Monday, November 22, 2010

നായൊരു നല്ല മൃഗം ?

             "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ്‌ ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും  കണ്ടാല്‍ ഞാന്‍ അത്യാവശ്യം   സ്നേഹം  കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു  അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി  വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു       .        
                                                                                                                                                                                                                                                                                                        നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍  . അത് ചത്തതിനു ശേഷം അതിന്റെ മോള്‍  'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .

                                        പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക്  പഠിക്കുന്ന സമയം.  രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ്‌ സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട്  . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത്‌  മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും  ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ  നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .

                                    അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ്‌ അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട്  ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക്‌  എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .

                                         ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത്‌ എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി  വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ  തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട്‌ എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.  ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും .  ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.

                   എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു .  നല്ല വരമ്പില്‍ നിന്നും പാറയിലേക്ക്‌  കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക്‌ . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ  നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .

         " മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.

                      ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .

                     "അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.

                   കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ  എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌ .

                            ഈ സംഭവത്തിന്‌ ശേഷം ചിത്രത്തിലും  സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ  കണ്ടാലും  എറിയാന്‍  കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത്‌ എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .

Thursday, October 28, 2010

അസാമാന്യ ബുദ്ധി !

                        ഇത് ഒരു നാടിനെ കുറിച്ചുള്ള ചില കൊച്ചു കഥകളാണ് . മന്ദബുദ്ധികള്‍ അത് എന്റെ നാടിനെ കുറിച്ചാണെന്ന് പറഞ്ഞേക്കും. സത്യമായും അല്ല .

                        ഊപ്പശ്ശേരി  എന്ന കൊച്ചു ഗ്രാമം .അവിടെ വളരെ നല്ലവരായ കുറെ നാട്ടുകാരും  . ആ നാടിനു ഒരേ ഒരു കുഴപ്പമേയുള്ളു , ആള്‍ക്കാരുടെ ബുദ്ധി അല്പം കൂടി  പോയി .  അവിടത്തെ ക്ഷേത്രത്തിലെ ദേവന്‍ എപ്പോഴോ ശപിച്ചതാണ് , അങ്ങനെ അവര്‍ക്ക്   സാമാന്യ ബുദ്ധി ഇല്ലാതായി  . എന്നുവച്ചാല്‍  അസാമാന്യ ബുദ്ധി.!

                  ഈ ബുദ്ധി വെളിവാക്കുന്ന ഒരുപിടി കഥകള്‍ ഇപ്പോഴും അവിടെ പ്രചരിക്കുന്നുണ്ട് .  വലിയ കഥകള്‍ അല്ലാത്തതിനാല്‍ ചെറിയ സംഭവങ്ങള്‍ ആയിട്ട് പറയാം .

                           ഒന്നാമത്തെ കഥ ;
                                                ഒരു അടക്കാമരം നിറയെ കായ്ച്ചു  നില്‍ക്കുന്നു. പാകത്തിന് പഴുത്തു നില്‍ക്കുന്ന അടയ്ക്ക കണ്ടപ്പോഴേ ഒന്ന് മുറുക്കാന്‍ തോന്നി പോയി . അങ്ങനെ നാലഞ്ച് പേര്‍ ചേര്‍ന്ന്  താഴെ നിന്ന് ഏറു തുടങ്ങി . കല്ലും കമ്പും എല്ലാം ഉപയോഗിച്ച് എറിഞ്ഞു നോക്കി. പക്ഷെ ഒന്നും വീഴുന്നില്ല.
                    കൂട്ടത്തില്‍ ഒരാള്‍ കാരണം കണ്ടു പിടിച്ചു , " ഏറു കൊള്ളുന്നതെല്ലാം പാളയില്‍ ആണ്, പിന്നെങ്ങനെ അടക്ക വീഴും"

                      ഉടന്‍ ബുദ്ധി പ്രവര്‍ത്തിച്ചു . കൂട്ടത്തില്‍ ഒരാള്‍ ചെന്ന് അടക്ക മരത്തില്‍ കയറി . തടസ്സമായി നിന്ന പാള  എടുത്തു  കളഞ്ഞു  വിജയശ്രീലാളിതനായി തിരിച്ചിറങ്ങി .
         
                  ഇനി എന്തോന്ന്  പറയാന്‍ , വീണ്ടും ഏറു തുടങ്ങി . അത്ര തന്നെ 
            

                  രണ്ടാമത്തെ കഥ :

                  ഒരു തത്തമ്മയെ പിടിക്കണം. മാര്‍ഗ്ഗങ്ങള്‍ പലതും ആലോചിച്ചു . "എറിഞ്ഞു വീഴ്ത്താം, പക്ഷെ തത്തമ്മ ചത്ത്‌ പോകില്ലേ .  വിഷം വച്ചാലും ചത്ത്‌ പോകും . വല വിരിച്ചാല്‍ തത്തമ്മയ്ക്ക്  മനസ്സിലാകും അതിനെ പിടിക്കാന്‍ ആണെന്ന് , പിന്നെ അത്  വരില്ല ."

              ബുദ്ധി ഉണര്‍ന്നു,എല്ലാവര്ക്കും സ്വീകാര്യമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെട്ടു ,

   " തത്തമ്മയുടെ കണ്ണിനു മുകളില്‍ വെണ്ണ വയ്ക്കണം. തത്തമ്മ വെയിലത്ത്‌  ഇറങ്ങി  നടക്കുമ്പോള്‍ വെണ്ണ ഉരുകുമല്ലോ. അപ്പോള്‍ അതിനു കണ്ണ് കാണാതാകും. പിന്നെ എളുപ്പം പിടിക്കാം "

                  ഇനി മൂന്നാമത്തെ കഥ :

                              നന്നായി അധ്വാനിക്കുന്ന കൃഷിക്കാരാണ്  ഈ നാട്ടുകാര്‍ . ചേന , കപ്പ , കിഴങ്ങ്, കാച്ചില്‍തുടങ്ങി എല്ലാ തരാം കൃഷിയും ചെയ്യുന്നുണ്ട്.  കിഴങ്ങും കാച്ചിലുമൊക്കെ പടര്‍ന്നു തുടങ്ങിയാല്‍ പിന്നെ വേലി കെട്ടിയോ കമ്പ് നാട്ടിയോ അതിനെ പടര്‍ത്തി വിടണം .


                             അങ്ങനെ കാച്ചില്‍ പടര്‍ത്താനുള്ള ഒരു എളുപ്പ വഴി കണ്ടെത്തി . മുളയുടെ  കമ്പ്   വളച്ചു കൊണ്ട് വന്നു  അതില്‍ വള്ളി ചുറ്റി കെട്ടി പടര്‍ത്തി വിട്ടു .  പിന്നെ കിഴങ്ങ് ഉണ്ടാകുന്നതു ആകാശത്ത്  തന്നെ .

                         തല്ക്കാലം ഇത്രയും കഥകള്‍ മതി എന്ന് തോന്നുന്നു . ഇതിനു അനുബന്ധമായി  ചില പുതിയ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു ഉണ്ടാക്കുന്നുണ്ട് .  ജനറേറ്റര്‍  ആദ്യമായി  കൊണ്ട് വന്നപ്പോള്‍ കറണ്ട്‌ തരുന്ന ദൈവം വന്നു എന്ന് പറഞ്ഞു മാല ഇട്ടെന്നും, ഓട്ടോ റിക്ഷ കണ്ടു മലവണ്ട്‌  വരുന്നേ എന്ന് നിലവിളിച്ചോടി എന്നും പുതിയ കഥകള്‍ ആണ്.

                       ഇതൊക്കെ അവരുടെ  ബുദ്ധി ഇല്ലായ്മയുടെ കഥയായി   തോന്നിയെങ്കില്‍ ഇത് കൂടി വായിച്ചിട്ട് പറയണം.  അതി ബുദ്ധിമാന്‍ ആയിരുന്ന ഐസക്‌  ന്യൂട്ടന്റെ കഥ. ന്യൂട്ടന്‍ ഒരു മുയല്‍ കൂട് പണിതു . പണി തീര്‍ത്ത കൂടിനു രണ്ടു വാതില്‍.  കണ്ടു നിന്ന ആരോ ചോദിച്ചു 'ഇതെന്തിനാണ് രണ്ടു വാതില്‍ " .

              " വലിയ മുയലിനു കയറാന്‍ വലിയ വാതിലും, ചെറുതിന് ചെറിയ വാതിലും"  ന്യൂട്ടന്റെ മറുപടി.
                 ഇത് കഥയല്ല, സംഭവിച്ചതാണ് . അപ്പോള്‍ മുകളില്‍ പറഞ്ഞ കഥകളും  ബുദ്ധി കൂടിപ്പോയവരുടെ ആണെന്നെ കരുതാന്‍ പറ്റു.

     ........................................................................................................................

                  മുകളില്‍ പറഞ്ഞ ഗ്രാമത്തിന്റെ പേര് വെറും  സാങ്കല്പികം മാത്രം . ഇനി അങ്ങനെങ്ങാനും വല്ല നാടും ഉണ്ടെങ്കില്‍ ....