Thursday, June 28, 2012

തേക്കുമരവും കണ്‍സള്‍ട്ടന്റും പിന്നെ ഞാനും.


ഫോണ്‍ ഒച്ചവയ്ക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. കാള്‍ എടുത്ത്‌ പൂര്‍ത്തിയാകാത്ത ഉറക്കം തുടരാന്‍ കണ്ണടച്ചു തന്നെ  ഹലോ പറഞ്ഞു.

“ഹലോ , ഗുഡ്‌ മോണിംഗ് സര്‍ ,ഞാന്‍ രാജീവാണ് “
“ങാ , ഗുഡ്‌ മോണിംഗ് ,  എന്താ ഈ കൊച്ചുവെളുപ്പാന്‍കാലത്തെ? ?”
“സമയം എഴരയായി സര്‍ , ഇന്നലെയും ഞാന്‍ സാറിനെ വിളിച്ചിരുന്നു 

ഒന്ന് ഞെട്ടി. ഏഴരയോ!ടെന്‍ഷന്‍ കാരണം ഇന്നലെ ഉറക്കം വന്നതേയില്ല. മൂന്നു മണിയായിക്കാണും ഒന്ന് കണ്ണടച്ചപ്പോള്‍ .രാവിലെ ഉറങ്ങിപ്പോയിരിക്കുന്നു.
“സര്‍ ഒന്നും പറഞ്ഞില്ല, വണ്ടി ബുക്ക്‌ ചെയ്യുകയല്ലേ ?”

“എനിക്കൊന്നുകൂടി ആലോചിക്കണം. എന്നിട്ട് പറയാം “
“സര്‍ കാഷ് ഡിസ്കൌണ്ട് ഈ മാസം കൂടിയേ ഉള്ളൂന്നറിയാമല്ലോ,പിന്നീടെനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല “
“എനിക്കുടനെ പറ്റില്ലാന്നു ഞാന്‍ പറഞ്ഞതല്ലേ ?”
അറ്റ്‌ ലീസ്റ്റ് സര്‍ ട്വെന്റി ഫൈവ്‌ തൌസന്റ് തന്നു ബുക്ക്‌ ചെയ്തെങ്കിലും ഇട്ടാല്‍ ലോണ്‍ ശരിയാകുമ്പോഴെക്ക് ബാക്കി ഡൌണ്‍ പേമെന്റ് അടച്ചാല്‍ മതിയാകും. ഇന്ന് ഞാന്‍ സാറിനെ കാണാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് ”

മറുപടി പറയും മുന്‍പ് പയ്യന്‍ ഫോണ്‍ വച്ചുകഴിഞ്ഞു . ഉടുമ്പിന്റെ പിടിയാണ് പിടിച്ചിരിക്കുന്നത്.
ഉറക്കം മുഴുമിക്കാത്തതിന്റെ നീരസം തോന്നിയെങ്കിലും സമയബോധം കൊണ്ട് ചാടിയെഴുന്നേറ്റു.രാവിലെ മരം മുറിക്കാന്‍ ആളു വരാമെന്നു പറഞ്ഞിട്ടുണ്ട്.എല്ലാം കൂടെ രണ്ടുലക്ഷത്തിനുമേലെ വില പറഞ്ഞുറപ്പിച്ചതാണ്. ഒന്‍പതുമണിക്ക്‌ ആളുമായെത്താമെന്നു പറഞ്ഞാണ് അഡ്വാന്‍സ്‌ തന്നു ഉണ്ണിപ്പിള്ള പോയത്.

പല്ലുതേപ്പ് കഴിഞ്ഞ് അടുക്കളയിലേക്കു ചെന്ന്‍ ശ്രീമതി തന്ന ചൂട് കാപ്പി കുടിക്കുന്നതിനിടെ മോളെ അന്വേഷിച്ചു .

“ഓ ! നിങ്ങടയല്ലേ സന്തതി.ഉണര്‍ന്നിട്ടില്ല.രണ്ടുമൂന്നു തവണ ഞാന്‍ പോയി വിളിച്ചുനോക്കി .എവിടെ! കേട്ടഭാവമില്ല. മാസമൊന്നു കഴിഞ്ഞാല്‍ വല്ലവീട്ടിലും പോയി പൊറുക്കേണ്ട പെണ്ണാ.നിങ്ങളൊരുത്തനാ  കൊഞ്ചിച്ചു വഷളാക്കിയത്.”

പണമുണ്ടാക്കാന്‍ ജീവനെടുത്തു നടക്കുമ്പോഴാ അവളുടെ പരാതിക്കെട്ട്. രാവിലെ വയര്‍ നിറഞ്ഞു.

“ആ .. അവളെങ്ങനെലും ജീവിച്ചോളും.പിള്ളേച്ചന്‍ മരം മുറിക്കാന്‍ ആളുമായി ഇപ്പോഴെത്തും.”

തെക്കുവശത്ത് നില്‍ക്കുന്ന തേക്കുമരം മുറിക്കുന്നതോര്ത്തപ്പോള്‍ ഒരു അങ്കലാപ്പ് .അത് അതിരിലാണെന്ന് കുമാരന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുമാരന്‍ സര്‍വേക്കല്ല് മാറ്റിയിട്ടെന്ന് തനിക്കും സംശയം ഉണ്ട്. കോലാഹലമില്ലാതെ മുറിച്ചുകിട്ടിയാല്‍ മതിയായിരുന്നു.

വീണ്ടും ഫോണ്‍ ഒച്ചയുണ്ടാക്കി.ആ പയ്യന്‍ തന്നെ. ഒരാഴ്ചയായി തുടങ്ങിയ അടുത്ത സമാധാനക്കേട്. അവിടെ കിടന്നു അടിക്കട്ടെ. മൂന്നു വിളിയും വീണ്ടും അതെ നമ്പരില്‍ നിന്നും .
റിട്ടയര്‍ ചെയ്തു കയ്യില്‍ നാലുകാശ് വന്നപ്പോള്‍  പഴയ വണ്ടിയൊന്നു മാററിയാലോന്നു ആലോചിച്ചതാണ്. ടൌണില്‍ പോയപ്പോള്‍ ഷോറൂമില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു. അന്ന് മുതല്‍ പയ്യന്‍ വിടുന്നില്ല. അവന്റെ ചിരിയും വര്‍ത്തമാനവും കണ്ടു  മയങ്ങിപ്പോയി എന്നതും സത്യം. ആദ്യം മൂന്നാല് ദിവസത്തിലൊരിക്കലായിരുന്നെന്കില്‍ ഇപ്പോള്‍ ദിവസം മൂന്നും നാലും തവണ വിളിയാണ്.പെണ്ണിന്റെ കല്യാണം ഇത്ര പെട്ടെന്ന് ഒത്തുവരുമെന്നും വിചാരിച്ചില്ല. പണം എത്രയായാലാണ് ഒരു കല്യാണം നടത്താന്‍ പറ്റുക. അതോടെ വണ്ടിമോഹം ഉപേക്ഷിച്ചു.  പക്ഷെ പയ്യന്‍ വിടുന്ന ലക്ഷണമില്ല.

കഴിഞ്ഞദിവസം ബാര്‍ബര്‍ ഷോപ്പില്‍ വച്ച് മുടി വെട്ടുന്നതിനിടയില്‍ ഒരു വിളി. തൊട്ടടുത്ത കസാലയിലിരിക്കുന്നു പയ്യന്‍. ഇതൊന്നു കഴിയട്ടെന്നു ആംഗ്യം കാണിച്ചു. ദേഷ്യം വന്നെങ്കിലും ക്ഷമയോടെ കാത്തിരിക്കുന്നതു കണ്ടപ്പോള്‍ അതൊക്കെ ഉരുകിയൊലിച്ചുപോയി. മോള്‍ടെ കല്യാണമായതുകൊണ്ട് ഇപ്പോള്‍ നടക്കില്ലയെന്നു പറഞ്ഞെങ്കിലും ആ മുഖത്തെ നിരാശ കണ്ടു “വേണ്ടാന്നൊന്നും വച്ചില്ല, എടുക്കുമ്പോള്‍ രാജീവിനെതന്നെ വിളിക്കാം” എന്ന് പറഞ്ഞുപോയി. പിന്നേം അവസരം നോക്കാതെയുള്ള അവന്റെ പല പ്രകടനങ്ങളും ഇതൊരു ബാധയാവുന്നു എന്ന് തോന്നിച്ചിരുന്നു.ഇന്നെന്തായാലും ഉറപ്പിച്ചു പറയണം.

“എന്താ കൊച്ചാട്ടോ രാവിലെ സ്വപ്നോം കണ്ടിരിക്കുന്നെ ? ഉണ്ണിപ്പിള്ളയാണ്, കൂടെ മൂന്നുപേരും.
“ദാ,പറഞ്ഞത്രയും ഉണ്ട് . നേരം കളയാതങ്ങു തുടങ്ങിയേക്കാം “
“ആയ്ക്കോട്ടെ , തുടങ്ങിക്കോളിന്‍ “ കാശ് വാങ്ങി കണ്ണില്‍ വച്ചു.

നേരെ പോയത് ആ തേക്കുമരത്തിനടുത്തേക്ക് .അതുതന്നെ ആദ്യം മുറിക്കട്ടെ. സമാധാനം കിട്ടുമല്ലോ. കൂട്ടത്തിലൊരാള്‍ മരത്തില്‍ കയറിക്കഴിഞ്ഞു. കമ്പെല്ലാം കോതിഒതുക്കുന്നു.’ഈശ്വരാ ,കുഴപ്പമൊന്നും ഉണ്ടാകല്ലേ ‘  

ബൈക്കിന്റെ ഒച്ചകേട്ടാണ് ചിന്തകളില്‍ നിന്നും തിരിച്ചു വന്നത്. രാവിലെ തന്നെയെത്തിയല്ലോ.
“ഗുഡ്‌മോണിംഗ് സര്‍ “
മറുപടിയായി ഒന്ന് ചിരിച്ചെന്നു വരുത്തി.

“എന്തായി സര്‍ ,വണ്ടി ബുക്ക്‌ ചെയ്യുവല്ലേ? മോളുടെ മാര്യെജിനു മുന്‍പ് ഡെലിവര്‍  ചെയ്യേണ്ടേ?”

“രാജീവേ  അതിപ്പോള്‍ ആലോചിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ?” മുഖത്ത് പരമാവധി  പ്രസന്നതവരുത്തി പറയാന്‍ നോക്കി.

പെട്ടെന്ന് അപ്പുറത്തുനിന്നും കുമാരന്റെ ആക്രോശം. ഉണ്ണിപ്പിള്ള ഓടിക്കിതച്ചു വരുന്നു.’ഈശ്വരാ കുഴപ്പമായോ’
“ഇതെന്താ കൊച്ചാട്ടോ, കുമാരേട്ടന്‍ മരം മുറിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ. അയാള്‍ടെ അതിരിലാണെന്ന്. നിങ്ങളെന്നെ കുഴപ്പത്തിലാക്കല്ലേ “
അയാളെ സമാധാനിപ്പിച്ച് കൂടെ ഇറങ്ങി ചെന്നു.

“ഇതു ഞങ്ങളുടെ ലേറ്റസ്റ്റ് മോഡല്‍ ആണ് സര്‍ . ഡീസല്‍ വേര്‍ഷന്‍. പെട്രോളിനൊക്കെ ഇപ്പൊ എന്താ വില. സര്‍ ഒന്നുകൂടെ ആലോചിക്കു”
ഓണത്തിനിടയ്ക്കു അവനു പുട്ടുകച്ചവടം. തിരിഞ്ഞു രൂക്ഷമായി നോക്കിയിട്ട് നേരെ നടന്നു.

“അല്ല സര്‍ കൊമ്പറ്റെറ്റിവ് മോഡല്‍സ്നേക്കാള്‍ രണ്ടു കിലോമീറ്റര്‍ അധിക മൈലേജും “
“പൊന്നനിയാ , ഒന്നടങ്ങ്‌ .ആദ്യം ഞാനെന്‍റെ പ്രശ്നങ്ങള്‍ ഒന്ന് ഒതുക്കട്ടെ “

പയ്യന്‍ പിന്നാലെ തന്നെ. ശ്രദ്ധിക്കാതെ നടന്നു. കുമാരന്‍ തുള്ളിയുറഞ്ഞു നില്‍ക്കുകയാണ് .
“നിങ്ങളോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ ആ തേക്ക്  എന്റെ പറമ്പിലാണെന്ന്. ഇതാരോട് ചോദിച്ചിട്ടാണ് ഇന്നാളെക്കൂട്ടി മുറിക്കാന്‍ വന്നത്.ഞാനെന്താ പൊട്ടനാന്നു വിചാരിച്ചോ ?”

“കുമാരാ , അതെന്റെ പറമ്പില്‍ അല്ലെ ? അതിരിലേക്കടുത്തന്നല്ലേയുള്ളൂ ?”

“കല്ല് കിടക്കുന്നതെവിടാന്നു നോക്ക്, നിങ്ങടെ പറമ്പ്‌ പോലും.” കുമാരന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

“ ആ സര്‍വേക്കല്ല് മാറ്റിയിട്ടത് ആരാണെന്നെനിക്കറിയാം. കല്ലിട്ടിരുന്ന സമയത്ത് അതെന്റെപറമ്പില്‍  പറമ്പില്‍ത്തന്നെയായിരുന്നു.”
“ വൃത്തികേട് പറയരുത്.” കുമാരന്‍ കലി കൂടി വരുന്നു.
“കുമാരാ, എന്റെ മോള്‍ടെ കല്യാണം...”
“തന്റെ മോള്‍ടെ കല്യാണം നടത്തേണ്ടത് എന്റെ പറമ്പിലെ മരം  മുറിച്ചിട്ടല്ല.”
 പറഞ്ഞുപറഞ്ഞു അത് കുമാരന്റെ മരം ആവുന്നപോലെയായി. അതിരില്‍ ആണെന്ന് സംശയം പോട്ടെ, ഇതിപ്പോള്‍..

“സര്‍ , ബേസ് മോഡലിനു തന്നെ ഏസീയും പവര്‍ സ്റ്റിയറിംഗും ഉണ്ട്.എക്സ് ഷോറൂം പ്രൈസ്‌ അഞ്ചു ലക്ഷത്തില്‍ താഴെയുള്ളു ‘’
അന്തംവിട്ടു നോക്കിപ്പോയി. ഇത്രവിവരമില്ലാത്തവനോ!

“കയ്യാല കോരിയപ്പോള്‍  ഇതെന്റെ പറമ്പിലായിരുന്നല്ലോ. ഇപ്പൊ നിങ്ങടെയായോ ?”
“ഇനിയാരേലും തടിയേല്‍ കൈ വെച്ചാ ആ കൈ ഞാന്‍ വെട്ടും,അങ്ങനിപ്പോ അതിരില്‍ നില്‍ക്കുന്ന മരം ഒറ്റയ്ക്ക് വിഴുങ്ങേണ്ട ” കുമാരന്‍ ഉറഞ്ഞുതുള്ളുന്നു.

“സര്‍ ഞങ്ങളുടെ വണ്ടിക്കു ആവശ്യത്തിന് ഗ്രൌണ്ട് ക്ളിയറന്‍സ്  ,ലെഗ് റൂം , ഹെഡ്‌റൂം ഒക്കെയുണ്ട്. പിന്നെ ഓഫര്‍ ഈ മാസം കൂടിയെയുള്ളു  .”
ദയനീയമായി അവനെ നോക്കി.
“അനിയാ , നീ നോര്‍മല്‍ അല്ലെ ?”
കുമാരനും അന്തംവിട്ടു നോക്കുന്നു.

“അല്ല സര്‍ , ഇപ്പോള്‍ എടുത്താല്‍...”
“എടുക്കും ഞാന്‍..കൊടുവാള്‍...പൊയ്ക്കോ എന്റെ മുമ്പീന്നു”. അവനോട് അലറി.
’’സര്‍ ...’’
“എന്താ, എന്താ പ്രശ്നം ?” കുമാരന്‍ തണുത്തമട്ടുണ്ട് .

“എന്റെ പൊന്നു കുമാരാ,ഒരുമാസമായി എന്റെ കൂടെ കൂടിയ ബാധയാണ്. ഒന്നൊഴിപ്പിച്ചുതരാമോ ? പകരം ഈ തേക്ക് ഞാന്‍ നിങ്ങള്‍ പറയുന്നപോലെ ചെയ്യാം .മോള്‍ടെ കല്യാണമായിട്ടു ഞാന്‍ ഭ്രാന്തെടുത്തു ചാവും,അല്ല, എല്ലാരും കൂടി എന്നെ ഭ്രാന്തനാക്കും. എനിക്കിവന്റെ വണ്ടി വേണ്ടാ .“ തലയ്ക്കു കയ്യും കൊടുത്ത് നിലത്തിരുന്നുപോയി.

“എന്തായിത് ശ്രീധരേട്ടാ ,കൊച്ചുകുട്ടികളെപ്പോലെ ?” 
“എന്താടോ, തനിക്കെന്താ വേണ്ടത്?” അവന്റെ നേരെയായി  കുമാരന്‍റെ ചോദ്യം.

പയ്യന്‍ ഷര്‍ട്ടിന്റെ കോളര്‍ രണ്ടും ചേര്‍ത്ത് പിടിച്ചു തലയൊന്നു കുനിച്ചു.
“ഹലോ സര്‍ , അയാം രാജീവ്‌,  കണ്സള്‍ട്ടന്‍റ് , സൂപ്പര്‍കാര്‍ മോട്ടോര്‍സ്. ഞങ്ങളുടെ ലേറ്റസ്റ്റ്ഡീസല്‍ വേര്‍ഷന്‍ കാര്‍ നാല് വേരിയന്റ്സ് ഇറങ്ങുന്നുണ്ട്. ബേസ് മോഡല്‍ കംസ് വിത്ത് ഏസി ആന്‍ഡ്‌ പവര്‍ സ്റ്റിയറിംഗ്. ഇപ്പോള്‍ ആണെങ്കില്‍ ഓഫര്‍ ഉണ്ട് സര്‍ . ട്വല്‍വ് തൌസന്‍റ് കാഷ് ഡിസ്കൌണ്ട്, ഇന്‍ഷ്വറന്‍സ് ഫ്രീ...    ദിസ് ഈസ്‌ മൈ കാര്‍ഡ്. മേ ഐ ഗെറ്റ് യ്വോര്‍ കാര്‍ഡ് സര്‍ “ തന്റെ കാര്‍ഡ് ഹോള്‍ഡറില്‍ നിന്നും കാര്‍ഡ്‌ എടുത്തു രണ്ടുകൈ കൊണ്ടും കുമാരന് നേരെ നീട്ടി നില്‍ക്കുകയാണ് കക്ഷി .

സിമന്‍റ് പോലും പൂശാത്ത തന്റെ ചെറിയ കൂരയെയും നിലത്തിരിക്കുന്ന ശ്രീധരേട്ടനെയും മാറി മാറി നോക്കിയ കുമാരന്റെ മുഖഭാവം നവരസങ്ങളില്‍ പോലും  ഉള്ളതായിരുന്നില്ല. 


44 comments:

 1. ആദ്യം തന്നെ കണവന് ഒരു ഹായ്. നന്നായിട്ടുണ്ട് കേട്ടോ ടീച്ചറെ കഥ. കഥയാണെന്നൊന്നും തോന്നൂലാ. എല്ലാം നടക്കുന്ന സംഭവം പോലെ തന്നെയുണ്ട്.

  ReplyDelete
 2. ബ്ലോഗ്‌ പൂട്ടിപോകുന്നതിനെക്കുറിച്ചോക്കെ എന്തിനാ ചിന്തിക്കുന്നത്?
  ഓണത്തിനിടയിലെ ഈ പൂട്ട്‌ കച്ചോടമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നം.
  സാധാരണ എല്ലാ വീട്ടുകാരും അനുഭവിച്ചിരിക്കാന്‍ വഴിയുള്ള ഒരു സംഭവം, ആ സംഭവം നടക്കുന്ന സ്ഥലത്ത്‌ ഉണ്ടായിരുന്ന ഒരു ഫീല്‍ ഉണ്ടാക്കി.
  നന്നായി.

  ReplyDelete
 3. ജീവിക്കാന്‍ പല വിധ വേഷങ്ങള്‍ കെട്ടുന്നവരുടെ അവസ്ഥ നമ്മളാരും മനസ്സിലാക്കുന്നില്ല അല്ലേ കുറിഞ്ഞി.. കഥ നല്ലത്.

  ReplyDelete
 4. കൊള്ളാമല്ല്.... എന്നിട്ട് മരം മുറിച്ചാ.... ? അതോ കാറു വിക്കാൻ വന്നവനെ മുറിച്ചോ ?

  ReplyDelete
 5. "..സിമന്‍റ് പോലും പൂശാത്ത തന്റെ ചെറിയ കൂരയെയും നിലത്തിരിക്കുന്ന ശ്രീധരേട്ടനെയും മാറി മാറി നോക്കിയ കുമാരന്റെ മുഖഭാവം നവരസങ്ങളില്‍ പോലും ഉള്ളതായിരുന്നില്ല."

  ഇപ്പോ വിവരമില്ലാത്തവരേം കണ്‍സള്‍ട്ടന്റായി ഒക്കെ ജോലിക്കെടുക്കും അല്ലേ..? നര്‍മ്മം നന്നായി...

  ReplyDelete
 6. കൊളളാം. ഇതു പോലെയുളള കുറേ വിവരദോഷികളുണ്ട് സെയില്സ്മാനെന്ന പേരില്, രാവിലെ തന്നെ ഇറങ്ങികൊളളും.

  ReplyDelete
 7. നല്ല അവതരണം. വായിച്ചു പോവുമ്പോള്‍ വായനക്കാരന്‍ അതതു കഥാപാത്രങ്ങള്‍ക്കൊപ്പം നടന്നു. വായനക്കാരന്‍ സ്വയം തന്നെ ശ്രീധരേട്ടനായും, കുമാരനായും, രാജീവായും മാറി. വില്ലനാണെന്ന് തോന്നിച്ച കുമാരന്റെ ഉള്ളിലെ മനുഷ്യനെ പുറത്തു കൊണ്ട് വന്നതും മനോഹരമായി. രംഗബോധമില്ലാത്ത രാജീവ്‌ പക്ഷെ നിഷ്കളങ്കനാണെന്ന് കണ്ടു. ആകെ മൊത്തം കഥ വളരെ നന്നായി. ചെറിയ ഒരു ത്രെഡ്നെ ഇങ്ങിനെ ഒതുക്കത്തോടെ നാന്നായി കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക്‌ ആശയ ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല. കണ്ണും കാതും തുറന്നു പിടിച്ചാല്‍ മാത്രം മതി.

  ReplyDelete
 8. രചനാവൈഭവതിനുമുന്പില്‍ നമിക്കുന്നു. വളരെ വളരെ ഇഷ്ടമായി. ആശംസകള്‍.

  ReplyDelete
 9. നാം നാട്ടിൽ കാണുന്നാ ചില നിത്യ സഭവങ്ങൾ അല്ലേ

  ReplyDelete
 10. കൊള്ളാം ഇത് കഥയാണെന്ന് തോന്നൂല്ല ശ്രീ...ഇതേപോലെ ആണ് മാര്‍ക്കറ്റിംഗ്നു വരുന്ന കുട്ടികള്‍ ഒരു സമാധാനം തരില്ല, പക്ഷെ അതവരുടെ ജീവിത മാര്‍ഗ്ഗമാണെന്ന് നമ്മളും മനസ്സിലാക്കൂല്ല ...!
  ഇത് നടക്കുന്ന സംഭവം തന്നെ ആണ് ട്ടോ ...!

  ReplyDelete
 11. സംഭവം നന്നായി വിവരിച്ചു..എന്നാല്‍ സെയില്സ്മാന്റെ കാര്യം അല്‍പ്പം അതിഭാവുകത്വം കലര്തിയോ എന്ന് സംശയം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സെയില്‍സ് മാന്‍ ആയി ഞാന്‍ ജോലി നോക്കിയിട്ടുണ്ട്.സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയട്ടെ, സാധാരണ ഗതിയില്‍ ഒരു പ്രശ്നം നടക്കുമ്പോള്‍ ആ വീട്ടില്‍ നിന്നും ഒഴിവായി പിന്നെ കസ്റ്റമര് നല്ല മൂഡില്‍ ആയിരിക്കുമ്പോള്‍ മാത്രം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. കസ്റ്റമറും ആയി സംസാരിചിരിക്കുബോള്‍ അവിചാരിതമായി ചില പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സെയില്‍ " വെട്ടി" പോകുമോ എന്നോര്‍ത്ത് അവിടുന്ന് മുങ്ങിയിട്ടുമുണ്ട് !

  ReplyDelete
 12. നന്നായിട്ടുണ്ട് കഥ ,ഒതുക്കിപ്പറഞ്ഞു .ചില വേഷങ്ങള്‍ ഇങ്ങനെ നേരിടേണ്ടി വന്നിട്ടുണ്ട് ..പലപ്പോഴും ..

  ReplyDelete
 13. നന്നായിട്ടുണ്ട്.. സെയില്സ്മാന്റെ കാര്യം അല്‍പ്പം അതിഭാവുകത്വം കലര്‍ത്തിയത് തന്നെയാണ് ഇതിനെ രസകരമാക്കിയത്.. എന്തോ ചില അനുഭവങ്ങളുടെ ഓര്‍മ ഉണര്‍ത്തി ( ഞാനും ഒരു സൈല്‍സ്മാന്‍ ആയിരുന്നിട്ടുണ്ടേ.. )

  ReplyDelete
 14. കഥയല്ല ജീവിതം തന്നെ പറഞ്ഞു വെക്കുന്ന സരളമായ രചന .ആശംസകള്‍ ആദ്യം ആ പാവം കണവന് .......പിന്നെ എഴുത്തുകാരിക്ക് .............

  ReplyDelete
 15. രസികന്‍ അവതരണം...
  എല്ലാ ഭാവുകങ്ങളും!!!

  ReplyDelete
 16. Ha ha സീരിയസ് കഥയാണെന്നാ ആദ്യം കരുതീത്.. ക്ലൈമാക്സ് കലക്കി

  ReplyDelete
 17. U R GREAT AT CHOOSING SITUATIONS......

  ReplyDelete
 18. ഇങ്ങനെയൊക്കെ കേമമായി എഴുതാനാവുന്ന ആൾ ബ്ലോഗ് പൂട്ടിപ്പോകുന്നോ? ആരവിടെ ?ഒരു നല്ല വടി കൊണ്ടു വരൂ. നല്ല ചുട്ട അടി പാസ്സാക്കട്ടെ.

  അടുത്ത പോസ്റ്റ് ഉടനെ വേണം കേട്ടൊ.

  ReplyDelete
 19. കഥ നന്നായിട്ടാ.... :)

  ReplyDelete
 20. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. നല്ല ചിരി ചിരിച്ചിട്ട് ഒരു നന്ദി വാക്ക് പോലും പറയാതെ
  ഞാന്‍ നാട്ടിലേക്ക് പോയി ..കാരണം നാട്ടില്‍ പോകുന്നതിനു
  തൊട്ടു മുമ്പാണ് ഈ പോസ്റ്റ്‌ വായിച്ചത് ..

  ഇത്തരം ഒരു ചെറിയ സംഭവത്തെ കണവന്റെ ഒരു
  ചെറിയ പ്രചോദനത്തോടെ ഇത്രയും തന്മയത്വം ആയി
  എഴുതി അവതരിപ്പിച്ച രീതി തന്നെ വളരെ മനോഹരം
  ആയി ..
  ഇനിയും ആ ആവനാഴിയില്‍ അമ്പുകള്‍ ഉണ്ട് എന്ന് ഉറപ്പിക്കുന്ന
  എഴുത്ത് തന്നെ ..അത് കൊണ്ടു വേണം എങ്കില്‍ ഒരു ഇടവേള എടുക്കുന്ന
  കാര്യം അല്ലാതെ ബ്ലോഗ് പൂട്ടുന്ന കാര്യം ഒന്നും ഇനി പറയരുത് കേട്ടോ ..
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 23. ഹ ഹ ഹ നല്ല പോസ്റ്റ്. അവസാനം ശരിക്കും ചിരിച്ചു പോയി.

  ഇത് വായിച്ചപ്പോള്‍ ഞാന്‍ ഒരു ഇന്‍ഷുറന്‍സ് എജെന്റ് എന്റെ പിന്നാലെ കൂടിയ സംഭവം ഓര്‍ത്ത്‌ പോയി. നാട്ടില്‍ നിന്ന് പോരുന്ന ദിവസം ആ ടെന്‍ഷനില്‍ അയാള്‍ വീണ്ടും വന്നു. "സാര്‍ പണം താങ്കള്‍ ഗള്‍ഫില്‍ നിന്നും അടച്ചാല്‍ മതി" എന്നായി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു "അതിനു നീ എന്നെ അങ്ങോട്ട്‌ പോകാന്‍ അനുവദിച്ചിട്ടു വേണ്ടേ" എന്ന്.

  കഥ സൂപര്‍ ആയി കേട്ടോ. "സിമന്റു പോലും പൂശാത്ത തന്റെ ചെറിയ കൂരയും നിലത്തിരിക്കുന്ന ശ്രീധരെട്ടനെയും........" ഇവിടെ എത്തുന്നത് വരെ മറ്റൊരു ഇമേജ് ആയിരുന്നു നായകന് ഉണ്ടായിരുന്നത്. അവിടെ ആണ് കഥയുടെ മര്‍മ്മം.

  വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 24. നന്നായി അവതരിപ്പിച്ചു!

  സെയില്‍സ്മാന്‍ കുറച്ചു ഓവര്‍ ആക്കി. എന്നാല്‍, അത് തന്നെയായിരിക്കണം കഥാകാരി ഉദേശിച്ചതും? വില്ലേജ്മാന്‍ സൂചിപ്പിച്ച പോലെ, സെയില്‍സ്മാന്‍ മരം വെട്ടുന്നിടം വരെ പോകേണ്ടായിരുന്നു..

  എഴുത്ത് നിരുത്തുന്നതിനെ പറ്റി ചിന്തിക്കുക പോലും അരുതു...

  ReplyDelete
 25. ജഗലന്‍ പോസ്റ്റ്‌ ..

  ഇത്തരം സെയില്‍സ്‌ സംഭവങ്ങളെ ദിവസവും അഭിമുഖീകരിക്കുന്ന എനിക്കിത് വായിച്ചു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശ്രീധരെട്ടനും കുമാരനും ഒക്കെ ജീവനോടെ മനസ്സില്‍ കുടിയേറി. തേക്ക് മുറിക്കുന്നതിന്നിടയില്‍ കുമാരന്‍ ഇടപെട്ട ടെന്‍ഷന്‍ എങ്ങിനെ ഒതുക്കും എന്ന് ചിന്തിക്കുന്നതിന്നിടയില്‍ പുറകെ കൂടിയ സെയില്‍സ്മാന്‍ നടത്തുന്ന സംഭാഷണങ്ങളും കുമാരന്റെ സംഭാഷണവും കൂടി മിക്സ്‌ ചെയ്തു ശ്രീധരേട്ടനെ നിലത്ത് നിര്‍ത്താതെ കൈകാര്യം ചെയ്ത രീതി ഏറെ ഇഷ്ടായി.

  നല്ല കഥ ... നന്നായി പറഞ്ഞു !!

  ReplyDelete
 26. സൂപ്പര്‍ !! ഇന്ന് ബ്ലോഗില്‍ വായിച്ച ഏറ്റവും ഇഷ്ടമായ നല്ല കഥ !! ക്ലൈമാക്സ്ലെ പന്ജ് കഥയെ ഹിറ്റ്‌ ആക്കി !!

  ReplyDelete
 27. നല്ല രസമുണ്ട് വായിക്കാൻ കെട്ടോ... ഇങ്ങനെ ഓരോ സെയിത്സ്മാന്മാരുണ്ടായാൽ ചിരിക്കാൻ വക കിട്ടും ല്ലേ....

  നല്ല കഥ ആശംസകള്

  ReplyDelete
 28. ഇവിടെ ആദ്യമാണു, ഇത്രയും നന്നായി എഴുതുന്ന ആള്‍ക്ക് ആശയ ദാരിദ്രമോ? അത് തോന്നല്‍ ആയിരിക്കാനെ വഴിയുളൂ. ചുറ്റുപാടും ഇതുപോലെ എത്രയോ കാര്യങ്ങള്‍ നടക്കുന്നു. ഒന്ന് കണ്ണ് തുറന്നു വെയ്ക്കൂ, എന്നിട്ട് നല്ല കഥകളായി ഇങ്ങോട്ട് പോരട്ടെ.

  പെട്ടന്ന് വായിച്ചു തീര്‍ത്തു, അത്ര നല്ല ഒഴുക്ക്. പിന്നെ സെയില്‍മാന് ടാര്‍ഗറ്റ് ഒപ്പിക്കണ്ടേ? കാറ് വില്‍ക്കാന്‍ നടന്നില്ലെങ്കിലും ഒരു കാര്‍ കമ്പനിയില്‍ ഞാനും ജോലി ചെയ്തിട്ടുണ്ട് അതുകൊണ്ട് നന്നായി ആസ്വദിക്കാന്‍ പറ്റി.

  ReplyDelete
 29. ഇതിപ്പോ കെട്ടാന്‍ പോകുന്ന ചെറുക്കന്റെ തന്തപ്പിടി "അപ്പോ മോടെ കാറേതാ?" എന്ന ഒറ്റ ചോദ്യത്തില്‍ ക്ലോസ് ചെയ്യാവുന്ന ലീഡാണെന്നു രാജീവിന് നല്ല ഉറപ്പല്ലേ??

  ReplyDelete
 30. നന്നായി എഴുതി, എന്നാലും ഇപ്പൊഴത്തെ കാലത്തെ സയില്‍‌സ്മാന്മാര്‍ ഇത്ര ബോധല്ല്യാത്തവരാണോ?..അല്ല കഥയില്‍ ചോദ്യല്ലാട്ടോ..

  ReplyDelete
 31. ഞാനും വന്നു. കഥ വായിക്കാന്‍ .ബ്ലോഗു പൂട്ടണ്ട. കഥ കൊള്ളാം

  ReplyDelete
 32. ഹഹ പരിസരബോധമോ ഔചിത്യബോധമോ തൊട്ടുതീണ്ടാത്ത സുന്ദരവിഡ്ഢികളെ ഇത് പോലെ ഒരുപാട് കണ്ടിട്ടുണ്ട്. അയല്‍വാസി പ്രതിസന്ധിയിലായപ്പോള്‍ കുമാരന്‍ നല്ല അയല്‍ക്കാരന്‍റെ റോള്‍ നിര്‍വഹിച്ചിരിക്കും എന്ന് കരുതുന്നു.

  ReplyDelete
 33. വളരെ സ്മൂത്തായി പറഞ്ഞു...കൊള്ളാം !
  ആശംസകള്‍
  അസ്രുസ്

  ReplyDelete
 34. ഹെന്റമ്മോ ഹാ ഹാ ഹാ,ആ കാർ എക്സിക്യൂട്ടീവിന്റെ വകതിരിവില്ലായ്മ ആലോചിച്ചു നല്ല രസം തോന്നുന്നു. അതിൽ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല,അതെല്ലാം അവരുടെ ജോലിയുടെ ഭാഗമാ. പക്ഷെ സന്ദർഭവും സാഹചര്യവും നോക്കാതെ അദ്ദേഹം ഇടക്ക് കയറി, ആ മരം വിൽക്കുന്നയാളോട് പറയുന്ന ആ രംഗം മനസ്സിലാലോചിച്ചാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. എനിക്കിത്തരം സന്ദർഭങ്ങളും സാഹചര്യങ്ങളും കൂടി കലർന്നുണ്ടാവുന്ന തമാശകൾ ആസ്വദിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഞാനത്തരം നാട്ടു വിശേഷങ്ങളാണ് അധികവും എഴുതാറുള്ളത്. ആശംസകൾ.

  ReplyDelete
 35. നല്ല ഒതുക്കമുള്ള കഥപറച്ചില്‍. , എന്തേ പുതിയ പോസ്റ്റൊന്നുമില്ലാ?

  ReplyDelete
 36. ബ്ലോഗേർസ് ഗ്രൂപ്പിലെ പരിചയപ്പെടുത്തൽ വഴി ഇവിടെയെത്തിയത് വെറുതെയായില്ല. ശരിക്കും ദേഷ്യം പിടിച്ചു. ആ പയ്യനിട്ടൊന്നങ്ങ് കൊടുകാൻ കയ്യ് തരിച്ചിട്ട് വയ്യ!

  ReplyDelete
 37. നല്ല ഒരു കഥ പറച്ചില്‍ ആശംസകള്‍ ..

  ReplyDelete
 38. ജീവിതാനുഭവംപോലെ നേർരേഖയിൽ പറഞ്ഞ കഥ....
  നല്ലൊരു വായന തന്നു......

  ReplyDelete
 39. ജീവിതത്തിലെ നിത്യക്കാഴ്ച്ചകള്‍ ..പക്ഷെ ഇതൊരു തമാശയാണെന്നു തോന്നിയെങ്കില്‍ തെറ്റി..ഇന്നത്തെ സാമൂഹികാന്തരീക്ഷം ..അതാണ്‌ ഇത്..ഇതാണു നമ്മള്‍ക്കനുഭവിക്കേണ്ടി വരുന്നതും ..കേരളീയന്റെ ജീവിതശൈലിയുടെ നിലവാരം കടം കൊണ്ടും ഉയരുന്നതിനെ കഥാകൃത്ത് സമകാലികമായ വിഭാവനം ചെയ്തവതരിപ്പിച്ചത് സത്യസന്ധവും ആത്മാര്‍ത്ഥവുമായി തന്നെ..ഭാവുകങ്ങള്‍ !!

  ReplyDelete
 40. ഞാനൊക്കെ എപ്പൊ കൈ വെച്ചെന്നു ചോദിച്ചാൽ മതി, അല്ല പിന്നെ...

  ReplyDelete
 41. നന്നായി എഴുതിയത് ....രാവിലെ തന്നെ നല്ല വായന തന്നു ..ആശംസകള്‍ കേട്ടാഅതെന്നെ

  ReplyDelete
 42. നന്നായി തന്നെ എഴുതി :)


  പുതുവത്സരാശംസകള്‍!

  ReplyDelete
 43. ഈ അനുഭവ കഥ വായിച്ചിട്ട് ചിരിക്കാതിരിക്കാൻ വയ്യാ..

  ReplyDelete