Thursday, June 28, 2012

തേക്കുമരവും കണ്‍സള്‍ട്ടന്റും പിന്നെ ഞാനും.


ഫോണ്‍ ഒച്ചവയ്ക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. കാള്‍ എടുത്ത്‌ പൂര്‍ത്തിയാകാത്ത ഉറക്കം തുടരാന്‍ കണ്ണടച്ചു തന്നെ  ഹലോ പറഞ്ഞു.

“ഹലോ , ഗുഡ്‌ മോണിംഗ് സര്‍ ,ഞാന്‍ രാജീവാണ് “
“ങാ , ഗുഡ്‌ മോണിംഗ് ,  എന്താ ഈ കൊച്ചുവെളുപ്പാന്‍കാലത്തെ? ?”
“സമയം എഴരയായി സര്‍ , ഇന്നലെയും ഞാന്‍ സാറിനെ വിളിച്ചിരുന്നു 

ഒന്ന് ഞെട്ടി. ഏഴരയോ!ടെന്‍ഷന്‍ കാരണം ഇന്നലെ ഉറക്കം വന്നതേയില്ല. മൂന്നു മണിയായിക്കാണും ഒന്ന് കണ്ണടച്ചപ്പോള്‍ .രാവിലെ ഉറങ്ങിപ്പോയിരിക്കുന്നു.
“സര്‍ ഒന്നും പറഞ്ഞില്ല, വണ്ടി ബുക്ക്‌ ചെയ്യുകയല്ലേ ?”

“എനിക്കൊന്നുകൂടി ആലോചിക്കണം. എന്നിട്ട് പറയാം “
“സര്‍ കാഷ് ഡിസ്കൌണ്ട് ഈ മാസം കൂടിയേ ഉള്ളൂന്നറിയാമല്ലോ,പിന്നീടെനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല “
“എനിക്കുടനെ പറ്റില്ലാന്നു ഞാന്‍ പറഞ്ഞതല്ലേ ?”
അറ്റ്‌ ലീസ്റ്റ് സര്‍ ട്വെന്റി ഫൈവ്‌ തൌസന്റ് തന്നു ബുക്ക്‌ ചെയ്തെങ്കിലും ഇട്ടാല്‍ ലോണ്‍ ശരിയാകുമ്പോഴെക്ക് ബാക്കി ഡൌണ്‍ പേമെന്റ് അടച്ചാല്‍ മതിയാകും. ഇന്ന് ഞാന്‍ സാറിനെ കാണാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് ”

മറുപടി പറയും മുന്‍പ് പയ്യന്‍ ഫോണ്‍ വച്ചുകഴിഞ്ഞു . ഉടുമ്പിന്റെ പിടിയാണ് പിടിച്ചിരിക്കുന്നത്.
ഉറക്കം മുഴുമിക്കാത്തതിന്റെ നീരസം തോന്നിയെങ്കിലും സമയബോധം കൊണ്ട് ചാടിയെഴുന്നേറ്റു.രാവിലെ മരം മുറിക്കാന്‍ ആളു വരാമെന്നു പറഞ്ഞിട്ടുണ്ട്.എല്ലാം കൂടെ രണ്ടുലക്ഷത്തിനുമേലെ വില പറഞ്ഞുറപ്പിച്ചതാണ്. ഒന്‍പതുമണിക്ക്‌ ആളുമായെത്താമെന്നു പറഞ്ഞാണ് അഡ്വാന്‍സ്‌ തന്നു ഉണ്ണിപ്പിള്ള പോയത്.

പല്ലുതേപ്പ് കഴിഞ്ഞ് അടുക്കളയിലേക്കു ചെന്ന്‍ ശ്രീമതി തന്ന ചൂട് കാപ്പി കുടിക്കുന്നതിനിടെ മോളെ അന്വേഷിച്ചു .

“ഓ ! നിങ്ങടയല്ലേ സന്തതി.ഉണര്‍ന്നിട്ടില്ല.രണ്ടുമൂന്നു തവണ ഞാന്‍ പോയി വിളിച്ചുനോക്കി .എവിടെ! കേട്ടഭാവമില്ല. മാസമൊന്നു കഴിഞ്ഞാല്‍ വല്ലവീട്ടിലും പോയി പൊറുക്കേണ്ട പെണ്ണാ.നിങ്ങളൊരുത്തനാ  കൊഞ്ചിച്ചു വഷളാക്കിയത്.”

പണമുണ്ടാക്കാന്‍ ജീവനെടുത്തു നടക്കുമ്പോഴാ അവളുടെ പരാതിക്കെട്ട്. രാവിലെ വയര്‍ നിറഞ്ഞു.

“ആ .. അവളെങ്ങനെലും ജീവിച്ചോളും.പിള്ളേച്ചന്‍ മരം മുറിക്കാന്‍ ആളുമായി ഇപ്പോഴെത്തും.”

തെക്കുവശത്ത് നില്‍ക്കുന്ന തേക്കുമരം മുറിക്കുന്നതോര്ത്തപ്പോള്‍ ഒരു അങ്കലാപ്പ് .അത് അതിരിലാണെന്ന് കുമാരന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുമാരന്‍ സര്‍വേക്കല്ല് മാറ്റിയിട്ടെന്ന് തനിക്കും സംശയം ഉണ്ട്. കോലാഹലമില്ലാതെ മുറിച്ചുകിട്ടിയാല്‍ മതിയായിരുന്നു.

വീണ്ടും ഫോണ്‍ ഒച്ചയുണ്ടാക്കി.ആ പയ്യന്‍ തന്നെ. ഒരാഴ്ചയായി തുടങ്ങിയ അടുത്ത സമാധാനക്കേട്. അവിടെ കിടന്നു അടിക്കട്ടെ. മൂന്നു വിളിയും വീണ്ടും അതെ നമ്പരില്‍ നിന്നും .
റിട്ടയര്‍ ചെയ്തു കയ്യില്‍ നാലുകാശ് വന്നപ്പോള്‍  പഴയ വണ്ടിയൊന്നു മാററിയാലോന്നു ആലോചിച്ചതാണ്. ടൌണില്‍ പോയപ്പോള്‍ ഷോറൂമില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു. അന്ന് മുതല്‍ പയ്യന്‍ വിടുന്നില്ല. അവന്റെ ചിരിയും വര്‍ത്തമാനവും കണ്ടു  മയങ്ങിപ്പോയി എന്നതും സത്യം. ആദ്യം മൂന്നാല് ദിവസത്തിലൊരിക്കലായിരുന്നെന്കില്‍ ഇപ്പോള്‍ ദിവസം മൂന്നും നാലും തവണ വിളിയാണ്.പെണ്ണിന്റെ കല്യാണം ഇത്ര പെട്ടെന്ന് ഒത്തുവരുമെന്നും വിചാരിച്ചില്ല. പണം എത്രയായാലാണ് ഒരു കല്യാണം നടത്താന്‍ പറ്റുക. അതോടെ വണ്ടിമോഹം ഉപേക്ഷിച്ചു.  പക്ഷെ പയ്യന്‍ വിടുന്ന ലക്ഷണമില്ല.

കഴിഞ്ഞദിവസം ബാര്‍ബര്‍ ഷോപ്പില്‍ വച്ച് മുടി വെട്ടുന്നതിനിടയില്‍ ഒരു വിളി. തൊട്ടടുത്ത കസാലയിലിരിക്കുന്നു പയ്യന്‍. ഇതൊന്നു കഴിയട്ടെന്നു ആംഗ്യം കാണിച്ചു. ദേഷ്യം വന്നെങ്കിലും ക്ഷമയോടെ കാത്തിരിക്കുന്നതു കണ്ടപ്പോള്‍ അതൊക്കെ ഉരുകിയൊലിച്ചുപോയി. മോള്‍ടെ കല്യാണമായതുകൊണ്ട് ഇപ്പോള്‍ നടക്കില്ലയെന്നു പറഞ്ഞെങ്കിലും ആ മുഖത്തെ നിരാശ കണ്ടു “വേണ്ടാന്നൊന്നും വച്ചില്ല, എടുക്കുമ്പോള്‍ രാജീവിനെതന്നെ വിളിക്കാം” എന്ന് പറഞ്ഞുപോയി. പിന്നേം അവസരം നോക്കാതെയുള്ള അവന്റെ പല പ്രകടനങ്ങളും ഇതൊരു ബാധയാവുന്നു എന്ന് തോന്നിച്ചിരുന്നു.ഇന്നെന്തായാലും ഉറപ്പിച്ചു പറയണം.

“എന്താ കൊച്ചാട്ടോ രാവിലെ സ്വപ്നോം കണ്ടിരിക്കുന്നെ ? ഉണ്ണിപ്പിള്ളയാണ്, കൂടെ മൂന്നുപേരും.
“ദാ,പറഞ്ഞത്രയും ഉണ്ട് . നേരം കളയാതങ്ങു തുടങ്ങിയേക്കാം “
“ആയ്ക്കോട്ടെ , തുടങ്ങിക്കോളിന്‍ “ കാശ് വാങ്ങി കണ്ണില്‍ വച്ചു.

നേരെ പോയത് ആ തേക്കുമരത്തിനടുത്തേക്ക് .അതുതന്നെ ആദ്യം മുറിക്കട്ടെ. സമാധാനം കിട്ടുമല്ലോ. കൂട്ടത്തിലൊരാള്‍ മരത്തില്‍ കയറിക്കഴിഞ്ഞു. കമ്പെല്ലാം കോതിഒതുക്കുന്നു.’ഈശ്വരാ ,കുഴപ്പമൊന്നും ഉണ്ടാകല്ലേ ‘  

ബൈക്കിന്റെ ഒച്ചകേട്ടാണ് ചിന്തകളില്‍ നിന്നും തിരിച്ചു വന്നത്. രാവിലെ തന്നെയെത്തിയല്ലോ.
“ഗുഡ്‌മോണിംഗ് സര്‍ “
മറുപടിയായി ഒന്ന് ചിരിച്ചെന്നു വരുത്തി.

“എന്തായി സര്‍ ,വണ്ടി ബുക്ക്‌ ചെയ്യുവല്ലേ? മോളുടെ മാര്യെജിനു മുന്‍പ് ഡെലിവര്‍  ചെയ്യേണ്ടേ?”

“രാജീവേ  അതിപ്പോള്‍ ആലോചിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ?” മുഖത്ത് പരമാവധി  പ്രസന്നതവരുത്തി പറയാന്‍ നോക്കി.

പെട്ടെന്ന് അപ്പുറത്തുനിന്നും കുമാരന്റെ ആക്രോശം. ഉണ്ണിപ്പിള്ള ഓടിക്കിതച്ചു വരുന്നു.’ഈശ്വരാ കുഴപ്പമായോ’
“ഇതെന്താ കൊച്ചാട്ടോ, കുമാരേട്ടന്‍ മരം മുറിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ. അയാള്‍ടെ അതിരിലാണെന്ന്. നിങ്ങളെന്നെ കുഴപ്പത്തിലാക്കല്ലേ “
അയാളെ സമാധാനിപ്പിച്ച് കൂടെ ഇറങ്ങി ചെന്നു.

“ഇതു ഞങ്ങളുടെ ലേറ്റസ്റ്റ് മോഡല്‍ ആണ് സര്‍ . ഡീസല്‍ വേര്‍ഷന്‍. പെട്രോളിനൊക്കെ ഇപ്പൊ എന്താ വില. സര്‍ ഒന്നുകൂടെ ആലോചിക്കു”
ഓണത്തിനിടയ്ക്കു അവനു പുട്ടുകച്ചവടം. തിരിഞ്ഞു രൂക്ഷമായി നോക്കിയിട്ട് നേരെ നടന്നു.

“അല്ല സര്‍ കൊമ്പറ്റെറ്റിവ് മോഡല്‍സ്നേക്കാള്‍ രണ്ടു കിലോമീറ്റര്‍ അധിക മൈലേജും “
“പൊന്നനിയാ , ഒന്നടങ്ങ്‌ .ആദ്യം ഞാനെന്‍റെ പ്രശ്നങ്ങള്‍ ഒന്ന് ഒതുക്കട്ടെ “

പയ്യന്‍ പിന്നാലെ തന്നെ. ശ്രദ്ധിക്കാതെ നടന്നു. കുമാരന്‍ തുള്ളിയുറഞ്ഞു നില്‍ക്കുകയാണ് .
“നിങ്ങളോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ ആ തേക്ക്  എന്റെ പറമ്പിലാണെന്ന്. ഇതാരോട് ചോദിച്ചിട്ടാണ് ഇന്നാളെക്കൂട്ടി മുറിക്കാന്‍ വന്നത്.ഞാനെന്താ പൊട്ടനാന്നു വിചാരിച്ചോ ?”

“കുമാരാ , അതെന്റെ പറമ്പില്‍ അല്ലെ ? അതിരിലേക്കടുത്തന്നല്ലേയുള്ളൂ ?”

“കല്ല് കിടക്കുന്നതെവിടാന്നു നോക്ക്, നിങ്ങടെ പറമ്പ്‌ പോലും.” കുമാരന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

“ ആ സര്‍വേക്കല്ല് മാറ്റിയിട്ടത് ആരാണെന്നെനിക്കറിയാം. കല്ലിട്ടിരുന്ന സമയത്ത് അതെന്റെപറമ്പില്‍  പറമ്പില്‍ത്തന്നെയായിരുന്നു.”
“ വൃത്തികേട് പറയരുത്.” കുമാരന്‍ കലി കൂടി വരുന്നു.
“കുമാരാ, എന്റെ മോള്‍ടെ കല്യാണം...”
“തന്റെ മോള്‍ടെ കല്യാണം നടത്തേണ്ടത് എന്റെ പറമ്പിലെ മരം  മുറിച്ചിട്ടല്ല.”
 പറഞ്ഞുപറഞ്ഞു അത് കുമാരന്റെ മരം ആവുന്നപോലെയായി. അതിരില്‍ ആണെന്ന് സംശയം പോട്ടെ, ഇതിപ്പോള്‍..

“സര്‍ , ബേസ് മോഡലിനു തന്നെ ഏസീയും പവര്‍ സ്റ്റിയറിംഗും ഉണ്ട്.എക്സ് ഷോറൂം പ്രൈസ്‌ അഞ്ചു ലക്ഷത്തില്‍ താഴെയുള്ളു ‘’
അന്തംവിട്ടു നോക്കിപ്പോയി. ഇത്രവിവരമില്ലാത്തവനോ!

“കയ്യാല കോരിയപ്പോള്‍  ഇതെന്റെ പറമ്പിലായിരുന്നല്ലോ. ഇപ്പൊ നിങ്ങടെയായോ ?”
“ഇനിയാരേലും തടിയേല്‍ കൈ വെച്ചാ ആ കൈ ഞാന്‍ വെട്ടും,അങ്ങനിപ്പോ അതിരില്‍ നില്‍ക്കുന്ന മരം ഒറ്റയ്ക്ക് വിഴുങ്ങേണ്ട ” കുമാരന്‍ ഉറഞ്ഞുതുള്ളുന്നു.

“സര്‍ ഞങ്ങളുടെ വണ്ടിക്കു ആവശ്യത്തിന് ഗ്രൌണ്ട് ക്ളിയറന്‍സ്  ,ലെഗ് റൂം , ഹെഡ്‌റൂം ഒക്കെയുണ്ട്. പിന്നെ ഓഫര്‍ ഈ മാസം കൂടിയെയുള്ളു  .”
ദയനീയമായി അവനെ നോക്കി.
“അനിയാ , നീ നോര്‍മല്‍ അല്ലെ ?”
കുമാരനും അന്തംവിട്ടു നോക്കുന്നു.

“അല്ല സര്‍ , ഇപ്പോള്‍ എടുത്താല്‍...”
“എടുക്കും ഞാന്‍..കൊടുവാള്‍...പൊയ്ക്കോ എന്റെ മുമ്പീന്നു”. അവനോട് അലറി.
’’സര്‍ ...’’
“എന്താ, എന്താ പ്രശ്നം ?” കുമാരന്‍ തണുത്തമട്ടുണ്ട് .

“എന്റെ പൊന്നു കുമാരാ,ഒരുമാസമായി എന്റെ കൂടെ കൂടിയ ബാധയാണ്. ഒന്നൊഴിപ്പിച്ചുതരാമോ ? പകരം ഈ തേക്ക് ഞാന്‍ നിങ്ങള്‍ പറയുന്നപോലെ ചെയ്യാം .മോള്‍ടെ കല്യാണമായിട്ടു ഞാന്‍ ഭ്രാന്തെടുത്തു ചാവും,അല്ല, എല്ലാരും കൂടി എന്നെ ഭ്രാന്തനാക്കും. എനിക്കിവന്റെ വണ്ടി വേണ്ടാ .“ തലയ്ക്കു കയ്യും കൊടുത്ത് നിലത്തിരുന്നുപോയി.

“എന്തായിത് ശ്രീധരേട്ടാ ,കൊച്ചുകുട്ടികളെപ്പോലെ ?” 
“എന്താടോ, തനിക്കെന്താ വേണ്ടത്?” അവന്റെ നേരെയായി  കുമാരന്‍റെ ചോദ്യം.

പയ്യന്‍ ഷര്‍ട്ടിന്റെ കോളര്‍ രണ്ടും ചേര്‍ത്ത് പിടിച്ചു തലയൊന്നു കുനിച്ചു.
“ഹലോ സര്‍ , അയാം രാജീവ്‌,  കണ്സള്‍ട്ടന്‍റ് , സൂപ്പര്‍കാര്‍ മോട്ടോര്‍സ്. ഞങ്ങളുടെ ലേറ്റസ്റ്റ്ഡീസല്‍ വേര്‍ഷന്‍ കാര്‍ നാല് വേരിയന്റ്സ് ഇറങ്ങുന്നുണ്ട്. ബേസ് മോഡല്‍ കംസ് വിത്ത് ഏസി ആന്‍ഡ്‌ പവര്‍ സ്റ്റിയറിംഗ്. ഇപ്പോള്‍ ആണെങ്കില്‍ ഓഫര്‍ ഉണ്ട് സര്‍ . ട്വല്‍വ് തൌസന്‍റ് കാഷ് ഡിസ്കൌണ്ട്, ഇന്‍ഷ്വറന്‍സ് ഫ്രീ...    ദിസ് ഈസ്‌ മൈ കാര്‍ഡ്. മേ ഐ ഗെറ്റ് യ്വോര്‍ കാര്‍ഡ് സര്‍ “ തന്റെ കാര്‍ഡ് ഹോള്‍ഡറില്‍ നിന്നും കാര്‍ഡ്‌ എടുത്തു രണ്ടുകൈ കൊണ്ടും കുമാരന് നേരെ നീട്ടി നില്‍ക്കുകയാണ് കക്ഷി .

സിമന്‍റ് പോലും പൂശാത്ത തന്റെ ചെറിയ കൂരയെയും നിലത്തിരിക്കുന്ന ശ്രീധരേട്ടനെയും മാറി മാറി നോക്കിയ കുമാരന്റെ മുഖഭാവം നവരസങ്ങളില്‍ പോലും  ഉള്ളതായിരുന്നില്ല. 


Thursday, June 7, 2012

ഇനിയും മരിക്കാത്ത പുഴ


 കണ്ണില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു സുന്ദര ദൃശ്യമാണ് പാറകള്‍ക്കിടയിലൂടെ ചിരിച്ചുതകര്‍ത്ത് ഒഴുകുന്ന കല്ലടയാര്‍ .ജീവിതത്തിന്റെ ഒരു ഭാഗം , ഒരുപാട് സമയം ,അതിനോടോത്തു തന്നെയായിരുന്നു.. വേനലില്‍ നല്ല സ്വര്‍ണനിറമുള്ള മണല്‍ത്തട്ടും ഇടയിലുടനീളം പാറകള്മായിഒഴുകുന്ന മെലിഞ്ഞ സുന്ദരി.ആറിന് മദ്ധ്യം വരെ പോയി കുളിക്കാന്‍ യാതൊരു പ്രയാസവുമില്ല.പാറക്കെട്ടുകളും പുല്‍പ്പടര്‍പ്പുകളും ഇടയിലെല്ലാം ഉണ്ട്. കാല്‍മുട്ട് വരെ മാത്രം നനഞ്ഞു അക്കരെയെത്താം. മഴക്കാലമായാല്‍ ഇരുകരമൂടി തകര്‍ത്ത്‌ ഒഴുകുമ്പോള്‍ വേറൊരു സൌന്ദര്യം. അപ്പോഴും പുല്പടര്‍പ്പും ചെറുചെടികളും ഒഴുക്കിനനുസരിച്ചു തലയുയര്‍ത്തിയും കുനിഞ്ഞും ആടി കളിച്ചു നില്‍ക്കുന്നുണ്ടാവും. 

ആറിനെ മലിനമാക്കുന്ന വസ്തുക്കള്‍ പേപ്പര്‍ മില്ലില്‍ നിന്നും തള്ളാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമറിയാത്ത പ്രായത്തില്‍ ‘പേപ്പര്‍ മില്‍ പൂട്ടിപ്പോകണെ ‘ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് .പതഞ്ഞു കട്ട പിടിച്ചപോലെയുള്ള മാലിന്യം ഒപ്പം ചെറിയ പുഴുക്കളേയും സംഭാവന ചെയ്തപ്പോള്‍ വേറെ എങ്ങനെ പ്രാര്‍ഥിക്കാന്‍. കരയോടു ചേരുന്ന ഭാഗത്ത്‌  പുളയ്ക്കുന്ന കൃമികള്‍ ആറ്റില്‍ ഇറങ്ങാന്‍ തോന്നിക്കാതെയായി.  അന്നൊക്കെ വേനല്‍ക്കാലത്ത് മണലില്‍ വലിയ കുഴികള്‍ ഉണ്ടാക്കി അവിടെ കുളിക്കുന്നവര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടികിടക്കുന്ന പേപ്പര്‍ മില്ലിന് മുന്നിലൂടെയുള്ള യാത്ര പതിവായപ്പോള്‍  -അതിന്റെ ശോചനീയവസ്ഥയും അത് മൂലം അനാഥരായ കുടുംബങ്ങളെയും ഓര്‍ത്തപ്പോള്‍ -  പണ്ടൊക്കെ പ്രാര്‍ത്ഥിച്ചതില്‍ പശ്ചാത്താപം തോന്നിയിട്ടുണ്ട്.


വീട്ടില്‍ നിന്നും കുറച്ചു താഴെക്കിറങ്ങിയാല്‍ തെങ്ങിന്‍ തോപ്പും പിന്നെ ആറും.ഇരു കരകളും തിങ്ങി നിറഞ്ഞു മുളങ്കൂട്ടങ്ങള്‍. മഴക്കാലത്ത്‌ വീട്ടില്‍ നിന്നാല്‍ ഒഴുക്ക് നന്നായി കാണാം .

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മണല്‍ വാരല്‍ അന്നും ഉണ്ടായിരുന്നു. ആണും പെണ്ണും ഉള്‍പ്പെടെ ഒരു സംഘം അതിനായി ഉണ്ടായിരുന്നു. വാരി കരയ്ക്കിട്ട മണല്‍  ചെറിയ ചാക്കുകളിലായി   ചുമന്നു അടുതെവിടെയെന്കിലും വീടുകളില്‍ എത്തിക്കും. പിന്നെ അളന്നു ഒന്നിച്ചാക്കി കൂലി പങ്കിട്ടെടുക്കും.ഇതൊന്നും അറിഞ്ഞ ഭാവം ആറിനുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ രീതിയില്‍ മണല്‍ വാരല്‍ തുടങ്ങിയിട്ട് അധിക കാലമായില്ല.വള്ളങ്ങള്‍ നിരത്തി ഇറക്കി വാരിഎടുക്കാന്‍ തുടങ്ങി  . സുലഭമായിരുന്ന മണല്‍ കുറഞ്ഞപ്പോള്‍ മുങ്ങി ഇടിച്ചു വാരാന്‍ തുടങ്ങി. പിന്നെ കരയോടു ചേര്‍ത്ത് വള്ളമൂന്നി വാരാന്‍ തുടങ്ങി. കരയും ഒപ്പം മരങ്ങളും വെള്ളത്തിലേക്കിറങ്ങി. കുളിക്കടവുകള്‍ മണല്‍ വാരല്‍ കടവുകളായി.പാറകള്‍ അടുക്കിയിട്ടിരുന്ന കൈവഴികള്‍ കോണ്‍ക്രീറ്റ് ആയി വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. സ്ത്രീകള്‍ നാട്ടു വിശേഷം പങ്കുവച്ചു കുളിച്ചിരുന്ന കടവുകളില്‍ അടിപിടിയും അക്രമവും . നാട്ടുകാരുള്‍പ്പെടെ ഈ കൂട്ടത്തില്‍ ഉള്ളപ്പോള്‍ എതിര്‍ത്തിരുന്ന ശബ്ദങ്ങള്‍ താഴ്ന്നു. വള്ളം പണി വരെ കടവിലായി.രാവിലെ തുടങ്ങുന്ന മണല്‍ വാരല്‍ സന്ധ്യ വരെ നീളും. വലിയ മണല്‍ക്കുന്നുകള്‍ കരയില്‍ രൂപപ്പെടുമ്പോള്‍ ലോറികളില്‍ മണല്‍ യാത്ര തുടങ്ങും. പല പതിനായിരങ്ങള്‍ വിലയുള്ള സ്വര്‍ണ്ണമണലായി.മണല്‍ വാരാന്‍ വന്നവര്‍ പിന്നീട് വള്ളം ഉടമകളും വാഹന ഉടമകളുമായി പണം വാരി. മരിക്കാന്‍ തുടങ്ങുന്ന പുഴയുടെ ദയനീയ സ്വരം ആരും കേട്ടില്ല.


എന്റെ ഓര്‍മയിലുള്ള പുഴയില്‍ വീണുള്ള മരണം ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആയിരുന്നു. സമപ്രായത്തി ലുള്ള കുട്ടി.അതുകൊണ്ടാവാം കുറെ നാള്‍ അത് മനസ്സില്‍ തങ്ങി നിന്നു . വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കാനായി മുതിര്‍ന്നവര്‍ അത് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. (മുതലയുണ്ട്, പെരുംപാമ്പുണ്ട് ,അറുകൊലയുണ്ട് എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ ആറിനെ സ്നേഹിച്ചു പോയിരുന്നു ). പിന്നീടും വെള്ളപ്പൊക്കകാലത്ത് ചില മരണങ്ങള്‍ കേട്ടിട്ടുണ്ട്.പക്ഷെ, ഈയിടെയാണ് ഇത്രയധികം മരണങ്ങള്‍ കേള്‍ക്കുന്നത്. നാട്ടുകാര്‍ മൊത്തം കുളിക്കാന്‍ വന്നിരുന്ന കാലത്തെ അപേക്ഷിച്ചു ആരും കുളിക്കാന്‍ ഇറങ്ങാന്‍ പോലും ധൈര്യപ്പെടാത്ത സമയത്ത്. ആറിനോട് പരിചയമുള്ളവര്‍ പോലും ഒരു കാല്‍ വച്ചാല്‍ കയത്തിലേക്ക് തള്ളപ്പെടുന്നു.സ്വര്‍ണ്ണമണല്‍ നിറഞ്ഞ തീരം ഇപ്പോഴില്ല.ആകെ ചെളി മൂടി ഒരു വെള്ളക്കെട്ട് പോലെ. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആരുടേയും ജീവനെടുക്കുന്ന ഒരു ഭീകരതയായി കല്ലടയാര്‍ .പാറകള്‍ തട്ടിയിളക്കാന്‍ കഴിയാത്തതുകൊണ്ട് അതൊക്കെ ഇപ്പോഴും അവിടെയുണ്ട്. പലതും വെള്ളം മൂടിതുടങ്ങി.ആറിന്റെ ആഴം കൂടുന്നതനുസരിച്ച് കിണറുകളിലും വെള്ളം താഴേക്കിറങ്ങി. വെള്ളത്തിലിറങ്ങി ആറു മുറിച്ചു കടക്കുന്നത് വെറും സ്വപ്നമായി. അക്കരെയുള്ളവര്‍ പാവലും പയറും പടവലവും കൃഷി ചെയ്യാന്‍ ഇക്കരെ വന്നിരുന്നു.  ചന്ത കൂടുന്ന ദിവസത്തിന്റെ തലേന്ന് വിളവെടുക്കുമ്പോള്‍ ഒരു ഭാഗം വീട്ടില്‍ തന്നിട്ട് പോകും. കന്നുകാലികളെ കുളിപ്പിക്കാനിറങ്ങുമ്പോള്‍ അവ അക്കരെ കടക്കുകയെന്നതും നിത്യ സംഭവം ആയിരുന്നു. ഇപ്പോള്‍ ജീവനെ കൊതിച്ചു ആരും ഇറങ്ങാതെയായി. അമ്മയെ കൊന്നുതിന്നുമ്പോള്‍ കയ്യില്‍ വരുന്ന പണം എല്ലാത്തിനും പ്രതിവിധിയാകുമോ ? കൂട്ടുകാര്‍ വീട്ടില്‍ വന്നാല്‍ അവരെ ആറു കാണിച്ചു ‘എന്തൊരു ഭംഗിയാ’ എന്ന് പറയിപ്പിക്കുംപോള്‍ ഉള്ള സന്തോഷം ഇനി കിട്ടില്ല. ഇപ്പോഴും നാട്ടില്‍ പോയാല്‍ ആറ്റിനടുത്ത് പോകാതെ വരാന്‍ പറ്റില്ല. പക്ഷെ, കാഴ്ചകള്‍ സന്തോഷകരം അല്ലല്ലോ.  അപ്പോള്‍ സ്കൂളില്‍ പഠിച്ച ഒരു ഓ.എന്‍. വി. കവിത മനസ്സില്‍ വരും.
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി.”