Monday, November 22, 2010

നായൊരു നല്ല മൃഗം ?

             "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ്‌ ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും  കണ്ടാല്‍ ഞാന്‍ അത്യാവശ്യം   സ്നേഹം  കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു  അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി  വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു       .        
                                                                                                                                                                                                                                                                                                        നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍  . അത് ചത്തതിനു ശേഷം അതിന്റെ മോള്‍  'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .

                                        പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക്  പഠിക്കുന്ന സമയം.  രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ്‌ സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട്  . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത്‌  മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും  ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ  നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .

                                    അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ്‌ അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട്  ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക്‌  എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .

                                         ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത്‌ എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി  വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ  തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട്‌ എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.  ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും .  ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.

                   എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു .  നല്ല വരമ്പില്‍ നിന്നും പാറയിലേക്ക്‌  കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക്‌ . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ  നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .

         " മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.

                      ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .

                     "അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.

                   കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ  എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌ .

                            ഈ സംഭവത്തിന്‌ ശേഷം ചിത്രത്തിലും  സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ  കണ്ടാലും  എറിയാന്‍  കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത്‌ എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .