“വരുവാനില്ലാരുമീ വിജനമാമീവഴിക്ക്....” എന്നു പാട്ടും പാടിയിരിക്കയായിരുന്നു...
ഒരു പാദപതനം... അടുത്തേക്കു വരുന്നു.
എന്നെ തിരഞ്ഞാവണേയെന്നു നിശ്ശബ്ദം പ്രാർത്ഥിച്ചു.
ഈ ഞെരുക്കത്തിൽ നിന്നു ഒരു ആശ്വാസമായെങ്കിൽ
ഒരു കൈ..... നീളുന്നതെന്റെ നേർക്കു തന്നെ.
സ്നേഹം നിറഞ്ഞ മിഴികൾ എന്നെ തിരയുന്നില്ലേ..
വെളുത്തുനീണ്ടൊരെന്റെ മേൽ വാൽസല്യത്തോടെ തഴുകുന്നു..
ഹാ! ഇതാ ഞാൻ മോചിപ്പിക്കപ്പെടുന്നു.
“Take her up tenderly
Lift her with care
Fashion’d so slenderly
Young , and so fair”
അലയടിക്കുന്ന ആനന്ദത്തിരകളിൽ സ്വയം മറന്നു..
പിന്നെപ്പോഴൊ കണ്ണുതുറന്നപ്പോൾ ഉത്സവപ്പറമ്പു പോലെ.
പൂത്തിരി കത്തുന്ന കണ്ണുകളുമായി എന്നെതന്നെ പ്രതീക്ഷിച്ചിരിക്കുന്നല്ലോ...
അക്കൂട്ടത്തിലേക്കു നഷ്ടപ്പെടുവാൻ മോഹിച്ചു..
പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
ഞാനീയിരുളിൽ ഉരഞ്ഞു ചേരുന്നു.... വേദന..വേദന..
എത്ര ദൃക്ക്സാക്ഷികൾ!... ആരും പ്രതികരിക്കുന്നില്ല
സ്വയം അരഞ്ഞു തീർന്ന് വെളിച്ചം പകരുകയാണു ഞാൻ ..
കറുപ്പിൽ വെളുപ്പായി.. ഇരുളിൽ പ്രകാശമായി മാറുന്നു.
ഒരു നിമിഷം തല എവിടെയോ തടഞ്ഞു..
നിഷ്കരുണം കിട്ടി ഒരു തട്ട്.
ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.
ഇടയിലെപ്പോഴോ കാൽ വഴുതി ഞാൻ നിലത്തു വീണു..
ഒരു കൈ എന്റെ നേർക്കു നീളുമെന്നു പ്രത്യാശിച്ചു.
ക്രൂരമായ അവഗണന ... സഹിക്കാൻ കഴിയുന്നില്ല.
ആരോ ചവിട്ടി മെതിക്കുന്നു.
ശരീരം തകരുന്ന വേദന...
ദയനീയമായ നിലവിളി ചുവരുകൾ പോലും കേട്ടില്ല..
കറുപ്പിനെ വെളുപ്പാക്കാത്ത..വെളുപ്പിനെ നശിപ്പിക്കുന്ന
കറുത്തതൊപ്പി വച്ച സുന്ദരന്മാർ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
“നിലത്തുവീഴാതെ നോക്കാൻ..., വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ“ അവർ പറഞ്ഞതു എന്തായാലും ഞാൻ കേട്ടതു ഇതു തന്നെ !!