Wednesday, February 23, 2011

പുഴ....ഒഴുകാൻ മറന്ന്



പിഞ്ഞിത്തുടങ്ങിയ പുതപ്പിനടിയിൽ നിന്ന് അയാൾ തല വെളിയിലേക്കെടുത്തു.കുറച്ചുകൂടി ഉറങ്ങണമെന്നുണ്ട്.  പറ്റില്ല, അയാൾക്ക്  മനുഷ്യരെ മാത്രം  പ്രീതിപ്പെടുത്തിയാൽ ജീവിക്കാൻ കഴിയില്ല.മെല്ലെ എഴുന്നേറ്റു.ജലദോഷം പൂർണ്ണമായി മാറിയിട്ടില്ല.പക്ഷെ, ആരോടു പറയാൻ.
                           തണൂത്തിട്ടു പല്ലു കൂട്ടിയടിക്കുന്നു.നേരെ പുഴയിലേക്കു നടന്നു.കരിയിലകൾക്കിടയിലൂടെ, കൽ‌പ്പടവുകൾ താണ്ടി മുളങ്കൂട്ടങ്ങൾക്കിടയിലൂടെ കടവിലേക്ക്. അവിടെ പാമ്പുകൾ കാണുമെന്നു പറയാറുണ്ട്.  അയാൾക്കു ഭയമില്ല.മിന്നാമിനുങ്ങിന്റെ  വെട്ടമുള്ള ടോർച്ചും തെളിച്ചു പതിയെ പടവുകൾ ഇറങ്ങി.വെള്ളത്തിൽ കാലു വച്ചപ്പോൾ ശരീരം മൊത്തം പെരുത്തു പോയി.വെറുതെയല്ല ഈ ചുമ ഒരിക്കലും മാറാത്തതു തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിക്കയറി.വിറച്ചു പോയി.
     തിടുക്കപ്പെട്ട് കരകയറി.തലേന്നു തിളപ്പിച്ചു വച്ച കട്ടൻ കാപ്പി ഫ്ലാസ്കി ലിരിപ്പുണ്ട് . ഒരു കട്ടൻ കാപ്പി കുടിക്കാതെ  പറ്റില്ല.
    വെളിച്ചമാകുന്നതിനു മുൻപു ക്ഷേത്രം തുറക്കണം.ഈശ്വരപ്രീതി  വലിയവിഷയമല്ല.പക്ഷെ, നാട്ടുപ്രമാണിമാരെ തൃപ്തിപ്പെടുത്തിയേ പറ്റൂ.നിർമാല്യദർശനത്തിനായി കാത്തു നിൽ‌പ്പുണ്ടാകും ഭക്ത ശിരോമണികൾ.അഞ്ചു മണി കഴിഞ്ഞു മിനിട്ടുകൾ മാറുമ്പോഴേക്കും മുഖം കറുക്കും.കഴകക്കാരൻ വന്നിട്ടുണ്ടാവില്ല.ശാന്തിക്കാരൻ മനുഷ്യനല്ല.അയാളുടെ സമയം മാറാൻ പാടില്ല.
    ശ്രീകോവിൽ തുറന്നു.അകത്തും പുറത്തുമുള്ള   ദീപങ്ങൾ തെളിച്ചു.പ്രധാന ദേവനെക്കൂടതെ ഉപദേവന്മാർ ധാരാളം. എല്ലാവരെയും ഇരുട്ടിൽ നിന്നും മോചിപ്പിക്കേണ്ടതു താൻ തന്നെയാണ്. അതിനിടയിൽ നിർമ്മാല്യ ദർശനത്തിനു വന്നവരെ പരിഗണിച്ചില്ലെങ്കിൽ പരാതിയാണ്. എല്ലാ ദിവസവും നിർമാല്യം തൊഴുന്ന തനിക്കു ലഭിക്കാത്ത പുണ്യം അവർക്കു ലഭിക്കുന്നെങ്കിൽ നല്ലതു.
   ഓടി നടന്നു ദീപങ്ങളെല്ലം തെളിച്ചു.നിർമാല്യം വാരി ഒരു മൂലയ്ക്കിട്ടു അഭിഷെകം കഴിച്ചു വരുമ്പോൾ ഒരു സമയമാകും. തലേന്നു ചാർത്തുണ്ടെങ്കിൽ പണി കൂടും.ചന്ദനം ചാർത്തി ചിരിച്ചു നിൽക്കുന്ന ദേവൻ തന്നെ  പരിഹസിക്കുന്നതായാണു  തോന്നുക.
തിടപ്പള്ളി തുറന്നു നേദ്യം വയ്ക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങി.എത്ര വീശിയാലും കത്താത്ത വിറകു  ചുമയുടെ ശക്തി കൂട്ടി.വഴിപാടു സാമഗ്രികളുമായി ആളുകളെത്തുമ്പോഴേക്കും ഒരു നേരമാകും. ഇതൊക്കെ നേരത്തെ  കൊണ്ടുവന്നുകൂടേയെന്നു ചോദിക്കാൻ  തോന്നാറില്ല.അതിനിടയിൽ പ്രമാണീമാർ ആരെങ്കിലും വന്നാൽ പ്രസാദത്തിനു കാത്തു നിർത്താ‍നും പറ്റില്ല.ഇലക്കീറിൽ തന്നെ പ്രസാദം കൊടുക്കണം. അഞ്ചു രൂപാനോട്ട് എടുത്തു കാട്ടി പ്രലോഭിപ്പിച്ചാണു തങ്ങൾ പ്രസാദം വാങ്ങുന്നതെന്നാണു പലരുടെയും ധാരണ.അയാൾക്ക് ആരേയും പിണക്കണമെന്നില്ല.പ്രതികരണശേഷി നഷ്ടപ്പെട്ടു പോയവർക്കെന്തു അഞ്ചു രൂപയും പത്ത് രൂപയും.
ഒരു ദിവസം ഇരുപത്തഞ്ചു തവണയിലേറെ ശ്രീകോവിൽ കയറിയിറങ്ങും.കഴകക്കാരൻ വന്നാൽ തിടപ്പള്ളിയിലെ കാര്യം കുറെ അയാൾ നോക്കിക്കൊള്ളും. മാലകെട്ടാനും പൂവ് ഒരുക്കാനും പോയാൽ പിന്നെ കഴകത്തെ കണ്ടുകിട്ടാൻ പ്രയാസമാണു. ദേവനു നിറയെ മാല ചാർത്തിക്കാണുന്നതു അയാൾക്കും സന്തോഷമാണ്. എങ്ങനെയെങ്കിലുമൊക്കെ മണി പതിനൊന്നു കഴിയും.
  തിരികെ ഇല്ലത്തെത്തി ഒരു കാപ്പി ഇട്ടു കുടിച്ച് തളത്തിൽ ചാരുകസാരമേൽ നീണ്ടു കിടന്നു.
“ഉണ്ണീ, ഇതെന്തു കിടപ്പാണു? ഒന്നും കഴിച്ചില്ലല്ലൊ”  അമ്മയാണ്.
“താൻ ഇങ്ങനെ കിടന്നാലെങ്ങനെയാ, തേവാരങ്ങളെ പട്ടിണിക്കിടുകയോ ? മഹാപാപമാണു !“ അച്ഛൻ.
“ ഇതെന്താ കുട്ടാ അസമയത്തു ഉറങ്ങുന്നതു?”   ഓപ്പോൾ കുളി കഴിഞ്ഞ് വരുന്നതേയുള്ളു.
എല്ലാവരും തന്റെ ചുറ്റും കൂടിനിന്നു വിളിക്കുന്ന പോലെ .അയാൾ കണ്ണു തുറന്നു.മയങ്ങിപ്പോയിരിക്കുന്നു.
 ഇനി ആഹാരം കഴിക്കണമെങ്കിൽ സ്വയം വച്ചു തന്നെ കഴിക്കണം.കലത്തിൽ കുറച്ച് വെള്ളം വച്ചു അരി കഴുകിയിട്ടു. തേവാരങ്ങളെ തൃപ്തിപ്പെടുത്താതെ അയാൾക്കു ഭക്ഷണം കഴിയില്ല. തീർഥം കുടഞ്ഞു സ്വയം ശുദ്ധമായി എന്നു വിശ്ശ്വസിച്ചു തേവാരങ്ങൾക്കു പൂജ ചെയ്തു നേദ്യവും കഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത തളർച്ച തോന്നിച്ചു.

 ഒരു വല്യമ്മ വന്നു പാത്രം കഴുകി മുറ്റമടിച്ചിടും.പച്ചക്കറി വല്ലതും അരിഞ്ഞു വച്ചിട്ടുണ്ടെങ്കിൽ അതും അടുപ്പിൽ വച്ചു രസവും വച്ചാൽ കഴിഞ്ഞു അയാളുടെ പാചകം.ചിലപ്പോൾ അതും കാണില്ല.തൈരും കടുമാങ്ങയും കൂട്ടി കഴിക്കും.അപ്പോഴെക്കുംവിശപ്പെല്ലാം കെട്ടിട്ടുണ്ടാകും. ജീവൻ കിടക്കാൻ വേണ്ടി എന്തെങ്കിലും  കഴിക്കുന്നു.
  അമ്മയുണ്ടായിരുന്നപ്പോൾ ഇത്ര  ക്ഷീണം അറിഞ്ഞിട്ടില്ല.അച്ഛന്റെ കാലശേഷം തുടങ്ങിയതാണു ക്ഷേത്രത്തിലെ ശാന്തി.. കാരാഴ്മയാണു , കളയാൻ പറ്റില്ല. ഉപനയനം കഴിഞ്ഞ  നാൾ മുതൽ തേവാരം കഴിക്കാൻ അയാൾ ശീലിച്ചിരുന്നു.
ഓപ്പോളുടെ വേളി കഴിഞ്ഞശേഷം രണ്ടോ മൂന്നോ തവണയാണു അവരെ കണ്ടതു.അന്യനാട്ടിലാണെങ്കിലും സുഖമായി ജീവിക്കുന്നു എന്ന് ആശ്വാസം.ഈ അനിയനെ ഓപ്പോളും മറന്നു തുടങ്ങിയെന്നു തോന്നുന്നു. വേളീകഴിക്കാൻ തനിക്കു കഴിഞ്ഞതുമില്ല. അല്ല, മറന്നുപോയിരുന്നു. അല്ലെങ്കിൽതന്നെ,ഒരു പെൺകുട്ടിയെ ഭ്രമിപ്പിക്കുന്ന എന്തു മേന്മയാണു ഇവിടെ. ശാന്തിക്കാരുടെ കൂടെ ജീവിക്കാൻ താല്പ്യര്യപ്പെടുന്നവർ കുറവാണ് എന്ന അറിവു അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. അതിന്റെ ശാപം കൂടി വലിച്ചു വയ്ക്കുന്നതെന്തിനു?   
'എത്ര നാളായി ഈ ഒറ്റപ്പെടൽ? മടുത്തു തുടങ്ങിയിരിക്കുന്നു.ആർക്കുവേണ്ടിയാണു ജീവിക്കുന്നതു? ദൈവങ്ങൾക്കൊ? അപ്പോൾ അവർക്കെന്താ തന്റെ ജീവിതത്തിൽ വേഷം. തന്നെ കാണാൻ മാത്രം അവരുടെ കണ്ണുകൾ എവിടെയാണോ?' ഓരോന്നു ചിന്തിച്ച് ,ഊണു കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നതേയുള്ളു,നേരം നാലു മണിയായി. അഞ്ചരയ്ക്കെങ്കിലും ക്ഷേത്രം തുറക്കണം.ഒരു കാപ്പി കൂടി ഇട്ട് ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ട്  വീണ്ടും പുഴയിലേക്ക് നടന്നു.നടക്കാൻ ശ്രമിച്ചിട്ട് കാലുകൾ പിറകോട്ട് വലിയുന്നു.പനിക്കുന്നുണ്ട്. വല്ലാത്ത കുളിര്.തലവേദനയും തുടങ്ങിയിരിക്കുന്നു.ഇന്നു അവധി വേണമെന്നു പറയാൻ കഴിയുന്ന ജോലി അല്ലല്ലൊ അയാളുടേത്.എങ്ങ്നെയായാലും ദേവനെ പട്ടിണിക്കിടരുത് !
വളരെ പ്രയാസപ്പെട്ടാണു അയാൾ ക്ഷേത്രത്തിലെത്തിയത്.ചുറ്റും നടക്കുന്നതൊക്കെ ഒരു സ്വപ്നത്തിൽ കാണുന്നപോലെ.ഒന്നും ഓർമനിൽക്കുന്നില്ല. കഴകമാണെന്നു തോന്നുന്നു, നോക്കി ചിരിച്ച് കാണിച്ചുവോ.എന്തോ ചോദിച്ചൂന്നും തോന്നി.ഒരു ചലിക്കുന്ന പ്രതിമയെപ്പോലെ തന്റെ ജോലികൾ തീർത്തു. ശ്രീകോവിൽ പൂട്ടി താക്കോൽ കഴകക്കാരനെ ഏൽ‌പ്പിച്ച്  തിരിഞ്ഞു നടന്നു.
നേരെ കട്ടിലിലേക്കു വന്നു വീണു. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും മറന്നിരുന്നു.പെട്ടെന്നു തന്നെ മയങ്ങിപ്പൊയി. അവ്യക്തമായ സ്വപ്നങ്ങളിൽ അച്ഛനെയും അമ്മയെയും കണ്ടു.
അടുത്ത പ്രഭാതത്തിൽ ഭാരം തൂങ്ങുന്ന കണ്ണുകളും അതിലേറെ ഭാരം നിറഞ്ഞ  മനസ്സുമായാണു  എഴുന്നേറ്റതു.പക്ഷെ,ശരീരം ഒരു തൂവലുപോലെ തോന്നി.പതറിയ ചുവടുകളുമായി  പുഴയിലേക്കു നടന്നു.അന്നാദ്യമായി തന്നെ കാണാത്ത പാമ്പുകളെ അയാൾ ശപിച്ചു.ഒതുക്കു കല്ലിറങ്ങി പിടിച്ചു പിടിച്ചു പുഴയിലേക്ക്.
വെള്ളത്തിലേക്കു കാലെടുത്തു വച്ചപ്പോൾ അയാൾക്കു ശരീരം മരവിച്ചില്ല, മനസ്സിൽ തണുപ്പു വീണപോലെ തോന്നി.പാറക്കെട്ടുകളീൽ പിടിച്ചു കുറച്ചുകൂടി ഇറങ്ങി നിന്നു.അരയൊപ്പം വെള്ളമായാൽ സാധാരണ മുങ്ങിക്കയറും.മണലുവാരിയ കുഴികളാണു നിറയെ. കാലിടറിയാൽ ജീവൻ പോയതുതന്നെ. പക്ഷെ, കുറച്ചു കൂടി തണുപ്പു അയാൾ ആഗ്രഹിച്ചു.മുൻപോട്ടു ചുവട് വച്ചു.വീണ്ടും വീണ്ടും.... 
എല്ലാവരുടെയും സ്നേഹം അയാളെ വന്നു മൂടുന്നതുപോലെ.ശരീരവും മനസ്സും നിറഞ്ഞു കവിഞ്ഞു സ്നേഹത്തിന്റെ തണുപ്പ്.അയാൾക്കു ചിരി വന്നു.ഇത്ര സ്നേഹം വച്ചുനീട്ടിയ പുഴ ഉള്ളപ്പോൾ താൻ അനാഥനെപ്പോലെ , തിരിച്ചറിഞ്ഞില്ലല്ലൊ. കിട്ടാതിരുന്ന സ്നേഹം മുഴുവൻ ഒന്നിച്ചു നീട്ടിക്കൊണ്ട് പുഴ തന്നെ മടിത്തട്ടിലേക്കു ക്ഷണിക്കുന്നു.. ആ ഒഴുക്കിൽ‌പ്പെട്ടു തന്റെ ജീവിതവും ഒഴുകട്ടെ.  അമ്മയുടെ മുൻപിലേക്കു ഓടിയണയുന്ന കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായി അയാൾ ആ സ്നേഹത്തിലേക്കു സ്വയം മറന്നു നീങ്ങി.

Saturday, February 5, 2011

ടീച്ചർമാരും ഈ കൂട്ടിൽ....



ഫസ്റ്റ്ബെൽ അടിച്ചു കാണുമെന്നു വെപ്രാളപ്പെട്ടാണു സ്കൂളിന്റെ പടി കടന്നതു. ഭാഗ്യം! മക്കൾ എല്ലാം അനുസരണയോടെ പുറത്തു തന്നെ നിൽ‌പ്പുണ്ട്. ഒരെണ്ണം ക്ലാസ്സിൽ കാണില്ല.ടൈറ്റാനിക്കിൽനായികാനായകന്മാർ നിൽക്കുന്നതു പോലെ മൂന്നാം നിലയിൽ നിന്നു താഴെക്കു നോക്കി നിൽക്കുന്നുണ്ട് ആൺപട. തേഡ് ബെല്ലോടെ ക്ലാസ്സ്ടീച്ചർ സ്വീകരിച്ചു ക്ലാസ്സിലേക്കു ആനയിക്കുന്നതു കാത്തു നിൽ‌പ്പാണ്.

      സ്റ്റാഫ് റൂമിലേക്കു ചെന്നപ്പോൾ എന്തോ ഒരു അപാകത. പതിവിനു വിപരീതമായി രാവിലെ തന്നെ തുടങ്ങിയൊ ചർച്ച.പക്ഷെ, ഉച്ചത്തിലുള്ള അഭിപ്രായങ്ങൾ ഒന്നും കേൾക്കാനുമില്ല.

  ഇതെന്തുപറ്റിന്നു അന്തംവിട്ട് എല്ലാവരെയും നോക്കി നിന്നു കുറച്ചു നേരം.

ന്താ ടീച്ചറെ രാവിലെ ഗൌരവമായി ചർച്ച?

അപ്പോൾ ടീച്ചർ ഒന്നും അറിഞ്ഞില്ലേ?നമ്മുടെ ലീനടീച്ചറിന്റെ ക്ലാസ്സ് ഓർക്കൂട്ടിൽളരെ  ഗൌരവമായിതന്നെ അജ്മി ടീച്ചർ പറഞ്ഞു.

ന്നലെ കുട്ടികളാരോ പറഞ്ഞതു കേട്ടു വിഷ്ണു സാർ രാവിലെ നോക്കിയപ്പോൾ ലീനടീച്ചർ ലൈവായി ഓർക്കൂട്ടിൽ

ർക്കൂട്ടിലല്ല ടീച്ചറേ, യു ട്യൂബിൽ!“  ലേഖ ടീച്ചർ ചാടി വീണു പറഞ്ഞു.

ആ.. ടീച്ചറിന്റെ  ക്ലാസ്സ് നാലുപേർക്കു ഉപകാരമാകട്ടെയെന്നു കരുതി ഏതോ വിരുതൻ ചെയ്ത പണിയാകും

അതെയതെ,ടീച്ചർ നിർമ്മലിനെ എഴുന്നേൽ‌പ്പിച്ചു നിർത്തി നിറയെ വഴക്കു പറയുന്നതും പിന്നെ സാരി കൊണ്ടൊരു ഫാഷൻ ഷോയും ..നാലു പേർക്കല്ല നാട്ടുകാർക്കു മൊത്തം ഉപകാരപ്പെടും” 
ലേഖ ടീച്ചർക്കു കലി തീരുന്നേയില്ല.

ന്നിട്ടു ലീന ടീച്ചറെവിടെ?

ഓഫീസ് റൂമിൽ ആകെ വിഷമിച്ചു ഇരിപ്പുണ്ട്

   അപ്പോഴേക്കും സെക്കൻഡ് ബെൽ കിടുങ്ങി.പ്രാർഥന ചൊല്ലുന്നതിനു മുൻപു ക്ലാസ്സിലെത്തിയില്ലെങ്കിൽ അതു നാട്ടുകാരറിയും. .അത്ര അനുസരണയുള്ള കുഞ്ഞുങ്ങൾ ആണു.ഒന്നാം പീരിയഡ് അവിടെ തന്നെ .

ആദ്യത്തെ പീരിയഡ് കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോഴേക്കും രംഗം  ആകെ മാറിയിരുന്നു.അധ്യാപകരുടെ മുൻപിൽ കുറ്റവാളിയെപ്പോലെ നിൽക്കുന്നു  പ്ലസ്ടുവിലെ അമൽ.

ക്രോസ്സ് വിസ്താരം നടക്കുകയാണു.

നീയാണു ക്ലാസ്സിൽ ക്യാമറയുമായി വരുന്നതെന്നാണല്ലോടാ നിന്റെ ക്ലാസ്സിൽ നിന്നും അറിഞ്ഞതു.നീ തന്നെയല്ലെ ലീന ടീച്ച്രിന്റെ ക്ലാസ് യു ടൂബിൽ ഇട്ടതു. സത്യം പറഞ്ഞൊ. ഇല്ലെങ്കിൽ നീ ഇനി ഇവിടെ പഠിക്കില്ല

“അല്ല സാർ, ഞാനല്ല. സത്യമായും എനിക്കൊന്നും അറിയില്ല

ഇവനിതെത്രാമത്തെ തവണയാണു ഞാനല്ലയെന്നു പറയുന്നതു. കള്ളം പറയുന്നോടാരത് സാർ ചാടിയെണീറ്റു. അദ്ദേഹം ഇതു വരെ രംഗം വീക്ഷിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു   .ഇനി രക്ഷയില്ല. ഒന്നുകിൽ അവന്റെ പണി തീരും അല്ലെങ്കിൽ അവൻ സത്യം സമ്മതിക്കും.ദേഷ്യം വന്നാൽ അസ്സൽ കംസൻ തന്നെ.

അമലിന്റെ കണ്ണുകൾ നിറഞ്ഞു.പേടിച്ചു വിറയ്ക്കാൻ തുടങ്ങി.മെല്ലെ തല താഴ്ത്തി അവൻ ആസത്യം’ പറഞ്ഞു.

അതു ഞാനാണു ചെയ്തതു. അബദ്ധം പറ്റിപ്പോയി. നി ചെയ്യൂല്ല

“പിന്നെന്താടാ സമ്മതിക്കാൻ ഇത്ര ബുദ്ധിമുട്ടു? നീ ക്യാമറ സ്കൂളിൽ കൊണ്ടുവന്നതെന്തിനാ? മൊബൈൽ ആണൊ? എടുക്ക്, ഇന്നു നിർത്തും നിന്റെ കൂട്ടും പാട്ടും

ഞാൻ മൊബൈൽ കൊണ്ടു വന്നില്ല സാറെ

പിന്നേം നുണ പറയുന്നോ?

അതു പെൻ ക്യാമറയായിരുന്നു. സ്കൂളിൽ അനാശാസ്യം നടക്കുന്നതു പിടിക്കാൻ കൊണ്ടു വന്നതാ

 ഇപ്പോൽ ഞെട്ടിയതു ശരത് സാർ. ഈശ്വരാ, ഇവനിനി എന്തൊക്കെയാണൊ അതിലെടുത്തു വച്ചിരിക്കുന്നതു.

ന്തു അനാശാസ്യം നടക്കുന്നതാ നീ കണ്ടതു?

അത്..പതിനൊന്നിലെ ഒരു പെണ്ണും പന്ത്രണ്ടിലെ രണ്ടു ചെറുക്കന്മാരും തമ്മിൽ അനാശാസ്യം നടക്കുന്നുണ്ട് , ഞാൻ കണ്ടതാ

നീ എന്താടാ കണ്ടത്?ശരത്സാറിനു കലിയിളകി.

“അത്...അതവർ തമ്മിൽ എന്നും  ഗേറ്റ്ന്റടുത്തു നിന്നു സംസാരിക്കും.അതു പിടിക്കാൻ കൊണ്ടു വന്നതാ
അതാണോടാ അനാശാസ്യം?എന്നിട്ടതും റെക്കോഡ് ചെയ്തൊ? അതു നീയെവിടെ ഇട്ടു?

ല്ല, അതു കിട്ടീല്ല

ഭാഗ്യം! അല്ലെങ്കിൽ അതും ഇവൻ പരസ്യപ്പെടുത്തിയേനെയല്ലോ

      അവൻ പറഞ്ഞതു പതിനൊന്നാം ക്ലാസ്സിലെ കാണാൻ കൊള്ളവുന്ന ഒരു കൊച്ചിനെ കുറിച്ചാണ്. സംസാരിക്കുന്നതു അനാശാസ്യമായി തോന്നിയെങ്കിൽ അതിന്റെ കാരണം അസൂയ തന്നെയെന്നു മനസ്സിലാകാൻ വലിയ പ്രയാസമില്ലല്ലൊ.

നീയെന്തിനാടാ ലീനടീച്ചറിന്റെ ക്ലാസ്സ് എടുത്ത് യു ട്യൂബിൽ ഇട്ടതു?

അത്...അത്..” അവനിന്നുരുങ്ങുന്നു.

ഞാൻ പറയാം, കഴിഞ്ഞ ദിവസം ഇവനു ഞാൻ രണ്ട് കൊടുത്തു.ക്ലാസ് ടെസ്റ്റിനു അവന്റെ മാർക് പൂജ്യം, അസൈന്മെന്റ് എഴുതീല്ല.എന്തെങ്കിലും പറഞ്ഞാൽ ഉടൻ വരും തർക്കുത്തരം.അതു മാത്രം അറിയാം.ലീന ടീച്ചർ നിന്ന് കലി തുള്ളുന്നു.

കാര്യവും കാരണവും കിട്ടിയ സ്ഥിതിക്കു ഇനി  ഡിസിപ്ലിൻ കമ്മറ്റിക്കു വിടാം.

രീഷ് സാർ തന്നെ ഏറ്റെടുതോളൂ, ഇതിനൊരു തീരുമാനമാക്കണം.ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല

    ഇപ്പോൾ അധ്യാപകർ മൊത്തതിൽ ഞെട്ടി. വാച്ചിലും ബെൽറ്റിലും വരെ ക്യാമറയും കൊണ്ടു നടക്കുന്നയാളാണു പെൻ ക്യാമറക്കാരനുള്ള ശിക്ഷ തീരുമാനിക്കുന്നത്. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.!
....................................                                  ..........................................                                

വാൽക്കഷണം:
 അധ്യാപികമാർ ഇപ്പോൾ തൊട്ടടുത്തുള്ള ചുരിദാർ ഷോപ്പിലേക്കു ഓട്ടം തുടങ്ങി. എന്താ യാലും ഇതിലൊക്കെ വരും. എന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാ1