേടീ” ഒരു വിളി. അമ്മാവനാണു. ഇനി താമസിച്ചാൽ അങ്ങേരുടെ വായിലിരിക്കുന്നതു കേൾക്കണം.
“ രഘുവേ, റെഡിയായില്ലേടാ. സമയം വൈകുന്നു.ഇറങ്ങ്” ശ്രീക്കുട്ടൻ അകത്തെത്തി.ശ്രീക്കുട്ടൻ രഘുവിന്റെ ഒരേയൊരു സുഹൃത്താണു.
“ഇതെന്താടാ, ഷർട്ടൊക്കെ ഇപ്പോഴേ വിയർത്തു നനഞ്ഞല്ലോ,നീയിവിടെന്താ ,കിളയ്ക്കുകയായിരുന്നോ?”
ചോദ്യത്തിന്റെ കൂടെ ശ്രീക്കുട്ടനെ കാണുക കൂടിആയപ്പോൾ രഘുവിന്റെ മുഖം കടന്നൽ കുത്തിയതുപോലെയായി. പെണ്ണു കാണാൻ പോകുന്നതു അവനാണെന്നു തോന്നും കണ്ടാൽ.
“ദാ, വന്നു. മുടിചീകി പൌഡർ ഇട്ടാൽ മതി. ഒരുക്കമൊന്നും ഇല്ലെന്നേ”
ഇത്ര പറഞ്ഞു നാവ് വായിലിട്ടതും അമ്മ വിളിക്കുന്നു,.
“ മതിയെടാ, കല്യാണമൊന്നും അല്ല, പെണ്ണുകാണൽ മാത്രമാ. മൂന്നു മണിക്കൂർ ഒരുക്കമൊക്കെ ധാരാളമാ”
ശ്രീക്കുട്ടൻ അമർത്തി ചിരിച്ചു.ഒരു കല്യാണത്തിനുള്ള മഞ്ഞൾ കാണും രഘുവിന്റെ മുഖത്ത് ഇപ്പോൾ.
“ ഇതെന്തായേട്ടാ ഇവനു മാത്രം പെണ്ണു കിട്ടാത്തേ.ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു.അവനെന്താ ഒരു കുറവു.ജോലിക്കു ജോലി, നല്ല സാമ്പത്തികം. അവനെ കണ്ടാലും ആരും തെറ്റു പറയില്ല.അല്ലേ” അമ്മ അമ്മാവനോട് സങ്കടം ഉണർത്തിക്കുന്നതു കേട്ടിട്ടു രഘുവിനു കലി വന്നു.
“എടീ, മനുഷ്യന്റെ രൂപം മാത്രം പോര, സ്വഭാവം കൂടി വേണം.ഇടപെടാൻ പഠിക്കണം.നിനക്കറിയാമല്ലോ.ഓരോ സ്ഥലത്തും നിന്റെ മോൻ കാട്ടിക്കൂട്ടിയതു.അവന്റെ വെപ്രാളം കണ്ടാൽ ആരായാലും ഇവനു വല്ല കുഴപ്പൊമുണ്ടോന്നുസംശയിക്കും.അഥവാ പെണ്ണിനു അവനെ ഇഷ്ടമായാൽ അവനു പിടിക്കില്ല.അവന്റെ നോട്ടോം കുറവൊന്നും അല്ലല്ലോ”
‘പരട്ട് കിളവൻ ! അങ്ങേരുടെ മോളെ കെട്ടാത്തതിലുള്ള ദേഷ്യം .പറയുന്നതു കേട്ടില്ലേ. ഇയാളെ ഒരു വഴിക്കു കൊണ്ടുപോയാലെ ശരിയാകില്ല. അതല്ലേ നാക്കു’.
പാവപോലെ രഘു താഴേക്കു ഇറങ്ങി , സൂക്ഷിച്ച്, ഡ്രസ്സ് ചുളിവുകൾ വീഴാതെ
“എന്താടാ, നിന്റെ കക്ഷത്തിൽ ഇഷ്ടിക വച്ചിട്ടുണ്ടോ?” അമ്മയുടെ ഒറ്റ ചോദ്യത്തിൽ മൊത്തം കൈവിട്ടു പോയി. കൂടെ ബ്രോക്കറുടെ ചിരി രഘുവിനു പിടിച്ചില്ല.
കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറാൻ ഒരുങ്ങിയ രഘുവിനെ ശ്രീക്കുട്ടൻ വിലക്കി.
“വേണ്ട, ഇന്നു ഞാൻ ഡ്രൈവു ചെയ്യാം”
ശരിയാണു, അവൻ തന്നെ വളയം പിടിക്കട്ടെ, തനിക്കിവിടെ സ്വസ്ഥമായി ഇരിക്കാം.
“ നല്ല പെൺകുട്ടിയാണു, സുന്ദരി. ഇതൊന്നും മാത്രം കൊണ്ടു കുളമാക്കല്ലേ കുഞ്ഞേ.” ബ്രോക്കറാണ്. താനെന്തോ മനഃപൂർവ്വം ചെയ്യുന്നതാണെന്നു തോന്നും. കഴിഞ്ഞതവണ തന്നെ ഇരിക്കാൻ തുടങ്ങിയപ്പോൾ കസേര മറിഞ്ഞ്പോയത് ആരുടെ കുറ്റം. പ്ലാസ്റ്റിക് കസേരയൊന്നും കൊള്ളില്ലായെന്ന് ആർക്കാണറിയാത്തത്. ആ ടെൻഷനിൽ ചായ കയ്യിൽ നിന്നില്ല. പിന്നെ അമ്മയോട് കുട്ടിയെവിടെയാ പഠിച്ചത് എന്നും ആ വെപ്രാളത്തിൽ ചോദിച്ചു പോയി.ഇതിപ്പോൾ ഒൻപതാമത്തെ പെണ്ണുകാണലാണു. താനീകാട്ടിക്കൂട്ടുന്നതൊന്നും സ്വയം സൃഷ്ടിക്കുന്നതല്ലല്ലോ.അങ്ങനെ വന്നു പോകുന്നതാണ്.
“രഘൂ, ഇറങ്ങുന്നില്ലേ. ഇരുന്നു സ്വപ്നം കാണുകയാ?” ശ്രീക്കുട്ടന്റെ ചോദ്യം കേട്ടു ഞെട്ടിയുണർന്നു.
വീടെത്തി.രഘുവിനു കാലിൽ ഒരു തരിപ്പു കയറുന്നപോലെ തോന്നി.‘ഈശ്വരന്മാരെ, മാനം കെടുത്തല്ലേ.‘
പെൺകുട്ടിയുടെ അച്ഛനാകും ഇറങ്ങി വന്നു.
“ഇതാണു പയ്യൻ” ബ്രോക്കെർ കാര്യം അവതരിപ്പിച്ചു.രഘു ചിരിക്കാൻ ശ്രമിച്ചു.
അകത്തുകയറി , ചൂണ്ടിക്കാട്ടിയ കസേരയിൽ ഇരുന്നു.ശ്വാസം ആഞ്ഞു വലിച്ചു സ്വസ്ഥമാകാൻ ശ്രമിച്ചു കൊണ്ട് ചുറ്റും നോക്കി.നല്ല വീട്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ബ്രോക്കെറും അമ്മാവനും അച്ഛനുമായി സംസാരിക്കുന്നു.ഇടയ്ക്ക് ശ്രീക്കുട്ടനും അഭിപ്രായങ്ങൾ പറയുന്നുണ്ട്. ചായയും പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്നു.
“കുട്ടിയെ വിളിക്കൂ” അമ്മാവൻ.
രഘുവിനു പരിഭ്രമം ആയി.വിറയ്ക്കാനും വിയർക്കാനും തുടങ്ങി. നാവ് കുഴയുന്നപോലെ.ഒന്നും സംസാരിക്കാൻ പറ്റില്ലേന്നൊരു തോന്നൽ.
നന്നായി ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു.വീട്ടിലൂടെ ധരിക്കുന്ന ഡ്രസ്സ് തന്നെ. ആകെ നെറ്റിയിൽ ഒരു പൊട്ടാണു ഒരുക്കം.രഘുവിനു ശ്വാസം മുട്ടി തുടങ്ങി. ‘അഹങ്കാരി., ഒരു കൂസലുണ്ടോന്നു നോക്കിയേ’.
അവൾ രഘുവിന്റെ മുഖത്ത് നോക്കി ചിരിച്ചു. രഘുവിന്റെ ചിരി ചുണ്ടിലെവിടെയോ വന്നു രൂപമാറ്റം സംഭവിച്ച് വികൃതമായി.
“രഘൂ, എന്നെ ഓർക്കുന്നില്ലേ?” രഘു ഞെട്ടി. പേരു വിളിക്കുന്നു അവൾ, പോരാത്തതിനു ഓർക്കുന്നുണ്ടോന്ന്.
ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ, ഒരു പരിചയം.എവിടെയോ കണ്ട പരിചയം. ഒന്നും ഓർമ വരുന്നില്ല.
“രഘൂ, ഞാൻ ലേഖയാണ്, ഡിഗ്രി ക്ലാസ്സിൽ നമ്മൾ ഒന്നിച്ച് പഠിച്ചിരുന്നു. മറന്നോ?”
‘ലേഖ ! ഈശ്വരാ, ഇവളുടെ വിവാഹം കഴിഞ്ഞില്ലേ‘.സംസാരിച്ചിട്ടില്ലെങ്കിലും അന്ന് ലേഖയോട് ആരാധനയായിരുന്നു.ഒരു സെമിനാർ ആണു അതു മാറ്റിമറിച്ചതു. പിന്നെ അവളോട് വെറുപ്പാണോ അതോ ഭയമാണോയെന്നറിയില്ല . അന്നു രഘുവിന്റെ ക്ലാസ്സായിരുന്നു.’വിറതാങ്ങി’യിൽ പിടിച്ചു നിന്നു, respected teachers and my dear friends..എന്നു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. Today I..I..I..എത്ര തവണ അതു പറഞ്ഞെന്ന് ഓർക്കുന്നില്ല. ലേഖയുടെ പൊട്ടിച്ചിരിയാണു പിന്നെ കേട്ടതു. പിറകെ ക്ലാസ് മൊത്തം ചിരിച്ചു.തൊണ്ടവരണ്ടതും പിന്നെ തലചുറ്റിയതും മാത്രമേ ഓർമയുള്ളു. ആ ഭയങ്കരി ഇത മുൻപിൽ വീണ്ടും.ഇവൾ ആണെന്നു അറിഞ്ഞെങ്കിൽ വരില്ലായിരുന്നു.ഇതും മുടങ്ങിയതു തന്നെ. രഘു ദയനീയമായി അമ്മാവനെ നോക്കി.
“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കെടാ”
“ഇല്ല, ഒന്നുമില്ല”
“അല്ല, എനിക്കു സംസാരിക്കണം” അതവളുടെ ശബ്ദമാണ്. ഇനി എഴുന്നേറ്റ് അവൾക്കൊപ്പം പോയേ പറ്റൂ. ഇന്നിനി എന്തിനുള്ള പുറപ്പാടാണോ.
“ ഇരിക്കു രഘൂ” കസേര കാട്ടി ലേഖ ക്ഷണിച്ചു.
ഇരുന്നിട്ട് ദയനീയ ഭവത്തിൽ ലേഖയെ നോക്കി. അവൾ , യക്ഷി നിന്നു ചിരിക്കുന്നു.
“എന്താ സംസാരിക്കാനുള്ളതു? എനിക്കു വേഗം പോണം.” അത്ര പറഞ്ഞൊപ്പിച്ചു.
“കൂടുതലൊന്നും പറയാനല്ല, രഘുവിനു അറിയുമോ,എനിക്കു തന്നെ പണ്ടേയിഷ്ടമായിരുന്നു. ഇപ്പോഴും അതേ.ഇത്രെം പറയാനാ. ഇനി പോണമെങ്കിൽ പോയ്ക്കോള്ളൂ.”
അവിശ്വസനീയതയോടെ രഘു മുഖമുയർത്തി ലേഖയെ നോക്കി.അതെ, അവൾ കാര്യമായി തന്നെ പറയുകയാണു.
എവിടെ നിന്നാണെന്നറിയില്ല ഒരു ഉണർവ്. അവളുടെ മുഖത്തു നേരെ നോക്കാൻ കഴിയുന്നു. ചിരിച്ചു, സുന്ദരമായി തന്നെ.“ലേഖേ”. വിളിച്ചു നോക്കി. സത്യം തന്നെ. അവളും ചിരിക്കുന്നു.സന്തോഷത്തിൽ.
“എനിക്കും....” എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു എഴുന്നേറ്റു നടന്നു. വിറയ്ക്കാതെ.മനസ്സിൽ മയിലുകൾ പീലി വിടർത്തിയാടുന്നത് ആരും അറിയാതിരിക്കാനോരു വിഫല ശ്രമം നടത്തിക്കൊണ്ട്.... തന്റെ ചിരി നന്നായിരുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞ്.....

Wednesday, February 23, 2011

പുഴ....ഒഴുകാൻ മറന്ന്പിഞ്ഞിത്തുടങ്ങിയ പുതപ്പിനടിയിൽ നിന്ന് അയാൾ തല വെളിയിലേക്കെടുത്തു.കുറച്ചുകൂടി ഉറങ്ങണമെന്നുണ്ട്.  പറ്റില്ല, അയാൾക്ക്  മനുഷ്യരെ മാത്രം  പ്രീതിപ്പെടുത്തിയാൽ ജീവിക്കാൻ കഴിയില്ല.മെല്ലെ എഴുന്നേറ്റു.ജലദോഷം പൂർണ്ണമായി മാറിയിട്ടില്ല.പക്ഷെ, ആരോടു പറയാൻ.
                           തണൂത്തിട്ടു പല്ലു കൂട്ടിയടിക്കുന്നു.നേരെ പുഴയിലേക്കു നടന്നു.കരിയിലകൾക്കിടയിലൂടെ, കൽ‌പ്പടവുകൾ താണ്ടി മുളങ്കൂട്ടങ്ങൾക്കിടയിലൂടെ കടവിലേക്ക്. അവിടെ പാമ്പുകൾ കാണുമെന്നു പറയാറുണ്ട്.  അയാൾക്കു ഭയമില്ല.മിന്നാമിനുങ്ങിന്റെ  വെട്ടമുള്ള ടോർച്ചും തെളിച്ചു പതിയെ പടവുകൾ ഇറങ്ങി.വെള്ളത്തിൽ കാലു വച്ചപ്പോൾ ശരീരം മൊത്തം പെരുത്തു പോയി.വെറുതെയല്ല ഈ ചുമ ഒരിക്കലും മാറാത്തതു തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിക്കയറി.വിറച്ചു പോയി.
     തിടുക്കപ്പെട്ട് കരകയറി.തലേന്നു തിളപ്പിച്ചു വച്ച കട്ടൻ കാപ്പി ഫ്ലാസ്കി ലിരിപ്പുണ്ട് . ഒരു കട്ടൻ കാപ്പി കുടിക്കാതെ  പറ്റില്ല.
    വെളിച്ചമാകുന്നതിനു മുൻപു ക്ഷേത്രം തുറക്കണം.ഈശ്വരപ്രീതി  വലിയവിഷയമല്ല.പക്ഷെ, നാട്ടുപ്രമാണിമാരെ തൃപ്തിപ്പെടുത്തിയേ പറ്റൂ.നിർമാല്യദർശനത്തിനായി കാത്തു നിൽ‌പ്പുണ്ടാകും ഭക്ത ശിരോമണികൾ.അഞ്ചു മണി കഴിഞ്ഞു മിനിട്ടുകൾ മാറുമ്പോഴേക്കും മുഖം കറുക്കും.കഴകക്കാരൻ വന്നിട്ടുണ്ടാവില്ല.ശാന്തിക്കാരൻ മനുഷ്യനല്ല.അയാളുടെ സമയം മാറാൻ പാടില്ല.
    ശ്രീകോവിൽ തുറന്നു.അകത്തും പുറത്തുമുള്ള   ദീപങ്ങൾ തെളിച്ചു.പ്രധാന ദേവനെക്കൂടതെ ഉപദേവന്മാർ ധാരാളം. എല്ലാവരെയും ഇരുട്ടിൽ നിന്നും മോചിപ്പിക്കേണ്ടതു താൻ തന്നെയാണ്. അതിനിടയിൽ നിർമ്മാല്യ ദർശനത്തിനു വന്നവരെ പരിഗണിച്ചില്ലെങ്കിൽ പരാതിയാണ്. എല്ലാ ദിവസവും നിർമാല്യം തൊഴുന്ന തനിക്കു ലഭിക്കാത്ത പുണ്യം അവർക്കു ലഭിക്കുന്നെങ്കിൽ നല്ലതു.
   ഓടി നടന്നു ദീപങ്ങളെല്ലം തെളിച്ചു.നിർമാല്യം വാരി ഒരു മൂലയ്ക്കിട്ടു അഭിഷെകം കഴിച്ചു വരുമ്പോൾ ഒരു സമയമാകും. തലേന്നു ചാർത്തുണ്ടെങ്കിൽ പണി കൂടും.ചന്ദനം ചാർത്തി ചിരിച്ചു നിൽക്കുന്ന ദേവൻ തന്നെ  പരിഹസിക്കുന്നതായാണു  തോന്നുക.
തിടപ്പള്ളി തുറന്നു നേദ്യം വയ്ക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങി.എത്ര വീശിയാലും കത്താത്ത വിറകു  ചുമയുടെ ശക്തി കൂട്ടി.വഴിപാടു സാമഗ്രികളുമായി ആളുകളെത്തുമ്പോഴേക്കും ഒരു നേരമാകും. ഇതൊക്കെ നേരത്തെ  കൊണ്ടുവന്നുകൂടേയെന്നു ചോദിക്കാൻ  തോന്നാറില്ല.അതിനിടയിൽ പ്രമാണീമാർ ആരെങ്കിലും വന്നാൽ പ്രസാദത്തിനു കാത്തു നിർത്താ‍നും പറ്റില്ല.ഇലക്കീറിൽ തന്നെ പ്രസാദം കൊടുക്കണം. അഞ്ചു രൂപാനോട്ട് എടുത്തു കാട്ടി പ്രലോഭിപ്പിച്ചാണു തങ്ങൾ പ്രസാദം വാങ്ങുന്നതെന്നാണു പലരുടെയും ധാരണ.അയാൾക്ക് ആരേയും പിണക്കണമെന്നില്ല.പ്രതികരണശേഷി നഷ്ടപ്പെട്ടു പോയവർക്കെന്തു അഞ്ചു രൂപയും പത്ത് രൂപയും.
ഒരു ദിവസം ഇരുപത്തഞ്ചു തവണയിലേറെ ശ്രീകോവിൽ കയറിയിറങ്ങും.കഴകക്കാരൻ വന്നാൽ തിടപ്പള്ളിയിലെ കാര്യം കുറെ അയാൾ നോക്കിക്കൊള്ളും. മാലകെട്ടാനും പൂവ് ഒരുക്കാനും പോയാൽ പിന്നെ കഴകത്തെ കണ്ടുകിട്ടാൻ പ്രയാസമാണു. ദേവനു നിറയെ മാല ചാർത്തിക്കാണുന്നതു അയാൾക്കും സന്തോഷമാണ്. എങ്ങനെയെങ്കിലുമൊക്കെ മണി പതിനൊന്നു കഴിയും.
  തിരികെ ഇല്ലത്തെത്തി ഒരു കാപ്പി ഇട്ടു കുടിച്ച് തളത്തിൽ ചാരുകസാരമേൽ നീണ്ടു കിടന്നു.
“ഉണ്ണീ, ഇതെന്തു കിടപ്പാണു? ഒന്നും കഴിച്ചില്ലല്ലൊ”  അമ്മയാണ്.
“താൻ ഇങ്ങനെ കിടന്നാലെങ്ങനെയാ, തേവാരങ്ങളെ പട്ടിണിക്കിടുകയോ ? മഹാപാപമാണു !“ അച്ഛൻ.
“ ഇതെന്താ കുട്ടാ അസമയത്തു ഉറങ്ങുന്നതു?”   ഓപ്പോൾ കുളി കഴിഞ്ഞ് വരുന്നതേയുള്ളു.
എല്ലാവരും തന്റെ ചുറ്റും കൂടിനിന്നു വിളിക്കുന്ന പോലെ .അയാൾ കണ്ണു തുറന്നു.മയങ്ങിപ്പോയിരിക്കുന്നു.
 ഇനി ആഹാരം കഴിക്കണമെങ്കിൽ സ്വയം വച്ചു തന്നെ കഴിക്കണം.കലത്തിൽ കുറച്ച് വെള്ളം വച്ചു അരി കഴുകിയിട്ടു. തേവാരങ്ങളെ തൃപ്തിപ്പെടുത്താതെ അയാൾക്കു ഭക്ഷണം കഴിയില്ല. തീർഥം കുടഞ്ഞു സ്വയം ശുദ്ധമായി എന്നു വിശ്ശ്വസിച്ചു തേവാരങ്ങൾക്കു പൂജ ചെയ്തു നേദ്യവും കഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത തളർച്ച തോന്നിച്ചു.

 ഒരു വല്യമ്മ വന്നു പാത്രം കഴുകി മുറ്റമടിച്ചിടും.പച്ചക്കറി വല്ലതും അരിഞ്ഞു വച്ചിട്ടുണ്ടെങ്കിൽ അതും അടുപ്പിൽ വച്ചു രസവും വച്ചാൽ കഴിഞ്ഞു അയാളുടെ പാചകം.ചിലപ്പോൾ അതും കാണില്ല.തൈരും കടുമാങ്ങയും കൂട്ടി കഴിക്കും.അപ്പോഴെക്കുംവിശപ്പെല്ലാം കെട്ടിട്ടുണ്ടാകും. ജീവൻ കിടക്കാൻ വേണ്ടി എന്തെങ്കിലും  കഴിക്കുന്നു.
  അമ്മയുണ്ടായിരുന്നപ്പോൾ ഇത്ര  ക്ഷീണം അറിഞ്ഞിട്ടില്ല.അച്ഛന്റെ കാലശേഷം തുടങ്ങിയതാണു ക്ഷേത്രത്തിലെ ശാന്തി.. കാരാഴ്മയാണു , കളയാൻ പറ്റില്ല. ഉപനയനം കഴിഞ്ഞ  നാൾ മുതൽ തേവാരം കഴിക്കാൻ അയാൾ ശീലിച്ചിരുന്നു.
ഓപ്പോളുടെ വേളി കഴിഞ്ഞശേഷം രണ്ടോ മൂന്നോ തവണയാണു അവരെ കണ്ടതു.അന്യനാട്ടിലാണെങ്കിലും സുഖമായി ജീവിക്കുന്നു എന്ന് ആശ്വാസം.ഈ അനിയനെ ഓപ്പോളും മറന്നു തുടങ്ങിയെന്നു തോന്നുന്നു. വേളീകഴിക്കാൻ തനിക്കു കഴിഞ്ഞതുമില്ല. അല്ല, മറന്നുപോയിരുന്നു. അല്ലെങ്കിൽതന്നെ,ഒരു പെൺകുട്ടിയെ ഭ്രമിപ്പിക്കുന്ന എന്തു മേന്മയാണു ഇവിടെ. ശാന്തിക്കാരുടെ കൂടെ ജീവിക്കാൻ താല്പ്യര്യപ്പെടുന്നവർ കുറവാണ് എന്ന അറിവു അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. അതിന്റെ ശാപം കൂടി വലിച്ചു വയ്ക്കുന്നതെന്തിനു?   
'എത്ര നാളായി ഈ ഒറ്റപ്പെടൽ? മടുത്തു തുടങ്ങിയിരിക്കുന്നു.ആർക്കുവേണ്ടിയാണു ജീവിക്കുന്നതു? ദൈവങ്ങൾക്കൊ? അപ്പോൾ അവർക്കെന്താ തന്റെ ജീവിതത്തിൽ വേഷം. തന്നെ കാണാൻ മാത്രം അവരുടെ കണ്ണുകൾ എവിടെയാണോ?' ഓരോന്നു ചിന്തിച്ച് ,ഊണു കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നതേയുള്ളു,നേരം നാലു മണിയായി. അഞ്ചരയ്ക്കെങ്കിലും ക്ഷേത്രം തുറക്കണം.ഒരു കാപ്പി കൂടി ഇട്ട് ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ട്  വീണ്ടും പുഴയിലേക്ക് നടന്നു.നടക്കാൻ ശ്രമിച്ചിട്ട് കാലുകൾ പിറകോട്ട് വലിയുന്നു.പനിക്കുന്നുണ്ട്. വല്ലാത്ത കുളിര്.തലവേദനയും തുടങ്ങിയിരിക്കുന്നു.ഇന്നു അവധി വേണമെന്നു പറയാൻ കഴിയുന്ന ജോലി അല്ലല്ലൊ അയാളുടേത്.എങ്ങ്നെയായാലും ദേവനെ പട്ടിണിക്കിടരുത് !
വളരെ പ്രയാസപ്പെട്ടാണു അയാൾ ക്ഷേത്രത്തിലെത്തിയത്.ചുറ്റും നടക്കുന്നതൊക്കെ ഒരു സ്വപ്നത്തിൽ കാണുന്നപോലെ.ഒന്നും ഓർമനിൽക്കുന്നില്ല. കഴകമാണെന്നു തോന്നുന്നു, നോക്കി ചിരിച്ച് കാണിച്ചുവോ.എന്തോ ചോദിച്ചൂന്നും തോന്നി.ഒരു ചലിക്കുന്ന പ്രതിമയെപ്പോലെ തന്റെ ജോലികൾ തീർത്തു. ശ്രീകോവിൽ പൂട്ടി താക്കോൽ കഴകക്കാരനെ ഏൽ‌പ്പിച്ച്  തിരിഞ്ഞു നടന്നു.
നേരെ കട്ടിലിലേക്കു വന്നു വീണു. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും മറന്നിരുന്നു.പെട്ടെന്നു തന്നെ മയങ്ങിപ്പൊയി. അവ്യക്തമായ സ്വപ്നങ്ങളിൽ അച്ഛനെയും അമ്മയെയും കണ്ടു.
അടുത്ത പ്രഭാതത്തിൽ ഭാരം തൂങ്ങുന്ന കണ്ണുകളും അതിലേറെ ഭാരം നിറഞ്ഞ  മനസ്സുമായാണു  എഴുന്നേറ്റതു.പക്ഷെ,ശരീരം ഒരു തൂവലുപോലെ തോന്നി.പതറിയ ചുവടുകളുമായി  പുഴയിലേക്കു നടന്നു.അന്നാദ്യമായി തന്നെ കാണാത്ത പാമ്പുകളെ അയാൾ ശപിച്ചു.ഒതുക്കു കല്ലിറങ്ങി പിടിച്ചു പിടിച്ചു പുഴയിലേക്ക്.
വെള്ളത്തിലേക്കു കാലെടുത്തു വച്ചപ്പോൾ അയാൾക്കു ശരീരം മരവിച്ചില്ല, മനസ്സിൽ തണുപ്പു വീണപോലെ തോന്നി.പാറക്കെട്ടുകളീൽ പിടിച്ചു കുറച്ചുകൂടി ഇറങ്ങി നിന്നു.അരയൊപ്പം വെള്ളമായാൽ സാധാരണ മുങ്ങിക്കയറും.മണലുവാരിയ കുഴികളാണു നിറയെ. കാലിടറിയാൽ ജീവൻ പോയതുതന്നെ. പക്ഷെ, കുറച്ചു കൂടി തണുപ്പു അയാൾ ആഗ്രഹിച്ചു.മുൻപോട്ടു ചുവട് വച്ചു.വീണ്ടും വീണ്ടും.... 
എല്ലാവരുടെയും സ്നേഹം അയാളെ വന്നു മൂടുന്നതുപോലെ.ശരീരവും മനസ്സും നിറഞ്ഞു കവിഞ്ഞു സ്നേഹത്തിന്റെ തണുപ്പ്.അയാൾക്കു ചിരി വന്നു.ഇത്ര സ്നേഹം വച്ചുനീട്ടിയ പുഴ ഉള്ളപ്പോൾ താൻ അനാഥനെപ്പോലെ , തിരിച്ചറിഞ്ഞില്ലല്ലൊ. കിട്ടാതിരുന്ന സ്നേഹം മുഴുവൻ ഒന്നിച്ചു നീട്ടിക്കൊണ്ട് പുഴ തന്നെ മടിത്തട്ടിലേക്കു ക്ഷണിക്കുന്നു.. ആ ഒഴുക്കിൽ‌പ്പെട്ടു തന്റെ ജീവിതവും ഒഴുകട്ടെ.  അമ്മയുടെ മുൻപിലേക്കു ഓടിയണയുന്ന കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി അയാൾ ആ സ്നേഹത്തിലേക്കു സ്വയം മറന്നു നീങ്ങി.

Saturday, February 5, 2011

ടീച്ചർമാരും ഈ കൂട്ടിൽ....ഫസ്റ്റ്ബെൽ അടിച്ചു കാണുമെന്നു വെപ്രാളപ്പെട്ടാണു സ്കൂളിന്റെ പടി കടന്നതു. ഭാഗ്യം! മക്കൾ എല്ലാം അനുസരണയോടെ പുറത്തു തന്നെ നിൽ‌പ്പുണ്ട്. ഒരെണ്ണം ക്ലാസ്സിൽ കാണില്ല.ടൈറ്റാനിക്കിൽനായികാനായകന്മാർ നിൽക്കുന്നതു പോലെ മൂന്നാം നിലയിൽ നിന്നു താഴെക്കു നോക്കി നിൽക്കുന്നുണ്ട് ആൺപട. തേഡ് ബെല്ലോടെ ക്ലാസ്സ്ടീച്ചർ സ്വീകരിച്ചു ക്ലാസ്സിലേക്കു ആനയിക്കുന്നതു കാത്തു നിൽ‌പ്പാണ്.

      സ്റ്റാഫ് റൂമിലേക്കു ചെന്നപ്പോൾ എന്തോ ഒരു അപാകത. പതിവിനു വിപരീതമായി രാവിലെ തന്നെ തുടങ്ങിയൊ ചർച്ച.പക്ഷെ, ഉച്ചത്തിലുള്ള അഭിപ്രായങ്ങൾ ഒന്നും കേൾക്കാനുമില്ല.

  ഇതെന്തുപറ്റിന്നു അന്തംവിട്ട് എല്ലാവരെയും നോക്കി നിന്നു കുറച്ചു നേരം.

ന്താ ടീച്ചറെ രാവിലെ ഗൌരവമായി ചർച്ച?

അപ്പോൾ ടീച്ചർ ഒന്നും അറിഞ്ഞില്ലേ?നമ്മുടെ ലീനടീച്ചറിന്റെ ക്ലാസ്സ് ഓർക്കൂട്ടിൽളരെ  ഗൌരവമായിതന്നെ അജ്മി ടീച്ചർ പറഞ്ഞു.

ന്നലെ കുട്ടികളാരോ പറഞ്ഞതു കേട്ടു വിഷ്ണു സാർ രാവിലെ നോക്കിയപ്പോൾ ലീനടീച്ചർ ലൈവായി ഓർക്കൂട്ടിൽ

ർക്കൂട്ടിലല്ല ടീച്ചറേ, യു ട്യൂബിൽ!“  ലേഖ ടീച്ചർ ചാടി വീണു പറഞ്ഞു.

ആ.. ടീച്ചറിന്റെ  ക്ലാസ്സ് നാലുപേർക്കു ഉപകാരമാകട്ടെയെന്നു കരുതി ഏതോ വിരുതൻ ചെയ്ത പണിയാകും

അതെയതെ,ടീച്ചർ നിർമ്മലിനെ എഴുന്നേൽ‌പ്പിച്ചു നിർത്തി നിറയെ വഴക്കു പറയുന്നതും പിന്നെ സാരി കൊണ്ടൊരു ഫാഷൻ ഷോയും ..നാലു പേർക്കല്ല നാട്ടുകാർക്കു മൊത്തം ഉപകാരപ്പെടും” 
ലേഖ ടീച്ചർക്കു കലി തീരുന്നേയില്ല.

ന്നിട്ടു ലീന ടീച്ചറെവിടെ?

ഓഫീസ് റൂമിൽ ആകെ വിഷമിച്ചു ഇരിപ്പുണ്ട്

   അപ്പോഴേക്കും സെക്കൻഡ് ബെൽ കിടുങ്ങി.പ്രാർഥന ചൊല്ലുന്നതിനു മുൻപു ക്ലാസ്സിലെത്തിയില്ലെങ്കിൽ അതു നാട്ടുകാരറിയും. .അത്ര അനുസരണയുള്ള കുഞ്ഞുങ്ങൾ ആണു.ഒന്നാം പീരിയഡ് അവിടെ തന്നെ .

ആദ്യത്തെ പീരിയഡ് കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോഴേക്കും രംഗം  ആകെ മാറിയിരുന്നു.അധ്യാപകരുടെ മുൻപിൽ കുറ്റവാളിയെപ്പോലെ നിൽക്കുന്നു  പ്ലസ്ടുവിലെ അമൽ.

ക്രോസ്സ് വിസ്താരം നടക്കുകയാണു.

നീയാണു ക്ലാസ്സിൽ ക്യാമറയുമായി വരുന്നതെന്നാണല്ലോടാ നിന്റെ ക്ലാസ്സിൽ നിന്നും അറിഞ്ഞതു.നീ തന്നെയല്ലെ ലീന ടീച്ച്രിന്റെ ക്ലാസ് യു ടൂബിൽ ഇട്ടതു. സത്യം പറഞ്ഞൊ. ഇല്ലെങ്കിൽ നീ ഇനി ഇവിടെ പഠിക്കില്ല

“അല്ല സാർ, ഞാനല്ല. സത്യമായും എനിക്കൊന്നും അറിയില്ല

ഇവനിതെത്രാമത്തെ തവണയാണു ഞാനല്ലയെന്നു പറയുന്നതു. കള്ളം പറയുന്നോടാരത് സാർ ചാടിയെണീറ്റു. അദ്ദേഹം ഇതു വരെ രംഗം വീക്ഷിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു   .ഇനി രക്ഷയില്ല. ഒന്നുകിൽ അവന്റെ പണി തീരും അല്ലെങ്കിൽ അവൻ സത്യം സമ്മതിക്കും.ദേഷ്യം വന്നാൽ അസ്സൽ കംസൻ തന്നെ.

അമലിന്റെ കണ്ണുകൾ നിറഞ്ഞു.പേടിച്ചു വിറയ്ക്കാൻ തുടങ്ങി.മെല്ലെ തല താഴ്ത്തി അവൻ ആസത്യം’ പറഞ്ഞു.

അതു ഞാനാണു ചെയ്തതു. അബദ്ധം പറ്റിപ്പോയി. നി ചെയ്യൂല്ല

“പിന്നെന്താടാ സമ്മതിക്കാൻ ഇത്ര ബുദ്ധിമുട്ടു? നീ ക്യാമറ സ്കൂളിൽ കൊണ്ടുവന്നതെന്തിനാ? മൊബൈൽ ആണൊ? എടുക്ക്, ഇന്നു നിർത്തും നിന്റെ കൂട്ടും പാട്ടും

ഞാൻ മൊബൈൽ കൊണ്ടു വന്നില്ല സാറെ

പിന്നേം നുണ പറയുന്നോ?

അതു പെൻ ക്യാമറയായിരുന്നു. സ്കൂളിൽ അനാശാസ്യം നടക്കുന്നതു പിടിക്കാൻ കൊണ്ടു വന്നതാ

 ഇപ്പോൽ ഞെട്ടിയതു ശരത് സാർ. ഈശ്വരാ, ഇവനിനി എന്തൊക്കെയാണൊ അതിലെടുത്തു വച്ചിരിക്കുന്നതു.

ന്തു അനാശാസ്യം നടക്കുന്നതാ നീ കണ്ടതു?

അത്..പതിനൊന്നിലെ ഒരു പെണ്ണും പന്ത്രണ്ടിലെ രണ്ടു ചെറുക്കന്മാരും തമ്മിൽ അനാശാസ്യം നടക്കുന്നുണ്ട് , ഞാൻ കണ്ടതാ

നീ എന്താടാ കണ്ടത്?ശരത്സാറിനു കലിയിളകി.

“അത്...അതവർ തമ്മിൽ എന്നും  ഗേറ്റ്ന്റടുത്തു നിന്നു സംസാരിക്കും.അതു പിടിക്കാൻ കൊണ്ടു വന്നതാ
അതാണോടാ അനാശാസ്യം?എന്നിട്ടതും റെക്കോഡ് ചെയ്തൊ? അതു നീയെവിടെ ഇട്ടു?

ല്ല, അതു കിട്ടീല്ല

ഭാഗ്യം! അല്ലെങ്കിൽ അതും ഇവൻ പരസ്യപ്പെടുത്തിയേനെയല്ലോ

      അവൻ പറഞ്ഞതു പതിനൊന്നാം ക്ലാസ്സിലെ കാണാൻ കൊള്ളവുന്ന ഒരു കൊച്ചിനെ കുറിച്ചാണ്. സംസാരിക്കുന്നതു അനാശാസ്യമായി തോന്നിയെങ്കിൽ അതിന്റെ കാരണം അസൂയ തന്നെയെന്നു മനസ്സിലാകാൻ വലിയ പ്രയാസമില്ലല്ലൊ.

നീയെന്തിനാടാ ലീനടീച്ചറിന്റെ ക്ലാസ്സ് എടുത്ത് യു ട്യൂബിൽ ഇട്ടതു?

അത്...അത്..” അവനിന്നുരുങ്ങുന്നു.

ഞാൻ പറയാം, കഴിഞ്ഞ ദിവസം ഇവനു ഞാൻ രണ്ട് കൊടുത്തു.ക്ലാസ് ടെസ്റ്റിനു അവന്റെ മാർക് പൂജ്യം, അസൈന്മെന്റ് എഴുതീല്ല.എന്തെങ്കിലും പറഞ്ഞാൽ ഉടൻ വരും തർക്കുത്തരം.അതു മാത്രം അറിയാം.ലീന ടീച്ചർ നിന്ന് കലി തുള്ളുന്നു.

കാര്യവും കാരണവും കിട്ടിയ സ്ഥിതിക്കു ഇനി  ഡിസിപ്ലിൻ കമ്മറ്റിക്കു വിടാം.

രീഷ് സാർ തന്നെ ഏറ്റെടുതോളൂ, ഇതിനൊരു തീരുമാനമാക്കണം.ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല

    ഇപ്പോൾ അധ്യാപകർ മൊത്തതിൽ ഞെട്ടി. വാച്ചിലും ബെൽറ്റിലും വരെ ക്യാമറയും കൊണ്ടു നടക്കുന്നയാളാണു പെൻ ക്യാമറക്കാരനുള്ള ശിക്ഷ തീരുമാനിക്കുന്നത്. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.!
....................................                                  ..........................................                                

വാൽക്കഷണം:
 അധ്യാപികമാർ ഇപ്പോൾ തൊട്ടടുത്തുള്ള ചുരിദാർ ഷോപ്പിലേക്കു ഓട്ടം തുടങ്ങി. എന്താ യാലും ഇതിലൊക്കെ വരും. എന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാ1

Saturday, January 8, 2011

തിരിച്ചറിവിന്റെ അപൂർവ സമാഗമം


ഇരുണ്ട ഒരു ഇടനാഴിയിലൂടെയുള്ള യാത്രയ്ക്കൊടുവിൽ അതിദിവ്യമായ ,  കണ്ണുകളെ ഭ്രമിപ്പിക്കുന്ന ഒരു വെളിച്ചത്തിലേക്കാണ് എത്തിച്ചേർന്നത്. എങ്ങോട്ടു പോകണം എന്നറിയാതെ വിഷമിച്ചു നിന്ന എന്റെ മുൻപിലേക്കു  അഭൌമ തേജസ്സുള്ള ഒരു അതിസുന്ദരിയായ ബാലിക പതിയെ വന്നു നിന്നു.  ആ പുഞ്ചിരിയിൽ ഞാൻ ചെയ്ത പാപങ്ങൾ എല്ലാം ഒഴുകിപോയതു പോലെ തോന്നി. എന്റെ പരിഭ്രമം കണ്ടാകണം കിളിക്കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ അവൾ മെല്ലെ പറഞ്ഞു

       “ ഭയപ്പെടേണ്ടാ, ശരിയായ സ്ഥലത്തു തന്നെയാണു എത്തിയിരിക്കുന്നത്”

        “ഇതു ഏതാണു സ്ഥലം, ഞാൻ എങ്ങനെയ്ണൂ ഇവിടെ എത്തിയത്?”    അറിയാനുള്ള    മോഹം കൊണ്ടോ ആ ശബ്ദം ഒന്നു കൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടോ ഞാൻ ചോദിച്ചു പോയി. 
ഒരു പുഞ്ചിരി മറുപടിയായി  തന്നിട്ട് അവൾ തിരിഞ്ഞു നടന്നു. വീണ്ടും പറഞ്ഞു,
    “വരൂ”.  യജമാനന്റെ പിന്നിൽ പോകുന്ന അനുസരണയുള്ള നായ്ക്കുട്ടിയെപോലെ ഞാൻ പിന്നാലെ നടന്നു. 

  എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ലല്ലൊ എന്നു ചിന്തിചു തുടങ്ങിയപ്പൊഴെക്കും അവൾ പറഞ്ഞു , “ഇതു സ്വർല്ലോകം”.       

      ഞാൻ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു ! ഭൂമിയിലെ എന്റെ യാത്ര അവസാനിച്ചുവെന്നൊ.എനിക്കൊന്നും ഓർമ വരുന്നില്ല. ചുറ്റുപാടും നോക്കി. അതെ ഇതു സ്വർഗം അല്ലാതെ വേറെന്ത്. എവിടെ നോക്കിയാലും സുന്ദരം. സങ്കൽ‌പ്പിക്കാൻ പോലും പറ്റുന്നതിലേറെ സുന്ദരം.എനിക്കു വേണ്ടപ്പെട്ട പലരും ഇവിടെ കണ്ടേക്കും എന്ന ചിന്ത എന്നെ വീണ്ടും മനുഷ്യനാക്കി.

എന്റെ ഉള്ളു കണ്ടപോലെ അവൾ പറഞ്ഞു,  “ഭൂമിയിലെ ബന്ധങ്ങളും ബന്ധനങ്ങളൂം ഇവിടെ ഇല്ല.എല്ലാവരും ഒരുപോലെ പരസ്പരം സ്നേഹിക്കുന്നു.   

കാഴ്ച്ചകളിൽ മയങ്ങി നടന്ന എന്റെ കണ്ണൂകൾ ഒരു സൂര്യ തേജസ്സിൽ തട്ടി നിന്നു. ‘ദിവി സൂര്യ സഹസ്രസ്യ” എന്ന ശ്ലോകം മനസ്സിൽ ഉയർത്തിക്കൊണ്ട് എന്റെ മുൻപിൽ തന്നെയാണ് അത്.            ഇതാണൊ ഇന്ദ്രദേവൻ എന്ന് ചിന്തിച്ചതും, പെൺകുട്ടി പറഞ്ഞു,,“ ഇതു ദുര്യോധന മഹാരാജാവ്“ .

 വിശ്വസിക്കാൻ പറ്റുന്നില്ല . ഇത്ര തേജസ്വിയായ ഒരു രൂപം ഇത്ര ദുഷ്ടനായ ഒരു വ്യക്തിക്കോ?            ‘എത്രയധികം ദുഷ്ടത്തരങ്ങൾ  ചെയ്തിട്ടുംസ്വർഗത്തിൽ ഒരു സ്ഥാനം. കേട്ടിട്ടുണ്ട് വീരന്മാരുടെ കൈ കൊണ്ടു  മരണം  വരിച്ചാൽ സ്വർഗം കിട്ടുമെന്ന്.അങ്ങനെയായിരിക്കും ഇവിടെ എത്തിയത്‘. 

  ഇങ്ങനെ ഓരോന്നോർത്തു നിന്നപ്പോൾ ഗാംഭീര്യമുള്ള ശബ്ദത്തിൽ ഒരു ചോദ്യം, “ആലോചന എന്നെക്കുറിച്ച് തന്നെയല്ലെ.?എന്റെ ദുഷ്ടതകൾ, ചതികൾ ഇവയൊക്കെയല്ലെ?”
  എനിക്കു മൌനം പാലിക്കാനേ കഴിഞ്ഞുള്ളു.

  ഞാൻ ഒരുപാടു തെറ്റുകൾ ചെയ്തു എന്നാണു നിങ്ങളൊക്കെ ഇപ്പൊഴും വിശ്വസിക്കുന്നത് , അല്ലെ.അങ്ങനെയാണല്ലൊ  ഭൂവാസികൾ പഠിച്ചു വച്ചിരിക്കുന്നത്.”                             

    ഞാൻ ചുറ്റും നോക്കി, ബാലികയെ കാണുന്നില്ല. എന്നെ ഈ ദുഷ്ട്ടന്റെ മുൻപിൽ കളഞ്ഞിട്ടു പോയിരിക്കുന്നു .

   “വിഷമിക്കേണ്ട ഇതു സ്വർഗം തന്നെ. ഇവിടെ ആർക്കും ദുഷ്ടതകൾ ഇല്ല. എനിക്കും.“ 

ആ വാക്കുകൾ കേട്ടപ്പോൾ എന്തൊ ഒരു സമാധാനം കിട്ടിയപോലെ തോന്നി .   എവിടെ നിന്നൊ തിരിച്ചെടുത്ത ഒരു ധൈര്യത്തിൽ ഞാൻ ചോദിച്ചുപോയി,
 “ അങ്ങല്ലേ ഭാരതയുദ്ധത്തിനു കാരണക്കാരനായത്?അതൊക്കെ ദുഷ്ടതകള്‍ ആയിരുന്നില്ലേ ” 

 “ പക്ഷെ യുദ്ധത്തെക്കുറിച്ചു നിനക്കെന്തറിയാം. എന്താണു ഞാൻ ചെയ്ത തെറ്റ്?” ശാന്തമായ ചോദ്യം.

     “ പാണ്ഡവരെ വനവാസത്തിനയച്ചില്ലേ? ഭഗവാനെതിരേ പട നയിച്ചില്ലേ, ഇതെല്ലാം തെറ്റ് തന്നെയല്ലെ?“      

            പൂന്തിങ്കൾ ഉദിച്ചു നിന്ന മുഖത്തു നിന്നും പൊൻ നിലാവ് പൊഴിക്കുന്ന പുഞ്ചിരി. എനിക്കും അദ്ദേഹത്തൊടുള്ള വെറുപ്പ് ഇല്ലാതായി എന്നു തോന്നി. “ഇദ്ദെഹം എങ്ങനെ തെറ്റ് ചെയ്യും ? പിന്നെ ആരാണ് തെറ്റ് ചെയ്തത്? “    

 എല്ലാം മനസ്സിലാക്കിയപോലെ അദ്ദേഹം പറഞ്ഞു,. “ അമ്മ പ്രസവിച്ച മാംസപിണ്ഡത്തിൽ നിന്നും ജന്മം കൊണ്ടവരാണ് നൂറ്റവർ. ജന്മനാ  അന്ധനായ പിതാവും വിവാഹത്തോടെ അന്ധത ഏറ്റു വാങ്ങിയ  മാതാവും ആരോഗ്യവാന്മാരായ നൂറു പുത്രന്മാരെ ആഗ്രഹിച്ചുത് തെറ്റാണൊ?  പാണ്ഡു എന്ന ചെറിയച്ഛൻ രണ്ടു വിവാഹം കഴിച്ചു.മുനിശാപം മൂലം അദ്ദേഹത്തിനു പുത്രന്മാർ നിഷെധിക്കപ്പെട്ടു. കുന്തി മാതാവ് തനിക്കുള്ള വരങ്ങളിലൂടെ ദേവന്മാരെ പ്രീതിപ്പെടുത്തിയല്ലെ പുത്രഭാഗ്യം നേടിയത്? അങ്ങനെ നോക്കിയാൽ പാണ്ഡവർ ദേവപുത്രന്മാരാണ്.. അവർക്കെങ്ങനെ ഹസ്തിനപുരി അവകാശപ്പെടാൻ കഴിയും? ജ്യേഷ്ഠപുത്രന്മാർക്കാണു രാജ്യാവകാശം.”   

 ശരിയാണല്ലൊ, പാണ്ഡവർക്ക് സ്വർഗലോകമല്ലെ  പിതൃസ്വത്ത് എന്നു മനസ്സിലൊർത്തു നിന്നപ്പോൾ അദ്ദെഹം തുടർന്നു. 
 “   ജനിച്ച നാൾ മുതൽ കൌരവരെ എന്നും പാണ്ഡവർക്കു പിന്നിലാക്കാനല്ലേ എല്ലാവരും ശ്രമിച്ചത്?  ബാല്യത്തിൽ കുളത്തിൽ കുളിക്കാൻ പോയാൽ ഭീമനെ പേടിക്കണം. ബാണയുദ്ധത്തിൽ അർജുനനെ കഴിഞ്ഞു ആരുമില്ല.സത്യം മാത്രം പറയുന്ന ധർമപുത്രർ. അങ്ങനെ എല്ലാം കൊണ്ടും ഞങ്ങൾ പിന്നിൽ തന്നെ. അല്ലെങ്കിൽ തന്നെ രാജ്യാവകാശം ചോദിക്കാൻ പാണ്ഡവർക്കെന്താണു അവകാശം.അവരുടെ പിതാവിന്റെ രാജ്യമല്ലല്ലൊ.”  

                            അപ്പോൾ ധൃതരാഷ്ട്രരും  പാണ്ഡുവും എങ്ങനെ രാജപരമ്പരയിൽ വരും? അവർ വ്യാസനുണ്ടായ പുത്രന്മാരല്ലെ എന്നു ചോദിക്കാൻ തുടങ്ങിയതും അദ്ദേഹത്തിന്റെ വാക്കുകൾ,
“ രാജ പരമ്പര അന്യം നിന്നുപോകും എന്നായപ്പോൾ സത്യവതിമാതാവിന്റെ ആജ്ഞയാൽ വ്യാസനിൽ ജനിച്ച മക്കൾ ആയിരുന്നു പിതാവും ചെറിയച്ഛനും.പക്ഷെ, പാണ്ഡവർ അങ്ങനെയല്ലായിരുന്നു.രാജ്യം അന്യം നിന്നു പോകാതെ നോക്കാൻ കൌരവർ ഉണ്ടായിരുന്നു.ഭീഷ്മ പിതാമഹനും ദ്രോണാചാര്യരും ഉൾപ്പെടുന്ന മഹദ്വ്യക്തികൾ കൌരവർക്കൊപ്പം ആയിരുന്നു. “  


   “കള്ളച്ചൂതു കളിച്ച്  രാജ്യം കൈക്കലാക്കാനല്ലെ കൌരവർ ശ്രമിച്ചത്. പതിനാലു വർഷം പാണ്ഡവർക്കു വനവാസവും . .ചതിയല്ലേ ചെയ്തത്?”    ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല  

" അതെ ചതി. അതു ശകുനിയമ്മാവന്റെയായിരുന്നു. നിർബന്ധിച്ചു വിളിച്ച് കളിപ്പിച്ചതല്ലല്ലൊ. എല്ലാം  പണയം വച്ച് ഒടുവിൽ ഭാര്യയെ വരെ പണയം വയ്ക്കുന്നവരെ അതു കൊണ്ടെത്തിക്കാതിരിക്കാൻ പാണ്ഡവർക്കു കഴിയുമായിരുന്നു”.    

                    “ദ്രൊപദിയുടെ വസ്ത്രാക്ഷെപം നീതിക്കു നിരക്കുന്നതായിരുന്നൊ? “     

          “തീർച്ചായായും അല്ല,  ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്തതായിരുന്നു. അതു തെറ്റായിരുന്നു.    അതു ഇന്ദ്രപ്രസ്ഥതിൽ വച്ച് ഞങ്ങൾക്കുണ്ടായ അപമാനതിനുള്ള പകരം വീട്ടൽ ആയിരുന്നു   .പക്ഷെ , അതു പാടില്ലായിരുന്നു. പാടില്ലായിരുന്നു.”   അദ്ദേഹത്തിന്റെ ആ പുഞ്ചിരി  മങ്ങിയിരുന്നു.  

    “അരക്കില്ലത്തിനു തീ കൊളുത്തി അവരെ കൊലപ്പെടുത്താൻ നോക്കിയതും ചതി ആയിരുന്നല്ലൊ “ . എനിക്കിത്തിരി ഊർജ്ജം വന്നപോലെ . 

        "അതും അമ്മാവന്റെ ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു. പക്ഷെ, അതു തിരിച്ചറിഞ്ഞ പാണ്ഡവർ എന്താണ് ചെയ്തതു. ഒരു തെറ്റും ചെയ്യാത്ത  ഒരമ്മയെയും മക്കളെയും അതിലാക്കി രക്ഷപെട്ടില്ലെ.അതും തെറ്റു തന്നെയായിരുന്ന്. അവർക്കു പകരം ഹോമിക്കപ്പെടാൻ വിധിച്ച ജന്മങ്ങൾ.” 

   “ അവിടുത്തെ സുഹൃദ്സ്നേഹം അംഗീകരിക്കപ്പെടെണ്ടതു തന്നെയായിരുന്നു . പ്രത്യേകിച്ചും കർണ്ണനോട്”    അതെനിക്കു പറയാതിരിക്കാൻ കഴിയില്ലായിരുന്നു.  

     “ അതെ , രാധേയൻ എന്റെ ആത്മമിത്രം തന്നെ. ദ്രൌപദിയുടെ സ്വയംവരസമയത്ത് അദ്ദെഹം അനുഭവിച്ച ആത്മനിന്ദ. രാജാവല്ലാത്തതിനാൽ ആ സഭയിൽ നിന്നു പുറത്താക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ അംഗരാജാവായി അഭിഷേകം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല.”     

     'ശരിയാണ്,  കർണ്ണൻ അവിടെ തോറ്റതു ഇളയ സഹോദരനോടായിരുന്നു. മാതാവ് ഉപേക്ഷിച്ച കർണ്ണൻ. ദുര്യൊധനൻ എന്ന മിത്രം കഴിഞ്ഞേ മാതാവും  സഹോദരങ്ങളൂം പോലുമുള്ളു . ആ സ്നേഹത്തിന്റെ ശക്തി ഇതിൽ നിന്നു തന്നെ ഊഹിക്കാം'    എന്റെ ചിന്തകൾ കാട് കയറി തുടങ്ങി.

         പാണ്ഡവര്‍ സഹോദരങ്ങള്‍ ആണെന്നും അവരെ വധിക്കരുത് എന്നും കര്‍ണ്ണനോട്  അപേക്ഷിച്ച മാതാവ്‌,തന്റെ ആദ്യത്തെ പുത്രനെ വധിക്കരുത് എന്ന് ഒരിക്കലും പാണ്ഡവരോട് ആവശ്യപ്പെട്ടില്ല.     അദ്ദേഹം വീണ്ടും പറയുകയാണ്.
                 എന്റെ ചിന്തകളും മാറി മറിഞ്ഞു തുടങ്ങി . 

           “ യുദ്ധം, ധർമയുദ്ധം ആയിരുന്നോ?  ആയുധവിദ്യ പഠിപ്പിച്ച ദ്രോണാചാര്യരെ വധിക്കാൻ അധർമ്മത്തിനു കൂട്ടു നിന്നത് ധർമപുത്രർ തന്നെ ആയിരുന്നു. അശ്വഥാമാവ് മരിച്ചു എന്നു പറയിപ്പിച്ചില്ലെ. കള്ളം പറഞ്ഞില്ല എന്നു സ്ഥാപിക്കാൻ ‘അശ്വഥാമാവ് എന്ന ആന’ എന്നു പതിയെയും പറഞ്ഞു. ഭീഷ്മപിതാമഹനെ ശിഖണ്ഡിയെ മുന്നിൽ നിർത്തി ശരമാരി തൊടുത്തതു ധർമം ആയിരുന്നോ?  കർണ്ണന്റെ ആയുധം ഘടോൽക്കചനുമേൽ പ്രയോഗിക്കാൻ രാത്രിയുദ്ധം നടത്തിയതു ധർമ്മമായിരുന്നൊ? അർജുനനെ രക്ഷിക്കാൻ മറ്റൊരു നാടകം”                         
              അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു.   

                മര്‍മ്മം  തുടയിലാണ്  എന്നു തിരിച്ചറിഞ്ഞ ഭഗവാൻ കൃഷ്ണൻ തന്റെ  തുടയില്‍ അടിച്ചു എന്നെ വധിക്കാന്‍ അടയാളം കാട്ടിയില്ലെ? . മറിച്ചായിരുന്നുവെങ്കില്‍  എന്നെ വധിക്കാൻ ഭീമനു കഴിയുമായിരുന്നോ?   “               

               ഇപ്പോൾ ഞാനും അദ്ദേഹത്തിന്റെ വശത്തു നിന്നും ചിന്തിച്ച് തുടങ്ങി.ശരിയാണ്, കർണ്ണന്റെ വധവും അങ്ങനെയായിരുന്നു. യുദ്ധക്കളത്തിൽ തേരു താഴ്ന്നു നിരായുധനായി നിൽക്കുന്ന കർണ്ണന്റെ മേലേക്കല്ലേ അർജുനൻ ബാണം തൊടുത്തത്. ആ വീരയോദ്ധാവും വധിക്കപ്പെട്ടതു ചതിയിലൂടെതന്നെ .  ഇതുവരെ ആരാധിച്ചതൊക്കെ പൊയ്മുഖങ്ങളെന്നോ?  എവിടെയാണു സത്യം. സത്യത്തിനാണു അന്തിമവിജയം എന്നു പാടിപ്പഠിച്ചിട്ട് ഇപ്പോൾ അതൊക്കെ മറിച്ചു പറയേണ്ടി വരുന്നെന്നോ.എന്തിനായിരുന്നു ആ യുദ്ധം . അവസാനം ആർക്കാണു വിജയം. ആരു നേടി. സ്വർഗ്ഗമെന്നൊക്കെ മറന്നു ഞാൻ ചിന്തകളിൽ പരതി. യുദ്ധമായിരുന്നു എന്നല്ലാതെ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധം എന്നൊന്നും പറയാൻ കഴിയില്ല. 

                                    എന്റെ സംശയങ്ങളെ മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു. “ സ്വയം വിലയിരുത്തുമ്പോൾ എല്ലാവരും ചെയ്യുന്നതു ന്യായമാണു, പക്ഷെ അന്യ ദൃഷ്ടിയിൽ തെറ്റായേക്കും. പാണ്ഡവരുടെ ഭാഗം ചിന്തിച്ചാൽ അവർ ചെയ്തതു ന്യായം. എല്ലാ ജീവിതവും മുൻപേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആ സർവശക്തന്റെ കയ്യിലെ കളിപ്പാവകളാണു എല്ലാവരും. നിശ്ചയിക്കപ്പെട്ട വേഷങ്ങൾ ആടി തീർക്കുന്നു. ഇവിടെ ഇപ്പോൾ ഞങ്ങൾ തമ്മിൽ എന്തു വ്യത്യാസം. നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം “.     അദ്ദെഹത്തിന്റെ പുഞ്ചിരി മായുന്നേയില്ല.                                     

        എന്റെ മനസ്സിലെ ദുര്യോധനൻ എന്ന സങ്കല്പം ഉടച്ചു വാർക്കപ്പെട്ടു കഴിഞ്ഞു. അദ്ദെഹത്തിന്റെ മനസ്സിലെ വെളിച്ചം എന്റെ മേലേക്കും വീണു എന്നു തോന്നി. അതിന്റെ പ്രഭയിൽ എന്റെ കാലുകൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. പുതിയ കാഴ്ചകൾ തേടി. നന്മകള്‍ വീണ്ടും തിരിച്ചറിയാന്‍ ഒരു സ്വര്‍ഗീയ യാത്ര .