Tuesday, December 4, 2018

പ്രളയം കൊണ്ടുവന്നത്... കൊണ്ടു പോയതും

ആഗസ്ത് 15, 2018
--------------------------------
തലേന്ന് രാത്രിയിലും തോരാമഴ കണ്ടു rain rain go away എന്നു സ്റ്റാറ്റസ് ഇട്ടിട്ടു കിടന്നുറങ്ങി ഉണർന്നപ്പോൾ വെള്ളം കാട്ടൂർ തോട്ടിലൂടെ കയറി തുടങ്ങി എന്നു കേട്ടു. മെല്ലെ കയറിക്കൊണ്ടിരിക്കുമ്പോൾ മുന്നേ കണ്ടതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചേയില്ല. പിന്നെ പതിയെ പൊങ്ങി തുടങ്ങി. ഉച്ചയോടെ റോഡിൽ നല്ല ഒഴുക്കു തുടങ്ങി. മനുച്ചേട്ടനും ഉണ്ണിക്കുട്ടനും ചങ്ങാടം ഉണ്ടാക്കാൻ പോകുന്നു എന്നു പറഞ്ഞു പോയി. ഒഴുക്കു കൂടുന്നത് കണ്ടു സനാഫനും ഉണ്ണിക്കുട്ടനും കൂടി ശ്രീലക്ഷ്മിയെയും അഞ്ചുവയസുകാരൻ കുഞ്ഞുണ്ണിയെയും ഒൻപതു മാസക്കാരി ചിന്നുവിനെയും പരിയാരത്തു എത്തിച്ചു. അന്നത്തെ വിശ്വാസം അനുസരിച്ചു പരിയാരത്തു വെള്ളം കയറിയ ചരിത്രം ഇല്ലല്ലോ. പറമ്പിലെ വെള്ളം പെയ്ത്ത് വെള്ളമാകും എന്നത് തെറ്റിദ്ധാരണയായിരുന്നു. അമ്മയ്ക്ക് അമ്പലത്തിന്റെ തകിടിയിൽ വെള്ളം കയറിയത് കാണണം എന്നു ആഗ്രഹം. മനുച്ചേട്ടനും  വെള്ളത്തിൽ ഇറങ്ങാൻ മടിയുള്ള ഞാനും കൂട്ടിനു ചെന്നു. പറമ്പിൽ ഇറങ്ങുമ്പോൾ മുട്ടിനു താഴെ വെള്ളം. കുറച്ചു നടന്ന് തോടിനടുത്തെത്തി. അവിടുത്തെ ഒഴുക്കു കണ്ട് അമ്മ പിന്മാറി. എല്ലായിടത്തും കണ്ട് തിരിച്ചു വീട്ടിലെത്തുമ്പോഴും വെള്ളം വീട്ടിൽ കയറുമെന്നു വിചാരിക്കുന്നില്ല പിന്നീട് എല്ലാവരും റോഡിലായി. അടയാളം വച്ചു കയറുന്ന അളവ് പരിശോധിക്കാനുള്ള ശ്രമം. അപ്പോഴേക്കും താമരപ്പിള്ളിലും കൊട്ടാരത്തിലും മുറ്റത്തേക്ക് കയറി തുടങ്ങി. അഞ്ചുമണിയോടെ പരിയാരത്തും മുറ്റത്തേക്ക് വെള്ളം കയറിതുടങ്ങി.

 അതിനിടയിൽ വളരെ സാഹസികമായി അമ്പലത്തിന്റെ താക്കോൽ മനുച്ചേട്ടനെ ഏൽപ്പിച്ചിരുന്നു. വെളിച്ചമില്ലാതെ മഴയത്തു ഒറ്റയ്ക്ക് പോവാൻ വയ്യെന്ന് പറഞ്ഞു ഞാനും കൂടിയാണ് അമ്പലത്തിൽ പോയത്. പോവുമ്പോൾ മുറ്റത്തു പറമ്പിൽ നിന്നും ചെറുതായി വെള്ളം കയറുന്നതെ ഉണ്ടായിരുന്നുള്ളു. തിരികെ ഏഴുമണിയോടെ വീട്ടിലെത്തുമ്പോൾ മുറ്റം നിറഞ്ഞു വെള്ളം. പന്തികേടായി തോന്നിത്തുടങ്ങിയിരുന്നു. നാലു കുഞ്ഞുങ്ങളും കൂടെയുണ്ടെന്നുള്ള തിരിച്ചറിവിൽ വീട് വിട്ടു ഇറങ്ങാൻ തീരുമാനിച്ചു.കുറച്ച് അപ്പുറം മധുച്ചേട്ടന്റെ വീട്ടിലേക്കാണ് പോയത്.

തലേന്ന് മുതൽ കറന്റ്‌ ഇല്ലാതിരുന്നതുകൊണ്ട് ഇൻവെർട്ടർ ഓഫ്‌ ആവും മുന്നേ രണ്ടു ഫോണും ലാപ്ടോപ്പും ചാർജ് ചെയ്തു വച്ചു എന്നതായിരുന്നു അതിനിടയിൽ ചെയ്യാൻ പറ്റിയ ഒരു നല്ലകാര്യം. കുഞ്ഞുങ്ങളെയെടുത്തിറങ്ങുമ്പോൾ ലാപ്ടോപ് മറക്കല്ലേ എന്നു ഓർമിപ്പിച്ചു പോന്നു. അലമാരയുടെ താഴത്തെ രണ്ടു തട്ടുകൾ ഒഴിച്ചു പിന്നെ പരീക്ഷാപേപ്പർ വെള്ളം കയറാത്തയിടം എന്നുറപ്പുള്ള സ്ലാബിന് മേലേക്ക് പ്ലാസ്റ്റിക് കവറും പിന്നൊരു കൂടും പൊതിഞ്ഞു തള്ളിയിട്ടു.

മനുച്ചേട്ടനും അമ്മയും അച്ഛനും കൂടി വീടുവിട്ടിറങ്ങുമ്പോൾ കഴിയുന്നതൊക്കെ ഉയർത്തി വച്ചിട്ട് പോന്നു. ഉറങ്ങാൻ കിടക്കുമ്പോഴും വീട്ടിൽ അങ്ങേയറ്റം മുട്ടുവരെ വെള്ളം കയറിയേക്കും എന്നതായിരുന്നു ധാരണ.

 അഫന്മാർക്കും കൊച്ചമ്മ, ചേച്ചി, ചേട്ടൻ പിന്നെ കുട്ടികൾ എല്ലാവരും കൊട്ടാരത്തിൽ മുകളിലെ നിലയിൽ ഉണ്ടല്ലോ, വെള്ളം ഇറങ്ങുമ്പോൾ അടുത്ത ദിവസം വരാൻ കഴിയുമല്ലോ എന്നൊക്കെയുള്ള വിശ്വാസം കൊണ്ടു കിടന്നു.

ആഗസ്റ്റ് 16,2018
--------------------------
രാവിലെ എഴുന്നേറ്റു വീട് നോക്കാൻ പോയിട്ടു പിന്നെ പോകാൻ തോന്നിയതെ ഇല്ല. കിണറും മുറ്റത്തിരുന്ന സ്കൂട്ടർ, ബൈക്കുകൾ ഒന്നും കാണാനില്ല. കുത്തിയൊഴുകുന്ന പമ്പ വീടിന്റെ മതിലുകൾ തകർത്തു തുള്ളിയുറയുന്നു. ജനലുകളുടെ മുകൾ ഭാഗത്തു തൊട്ടു താഴെ നിൽക്കുമ്പോലെ വെള്ളം. വീടുകളിൽ കൂടിയെല്ലാം കുത്തൊഴുക്ക്. രാവിലെ രാകേഷ് ആണ് ആദ്യം വിളിക്കുന്നത്‌. എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് മുകൾ നിലയിൽ പെട്ടുപോയവരെ രക്ഷപെടുത്താൻ എന്താ വഴിയെന്ന് അല്ലാതെ വേറൊന്നും തോന്നിയില്ല.

കഥയിൽ ഒരു കഥ
--------------------------
 ഏഷ്യാനെറ്റിന്റെ റെസ്ക്യൂ ടീമിനെ കോൺടാക്ട് ചെയ്തിട്ട് അവരുടെ നമ്പർ തന്നു തിരികെ വിളിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ വിളിച്ചു. എന്റെ വീട്ടുകാർ ഉൾപ്പെടെ മുന്നൂറോളം പേര് മുകൾ നിലയിലും ടെറസിലും തട്ടിൻപുറത്തുമായി ഓതറ പുതുക്കുളങ്ങര അമ്പലത്തിനു ചുറ്റും തന്നെയുണ്ടായിരുന്നു. ലൊക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞതനുസരിച്ചു അയച്ചു.
ജിമ്മി എന്നയാളിന്റെ നമ്പറിൽ വിളിക്കുമ്പോൾ "മനുച്ചേട്ടന്റെ വൈഫ്‌ അല്ലേ? " എന്നാണ് ഞാൻ കേട്ടത്. (രാകേഷ് മനുച്ചേട്ടൻ എന്നാവും  പറഞ്ഞു കൊടുത്തത്  എന്നു തോന്നി ).  നിങ്ങളുടെ അനിയത്തി നിഷയും വിളിച്ചിരുന്നു എന്നു പറഞ്ഞു. ഏതു നിഷ എന്നു ചോദിച്ചു. അനിയത്തി എന്നാണ് പറഞ്ഞത്, അവർ കുട്ടിയേയും കൊണ്ട് എറണാകുളം ഹോസ്പിറ്റലിൽ ആണ് എന്നും പറഞ്ഞു. അങ്ങനൊരു ആളില്ലേ എന്നു ചോദിച്ചു. അമ്മയുടെ അനിയത്തിയുടെ മകൾ നിഷയാണ്, അവൾ എന്റെയും അനിയത്തി ആണല്ലോ. അതെ എന്നു പറഞ്ഞു. ആശുപത്രിയിൽ ആണെന്നു കേട്ടാലൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ കൂടുതൽ ചോദിച്ചുമില്ല. ഓരോ മണിക്കൂറിലും അന്വേഷിച്ചു കൊണ്ടിരുന്നു.

വേറെ ഫോൺ ഉണ്ടെങ്കിൽ ആ നമ്പർ കൊടുത്തിട്ടു അതു ഓഫ്‌ ചെയ്തു വയ്ക്കണം എന്നു പറഞ്ഞതനുസരിച്ചു ശ്രീലക്ഷ്മിയുടെ നമ്പറും എന്റെ രണ്ടാമത്തെ ഫോണിലെ നമ്പറും കൊടുത്തു. ഇവർ വരുന്നു എന്ന ഇൻഫർമേഷൻ മുകളിൽ കുടുങ്ങിയവരിലും എത്തിച്ചു. വീട്ടുകാരെയും നാട്ടുകാരെയും അവർ രക്ഷപ്പെടുത്തും എന്ന ശുഭപ്രതീക്ഷയിൽ മുറയ്ക്ക് വിളിച്ചു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞു ശ്രീലക്ഷ്മിയുടെ ഫോണിൽ ഒരു കാൾ വരുന്നു "നിമ്മിച്ചേച്ചിയല്ലേ? " അല്ല എന്നു മറുപടി പറഞ്ഞു വച്ചു. എന്റെ ഫോണിലേക്കൊരു വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പ്. "കലാഭവൻ മണിച്ചേട്ടന്റെ ഭാര്യ നിമ്മിച്ചേച്ചിയല്ലേ, ഞാൻ അക്ബർ. നിങ്ങൾ safe ആണോ?  " നിമ്മി ചേച്ചിയല്ല, പക്ഷെ വെള്ളപ്പൊക്കത്തിലാണ്. എന്നു reply ഇട്ടു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് കൂടുതൽ ചോദിച്ചുമില്ല. പിന്നീട് എനിക്കും കാൾ വരുന്നു "നിമ്മി ചേച്ചിയാണോ, ഞാൻ ഷാഫിയാണ് ".  അല്ല എന്നു പറഞ്ഞു വച്ചു. കുറച്ചു കഴിഞ്ഞു ശ്രീലക്ഷ്മിയുടെ ഫോണിൽ വീണ്ടും മെസ്സേജ്. നാദിർഷായുടെ നമ്പർ ആണെന്നായിരുന്നു  അത്. കാര്യങ്ങൾ ഇങ്ങനെ പോയപ്പോൾ എല്ലാം കൂടി കൂട്ടിച്ചേർത്തു വായിച്ചപ്പോൾ ഒരു സംശയം. ജിമ്മി ആദ്യം ചോദിച്ചത് ഒരു പക്ഷെ മണിച്ചേട്ടന്റെ വൈഫ്‌ ആണോ എന്നാവാം. പോരാത്തതിന് റെസ്ക്യൂ ടീമിൽ സിനിമാക്കാർ (പേര് പറഞ്ഞു തന്നെ ) ഉണ്ടെന്നും പറഞ്ഞിരുന്നു. അനിയത്തി നിഷ നിമ്മിയുടെ അനിയത്തി ആവാം. പോരാത്തതിന് ഞാൻ കൊടുത്ത നമ്പർ ശ്രീലക്ഷ്മിയുടെ ! കലാഭവൻ മണിയുടെ മകളുടെ പേരും അതാണല്ലോ !! അപ്പോഴേക്കും 7 മണി കഴിഞ്ഞിട്ടുണ്ട്. ഇനി നിമ്മിയും വെള്ളത്തിൽ ആണെങ്കിൽ എന്റെ ലൊക്കേഷൻ ആണ് അവർക്കായി പോയിരിക്കുന്നതെങ്കിൽ അവർ പെട്ടുപോവുമല്ലോ എന്നോർത്ത് വീണ്ടും ജിമ്മിയെ വിളിച്ചു. എന്നിട്ട് കാര്യം പറഞ്ഞു. അപ്പോൾ നിങ്ങൾ ആരാണ് എന്നായി. ഞാൻ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചപ്പോൾ എന്റെ പേര് ഉൾപ്പെടെ ആണല്ലോ അയച്ചിരുന്നത് എന്നു പറഞ്ഞപ്പോൾ ok പറഞ്ഞു. അപ്പോൾ വരെ കിട്ടിയ വിവരം അനുസരിച്ചു അവരുടെ ബോട്ട് രണ്ടു തവണ എത്താൻ ശ്രമിച്ചു, വഴിയിൽ കണ്ട ആദ്യത്തെ ആൾക്കാരെ രക്ഷിച്ചു മൂന്നാമത്തെ ട്രിപ്പ്‌ വരുകയാണ്. പക്ഷെ വഴിയിൽ മരം വീണു കിടക്കുന്നു. എന്നാലും ഞങ്ങളുടെ കംപ്ലീറ്റ് ഗ്രൂപ്പ് നിങ്ങളെ ലക്ഷ്യം വച്ചാണ് വന്നു കൊണ്ടിരിക്കുന്നത്. കലാഭവൻ മണിയുടെ സുഹൃത്തുക്കളൊക്കെയുണ്ട് എന്നു വരെ പറഞ്ഞിരുന്നു. അവസാനത്തെ വാചകം കൂടി കേട്ടിട്ടായിരുന്നു എനിക്കു വീണ്ടു വിചാരം ഉണ്ടാവുന്നത്. എന്തായാലും 8:30നോട് ഞങ്ങളുടെ ഏരിയ ക്ലിയർ ചെയ്യും എന്നൊരു ഉറപ്പും തന്നു. സന്തോഷം കൊണ്ടു ആ വിവരം ഉള്ള നമ്പറിലേക്കു അറിയിച്ചു. എന്തായാലും അവർക്കു എത്താൻ കഴിഞ്ഞില്ല.

ഇതോടൊപ്പം തന്നെ എയർക്രാഫ്റ്റ് എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു. ഇപ്പോൾ വരും വരും എന്ന പ്രതീക്ഷയിൽ കുറെ നോക്കിയിരുന്നു. ഒടുവിൽ വൈകിട്ട് അവർ എത്തും എന്നു അറിവ് കിട്ടി. വൈകിട്ട് പറഞ്ഞപോലെ അവർ വന്നു. കുറെ കറങ്ങി. ഒടുവിൽ പ്രതികൂല കാലാവസ്ഥകൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നു കൂടി കേട്ട് തളർന്നു തുടങ്ങിയിരുന്നു. 92 വയസായ അഫൻ, എതിരെ വീട്ടിൽ മുകളിലായി 30 ലേറെ ആൾക്കാർ, അതിൽ രണ്ടര വയസുള്ള കുഞ്ഞ്, തട്ടിൻപുറത്തു ഒരു കുടുംബം മൊത്തം... ആരുമായും നേരെ സംസാരിക്കാൻ പോലും കഴിയുന്നില്ല. ഉള്ള ഫോണിൽ കിട്ടുന്നില്ല. ഫോണുകൾ ഓഫ്‌ ചെയ്ത് ഒരു സിം മാറ്റിയിട്ടു എങ്ങനെയെങ്കിലും കണക്ട് ചെയ്യാൻ അവരും ശ്രമിക്കുന്നുണ്ടായിരുന്നു.

 MSM കോളേജിലെ മനോജ്‌ സാറിന് നമ്പർ കൊടുത്തിട്ട് അവർ റെസ്ക്യൂ ടീമിനെ ഏർപ്പാട് ചെയ്യാം എന്നുറപ്പു നൽകിയിരുന്നു. അവർക്കും അന്നേയ്ക്കു പറ്റിയില്ല, എന്നല്ല ആർക്കും പറ്റുന്നതായിരുന്നില്ല. ഫേസ്ബുക്കിലും ഒരു പോസ്റ്റ്‌ ഇട്ടു. ഒത്തിരിപേർ അതു ഏറ്റെടുത്തു. ഒരുപാട് അന്വേഷണങ്ങൾ അതിലൂടെയും വന്നു. കോളേജിൽ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ഒടുവിൽ ഇത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു. നാളെ വീണ്ടും എയർക്രാഫ്റ്റ് വരും ഫുഡ്‌ വേണ്ടി വന്നാലും  അവരെ അറിയിക്കണം എന്നു ഇൻഫർമേഷൻ കിട്ടി. രാവിലെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു വട്ടമിടുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും തന്ന ശേഷം അതുപോയപ്പോൾ സങ്കടം ആയെങ്കിലും. ഭക്ഷണം ബുദ്ധിമുട്ട് ആയി തുടങ്ങിയിരുന്നില്ല. എങ്കിലും പിന്നീട് ഉച്ചയോടെ വീണ്ടും ഭക്ഷണം എത്തിച്ചു.ആവശ്യക്കാർ ഉണ്ടായിരുന്നു.  മനോജ്‌ സർ തന്ന നമ്പർ വച്ചു ബോട്ടിന്റെ സ്രാങ്കിനെ വിളിച്ചപ്പോൾ അവർ കുറ്റൂർ ആണെന്നും കുത്തൊഴുക്കും മരങ്ങളും കാരണം അടുക്കാൻ പറ്റുന്നില്ല എന്നു അറിയിപ്പ് വന്നു.

16 ന് രാവിലെ തന്നെ തിരുവനന്തപുരത്തു നിന്നും അരുണും വിളിച്ചു. കണ്ട്രോൾ റൂം ഹെഡ്ക്വാർട്ടേഴ്‌സ് ബന്ധപ്പെട്ടു നമ്പർ തന്നു. അവർ ഉറപ്പു പറഞ്ഞതാണ്.  ഓരോ മണിക്കൂറിലും അരുൺ വിളിച്ചു കൊണ്ടിരുന്നു. പുതിയ വഴികൾ ഏജൻസികൾ... ഒത്തിരി ശ്രമങ്ങൾ..

 ശ്രീലക്ഷ്മിയുടെ ഫോണും നിശ്ചലമായി. Bsnl അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. അതിൽ എന്റെ രണ്ടു നമ്പറും എപ്പോഴും ശബ്ദിച്ചു കൊണ്ടേയിരുന്നു. ഫോണിന്റെ  അങ്ങേ തലയ്ക്കൽ  ഒരു സമാധാനം, പ്രതീക്ഷ, ആശ്വാസം എന്നിവയായിരുന്നു. സഹപ്രവർത്തകർ, കൂട്ടുകാർ, ബന്ധുക്കൾ, ഒരു പരിചയവും ഇല്ലാത്തവർ, സഹായിക്കാൻ ഇറങ്ങി തിരിച്ചവർ.... ഒരു ദിവസം എത്ര കാൾ എടുത്തു എന്നൂഹിക്കാൻ പോലും കഴിയുന്നില്ല.
 അതിനിടയിൽ 16 ന് സിസേറിയൻ തീരുമാനിച്ചിരുന്ന ഗർഭിണി.. പോവേണ്ട ഹോസ്പിറ്റൽ വെള്ളത്തിലാണ്. എമർജൻസി ഉണ്ടെങ്കിൽ ചെല്ലണം എന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഇത്ര ശ്രമിച്ചിട്ടും ഒന്നും നടന്നില്ല, അപ്പോൾ എമർജൻസിക്ക് എന്താവാൻ ! പിന്നെ അതിനായി വിളി.(അന്ന് സാധിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു ).

 ശ്രീലക്ഷ്മിക്കുള്ള വിളികളും പിന്നെ എന്റെ ഫോണിലായി. ഉണ്ണിക്കുട്ടന്റെ സുഹൃത്തുക്കൾ കഠിന പരിശ്രമത്തിൽ ആയിരുന്നു. മനു, വേലപ്പനുണ്ണി തുടങ്ങിയവർ എനിക്കും പരിചിതരായിഎല്ലാത്തിലും കൂടെ ഒരു കുടുംബത്തിന്റെ ടീം വർക്ക്‌ ആണ് കണ്ടത്. എല്ലാ ശ്രമങ്ങളും പുതുക്കുളങ്ങര എന്ന സ്ഥലത്തിന് മീതെ റെസ്ക്യൂ ടീമിനെ എത്തിക്കാൻ ആയിരുന്നു. എല്ലാം എത്തിയതും ഒരേ പോയിന്റിൽ ആയിരുന്നു.

ആഗസ്റ്റ് 18,2018
----------------------------
18 ന് രാവിലെ ഒരു മരണ വാർത്തയാണ് കേട്ടത്. ചേച്ചി, അപ്പുറത്തെ അപ്പൂപ്പൻ ഇന്നലെ മരിച്ചു. ആരെയെങ്കിലും ഒന്നു വിളിച്ചുപറയെന്നും പറഞ്ഞു അപ്പുറത്തെ പയ്യൻ ഓടി വന്നു. ആരെയൊക്കെയോ വിളിച്ചു പറഞ്ഞു. ഹെലികോപ്റ്റർ വീണ്ടും എത്തിയപ്പോൾ ബോഡി എടുക്കാൻ ആവും എന്നു പ്രതീക്ഷിച്ചു. ബോട്ട് വരും എന്ന അറിയിപ്പിൽ അവർ പോയി. മല്ലപ്പള്ളിയിലുള്ള ഒരുകൂട്ടം ആൾക്കാർ ചങ്ങാടം കെട്ടിയുണ്ടാക്കി കടുത്ത ഒഴുക്കിൽ ബോഡി വാഹന  സൌകര്യമുള്ള സ്ഥലത്തു എത്തിച്ചു.  അതിനിടയിൽ അടുത്ത വാർത്ത വന്നു. രമണി കൊച്ചമ്മയെയും  മാളുവിനെയും  ശ്രീഹരിയെയും എയർ ലിഫ്റ്റിങ് വഴി അവിടെ നിന്നും രക്ഷപെടുത്തി. ബാക്കിയുള്ളവർ ഭയന്നിരുന്നു. വീണ്ടും ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. വെള്ളം കുറെ ഇറങ്ങി തുടങ്ങി. നാളെയ്ക്കെങ്കിലും അവരെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോൾ അടുത്ത അറിയിപ്പ്. കക്കി ഡാം വീണ്ടും തുറക്കുന്നു. വീണ്ടും ടെൻഷൻ. പമ്പാവാലിയിലെ കഥയറിയാൻ ബിബിൻ സാറിനെ വിളിച്ചു. "പേടിക്കേണ്ട ടീച്ചറെ, ഒരുപാടൊന്നും കൂടില്ല. ഇവിടിപ്പോൾ ഒരു കനത്ത മഴയ്ക്കുണ്ടാവുന്ന ഒഴുക്കേയുള്ളു. ". സമാധാനം. എങ്കിലും രാത്രി മൈക്ക് വച്ചുകെട്ടി അന്നൗൺസ്‌മെന്റ് കേട്ട് ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഭാഗ്യം ! പിറ്റേന്ന് വെള്ളം കുറഞ്ഞിട്ടേയുള്ളു. (ഈ അറിയിപ്പ് 15 ന് തന്നിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നല്ലോ എന്നു മനസ്സിൽ ഓർത്തു.)

ആഗസ്റ്റ് 19,2018
------------------------
19 ന് ബോട്ട് എത്തി. അപ്പോഴേക്കും തട്ടിന്മുകളിൽ കുടുങ്ങിയ സ്മിത ചേച്ചിയും ചേട്ടനും കുട്ടികളും കൊട്ടാരത്തിൽ എത്തിയിരുന്നു. ജയൻ ചേട്ടൻ, സുമചേച്ചി വല്യഫൻ എന്നിവർ ബോട്ടിൽ പോയി. എതിരെയുള്ള വീട്ടിലുള്ളവരും.

കോസ്റ്റ് ഗാർഡ് ആൾക്കാർ വന്നിരുന്നു എങ്കിലും 18 ന് അവരുടെ മോട്ടോർ കേടായി. പിറ്റേന്ന് വടം വലിച്ചുകെട്ടി അതിൽ പിടിച്ചു ഒഴുക്കിനെ നേരിട്ട് വരാൻ ശ്രമിച്ചപ്പോൾ ആരും വന്നില്ല. ഒഴുക്കിൽ പിടിവിട്ടാൽ വെള്ളത്തിലാകും എന്ന ഭയം. പോരാത്തതിന് വെള്ളം ഇറങ്ങുന്നു എന്ന വിശ്വാസവും. പിന്നീട് ഉച്ചയാവാറാകുമ്പോൾ സ്മിത ചേച്ചിയെയും ചേട്ടനെയും എല്ലാവരും കൂടെ ഇക്കരെ കടത്തി. പിന്നാലെ ബാക്കിയുള്ളവരെയും. അപ്പോഴേക്കും ചുറ്റുപാടും എല്ലായിടവും ആളുകൾ സുരക്ഷിതരായി എത്തിയിരുന്നു.

പിന്നീട് സഹായങ്ങൾ ആയിരുന്നു. പല സംഘടനകൾ, ജനമൈത്രി പോലീസ് എന്നിവർ എത്തി. പുനലൂർ നിന്നും എന്റെ സുഹൃത്ത് ജയപ്രകാശ് ലക്ഷകണക്കിന് രൂപയുടെ സാധനങ്ങളുമായി ഓരോ വീടിലും കയറി.

ഇത് നാലഞ്ചു ദിവസത്തെ മാനസിക സംഘർഷത്തിന്റെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത ചിത്രം ആണ്.സഹായിക്കാൻ ശ്രമിച്ചവരെ  പേരെടുത്തു പറയാൻ നൂറിലേറെ ഉണ്ടാവും.  അന്വേഷങ്ങളും പ്രാർത്ഥനകളും ആയിരക്കണക്കിന്.
പക്ഷെ അതാതു നാട്ടിലുള്ളവർക്ക് അഭയം ആയ കുറെ വീടുകൾ, സ്വന്തം വീട്ടുകാരെപ്പോലെ കണ്ട ആ വീട്ടുകാർ. നാട്ടിലെ എന്തിനും ശ്രമിക്കാനും പ്രവർത്തിക്കാനും കഴിവുള്ള യുവാക്കൾ... ഒരു ടീം വർക്ക്‌ ആയിരുന്നു. എല്ലാത്തിനും മേൽ കെട്ടുറപ്പുള്ള ഒരു കുടുംബത്തിന്റെ ഭാഗമായതിൽ ഉള്ള സന്തോഷം.ഓരോ സ്ഥലങ്ങളിൽ ഇരുന്നു അവർക്ക് പറ്റാവുന്നതിന്റെ, ഇവിടെ കഴിയാവുന്നതിന്റെ അങ്ങേയറ്റം എത്തിച്ച കുടുംബാംഗങ്ങൾ, പ്രാർത്ഥനയോടെ ഇരുന്നവർ.. അറിയാം എല്ലാവരെയും. ഒരു ഭേദവും ഇല്ലായിരുന്നു. എന്റെ സഹപ്രവർത്തകർ, എനിക്കറിയാത്ത അന്യ നാടുകളിൽ ഇരുന്നു ഇതിൽ പങ്കാളികൾ ആയവർ...എന്റെ കുട്ടികൾ, അവരുടെ രക്ഷകർത്താക്കൾ, നേവി, ആർമി.. സർക്കാർ ഏജൻസികൾ. SI യും CI യും റിപ്പോർട്ട്‌ അല്ല കേട്ടത്, കൃത്യമായ നിർദേശങ്ങളും സമാധാനം തരാനുള്ള ശ്രമവും ആയിരുന്നു. ഡൽഹി IIT യിൽ നിന്നുള്ള അരവിന്ദൻ ചേട്ടന്റെ സുഹൃത്ത്, അന്യ നാടുകളിൽ നിന്ന് എത്രയോ ആൾക്കാർ !!!!! എനിക്കാരെയും അറിയില്ലായിരുന്നു. പക്ഷെ, എല്ലാവരും സുരക്ഷിതരായി എന്നു കേട്ടതിനു ശേഷമാണു അവർ പിന്മാറിയത്. എന്റെ സുഹൃത്തുക്കൾ ഇപ്പോഴും പിന്മാറിയിട്ടില്ല. ക്ലീനിങ്ങും മറ്റു സഹായങ്ങളുമായി അവർ  ഇപ്പോഴും ഉണ്ട്.

നാടിന്റെ ഭീകരമായ അവസ്ഥയുടെ താരതമ്യേന ഭീകരത കുറഞ്ഞവ ആണു ഇവിടെ പറഞ്ഞത്. ആർക്കും അടുക്കാൻ കഴിയാത്ത വിധം ഒഴുക്കും നിറഞ്ഞ മരങ്ങളും  ഇവിടെ തടസ്സമായിരുന്നു.ചുറ്റുപാടും ഇതിലും ഭീകരമാണ് കാര്യങ്ങൾ. ഇനി അതിജീവനം ആണു. കയറിവരും എല്ലാവരും. നഷ്ടങ്ങളുടെ കണക്കു നോക്കുന്നില്ല.

Thursday, February 14, 2013

ദൈവമേ! കൈ തൊഴാം....


കോളേജ് മതില്‍ക്കെട്ട് കടന്നപ്പോള്‍ തന്നെ മനസ് തണുത്തു.പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാല്‍ യുവമനസ്സുകളുടെ ഊര്‍ജ്ജം മെല്ലെ തന്നിലേക്കും പകര്‍ത്തപ്പെടുന്നത് തിരിച്ചറിയാനാകുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണം ചിലപ്പോഴെങ്കിലും മനസിനെ ബാധിക്കുന്നത് വീട്ടുകാര്യങ്ങള്‍ ചിന്തിക്കുമ്പോഴാണ്. വാക്കിംഗ് സ്റ്റിക്ക് ഊന്നി പതിയെ നടന്നു മുകള്‍ നിലയിലെ  സ്റ്റാഫ് റൂമിലെത്താന്‍ കുറെ നേരമെടുക്കും. പടിക്കെട്ടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഡോക്ടറുടെ ഉപദേശവും നടക്കാന്‍ തന്നെയാണ്.
ആരും എത്തിയിട്ടില്ല. പത്തുമിനിറ്റ് വിശ്രമിക്കാം.കസേരയില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാനും ബുദ്ധിമുട്ട് തന്നെ .മൂന്നാമത്തെ പീരിയഡ് ക്ലാസ് ഉണ്ട്.പോസ്റ്റ്‌ ഗ്രാജ്വേറ്റ് ക്ലാസ്, മാത്തമാറ്റിക്കല്‍ ഫിസിക്സിന്റെ പുസ്തകം കൂട്ടത്തില്‍ നിന്നും കണ്ടുപിടിച്ചു. അതൊന്നു എടുക്കാനാണ് പ്രയാസം, എന്തൊരു ഭാരം. അടുത്ത്‌ ഒരു നിഴല്‍ അനങ്ങിയപോലെ. ഒന്നാം വര്‍ഷക്കുട്ടികളില്‍ ആരോ ആണ്.
"ഡോ , ഇങ്ങു വാ..താനീ ബുക്ക്‌ ഈ മേശപ്പുറത്തേക്ക് ഒന്ന് വച്ചേ" ..
പയ്യന്‍ കേട്ടപാതി ഓടി വന്നു ആ പുസ്തകമെടുത്ത് മുന്നിലെക്കിട്ടു.  കുരുത്തംകെട്ടവന്‍ അത് കയ്യില്‍ തന്നെയെടുത്തിടുമെന്നു സ്വപ്നത്തില്‍ വിചാരിച്ചില്ല. ചെറുവിരല്‍ ചതഞ്ഞു കാണും, നല്ല വേദന..
പുസ്തകം തുറക്കാന്‍ നോക്കിയപ്പോള്‍ കൈ വിറയ്ക്കുന്നു. ഒരു വിധം തുറന്നു വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണാന്‍ അതിലേറെ പ്രയാസം. അല്ലെങ്കില്‍ തന്നെ എന്തിന്നാ ബുക്ക്, എത്ര നാളായി പഠിപ്പിക്കുന്നു! ഒരു സമാധാനത്തിനു ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. ഇതിങ്ങനെ തന്നെയാവും അവസാനിക്കുക എന്നറിഞ്ഞാലും ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടില്ലെങ്കില്‍ സമാധാനമില്ല.
പത്തുമണിയായപ്പോഴേക്കും  ഓരോരുത്തരായി എത്തിച്ചേരുന്നു. അവസാനം ജോലിയില്‍ പ്രവേശിച്ച പയ്യന്‍ ചാടി തുള്ളി നടക്കുന്നു. കണ്ടപ്പോള്‍ ഒരു നഷ്ടബോധം.
ശ്രീജ ടീച്ചര്‍ പുസ്തകം ടേബിളില്‍ വച്ച് ഉറങ്ങിപ്പോയെന്നു തോന്നുന്നു. അത് കണ്ടു മുരളി സര്‍ മോണകാട്ടി ചിരിച്ചു.ചെറിയ ചിരി വന്നത് പെട്ടെന്ന് തന്നെ മാഞ്ഞുപോയി, സ്വയം ബോധം.. രഞ്ജിത്ത് സാറിന്റെ വാക്കിംഗ് സ്ടിക് പുതിയതാണെന്ന് പറഞ്ഞിരുന്നു. ജി.പി.എസ. സൗകര്യം ഉള്ളതാനത്രേ. ഓര്‍മ്മകുറവുള്ളത്കൊണ്ട് കൊച്ചുമകള്‍ സമ്മാനിച്ചതാണ്‌.
മനോഹരമായി വേഷം ധരിച്ച ഒരു പെണ്‍കുട്ടി വലിയ ബാഗും തൂക്കി കടന്നു വന്നു. അതിലേറെ പ്രസരിപ്പുള്ള ചിരിയും.
" സര്‍ , ഇത് ഞങ്ങളുടെ പുതിയ പ്രൊഡക്ട്സ് ആണ്, വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഞങ്ങളുടേത് എന്നറിയാമല്ലോ, ആയുര്‍വേദ മരുന്നുകള്‍ ഗുണമേന്മയോട് കൂടി തയാറാക്കിയെടുക്കുന്നതാണ്. ഒന്ന് പരീക്ഷിച്ചു നോക്ക് സര്‍."
ശ്രീജ ടീച്ചര്‍ പിണ്ഡതൈലം വാങ്ങി..ഇനി അതായിട്ടു നോക്കാതിരിക്കേണ്ട എന്ന് കരുതിയാവും. കുട്ടിയുടെ ചുറുചുറുക്ക് കൊണ്ടു  എന്തൊക്കെയോ എണ്ണയും കുഴമ്പും ചെലവായികിട്ടി  .
അടുത്ത പീരിയഡ് ആയിരിക്കുന്നു.സ്രീനിസാരിന്റെ കുട്ടികള്‍ സാറിനെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നു.ജോബ്‌ സാറും തന്റെ വാക്കറില്‍ പിടിച്ചു എഴുന്നേറ്റു. രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷമാണ് സാര്‍ ഇങ്ങനെയായത്. ഒന്ന് മയങ്ങി .. ആരോ തട്ടിയപ്പോള്‍ കണ്ണ് തുറന്നു. ജോബ്‌ സാര്‍ ..
" ഹരി സര്‍ അടുത്ത അവര്‍ ആയി , ഉറങ്ങിപ്പോയോ?"
ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റു.
:ആ , ക്ലാസ് ഉണ്ട്"
ക്ലാസ് റൂം തൊട്ടടുത്ത് ആയതു സൗകര്യം തന്നെ.പ്രോജക്റ്റര്‍ ഓണ്‍ ചെയ്തിട്ടിട്ടുണ്ടാവും.പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആണ് എളുപ്പം. എങ്കിലും പ്രോബ്ലം ചെയ്യിക്കേണ്ടി വരും.ഇരുന്നു തന്നെ പറഞ്ഞു തുടങ്ങി.പതിവിനു വിപരീതമായി നല്ല ശാന്തത , പഠിപ്പിക്കാന്‍ നല്ല സുഖം തോന്നി.ഒരു പ്രോബ്ലം അവരോടു ചെയ്യാന്‍ പറഞ്ഞു കൂടെ ഒരു ചെറിയ മയക്കം വന്നു . പെട്ടെന്ന്  തന്നെ ബോധത്തിലേക്ക്‌ തിരികെ വന്നു.
"പ്രോബ്ലം ചെയ്തോ കുഞ്ഞുങ്ങളെ?"
ഉത്തരമില്ല. മുന്നിലിരിക്കുന്നവന്‍ കൈ കൊണ്ടെന്തോക്കെയോ കാണിക്കുന്നു, മറ്റുള്ളവരുടെ പലരുടെയും മുഖഭാവം കണ്ടിട്ട്‌ കൊഞ്ഞനംകുത്തുന്നപോലെ . കടുത്ത ദേഷ്യം വന്നു.പ്രഷര്‍ കൂടാതെ നോക്കണമെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുള്ളതാണ്. ഇത് പക്ഷെ..
"കാലവിശേഷം! അഹങ്കാരികള്‍, പ്രായം കുറെയായില്ലേ നിനക്കൊക്കെ,  ഇനിയെന്നാ വകതിരിവ് ഉണ്ടാകുക. പി.ജി ആണെന്നും പറഞ്ഞു വന്നിരിക്കുന്നു. ഇറങ്ങിപ്പൊക്കോണം. മര്യാദയില്ലാത്ത വര്‍ഗ്ഗം! " നിയന്ത്രണം വിട്ടു പോയി.
 മുന്നിലിരുന്ന പയ്യന്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് വന്നു. എന്തിനുള്ള പുറപ്പാടാണോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ കൈ നീണ്ടു ചെന്ന് ചെവിയില്‍ നിന്ന് വിട്ടു പോയ ശ്രവണസഹായിയെ തിരികെ പ്രതിഷ്ടിച്ചു.  ശബ്ദം! ഈശ്വരാ!
ജാള്യത മറയ്ക്കാന്‍ വല്ലാതെ പാടുപെട്ടു.വയസുകാലത്ത് സ്വസ്ഥമായി വീട്ടിലിരിക്കെണ്ടതാണ്. രോഗങ്ങളുടെ കൂമ്പാരം പോലെ നടന്നിട്ടും ഓരോ വര്‍ഷവും കരുതും ഈ വര്‍ഷം കൂടി, അടുത്ത വര്‍ഷം വി.ആര്‍.എസ എന്ന്!!  പണം ആര്‍ക്കും കയ്ക്കില്ലല്ലോ. വീണ്ടും ഇങ്ങനെ തന്നെ. പെന്‍ഷന്‍ പ്രായം കൂട്ടിയ യു.ജി.സി യെ പരപരാ പ്രാകിക്കൊണ്ട്‌ ക്ലാസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോന്നു..



Thursday, June 28, 2012

തേക്കുമരവും കണ്‍സള്‍ട്ടന്റും പിന്നെ ഞാനും.


ഫോണ്‍ ഒച്ചവയ്ക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. കാള്‍ എടുത്ത്‌ പൂര്‍ത്തിയാകാത്ത ഉറക്കം തുടരാന്‍ കണ്ണടച്ചു തന്നെ  ഹലോ പറഞ്ഞു.

“ഹലോ , ഗുഡ്‌ മോണിംഗ് സര്‍ ,ഞാന്‍ രാജീവാണ് “
“ങാ , ഗുഡ്‌ മോണിംഗ് ,  എന്താ ഈ കൊച്ചുവെളുപ്പാന്‍കാലത്തെ? ?”
“സമയം എഴരയായി സര്‍ , ഇന്നലെയും ഞാന്‍ സാറിനെ വിളിച്ചിരുന്നു 

ഒന്ന് ഞെട്ടി. ഏഴരയോ!ടെന്‍ഷന്‍ കാരണം ഇന്നലെ ഉറക്കം വന്നതേയില്ല. മൂന്നു മണിയായിക്കാണും ഒന്ന് കണ്ണടച്ചപ്പോള്‍ .രാവിലെ ഉറങ്ങിപ്പോയിരിക്കുന്നു.
“സര്‍ ഒന്നും പറഞ്ഞില്ല, വണ്ടി ബുക്ക്‌ ചെയ്യുകയല്ലേ ?”

“എനിക്കൊന്നുകൂടി ആലോചിക്കണം. എന്നിട്ട് പറയാം “
“സര്‍ കാഷ് ഡിസ്കൌണ്ട് ഈ മാസം കൂടിയേ ഉള്ളൂന്നറിയാമല്ലോ,പിന്നീടെനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല “
“എനിക്കുടനെ പറ്റില്ലാന്നു ഞാന്‍ പറഞ്ഞതല്ലേ ?”
അറ്റ്‌ ലീസ്റ്റ് സര്‍ ട്വെന്റി ഫൈവ്‌ തൌസന്റ് തന്നു ബുക്ക്‌ ചെയ്തെങ്കിലും ഇട്ടാല്‍ ലോണ്‍ ശരിയാകുമ്പോഴെക്ക് ബാക്കി ഡൌണ്‍ പേമെന്റ് അടച്ചാല്‍ മതിയാകും. ഇന്ന് ഞാന്‍ സാറിനെ കാണാന്‍ അങ്ങോട്ട്‌ വരുന്നുണ്ട് ”

മറുപടി പറയും മുന്‍പ് പയ്യന്‍ ഫോണ്‍ വച്ചുകഴിഞ്ഞു . ഉടുമ്പിന്റെ പിടിയാണ് പിടിച്ചിരിക്കുന്നത്.
ഉറക്കം മുഴുമിക്കാത്തതിന്റെ നീരസം തോന്നിയെങ്കിലും സമയബോധം കൊണ്ട് ചാടിയെഴുന്നേറ്റു.രാവിലെ മരം മുറിക്കാന്‍ ആളു വരാമെന്നു പറഞ്ഞിട്ടുണ്ട്.എല്ലാം കൂടെ രണ്ടുലക്ഷത്തിനുമേലെ വില പറഞ്ഞുറപ്പിച്ചതാണ്. ഒന്‍പതുമണിക്ക്‌ ആളുമായെത്താമെന്നു പറഞ്ഞാണ് അഡ്വാന്‍സ്‌ തന്നു ഉണ്ണിപ്പിള്ള പോയത്.

പല്ലുതേപ്പ് കഴിഞ്ഞ് അടുക്കളയിലേക്കു ചെന്ന്‍ ശ്രീമതി തന്ന ചൂട് കാപ്പി കുടിക്കുന്നതിനിടെ മോളെ അന്വേഷിച്ചു .

“ഓ ! നിങ്ങടയല്ലേ സന്തതി.ഉണര്‍ന്നിട്ടില്ല.രണ്ടുമൂന്നു തവണ ഞാന്‍ പോയി വിളിച്ചുനോക്കി .എവിടെ! കേട്ടഭാവമില്ല. മാസമൊന്നു കഴിഞ്ഞാല്‍ വല്ലവീട്ടിലും പോയി പൊറുക്കേണ്ട പെണ്ണാ.നിങ്ങളൊരുത്തനാ  കൊഞ്ചിച്ചു വഷളാക്കിയത്.”

പണമുണ്ടാക്കാന്‍ ജീവനെടുത്തു നടക്കുമ്പോഴാ അവളുടെ പരാതിക്കെട്ട്. രാവിലെ വയര്‍ നിറഞ്ഞു.

“ആ .. അവളെങ്ങനെലും ജീവിച്ചോളും.പിള്ളേച്ചന്‍ മരം മുറിക്കാന്‍ ആളുമായി ഇപ്പോഴെത്തും.”

തെക്കുവശത്ത് നില്‍ക്കുന്ന തേക്കുമരം മുറിക്കുന്നതോര്ത്തപ്പോള്‍ ഒരു അങ്കലാപ്പ് .അത് അതിരിലാണെന്ന് കുമാരന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുമാരന്‍ സര്‍വേക്കല്ല് മാറ്റിയിട്ടെന്ന് തനിക്കും സംശയം ഉണ്ട്. കോലാഹലമില്ലാതെ മുറിച്ചുകിട്ടിയാല്‍ മതിയായിരുന്നു.

വീണ്ടും ഫോണ്‍ ഒച്ചയുണ്ടാക്കി.ആ പയ്യന്‍ തന്നെ. ഒരാഴ്ചയായി തുടങ്ങിയ അടുത്ത സമാധാനക്കേട്. അവിടെ കിടന്നു അടിക്കട്ടെ. മൂന്നു വിളിയും വീണ്ടും അതെ നമ്പരില്‍ നിന്നും .
റിട്ടയര്‍ ചെയ്തു കയ്യില്‍ നാലുകാശ് വന്നപ്പോള്‍  പഴയ വണ്ടിയൊന്നു മാററിയാലോന്നു ആലോചിച്ചതാണ്. ടൌണില്‍ പോയപ്പോള്‍ ഷോറൂമില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചു. അന്ന് മുതല്‍ പയ്യന്‍ വിടുന്നില്ല. അവന്റെ ചിരിയും വര്‍ത്തമാനവും കണ്ടു  മയങ്ങിപ്പോയി എന്നതും സത്യം. ആദ്യം മൂന്നാല് ദിവസത്തിലൊരിക്കലായിരുന്നെന്കില്‍ ഇപ്പോള്‍ ദിവസം മൂന്നും നാലും തവണ വിളിയാണ്.പെണ്ണിന്റെ കല്യാണം ഇത്ര പെട്ടെന്ന് ഒത്തുവരുമെന്നും വിചാരിച്ചില്ല. പണം എത്രയായാലാണ് ഒരു കല്യാണം നടത്താന്‍ പറ്റുക. അതോടെ വണ്ടിമോഹം ഉപേക്ഷിച്ചു.  പക്ഷെ പയ്യന്‍ വിടുന്ന ലക്ഷണമില്ല.

കഴിഞ്ഞദിവസം ബാര്‍ബര്‍ ഷോപ്പില്‍ വച്ച് മുടി വെട്ടുന്നതിനിടയില്‍ ഒരു വിളി. തൊട്ടടുത്ത കസാലയിലിരിക്കുന്നു പയ്യന്‍. ഇതൊന്നു കഴിയട്ടെന്നു ആംഗ്യം കാണിച്ചു. ദേഷ്യം വന്നെങ്കിലും ക്ഷമയോടെ കാത്തിരിക്കുന്നതു കണ്ടപ്പോള്‍ അതൊക്കെ ഉരുകിയൊലിച്ചുപോയി. മോള്‍ടെ കല്യാണമായതുകൊണ്ട് ഇപ്പോള്‍ നടക്കില്ലയെന്നു പറഞ്ഞെങ്കിലും ആ മുഖത്തെ നിരാശ കണ്ടു “വേണ്ടാന്നൊന്നും വച്ചില്ല, എടുക്കുമ്പോള്‍ രാജീവിനെതന്നെ വിളിക്കാം” എന്ന് പറഞ്ഞുപോയി. പിന്നേം അവസരം നോക്കാതെയുള്ള അവന്റെ പല പ്രകടനങ്ങളും ഇതൊരു ബാധയാവുന്നു എന്ന് തോന്നിച്ചിരുന്നു.ഇന്നെന്തായാലും ഉറപ്പിച്ചു പറയണം.

“എന്താ കൊച്ചാട്ടോ രാവിലെ സ്വപ്നോം കണ്ടിരിക്കുന്നെ ? ഉണ്ണിപ്പിള്ളയാണ്, കൂടെ മൂന്നുപേരും.
“ദാ,പറഞ്ഞത്രയും ഉണ്ട് . നേരം കളയാതങ്ങു തുടങ്ങിയേക്കാം “
“ആയ്ക്കോട്ടെ , തുടങ്ങിക്കോളിന്‍ “ കാശ് വാങ്ങി കണ്ണില്‍ വച്ചു.

നേരെ പോയത് ആ തേക്കുമരത്തിനടുത്തേക്ക് .അതുതന്നെ ആദ്യം മുറിക്കട്ടെ. സമാധാനം കിട്ടുമല്ലോ. കൂട്ടത്തിലൊരാള്‍ മരത്തില്‍ കയറിക്കഴിഞ്ഞു. കമ്പെല്ലാം കോതിഒതുക്കുന്നു.’ഈശ്വരാ ,കുഴപ്പമൊന്നും ഉണ്ടാകല്ലേ ‘  

ബൈക്കിന്റെ ഒച്ചകേട്ടാണ് ചിന്തകളില്‍ നിന്നും തിരിച്ചു വന്നത്. രാവിലെ തന്നെയെത്തിയല്ലോ.
“ഗുഡ്‌മോണിംഗ് സര്‍ “
മറുപടിയായി ഒന്ന് ചിരിച്ചെന്നു വരുത്തി.

“എന്തായി സര്‍ ,വണ്ടി ബുക്ക്‌ ചെയ്യുവല്ലേ? മോളുടെ മാര്യെജിനു മുന്‍പ് ഡെലിവര്‍  ചെയ്യേണ്ടേ?”

“രാജീവേ  അതിപ്പോള്‍ ആലോചിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ ?” മുഖത്ത് പരമാവധി  പ്രസന്നതവരുത്തി പറയാന്‍ നോക്കി.

പെട്ടെന്ന് അപ്പുറത്തുനിന്നും കുമാരന്റെ ആക്രോശം. ഉണ്ണിപ്പിള്ള ഓടിക്കിതച്ചു വരുന്നു.’ഈശ്വരാ കുഴപ്പമായോ’
“ഇതെന്താ കൊച്ചാട്ടോ, കുമാരേട്ടന്‍ മരം മുറിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ. അയാള്‍ടെ അതിരിലാണെന്ന്. നിങ്ങളെന്നെ കുഴപ്പത്തിലാക്കല്ലേ “
അയാളെ സമാധാനിപ്പിച്ച് കൂടെ ഇറങ്ങി ചെന്നു.

“ഇതു ഞങ്ങളുടെ ലേറ്റസ്റ്റ് മോഡല്‍ ആണ് സര്‍ . ഡീസല്‍ വേര്‍ഷന്‍. പെട്രോളിനൊക്കെ ഇപ്പൊ എന്താ വില. സര്‍ ഒന്നുകൂടെ ആലോചിക്കു”
ഓണത്തിനിടയ്ക്കു അവനു പുട്ടുകച്ചവടം. തിരിഞ്ഞു രൂക്ഷമായി നോക്കിയിട്ട് നേരെ നടന്നു.

“അല്ല സര്‍ കൊമ്പറ്റെറ്റിവ് മോഡല്‍സ്നേക്കാള്‍ രണ്ടു കിലോമീറ്റര്‍ അധിക മൈലേജും “
“പൊന്നനിയാ , ഒന്നടങ്ങ്‌ .ആദ്യം ഞാനെന്‍റെ പ്രശ്നങ്ങള്‍ ഒന്ന് ഒതുക്കട്ടെ “

പയ്യന്‍ പിന്നാലെ തന്നെ. ശ്രദ്ധിക്കാതെ നടന്നു. കുമാരന്‍ തുള്ളിയുറഞ്ഞു നില്‍ക്കുകയാണ് .
“നിങ്ങളോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ ആ തേക്ക്  എന്റെ പറമ്പിലാണെന്ന്. ഇതാരോട് ചോദിച്ചിട്ടാണ് ഇന്നാളെക്കൂട്ടി മുറിക്കാന്‍ വന്നത്.ഞാനെന്താ പൊട്ടനാന്നു വിചാരിച്ചോ ?”

“കുമാരാ , അതെന്റെ പറമ്പില്‍ അല്ലെ ? അതിരിലേക്കടുത്തന്നല്ലേയുള്ളൂ ?”

“കല്ല് കിടക്കുന്നതെവിടാന്നു നോക്ക്, നിങ്ങടെ പറമ്പ്‌ പോലും.” കുമാരന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

“ ആ സര്‍വേക്കല്ല് മാറ്റിയിട്ടത് ആരാണെന്നെനിക്കറിയാം. കല്ലിട്ടിരുന്ന സമയത്ത് അതെന്റെപറമ്പില്‍  പറമ്പില്‍ത്തന്നെയായിരുന്നു.”
“ വൃത്തികേട് പറയരുത്.” കുമാരന്‍ കലി കൂടി വരുന്നു.
“കുമാരാ, എന്റെ മോള്‍ടെ കല്യാണം...”
“തന്റെ മോള്‍ടെ കല്യാണം നടത്തേണ്ടത് എന്റെ പറമ്പിലെ മരം  മുറിച്ചിട്ടല്ല.”
 പറഞ്ഞുപറഞ്ഞു അത് കുമാരന്റെ മരം ആവുന്നപോലെയായി. അതിരില്‍ ആണെന്ന് സംശയം പോട്ടെ, ഇതിപ്പോള്‍..

“സര്‍ , ബേസ് മോഡലിനു തന്നെ ഏസീയും പവര്‍ സ്റ്റിയറിംഗും ഉണ്ട്.എക്സ് ഷോറൂം പ്രൈസ്‌ അഞ്ചു ലക്ഷത്തില്‍ താഴെയുള്ളു ‘’
അന്തംവിട്ടു നോക്കിപ്പോയി. ഇത്രവിവരമില്ലാത്തവനോ!

“കയ്യാല കോരിയപ്പോള്‍  ഇതെന്റെ പറമ്പിലായിരുന്നല്ലോ. ഇപ്പൊ നിങ്ങടെയായോ ?”
“ഇനിയാരേലും തടിയേല്‍ കൈ വെച്ചാ ആ കൈ ഞാന്‍ വെട്ടും,അങ്ങനിപ്പോ അതിരില്‍ നില്‍ക്കുന്ന മരം ഒറ്റയ്ക്ക് വിഴുങ്ങേണ്ട ” കുമാരന്‍ ഉറഞ്ഞുതുള്ളുന്നു.

“സര്‍ ഞങ്ങളുടെ വണ്ടിക്കു ആവശ്യത്തിന് ഗ്രൌണ്ട് ക്ളിയറന്‍സ്  ,ലെഗ് റൂം , ഹെഡ്‌റൂം ഒക്കെയുണ്ട്. പിന്നെ ഓഫര്‍ ഈ മാസം കൂടിയെയുള്ളു  .”
ദയനീയമായി അവനെ നോക്കി.
“അനിയാ , നീ നോര്‍മല്‍ അല്ലെ ?”
കുമാരനും അന്തംവിട്ടു നോക്കുന്നു.

“അല്ല സര്‍ , ഇപ്പോള്‍ എടുത്താല്‍...”
“എടുക്കും ഞാന്‍..കൊടുവാള്‍...പൊയ്ക്കോ എന്റെ മുമ്പീന്നു”. അവനോട് അലറി.
’’സര്‍ ...’’
“എന്താ, എന്താ പ്രശ്നം ?” കുമാരന്‍ തണുത്തമട്ടുണ്ട് .

“എന്റെ പൊന്നു കുമാരാ,ഒരുമാസമായി എന്റെ കൂടെ കൂടിയ ബാധയാണ്. ഒന്നൊഴിപ്പിച്ചുതരാമോ ? പകരം ഈ തേക്ക് ഞാന്‍ നിങ്ങള്‍ പറയുന്നപോലെ ചെയ്യാം .മോള്‍ടെ കല്യാണമായിട്ടു ഞാന്‍ ഭ്രാന്തെടുത്തു ചാവും,അല്ല, എല്ലാരും കൂടി എന്നെ ഭ്രാന്തനാക്കും. എനിക്കിവന്റെ വണ്ടി വേണ്ടാ .“ തലയ്ക്കു കയ്യും കൊടുത്ത് നിലത്തിരുന്നുപോയി.

“എന്തായിത് ശ്രീധരേട്ടാ ,കൊച്ചുകുട്ടികളെപ്പോലെ ?” 
“എന്താടോ, തനിക്കെന്താ വേണ്ടത്?” അവന്റെ നേരെയായി  കുമാരന്‍റെ ചോദ്യം.

പയ്യന്‍ ഷര്‍ട്ടിന്റെ കോളര്‍ രണ്ടും ചേര്‍ത്ത് പിടിച്ചു തലയൊന്നു കുനിച്ചു.
“ഹലോ സര്‍ , അയാം രാജീവ്‌,  കണ്സള്‍ട്ടന്‍റ് , സൂപ്പര്‍കാര്‍ മോട്ടോര്‍സ്. ഞങ്ങളുടെ ലേറ്റസ്റ്റ്ഡീസല്‍ വേര്‍ഷന്‍ കാര്‍ നാല് വേരിയന്റ്സ് ഇറങ്ങുന്നുണ്ട്. ബേസ് മോഡല്‍ കംസ് വിത്ത് ഏസി ആന്‍ഡ്‌ പവര്‍ സ്റ്റിയറിംഗ്. ഇപ്പോള്‍ ആണെങ്കില്‍ ഓഫര്‍ ഉണ്ട് സര്‍ . ട്വല്‍വ് തൌസന്‍റ് കാഷ് ഡിസ്കൌണ്ട്, ഇന്‍ഷ്വറന്‍സ് ഫ്രീ...    ദിസ് ഈസ്‌ മൈ കാര്‍ഡ്. മേ ഐ ഗെറ്റ് യ്വോര്‍ കാര്‍ഡ് സര്‍ “ തന്റെ കാര്‍ഡ് ഹോള്‍ഡറില്‍ നിന്നും കാര്‍ഡ്‌ എടുത്തു രണ്ടുകൈ കൊണ്ടും കുമാരന് നേരെ നീട്ടി നില്‍ക്കുകയാണ് കക്ഷി .

സിമന്‍റ് പോലും പൂശാത്ത തന്റെ ചെറിയ കൂരയെയും നിലത്തിരിക്കുന്ന ശ്രീധരേട്ടനെയും മാറി മാറി നോക്കിയ കുമാരന്റെ മുഖഭാവം നവരസങ്ങളില്‍ പോലും  ഉള്ളതായിരുന്നില്ല.



 


Thursday, June 7, 2012

ഇനിയും മരിക്കാത്ത പുഴ


 കണ്ണില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു സുന്ദര ദൃശ്യമാണ് പാറകള്‍ക്കിടയിലൂടെ ചിരിച്ചുതകര്‍ത്ത് ഒഴുകുന്ന കല്ലടയാര്‍ .ജീവിതത്തിന്റെ ഒരു ഭാഗം , ഒരുപാട് സമയം ,അതിനോടോത്തു തന്നെയായിരുന്നു.. വേനലില്‍ നല്ല സ്വര്‍ണനിറമുള്ള മണല്‍ത്തട്ടും ഇടയിലുടനീളം പാറകള്മായിഒഴുകുന്ന മെലിഞ്ഞ സുന്ദരി.ആറിന് മദ്ധ്യം വരെ പോയി കുളിക്കാന്‍ യാതൊരു പ്രയാസവുമില്ല.പാറക്കെട്ടുകളും പുല്‍പ്പടര്‍പ്പുകളും ഇടയിലെല്ലാം ഉണ്ട്. കാല്‍മുട്ട് വരെ മാത്രം നനഞ്ഞു അക്കരെയെത്താം. മഴക്കാലമായാല്‍ ഇരുകരമൂടി തകര്‍ത്ത്‌ ഒഴുകുമ്പോള്‍ വേറൊരു സൌന്ദര്യം. അപ്പോഴും പുല്പടര്‍പ്പും ചെറുചെടികളും ഒഴുക്കിനനുസരിച്ചു തലയുയര്‍ത്തിയും കുനിഞ്ഞും ആടി കളിച്ചു നില്‍ക്കുന്നുണ്ടാവും. 

ആറിനെ മലിനമാക്കുന്ന വസ്തുക്കള്‍ പേപ്പര്‍ മില്ലില്‍ നിന്നും തള്ളാന്‍ തുടങ്ങിയപ്പോള്‍ ഒന്നുമറിയാത്ത പ്രായത്തില്‍ ‘പേപ്പര്‍ മില്‍ പൂട്ടിപ്പോകണെ ‘ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് .പതഞ്ഞു കട്ട പിടിച്ചപോലെയുള്ള മാലിന്യം ഒപ്പം ചെറിയ പുഴുക്കളേയും സംഭാവന ചെയ്തപ്പോള്‍ വേറെ എങ്ങനെ പ്രാര്‍ഥിക്കാന്‍. കരയോടു ചേരുന്ന ഭാഗത്ത്‌  പുളയ്ക്കുന്ന കൃമികള്‍ ആറ്റില്‍ ഇറങ്ങാന്‍ തോന്നിക്കാതെയായി.  അന്നൊക്കെ വേനല്‍ക്കാലത്ത് മണലില്‍ വലിയ കുഴികള്‍ ഉണ്ടാക്കി അവിടെ കുളിക്കുന്നവര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടികിടക്കുന്ന പേപ്പര്‍ മില്ലിന് മുന്നിലൂടെയുള്ള യാത്ര പതിവായപ്പോള്‍  -അതിന്റെ ശോചനീയവസ്ഥയും അത് മൂലം അനാഥരായ കുടുംബങ്ങളെയും ഓര്‍ത്തപ്പോള്‍ -  പണ്ടൊക്കെ പ്രാര്‍ത്ഥിച്ചതില്‍ പശ്ചാത്താപം തോന്നിയിട്ടുണ്ട്.


വീട്ടില്‍ നിന്നും കുറച്ചു താഴെക്കിറങ്ങിയാല്‍ തെങ്ങിന്‍ തോപ്പും പിന്നെ ആറും.ഇരു കരകളും തിങ്ങി നിറഞ്ഞു മുളങ്കൂട്ടങ്ങള്‍. മഴക്കാലത്ത്‌ വീട്ടില്‍ നിന്നാല്‍ ഒഴുക്ക് നന്നായി കാണാം .

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മണല്‍ വാരല്‍ അന്നും ഉണ്ടായിരുന്നു. ആണും പെണ്ണും ഉള്‍പ്പെടെ ഒരു സംഘം അതിനായി ഉണ്ടായിരുന്നു. വാരി കരയ്ക്കിട്ട മണല്‍  ചെറിയ ചാക്കുകളിലായി   ചുമന്നു അടുതെവിടെയെന്കിലും വീടുകളില്‍ എത്തിക്കും. പിന്നെ അളന്നു ഒന്നിച്ചാക്കി കൂലി പങ്കിട്ടെടുക്കും.ഇതൊന്നും അറിഞ്ഞ ഭാവം ആറിനുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ രീതിയില്‍ മണല്‍ വാരല്‍ തുടങ്ങിയിട്ട് അധിക കാലമായില്ല.വള്ളങ്ങള്‍ നിരത്തി ഇറക്കി വാരിഎടുക്കാന്‍ തുടങ്ങി  . സുലഭമായിരുന്ന മണല്‍ കുറഞ്ഞപ്പോള്‍ മുങ്ങി ഇടിച്ചു വാരാന്‍ തുടങ്ങി. പിന്നെ കരയോടു ചേര്‍ത്ത് വള്ളമൂന്നി വാരാന്‍ തുടങ്ങി. കരയും ഒപ്പം മരങ്ങളും വെള്ളത്തിലേക്കിറങ്ങി. കുളിക്കടവുകള്‍ മണല്‍ വാരല്‍ കടവുകളായി.പാറകള്‍ അടുക്കിയിട്ടിരുന്ന കൈവഴികള്‍ കോണ്‍ക്രീറ്റ് ആയി വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. സ്ത്രീകള്‍ നാട്ടു വിശേഷം പങ്കുവച്ചു കുളിച്ചിരുന്ന കടവുകളില്‍ അടിപിടിയും അക്രമവും . നാട്ടുകാരുള്‍പ്പെടെ ഈ കൂട്ടത്തില്‍ ഉള്ളപ്പോള്‍ എതിര്‍ത്തിരുന്ന ശബ്ദങ്ങള്‍ താഴ്ന്നു. വള്ളം പണി വരെ കടവിലായി.രാവിലെ തുടങ്ങുന്ന മണല്‍ വാരല്‍ സന്ധ്യ വരെ നീളും. വലിയ മണല്‍ക്കുന്നുകള്‍ കരയില്‍ രൂപപ്പെടുമ്പോള്‍ ലോറികളില്‍ മണല്‍ യാത്ര തുടങ്ങും. പല പതിനായിരങ്ങള്‍ വിലയുള്ള സ്വര്‍ണ്ണമണലായി.മണല്‍ വാരാന്‍ വന്നവര്‍ പിന്നീട് വള്ളം ഉടമകളും വാഹന ഉടമകളുമായി പണം വാരി. മരിക്കാന്‍ തുടങ്ങുന്ന പുഴയുടെ ദയനീയ സ്വരം ആരും കേട്ടില്ല.


എന്റെ ഓര്‍മയിലുള്ള പുഴയില്‍ വീണുള്ള മരണം ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആയിരുന്നു. സമപ്രായത്തി ലുള്ള കുട്ടി.അതുകൊണ്ടാവാം കുറെ നാള്‍ അത് മനസ്സില്‍ തങ്ങി നിന്നു . വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കാനായി മുതിര്‍ന്നവര്‍ അത് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. (മുതലയുണ്ട്, പെരുംപാമ്പുണ്ട് ,അറുകൊലയുണ്ട് എന്നൊന്നും പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ ആറിനെ സ്നേഹിച്ചു പോയിരുന്നു ). പിന്നീടും വെള്ളപ്പൊക്കകാലത്ത് ചില മരണങ്ങള്‍ കേട്ടിട്ടുണ്ട്.പക്ഷെ, ഈയിടെയാണ് ഇത്രയധികം മരണങ്ങള്‍ കേള്‍ക്കുന്നത്. നാട്ടുകാര്‍ മൊത്തം കുളിക്കാന്‍ വന്നിരുന്ന കാലത്തെ അപേക്ഷിച്ചു ആരും കുളിക്കാന്‍ ഇറങ്ങാന്‍ പോലും ധൈര്യപ്പെടാത്ത സമയത്ത്. ആറിനോട് പരിചയമുള്ളവര്‍ പോലും ഒരു കാല്‍ വച്ചാല്‍ കയത്തിലേക്ക് തള്ളപ്പെടുന്നു.



സ്വര്‍ണ്ണമണല്‍ നിറഞ്ഞ തീരം ഇപ്പോഴില്ല.ആകെ ചെളി മൂടി ഒരു വെള്ളക്കെട്ട് പോലെ. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആരുടേയും ജീവനെടുക്കുന്ന ഒരു ഭീകരതയായി കല്ലടയാര്‍ .പാറകള്‍ തട്ടിയിളക്കാന്‍ കഴിയാത്തതുകൊണ്ട് അതൊക്കെ ഇപ്പോഴും അവിടെയുണ്ട്. പലതും വെള്ളം മൂടിതുടങ്ങി.ആറിന്റെ ആഴം കൂടുന്നതനുസരിച്ച് കിണറുകളിലും വെള്ളം താഴേക്കിറങ്ങി. വെള്ളത്തിലിറങ്ങി ആറു മുറിച്ചു കടക്കുന്നത് വെറും സ്വപ്നമായി. അക്കരെയുള്ളവര്‍ പാവലും പയറും പടവലവും കൃഷി ചെയ്യാന്‍ ഇക്കരെ വന്നിരുന്നു.  ചന്ത കൂടുന്ന ദിവസത്തിന്റെ തലേന്ന് വിളവെടുക്കുമ്പോള്‍ ഒരു ഭാഗം വീട്ടില്‍ തന്നിട്ട് പോകും. കന്നുകാലികളെ കുളിപ്പിക്കാനിറങ്ങുമ്പോള്‍ അവ അക്കരെ കടക്കുകയെന്നതും നിത്യ സംഭവം ആയിരുന്നു. ഇപ്പോള്‍ ജീവനെ കൊതിച്ചു ആരും ഇറങ്ങാതെയായി. അമ്മയെ കൊന്നുതിന്നുമ്പോള്‍ കയ്യില്‍ വരുന്ന പണം എല്ലാത്തിനും പ്രതിവിധിയാകുമോ ? കൂട്ടുകാര്‍ വീട്ടില്‍ വന്നാല്‍ അവരെ ആറു കാണിച്ചു ‘എന്തൊരു ഭംഗിയാ’ എന്ന് പറയിപ്പിക്കുംപോള്‍ ഉള്ള സന്തോഷം ഇനി കിട്ടില്ല. ഇപ്പോഴും നാട്ടില്‍ പോയാല്‍ ആറ്റിനടുത്ത് പോകാതെ വരാന്‍ പറ്റില്ല. പക്ഷെ, കാഴ്ചകള്‍ സന്തോഷകരം അല്ലല്ലോ.  അപ്പോള്‍ സ്കൂളില്‍ പഠിച്ച ഒരു ഓ.എന്‍. വി. കവിത മനസ്സില്‍ വരും.
“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി.”  

  



Sunday, August 28, 2011

എന്റെ ചേച്ചീ ! കൈ എന്റേതല്ലേ ..


ബസ്‌ സ്റ്റാന്‍ഡില്‍ യുഗങ്ങളായി ഈ കിടപ്പ് തന്നെഎന്ന ഭാവത്തില്‍ നിരന്നു കിടക്കുന്ന ബസുകള്‍ക്കിടയില്‍ പരതിയിട്ടൊന്നും വണ്ടി കാണുന്നില്ല.അര മണിക്കൂര്‍ മുന്‍പേ പിടിച്ചിടുന്നതാണ്. ബസ്‌ എടുക്കുന്ന നേരമാകുമ്പോഴേക്കും ആള്‍ നിറഞ്ഞിട്ടുണ്ടാവും.  ആദ്യമേ എത്തിയില്ലെങ്കില്‍  സീറ്റ്‌ കിട്ടില്ലയെന്നുള്ളത് കൊണ്ട് നേരത്തെ വന്നു സീറ്റ്‌ ഉറപ്പിക്കാറാണ്  പതിവ്‌. കെട്ടഴിച്ചു ഓടിപ്പോയ പശുക്കിടാവിനെ തിരയുംപോലെ അവിടെല്ലാം ആനവണ്ടിയെ  തിരഞ്ഞു  കറങ്ങി. എന്നാലെന്നെയൊന്നു  കണ്ടുപിടിക്ക് എന്ന മട്ടില്‍  ഒരു മൂലയ്ക്ക് കിടക്കുന്നു.വയറ്റില്‍ നിന്നും കത്തി കയറിയ തീ പെട്ടെന്നണഞ്ഞു.കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC  ബസേ !!).

സ്ത്രീകളുടെ സീറ്റിലെല്ലാം ഒരാളെങ്കിലും വച്ച് ആയികഴിഞ്ഞു.  പിന്നില്‍ ജനറല്‍ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ട്. അങ്ങോട്ടിരിക്കാമെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരിക്ക് അതുവേണ്ടയെന്നൊരു അഭിപ്രായം. എങ്കില്‍ വേണ്ട !നാട് കേരളമാണല്ലോ. ഒരാള്‍ ഉള്ള സീറ്റില്‍ രണ്ടാമതായി കൂട്ടുകാരിയും മൂന്നാമതായി ഞാനും ഇരിപ്പുറപ്പിച്ചു. എന്തൊരു ആശ്വാസം!

മുന്നിലെക്കെടുത്തിട്ട  ബസില്‍ പിന്നെ ആളുകയറിയത് ആദ്യമായി ബസ്‌ കാണുന്നപോലെ. അവരെയൊക്കെ നോക്കിയിരിക്കുമ്പോള്‍  എന്റെ മുഖത്തും ഒരു ‘വിജയീഭാവം’ഉണ്ടായിരുന്നോന്നു സംശയം.!അങ്ങനിപ്പോള്‍ സുഖിക്കെണ്ടാ എന്നു പറയുംപോലെ ഒരു ഭാരം എന്റെ തോളെല്‍ . കൈ കൊണ്ട് തട്ടാന്‍ നോക്കിയപ്പോള്‍ നല്ല കനം. അനങ്ങുന്നില്ല.  കണ്ണ് തുറന്ന്‍ നോക്കിയപ്പോള്‍ ഞെട്ടി. ‘എന്റെ ചേച്ചീ ! ഈ ഭാരം എന്റെ തോളെല്‍ തന്നെ വയ്ക്കണോ?’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയി. ഒരു പത്തെൺപതു കിലോ തൂക്കം വരുന്ന സ്ത്രീ. പ്രായത്തിലും അധികം തോന്നീല്ല.( ചേച്ചീന്നൊക്കെ ഒരു ജാടയ്ക്കു ഇരിക്കട്ടെ). ആളു വരും മുന്‍പേ പൈലറ്റ് ആയി വരുന്ന വയര്‍ എന്റെ തോളില്‍ വിശ്രമിക്കാന്‍ വിട്ടതാണ്. അതും അമ്പതു കിലോ തികച്ചില്ലാത്ത  എന്റെ തോളില്‍ .. 


ആദ്യമൊക്കെ സീറ്റില്‍ ചാരി നിന്നു, പിന്നെ  ‘നീ അങ്ങനീപ്പോള്‍ സുഖിക്കേണ്ട’ എന്ന ഭാവത്തില്‍ എന്റെ മേലെക്കായി.  തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു  കരുതിയപ്പോള്‍ എന്നെ ഒതുക്കിയത് കാരണം തിരിയാന്‍ പോലും മേല. ശ്വാസം മുട്ടുന്നു.    തിരിഞ്ഞു അവരെ നോക്കാൻ ശ്രമിച്ചു. കറുത്ത് , നല്ല പൊക്കവും സാമാന്യത്തിലധികം തടിയും  , നിര്‍വികാരമായ മുഖവും.ബസിലാണെങ്കില്‍   നല്ല തിരക്കും . പുള്ളിക്കാരിയുടെ നോട്ടം കണ്ടപ്പോള്‍ കാളിദാസന്‍ പറഞ്ഞപോലെ  ( അതുപോലാരാണ്ടു പറഞ്ഞതാവും !)  എണ്ണ തേച്ചു നില്‍ക്കുന്നവന്‍ കുളികഴിഞ്ഞു വന്നവനെ നോക്കുന്ന അതെ അസ്വസ്ഥത .അവരുടെ സ്വന്തം  സീറ്റിലാണു  ഞാന്‍ ഇരിക്കുന്നതെന്നൊരു മട്ട്. എന്റെ തോളില്‍ ചാരിനിന്നിട്ട് കമ്പിയാണെന്ന് തോന്നീട്ടോയെന്തോ  , നന്നായി ചാരിനില്‍പ്പുമായി.

എന്റെ ചേച്ചീ , ഈ കയ്യും എനിക്ക് വേണ്ടത് തന്നെ എന്ന് പറയണമെന്നുണ്ട്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തോന്നൊരു സംശയം. നോട്ടം ഞാന്‍ പിന്‍വലിച്ചു. ക്ഷമിക്ക് ചേച്ചി.!ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ എത്തി. വൈറ്റില എന്ന് കേട്ട്  ചേച്ചി പ്രത്യാശ കൈവിട്ടു മാറിപ്പോയ്ക്കൊള്ളുംന്നു കരുതിയ ഞാന്‍ മണ്ടി. ഇതിലും ഭേദം പിന്നിലിരിക്കുന്നതായിരുന്നു.ഞാന്‍ വീഴൂല്ല ചേട്ടാ ! അങ്ങോട്ട്‌ മാറി നിന്നോളു എന്ന് പറയാന്‍ ഇത്ര ബുദ്ധിമുട്ടില്ല. അവര്‍ ആ  നില്‍പ്പ് തുടര്‍ന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍പ്പെട്ട  തവളയുടെ അവസ്ഥയാകുമേന്നോര്‍ത്തു ഞാന്‍ ഞെളിപിരികൊള്ളാന്‍ തുടങ്ങി.അതിനിടയില്‍ ഈ തിരക്കിലേക്ക് വീണ്ടും തള്ളികയറുന്നവരെ  കണ്ടപ്പോള്‍  ചക്കപ്പഴത്തിലിരിക്കുന്ന ഈച്ചയുടെ  അവസ്ഥ തന്നെ. പുറത്തു നില്‍ക്കുന്നവര്‍ക്ക് കയറാഞ്ഞ്, കയറിയവര്‍ക്ക് പെട്ടുപോയല്ലോ എന്നും. ( വിവാഹത്തെ കുറിച്ച്  ആരോ പറഞ്ഞിട്ടുണ്ട് ഇങ്ങനെ).

ചാരിയിരുന്ന്‍ ഉറങ്ങാമെന്നു കരുതികരുതി സീറ്റിലേക്ക്  ചാഞ്ഞു . തോളില്‍ കനത്ത ഭാരം. ചേച്ചി കാര്യമായി എന്റെ തോളിലേക്ക് തന്നെ.സാമാന്യത്തിലധികം ഉയര്‍ന്നു നില്‍ക്കുന്ന വയര്‍  എന്റെ തോളില്‍ വിശ്രമം കൊള്ളുന്നു. എന്റെ മോസ്റ്റ്‌ സെന്‍സിറ്റീവായ കയ്യിനെ ഞാന്‍  എങ്ങനെ കൊണ്ട് നടക്കുന്നതാണ്! ഈ പോക്കുപോയാല്‍ ഒടുവില്‍ ക്ഷീരബല വേണ്ടി വരും. ദുഷ്ട! മനസിലാക്കുന്നെയില്ല. ഉറക്കം വടികുത്തി പിരിഞ്ഞു.

ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ്  കിട്ടണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.( മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ് !). കലവൂരെത്തുമ്പോള്‍  കുറെ ആളിറങ്ങി.അവര്‍ക്കൊരു സീറ്റ് കിട്ടണെയെന്ന  പ്രാര്‍ത്ഥന വിഫലമായി.തിരക്ക്‌ കുറഞ്ഞപ്പോള്‍ അവര്‍ മാറിനില്‍ക്കുമെന്നുള്ള പ്രതീക്ഷയും ഫലിച്ചില്ല .  അതില്‍ നിന്നും ശ്രദ്ധ വിടാനായി പാട്ട് കേള്‍ക്കാമെന്ന് കരുതി ഫോണ്‍ എടുത്തു.ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ഒരു കിഷോര്‍  പാട്ട്  എടുത്തു.ഹേ ഖുദാ ഹര്‍ ഫൈസലാ തേരാ മുജ്ഹെ മന്‍സൂര്‍ ഹെ  ,പറ്റിയ പാട്ട് !

 പതിയെ  എന്റെ  തോള്‍ ചേച്ചിയുടെ അവകാശമായി മാറി. ഒന്ന് തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ തല തിരിക്കാന്‍ പോലും കഴിയുന്നില്ല. തോളില്‍ നിന്ന് തലേല്‍ കേറി ഇരിപ്പായോ ! കൈമുട്ട് കമ്പിയില്‍ അമര്‍ത്തി തോള് കൊണ്ട് മെല്ലെ തള്ളി നോക്കി. നല്ല കനം! ഭീകരി! പെട്ടെന്നെന്റെ മനസ്സില്‍  ചിന്തയൊന്നു മാറി. ഇനിയെങ്ങാന്‍ അവര്‍ ഗര്‍ഭിണിയോ മറ്റോ ആണോ ?ആണെങ്കില്‍ ഞാന്‍ ചെയ്യുന്നത് മഹാപാപമാണ്‌. പക്ഷെ, എഴുന്നേറ്റു കൊടുക്കാനൊന്നും പറ്റില്ല. 60 km നിന്ന് യാത്ര ചെയ്‌താല്‍ പാലാരിവട്ടത്തിറങ്ങേണ്ട ഞാന് ഇടപ്പള്ളിയിറങ്ങി പോണേക്കര മെഡിക്കല്‍ കോളെജിലാവും എത്തുകയെന്ന തിരിച്ചറിവ് എനിക്ക് നേരത്തെയുണ്ടല്ലോ. എന്നാല്‍ അവര്‍ നിന്നോട്ടെയെന്നു കരുതി  മുന്നോട്ടാഞ്ഞു കമ്പിയില്‍ തല ചാരിയിരുന്നു.”വിടൂല്ല ഞാന്‍ “ എന്ന ഭാവത്തില്‍ ഭാരം വീണ്ടും തോളിലേക്ക് തന്നെ.ഒറ്റക്കമ്പിയില്‍ പിടിച്ചു നിന്നിരുന്നവര്‍ ഒരു കൈ മുന്നിലെ സീറ്റിലും ഒന്ന് പിന്നിലുമായി പിടിച്ചു എന്നെ ഘരാവോ ചെയ്യാനൊരുങ്ങുന്നപോലെ  മുന്നില്‍  നിറഞ്ഞു നിന്നു. എന്റെ മേലേക്ക് വീണാല്‍ എന്നെ പിന്നെ തുടച്ചെടുത്താല്‍ മതി. ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു  പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട്‌ ഇങ്ങനെ പെരുമാറാന്‍  ! പതിയെ ഉറക്കം പിടിച്ചു വന്ന കൂട്ടുകാരിക്കും സംഗതി പിടികിട്ടി.

ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ കയറി.ധാരാളം ആളിറങ്ങും. ഞങ്ങളുടെ സീറ്റിലെ ആദ്യസ്ഥാനക്കാരി എഴുന്നേറ്റു കഴിഞ്ഞു . കണ്ടു നിന്ന ചേച്ചി ബാഗെടുത്തു ഞങ്ങള്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചു. അത് ശ്രദ്ധിക്കാതെ ഞാന്‍ നീങ്ങിയിരുന്നു. ആഹാ! മൂന്നാമതിരുന്നാല്‍ മതി.   ആള്‍ അവിടിരിപ്പായി.സ്വസ്ഥമായല്ലോഎന്ന് മനസ്സില്‍ കരുതി ഞാന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു. ഉറങ്ങിയിട്ട് ആറുമാസമായപോലെ നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ ഉറക്കം തുടങ്ങി.  യക്ഷി! എന്റെ ഉറക്കവും കളഞ്ഞു തോളും അനക്കാന്‍ മേലാതാക്കീട്ടു ഉറങ്ങുന്നു.

പിന്നെയുള്ളത് ഉറക്കത്തിനിടയിലെ പ്രകടനം ആയിരുന്നു. ഉറങ്ങി എന്റെ തോളിലേക്ക് മറിയുന്ന ഒരു മാംസഗോപുരം. തട്ടിനോക്കിയിട്ടൊന്നും അനങ്ങുന്നില്ല. മെല്ലെ മുന്നോട്ടും പിന്നോട്ടും മാറിയിരുന്നു അവരില്‍ നിന്ന് 'രക്ഷപെടാനുള്ള' എന്റെ ശ്രമം ഒട്ടൊക്കെ വിജയിച്ചെങ്കിലും എന്റെ സ്വസ്ഥത ഇല്ലാതായി.പിടിച്ചൊരുതള്ളു കൊടുക്കണമെന്ന് ആശിച്ചെങ്കിലും എന്റെ ആരോഗ്യസ്ഥിതി അത്തരം ദുഷ്ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. ’ഇവരെന്താ എന്റെ തോളില്‍ കയറാന്‍ വരം വാങ്ങി വന്നതാണോ ‘ എന്ന ചിന്തയെ ഉണര്‍ത്തി കൂട്ടുകാരി ‘‘എന്തിനാ ഇങ്ങനെ സഹിച്ചിരിക്കുന്നത് ? പറയണം “ എന്ന് പറയുകയും ചെയ്തു. ‘പാപി ചെന്നിടം പാതാളം ‘ എന്ന നിലയില്‍ ഞാനും , ‘വീണേടം വിഷ്ണുലോകം ‘ എന്ന് അവരും. കുണ്ടന്നൂരെതിയതും സ്വിച്ചിട്ട പോലെ കണ്ണുതുറന്ന ചേച്ചി , തൊട്ടടുത്തിരുന്ന എന്നെ നോക്കാതെ അതിനപ്പുറത്തിരുന്ന കൂട്ടുകാരിയെ തോണ്ടി ‘സമയം എത്രയായീ ‘ എന്നൊരു ചോദ്യം. ‘നിങ്ങളുടെ സമയമായില്ല ‘ എന്ന് സലിം കുമാര്‍ ശൈലിയില്‍ മറുപടി പറയണമെന്ന് കരുതിയെങ്കിലും ഞാന്‍ മിണ്ടീല്ല .എനിക്കിതൊന്നും ഒട്ടും പിടിച്ചിട്ടില്ലാന്നു അവര്‍ക്കും മനസിലായീന്നു തോന്നി. വൈറ്റിലയടുത്തായി സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ ബാഗുമെടുത്ത് ചേച്ചി ചാടിയ ചാട്ടം കണ്ടു കണ്ണുമിഴിച്ചു ഞാന്‍ നിന്നുപോയി. ഗര്‍ഭിണി !!! മൂന്നുമല ഒന്നിച്ചു ചാടും. അനങ്ങാന്‍ മേലാതായ കൈ തിരുമ്മി നേരെയാക്കുമ്പോഴും അവര്‍ക്കെന്നോട് തോന്നിയ ശത്രുതയ്ക്കു കാരണമെന്താവുമെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല. 



വാല്‍ക്കഷണം  :

ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞാന്‍ മിണ്ടാതിരുന്നത് അവരെ പേടിച്ചിട്ടൊന്നും അല്ല.. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നു ഞാന്‍ സ്കൂളില്‍  പഠിച്ചിരുന്നത് കൊണ്ടു മാത്രമാണ്‌. 

( ബസില്‍ യാത്ര ചെയ്തു ബുദ്ധിമുട്ടറിയാവുന്നകൊണ്ട് കഴിയുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ മിണ്ടാറില്ല.നിവൃത്തിയില്ലാതെ വരുമ്പോള്‍ പറ്റിപ്പോകുന്നതാവും .  ഞാനും അനുഭവിച്ചതല്ലേ എന്നൊരു ചിന്ത വരും.പക്ഷെ, ചിലര്‍ കല്പിച്ച്കൂട്ടി ഇറങ്ങിയപോലെ തോന്നിയാല്‍ എന്ത് ചെയ്യും?.)  

Saturday, August 6, 2011

നന്ദിയില്ലാത്ത ചെടി...

  







സ്കൂൾ വിട്ടുവന്ന് അവലിൽ പഴം ചേർത്ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രുക്കൂ തന്റെ ഇന്നത്ത ‘അത്ഭുതം’ ദേവൂനോട് പങ്കുവച്ചത്.
“ചെടികൾക്ക് സന്തോഷോം സങ്കടൊമൊക്കെ യുണ്ടെന്ന് ഇന്ന് ഉഷ ടീച്ചർ പറഞ്ഞു ദേവൂ”.
ദേവൂനതു കേട്ട് ചിരിയാണു വന്നതു.പുച്ഛഭാവത്തിൽ തലയുയർത്തി രുക്കൂനെനോക്കി.’അഞ്ചാം ക്ലാസ്സിലെ കണ്ടുപിടിത്തം!‘
“അല്ല ദേവൂ! സത്യം.ടീച്ചർ പറഞ്ഞതാണ്.” രുക്കു ബോധ്യപ്പെടുത്താൻ  നോക്കി.
“എന്നിട്ടെന്റെ ടീച്ചർ പറഞ്ഞില്ലല്ലോ”
“അതു ദേവു ഒന്നാം ക്ലാസ്സിലല്ലെ ആയുള്ളു. അതാ.”
“ബോസ് എന്നൊരാളാണു കണ്ടുപിടിച്ചതെന്ന് .ടീച്ചർ പറഞ്ഞല്ലോ, പാട്ടുകേട്ടു നിന്നാൽ ചെടികൾ പെട്ടെന്നു വളരുമെന്ന്. സന്തോഷോം സങ്കടോം  നമ്മളെപ്പോലെ ചെടിക്കുമുണ്ട് ദേവൂ.അതിനു ജീവനുണ്ട്”. രുക്കു ആവേശം കൊള്ളുന്നു.
“ടീച്ചർ പറഞ്ഞതല്ലേ, ഇനി നേരാവുമോ? നേരാണോ അമ്മേ? “ 
അതേന്ന അർത്ഥത്തിൽ അമ്മ തലകുലുക്കി.
“റേഡിയോപ്പാട്ടു കേൾപ്പിച്ചാൽ  നമ്മുടെ റോസാച്ചെടിക്കും സന്തോഷം വരും. അപ്പോൾ അതും വളരുമോ ചേച്ചീ”
“വളരും ദേവൂ” രുക്കൂനു സംശയമില്ല.
  കൈകഴുകി നേരെ റേഡിയൊ എടുക്കാനാണു ഓടിയത്.ഓണാക്കിയപ്പോൾ പാട്ടു കേൾക്കുന്നില്ല. അല്ലേലും ഒരാവശ്യമുണ്ടെങ്കിൽ റേഡിയൊ പാടില്ല.ഉച്ചയ്ക്കു സിനിമാപ്പാട്ട്  റോസാച്ചെടിയെ കേൾപ്പിക്കണമെന്നു ദേവു ഉറപ്പിച്ചു.
പിറ്റേന്നു വളരെ കാത്തിരുന്നാണു പാട്ടു തുടങ്ങിയത്. രണ്ടുപേരും കൂടി ചെടിയുടെ മുൻപിൽ ചെന്നിരുന്നു.കുറെ പാട്ടു വന്നു.പക്ഷെ, ചെടിക്ക് ഒരനക്കവുമില്ല.
“ടീച്ചർ ചുമ്മാ പറഞ്ഞതാ, കണ്ടില്ലേ റോസാച്ചെടി അനങ്ങുന്നു പോലുമില്ല.”
“ദേവൂ, ഇതു പാട്ടൊന്നും കേൾക്കാതെ വലുതായ ചെടിയല്ലേ.അതുകൊണ്ടാ.ചെടിവളർന്നു തുടങ്ങുമ്പോഴേ പാട്ടു കേൾപ്പിക്കണം.അപ്പോൾ സന്തോഷം വരും, പെട്ടെന്നു വളരും” . രുക്കു തന്റെ അറിവു പങ്കു വച്ചു.

വിതയ്ക്കാനുള്ള നെൽ വിത്ത് വലിയ കുട്ടയിൽ മുള വന്നിരിക്കുന്നതു ദേവൂന് ഓർമ വന്നു. ഓടിപ്പോയി മൂന്നാലു നെൽ വിത്തെടുത്ത് വന്നു.മണ്ണ് മാന്തി, വിത്തിട്ടു മൂടി വെള്ളവും ഒഴിച്ചു.

ഇനി പാട്ട് വയ്ക്കാമെന്നു പറഞ്ഞു  രുക്കു റേഡിയൊ  വച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.

“പാട്ട് പാടിയാലും മതി ദേവൂ.“

“തെക്കനിടിപൊടി മഞ്ഞളും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം
  വാഴയ്ക്കാപൊട്ടും വടക്കനും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം“
ദേവു പാട്ടു തുടങ്ങിക്കഴിഞ്ഞു.

പിറ്റേന്നുരാവിലെവളരെ ഉത്സാഹത്തോടെയാണു വന്നു നോക്കിയത്. മണ്ണിളക്കി നോക്കിയപ്പോൾ നെല്ല് നന്നായി മുളച്ചിരിക്കുന്നു. രണ്ടുപേർക്കും സന്തോഷമായി.നെൽച്ചെടി വളരുന്നുണ്ട്.
 ദേവൂനെ അതിശയിപ്പിച്ചുകൊണ്ടാണ് ഒരു നെൽചെടി വളർന്നത്. പാട്ടു കേട്ടിട്ടാവും! മുള വന്നു, തലയുയർത്തി ദേവൂനെ നോക്കി. പിന്നീട് ഇല വച്ചു ഉയർന്നു തുടങ്ങി.

ഒരു ദിവസം പാട്ടുകേട്ടപ്പോൾ നെൽച്ചെടി തലയാട്ടുന്നു.ദേവൂന്റെ കണ്ണുകൾ വിടർന്നു.
“ചേച്ചീ,നോക്കു , ചെടി പാട്ടു കേട്ടു തലയാട്ടുന്നു.”
നോക്കിയപ്പോൾ രുക്കൂനും അതിശയം. ‘സത്യം തന്നെ!ഡാൻസും കളിക്കുന്നു. സന്തോഷം വന്നിട്ടു തന്നെ‘.

വൈകിട്ട് വന്നാൽ രണ്ടുപേരും കൂടി പാട്ടും വർത്തമാനവുമായി നെൽച്ചെടിക്കൊപ്പമാവും.എന്നും പാട്ടുകേട്ട് തലയാട്ടുന്ന നെൽച്ചെടിയെ ദേവൂനു ഇഷ്ടമായി. നെൽച്ചെടിക്കൊരു പേരുമിട്ടു’അമ്മിണി’.

അമ്മിണി പാട്ടൊക്കെ കേട്ടു നന്നായി വളരുന്നുമുണ്ട്.തലയാട്ടി ആസ്വദിക്കുന്നുണ്ട്..
ഞായറാഴ്ച്ച ഉച്ചയ്ക്കു ഒരുപാട് നേരം റേഡിയോ പാടും.അതു നെൽച്ചെടിയെ കേൾപ്പിക്കാനായി അതിനടുത്തു ചെന്നിരുന്നു.
റേഡിയൊപ്പാട്ട് വച്ചു. ‘ചക്രവർത്തിനീ....’ ചെടി അനങ്ങുന്നില്ല.
“അമ്മിണിക്ക് ഈ പാട്ടിഷ്ടമായിക്കാണില്ല ചേച്ചീ”
അടുത്ത പാട്ടു വന്നപ്പോൾ ആകാംക്ഷയോടെ നോക്കി.ഇല്ല! അതനങ്ങുന്നില്ല..മൂന്നാമതും നാലാമതും പാട്ടുമാറി വന്നു.ചെടിക്ക് ഒരു അനക്കവുമില്ല.
 ‘ഇനി അമ്മിണി പിണങ്ങീട്ടുണ്ടാവുമോ?‘ ദേവൂനു വിഷമമായി.
രുക്കൂന്റെ മുഖത്തു ദേഷ്യം വരുന്നു.ചാടിയെണീറ്റ് ചെടി പിഴുതെടുത്തു. കയ്യിലിട്ടു ചുരുട്ടി അരിശം തീർക്കുന്നു.
“നന്ദിയില്ലാത്ത ചെടി! ഇത്ര ദിവസോം പാട്ടു കേട്ടു രസിച്ചിട്ട് ഇന്നു നോക്കുന്നു പോലുമില്ല. വളർന്നപ്പോൾ അഹങ്കാരമായി. നന്ദി വേണം നന്ദി .” രുക്കു കലി തുള്ളുന്നു.
അമ്മിണി ചുരുണ്ടുകൂടി നിലത്തു കിടക്കുന്നു. അതിനിപ്പോൾ സങ്കടം വരുന്നുണ്ടാവുമെന്നോർത്ത് ദേവൂനു വിഷമം വന്നു.എന്നാലും ചേച്ചി പറഞ്ഞതു സത്യമാണ്,
“നന്ദിയില്ലാത്ത ചെടിക്കു അതുതന്നെ വേണം”.
“പിന്നേ , അതു നായക്കുട്ടിയല്ലെ വാലാട്ടി നന്ദി കാണിക്കാൻ .ഇന്നു കാറ്റ് വീശീല്ല. അല്ലേ? രണ്ടിന്റേം ചെടിയെ പാട്ടു പഠിപ്പിക്കൽ ഇതോടെ കഴിഞ്ഞല്ലോ.”
അമ്മയുടെ വക  പരിഹാസവും.
“ബോസും ടീച്ചറുമൊക്കെ പറഞ്ഞതു കള്ളം തന്നെ.“ ദേവു  രുക്കൂനെ നോക്കികണ്ണുരുട്ടി .

Friday, July 15, 2011

വീണ്ടും ഒരു വിലാപം.


“വരുവാ‍നില്ലാരുമീ വിജനമാമീവഴിക്ക്....” എന്നു പാട്ടും പാടിയിരിക്കയായിരുന്നു...
ഒരു പാദപതനം... അടുത്തേക്കു വരുന്നു.
എന്നെ തിരഞ്ഞാവണേയെന്നു നിശ്ശബ്ദം പ്രാർത്ഥിച്ചു.
ഈ ഞെരുക്കത്തിൽ നിന്നു ഒരു ആശ്വാസമായെങ്കിൽ
ഒരു കൈ..... നീളുന്നതെന്റെ നേർക്കു തന്നെ.
സ്നേഹം നിറഞ്ഞ മിഴികൾ എന്നെ തിരയുന്നില്ലേ..
വെളുത്തുനീണ്ടൊരെന്റെ മേൽ  വാൽസല്യത്തോടെ തഴുകുന്നു..
ഹാ! ഇതാ ഞാൻ മോചിപ്പിക്കപ്പെടുന്നു.
“Take her up tenderly
Lift her with care
Fashion’d so slenderly
Young , and so fair” 
അലയടിക്കുന്ന ആനന്ദത്തിരകളിൽ സ്വയം മറന്നു..
പിന്നെപ്പോഴൊ കണ്ണുതുറന്നപ്പോൾ ഉത്സവപ്പറമ്പു പോലെ.
പൂത്തിരി കത്തുന്ന കണ്ണുകളുമായി എന്നെതന്നെ പ്രതീക്ഷിച്ചിരിക്കുന്നല്ലോ...
അക്കൂട്ടത്തിലേക്കു നഷ്ടപ്പെടുവാൻ മോഹിച്ചു..
പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
ഞാനീയിരുളിൽ ഉരഞ്ഞു ചേരുന്നു.... വേദന..വേദന..
എത്ര  ദൃക്ക്സാക്ഷികൾ!... ആരും പ്രതികരിക്കുന്നില്ല
സ്വയം അരഞ്ഞു തീർന്ന് വെളിച്ചം പകരുകയാണു ഞാൻ ..
കറുപ്പിൽ വെളുപ്പായി.. ഇരുളിൽ പ്രകാശമായി മാറുന്നു.
ഒരു നിമിഷം തല എവിടെയോ തടഞ്ഞു..
നിഷ്കരുണം കിട്ടി ഒരു തട്ട്.
ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.
ഇടയിലെപ്പോഴോ കാൽ വഴുതി ഞാൻ നിലത്തു വീണു..
ഒരു കൈ എന്റെ നേർക്കു നീളുമെന്നു പ്രത്യാശിച്ചു.
ക്രൂരമായ അവഗണന ... സഹിക്കാൻ കഴിയുന്നില്ല.
ആരോ ചവിട്ടി മെതിക്കുന്നു.
ശരീരം തകരുന്ന വേദന...
ദയനീയമായ നിലവിളി ചുവരുകൾ പോലും കേട്ടില്ല..
കറുപ്പിനെ വെളുപ്പാക്കാത്ത..വെളുപ്പിനെ നശിപ്പിക്കുന്ന
കറുത്തതൊപ്പി വച്ച സുന്ദരന്മാർ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
“നിലത്തുവീഴാതെ നോക്കാ‍ൻ..., വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ“ അവർ പറഞ്ഞതു എന്തായാലും ഞാൻ കേട്ടതു ഇതു തന്നെ !!



    

Thursday, May 5, 2011

രുക്കൂനു വേദനിച്ചില്ല !!


“അമ്മേ, ഞാൻ കളിക്കാൻ പോന്നുപറഞ്ഞതും ഇറങ്ങി  ഓടിയതും ഒപ്പം.

രുക്കൂ...അവിടെ നിൽക്കാൻ. എങ്ങോട്ടാ ഈ ഓട്ടം? നിൽക്കാനാ പറഞ്ഞത്”.

നിന്നാൽ അമ്മ വഴക്കു പറയും. അതുകൊണ്ട് ഓട്ടത്തിനിടയിൽ തന്നെ മറുപടി പറഞ്ഞു.
കൊച്ചുമോന്റെ കൂടെ കളിക്കാൻ പോവാ, അച്ഛാ..ഞാൻ വഴക്കുണ്ടാക്കാതെ കളിച്ചോളാം”. അച്ഛനോട്  പറഞ്ഞാൽ പിടിച്ചു നിർത്തില്ല.

ഈ കൊച്ചിതെത്ര പറഞ്ഞാലും അവനെ ചേട്ടാന്നു വിളിക്കില്ല.ഒരു വയസിന്റെ മൂപ്പ് എന്തായാലും അവനില്ലേ?
അമ്മ പറഞ്ഞു തുടങ്ങിയാൽ തീരില്ല..അതുകൊണ്ട് കാലുകൾക്കു ചിറകു വച്ചു പറന്നു.അഫന്റവിടെപ്പോയാൽ മണലു വാരിക്കളിക്കാം. കൂട്ടിയിട്ടിരിക്കയല്ലേ. ഒരു വലിയ മല പോലെയുണ്ട്.എന്തു രസമാണു കളിക്കാൻ. അതിലെ കളികൾ രുക്കുവിനു പ്രിയപ്പെട്ടതാണു.അതിൽ വലിയ ഗുഹ പണിയാം.( സിംഹവും പുലിയുമൊക്കെ  അതിൽ ഒളിച്ചിരിക്കും!)പിന്നെ മണലിൽ കമ്പ് നാട്ടി പൂച്ചക്കുട്ടിയെ കെട്ടിയിട്ടു പശു കളിപ്പിക്കാം.ചിരട്ട കൊണ്ട് അപ്പമുണ്ടാക്കാം.

 ഓട്ടം നിന്നതു മണൽക്കൂനയ്ക്കു മുന്നിലാണ്.അഫൻ കണ്ടാൽ മണൽ നിരത്തുന്നതിനു ചിലപ്പോൾ വഴക്കു പറയും. കൊച്ചുമോനുണ്ടെങ്കിൽ അതൊന്നും കേട്ട മട്ടുകാണിക്കില്ല.
ചെന്നപ്പോൾ അതിലേറെ രസം.കൊച്ചുമോൻ മണൽക്കൂനയുടെ പുറത്തുണ്ട്.രുക്കൂനു സന്തോഷമായി.ഇനി കളിക്കാൻ രസമായി.നടക്കുന്ന വഴിയിൽ കൂ‍ടിക്കിടക്കുന്ന മണലിലേക്കു ചൂണ്ടി പറഞ്ഞു.

വാ , കൊച്ചുമോനെ, ഇവിടെ കുഴിക്കാം. വാ

ക്കുന്ന വഴിയിൽ കുഴികുത്തി തേക്കില കൊണ്ടുമൂടി മണ്ണിട്ടു മൂടി ആരെയെങ്കിലുമൊക്കെ തള്ളിയിടുന്ന കളി രണ്ടുപേർക്കും പ്രിയപ്പെട്ടതാണ്.  കഴിഞ്ഞ ദിവസം കുഞ്ഞുരാമനപ്പൂപ്പനെ തള്ളിയിടാന്‍ കുഴിച്ച കുഴി ചെറുതായിപ്പോയി.ഷീറ്റ് അടിക്കാന്‍ പോയ അപ്പൂപ്പന്‍ കാല് വഴുതി വീഴാന്‍ പോയപ്പോള്‍ നല്ല രസമായിരുന്നു. രുക്കൂന്റെ പണിയാണെന്ന് മനസ്സിലായിട്ടും അപ്പൂപ്പന്‍ അമ്മയോട് പറഞ്ഞില്ല, പാവം. ഇനി അപ്പൂപ്പനെ തള്ളിയിടെണ്ടാന്നു അന്ന് തീരുമാനിച്ചു. പക്ഷെ, പൊടിയന്‍ പണിക്കനെ തള്ളിയിടും.എപ്പോഴും രുക്കൂനോട് വഴക്കാ. അതിനു നിലത്തു കുഴിച്ചാൽ ചെറിയ കുഴിയെ പറ്റൂ. മണലിലായാൽ വലിയ കുഴിയെടുക്കാം.വീഴുമ്പോ‍ൾ നല്ല രസമായിരിക്കും. അതോർത്തപ്പോഴേ രുക്കൂനു സന്തോഷം സഹിക്കാൻ പറ്റീല്ല.

രണ്ടു പേരും കൂടി മണൽ മാന്തിയിട്ടു ചെറിയ കുഴിയെ ആവുന്നുള്ളു.പെട്ടെന്നാണു മൺ വെട്ടി കണ്ടതു.
ദാ തൂമ്പ ! എടുക്കു കൊച്ചുമോനെ . അതു വച്ചു വെട്ടാം.

കേട്ടതും കൊച്ചുമോൻ ഓടിപ്പോയി തൂമ്പയുമായി വന്നു..കൊച്ചുമോൻ എടുക്കാൻ മേലാത്ത തൂമ്പയെടുത്തു മണൽ വെട്ടിയിളക്കും, രുക്കു കൈ കൊണ്ടതു മാന്തി നീക്കും.കുഴി പെട്ടെന്നു വലുതായി വന്നു, പണിയുടെവേഗവും.

രുക്കു കുനിഞ്ഞിരുന്നു മണൽ നീക്കുകയായിരുന്നു.  ഠിം ! തലയിൽ എന്തോ വന്നു വീണു.തൂമ്പ കൊച്ചുമോന്റെ കയ്യിൽ നിന്നു വീണതാണ്. രുക്കൂനു  ദേഷ്യം വന്നു.
ഞാൻ കളിക്കുന്നില്ല”. എഴുന്നേറ്റ്  തിരിഞ്ഞു നടന്നു. അല്ലെങ്കിലും കൊച്ചുമോനിങ്ങനെയാ, ഒരു ശ്രദ്ധയുമില്ല.

ഈശ്വരിയമ്മ വരാന്തയിൽ  ചക്ക മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.രുക്കൂ‍നെ കണ്ടപ്പോൾ അവ ഒറ്റ നിലവിളി.അല്ലേലും അങ്ങനാ, ഇത്തിരിയെന്തേലും കിട്ടിയാൽ മതി , വഴക്കു കേപ്പിച്ചോളും.

യ്യോ! ഈ കുഞ്ഞിന്റെ നെറ്റീലൂടെ ചോര മറിയുന്നു. നിൽക്കു കുഞ്ഞേ. എന്തായിത്?

രുക്കു കേൾക്കാത്തഭാവത്തിൽ നടന്നതാണു, അപ്പോഴേക്കും  അഫനും ചിറ്റേം ചേട്ടനുമെല്ലാം ഓടി വന്നു. കൊച്ചുമോനും വന്നു നോക്കുന്നു. ഹും.തല പൊട്ടിച്ച്തും പോരാ നോക്കാൻ വന്നേക്കുന്നു!
 പക്ഷെ,ചോര!  അതു കേട്ടപ്പോൾ രുക്കൂനും കരച്ചിൽ വന്നു.
ഈ കൊച്ചുമോനാ”.രച്ചിലിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു.
ല്ലാരും  കൂടെ തല പരിശോധിക്കാൻ തുടങ്ങി.

നന്നായി മുറിഞ്ഞിട്ടുണ്ട്”, ആശുപത്രീൽ പോകേണ്ടി വരും.”, “തൂമ്പ വായ്ത്തല നീളത്തിൽ തന്നെയാ വീണതു

അഭിപ്രായങ്ങൾ കേട്ടപ്പോൾ കരച്ചിൽ കൂടി.അപ്പോഴേക്കും അച്ഛനും അമ്മേം ഓടിവന്നു.

ഞാനൊന്നും ചെയ്തില്ല, ഈ കൊച്ചുമോനാ.... അമ്മേ”. അമ്മേടെ വഴക്കും ഇപ്പോൾ കേൾക്കും.


"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര  മറിയുന്നല്ലോ. "
വഴക്കിനു പകരം അമ്മയുടെ കരച്ചില്‍.രുക്കൂനെ അമ്മ എടുത്തു തോളില്‍ വച്ചു  . അച്ഛന്‍ ആകെ വിഷമിച്ചു നില്‍ക്കുന്നു.

ഞാനല്ല, രുക്കു കുനിഞ്ഞിട്ടാ”. കൊച്ചുമോ കള്ളം പറയുന്നതു അടി കിട്ടാതിരിക്കാനാണെന്നു രുക്കൂനു അറിയാം.

അച്ഛനും അഫനും ചേട്ടനുമെല്ലാം കൂടി വെപ്രാളം പിടിച്ചാണു ആശുപത്രീലേക്കു കൊണ്ടു പോയതു.അവിടെച്ചെന്നപ്പോൾ വെള്ള സാരിയുടുത്ത ചേച്ചി വന്നു തലയിൽ എന്തൊക്കെയോ ചെയ്തു.മുടിയെല്ലാം മുറിച്ചു മാറ്റി. മരുന്നു പുരട്ടി.ചേട്ടൻ പറയുന്ന കേട്ടു സ്റ്റിച്ച് ഉണ്ടെന്നു. അതിനിയെന്തു  സാധനമാണോ? തലയിൽ പഞ്ഞിയൊക്കെ വച്ചു ചുറ്റി കെട്ടി.വേദനതോന്നിയെങ്കിലും രുക്കു കരയേണ്ടാന്നു തീരുമാനിച്ചു.

തിരിച്ചു വീട്ടിൽ വന്നിട്ട് ആരും അനങ്ങാൻ കൂടി  സമ്മതിക്കുന്നില്ല.രുക്കൂനു അടങ്ങിയിരിക്കാൻ വയ്യ. എല്ലാരും വന്നു കണ്ടിട്ടു പോയി. കൊച്ചുമോനെക്കണ്ടില്ല. കൂട്ടുവെട്ടിയതാവും.
ചിറ്റ വന്നപ്പോൾ ചോദിച്ചു നോക്കി.
അവനവിടെയിരുന്നു കരയുന്നുണ്ട്”. ന്നു പറഞ്ഞു. 

എന്നാലും തല മുറിഞ്ഞു ആശുപത്രീൽ കൊണ്ടുപോയിട്ട് കാണാൻ വന്നില്ലല്ലോ. അങ്ങനെ കിടന്നപ്പോൾ രുക്കൂനു ഉറക്കം വന്നു. പിന്നെ കണ്ണു തുറന്നപ്പോൾ കൊച്ചുമോൻ!

ലയിൽ കെട്ടൊക്കെ വച്ചപ്പോൾ രുക്കൂനു വല്യ ഗമ”. കൊച്ചുമോൻ ചിറ്റയോടു പറയുന്നു.

“മണ്ടൻ തൂമ്പയായതു ഭാഗ്യം! അല്ലെങ്കിൽ ഇതൊന്നുമല്ലായിരുന്നു. ഓർക്കാൻ വയ്യ.” അമ്മയാണു.

നോവുന്നുണ്ടോ രുക്കൂ”. കൊച്ചുമോൻ  അടുത്തു വന്നു .

“ഇല്ല കൊച്ചുമോനേ, ഉറുമ്പ് കടിച്ച്പോലേയുള്ളു.“ .

ദാ...രുക്കു ചിരിക്കുന്നു”. കൊച്ചുമോൻ ഉറക്കെ വിളിച്ചു പറഞ്ഞു.

ആ തൂമ്പയല്ലേ തല മുറിച്ചതു. ഇനി അതെടുക്കേണ്ടാ . കൊച്ചുമോൻ കൊച്ചല്ലേ. എടുക്കാൻ പറ്റില്ലാ. ”.  രുക്കു ഉപദേശം കൊടുത്തപ്പോൾ എല്ലാരും ചിരിക്കുന്നു.

Sunday, April 24, 2011

പുതിയ മാനം തേടി


ന്തൊരു വേഗത്തിലാ‍ണവൾ കയറുന്നത്. കാലു വേദനിച്ച് അയാൾ ഉറക്കെ കൂവി.
ഏയ്...പതിയെ കയറൂ
ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വീണ്ടും വേഗം കൂട്ടി.എത്ര ഉയരമായെന്നു  ഒരു തിട്ടവുമില്ല.ഏറെ നേരമായി അവളുടെ പിന്നാലെ ഈ ഓട്ടം തുടങ്ങിയിട്ട്.
പതിയെ സംസാരിച്ച്  ചിരിച്ച് തന്റൊപ്പം മല കയറാൻ തുടങ്ങിയവൾ തന്നെയാണോ ഇതെന്നു  സംശയിച്ചുപോയി. എന്തൊരു വന്യമായ വേഗം.
മതിയാക്കൂ കുട്ടീ, ഞാനും ഒപ്പം എത്തട്ടെ
നീ  തടിയനാ , സുഖഭോഗങ്ങൾ ആസ്വദിച്ചു ശീലിച്ച തടിയൻ,നിനക്കെന്റൊപ്പം എത്താൻ കഴിയില്ല
ഉറക്കെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുകളിലേക്കു കയറുന്നു.
ഇനി കുറച്ചു കൂടിയായാൽ പിന്നെ കയറില്ലല്ലോയെന്നു സമാധാനിച്ചെങ്കിലും നടപ്പിനു വേഗം കൂട്ടി.
അവൾ മുകലിലെത്തിക്കഴിഞ്ഞു. ഒരു കല്ലിനു മുകളിൽ കയറി നിന്നു താഴേക്കു നോക്കുന്നു.
ടോ, അതപകടമാണു, താഴെയിറങ്ങ്
തിരിഞ്ഞു നോക്കി ചിരിച്ചിട്ട് കൂസലില്ലാതെഅവൾ ആ നിൽ‌പ്പ് തുടർന്നു.
നീയെന്തു കാണുവാണവിടെ?’ വീണ്ടും ചോദിച്ചു.
ദുരിതം, ദുരിതം മാത്രം. പറഞ്ഞതു പതിയെ ആണെങ്കിലും കേൾക്കാൻ തക്ക അടുത്തു അയാൾ എത്തിയിരുന്നു.
വൈകല്യം മാത്രമുള്ള കുഞ്ഞുങ്ങൾ, ദുഃഖിതരായ മാതാപിതാക്കൾ, മൂടിക്കെട്ടി നിൽക്കുന്ന ദുഃഖങ്ങൾ, പട്ടിണി. എല്ലാം രസമുള്ള കാഴ്ച്ചകൾ. താഴേക്കു നോക്കിയാൽ കാണാം , വാ
അവളുടെ മുഖഭാവം  ഭയപ്പെടുത്തുന്നു.
നിനക്കെന്തിന്റെ കേടാ, നിനക്കെന്തു ദുരിതം.എന്തു ദുഃഖം.സന്തോഷം മാത്രമറിഞ്ഞല്ലേ നീ ജീവിക്കുന്നത്?
നീം മുകളിലേക്കു കയറണം.  സന്തോഷം കാണാൻ നോക്കട്ടെ. ഇനീം മുകളിലേക്ക്” അവൾ അതൊന്നു, കേൾക്കുന്നില്ല.
“ഇവിടെ തീരുവല്ലേ, നീയിനി വാ. താഴേക്കിറങ്ങ്.അവൾക്കു നേരെ കൈകൾ നീട്ടി.
ല്ല,എനിക്കു നിന്റെയൊപ്പം വരേണ്ട,നിനക്കു കാഴ്ചയില്ല, നീ ബധിരനാണു,മൂകനാണു കൈ തട്ടിയെറിഞ്ഞ് അവൾ ഒച്ച വച്ചു.
 അവളുടെ കാലുകൾ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകളിൽ ഇരുൾ നിറച്ച് അവൾ പറന്നിറങ്ങിയപ്പോൾ ആ ഉയരങ്ങളിലേക്കു പറക്കാൻ ഒരു നിമിഷം കൊതിച്ചുപോയി. അവൾക്കൊപ്പം കാഴ്ചയില്ലാത്തതിൽ കുറ്റബോധവും.


Tuesday, March 29, 2011

പാവം സുന്ദരൻ, ഇനി പാടട്ടെ.

കണ്ണാടിയിൽ നോക്കിയിട്ട് രഘുവിനു തൃപ്തി വന്നില്ല.ഷർട്ട് ഊരിയെടുത്തു വീണ്ടും തേച്ചു മിനുക്കി.ആദ്യം മുണ്ടെടുത്തു ഉടുത്തതാണു. പക്ഷെ അതു പോരെന്നു തോന്നി.പിന്നെ പാന്റ്സിലേക്കു മാറി. ഇനി നെറ്റിയിലൊരു കുറി വയ്ക്കണം.മഞ്ഞ,ചുവപ്പ്, ചന്ദനം എല്ലാം കരുതി വച്ചിട്ടുണ്ട്.കു ങ്കുമമെടുത്തു കുറി വരച്ചു.ദേവിപ്രസാദമാണു.പക്ഷെ, കണ്ണാടി അയാളെ വിലക്കി.അതു ശരിയാകില്ല.തുടച്ചു.കുങ്കുമം നെറ്റിയിലാകെ പടർന്നു. നന്നായി സോപ്പ് തേച്ചു കഴുകി കളഞ്ഞു. മുഖം തുടച്ചു വീണ്ടും കണ്ണാടിയിൽ നോക്കി.
“ഈശ്വരാ” അറിയാതെ വിളിച്ചു പോയി. മിനുക്കി വച്ചിരുന്ന ഷർട്ട് മൊത്തം വെള്ളം തെറിച്ചു വൃത്തികേടായിരിക്കുന്നു.
അതിനിടയ്ക്കാണു അമ്മ കയറി വന്നതു.
“എന്താടാ ഇത്? കുഞ്ഞിക്കൂനൻ സിനിമേലെപ്പോലെ നീ തുടങ്ങീട്ടു കുറെ നേരമായല്ലോ”
“ഒരു വഴിക്കു പോകുമ്പോൾ വൃത്തീം മെനേം ആയിട്ടു പൊണം.ഈ കാട്ടിൽ കിടക്കുന്ന നിങ്ങൾക്കുണ്ടൊ വല്ലോം അറിയുന്നു.“
“അതെയതെ.ശ്രീക്കുട്ടനും അമ്മാവനും ഇപ്പോൾ വരും.നീയിവിടെ ചമഞ്ഞു നിന്നോ.പെണ്ണു വീട്ടിൽ ഇന്നു ചെല്ലാനാ പറഞ്ഞതു.നാളെയല്ല. ഇപ്പോ കണ്ടാലും കൊള്ളാം .ആകെക്കൂടെ ഓച്ഛൻ കൊഴിക്കാഷ്ടം ചവിട്ടിയപോലെയായി.”
ഇത്ര കൂടി കേട്ടപ്പോഴേക്കും പരിഭ്രമം ഇരട്ടിച്ചു.അമ്മ പറഞ്ഞതു ശരിയാണ്.കുങ്കുമം ശരീരമാസകലം പറ്റിച്ചിട്ടുണ്ട്. ഷർട്ട് നനഞ്ഞു ആകെ വൃത്തികേടും ആയി.ഇനി മാറ്റുക തന്നെ.
അലമാരി മൊത്തം പരതിയിട്ടാണു മനസ്സിനു പിടിച്ചതൊരെണ്ണം കിട്ടിയത്. ഇനി അതു തേക്കണം.തേച്ചു മിനുക്കി എടുത്തണിഞ്ഞപ്പോഴേക്കും ഷർട്ട് പാന്റ്സിനു ചേരുന്നില്ല. പാന്റ്സ് മാറ്റാതെന്തു ചെയ്യാൻ. വീണ്ടും പരതൽ.ചേരുന്ന നിറം നോക്കി ഒന്നു തപ്പിയെടുത്തു. അതു ആകെ ചുരുണ്ട് നാശമായിരിക്കുന്നു.
പാന്റ്സ് നിവർത്തിട്ടു ,സ്വിച്ച് ഇട്ടപ്പോൾ കറന്റ് ഇല്ല. ശരിക്ക് ഷോക്ക് അടിച്ചപോലെയായി
നിന്ന നിൽപ്പിൽ അലറി, “അമ്മേ...”
“എന്താടാ കിടന്ന് അമറുന്നത്? “ .
“കറന്റില്ല“
“ഓ , അത്രേയുള്ളോ.അതു പുതിയ കാര്യമല്ലെ? ചെറുക്കൻ പേടിപ്പിച്ചു കളഞ്ഞല്ലോ.”
“അതല്ല, ഈ പാന്റ്സ് തേക്കണം”
“ കറന്റില്ലാതെ തേക്കുന്നതിനുള്ള മാജിക്കൊന്നും എനിക്കറിയില്ല.നീയതിട്ടു പോയാൽ മതി.”
ദുഷ്ട , തള്ളയാണു പോലും. എന്തു പറഞ്ഞാലും തലേൽക്കേറില്ല. മോനൊരു പെണ്ണുകെട്ടിക്കാണണമെന്നു തരിമ്പും ആഗ്രഹമില്ല.
“പറ്റില്ല, വേഗം ചിരട്ട കരിച്ചു പെട്ടിയിലാക്കി താ”
“ശ്ശൊ! ഈ ചെറുക്കനെക്കൊണ്ടു തോറ്റല്ലോ. ഇനി കാമദേവനു അതിന്റെ കുറവു വേണ്ട”
ചിരട്ടക്കരി നിറച്ചു പെട്ടിയുമായി അമ്മയെത്തിയപ്പോഴാണു രഘുവിനു സമാധാനമായതു.
തേച്ചു മിനുക്കിയ പാന്റ്സും ഷർട്ടും, കൊള്ളാം.നന്നായി ആദ്യത്തെ ഷർട്ട് മുഷിഞ്ഞത്. ഇതു തന്നെ ഭംഗി.കണ്ണാടിയിലേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.മുഖം തുടച്ച് വീണ്ടും പൌഡറിട്ടു. മുടിചീകുന്നതൊന്നും ശരിയാകുന്നില്ല.
“ കല്യാണിയേ, അവൻ ഒരുങ്ങീല്ലേടീ” ഒരു വിളി. അമ്മാവനാണു. ഇനി താമസിച്ചാൽ അങ്ങേരുടെ വായിലിരിക്കുന്നതു കേൾക്കണം.
“ രഘുവേ, റെഡിയായില്ലേടാ. സമയം വൈകുന്നു.ഇറങ്ങ്” ശ്രീക്കുട്ടൻ അകത്തെത്തി.ശ്രീക്കുട്ടൻ രഘുവിന്റെ ഒരേയൊരു സുഹൃത്താണു.
“ഇതെന്താടാ, ഷർട്ടൊക്കെ ഇപ്പോഴേ വിയർത്തു നനഞ്ഞല്ലോ,നീയിവിടെന്താ ,കിളയ്ക്കുകയായിരുന്നോ?”
ചോദ്യത്തിന്റെ കൂടെ ശ്രീക്കുട്ടനെ കാണുക കൂടിആയപ്പോൾ രഘുവിന്റെ മുഖം കടന്നൽ കുത്തിയതുപോലെയായി. പെണ്ണു കാണാൻ പോകുന്നതു അവനാണെന്നു തോന്നും കണ്ടാൽ.
“ദാ, വന്നു. മുടിചീകി പൌഡർ ഇട്ടാൽ മതി. ഒരുക്കമൊന്നും ഇല്ലെന്നേ”
ഇത്ര പറഞ്ഞു നാവ് വായിലിട്ടതും അമ്മ വിളിക്കുന്നു,.
“ മതിയെടാ, കല്യാണമൊന്നും അല്ല, പെണ്ണുകാണൽ മാത്രമാ. മൂന്നു മണിക്കൂർ ഒരുക്കമൊക്കെ ധാരാളമാ”
ശ്രീക്കുട്ടൻ അമർത്തി ചിരിച്ചു.ഒരു കല്യാണത്തിനുള്ള മഞ്ഞൾ കാണും രഘുവിന്റെ മുഖത്ത് ഇപ്പോൾ.
“ ഇതെന്തായേട്ടാ ഇവനു മാത്രം പെണ്ണു കിട്ടാത്തേ.ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു.അവനെന്താ ഒരു കുറവു.ജോലിക്കു ജോലി, നല്ല സാമ്പത്തികം. അവനെ കണ്ടാലും ആരും തെറ്റു പറയില്ല.അല്ലേ” അമ്മ അമ്മാവനോട് സങ്കടം ഉണർത്തിക്കുന്നതു കേട്ടിട്ടു രഘുവിനു കലി വന്നു.
“എടീ, മനുഷ്യന്റെ രൂപം മാത്രം പോര, സ്വഭാവം കൂടി വേണം.ഇടപെടാൻ പഠിക്കണം.നിനക്കറിയാമല്ലോ.ഓരോ സ്ഥലത്തും നിന്റെ മോൻ കാട്ടിക്കൂട്ടിയതു.അവന്റെ വെപ്രാളം കണ്ടാൽ ആരായാലും ഇവനു വല്ല കുഴപ്പൊമുണ്ടോന്നുസംശയിക്കും.അഥവാ പെണ്ണിനു അവനെ ഇഷ്ടമായാൽ അവനു പിടിക്കില്ല.അവന്റെ നോട്ടോം കുറവൊന്നും അല്ലല്ലോ”
‘പരട്ട് കിളവൻ ! അങ്ങേരുടെ മോളെ കെട്ടാത്തതിലുള്ള ദേഷ്യം .പറയുന്നതു കേട്ടില്ലേ. ഇയാളെ ഒരു വഴിക്കു കൊണ്ടുപോയാലെ ശരിയാകില്ല. അതല്ലേ നാക്കു’.
പാവപോലെ രഘു താഴേക്കു ഇറങ്ങി , സൂക്ഷിച്ച്, ഡ്രസ്സ് ചുളിവുകൾ വീഴാതെ
“എന്താടാ, നിന്റെ കക്ഷത്തിൽ ഇഷ്ടിക വച്ചിട്ടുണ്ടോ?” അമ്മയുടെ ഒറ്റ ചോദ്യത്തിൽ മൊത്തം കൈവിട്ടു പോയി. കൂടെ ബ്രോക്കറുടെ ചിരി രഘുവിനു പിടിച്ചില്ല.
കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറാൻ ഒരുങ്ങിയ രഘുവിനെ ശ്രീക്കുട്ടൻ വിലക്കി.
“വേണ്ട, ഇന്നു ഞാൻ ഡ്രൈവു ചെയ്യാം”
ശരിയാണു, അവൻ തന്നെ വളയം പിടിക്കട്ടെ, തനിക്കിവിടെ സ്വസ്ഥമായി ഇരിക്കാം.
“ നല്ല പെൺകുട്ടിയാണു, സുന്ദരി. ഇതൊന്നും മാത്രം കൊണ്ടു കുളമാക്കല്ലേ കുഞ്ഞേ.” ബ്രോക്കറാണ്. താനെന്തോ മനഃപൂർവ്വം ചെയ്യുന്നതാണെന്നു തോന്നും. കഴിഞ്ഞതവണ തന്നെ ഇരിക്കാൻ തുടങ്ങിയപ്പോൾ കസേര മറിഞ്ഞ്പോയത് ആരുടെ കുറ്റം. പ്ലാസ്റ്റിക് കസേരയൊന്നും കൊള്ളില്ലായെന്ന് ആർക്കാണറിയാത്തത്. ആ ടെൻഷനിൽ ചായ കയ്യിൽ നിന്നില്ല. പിന്നെ അമ്മയോട് കുട്ടിയെവിടെയാ പഠിച്ചത് എന്നും ആ വെപ്രാളത്തിൽ ചോദിച്ചു പോയി.ഇതിപ്പോൾ ഒൻപതാമത്തെ പെണ്ണുകാണലാണു. താനീകാട്ടിക്കൂട്ടുന്നതൊന്നും സ്വയം സൃഷ്ടിക്കുന്നതല്ലല്ലോ.അങ്ങനെ വന്നു പോകുന്നതാണ്.
“രഘൂ, ഇറങ്ങുന്നില്ലേ. ഇരുന്നു സ്വപ്നം കാണുകയാ?” ശ്രീക്കുട്ടന്റെ ചോദ്യം കേട്ടു ഞെട്ടിയുണർന്നു.
വീടെത്തി.രഘുവിനു കാലിൽ ഒരു തരിപ്പു കയറുന്നപോലെ തോന്നി.‘ഈശ്വരന്മാരെ, മാനം കെടുത്തല്ലേ.‘
പെൺകുട്ടിയുടെ അച്ഛനാകും ഇറങ്ങി വന്നു.
“ഇതാണു പയ്യൻ” ബ്രോക്കെർ കാര്യം അവതരിപ്പിച്ചു.രഘു ചിരിക്കാൻ ശ്രമിച്ചു.
അകത്തുകയറി , ചൂണ്ടിക്കാട്ടിയ കസേരയിൽ ഇരുന്നു.ശ്വാസം ആഞ്ഞു വലിച്ചു സ്വസ്ഥമാകാൻ ശ്രമിച്ചു കൊണ്ട് ചുറ്റും നോക്കി.നല്ല വീട്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ബ്രോക്കെറും അമ്മാവനും അച്ഛനുമായി സംസാരിക്കുന്നു.ഇടയ്ക്ക് ശ്രീക്കുട്ടനും അഭിപ്രായങ്ങൾ പറയുന്നുണ്ട്. ചായയും പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്നു.
“കുട്ടിയെ വിളിക്കൂ” അമ്മാവൻ.
രഘുവിനു പരിഭ്രമം ആയി.വിറയ്ക്കാനും വിയർക്കാനും തുടങ്ങി. നാവ് കുഴയുന്നപോലെ.ഒന്നും സംസാരിക്കാൻ പറ്റില്ലേന്നൊരു തോന്നൽ.
നന്നായി ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു.വീട്ടിലൂടെ ധരിക്കുന്ന ഡ്രസ്സ് തന്നെ. ആകെ നെറ്റിയിൽ ഒരു പൊട്ടാണു ഒരുക്കം.രഘുവിനു ശ്വാസം മുട്ടി തുടങ്ങി. ‘അഹങ്കാരി., ഒരു കൂസലുണ്ടോന്നു നോക്കിയേ’.
അവൾ രഘുവിന്റെ മുഖത്ത് നോക്കി ചിരിച്ചു. രഘുവിന്റെ ചിരി ചുണ്ടിലെവിടെയോ വന്നു രൂപമാറ്റം സംഭവിച്ച് വികൃതമായി.
“രഘൂ, എന്നെ ഓർക്കുന്നില്ലേ?” രഘു ഞെട്ടി. പേരു വിളിക്കുന്നു അവൾ, പോരാത്തതിനു ഓർക്കുന്നുണ്ടോന്ന്.
ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതെ, ഒരു പരിചയം.എവിടെയോ കണ്ട പരിചയം. ഒന്നും ഓർമ വരുന്നില്ല.
“രഘൂ, ഞാൻ ലേഖയാണ്, ഡിഗ്രി ക്ലാസ്സിൽ നമ്മൾ ഒന്നിച്ച് പഠിച്ചിരുന്നു. മറന്നോ?”
‘ലേഖ ! ഈശ്വരാ, ഇവളുടെ വിവാഹം കഴിഞ്ഞില്ലേ‘.സംസാരിച്ചിട്ടില്ലെങ്കിലും അന്ന് ലേഖയോട് ആരാധനയായിരുന്നു.ഒരു സെമിനാർ ആണു അതു മാറ്റിമറിച്ചതു. പിന്നെ അവളോട് വെറുപ്പാണോ അതോ ഭയമാണോയെന്നറിയില്ല . അന്നു രഘുവിന്റെ ക്ലാസ്സായിരുന്നു.’വിറതാങ്ങി’യിൽ പിടിച്ചു നിന്നു, respected teachers and my dear friends..എന്നു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. Today I..I..I..എത്ര തവണ അതു പറഞ്ഞെന്ന് ഓർക്കുന്നില്ല. ലേഖയുടെ പൊട്ടിച്ചിരിയാണു പിന്നെ കേട്ടതു. പിറകെ ക്ലാസ് മൊത്തം ചിരിച്ചു.തൊണ്ടവരണ്ടതും പിന്നെ തലചുറ്റിയതും മാത്രമേ ഓർമയുള്ളു. ആ ഭയങ്കരി ഇത മുൻപിൽ വീണ്ടും.ഇവൾ ആണെന്നു അറിഞ്ഞെങ്കിൽ വരില്ലായിരുന്നു.ഇതും മുടങ്ങിയതു തന്നെ. രഘു ദയനീയമായി അമ്മാവനെ നോക്കി.
“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കെടാ”
“ഇല്ല, ഒന്നുമില്ല”
“അല്ല, എനിക്കു സംസാരിക്കണം” അതവളുടെ ശബ്ദമാണ്. ഇനി എഴുന്നേറ്റ് അവൾക്കൊപ്പം പോയേ പറ്റൂ. ഇന്നിനി എന്തിനുള്ള പുറപ്പാടാണോ.
“ ഇരിക്കു രഘൂ” കസേര കാട്ടി ലേഖ ക്ഷണിച്ചു.
ഇരുന്നിട്ട് ദയനീയ ഭവത്തിൽ ലേഖയെ നോക്കി. അവൾ , യക്ഷി നിന്നു ചിരിക്കുന്നു.
“എന്താ സംസാരിക്കാനുള്ളതു? എനിക്കു വേഗം പോണം.” അത്ര പറഞ്ഞൊപ്പിച്ചു.
“കൂടുതലൊന്നും പറയാനല്ല, രഘുവിനു അറിയുമോ,എനിക്കു തന്നെ പണ്ടേയിഷ്ടമായിരുന്നു. ഇപ്പോഴും അതേ.ഇത്രെം പറയാനാ. ഇനി പോണമെങ്കിൽ പോയ്ക്കോള്ളൂ.”
അവിശ്വസനീയതയോടെ രഘു മുഖമുയർത്തി ലേഖയെ നോക്കി.അതെ, അവൾ കാര്യമായി തന്നെ പറയുകയാണു.
എവിടെ നിന്നാണെന്നറിയില്ല ഒരു ഉണർവ്. അവളുടെ മുഖത്തു നേരെ നോക്കാൻ കഴിയുന്നു. ചിരിച്ചു, സുന്ദരമായി തന്നെ.“ലേഖേ”. വിളിച്ചു നോക്കി. സത്യം തന്നെ. അവളും ചിരിക്കുന്നു.സന്തോഷത്തിൽ.
“എനിക്കും....” എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു എഴുന്നേറ്റു നടന്നു. വിറയ്ക്കാതെ.മനസ്സിൽ മയിലുകൾ പീലി വിടർത്തിയാടുന്നത് ആരും അറിയാതിരിക്കാനോരു വിഫല ശ്രമം നടത്തിക്കൊണ്ട്.... തന്റെ ചിരി നന്നായിരുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞ്.....