Tuesday, December 4, 2018

പ്രളയം കൊണ്ടുവന്നത്... കൊണ്ടു പോയതും

ആഗസ്ത് 15, 2018
--------------------------------
തലേന്ന് രാത്രിയിലും തോരാമഴ കണ്ടു rain rain go away എന്നു സ്റ്റാറ്റസ് ഇട്ടിട്ടു കിടന്നുറങ്ങി ഉണർന്നപ്പോൾ വെള്ളം കാട്ടൂർ തോട്ടിലൂടെ കയറി തുടങ്ങി എന്നു കേട്ടു. മെല്ലെ കയറിക്കൊണ്ടിരിക്കുമ്പോൾ മുന്നേ കണ്ടതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചേയില്ല. പിന്നെ പതിയെ പൊങ്ങി തുടങ്ങി. ഉച്ചയോടെ റോഡിൽ നല്ല ഒഴുക്കു തുടങ്ങി. മനുച്ചേട്ടനും ഉണ്ണിക്കുട്ടനും ചങ്ങാടം ഉണ്ടാക്കാൻ പോകുന്നു എന്നു പറഞ്ഞു പോയി. ഒഴുക്കു കൂടുന്നത് കണ്ടു സനാഫനും ഉണ്ണിക്കുട്ടനും കൂടി ശ്രീലക്ഷ്മിയെയും അഞ്ചുവയസുകാരൻ കുഞ്ഞുണ്ണിയെയും ഒൻപതു മാസക്കാരി ചിന്നുവിനെയും പരിയാരത്തു എത്തിച്ചു. അന്നത്തെ വിശ്വാസം അനുസരിച്ചു പരിയാരത്തു വെള്ളം കയറിയ ചരിത്രം ഇല്ലല്ലോ. പറമ്പിലെ വെള്ളം പെയ്ത്ത് വെള്ളമാകും എന്നത് തെറ്റിദ്ധാരണയായിരുന്നു. അമ്മയ്ക്ക് അമ്പലത്തിന്റെ തകിടിയിൽ വെള്ളം കയറിയത് കാണണം എന്നു ആഗ്രഹം. മനുച്ചേട്ടനും  വെള്ളത്തിൽ ഇറങ്ങാൻ മടിയുള്ള ഞാനും കൂട്ടിനു ചെന്നു. പറമ്പിൽ ഇറങ്ങുമ്പോൾ മുട്ടിനു താഴെ വെള്ളം. കുറച്ചു നടന്ന് തോടിനടുത്തെത്തി. അവിടുത്തെ ഒഴുക്കു കണ്ട് അമ്മ പിന്മാറി. എല്ലായിടത്തും കണ്ട് തിരിച്ചു വീട്ടിലെത്തുമ്പോഴും വെള്ളം വീട്ടിൽ കയറുമെന്നു വിചാരിക്കുന്നില്ല പിന്നീട് എല്ലാവരും റോഡിലായി. അടയാളം വച്ചു കയറുന്ന അളവ് പരിശോധിക്കാനുള്ള ശ്രമം. അപ്പോഴേക്കും താമരപ്പിള്ളിലും കൊട്ടാരത്തിലും മുറ്റത്തേക്ക് കയറി തുടങ്ങി. അഞ്ചുമണിയോടെ പരിയാരത്തും മുറ്റത്തേക്ക് വെള്ളം കയറിതുടങ്ങി.

 അതിനിടയിൽ വളരെ സാഹസികമായി അമ്പലത്തിന്റെ താക്കോൽ മനുച്ചേട്ടനെ ഏൽപ്പിച്ചിരുന്നു. വെളിച്ചമില്ലാതെ മഴയത്തു ഒറ്റയ്ക്ക് പോവാൻ വയ്യെന്ന് പറഞ്ഞു ഞാനും കൂടിയാണ് അമ്പലത്തിൽ പോയത്. പോവുമ്പോൾ മുറ്റത്തു പറമ്പിൽ നിന്നും ചെറുതായി വെള്ളം കയറുന്നതെ ഉണ്ടായിരുന്നുള്ളു. തിരികെ ഏഴുമണിയോടെ വീട്ടിലെത്തുമ്പോൾ മുറ്റം നിറഞ്ഞു വെള്ളം. പന്തികേടായി തോന്നിത്തുടങ്ങിയിരുന്നു. നാലു കുഞ്ഞുങ്ങളും കൂടെയുണ്ടെന്നുള്ള തിരിച്ചറിവിൽ വീട് വിട്ടു ഇറങ്ങാൻ തീരുമാനിച്ചു.കുറച്ച് അപ്പുറം മധുച്ചേട്ടന്റെ വീട്ടിലേക്കാണ് പോയത്.

തലേന്ന് മുതൽ കറന്റ്‌ ഇല്ലാതിരുന്നതുകൊണ്ട് ഇൻവെർട്ടർ ഓഫ്‌ ആവും മുന്നേ രണ്ടു ഫോണും ലാപ്ടോപ്പും ചാർജ് ചെയ്തു വച്ചു എന്നതായിരുന്നു അതിനിടയിൽ ചെയ്യാൻ പറ്റിയ ഒരു നല്ലകാര്യം. കുഞ്ഞുങ്ങളെയെടുത്തിറങ്ങുമ്പോൾ ലാപ്ടോപ് മറക്കല്ലേ എന്നു ഓർമിപ്പിച്ചു പോന്നു. അലമാരയുടെ താഴത്തെ രണ്ടു തട്ടുകൾ ഒഴിച്ചു പിന്നെ പരീക്ഷാപേപ്പർ വെള്ളം കയറാത്തയിടം എന്നുറപ്പുള്ള സ്ലാബിന് മേലേക്ക് പ്ലാസ്റ്റിക് കവറും പിന്നൊരു കൂടും പൊതിഞ്ഞു തള്ളിയിട്ടു.

മനുച്ചേട്ടനും അമ്മയും അച്ഛനും കൂടി വീടുവിട്ടിറങ്ങുമ്പോൾ കഴിയുന്നതൊക്കെ ഉയർത്തി വച്ചിട്ട് പോന്നു. ഉറങ്ങാൻ കിടക്കുമ്പോഴും വീട്ടിൽ അങ്ങേയറ്റം മുട്ടുവരെ വെള്ളം കയറിയേക്കും എന്നതായിരുന്നു ധാരണ.

 അഫന്മാർക്കും കൊച്ചമ്മ, ചേച്ചി, ചേട്ടൻ പിന്നെ കുട്ടികൾ എല്ലാവരും കൊട്ടാരത്തിൽ മുകളിലെ നിലയിൽ ഉണ്ടല്ലോ, വെള്ളം ഇറങ്ങുമ്പോൾ അടുത്ത ദിവസം വരാൻ കഴിയുമല്ലോ എന്നൊക്കെയുള്ള വിശ്വാസം കൊണ്ടു കിടന്നു.

ആഗസ്റ്റ് 16,2018
--------------------------
രാവിലെ എഴുന്നേറ്റു വീട് നോക്കാൻ പോയിട്ടു പിന്നെ പോകാൻ തോന്നിയതെ ഇല്ല. കിണറും മുറ്റത്തിരുന്ന സ്കൂട്ടർ, ബൈക്കുകൾ ഒന്നും കാണാനില്ല. കുത്തിയൊഴുകുന്ന പമ്പ വീടിന്റെ മതിലുകൾ തകർത്തു തുള്ളിയുറയുന്നു. ജനലുകളുടെ മുകൾ ഭാഗത്തു തൊട്ടു താഴെ നിൽക്കുമ്പോലെ വെള്ളം. വീടുകളിൽ കൂടിയെല്ലാം കുത്തൊഴുക്ക്. രാവിലെ രാകേഷ് ആണ് ആദ്യം വിളിക്കുന്നത്‌. എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് മുകൾ നിലയിൽ പെട്ടുപോയവരെ രക്ഷപെടുത്താൻ എന്താ വഴിയെന്ന് അല്ലാതെ വേറൊന്നും തോന്നിയില്ല.

കഥയിൽ ഒരു കഥ
--------------------------
 ഏഷ്യാനെറ്റിന്റെ റെസ്ക്യൂ ടീമിനെ കോൺടാക്ട് ചെയ്തിട്ട് അവരുടെ നമ്പർ തന്നു തിരികെ വിളിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു. എന്റെ വീട്ടുകാർ ഉൾപ്പെടെ മുന്നൂറോളം പേര് മുകൾ നിലയിലും ടെറസിലും തട്ടിൻപുറത്തുമായി ഓതറ പുതുക്കുളങ്ങര അമ്പലത്തിനു ചുറ്റും തന്നെയുണ്ടായിരുന്നു. ലൊക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞതനുസരിച്ചു അയച്ചു.
ജിമ്മി എന്നയാളിന്റെ നമ്പറിൽ വിളിക്കുമ്പോൾ "മനുച്ചേട്ടന്റെ വൈഫ്‌ അല്ലേ? " എന്നാണ് ഞാൻ കേട്ടത്. (രാകേഷ് മനുച്ചേട്ടൻ എന്നാവും  പറഞ്ഞു കൊടുത്തത്  എന്നു തോന്നി ).  നിങ്ങളുടെ അനിയത്തി നിഷയും വിളിച്ചിരുന്നു എന്നു പറഞ്ഞു. ഏതു നിഷ എന്നു ചോദിച്ചു. അനിയത്തി എന്നാണ് പറഞ്ഞത്, അവർ കുട്ടിയേയും കൊണ്ട് എറണാകുളം ഹോസ്പിറ്റലിൽ ആണ് എന്നും പറഞ്ഞു. അങ്ങനൊരു ആളില്ലേ എന്നു ചോദിച്ചു. അമ്മയുടെ അനിയത്തിയുടെ മകൾ നിഷയാണ്, അവൾ എന്റെയും അനിയത്തി ആണല്ലോ. അതെ എന്നു പറഞ്ഞു. ആശുപത്രിയിൽ ആണെന്നു കേട്ടാലൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ കൂടുതൽ ചോദിച്ചുമില്ല. ഓരോ മണിക്കൂറിലും അന്വേഷിച്ചു കൊണ്ടിരുന്നു.

വേറെ ഫോൺ ഉണ്ടെങ്കിൽ ആ നമ്പർ കൊടുത്തിട്ടു അതു ഓഫ്‌ ചെയ്തു വയ്ക്കണം എന്നു പറഞ്ഞതനുസരിച്ചു ശ്രീലക്ഷ്മിയുടെ നമ്പറും എന്റെ രണ്ടാമത്തെ ഫോണിലെ നമ്പറും കൊടുത്തു. ഇവർ വരുന്നു എന്ന ഇൻഫർമേഷൻ മുകളിൽ കുടുങ്ങിയവരിലും എത്തിച്ചു. വീട്ടുകാരെയും നാട്ടുകാരെയും അവർ രക്ഷപ്പെടുത്തും എന്ന ശുഭപ്രതീക്ഷയിൽ മുറയ്ക്ക് വിളിച്ചു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞു ശ്രീലക്ഷ്മിയുടെ ഫോണിൽ ഒരു കാൾ വരുന്നു "നിമ്മിച്ചേച്ചിയല്ലേ? " അല്ല എന്നു മറുപടി പറഞ്ഞു വച്ചു. എന്റെ ഫോണിലേക്കൊരു വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പ്. "കലാഭവൻ മണിച്ചേട്ടന്റെ ഭാര്യ നിമ്മിച്ചേച്ചിയല്ലേ, ഞാൻ അക്ബർ. നിങ്ങൾ safe ആണോ?  " നിമ്മി ചേച്ചിയല്ല, പക്ഷെ വെള്ളപ്പൊക്കത്തിലാണ്. എന്നു reply ഇട്ടു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് കൂടുതൽ ചോദിച്ചുമില്ല. പിന്നീട് എനിക്കും കാൾ വരുന്നു "നിമ്മി ചേച്ചിയാണോ, ഞാൻ ഷാഫിയാണ് ".  അല്ല എന്നു പറഞ്ഞു വച്ചു. കുറച്ചു കഴിഞ്ഞു ശ്രീലക്ഷ്മിയുടെ ഫോണിൽ വീണ്ടും മെസ്സേജ്. നാദിർഷായുടെ നമ്പർ ആണെന്നായിരുന്നു  അത്. കാര്യങ്ങൾ ഇങ്ങനെ പോയപ്പോൾ എല്ലാം കൂടി കൂട്ടിച്ചേർത്തു വായിച്ചപ്പോൾ ഒരു സംശയം. ജിമ്മി ആദ്യം ചോദിച്ചത് ഒരു പക്ഷെ മണിച്ചേട്ടന്റെ വൈഫ്‌ ആണോ എന്നാവാം. പോരാത്തതിന് റെസ്ക്യൂ ടീമിൽ സിനിമാക്കാർ (പേര് പറഞ്ഞു തന്നെ ) ഉണ്ടെന്നും പറഞ്ഞിരുന്നു. അനിയത്തി നിഷ നിമ്മിയുടെ അനിയത്തി ആവാം. പോരാത്തതിന് ഞാൻ കൊടുത്ത നമ്പർ ശ്രീലക്ഷ്മിയുടെ ! കലാഭവൻ മണിയുടെ മകളുടെ പേരും അതാണല്ലോ !! അപ്പോഴേക്കും 7 മണി കഴിഞ്ഞിട്ടുണ്ട്. ഇനി നിമ്മിയും വെള്ളത്തിൽ ആണെങ്കിൽ എന്റെ ലൊക്കേഷൻ ആണ് അവർക്കായി പോയിരിക്കുന്നതെങ്കിൽ അവർ പെട്ടുപോവുമല്ലോ എന്നോർത്ത് വീണ്ടും ജിമ്മിയെ വിളിച്ചു. എന്നിട്ട് കാര്യം പറഞ്ഞു. അപ്പോൾ നിങ്ങൾ ആരാണ് എന്നായി. ഞാൻ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചപ്പോൾ എന്റെ പേര് ഉൾപ്പെടെ ആണല്ലോ അയച്ചിരുന്നത് എന്നു പറഞ്ഞപ്പോൾ ok പറഞ്ഞു. അപ്പോൾ വരെ കിട്ടിയ വിവരം അനുസരിച്ചു അവരുടെ ബോട്ട് രണ്ടു തവണ എത്താൻ ശ്രമിച്ചു, വഴിയിൽ കണ്ട ആദ്യത്തെ ആൾക്കാരെ രക്ഷിച്ചു മൂന്നാമത്തെ ട്രിപ്പ്‌ വരുകയാണ്. പക്ഷെ വഴിയിൽ മരം വീണു കിടക്കുന്നു. എന്നാലും ഞങ്ങളുടെ കംപ്ലീറ്റ് ഗ്രൂപ്പ് നിങ്ങളെ ലക്ഷ്യം വച്ചാണ് വന്നു കൊണ്ടിരിക്കുന്നത്. കലാഭവൻ മണിയുടെ സുഹൃത്തുക്കളൊക്കെയുണ്ട് എന്നു വരെ പറഞ്ഞിരുന്നു. അവസാനത്തെ വാചകം കൂടി കേട്ടിട്ടായിരുന്നു എനിക്കു വീണ്ടു വിചാരം ഉണ്ടാവുന്നത്. എന്തായാലും 8:30നോട് ഞങ്ങളുടെ ഏരിയ ക്ലിയർ ചെയ്യും എന്നൊരു ഉറപ്പും തന്നു. സന്തോഷം കൊണ്ടു ആ വിവരം ഉള്ള നമ്പറിലേക്കു അറിയിച്ചു. എന്തായാലും അവർക്കു എത്താൻ കഴിഞ്ഞില്ല.

ഇതോടൊപ്പം തന്നെ എയർക്രാഫ്റ്റ് എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇപ്പോൾ വരും വരും എന്ന പ്രതീക്ഷയിൽ കുറെ നോക്കിയിരുന്നു. ഒടുവിൽ വൈകിട്ട് അവർ എത്തും എന്നു അറിവ് കിട്ടി. വൈകിട്ട് പറഞ്ഞപോലെ അവർ വന്നു. കുറെ കറങ്ങി. ഒടുവിൽ പ്രതികൂല കാലാവസ്ഥകൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നു കൂടി കേട്ട് തളർന്നു തുടങ്ങിയിരുന്നു. 92 വയസായ അഫൻ, എതിരെ വീട്ടിൽ മുകളിലായി 30 ലേറെ ആൾക്കാർ, അതിൽ രണ്ടര വയസുള്ള കുഞ്ഞ്, തട്ടിൻപുറത്തു ഒരു കുടുംബം മൊത്തം... ആരുമായും നേരെ സംസാരിക്കാൻ പോലും കഴിയുന്നില്ല. ഉള്ള ഫോണിൽ കിട്ടുന്നില്ല. ഫോണുകൾ ഓഫ്‌ ചെയ്ത് ഒരു സിം മാറ്റിയിട്ടു എങ്ങനെയെങ്കിലും കണക്ട് ചെയ്യാൻ അവരും ശ്രമിക്കുന്നുണ്ടായിരുന്നു.

 MSM കോളേജിലെ മനോജ്‌ സാറിന് നമ്പർ കൊടുത്തിട്ട് അവർ റെസ്ക്യൂ ടീമിനെ ഏർപ്പാട് ചെയ്യാം എന്നുറപ്പു നൽകിയിരുന്നു. അവർക്കും അന്നേയ്ക്കു പറ്റിയില്ല, എന്നല്ല ആർക്കും പറ്റുന്നതായിരുന്നില്ല. ഫേസ്ബുക്കിലും ഒരു പോസ്റ്റ്‌ ഇട്ടു. ഒത്തിരിപേർ അതു ഏറ്റെടുത്തു. ഒരുപാട് അന്വേഷണങ്ങൾ അതിലൂടെയും വന്നു. കോളേജിൽ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ഒടുവിൽ ഇത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു. നാളെ വീണ്ടും എയർക്രാഫ്റ്റ് വരും ഫുഡ്‌ വേണ്ടി വന്നാലും  അവരെ അറിയിക്കണം എന്നു ഇൻഫർമേഷൻ കിട്ടി. രാവിലെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു വട്ടമിടുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും തന്ന ശേഷം അതുപോയപ്പോൾ സങ്കടം ആയെങ്കിലും. ഭക്ഷണം ബുദ്ധിമുട്ട് ആയി തുടങ്ങിയിരുന്നില്ല. എങ്കിലും പിന്നീട് ഉച്ചയോടെ വീണ്ടും ഭക്ഷണം എത്തിച്ചു.ആവശ്യക്കാർ ഉണ്ടായിരുന്നു.  മനോജ്‌ സർ തന്ന നമ്പർ വച്ചു ബോട്ടിന്റെ സ്രാങ്കിനെ വിളിച്ചപ്പോൾ അവർ കുറ്റൂർ ആണെന്നും കുത്തൊഴുക്കും മരങ്ങളും കാരണം അടുക്കാൻ പറ്റുന്നില്ല എന്നു അറിയിപ്പ് വന്നു.

16 ന് രാവിലെ തന്നെ തിരുവനന്തപുരത്തു നിന്നും അരുണും വിളിച്ചു. കണ്ട്രോൾ റൂം ഹെഡ്ക്വാർട്ടേഴ്‌സ് ബന്ധപ്പെട്ടു നമ്പർ തന്നു. അവർ ഉറപ്പു പറഞ്ഞതാണ്.  ഓരോ മണിക്കൂറിലും അരുൺ വിളിച്ചു കൊണ്ടിരുന്നു. പുതിയ വഴികൾ ഏജൻസികൾ... ഒത്തിരി ശ്രമങ്ങൾ..

 ശ്രീലക്ഷ്മിയുടെ ഫോണും നിശ്ചലമായി. Bsnl അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. അതിൽ എന്റെ രണ്ടു നമ്പറും എപ്പോഴും ശബ്ദിച്ചു കൊണ്ടേയിരുന്നു. ഫോണിന്റെ  അങ്ങേ തലയ്ക്കൽ  ഒരു സമാധാനം, പ്രതീക്ഷ, ആശ്വാസം എന്നിവയായിരുന്നു. സഹപ്രവർത്തകർ, കൂട്ടുകാർ, ബന്ധുക്കൾ, ഒരു പരിചയവും ഇല്ലാത്തവർ, സഹായിക്കാൻ ഇറങ്ങി തിരിച്ചവർ.... ഒരു ദിവസം എത്ര കാൾ എടുത്തു എന്നൂഹിക്കാൻ പോലും കഴിയുന്നില്ല.
 അതിനിടയിൽ 16 ന് സിസേറിയൻ തീരുമാനിച്ചിരുന്ന ഗർഭിണി.. പോവേണ്ട ഹോസ്പിറ്റൽ വെള്ളത്തിലാണ്. എമർജൻസി ഉണ്ടെങ്കിൽ ചെല്ലണം എന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഇത്ര ശ്രമിച്ചിട്ടും ഒന്നും നടന്നില്ല, അപ്പോൾ എമർജൻസിക്ക് എന്താവാൻ ! പിന്നെ അതിനായി വിളി.(അന്ന് സാധിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു ).

 ശ്രീലക്ഷ്മിക്കുള്ള വിളികളും പിന്നെ എന്റെ ഫോണിലായി. ഉണ്ണിക്കുട്ടന്റെ സുഹൃത്തുക്കൾ കഠിന പരിശ്രമത്തിൽ ആയിരുന്നു. മനു, വേലപ്പനുണ്ണി തുടങ്ങിയവർ എനിക്കും പരിചിതരായിഎല്ലാത്തിലും കൂടെ ഒരു കുടുംബത്തിന്റെ ടീം വർക്ക്‌ ആണ് കണ്ടത്. എല്ലാ ശ്രമങ്ങളും പുതുക്കുളങ്ങര എന്ന സ്ഥലത്തിന് മീതെ റെസ്ക്യൂ ടീമിനെ എത്തിക്കാൻ ആയിരുന്നു. എല്ലാം എത്തിയതും ഒരേ പോയിന്റിൽ ആയിരുന്നു.

ആഗസ്റ്റ് 18,2018
----------------------------
18 ന് രാവിലെ ഒരു മരണ വാർത്തയാണ് കേട്ടത്. ചേച്ചി, അപ്പുറത്തെ അപ്പൂപ്പൻ ഇന്നലെ മരിച്ചു. ആരെയെങ്കിലും ഒന്നു വിളിച്ചുപറയെന്നും പറഞ്ഞു അപ്പുറത്തെ പയ്യൻ ഓടി വന്നു. ആരെയൊക്കെയോ വിളിച്ചു പറഞ്ഞു. ഹെലികോപ്റ്റർ വീണ്ടും എത്തിയപ്പോൾ ബോഡി എടുക്കാൻ ആവും എന്നു പ്രതീക്ഷിച്ചു. ബോട്ട് വരും എന്ന അറിയിപ്പിൽ അവർ പോയി. മല്ലപ്പള്ളിയിലുള്ള ഒരുകൂട്ടം ആൾക്കാർ ചങ്ങാടം കെട്ടിയുണ്ടാക്കി കടുത്ത ഒഴുക്കിൽ ബോഡി വാഹന  സൌകര്യമുള്ള സ്ഥലത്തു എത്തിച്ചു.  അതിനിടയിൽ അടുത്ത വാർത്ത വന്നു. രമണി കൊച്ചമ്മയെയും  മാളുവിനെയും  ശ്രീഹരിയെയും എയർ ലിഫ്റ്റിങ് വഴി അവിടെ നിന്നും രക്ഷപെടുത്തി. ബാക്കിയുള്ളവർ ഭയന്നിരുന്നു. വീണ്ടും ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. വെള്ളം കുറെ ഇറങ്ങി തുടങ്ങി. നാളെയ്ക്കെങ്കിലും അവരെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോൾ അടുത്ത അറിയിപ്പ്. കക്കി ഡാം വീണ്ടും തുറക്കുന്നു. വീണ്ടും ടെൻഷൻ. പമ്പാവാലിയിലെ കഥയറിയാൻ ബിബിൻ സാറിനെ വിളിച്ചു. "പേടിക്കേണ്ട ടീച്ചറെ, ഒരുപാടൊന്നും കൂടില്ല. ഇവിടിപ്പോൾ ഒരു കനത്ത മഴയ്ക്കുണ്ടാവുന്ന ഒഴുക്കേയുള്ളു. ". സമാധാനം. എങ്കിലും രാത്രി മൈക്ക് വച്ചുകെട്ടി അന്നൗൺസ്‌മെന്റ് കേട്ട് ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഭാഗ്യം ! പിറ്റേന്ന് വെള്ളം കുറഞ്ഞിട്ടേയുള്ളു. (ഈ അറിയിപ്പ് 15 ന് തന്നിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നല്ലോ എന്നു മനസ്സിൽ ഓർത്തു.)

ആഗസ്റ്റ് 19,2018
------------------------
19 ന് ബോട്ട് എത്തി. അപ്പോഴേക്കും തട്ടിന്മുകളിൽ കുടുങ്ങിയ സ്മിത ചേച്ചിയും ചേട്ടനും കുട്ടികളും കൊട്ടാരത്തിൽ എത്തിയിരുന്നു. ജയൻ ചേട്ടൻ, സുമചേച്ചി വല്യഫൻ എന്നിവർ ബോട്ടിൽ പോയി. എതിരെയുള്ള വീട്ടിലുള്ളവരും.

കോസ്റ്റ് ഗാർഡ് ആൾക്കാർ വന്നിരുന്നു എങ്കിലും 18 ന് അവരുടെ മോട്ടോർ കേടായി. പിറ്റേന്ന് വടം വലിച്ചുകെട്ടി അതിൽ പിടിച്ചു ഒഴുക്കിനെ നേരിട്ട് വരാൻ ശ്രമിച്ചപ്പോൾ ആരും വന്നില്ല. ഒഴുക്കിൽ പിടിവിട്ടാൽ വെള്ളത്തിലാകും എന്ന ഭയം. പോരാത്തതിന് വെള്ളം ഇറങ്ങുന്നു എന്ന വിശ്വാസവും. പിന്നീട് ഉച്ചയാവാറാകുമ്പോൾ സ്മിത ചേച്ചിയെയും ചേട്ടനെയും എല്ലാവരും കൂടെ ഇക്കരെ കടത്തി. പിന്നാലെ ബാക്കിയുള്ളവരെയും. അപ്പോഴേക്കും ചുറ്റുപാടും എല്ലായിടവും ആളുകൾ സുരക്ഷിതരായി എത്തിയിരുന്നു.

പിന്നീട് സഹായങ്ങൾ ആയിരുന്നു. പല സംഘടനകൾ, ജനമൈത്രി പോലീസ് എന്നിവർ എത്തി. പുനലൂർ നിന്നും എന്റെ സുഹൃത്ത് ജയപ്രകാശ് ലക്ഷകണക്കിന് രൂപയുടെ സാധനങ്ങളുമായി ഓരോ വീടിലും കയറി.

ഇത് നാലഞ്ചു ദിവസത്തെ മാനസിക സംഘർഷത്തിന്റെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത ചിത്രം ആണ്.സഹായിക്കാൻ ശ്രമിച്ചവരെ  പേരെടുത്തു പറയാൻ നൂറിലേറെ ഉണ്ടാവും.  അന്വേഷങ്ങളും പ്രാർത്ഥനകളും ആയിരക്കണക്കിന്.
പക്ഷെ അതാതു നാട്ടിലുള്ളവർക്ക് അഭയം ആയ കുറെ വീടുകൾ, സ്വന്തം വീട്ടുകാരെപ്പോലെ കണ്ട ആ വീട്ടുകാർ. നാട്ടിലെ എന്തിനും ശ്രമിക്കാനും പ്രവർത്തിക്കാനും കഴിവുള്ള യുവാക്കൾ... ഒരു ടീം വർക്ക്‌ ആയിരുന്നു. എല്ലാത്തിനും മേൽ കെട്ടുറപ്പുള്ള ഒരു കുടുംബത്തിന്റെ ഭാഗമായതിൽ ഉള്ള സന്തോഷം.ഓരോ സ്ഥലങ്ങളിൽ ഇരുന്നു അവർക്ക് പറ്റാവുന്നതിന്റെ, ഇവിടെ കഴിയാവുന്നതിന്റെ അങ്ങേയറ്റം എത്തിച്ച കുടുംബാംഗങ്ങൾ, പ്രാർത്ഥനയോടെ ഇരുന്നവർ.. അറിയാം എല്ലാവരെയും. ഒരു ഭേദവും ഇല്ലായിരുന്നു. എന്റെ സഹപ്രവർത്തകർ, എനിക്കറിയാത്ത അന്യ നാടുകളിൽ ഇരുന്നു ഇതിൽ പങ്കാളികൾ ആയവർ...എന്റെ കുട്ടികൾ, അവരുടെ രക്ഷകർത്താക്കൾ, നേവി, ആർമി.. സർക്കാർ ഏജൻസികൾ. SI യും CI യും റിപ്പോർട്ട്‌ അല്ല കേട്ടത്, കൃത്യമായ നിർദേശങ്ങളും സമാധാനം തരാനുള്ള ശ്രമവും ആയിരുന്നു. ഡൽഹി IIT യിൽ നിന്നുള്ള അരവിന്ദൻ ചേട്ടന്റെ സുഹൃത്ത്, അന്യ നാടുകളിൽ നിന്ന് എത്രയോ ആൾക്കാർ !!!!! എനിക്കാരെയും അറിയില്ലായിരുന്നു. പക്ഷെ, എല്ലാവരും സുരക്ഷിതരായി എന്നു കേട്ടതിനു ശേഷമാണു അവർ പിന്മാറിയത്. എന്റെ സുഹൃത്തുക്കൾ ഇപ്പോഴും പിന്മാറിയിട്ടില്ല. ക്ലീനിങ്ങും മറ്റു സഹായങ്ങളുമായി അവർ  ഇപ്പോഴും ഉണ്ട്.

നാടിന്റെ ഭീകരമായ അവസ്ഥയുടെ താരതമ്യേന ഭീകരത കുറഞ്ഞവ ആണു ഇവിടെ പറഞ്ഞത്. ആർക്കും അടുക്കാൻ കഴിയാത്ത വിധം ഒഴുക്കും നിറഞ്ഞ മരങ്ങളും  ഇവിടെ തടസ്സമായിരുന്നു.ചുറ്റുപാടും ഇതിലും ഭീകരമാണ് കാര്യങ്ങൾ. ഇനി അതിജീവനം ആണു. കയറിവരും എല്ലാവരും. നഷ്ടങ്ങളുടെ കണക്കു നോക്കുന്നില്ല.

Thursday, February 14, 2013

ദൈവമേ! കൈ തൊഴാം....


കോളേജ് മതില്‍ക്കെട്ട് കടന്നപ്പോള്‍ തന്നെ മനസ് തണുത്തു.പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാല്‍ യുവമനസ്സുകളുടെ ഊര്‍ജ്ജം മെല്ലെ തന്നിലേക്കും പകര്‍ത്തപ്പെടുന്നത് തിരിച്ചറിയാനാകുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണം ചിലപ്പോഴെങ്കിലും മനസിനെ ബാധിക്കുന്നത് വീട്ടുകാര്യങ്ങള്‍ ചിന്തിക്കുമ്പോഴാണ്. വാക്കിംഗ് സ്റ്റിക്ക് ഊന്നി പതിയെ നടന്നു മുകള്‍ നിലയിലെ  സ്റ്റാഫ് റൂമിലെത്താന്‍ കുറെ നേരമെടുക്കും. പടിക്കെട്ടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഡോക്ടറുടെ ഉപദേശവും നടക്കാന്‍ തന്നെയാണ്.
ആരും എത്തിയിട്ടില്ല. പത്തുമിനിറ്റ് വിശ്രമിക്കാം.കസേരയില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാനും ബുദ്ധിമുട്ട് തന്നെ .മൂന്നാമത്തെ പീരിയഡ് ക്ലാസ് ഉണ്ട്.പോസ്റ്റ്‌ ഗ്രാജ്വേറ്റ് ക്ലാസ്, മാത്തമാറ്റിക്കല്‍ ഫിസിക്സിന്റെ പുസ്തകം കൂട്ടത്തില്‍ നിന്നും കണ്ടുപിടിച്ചു. അതൊന്നു എടുക്കാനാണ് പ്രയാസം, എന്തൊരു ഭാരം. അടുത്ത്‌ ഒരു നിഴല്‍ അനങ്ങിയപോലെ. ഒന്നാം വര്‍ഷക്കുട്ടികളില്‍ ആരോ ആണ്.
"ഡോ , ഇങ്ങു വാ..താനീ ബുക്ക്‌ ഈ മേശപ്പുറത്തേക്ക് ഒന്ന് വച്ചേ" ..
പയ്യന്‍ കേട്ടപാതി ഓടി വന്നു ആ പുസ്തകമെടുത്ത് മുന്നിലെക്കിട്ടു.  കുരുത്തംകെട്ടവന്‍ അത് കയ്യില്‍ തന്നെയെടുത്തിടുമെന്നു സ്വപ്നത്തില്‍ വിചാരിച്ചില്ല. ചെറുവിരല്‍ ചതഞ്ഞു കാണും, നല്ല വേദന..
പുസ്തകം തുറക്കാന്‍ നോക്കിയപ്പോള്‍ കൈ വിറയ്ക്കുന്നു. ഒരു വിധം തുറന്നു വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണാന്‍ അതിലേറെ പ്രയാസം. അല്ലെങ്കില്‍ തന്നെ എന്തിന്നാ ബുക്ക്, എത്ര നാളായി പഠിപ്പിക്കുന്നു! ഒരു സമാധാനത്തിനു ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. ഇതിങ്ങനെ തന്നെയാവും അവസാനിക്കുക എന്നറിഞ്ഞാലും ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടില്ലെങ്കില്‍ സമാധാനമില്ല.
പത്തുമണിയായപ്പോഴേക്കും  ഓരോരുത്തരായി എത്തിച്ചേരുന്നു. അവസാനം ജോലിയില്‍ പ്രവേശിച്ച പയ്യന്‍ ചാടി തുള്ളി നടക്കുന്നു. കണ്ടപ്പോള്‍ ഒരു നഷ്ടബോധം.
ശ്രീജ ടീച്ചര്‍ പുസ്തകം ടേബിളില്‍ വച്ച് ഉറങ്ങിപ്പോയെന്നു തോന്നുന്നു. അത് കണ്ടു മുരളി സര്‍ മോണകാട്ടി ചിരിച്ചു.ചെറിയ ചിരി വന്നത് പെട്ടെന്ന് തന്നെ മാഞ്ഞുപോയി, സ്വയം ബോധം.. രഞ്ജിത്ത് സാറിന്റെ വാക്കിംഗ് സ്ടിക് പുതിയതാണെന്ന് പറഞ്ഞിരുന്നു. ജി.പി.എസ. സൗകര്യം ഉള്ളതാനത്രേ. ഓര്‍മ്മകുറവുള്ളത്കൊണ്ട് കൊച്ചുമകള്‍ സമ്മാനിച്ചതാണ്‌.
മനോഹരമായി വേഷം ധരിച്ച ഒരു പെണ്‍കുട്ടി വലിയ ബാഗും തൂക്കി കടന്നു വന്നു. അതിലേറെ പ്രസരിപ്പുള്ള ചിരിയും.
" സര്‍ , ഇത് ഞങ്ങളുടെ പുതിയ പ്രൊഡക്ട്സ് ആണ്, വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഞങ്ങളുടേത് എന്നറിയാമല്ലോ, ആയുര്‍വേദ മരുന്നുകള്‍ ഗുണമേന്മയോട് കൂടി തയാറാക്കിയെടുക്കുന്നതാണ്. ഒന്ന് പരീക്ഷിച്ചു നോക്ക് സര്‍."
ശ്രീജ ടീച്ചര്‍ പിണ്ഡതൈലം വാങ്ങി..ഇനി അതായിട്ടു നോക്കാതിരിക്കേണ്ട എന്ന് കരുതിയാവും. കുട്ടിയുടെ ചുറുചുറുക്ക് കൊണ്ടു  എന്തൊക്കെയോ എണ്ണയും കുഴമ്പും ചെലവായികിട്ടി  .
അടുത്ത പീരിയഡ് ആയിരിക്കുന്നു.സ്രീനിസാരിന്റെ കുട്ടികള്‍ സാറിനെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നു.ജോബ്‌ സാറും തന്റെ വാക്കറില്‍ പിടിച്ചു എഴുന്നേറ്റു. രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷമാണ് സാര്‍ ഇങ്ങനെയായത്. ഒന്ന് മയങ്ങി .. ആരോ തട്ടിയപ്പോള്‍ കണ്ണ് തുറന്നു. ജോബ്‌ സാര്‍ ..
" ഹരി സര്‍ അടുത്ത അവര്‍ ആയി , ഉറങ്ങിപ്പോയോ?"
ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റു.
:ആ , ക്ലാസ് ഉണ്ട്"
ക്ലാസ് റൂം തൊട്ടടുത്ത് ആയതു സൗകര്യം തന്നെ.പ്രോജക്റ്റര്‍ ഓണ്‍ ചെയ്തിട്ടിട്ടുണ്ടാവും.പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആണ് എളുപ്പം. എങ്കിലും പ്രോബ്ലം ചെയ്യിക്കേണ്ടി വരും.ഇരുന്നു തന്നെ പറഞ്ഞു തുടങ്ങി.പതിവിനു വിപരീതമായി നല്ല ശാന്തത , പഠിപ്പിക്കാന്‍ നല്ല സുഖം തോന്നി.ഒരു പ്രോബ്ലം അവരോടു ചെയ്യാന്‍ പറഞ്ഞു കൂടെ ഒരു ചെറിയ മയക്കം വന്നു . പെട്ടെന്ന്  തന്നെ ബോധത്തിലേക്ക്‌ തിരികെ വന്നു.
"പ്രോബ്ലം ചെയ്തോ കുഞ്ഞുങ്ങളെ?"
ഉത്തരമില്ല. മുന്നിലിരിക്കുന്നവന്‍ കൈ കൊണ്ടെന്തോക്കെയോ കാണിക്കുന്നു, മറ്റുള്ളവരുടെ പലരുടെയും മുഖഭാവം കണ്ടിട്ട്‌ കൊഞ്ഞനംകുത്തുന്നപോലെ . കടുത്ത ദേഷ്യം വന്നു.പ്രഷര്‍ കൂടാതെ നോക്കണമെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുള്ളതാണ്. ഇത് പക്ഷെ..
"കാലവിശേഷം! അഹങ്കാരികള്‍, പ്രായം കുറെയായില്ലേ നിനക്കൊക്കെ,  ഇനിയെന്നാ വകതിരിവ് ഉണ്ടാകുക. പി.ജി ആണെന്നും പറഞ്ഞു വന്നിരിക്കുന്നു. ഇറങ്ങിപ്പൊക്കോണം. മര്യാദയില്ലാത്ത വര്‍ഗ്ഗം! " നിയന്ത്രണം വിട്ടു പോയി.
 മുന്നിലിരുന്ന പയ്യന്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് വന്നു. എന്തിനുള്ള പുറപ്പാടാണോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ കൈ നീണ്ടു ചെന്ന് ചെവിയില്‍ നിന്ന് വിട്ടു പോയ ശ്രവണസഹായിയെ തിരികെ പ്രതിഷ്ടിച്ചു.  ശബ്ദം! ഈശ്വരാ!
ജാള്യത മറയ്ക്കാന്‍ വല്ലാതെ പാടുപെട്ടു.വയസുകാലത്ത് സ്വസ്ഥമായി വീട്ടിലിരിക്കെണ്ടതാണ്. രോഗങ്ങളുടെ കൂമ്പാരം പോലെ നടന്നിട്ടും ഓരോ വര്‍ഷവും കരുതും ഈ വര്‍ഷം കൂടി, അടുത്ത വര്‍ഷം വി.ആര്‍.എസ എന്ന്!!  പണം ആര്‍ക്കും കയ്ക്കില്ലല്ലോ. വീണ്ടും ഇങ്ങനെ തന്നെ. പെന്‍ഷന്‍ പ്രായം കൂട്ടിയ യു.ജി.സി യെ പരപരാ പ്രാകിക്കൊണ്ട്‌ ക്ലാസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോന്നു..